ദാനം ധനത്തില്‍ കുറവ് വരുത്തില്ല

ശൈഖ് മുഹമ്മദ് കാരകുന്ന് No image

നാലു പതിറ്റാണ്ടിലേറെക്കാലമായി ഉദാരമതികളില്‍നിന്ന് വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി സംഭാവന പിരിക്കാന്‍ തുടങ്ങിയിട്ട്. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനമാരംഭിച്ച കാലം തൊട്ടേ തുടങ്ങിയതാണ് പിരിവും. മനുഷ്യനെ പഠിക്കാന്‍ ഏറ്റവും പറ്റിയ വഴികളിലൊന്നാണ് സംഭാവന ശേഖരിക്കല്‍. സാമ്പത്തിക രംഗത്തെ നിലപാടാണല്ലോ മനുഷ്യനെ വിലയിരുത്താനുള്ള ഏറ്റവും നല്ല മാനദണ്ഡം.
ജനം പലയിനമാണ്. ചിലര്‍ അത്യുദാരരായിരിക്കും. മറ്റു ചിലര്‍ തികഞ്ഞ പിശുക്കരും. രണ്ടിനും മധ്യേ ഉള്ളവരും വിരളമല്ല. I am an international begger (ഞാനൊരു രാഷ്ട്രാന്തരീയ യാചകന്‍ ആണ്) ഞാനിത് കേട്ടത് ചെറുപ്രായത്തിലാണ്, വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകനായിരുന്ന കാലത്ത്. പറഞ്ഞത് ഡോക്ടര്‍ അഹ്മദ് തൂത്തന്‍ജി. അദ്ദേഹം അക്കാലത്ത് ലോക ഇസ്‌ലാമിക യുവജന സംഘടന (World Assembly of  Muslim Youth-WAMY) യുടെ നേതാവായിരുന്നു. ഈ ലേഖകനും ഒരു സ്ഥിരം 'യാചകനാ'കാനായിരുന്നു വിധി. എന്നാല്‍ അതിലൊട്ടും അസ്‌ക്യതയോ അപമാനമോ ഇല്ല. സ്വന്തത്തിനു വേണ്ടി ഒരു പൈസ പോലും യാചിച്ചു വാങ്ങിയിട്ടില്ല. പിരിവെടുത്തതിന്റെ പേരില്‍ ഒരു രൂപ പോലും കമീഷന്‍ പറ്റിയിട്ടുമില്ല.  സംഭാവനകള്‍ സ്വീകരിച്ചതെല്ലാം കേരളത്തിലെ വ്യത്യസ്ത ഇസ്‌ലാമിക സംരംഭങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വേണ്ടിയായിരുന്നു. അല്ലെങ്കില്‍ പരമദരിദ്രരായ വ്യക്തികളെയോ ഏറെ കഷ്ടപ്പെടുന്ന രോഗികളെയോ സമര്‍ഥരായ പാവപ്പെട്ട വിദ്യാര്‍ഥികളെയോ സഹായിക്കാന്‍. ഇപ്പോഴും ഈ പ്രക്രിയ തുടരുകയാണ്. കഴിഞ്ഞ മാര്‍ച്ചിലും രണ്ടു മൂന്നു സംരംഭങ്ങള്‍ക്ക് പിരിവെടുക്കേണ്ടി വന്നു.

കൊടുത്തുകൊണ്ടേയിരിക്കുന്നവര്‍

പിരിവിനെക്കുറിച്ച് ആലോചിക്കുമ്പോഴെല്ലാം മനസ്സില്‍ തെളിഞ്ഞുവരുന്ന ചില മുഖങ്ങളുണ്ട്. മാറ്റമില്ലാത്ത മുഖങ്ങള്‍. നാലു പതിറ്റാണ്ടിലേറെ കാലമായി പിരിവിനായി സമീപിക്കുന്ന നിരവധി പേരുണ്ട്. അന്നും ഇന്നും അവര്‍ ഒരേപോലെ കൈയയച്ചു സംഭാവന നല്‍കിക്കൊണ്ടേയിരിക്കുന്നു. ആദ്യകാലത്ത് അന്നത്തെ അവസ്ഥ വെച്ച് നോക്കുമ്പോള്‍ ഏറ്റവും നന്നായി സംഭാവന നല്‍കിയിരുന്നവര്‍ തന്നെയാണ്  ഇന്നും ഇന്നത്തെ സ്ഥിതിയനുസരിച്ച് ഉദാരമായി പിരിവ് നല്‍കിക്കൊണ്ടേയിരിക്കുന്നത്. 'ദാനം ധനത്തില്‍ ഒരു കുറവും വരുത്തുകയില്ല' എന്ന പ്രവാചകവചനം എത്രമേല്‍ അര്‍ഥപൂര്‍ണവും ആത്യന്തിക സത്യവുമാണെന്ന് സംഭാവന പിരിക്കുന്നവര്‍ക്കൊക്കെ അനുഭവമുണ്ടായിരിക്കും, തരുന്നവര്‍ക്കും. ദാനം നല്‍കുന്നത് എഴുനൂറിരട്ടിയായി തിരിച്ചുകിട്ടുമെന്ന് ഖുര്‍ആന്‍ പറഞ്ഞത് (2:261) പരലോകത്ത് മാത്രമാകണമെന്നില്ല. ഇഹലോകത്തും ദാനം ധനത്തില്‍ വര്‍ധനവേ വരുത്തുകയുള്ളൂ.

നാശത്തിലേക്ക് നയിക്കുന്ന പിശുക്ക്
പിരിവിനിറങ്ങുന്ന പൊതുപ്രവര്‍ത്തകര്‍ക്ക് എപ്പോഴും സുഖകരമായ അനുഭവം തന്നെ ഉണ്ടാകണമെന്നില്ല. ചിലപ്പോഴെങ്കിലും കയ്പുറ്റ അനുഭവങ്ങളുമുണ്ടായിരിക്കും.
ചിലരെങ്കിലും പറയും: 'നേരം വെളുത്താല്‍ പിരിവ് തന്നെ. എത്ര പിരിവാണ്? മദ്‌റസക്ക്, പള്ളിക്ക്, സ്‌കൂളിന്, വീടുണ്ടാക്കാന്‍, കിണര്‍ കുഴിക്കാന്‍, രോഗികളെ ചികിത്സിക്കാന്‍, കുട്ടികളെ പഠിപ്പിക്കാന്‍; ഇങ്ങനെ എത്രയെത്ര പിരിവുകള്‍? കൊടുത്തു കൊടുത്തു തുലഞ്ഞു.'
ഇത്തരക്കാരോട് ഖുര്‍ആന്‍ ഗൗരവപൂര്‍വമായ ചില  ചോദ്യങ്ങളുന്നയിക്കുന്നുണ്ട്:
'അവന്‍ അവകാശപ്പെടുന്നു. താന്‍ ധാരാളം ധനം തുലച്ചു. അവന്‍ കരുതുന്നുവോ? അവനെ ആരും കാണുന്നില്ലെന്ന്. അവന് നാം കണ്ണിണകള്‍ നല്‍കിയില്ലേ? നാവും ചുണ്ടിണകളും. തെളിഞ്ഞ രണ്ട് വഴികള്‍ നാം അവന് കാണിച്ചുകൊടുത്തില്ലേ? എന്നിട്ടും അവന്‍ മലമ്പാത താണ്ടിക്കടന്നില്ല. മലമ്പാത ഏതെന്ന് നിനക്കെന്തറിയാം? അത് അടിയാളന്റെ മോചനമാണ്. അല്ലെങ്കില്‍ കൊടും വറുതി നാളിലെ അന്നദാനമാണ്. അടുത്ത ബന്ധുവായ അനാഥക്ക്. അല്ലെങ്കില്‍ പട്ടിണിക്കാരനായ മണ്ണു പുരണ്ട അഗതിക്ക്. പിന്നെ സത്യവിശ്വാസം സ്വീകരിക്കുകയും ക്ഷമയും കാരുണ്യവും പരസ്പരം ഉപദേശിക്കുകയും ചെയ്തവരിലുള്‍പ്പെടലുമാണ്' (90: 6-17).
സ്വത്ത് തന്റേതാണെന്ന മനുഷ്യന്റെ അവകാശവാദത്തെ ഖുര്‍ആന്‍ ചോദ്യം ചെയ്യുന്നു. സമ്പത്ത് സ്വന്തമാണെന്ന് പലരും ധരിക്കുന്നു. അതിനാല്‍ ദാനം നല്‍കുന്നതൊക്കെയും നഷ്ടമാണെന്ന് കരുതുന്നു. അങ്ങനെ ദാനത്തെ തടഞ്ഞുനിര്‍ത്തുന്നു.

ധനം തന്റേതാണെന്ന മനുഷ്യന്റെ ധാരണയെ തിരുത്തുന്ന മൂന്ന് സംഭവങ്ങള്‍ ഖുര്‍ആനിലുണ്ട്. ഒന്ന് ഉദാരനായ തോട്ടക്കാരന്റെ പിശുക്കരായ മക്കള്‍ പിതാവിന്റെ പതിവു തെറ്റിച്ച് അഗതികള്‍ക്കും ദരിദ്രര്‍ക്കും ഒന്നും നല്‍കുകയില്ലെന്ന് തീരുമാനിച്ച് പഴം പറിച്ചെടുക്കാന്‍ പോയ കഥയാണ്. നേരം പുലരും മുമ്പേ ആരും കാണാതെ പഴമെല്ലാം പറിച്ചെടുത്ത് കൊണ്ടുപോകാമെന്ന് തീരുമാനിച്ചുറച്ച് തോട്ടത്തിലെത്തിയ അവരവിടെ കണ്ടത് എല്ലാം നശിച്ച് വിളവെടുപ്പ് കഴിഞ്ഞ പോലെ ശൂന്യമായ ഇടമാണ്. അവര്‍ക്ക് പരസ്പരം പറയേണ്ടിവന്നു: 'നാം എല്ലാം നഷ്ടപ്പെട്ടവരായിരിക്കുന്നു. നമ്മുടെ നാശം! നിശ്ചയമായും നാം അതിക്രമികളായിരിക്കുന്നു' (66:17-33).
മറ്റൊന്ന് ചുറ്റും ഈന്തപ്പനകള്‍ വളര്‍ന്നു നില്‍ക്കുന്ന രണ്ട് മുന്തിരിത്തോട്ടങ്ങളുടെ ഉടമയുടെ കഥയാണ്. അവക്കിടയില്‍ ധാരാളം കൃഷിയും ഒഴുകുന്ന പുഴയുമുണ്ടായിരുന്നു. എല്ലാം ഫലസമൃദ്ധമായിരിക്കെ അഹങ്കാരത്തോടെയും ധിക്കാരത്തോടെയും സ്വത്തൊക്കെയും തന്റേതാണെന്നും അവ ഒരിക്കലും നശിക്കുകയില്ലെന്നും അയാളവകാശപ്പെട്ടു. എന്നാല്‍ അവസാനം എല്ലാം നശിച്ചൊടുങ്ങി (18:32-42).
 മൂന്നാമത്തേത് ഖാറൂന്റെ കഥയാണ്. മൂസാനബിയുടെ ജനതയില്‍പെട്ട ഖാറൂന്‍ അതിരറ്റ സമ്പത്തിന്റെ ഉടമയായിരുന്നു. എല്ലാം അല്ലാഹു നല്‍കിയതാണെന്നോര്‍ത്ത് ന്യായമായ വിലയില്‍ അത് വിനിയോഗിക്കാന്‍ ആവശ്യപ്പെട്ടവരോട് അയാള്‍ പറഞ്ഞു: 'എല്ലാം എന്റെ അറിവ് കൊണ്ട് നേടിയതാണ്.' സാമാന്യജനത്തെ അവര്‍ തന്നെപ്പോലെ ആകണമെന്ന് ആഗ്രഹിക്കുമാറ് അയാള്‍ തന്റെ വിത്തം കൊണ്ട് വിളയാട്ടം നടത്തി. എന്നാല്‍ പെട്ടെന്നുതന്നെ അയാളുടെ സ്വത്തൊക്കെയും നഷ്ടപ്പെട്ട് അയാള്‍ പാപ്പറായി (76: 82).

ആര്‍ത്തിയുടെ അന്ത്യം 

ആര്‍ത്തിയും പിശുക്കുമാണ് സഹജീവികളെ സഹായിക്കുന്നതില്‍നിന്നും സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കായി സമ്പത്ത് ചെലവഴിക്കുന്നതില്‍നിന്നും മനുഷ്യനെ തടഞ്ഞുനിര്‍ത്തുന്നത്. യഥാര്‍ഥത്തില്‍ ആര്‍ത്തി സര്‍വനാശത്തിലേക്കാണ് മനുഷ്യനെ നയിക്കുക. ഇത് വ്യക്തമാക്കുന്ന  യേശുവും  ശിഷ്യനുമായി ബന്ധപ്പെട്ട ഒരു കഥയുണ്ട്.

യേശുവും ശിഷ്യനും ഒരു യാത്രയിലായിരുന്നു. ക്ഷീണവും വിശപ്പും കഠിനമായപ്പോള്‍  അവര്‍ ഒരു മരച്ചുവട്ടിലിരുന്നു. യേശു ഏതാനും നാണയം നല്‍കി, മൂന്ന് റൊട്ടി വാങ്ങാന്‍ ആവശ്യപ്പെട്ടു. ശിഷ്യന്‍ അങ്ങാടിയില്‍ പോയി മൂന്ന് റൊട്ടി വാങ്ങി. മടങ്ങിവരുമ്പോള്‍ ശിഷ്യന്‍ ആലോചിച്ചു: 'എന്തിനാണ് മൂന്ന് റൊട്ടി. ഒന്ന്  ഗുരുവിനും ഒന്ന് തനിക്കും. പിന്നെ ഒന്നുണ്ട്.' അയാള്‍ അത് തിന്നാന്‍ തീരുമാനിച്ചു. അതോടൊപ്പം രണ്ട് റൊട്ടിയേ കിട്ടിയുള്ളൂ എന്ന് ഗുരുവോട്  കള്ളം പറയാനും.
യേശുവിന്റെ അടുത്തെത്തിയ ശിഷ്യന്‍ രണ്ട്  റൊട്ടി കൈയില്‍ കൊടുത്തു. യേശു ചോദിച്ചു: 'മൂന്നാമത്തേത് എവിടെ?'
ശിഷ്യന്‍ പറഞ്ഞു: 'രണ്ടെണ്ണമേ കിട്ടിയുള്ളൂ.'
'മൂന്നെണ്ണം ഉണ്ടായിരുന്നില്ലേ? നീ കള്ളം പറയുകയല്ലേ?' യേശു അന്വേഷിച്ചു.
'രണ്ടെണ്ണമേ കിട്ടിയുള്ളൂ' എന്ന് വീണ്ടും ഉറപ്പിച്ചും തറപ്പിച്ചും പറഞ്ഞു.
റൊട്ടി കഴിച്ച് യേശുവും ശിഷ്യനും വിശപ്പടക്കി. അവര്‍ യാത്ര തുടര്‍ന്നു. ഒരു പുഴയുടെ അടുത്തെത്തിയപ്പോള്‍ യേശു വീണ്ടും ചോദിച്ചു: 'മൂന്ന് റൊട്ടി ഉണ്ടായിരുന്നില്ലേ?'
ഇല്ലെന്ന് ശിഷ്യന്‍  ആണയിട്ടു പറഞ്ഞു. ആ യാത്രക്കിടയില്‍ മൂന്നു നാലു തവണ ഇതാവര്‍ത്തിച്ചു. അവസാനം അവരിരുവരും വിശ്രമിക്കാനായി മരുഭൂമിയില്‍ ഒരിടത്തിരുന്നു.
അല്‍പ്പസമയത്തിനു ശേഷം യേശു മണല്‍ത്തരികള്‍ ഒരുമിച്ചുകൂട്ടി. അവ ഉപയോഗിച്ച് മൂന്നു ചെറിയ കൂനകളുണ്ടാക്കി. തുടര്‍ന്ന് അവ സ്വര്‍ണമായിത്തീരാന്‍  ദൈവത്തോട് പ്രാര്‍ഥിച്ചു. അങ്ങനെ അത് മൂന്നു സ്വര്‍ണക്കട്ടികളായി. അപ്പോഴും ശിഷ്യന്‍ ചിന്തിക്കാന്‍ തുടങ്ങി: 'മൂന്നാമത്തെ സ്വര്‍ണക്കട്ടി ആര്‍ക്കായിരിക്കും?' അയാളുടെ ചിന്തക്ക് അറുതി വരുത്തി യേശു പറഞ്ഞു: 'ഒരു സ്വര്‍ണക്കട്ടി എനിക്ക്. രണ്ടാമത്തേത് നിനക്ക്. മൂന്നാമത്തേത് റൊട്ടി തിന്ന ആള്‍ക്ക്.' ഇതുകേട്ട ശിഷ്യന്‍ വിചാരിച്ചു: 'തെറ്റ് തുറന്നു പറഞ്ഞ് കുറ്റത്തിനു മാപ്പു ചോദിച്ചാല്‍ ഒരു സ്വര്‍ണക്കട്ടി കൂടി കിട്ടുമല്ലോ.'
അങ്ങനെ അയാള്‍ പറഞ്ഞു: 'ഗുരോ, ക്ഷമിക്കണം. റൊട്ടി തിന്നത് ഞാനാണ്. വിശപ്പിന്റെ കാഠിന്യംകൊണ്ട് തിന്നുപോയതാണ്.'
അപ്പോള്‍ യേശു പറഞ്ഞു: 'മൂന്ന് സ്വര്‍ണക്കട്ടിയും നീ എടുത്തുകൊള്ളൂ. എനിക്ക് ഒന്നും വേണ്ട.'
 അങ്ങനെ അദ്ദേഹം ശിഷ്യനോട് വിടപറഞ്ഞ് തനിച്ച് യാത്രയായി.
യേശുവിന്റെ ശിഷ്യന്‍ സ്വര്‍ണക്കട്ടികള്‍ മുന്നില്‍വച്ച് അതു കണ്ട് ആസ്വദിക്കുകയായിരുന്നു. പെട്ടെന്നാണ് മൂന്ന് കൊള്ളക്കാര്‍ അവിടെയെത്തിയത്. അവര്‍ അയാളെ കൊന്ന് സ്വര്‍ണക്കട്ടികള്‍ കൈവശപ്പെടുത്തി.
അല്‍പസമയത്തിനുശേഷം രണ്ടുപേര്‍ അവ വില്‍ക്കാനായി അങ്ങാടിയിലേക്ക് പോയി. മൂന്നാമനോട് അവര്‍ തിരിച്ചുവരുമ്പോഴേക്കും ഭക്ഷണം ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടു.
ഭക്ഷണം ഉണ്ടാക്കിക്കൊണ്ടിരിക്കെ അയാള്‍ ആലോചിച്ചു: 'ഇതില്‍ വിഷം കലര്‍ത്തി അവര്‍ രണ്ടുപേരെയും കൊന്നാല്‍ സ്വര്‍ണക്കട്ടികളുടെയൊക്കെ വില തനിക്ക് സ്വന്തമാക്കാമല്ലോ.' അങ്ങനെ അയാള്‍ പരിസരത്തു നിന്ന് വിഷക്കായ ശേഖരിച്ച് ആഹാരത്തില്‍ കലര്‍ത്തി. സ്വര്‍ണം വില്‍ക്കാന്‍ പോയവര്‍ ചിന്തിച്ചതിങ്ങനെ: 'മൂന്നാമനെ കൊന്നാല്‍ പണം മുഴുവന്‍ തങ്ങളിരുവര്‍ക്കും ഭാഗിച്ചെടുക്കാമല്ലോ.' അങ്ങനെ അവരിരുവരും മാരകായുധങ്ങളുമായി വന്ന് ഭക്ഷണം ഒരുക്കിവെച്ച മൂന്നാമനെ അടിച്ചുകൊന്നു. തുടര്‍ന്ന് അയാള്‍ പാകം ചെയ്തുവെച്ച ആഹാരം എടുത്ത് കഴിച്ചു. പിന്നെ സംഭവിച്ചത് എന്താണെന്ന് പറയേണ്ടതില്ലല്ലോ. അങ്ങനെ ആര്‍ത്തി മൂന്നു പേരെയും നശിപ്പിച്ചു.

ടോള്‍സ്റ്റോയിയുടെ വിഖ്യാതമായ കഥയാണ് Howmany land does a man needed? 

ഒരു രാജാവ് പ്രഖ്യാപിച്ചു: 'ഒരു പകല്‍ ഓടി ത്തീര്‍ക്കുന്ന അത്രയും ഭൂമി താന്‍ നല്‍കും.' അങ്ങനെ പഹാം ഓടി. ദാഹിച്ചുവലഞ്ഞെങ്കിലും വെള്ളം കുടിച്ചില്ല. വിശന്നു വലഞ്ഞിട്ടും ഒന്നും കഴിച്ചില്ല. തളര്‍ന്നവശനായിട്ടും ഒട്ടും വിശ്രമിച്ചില്ല. പരമാവധി സ്വത്ത് സ്വന്തമാക്കാനുള്ള തിടുക്കത്തില്‍ അയാള്‍ നില്‍ക്കാതെ ഓടി. അവസാനം തളര്‍ന്നുവീണു. അന്ത്യശ്വാസം വലിച്ച അയാള്‍ക്കും കിട്ടി ആറടി മണ്ണ്.

ഇമാം ശാഫിഈ പറഞ്ഞതുപോലെ ഏവര്‍ക്കും ലഭിക്കും അന്ത്യവിശ്രമത്തിന് ആറടി മണ്ണ്. 
ഒരാപ്തവാക്യമുണ്ട്. മനുഷ്യന്‍ ഭൂമിയോട് പറഞ്ഞു: 'എന്തു വിലകൊടുത്തും നിന്നെ ഞാന്‍ സ്വന്തമാക്കും.'
ഭൂമി പറഞ്ഞു: 'ഒന്നും തരാതെ തന്നെ നിന്നെ ഞാന്‍ സ്വന്തമാക്കും.' 
ഏവരുടെയും കാര്യത്തില്‍ അവസാനം സംഭവിക്കുക ഭൂമി പറഞ്ഞതാണ്.

സ്വത്ത് വര്‍ധിക്കുന്നതോടെ അസ്വസ്ഥതയും അധികരിക്കും. ഒരു സൂഫികഥയുണ്ട്. ഒരു രാജാവും മന്ത്രിയും ക്ഷുരകനും ഉണ്ടായിരുന്നു. എല്ലാ ആഴ്ചയും തല മുണ്ഡനം ചെയ്യാന്‍ എത്തുന്ന ക്ഷുരകന്‍ തന്റെ ജോലി പൂര്‍ത്തീകരിച്ചുപോകുമ്പോള്‍ രാജാവ് ഒരു നാണയം നല്‍കും. അതില്‍ ഏറെ സന്തുഷ്ടനും സംതൃപ്തനുമായി ക്ഷുരകന്‍ സ്ഥലം വിടും. ഇത് ശ്രദ്ധിച്ചുകൊണ്ടിരുന്ന രാജാവ് മന്ത്രിയോട് ചോദിച്ചു: 'എനിക്ക് അധികാരവും ഭരണവും വേണ്ടത്ര സ്വത്തുമുണ്ട്. എന്നിട്ടും ഒരു സന്തോഷവും സംതൃപ്തിയും ഇല്ല. എന്നാല്‍ ക്ഷുരകന്‍ തനിക്ക് കിട്ടിയ ഒരു നാണയം കൊണ്ട് അതിയായി സന്തോഷിക്കുന്നു. എന്താണ് ഇതിന്റെ രഹസ്യം?'

അയാളുടെ സന്തോഷം ഒരാഴ്ചകൊണ്ട് ഞാന്‍ ഇല്ലാതാക്കാം. അങ്ങനെ അടുത്തയാഴ്ച വന്നപ്പോള്‍ മന്ത്രി ക്ഷുരകന് 99 നാണയം കൊടുത്തു. വീട്ടില്‍ ചെന്ന് അത് എണ്ണിനോക്കിയപ്പോള്‍ 100 എണ്ണത്തിന് ഒന്നു കുറവ്. വീണ്ടും വീണ്ടും എണ്ണി. അവസാനം ആ ക്ഷുരകന്‍ അത് 100 തികക്കാന്‍ കഴിയാത്തതില്‍ അങ്ങേയറ്റം അസ്വസ്ഥനായി. അടുത്ത ആഴ്ച വരുമ്പോള്‍ അയാളുടെ മുഖത്ത് ഈ പ്രയാസത്തിന്റെ അടയാളം പ്രകടമായിരുന്നു. അപ്പോള്‍ മന്ത്രി ചോദിച്ചു: 'അയാളുടെ സ്വസ്ഥത നഷ്ടപ്പെട്ടില്ലേ?'


ദാനം സന്തോഷത്തിന്റെ ഉറവിടം
ദാനം ലഭിക്കുന്നവന് മാത്രമല്ല നല്‍കുന്നവനും നിര്‍വചനാതീതമായ നിര്‍വൃതിയും സന്തോഷവും സംതൃപ്തിയും നല്‍കുന്നു.
പ്രവാചകന്റെ പ്രിയപുത്രി ഫാത്വിമാ ബീവി(റ) ഗര്‍ഭിണിയായിരുന്നു. അവര്‍ മധുരമുള്ള ഈത്തപ്പഴം കഴിക്കാന്‍ അതിയായി ആഗ്രഹിച്ചു. തന്റെ പ്രിയതമന്‍ പരമ ദരിദ്രനായതിനാല്‍ മടിച്ചു മടിച്ചാണ് ഈ ആഗ്രഹം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെടുത്തിയത്. പ്രിയതമയുടെ താല്‍പര്യം പരിഗണിച്ച് ഉടനെത്തന്നെ അലിയ്യുബ്‌നു അബീത്വാലിബ് അങ്ങാടിയില്‍ പോയി തന്റെ ബെല്‍റ്റ് വിറ്റ് കിട്ടിയ പണം കൊണ്ട് ഈത്തപ്പഴം വാങ്ങി. അതുമായി വീട്ടിലേക്ക് വന്നുകൊണ്ടിരിക്കെ പിന്നില്‍നിന്ന് ഒരാള്‍ അദ്ദേഹത്തെ വിളിച്ചു. അയാള്‍ പറഞ്ഞു: 'അലീ, ഞാന്‍ ഭക്ഷണം കഴിച്ചിട്ട് മൂന്ന് നാളായി. വിശപ്പ് സഹിക്കാന്‍ കഴിയുന്നില്ല. വല്ലതും തരണേ. കൈവശമില്ലെങ്കില്‍ ഞാന്‍ വീട്ടില്‍ വരാം.'
അലി രണ്ടാമതൊന്നാലോചിക്കാതെ തന്റെ വശമുണ്ടായിരുന്ന ഈത്തപ്പഴപ്പൊതി അയാള്‍ക്ക് കൊടുത്തു. വെറും കൈയോടെ വരുന്ന പ്രിയതമനെ നോക്കിക്കൊണ്ടിരുന്ന ഫാത്വിമ ബീവി പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല. അദ്ദേഹം വീട്ടില്‍ വന്നു ഈത്തപ്പനയോലയുടെ പായ വിരിച്ച് കിടന്നപ്പോള്‍ ഫാത്വിമാ ബീവി അരികില്‍ ചെന്നിരുന്നു. അലി(റ) പ്രിയതമയുടെ കൈ സ്വന്തം കൈയില്‍ വച്ച് ഇങ്ങനെ പറഞ്ഞു: 'പ്രിയേ, നിന്റെ ആഗ്രഹം പൂര്‍ത്തീകരിക്കണമെന്ന് ഉണ്ടായിരുന്നു. അതിനായി എന്റെ ബെല്‍റ്റ് വിറ്റ് ഈത്തപ്പഴം വാങ്ങിയിരുന്നു.' തുടര്‍ന്ന് സംഭവിച്ചതെന്തെന്ന് വിശദീകരിച്ചു അപ്പോള്‍ പ്രവാചകപുത്രി ഫാത്വിമയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: 'എന്റെ പ്രിയപ്പെട്ടവനേ, ഈത്തപ്പഴം തിന്നിരുന്നുവെങ്കില്‍ നാവിന് അല്‍പസമയം ആസ്വാദനം കിട്ടുമായിരുന്നു. ചുരുങ്ങിയ സമയത്തെ സന്തോഷവും. എന്നാല്‍ നമുക്ക് ഇരുവര്‍ക്കും ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് മരണം വരെയുള്ള വിവരിക്കാനാവാത്ത സന്തോഷവും സംതൃപ്തിയുമാണ്. പരലോകത്ത് മഹത്തായ പ്രതിഫലവും, അല്ലാഹു അനുഗ്രഹിച്ചെങ്കില്‍.''


ചെറുതും നിസ്സാരമല്ല
ലോകത്തിലെ അതിസമ്പന്നരില്‍ ഒരാളാണല്ലോ ബില്‍ ഗേറ്റ്‌സ്. ഒരാള്‍ അദ്ദേഹത്തോട് പറഞ്ഞു: 'താങ്കള്‍ മഹാഭാഗ്യവാനാണ്. ആരെയും അത്ഭുതപ്പെടുത്തുന്ന വലിയ സംഭാവനകള്‍ നല്‍കാന്‍ താങ്കള്‍ക്ക് സാധിക്കും.'
ഇതിന് പ്രത്യുത്തരമായി ബില്‍ ഗേറ്റ്‌സ് തന്റെ ഒരു അനുഭവം വിവരിക്കുകയാണുണ്ടായത്: ചെറുപ്രായത്തില്‍ ഞാന്‍ വളരെ ദരിദ്രനായിരുന്നു. നടന്നുപോകുമ്പോള്‍ ഒരു പത്രക്കാരന്‍ അതിലെ വലിയ തലക്കെട്ട് ഉച്ചത്തില്‍ വായിക്കുന്നു. അത് കേട്ടപ്പോള്‍ എനിക്ക് അതില്‍ താല്‍പര്യം തോന്നി. ഞാന്‍ ആ പത്രക്കാരനെ നോക്കി. അയാള്‍ ചോദിച്ചു: 'പത്രം വേണമെന്ന് തോന്നുന്നുണ്ടല്ലോ.' 
ഞാന്‍ പറഞ്ഞു: 'പത്രം കിട്ടിയാല്‍ നന്നായിരുന്നു. പക്ഷേ പൈസയില്ല.'
ഇതുകേട്ട് അലിവ് തോന്നിയ ആ പത്രക്കാരന്‍ എനിക്കൊരു പത്രം തന്നു. രണ്ടു മൂന്നു മാസത്തിനു ശേഷം വീണ്ടും അതേ പത്രക്കാരന്‍ തലക്കെട്ട് വായിച്ചപ്പോള്‍ ഞാന്‍ അയാളുടെ നേരെ താല്‍പ്പര്യത്തോടെ നോക്കി. അന്നും അയാള്‍ ചോദിച്ചു: 'പത്രം വേണമെന്നുണ്ടോ?'
ഞാന്‍ അന്ന് പറഞ്ഞ മറുപടി തന്നെ ആവര്‍ത്തിച്ചു. അപ്പോള്‍ അയാള്‍ ഒരു പത്രം എനിക്ക് തന്നുകൊണ്ട് പറഞ്ഞു: 'സാരമില്ല, ലാഭത്തില്‍ ഒരംശമല്ലേ?'
19 വര്‍ഷത്തിനുശേഷം ഞാന്‍ സമ്പന്നനായി മാറിയപ്പോള്‍ ആ പത്രക്കാരന് പ്രത്യുപകാരം ചെയ്യണമെന്ന് തോന്നി. ഏറെ പ്രയാസപ്പെട്ട് അന്വേഷിച്ച് അയാളെ കണ്ടെത്തി. ഞാന്‍ ചോദിച്ചു: 'നിങ്ങള്‍ക്ക് എന്നെ അറിയാമോ?' അയാള്‍ പറഞ്ഞു: 'താങ്കളെ അറിയാതിരിക്കുമോ? താങ്കള്‍ കോടിപതിയായ ബില്‍ഗേറ്റ്‌സ് അല്ലേ?' 
അതല്ല ഞാന്‍ ചോദിച്ചത്. 'ഞാനും നീയും തമ്മിലുള്ള ബന്ധം അറിയുമോ?'
'എങ്ങനെ അറിയാതിരിക്കും. ഞാന്‍ നിങ്ങള്‍ക്ക് രണ്ട് പത്രം ദാനം നല്‍കിയിട്ടുണ്ട്.' അപ്പോള്‍ ഞാന്‍ പറഞ്ഞു: 'അതിന് പ്രത്യുപകാരം ചെയ്യാനാണ് താങ്കളെ അന്വേഷിച്ചു കണ്ടെത്തിയത്.'
'താങ്കള്‍ക്ക് അതിന് പ്രത്യുപകാരം ചെയ്യാന്‍ സാധ്യമല്ല.' അയാള്‍ പറഞ്ഞു.
'എന്തും ചോദിച്ചുകൊള്ളുക. ഞാന്‍ തരാം.' 
'താങ്കള്‍ എനിക്കെന്തും തന്നേക്കാം. എന്നാല്‍ ദരിദ്രനായിരിക്കെയാണ് ഞാന്‍ താങ്കള്‍ക്ക് പത്രം ദാനം ചെയ്തത്. താങ്കള്‍ ഇപ്പോള്‍ അതിസമ്പന്നനാണ്. എന്തു തന്നാലും അന്ന് ഞാന്‍ തന്നതിന് സമമാവുകയില്ല.'
സമാനമായ ഒരു സംഭവം സുഊദി അറേബ്യയിലെ പ്രമുഖ ബാങ്കായ അര്‍റാജിയുടെ ഉടമയുമായി ബന്ധപ്പെട്ടുണ്ട്. അദ്ദേഹം കുട്ടിയായിരിക്കെ പരമദരിദ്രനായിരുന്നു. ഒരു ദിവസം അധ്യാപകന്‍ ക്ലാസില്‍നിന്ന് വിനോദയാത്രക്ക് പോകാന്‍ ഫീസ് കൊണ്ടുവരാന്‍ എല്ലാവരോടും ആവശ്യപ്പെട്ടു. ആ ദരിദ്രബാലന്റെ വശം പണമുണ്ടായിരുന്നില്ല. അതിനാല്‍ ക്ലാസ്സില്‍ വന്നത് വാടിയ മുഖത്തോടെയാണ്. കാരണമന്വേഷിച്ച അധ്യാപകന് കുട്ടിയോട് സഹതാപം തോന്നി. അവന്റെ അഭിമാനം ക്ഷതപ്പെടുത്താതെ അവനെ സഹായിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ക്ലാസ്സില്‍ ചെന്ന് പറഞ്ഞു: 'ഇന്ന് ഞാന്‍ ഒരു ചോദ്യം ചോദിക്കും. അതിനുത്തരം പറയുന്നവന് ഒരു സമ്മാനവും ഉണ്ടായിരിക്കും.' അങ്ങനെ ആ ദരിദ്ര വിദ്യാര്‍ഥിയോട് വളരെ ലളിതമായ ഒരു ചോദ്യം ചോദിച്ചു. അവന്‍ ഉത്തരം പറഞ്ഞപ്പോള്‍ വിനോദയാത്രക്ക് ആവശ്യമായ സംഖ്യ സമ്മാനമായി നല്‍കി. അതോടെ ആ കുട്ടി ഏറെ സന്തോഷിച്ചു.
അനേക വര്‍ഷങ്ങള്‍ക്കു ശേഷം ലോകപ്രശസ്ത ബാങ്ക് ഉടമ ആയതോടെ ആ അധ്യാപകനെ തേടി കണ്ടുപിടിച്ച അര്‍റാജി ബാങ്ക് ഉടമ വിദ്യാര്‍ഥിയായിരിക്കെ തന്നെ സഹായിച്ച അധ്യാപകന് വലിയ വീടും വിശാലമായ സ്ഥലവും കാറും വരുമാനമാര്‍ഗവും നല്‍കി. എന്നിട്ട് അദ്ദേഹം പറഞ്ഞു: 'അന്ന് അങ്ങ് ചെയ്ത ഉപകാരത്തിന് ഇതൊരിക്കലും മതിയായ പ്രത്യുപകാരമാവുകയില്ല. എന്നാലും ഒരു സന്തോഷത്തിന് ഈ സമ്മാനം സ്വീകരിച്ചാലും.'
ഇത്തരം എത്രയോ അനുഭവങ്ങളുണ്ട്. അതിനാല്‍ നല്‍കുന്ന സംഖ്യയുടെ വലുപ്പച്ചെറുപ്പം അല്ല; മറിച്ച് യഥാര്‍ഥ പ്രേരകവും  പ്രചോദനവും എന്ത് എന്നതാണ് പ്രശ്‌നം. സമ്പത്തിനോട് സ്‌നേഹം ഉണ്ടായിരിക്കെ അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും പ്രതീക്ഷിച്ച് ധനതൃഷ്ണയെ തോല്‍പ്പിച്ച് ദാനം ചെയ്യലാണ് ഏറെ പ്രധാനവും പുണ്യകരവും.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top