പുതിയ ദഹനേന്ദ്രിയങ്ങള്‍ക്ക്
തീരെ പരിചയമില്ലാത്ത
താളും തവരയും
കവിതയിലും കഥയിലുമായി.
പകരക്കാരായി
വിദേശത്തു നിന്നും
ഷവായിയും ഷവര്‍മയും
കുടുംബസമേതം എത്തി.
മണ്ണിര പോലെ വളഞ്ഞ്
പുളഞ്ഞിരിക്കുന്ന നൂഡില്‍സ്
മനസ്സ് നിറച്ചു.
കൊള്ളിയില്‍ കുത്തി
പൊള്ളിച്ച കോഴികള്‍
വഴിയോര കാഴ്ചകളായി.
പ്രണയം തേച്ച നാരങ്ങ മിഠായിയും
എല്ലാം മായ്ച്ച് കളഞ്ഞ വെളളത്തണ്ടും
ഇനിയും തിരിച്ചുവന്നില്ല.
നമ്മുടെ പരല്‍മീനും ബ്രാലും
നീന്തിക്കുളിച്ച പള്ളിക്കുളത്തില്‍ പോലും
ആഫ്രിക്കയുടെ ആധിപത്യമാണ്.
ആമിനത്താത്തയും നബീസുമ്മയും
കുറ്റം പറച്ചിലും സൊറ പറച്ചിലും
ഫേസ് ബുക്കിലേക്കും ട്വിറ്ററിലേക്കും മാറ്റി.
എല്ലാം കണ്ടു നിന്ന
ബാറ്ററി തീരാറായ കാര്‍ത്യാനിയമ്മയും
റിയാലിറ്റി ഷോക്ക്
എസ്.എം.എസ് അയക്കുന്ന തിരക്കിലാണ്.
പൂവേ പൊലി പൂവേ
എന്ന് വിളിച്ചിരുന്ന
വേലായുധന്റെ ചുണ്ടിലും
സംഗതികള്‍ എത്തിത്തുടങ്ങി.
ആയതിനാല്‍
ഇക്കുറി മാവേലി
വീഡിയോ ചാറ്റിംഗില്‍ ഒതുങ്ങുമെന്ന് തീര്‍ച്ച...!