ഔട്ട്‌ ഓഫ്‌ സിലബസ്‌

മജീദ്‌ ഇബ്‌നു നാസര്‍ No image

ഒരു ഉഷ്‌ണകാലത്ത്‌ കലാലയത്തില്‍ ചെന്നിറങ്ങി ശൈത്യകാലം തീര്‍ന്ന്‌ തിരികെ മടങ്ങുമ്പോഴേക്കും അലിഗഡ്‌ യൂണിവേഴ്‌സിറ്റിയുടെ സീലുകളില്ലാത്ത ഒരുപാട്‌ ബിരുദങ്ങളും ഡിപ്ലോമകളും കരസ്ഥമാക്കിയിരുന്നു. അലീഗഡില്‍ പഠിക്കുക എന്നത്‌ എന്റെ സ്വപ്‌നങ്ങളില്‍ ഒന്നുമാത്രമായിരുന്നു. ദൈവാനുഗ്രഹത്താല്‍ അഡ്‌മിഷന്‍ ലഭിക്കുകയും ചെയ്‌തു.
രണ്ടു രാത്രിയിലെയും പകലുകളിലേയും യാത്രക്ക്‌ ശേഷം, സര്‍ സയ്യിദ്‌ അഹ്‌മദ്‌ ഖാന്‍ എന്ന മഹത്‌ വ്യക്തിത്വം പടുത്തുയര്‍ത്തിയ അലിഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റി (എ.എം.യു) സ്ഥിതിചെയ്യുന്ന അലിഗഡ്‌ പട്ടണത്തില്‍ ചെന്നിറങ്ങി. ശരീരത്തിലെ സകല എല്ലുകളും പുറേത്തേക്ക്‌ തള്ളിയ, ഞരമ്പുകള്‍ കുഴഞ്ഞൊടുങ്ങിയ കുറേ വല്ല്യുപ്പമാര്‍ റിക്ഷകള്‍ ഓടിക്കുന്നു. ഒരു റിക്ഷയില്‍ കയറി .
ക്യാമ്പസിന്റെ പ്രധാന കേന്ദ്രമായ ചുങ്കിയില്‍ വന്നിറങ്ങി. ഞങ്ങള്‍ എത്തുന്നതിനു മുന്‍പേ മലയാളികളായ സുഹൃത്തുക്കള്‍ താമസസൗകര്യങ്ങളും മറ്റും ഏര്‍പ്പാട്‌ ചെയ്‌തിരുന്നു.
അഡ്‌മിഷന്‍ പ്രക്രിയകള്‍ പൂര്‍ത്തിയാക്കിയ ശേഷം അലീഗറിലെ പൊള്ളുന്ന വെയിലില്‍ നിന്ന്‌ അല്‍പമൊരാശ്വാസത്തിനായി എ.എം.യുവിന്റെ കാന്റീന്‍ ലക്ഷ്യമാക്കി നടന്നു. കാമ്പസിനകത്തെയും പുറത്തെയും ലോകങ്ങള്‍ തമ്മിലുള്ള അന്തരം എത്രമാത്രം വലുതാണെന്ന്‌ ആ ചെറിയ നടത്തം മനസ്സിലാക്കിത്തന്നു. നിത്യവും ക്ലാസില്‍ പോയിരുന്ന ഞാന്‍ നന്നായി ശ്രദ്ധിക്കാനും പഠിക്കാനും ശ്രമിച്ചു. ഓരോ പിരീയഡിന്‌ ശേഷവും ടീച്ചേഴ്‌സിന്റെ കാബിനില്‍ തനിച്ച്‌ കയറിച്ചെല്ലാം. ഒരു എക്‌സ്‌ട്രാ ട്യൂഷന്‍ രീതിയില്‍ സിലബസ്‌ പറഞ്ഞു തരാന്‍ അവര്‍ തയ്യാറായിരുന്നു. അങ്ങനെ ചുരുങ്ങിയ കാലയളവില്‍ ഒരു പ്രത്യേക അധ്യാപക വിദ്യാര്‍ത്ഥി ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞു.
ക്ലാസ്‌ ടൈം കഴിഞ്ഞാല്‍ ഏതെങ്കിലും മലയാളിയുടെ മുറിയില്‍ പോയി അയാള്‍ പഠിക്കുന്നതും നോക്കിയിരിക്കുകയാണ്‌ എന്റെ പണി. അയാള്‍ ക്ലാസിനു പോയാല്‍ അടുത്തയാളുടെ മുറിയില്‍. സുലൈമാന്‍ ഹാള്‍, ഹബീബ്‌ ഹാള്‍, ഹാലി, സൈഫി, എസ്‌.എസ്‌ നോര്‍ത്ത്‌, എസ്‌.എസ്‌ സൗത്ത.്‌ ഞാന്‍ കടക്കാത്തതും കിടക്കാത്തതുമായ മലയാളികളുടെ മുറികള്‍ എ.എം.യുവില്‍ കുറവായിരുന്നു. പക്ഷെ ഒറ്റത്തവണയെങ്കിലും എനിക്കനുവദിച്ച മുറിയില്‍ ഞാന്‍ കിടന്നതായി ഹാലിയിലെ 12-ാം നമ്പര്‍ മുറിയിലെ നാലു ചുവരുകളും ഒരിക്കലും സാക്ഷി പറയുകയില്ല. മനസ്സിന്‌ ഒരാശ്വാസമെന്നോണം സമയത്തിന്റെ ദൈര്‍ഘ്യം നന്നായി രുചിച്ചറിഞ്ഞപ്പോള്‍ എം.എ.യുവില്‍ നിന്ന്‌ എന്തുകൊണ്ടോ തടിയൂരാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.
അതിനിടയില്‍ കാമ്പസിലെ ഹബീബ്‌ ഹാളിനടുത്തെ മതര്‍തരേസ ഫൗണ്ടേഷന്റെ കീഴിലുള്ള അനാഥ-അഗതി മന്ദിരം സന്ദര്‍ശിക്കാനിടയായി. അവിടുത്തെ സിസ്റ്ററും മലയാളിയുമായ നൊഫസിയാ മാഡം വല്ലാത്തൊരു മാനസിക പിന്തുണയായി. വൈകുന്നേരങ്ങളില്‍ അവിടെ സന്ദര്‍ശിക്കുക എന്റെ ഒരു ദിന ചര്യയായി. മന്ദിരത്തിലെ ആറുമാസം പ്രായമായവര്‍ മുതല്‍ പതിനാറ്‌ വയസ്സ്‌ വരെയുള്ള കുട്ടികളുടെ കൂടെ എന്റെ വൈകുന്നേരങ്ങളും നീങ്ങിക്കൊണ്ടിരുന്നു. ആദ്യ ദിവസം തന്നെ നിരന്നു കിടക്കുന്ന തൊട്ടിലുകള്‍ക്കിടയില്‍ നിന്ന്‌ ഒരു കുഞ്ഞു കൈ എന്റെ നേര്‍ക്ക്‌ നീട്ടി ഒരു നേര്‍ത്ത പുഞ്ചിരി. ഒരു നിമിഷം ഞാനവിടെ നിന്നു പോയി. ``ഇനിയുമുണ്ട്‌ നിനക്ക്‌ കാണാന്‍.'' സിസ്റ്റര്‍ എന്നോട്‌ പറഞ്ഞു. സിസ്റ്റര്‍ മുന്നോട്ട്‌ പോവുകയായിരുന്നു. ഞാനും മുന്നോട്ട്‌ പോകാനൊരുങ്ങി. പക്ഷേ ആ കുഞ്ഞു കൈ എന്റെ വിരലില്‍ മുറുകെ പിടിച്ചിരുന്നു. നിര്‍ത്താതെ കാലിട്ടടിച്ച്‌ ചിരിക്കുന്നു. അപ്പോഴാണ്‌ ഞാനറിഞ്ഞിരുന്നത്‌ ശരിക്കും ആ പിടുത്തം എന്റെ ഹൃദയത്തിലാണെന്ന്‌. യു.പിയുടെ അവസ്ഥ കുറച്ചൊക്കെ മനസ്സിലാക്കിയിരുന്ന ഞാന്‍ അവരുടെ അമ്മമാരെ ഒരിക്കലും ശപിച്ചില്ല. എല്ലായ്‌പ്പോഴും ആ നിഷ്‌കളങ്കമായ പുഞ്ചിരി എന്റെ മനസ്സിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു.
കാമ്പസില്‍ നിന്ന്‌ കുറച്ച്‌ ദൂരം നടന്നാല്‍ മാത്രമേ സര്‍സയ്യിദ്‌ നഗറില്‍ എത്താന്‍ പറ്റൂ. പകല്‍ സമയങ്ങളില്‍ പൊതു സമൂഹം റോഡുകള്‍ മുഴുവന്‍ അവരുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്‌ കാണാം. എന്നാല്‍ രാത്രി രണ്ടു വിഭാഗത്തില്‍ പെട്ടവരെ മാത്രമേ റോഡുകളില്‍ കാണാന്‍ കഴിയൂ. തെരുവു പട്ടികളും കുറെ അമ്മമാരും കുട്ടികളും. അച്ഛന്‍മാരാരെയും കാണാന്‍ കഴിഞ്ഞില്ല. കുട്ടികള്‍ ഇടക്ക്‌ ഉറക്കെ കരയുമ്പോള്‍ അമ്മമാര്‍ വാ പൊത്തി നല്ല അടി വെച്ചു കൊടുക്കുന്നു. ഒറ്റ അടിയില്‍ തന്നെ ആ പൈതങ്ങള്‍ കരച്ചില്‍ നിര്‍ത്തുന്നുണ്ട്‌.അവര്‍ ആര്‍ക്കൊക്കെയോ വേണ്ടി സഹിച്ച്‌ ജീവിക്കുകയാണ്‌. യജമാനന്‌ കാവല്‍ നില്‍ക്കുന്ന നാട്ടിന്‍ പുറങ്ങളിലെ പട്ടികള്‍ക്ക്‌ പൊതുവെ പകലുറക്കവും രാത്രി ജോലിയുമാണ്‌. എന്നാല്‍ രാത്രികളില്‍ അലീഗഡിന്റെ വഴിയോരങ്ങളില്‍ സുഖ നിദ്രയിലായിരിക്കും ഈ വി.ഐ.പികള്‍. ഇവരുടെ ശരീരത്തിന്റെ ഒരു ഭാഗത്ത്‌ പോലും അറിയാതെ ഒന്നു ചവിട്ടാന്‍ നിവാസികള്‍ ഭയക്കും. അത്രക്ക്‌ പ്രതികരണശേഷി കൂടിയവരാണ്‌ അക്കൂട്ടര്‍. വര്‍ഷം ഒന്ന്‌ തികയാറായപ്പോഴേക്കും സിലബസ്സിന്‌ പുറത്തായിരുന്നു എന്റെ മനസ്സു മുഴുവന്‍. ആ കലാലയം ഒരു നിമിത്തമായി പുരാതന ഉത്തരേന്ത്യന്‍ നഗരം എന്നെ ഓരോ പാഠങ്ങള്‍ പഠിപ്പിച്ച്‌ കൊണ്ടിരിക്കയായിരുന്നു. എത്ര ആശയോടും പ്രതീക്ഷയോടും കൂടിയാണോ ഞാന്‍ എ.എം.യുവില്‍ പ്രവേശനം നേടിയത്‌ അതിന്റെ ഒരു അണുപോലും വേണ്ടിയിരുന്നില്ല ആ കലാലയ മുറ്റത്ത്‌ നിന്ന്‌ ടി.സി തിരിച്ചു വാങ്ങിക്കാന്‍.
തണുപ്പില്‍ കിടക്കയെ പുതപ്പാക്കി ഞാനും സൂബൈര്‍ക്കയും അന്തിയുറങ്ങി. കാലത്ത്‌ നേരത്തെ മഞ്ഞുമൂടിയ അലിഗറിന്റെ കാമ്പസില്‍ നിന്നും സുബൈര്‍ക്കയുടെ കയ്യും പിടിച്ച്‌ മറുകയ്യില്‍ എ.എം.യുവിന്റെ ഡിഗ്രിയെന്ന പാഴ്‌സ്വപ്‌നം കുത്തിനിറച്ച നീല ബേഗുമായി പഴയതുപോലെ ചുങ്കിയില്‍ ചെന്ന്‌ റിക്ഷക്കാരനെ വിളിച്ചു. മെലിഞ്ഞുണങ്ങിയ ശരീരമുള്ള ആരുടെയൊക്കെയോ മുത്തശ്ശനായ അയാള്‍ ഒരു പുഞ്ചിരി സമ്മാനിച്ച്‌ ഞങ്ങളെയും ചുമന്ന്‌ അലിഗര്‍ ബസാറിനെ ലക്ഷ്യമാക്കി റിക്ഷ ആഞ്ഞു ചവിട്ടി. ഉണരാതെ കിടക്കുന്ന കാമ്പസിന്റെ ഓരങ്ങളില്‍ കൂടി മഞ്ഞുപാളികളെ മെല്ലെ മുറിച്ചുകൊണ്ട്‌ ഞങ്ങള്‍ മൂവരും മുന്നോട്ട്‌ നീങ്ങി. വിലപേശലില്ലാതെ അയാള്‍ കൊടുത്ത കാശ്‌ വാങ്ങി അടുത്ത കുറെ റിക്ഷകൂട്ടത്തിലേക്ക്‌ തിരക്കിക്കയറി. കുറച്ച്‌ നേരത്തെ യാത്രക്ക്‌ ശേഷം ഞങ്ങള്‍ മഥുര റയില്‍വേസ്റ്റേഷനിലെത്തി. നിസാമുദ്ദീനില്‍ നിന്നും എറണാകുളത്തേക്ക്‌ പോകുന്ന 2618-ാം നമ്പര്‍ മംഗള എക്‌സ്‌പ്രസ്‌ ഫ്‌ളാറ്റ്‌ ഫോം നമ്പര്‍ ഒന്നില്‍ വന്നു നിന്നു. സുബൈര്‍ ബായിക്ക്‌ ഒരു സലാം കൊടുത്ത്‌ ഞാന്‍ എന്റെ സീറ്റ്‌ തിരക്കി. ജനല്‍പാളികളിലൂടെ നോക്കുമ്പോള്‍ (ബ്രൗണ്‍ കോട്ടണിഞ്ഞ എന്റെ സുബൈര്‍ ഭായ്‌ നടന്നു മറയുകയായിരുന്നു. ട്രെയിന്‍ മെല്ലെനീങ്ങി തുടങ്ങിയപ്പോള്‍ പഴയ റിക്ഷക്കാരുടെയും കാന്റീനിലെ ഛോട്ടൂമാരുടെയും, വഴിക്കരികില്‍ അന്തിയുറങ്ങുന്ന അമ്മമാരുടെയും, ട്രസ്റ്റിലെ എന്റെ കൈ പിടിച്ച ആ പൈതലിന്റെയും മുഖങ്ങള്‍ തെളിഞ്ഞു കൊണ്ടേയിരുന്നു.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top