`സമാധാന ജീവിതം ആഗ്രഹിക്കുന്നുവെങ്കില്‍...'

ഇന്‍സാഫ്‌

സി.എം. മുസ്‌തഫ ഹാജി ചേലേമ്പ്ര എഴുതിയ മാപ്പിള ഖലാസി കഥപറയുന്നു എന്ന പുസ്‌തകം വായിച്ചുതീര്‍ക്കാന്‍ ഇത്തവണത്തെ ഈദ്‌-ഓണം അവധി ദിനങ്ങള്‍ പ്രയോജനപ്പെടുത്തി. കോഴിക്കോട്ടെ പ്രതീക്ഷ ബുക്‌സ്‌ പ്രസാധനം ചെയ്‌ത്‌, ഇസ്‌ലാമിക്‌ പബ്ലിഷിങ്‌ ഹൗസ്‌ വിതരണം ചെയ്യുന്ന 463 പുറങ്ങളുള്ള ഈ ബൃഹദ്‌ ഗ്രന്‌ഥം അധ്വാനത്തിന്‍െറ ഇതിഹാസം രചിച്ച ഖലാസികളുടെ പൊള്ളുന്ന ജീവിതാനുഭവങ്ങളുടെ നേര്‍കാഴ്‌ചയാണ്‌ അനുവാചകര്‍ക്ക്‌ സമ്മാനിക്കുന്നത്‌. ഭാവനയുടെയോ അതിശയോക്‌തിയുടെയോ ചമല്‍ക്കാരങ്ങളുടെയോ ചേരുവകളില്ലാതെ, ഗ്രന്ഥ രചനയുടെ എന്നല്ല സാമാന്യ പത്രറിപ്പോര്‍ട്ടിന്‍െറ പോലും മുന്‍പരിചയം അവകാശപ്പെടാനില്ലാത്ത ഒരു മൂന്നാം ക്ലാസ്സുകാരന്‍ ദര്‍സ്‌ വിദ്യാര്‍ഥി, അചഞ്ചലമായ ദൈവവിശ്വാസവും ആത്‌മധൈര്യവും മനക്കരുത്തും മൂലധനമാക്കി കായികാധ്വാനത്തിന്‍െറ ഭൂമികയില്‍ നിലയുറപ്പിച്ച്‌ നടത്തിയ സാഹസിക യത്‌നങ്ങളുടെ രോമാഞ്ചജനകമായ അനുഭവ വിവരണമാണ്‌ ഗ്രന്‌ഥത്തിന്‍െറ ഉള്ളടക്കം. അതോടൊപ്പം സ്വന്തം ജീവിതം പച്ചയായി പറയുന്നു എന്ന സവിശേഷത മുസ്‌തഫ ഹാജിയുടെ കൃതിയെ വേറിട്ട ഒരു വായനാനുഭവമാക്കി മാറ്റുന്നു.
പുസ്‌തകത്തെ പരിചയപ്പെടുത്തുകയോ ഗ്രന്‌ഥ നിരൂപണം നടത്തുകയോ അല്ല ഈ കുറിപ്പിന്‍െറ ഉദ്ദേശ്യം. അതിലെ ഒരു പരാമര്‍ശത്തിലേക്ക്‌ വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുക മാത്രമാണ്‌. മൗലാനാ സി.എം. അബ്‌ദുറഹ്‌മാന്‍ ഹാജി എന്ന പ്രമുഖ മതപണ്ഡിതന്‍െറ രണ്ടാമത്തെ ഭാര്യയിലെ മൂത്ത സന്തതിയാണ്‌ മുസ്‌തഫ ഹാജി. ഒരനാഥ യുവതിയെ രണ്ടാം ഭാര്യയായി സ്വീകരിച്ചതിലൂടെ ഏറെ പുണ്യകരമായ കാര്യമാണ്‌ ആ മതപണ്ഡിതന്‍ ചെയ്‌തതെന്ന്‌ പറയാം. മുസ്‌തഫ ഹാജിയാകട്ടെ തന്‍െറ പിതാവിനെക്കുറിച്ച്‌ അത്യന്തം സ്‌നേഹാദരവുകളോടെയാണ്‌ പുസ്‌തകത്തിലുടനീളം പരാമര്‍ശിക്കുന്നതും. പക്ഷേ, സനാഥനായിട്ടും അന്യതാബോധത്തിന്‍െറ തീവ്രദുഃഖങ്ങള്‍ പേറേണ്ടിവന്ന ഒരു മകന്‍െറ മനോവ്യഥകള്‍ ഈ കഥാകഥനത്തില്‍ വായിച്ചെടുക്കാം. ``മാന്യമായി സമാധാനത്തില്‍ ജീവിക്കണമെന്നാഗ്രഹിക്കുന്നവര്‍ ആരും രണ്ട്‌ വിവാഹം കഴിക്കരുത്‌. എത്ര സാമ്പത്തിക ശേഷിയുണ്ടെങ്കിലും ഒരേസമയം രണ്ടോ അതിലധികമോ ഭാര്യമാരെ വിവാഹം കഴിക്കുന്നതും അതില്‍ സന്താനങ്ങളുണ്ടായാല്‍ ഉണ്ടാവുന്ന വിഷമതകളും ഞാന്‍ അനുഭവത്തില്‍നിന്ന്‌ പഠിച്ചതാണ്‌. കൊച്ചുകുട്ടിയായിരിക്കെ ഉണ്ടായ വെറുപ്പുതോന്നുന്ന അനുഭവങ്ങള്‍ മരിച്ചാല്‍ മാത്രമേ മറക്കാന്‍ കഴിയൂ. നാടുവിടാനുള്ള കാരണം തന്നെ അതാണല്ലോ.'' (പുറം: 296).
ബഹുഭാര്യത്വം എക്കാലത്തും നമ്മുടെ സമൂഹത്തിലെ ചൂടേറിയ വിവാദങ്ങള്‍ക്ക്‌ വഴിമരുന്നിട്ടിട്ടുണ്ട്‌. അത്‌ തനി പ്രാകൃതാചാരമായും സ്‌ത്രീകളുടെ മനുഷ്യാവകാശ നിഷേധമായും മതേതരവാദികളും മതനിഷേധികളും ചിത്രീകരിക്കുമ്പോള്‍ മുസ്‌ലിം സമുദായം മൂന്നും നാലും കെട്ടി അവരിലൊക്കെയും സന്താനോല്‍പാദനം നടത്തി ക്രമത്തില്‍ ഇന്ത്യ മുസ്‌ലിം രാജ്യമാക്കി മാറ്റും എന്നാണ്‌ ഹിന്ദുത്വവാദികളുടെ കൊണ്ടുപിടിച്ച പ്രചാരണം. ഈ ഭീഷണിയെ നേരിടാന്‍ അധികം പ്രസവിക്കുന്ന ഹിന്ദു മാതാക്കള്‍ക്ക്‌ പാരിതോഷികം വരെ പ്രഖ്യാപിച്ചിരുന്നു വി.എച്ച്‌.പി. അവരുടെ ഉന്മാദം ആരെങ്കിലും പങ്കുവെച്ചോ എന്നറിഞ്ഞുകൂടാ. മൂന്നാമതൊരു വശത്ത്‌, ഖുര്‍ആന്‍ തന്നെ അനാഥ സംരക്ഷണത്തിന്‌ മാത്രമായി നല്‍കിയ ഒരനുവാദമായിരുന്നു ബഹുഭാര്യത്വമെന്നും ആ ആവശ്യം നിലവിലില്ലെന്നും ചില മുസ്‌ലിം ബുദ്ധിജീവികളും ചൂണ്ടിക്കാണിക്കാറുണ്ട്‌. ഇതിനൊക്കെയും മറുപടിയായി അവശ്യ സാഹചര്യങ്ങളില്‍ ഇസ്‌ലാം അനുവദിച്ച ഒരിളവാണ്‌ ബഹുഭാര്യത്വമെന്നും ആ ഇളവ്‌ ഉപയോഗപ്പെടുത്തിയവര്‍ ബഹുഭാര്യത്വം നിരോധിതമായ സമുദായങ്ങളിലെ ബഹുഭാര്യത്വം കൊണ്ടുനടക്കുന്ന പുരുഷന്മാരേക്കാള്‍ കുറവാണെന്നും സ്‌ഥിതിവിവരക്കണക്കുകളുടെ പിന്‍ബലത്തോടെ ചൂണ്ടിക്കാട്ടാറുമുണ്ട്‌. ഏകഭാര്യത്വം പോലെ ബഹുഭാര്യത്വവും ഇസ്‌ലാം നിരുപാധികമായി അനുവദിച്ചതാണെന്നും സ്‌ത്രീധന വിവാഹത്തിനും മറ്റും അത്‌ പ്രതിവിധിയാണെന്നും വാദിക്കുന്ന മതപണ്ഡിതന്മാരും ഇല്ലാതില്ല.
ഈ ചര്‍ച്ചയിലേക്കൊന്നും കടന്നുകയറുകയല്ല ഇവിടെ. ആദ്യ ഭാര്യ ജീവിച്ചിരിക്കെ രണ്ടാമതൊരു സ്‌ത്രീയെ കല്യാണം കഴിച്ചവരുടെ കുടുംബങ്ങളില്‍ അതുമൂലം ഉണ്ടാവുന്ന അസമാധാനവും ആഭ്യന്തര സംഘര്‍ഷങ്ങളും ചിലപ്പോള്‍ ശാരീരികമായ ഏറ്റുമുട്ടലുകളോളം എത്തുന്ന അനിഷ്ടസംഭവങ്ങളും ഒറ്റപ്പെട്ടതല്ല എന്ന്‌ തെളിയിക്കുന്നതാണ്‌ മുസ്‌തഫ ഹാജിയുടെ അനുഭവം. ദൈവം വിവാഹം നിയമമാക്കിയത്‌ തന്നെ സ്‌നേഹവും കാരുണ്യവും പരസ്‌പരം പങ്കുവെക്കാനാണെന്ന്‌ ഖുര്‍ആന്‍ വ്യക്‌തമാക്കുന്നു. ഒരു ഭാര്യക്ക്‌ ഒരു ഭര്‍ത്താവ്‌, ഒരു ഭര്‍ത്താവിന്‌ ഒരു ഭാര്യ. രണ്ടുപേര്‍ക്കുമായി സന്തതികള്‍. ദാരിദ്ര്യവും സമ്പന്നതയും അവര്‍ ഒരുപോലെ പങ്കുവെക്കുന്ന സ്‌നേഹോഷ്‌മളമായ കുടുംബാന്തരീക്ഷം -ഇതാണ്‌ സ്വാഭാവിക ഘടന. ദാമ്പത്യജീവിതത്തിലെ അസ്വാരസ്യങ്ങള്‍ ഇല്ലാതാക്കാന്‍ ഒട്ടേറെ നടപടികള്‍ നിര്‍ദേശിച്ച ഇസ്‌ലാം വിവാഹമോചനം പരമാവധി ഒഴിവാക്കേണ്ട തിന്മയായിത്തന്നെ കാണുന്നു. ദൈവം അനുവദിച്ച കാര്യങ്ങളില്‍ തന്നെ അവനേറ്റവും ക്രോധകരമായത്‌ എന്നാണല്ലോ ത്വലാഖിനെ പ്രവാചകന്‍ വിശേഷിപ്പിച്ചത്‌. ഹൃദ്യമായ ദാമ്പത്യബന്ധം നിലനില്‍ക്കണമെങ്കിലും മക്കള്‍ക്കിടയില്‍ പിണക്കവും കാലുഷ്യവും അസൂയയും ഇല്ലാതിരിക്കണമെങ്കിലും, അനുപേക്ഷ്യ ഘട്ടങ്ങളിലൊഴികെ ബഹുഭാര്യത്വം ഒഴിവാക്കുന്നത്‌ തന്നെയാണ്‌ ഉചിതം. അത്‌ അപൂര്‍വ ഘട്ടങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ക്ക്‌ പ്രതിവിധിയാവാം. എന്നാല്‍, ആ സാഹചര്യങ്ങളെ സാമാന്യവത്‌കരിക്കാനുള്ള ന്യായങ്ങള്‍ ദുര്‍ബലവും ഇസ്‌ലാമിന്‍െറ അടിസ്‌ഥാന കുടുംബ സങ്കല്‍പത്തിന്‌ നിരക്കാത്തതുമാണ്‌. പ്രവാചക(സ)ന്‌ ഒരേയവസരത്തില്‍ ഒമ്പത്‌ ഭാര്യമാര്‍ ഉണ്ടായിരുന്നു എന്നത്‌ ചരിത്രസത്യം. പക്ഷേ, അവരില്‍ ഒരാള്‍ക്കും നബിയില്‍നിന്ന്‌ സന്താനം ഉണ്ടായിരുന്നില്ലെന്നതും വിസ്‌മരിക്കേണ്ടതില്ലാത്ത ചരിത്രം തന്നെ.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top