ഓര്‍മയിലെ കുളിര്‍മഴ

ഉസ്മാന്‍ മണക്കോടന്‍ No image

ഗള്‍ഫിനെക്കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകള്‍ കേട്ടാണ് ഞാന്‍ വളര്‍ന്നത്. വിളഞ്ഞുനില്‍ക്കുന്ന കാരക്കാ തോട്ടങ്ങള്‍, ഒട്ടകക്കൂട്ടങ്ങള്‍, അത്തറിന്റെ മണം, കോടീശ്വരന്മാരായ അറബികള്‍, വിഭവസമൃദ്ധമായ ഭക്ഷണം, വേറിട്ടൊരു സംസ്‌കാരം..... അങ്ങനെ എന്തെല്ലാം കഥകള്‍.
ഗള്‍ഫുകാരന്റെ നാട്ടിലേക്കുള്ള വരവായിരുന്നു ഏറെ ആകര്‍ഷണീയം. ഒരു മാസം മുമ്പെങ്കിലും നാട്ടിലെങ്ങും വിളംബരം. '............ഗല്‍ഫീന്ന് വരണണ്ട്....'
പണത്തിന്റെയും പത്രാസിന്റെയും പ്രകടനം കൂടിയായിരുന്നു പ്രവാസിയുടെ വരവ്. വീടണഞ്ഞാല്‍ തുടങ്ങുന്ന ആര്‍ഭാട ജീവിതം. കെട്ടിപ്പൊങ്ങുന്ന മണിമാളികകള്‍, വിരുന്നു സല്‍ക്കാരങ്ങള്‍, പണം വാരിവിതറിയുള്ള അയാളുടെ നടപ്പ്, നാട്ടില്‍ ഗള്‍ഫുകാരന് കിട്ടുന്ന സ്വീകാര്യത.... അതുകൊണ്ടുതന്നെ ഒരുകാലത്ത് ഏതൊരു മലയാളിയുടെയും സ്വപ്‌നലോകമായിരുന്നു ഗള്‍ഫ്.
അങ്ങനെ ഒരു നോമ്പുകാലത്താണ് ഞാനും സ്വപ്‌നങ്ങള്‍ നെഞ്ചിലേറ്റി ഗള്‍ഫിലെത്തുന്നത്. ജ്യേഷ്ഠന്‍ സലാംക്കയായിരുന്നു എന്നെ അറബിനാട്ടിലേക്ക് കൊണ്ടുപോയത്. ഫസല്‍, ഇല്‍യാസ്, ഹമീദ്ക്ക, സകരിയ്യ എന്നിവരോടൊപ്പമായിരുന്നു താമസം. ജോലിയൊന്നും ശരിയായിട്ടില്ല. അവിടെ എത്തിയപ്പോഴാണ് ഒരു കാര്യം തിരിച്ചറിയുന്നത്. ഗള്‍ഫുകാരന്റെ പത്രാസ് നാട്ടില്‍ മാത്രമേയുള്ളൂ, ഇവിടെയില്ല. ചുട്ടുപൊള്ളുന്ന മണലാരണ്യത്തില്‍ കുടുംബം പോറ്റാന്‍ വിശ്രമമില്ലാതെ കഷ്ടപ്പെടുകയാണ് പാവങ്ങള്‍. മണിമാളികകള്‍ തീര്‍ക്കാന്‍ കഷ്ടപ്പെടുന്നവര്‍ താമസിക്കുന്നത് ലേബര്‍ ക്യാമ്പുകളില്‍. നാട്ടില്‍ മാന്യവേഷം. ഇവിടെ കൂലി വേഷം. ഇവിടത്തെ കഷ്ടപ്പാടൊന്നും ആരും തന്നെ നാട്ടിലറിയിക്കാറില്ല. ഗള്‍ഫുകാരന്റെ രക്തം വറ്റിയുള്ള വിയര്‍പ്പുതുള്ളികളാണ് പണമായി നാട്ടിലെത്തുന്നതെന്ന് വീട്ടുകാരും ഓര്‍ക്കാറില്ല.
കുറച്ചു ദിവസം ഞാന്‍ റൂമില്‍ തന്നെ ഇരുന്നു. ഇത് മനസ്സിലാക്കിയ അറബി ഒരുദിവസം എന്റെ സുഹൃത്ത് ഫൈസലിനോട് പറഞ്ഞു:
''ഇവനെ ഇങ്ങനെ റൂമില്‍ അടച്ചിടേണ്ട. പുറംലോകമൊക്കെ കാണിക്കൂ.''
ഒരു നോമ്പുകാലമായിരുന്നു അത്. എന്നെയും കൊണ്ട് ഫൈസല്‍ മസറ (മരുഭൂമി) കാണാന്‍ പോയി. നോമ്പും നോറ്റുകൊണ്ടായിരുന്നു കൂട്ടുകാരനോടൊപ്പം പോയത്. ഗള്‍ഫിലെ ആദ്യനോമ്പ്. യാത്ര തുടങ്ങിയപ്പോഴേ ഒരു കാര്യം എനിക്ക് ബോധ്യമായി. നമ്മുടെ നാടിന്റെയത്ര സുന്ദരമല്ല ഇവിടം. കണ്ണെത്താ ദൂരത്തോളം മണലാരണ്യം. അങ്ങിങ്ങ് മാത്രം പച്ചപ്പ്. ഭൂമിയുടെ മാറിലൂടെ വരച്ച നേര്‍രേഖ പോലെയുള്ള റോഡുകള്‍:
മണല്‍ക്കാട്ടിലൂടെ കിലോമീറ്ററുകള്‍ താണ്ടി ഞങ്ങള്‍ ഒരിടത്തെത്തി. അവിടെ അനേകം ആടുകളും ഒട്ടകങ്ങളും, മാംസത്തിനു വളര്‍ത്തുന്നവയാണവയെല്ലാം. ഞങ്ങള്‍ അവക്കിടയിലൂടെ മുന്നോട്ട് നടന്നു. ചുട്ടുപൊള്ളുന്ന വെയില്‍. ഭൂമി വെന്തുരുകുകയാണ്. ആടുകള്‍ക്കിടയിലൊരു കറുത്ത രൂപത്തെ ഞങ്ങള്‍ കണ്ടു. ഒരു മനുഷ്യന്‍. നീഗ്രോ ആയിരിക്കുമെന്ന് കരുതി. അടുത്ത് ചെന്ന് ഞാന്‍ അറബിയില്‍ പേര് ചോദിച്ചു.
'ജോസഫ്'
അറബി പഠിച്ചുവരുന്നതേയുള്ളൂ. കൂടുതല്‍ ചോദിക്കാനാവാതെ ഞാന്‍ കുഴങ്ങുന്നതുകൂടി കണ്ടിട്ടാവണം അയാള്‍ പറഞ്ഞു.
''മലയാളത്തില്‍ പറഞ്ഞാല്‍ മതി. ഞാന്‍ മലയാളിയാണ്.''
ഞാന്‍ തരിച്ചുനിന്നുപോയി. ഇതെന്തൊരു രൂപം. ഇത്രയും കറുത്ത മനുഷ്യരുണ്ടാവുമോ. അതും മലയാളികള്‍.
ഞാനയാളോട് വീടും നാടും വിവരങ്ങളും ചോദിച്ചു.
''തിരുവനന്തപുരം കാട്ടാക്കടയാണ് സ്വദേശം. ഏഴു വര്‍ഷത്തിലേറെയായെന്നു തോന്നുന്നു ഇവിടെ വന്നിട്ട്. ഞാന്‍ വരുമ്പോള്‍ എന്റെ മോള്‍ക്ക് മൂന്നു വയസ്സായിരുന്നു. ഇന്നവള്‍ വലിയ കുട്ടിയായിട്ടുണ്ടാവും. എന്നെ കണ്ടാല്‍ തിരിച്ചറിയുക പോലുമുണ്ടാവില്ല.''
അയാളുടെ കണ്ഠമിടറുന്നുണ്ടായിരുന്നു.
ദുഃഖം അണപൊട്ടുന്ന അയാളോട് ഞാന്‍ ചോദിച്ചു:
''എന്തേ നാട്ടില്‍ പോയില്ലേ ഇതുവരെ.''
''ഇല്ല.'' അയാള്‍ പറഞ്ഞു.
''അറബി വിട്ടില്ല. പാസ്‌പോര്‍ട്ടും വിസയുമെല്ലാം അയാള്‍ കൈക്കലാക്കി. നാട്ടിലേക്ക് പോകാനോ വിവരങ്ങളറിയാനോ ഒരു മാര്‍ഗവുമില്ല. ഒന്ന് സംസാരിക്കാന്‍ പോലും ആരുമില്ലിവിടെ. ഭാര്യയെയും മകളെയും കാണാന്‍ അതിയായ ആഗ്രഹമുണ്ട്. എന്തു ചെയ്യും? പെട്ടുപോയില്ലേ. ഈ മരുഭൂവില്‍ ഞാന്‍ മൃഗതുല്യം ജീവിക്കുന്ന വിവരം എന്റെ ഭാര്യയോ മകളോ അറിയില്ല. ഒന്നുകില്‍ ഞാന്‍ മരിച്ചെന്നോ അല്ലെങ്കില്‍ അവരെ ഉപേക്ഷിച്ചെന്നോ അവര്‍ കരുതുന്നുണ്ടാവും. രക്ഷപ്പെടാന്‍ ഒരു മാര്‍ഗവുമില്ല. ചിലപ്പോള്‍ എന്റെ മരണവും ഇവിടെ തന്നെയാകാം.''
കണ്ണീരില്‍ ചാലിച്ച അയാളുടെ വാക്കുകള്‍ എന്നെ വേദനിപ്പിച്ചു.
''ഭക്ഷണം വല്ലതും കഴിച്ചോ...?'' ഞാന്‍ ചോദിച്ചു.
ഇല്ലെന്നായിരുന്നു മറുപടി. ഭക്ഷണം വല്ലതും കിട്ടുമോയെന്ന് ഞാന്‍ ഫൈസലിനോട് ചോദിച്ചു. റമദാന്‍ മാസമല്ലേ...? സാധ്യത കുറവാണെന്നായിരുന്നു ഉത്തരം. ഞാന്‍ നിര്‍ബന്ധിച്ചപ്പോള്‍ പോയി അന്വേഷിക്കാമെന്നയാള്‍ സമ്മതിച്ചു. ജോസഫിനുള്ള ഭക്ഷണവും തേടി ആ നോമ്പുകാലത്ത് ഞങ്ങളലഞ്ഞു. നിരാശയായിരുന്നു ഫലം. ഒടുവില്‍ സുഹൃത്തിന്റെ റൂമില്‍ പോയി അവിടെ കരുതിവെച്ച ഭക്ഷണവുമായി ഞങ്ങള്‍ തിരികെ വന്ന് അയാള്‍ക്ക് നല്‍കി. ആര്‍ത്തിയോടെ അയാളത് വാരിവലിച്ചു കഴിക്കുന്നത് കണ്ടപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു.
''നിങ്ങള്‍ക്ക് ഭക്ഷണമൊന്നും കിട്ടാറില്ലേ...?'' ഞാന്‍ ചോദിച്ചു.
''ഒരു കന്നാസില്‍ വെള്ളവും ഉണങ്ങിയ ചപ്പാത്തിയും ആഴ്ചയിലൊരിക്കല്‍ കിട്ടും. അതു കഴിച്ചാണ് ജീവിക്കുന്നത്...''
അയാളത് പറഞ്ഞപ്പോള്‍ ഞാന്‍ നമ്മുടെ ജീവിതസൗകര്യങ്ങളെക്കുറിച്ചാണ് ഓര്‍ത്തത്. പടച്ചവന് നന്ദിയും. അയാളെ രക്ഷിക്കാനെന്തെങ്കിലും മാര്‍ഗമുണ്ടോ എന്നായിരുന്നു എന്റെ ചിന്ത. സുഹൃത്തിനോട് കാര്യം പറഞ്ഞപ്പോള്‍ അവന്റെ പ്രതികരണം മറ്റൊരു വിധത്തിലായിരുന്നു:
''അയാളെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ അങ്ങനത്തെ ഒരുപാട് പേര്‍ ഇവിടെ വേറെയും ഉണ്ട്. അവരെയെല്ലാം രക്ഷിക്കേണ്ടിവരുമല്ലോ നിനക്ക്...''
അപ്പോള്‍ ഞാന്‍ പറഞ്ഞു:
''എനിക്ക് വേറെ ആരെയും കാണേണ്ട. വേറെ ആരെയും രക്ഷിക്കുകയും വേണ്ട. പക്ഷേ, ഇയാളെ രക്ഷിക്കണം. ഇയാളെ ഞാന്‍ കണ്ടുപോയില്ലേ....?''
ഒടുവില്‍ എന്റെ നിര്‍ബന്ധത്തിനു വഴങ്ങി അയാളെ രക്ഷിക്കാന്‍ തീരുമാനിച്ചു. ഞങ്ങള്‍ അയാളെയും കൂട്ടി 500 കിലോമീറ്ററിനപ്പുറമുള്ള ഒരു പട്ടണത്തിലെത്തിച്ചു. പോലീസിനു പിടി കൊടുക്കാതെ കുറച്ചുകാലം ജോലി ചെയ്ത് പണം സമ്പാദിക്കാനുള്ള നിര്‍ദേശവും സൗകര്യവും ഫൈസല്‍ ചെയ്തുകൊടുത്തു. മാസങ്ങള്‍ക്കു ശേഷം ജോസഫ് പോലീസിന് പിടികൊടുത്തു. നാട്ടിലേക്കയാളെ തിരിച്ചയച്ചു.
കാലം കടന്നുപോയി ഞാനയാളെ മറന്നു. അയാള്‍ എന്നെയും. പ്രവാസ ജീവിതം മതിയാക്കി ഞാന്‍ വയനാട്ടില്‍ തിരിച്ചെത്തി. ഒരു ദിവസം ഒരാള്‍ എന്നെ തേടി വന്നു. എവിടെയോ കണ്ടു മറന്ന മുഖം. ആഗതന്‍ മുഖവുരയില്ലാതെ പറഞ്ഞു.
''ആ ചുട്ടുപൊള്ളുന്ന വേനലില്‍ മരുഭൂമിയില്‍നിന്നും നിങ്ങള്‍ രക്ഷപ്പെടുത്തിയ ആളാണ് ഞാന്‍.''
ഞാന്‍ അത്ഭുതത്തോടെ അയാളെ നോക്കിനിന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ജോസഫ് ഇതാ എന്നെ തേടി വന്നിരിക്കുന്നു. കടന്നുപോയ ജീവിത കനല്‍പാതകളെ കുറിച്ച് പിന്നീടും അയാളെന്തെല്ലാമോ പറയുന്നുണ്ടായിരുന്നു. ഒടുവില്‍ കുറേ നോട്ടുകള്‍ മടക്കി എന്റെ കൈയില്‍ വെച്ചു തന്നിട്ട് പറഞ്ഞു.
''ഇത് വാങ്ങണം. എന്റെ ജീവിതം രക്ഷിച്ച ആളല്ലേ. എന്റെ സന്തോഷത്തിനു വേണ്ടിയാണിത്...''
ചിരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു:
''വേണ്ട സുഹൃത്തേ, ഈ പണം നിങ്ങളുടെ മക്കളുടെ ആവശ്യത്തിനു ഉപയോഗിക്കൂ. എനിക്കതിനുള്ള പ്രതിഫലം വേറെ കിട്ടും....''
അയാള്‍ കുറേയേറെ നിര്‍ബന്ധിച്ചുവെങ്കിലും ഞാനത് സ്‌നേഹപൂര്‍വം നിരസിച്ചു. ഒടുവില്‍ എന്റെ ആഗ്രഹത്തിനു വഴങ്ങി അയാള്‍ സന്തോഷത്തോടെ തിരിച്ചുപോയി.
ചുട്ടുപൊള്ളുന്ന വേനലില്‍ വീണ്ടും നോമ്പുകാലം കടന്നുവരുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഈ ഓര്‍മകള്‍ എന്നില്‍ വീണ്ടും ഒരു കുളിര്‍മഴയായി പെയ്തിറങ്ങുകയാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top