ജനമനസ്സുകളിലെ സുല്‍ത്താനോടൊപ്പം

കെ.കെ ശ്രീദേവി No image

1983, വൈലാലില്‍ വീട്ടിലെ ഒരു ഉച്ച സമയം. തീന്മേശയില്‍ ഇന്ത്യന്‍, കോണ്ടിനെന്റല്‍ അറേബ്യന്‍ ഡിഷുകള്‍. ശ്രീ. വൈക്കം മുഹമ്മദ് ബഷീറെന്ന വിശ്വവിഖ്യാതനായ കഥാകാരന്റെ ആതിഥേയത്വം സ്വീകരിക്കുകയായിരുന്നു ഞങ്ങള്‍. എന്നോടൊപ്പം എന്റെ സഹോദരന്‍, സഹോദരി, സഹോദരിയുടെ ഭര്‍ത്താവ്, അവരുടെ രണ്ട് മക്കള്‍, പിന്നെയെന്റെ സുഹൃത്തും സഹോദരിയും. സ്വാദിഷ്ടമായ വിഭവങ്ങള്‍ക്ക് മുമ്പിലിരിക്കുമ്പോഴും ഞാനോര്‍ത്തത് അദ്ദേഹത്തെ ഇഞ്ചിഞ്ചായി പീഡിപ്പിച്ചിരുന്ന കേരളത്തിലെ ഒരു ബുദ്ധിജീവിക്കൂട്ടായ്മയെക്കുറിച്ചായിരുന്നു. അത്തരം ചിന്തകള്‍ മറ്റാരുമായും പങ്കുവെക്കാനാവില്ല എന്നതുകൊണ്ടുതന്നെ ഞാന്‍ നിശ്ശബ്ദയായിരുന്നു. ആരായിരുന്നു കേരളത്തിന് ശ്രീ. ബഷീര്‍? അദ്ദേഹം കേരളത്തിന്റെ പൊതുസ്വത്തായിരുന്നുവെന്ന് ആരാധകര്‍.
ജീവിതത്തിന്റെ ദുരന്തങ്ങളിലൂടെ സഞ്ചരിച്ച അദ്ദേഹം എന്നും ഒരു സാധാരണക്കാരനായിരുന്നു. അക്കാദമി അവാര്‍ഡുകളും താമ്രപത്രങ്ങളും പൊന്നാടകളും സ്വര്‍ണ മെഡലും പത്മശ്രീയും ശ്രീ. ബഷീറിന്റെ വ്യക്തിത്വത്തെ സ്പര്‍ശിച്ചിട്ടേയില്ല.
'ബുദ്ധിജീവി' എന്ന ലേബലില്ലാത്തതുകൊണ്ട് അദ്ദേഹത്തിന് പരമസുഖമാണ്. എന്തിനെക്കുറിച്ചും പറയാം. സാധാരണക്കാരെപ്പോലെ വിലക്കയറ്റത്തെക്കുറിച്ചും കഥയെഴുതിക്കിട്ടുന്ന പണത്തെക്കുറിച്ചും ഭരണകക്ഷിയുടെ പൊള്ളത്തരങ്ങളെക്കുറിച്ചും പറയാം. മുഖംമൂടിയില്ലാത്തതായിരിക്കുമോ ശ്രീ. വൈക്കം മുഹമ്മദ് ബഷീറിന്റെ ശക്തി?
'ഡും!'  പാത്തുമ്മയുടെ ആട് പെറ്റു!
ഉച്ചക്കാണെന്ന് തോന്നുന്നു ശുഭമുഹൂര്‍ത്തം. കുറേശ്ശെ ചാറ്റല്‍ മഴയുണ്ട്. വൃത്താന്തം കേട്ട ഉടനെ എനിക്ക് പരിഭ്രമമായി. പലേ അപകടവും വരാമല്ലോ. പ്രസവത്തില്‍ മരിച്ച പല സംഭവങ്ങളും ഓര്‍മയില്‍ വന്നു. എനിക്ക് വല്ലാത്ത വിഷമമായി. ഉമ്മയെ ഒരു നൂറുകുറി വിളിച്ചു.
'അതിന്റെ അടുത്തുതന്നെ ഉമ്മാ നില്‍ക്കണേ!' എന്ന് ഞാന്‍ അപേക്ഷിച്ചു. ഉമ്മ ഒന്നും പറഞ്ഞില്ല. എനിക്ക് പരിഭ്രമം അധികമായി. എന്താണ് സംഭവിക്കാന്‍ പോകുന്നത്? അവിടെ ചെന്നൊന്ന് നോക്കിയാലോ? പക്ഷേ, അതിനുള്ള ചങ്കുറപ്പുണ്ടായില്ല. എങ്കിലും ഞാന്‍ ഒന്ന് എത്തിനോക്കി. ആടിനെ മാത്രം കണ്ടില്ല. ഒരു ജനക്കൂട്ടത്തെയാണ് കണ്ടത്. ഉമ്മ, രണ്ട് ആനുമ്മമാര്‍, ഐശാമ്മ, പാത്തുക്കുട്ടി, അബി, ആരിഫ, സൈദുമുഹമ്മദ്, റഷീദ്, സുബൈദ. ഇവരെക്കൂടാതെ അയല്‍പക്കത്തെ പെണ്ണുങ്ങളും. വലിയ ആഘോഷം മാതിരിയാണ്. എല്ലാവര്‍ക്കും സന്തോഷം തന്നെ.
ആര്‍ക്കും ഉല്‍ക്കണ്ഠ തോന്നാത്തതെന്ത്? ഞാന്‍ ഉമ്മായെ വിളിച്ച് ചോദിച്ചു: 'പാത്തുമ്മാക്ക് ആളയച്ചോ?' പാത്തുമ്മായാണല്ലോ അവിടെ ഉണ്ടാവേണ്ട പ്രധാനപ്പെട്ട ആള്‍. പക്ഷേ പാത്തുമ്മാക്ക് ആളയച്ചിട്ടില്ല! ഉമ്മാക്കും മറ്റ് പെണ്ണുങ്ങള്‍ക്കും ഒരു 'ശൂ' എന്ന മട്ട്. അപ്പോഴാണ് തോന്നിയത് അവര്‍ക്കാര്‍ക്കും ഇതൊന്നും വലിയ കാര്യമല്ല. അവരൊക്കെ ആളാംവീതം പെറ്റവരാണ്. ഉമ്മായാണെങ്കില്‍ കുറേ പെറ്റു. ഉമ്മായുടെ മക്കളായ പാത്തുമ്മയും ആനുമ്മയും പെറ്റവരാണ്. ഉമ്മായുടെ മക്കളുടെ ഭാര്യമാരായ ആനുമ്മായും ഐശോമ്മയും പെറ്റവരുതന്നെ. ഈ പ്രസവമൊക്കെ കേട്ടാല്‍ അവര്‍ക്കൊരു വാര്‍ത്തയേയല്ല! എവിടെയെങ്കിലും പെറ്റെന്നു കേട്ടാല്‍ 'കൊച്ചാണോ പെണ്ണോ?' എന്നൊരൊഴുക്കന്‍ ചോദ്യമേ അവരില്‍നിന്ന് പുറപ്പെടൂ!
പക്ഷേ, ഇതൊന്നും പരിചയമില്ലാത്ത ഞാന്‍ ശകലം അന്ധാളിക്കതന്നെ ചെയ്തു.''
ഇത്രയും നല്ലൊരു ചിത്രം മലയാളത്തിലെ മറ്റേത് സാഹിത്യകാരനാണ് വരയ്ക്കാനാവുക? കൃത്രിമത്വം തൊട്ടുതീണ്ടാത്ത സംഭാഷണ ശകലങ്ങള്‍. തികഞ്ഞ ലാളിത്യം, ഒറിജിനാലിറ്റി എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്. തിന്മേശക്കരികിലിരുന്ന്, അറേബ്യന്‍ ഡിഷിന്റെ ചേരുവ എന്റെ സഹോദരനോട് അദ്ദേഹം വിശദീകരിക്കുമ്പോള്‍, ഞാനോര്‍ത്തു.
'പാത്തുമ്മായുടെ ആട്' ഒരു തമാശക്കഥയെന്ന് പറഞ്ഞ് ഒഴിഞ്ഞുപോകാന്‍ ഒരു വായനക്കാരനുമാകാത്തത്, പൊള്ളിക്കുന്ന സത്യത്തിലൂടെ, ജീവിതയാഥാര്‍ഥ്യങ്ങളിലൂടെ കണ്ണുനിറക്കുന്ന ഒരു ചിരിയുമായി എഴുത്തുകാരന്‍ നമ്മെ നയിച്ചതുകൊണ്ടല്ലേ?
ഒരു ബീഡി കത്തിച്ച് ചാരുകസേരയില്‍ ചാരി അദ്ദേഹം പറഞ്ഞു: 'ഞാനെഴുതിയത് മുഴുവന്‍ ഞാന്‍ അനുഭവിച്ചതോ ഞാന്‍ കണ്ടതോ ആയ സത്യങ്ങളെക്കുറിച്ചാണ്. 'ബാല്യകാലസഖി' തൊണ്ണൂറു ശതമാനവും എന്റെതന്നെ അനുഭവമാണ്.
'പാത്തുമ്മായുടെ ആടി'ന്റെ മുഖവുരയില്‍ അദ്ദേഹം എഴുതുന്നു: ''പാത്തുമ്മായുടെ ആട് ചുമ്മാ ഒരു കഥയല്ല. ഇതിലെ കഥാപാത്രങ്ങളെല്ലാം ഈശ്വരാനുഗ്രഹത്താല്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു. ഇതെഴുതിയിട്ട് അഞ്ച് വര്‍ഷമായെന്ന് ഞാന്‍ മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ. പുത്തന്‍ കഥാപാത്രങ്ങള്‍ പലതും ഉണ്ടായിട്ടുണ്ട്. ഇതെന്റെ വീട്ടിലെ കഥയാണെന്നോര്‍ക്കണം. കഥയെഴുതുമ്പോള്‍ ഈ മുഖവുരയിലുള്ള ചില സംഗതികള്‍ ഞാന്‍ കരുതിക്കൂട്ടി വിടുകയാണ് ചെയ്തത്. അതോര്‍മിപ്പിച്ചുകൊണ്ട് 'പാത്തുമ്മായുടെ ആടി'നെ ഞാന്‍ കൂടു തുറന്ന് നിങ്ങളുടെ അടുത്തേക്ക് വിടുകയാണ്.''

******

വൃക്ഷങ്ങള്‍ നിറഞ്ഞ രണ്ടേക്കര്‍ പറമ്പിന്റെ നടുവില്‍ ഒരിടത്തരം വീട് -'വൈലാലില്‍ വീട്.' കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍. ഈ പറമ്പില്‍ എല്ലാമുണ്ട് -പക്ഷിയും പാമ്പും ചേരയും കരിന്തേളും കുറുക്കനും കോഴിയും- എല്ലാം. നിനച്ചിരിക്കാതെ കടന്നുവരുന്ന ഒരതിഥിയെ കാണുമ്പോള്‍ പിറുപിറുക്കുന്ന ഒരു വീട്ടമ്മയില്‍നിന്നും വളരെ വളരെ അകലെയാണ് ബഷീറിന്റെ രാജകുമാരി -ഫാബി ബഷീര്‍. മകള്‍ ഷാഹിനയും മകന്‍ അനീസ് ബഷീറും എന്തിന് മകളുടെ മകന്‍ മുല്ലു ഹബീബ്‌പോലും എത്ര സിമ്പിളാണ്- തീന്മേശയിലിരുന്ന് ഞാനോര്‍ത്തു.
കഥാകാരനായ ടി. പത്മനാഭന്‍ അവാര്‍ഡ് നിരസിച്ചതിന്റെ കോലാഹലം നടക്കുന്ന കാലം. ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു: 'സര്‍, എന്ത് തോന്നുന്നു അവാര്‍ഡുകളെക്കുറിച്ച്?'
'അക്കാദമി അവാര്‍ഡുകളില്‍ എന്തെങ്കിലും പക്ഷപാതം നടക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല. അവാര്‍ഡ്കമ്മിറ്റിയില്‍ ഞാനും അംഗമായി ഇരുന്നിട്ടുണ്ട്. എന്നെയാരും അവാര്‍ഡിനായി സമീപിച്ചിട്ടില്ലതാനും.' 'ജീവിതത്തെ നേരിടുകയാണ് വേണ്ടത്. അനുഭവങ്ങളാണ് വേണ്ടത്. അല്ലാതെ അനുഭവിക്കാത്തത് അനുഭവിച്ചു എന്ന് ഭാവിക്കലല്ല. ജീവിതത്തിന്റെ പ്രവാഹത്തിനെതിരായി നില്‍ക്കുന്നതെല്ലാം തെറ്റാണ്.'
ആധുനിക കവിതയെക്കുറിച്ചും തനതു ചിന്തകള്‍ മറച്ചുവെക്കാന്‍ അദ്ദേഹം മടിച്ചില്ല. അത്യന്താധുനികം എന്ന് പറയാന്‍ യാതൊന്നും ലോകത്തിലില്ല. ഏറ്റവും നല്ല ആധുനിക കവിത ഏതാണെന്നറിയാമോ? 'ന്റുപ്പാപ്പയ്‌ക്കൊരാനയുണ്ടാര്‍ന്നതിലെ നിസാര്‍ അഹമ്മദ് എഴുതിയ കവിത.'
എന്താണ് കവിതയുടെ അര്‍ഥം?
'അര്‍ഥമില്ല.'
ഭാരതം മുഴുവന്‍ സഞ്ചരിച്ചിട്ടുള്ള അദ്ദേഹത്തിന്റെ കഥകള്‍ മോഷണങ്ങളായിരുന്നില്ല. എന്നിട്ടും മലയാളമനസ്സിന്റെ അസൂയ അദ്ദേഹത്തെ കഥയുടെ മോഷ്ടാവായി അവതരിപ്പിക്കാനും മടിച്ചില്ല. വിമര്‍ശനങ്ങളെ അവഗണിച്ചിരുന്ന അദ്ദേഹം തന്നെ മുതലെടുക്കാന്‍ വരുന്നവരാണെന്നറിഞ്ഞിട്ടു കൂടി ചില സാഹിത്യകാരന്മാരുടെ പ്രസിദ്ധീകരണശാലയുടെ പ്രഥമസംരംഭത്തിന് തന്റെയൊരു കഥ കൊടുത്തു. അദ്ദേഹം എഴുതിയ കഥക്ക് -തങ്ങളുടേതായ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും വഴി- മറ്റൊരു മാനം നല്‍കാനാണ് കോഴിക്കോട്ടെ 'കോക്കസ്' പ്രവര്‍ത്തിച്ചത്.
'ഞാന്‍ കാലുപിടിച്ച് പറയുന്നതുപോലെ കേണു- ദയവുചെയ്ത് അനുരാഗത്തിന്റെ ദിനങ്ങള്‍ എന്ന് നിങ്ങള്‍ പേരിടാനുദ്ദേശിക്കുന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കരുതെന്ന്' - ഫാബിച്ചേച്ചി പറയുകയുണ്ടായി. പ്രത്യേകിച്ചും ഷാഹിനയുടെ ഭര്‍ത്താവിന്റെ മരണം സൃഷ്ടിച്ച ആഘാതത്തില്‍നിന്നും ശ്രീ വൈക്കം മുഹമ്മദ് ബഷീര്‍ മുക്തനായിരുന്നില്ല. അങ്ങനെയിരിക്കെ അദ്ദേഹത്തിന്റെ സ്വതഃസിദ്ധമായ ശൈലിയില്‍നിന്നും ഒരു വഴിമാറിനടത്തം അദ്ദേഹത്തെ സ്‌നേഹിക്കുന്ന ജനങ്ങള്‍ ഇഷ്ടപ്പെടുകയില്ല. എന്നാല്‍ ഈ യാഥാര്‍ഥ്യത്തേക്കാളുപരി തങ്ങളുടെ പ്രസിദ്ധീകരണശാലയുടെ പ്രഥമ സംരംഭത്തിന്റെ പ്രശസ്തിയായിരുന്നു കോഴിക്കോട്ടെ 'കോക്കസി'ന്റെ ലക്ഷ്യം. 'അനുരാഗത്തിന്റെ ദിനങ്ങളി' ലെ നായിക, വാസ്തവത്തില്‍ ശ്രീ. ബഷീറിന്റെ കാമുകിയായിരുന്നില്ല. അദ്ദേഹത്തിന്റെ ആരാധികമാരില്‍ ഒരാള്‍ മാത്രം. ചലച്ചിത്രതാരങ്ങളെപ്പോലെയുള്ള ഫാന്‍സ് ക്ലബ്ബുകള്‍ ശ്രീ. ബഷീറിന്റെ യശസ്സുയര്‍ത്താനുണ്ടായിരുന്നില്ല. എന്നാല്‍ ജനമനസ്സില്‍ മറ്റാരേക്കാളും സ്ഥാനം അദ്ദേഹത്തിനുണ്ടായിരുന്നു. പണ്ഡിതനും പാമരനും ദരിദ്രനും ധനവാനും അദ്ദേഹത്തിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ ക്യൂനില്‍ക്കുന്നത് ഇരുപത്തിയാറുവര്‍ഷം മുമ്പുള്ള ഒരു ജൂലൈ 5-ന് ഈയുള്ളവള്‍ കണ്ടു. ക്യൂവില്‍ മണിക്കൂറുകളോളം കാത്തു നില്‍ക്കാന്‍ പ്രസിദ്ധനായ യു.ആര്‍ അനന്തമൂര്‍ത്തിക്കും അന്നത്തെ കോഴിക്കോട് ജില്ലാ കളക്ടര്‍ ശ്രീ. അമിതാബ് കാന്തിനും മടിയുണ്ടായില്ല. ശ്രീ. എം.എന്‍ വിജയന്‍ തലകുനിച്ച് ദുഃഖം ഘനീഭവിച്ച മുഖവുമായി നടന്നു നീങ്ങി.
ഫാബിച്ചേച്ചിയെ നേരിട്ട് കണ്ട് ദുഃഖത്തില്‍ പങ്കുചേരാന്‍ തുനിഞ്ഞത് ശ്രീ. അബ്ദുസ്സമദ് സമദാനിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ശ്രീ. അക്ബര്‍ കക്കട്ടിലും മാത്രം. ഫാബിച്ചേച്ചിയുടെ കട്ടിലിനരികിലിരിക്കെ ഞാനോര്‍ത്തു- ഒരുപക്ഷേ ബഷീറെന്ന മഹദ് വ്യക്തിയുടെ ശിപാര്‍ശയില്‍ വളര്‍ന്ന കോഴിക്കോട്ടെ പ്രമുഖരോ അവരുടെ ഭാര്യമാരോ ഫാബിച്ചേച്ചിയെ ആശ്വസിപ്പിക്കാന്‍ സമയം കണ്ടെത്തിയില്ല. ജീവിച്ചിരിക്കുമ്പോള്‍ പരമാവധി വേദനിപ്പിച്ചതിന്റെ കുറ്റബോധം വേട്ടയാടിയതുകൊണ്ടാവണം അവര്‍ മാറിനിന്നത്.
1986 നവംബര്‍ 19, സ്ഥലം പ്രസ് ക്ലബ്ബ് തിരുവനന്തപുരം. ജേര്‍ണലിസം എജുക്കേഷന്‍ ട്രസ്റ്റിന്റെ പ്രഥമ ഫെല്ലോഷിപ്പ് എനിക്കാണെന്ന് വിശദീകരിക്കാന്‍ ചേര്‍ന്ന യോഗം. എന്നെ പത്രപ്രവര്‍ത്തകര്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ട് എന്നോട് ചോദ്യങ്ങള്‍ ആരായാന്‍ ശ്രീ. ടി.ജെ.എസ് ജോര്‍ജ് പത്രപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ഉടന്‍ വന്നു ദേശാഭിമാനി ലേഖകന്റെ ചോദ്യം: ''എന്തുകൊണ്ട് 'കലാകൗമുദി' ഗ്രൂപ്പ് ഓഫ് പബ്ലിക്കേഷന്‍സില്‍നിന്നും താരതമ്യേന പ്രചാരം കുറഞ്ഞ ആരാമത്തിന്റെ സബ് എഡിറ്ററായി?''
പ്രചാരം ഒരു പ്രസിദ്ധീകരണത്തിന്റെ ന്യൂസ് പേപ്പര്‍ പോളിസിയുടെ മാനദണ്ഡമോ അന്തസ്സത്തയോ ആകുന്നില്ല എന്നതുകൊണ്ട് ഞാന്‍ ഇപ്രകാരം മറുപടി പറഞ്ഞു: ''മാതൃഭൂമിയില്‍ വര്‍ക്ക് ചെയ്താല്‍ ഞാന്‍ ബുദ്ധിജീവിയും ആരാമത്തിലാണെങ്കില്‍ വിവരദോഷിയും ആകുന്നില്ലല്ലോ.'' സദസ്സിലെ അറുപതോളം പത്രപ്രവര്‍ത്തകരില്‍ ചിലര്‍ ചിരിച്ചു. ചിലര്‍ അഭിനന്ദനസൂചകമായി അഛനുമമ്മയും ആരെന്നന്വേഷിച്ചു. അന്ന് ഞാന്‍ പത്രപ്രവര്‍ത്തകരോട് മറച്ചുവെച്ച ഒരു സംഗതിയുണ്ടായിരുന്നു; എങ്ങനെ ഞാന്‍ ആരാമത്തില്‍ എത്തിപ്പെട്ടു എന്ന്.
ഞാന്‍ ആരാമത്തില്‍ എത്തിപ്പെടുന്നത് ശ്രീ. വൈക്കം മുഹമ്മദ് ബഷീറിന്റെ നിര്‍ദേശത്തെ മാനിച്ചാണ്. അദ്ദേഹം എനിക്കെഴുതി: 'മനോരമയിലാണെങ്കില്‍ മറ്റ് പലരിലെയും ഒരാളാകും. 'ആരാമത്തിലാണെങ്കില്‍ പ്രധാന നക്ഷത്രവും. സുരക്ഷിതമായ താമസത്തിനുള്ള ഏര്‍പ്പാടൊക്കെ ചെയ്യും. നല്ലവണ്ണം ആലോചിക്കുക.' അദ്ദേഹം ആരാമത്തിന്റെ അന്നത്തെ ഓഫീസ് അഡ്രസും എഴുതുകയുണ്ടായി. ഓഫീസ് സന്ദര്‍ശിച്ചശേഷം ഞാന്‍ അദ്ദേഹത്തിനെഴുതി: 'അന്തരീക്ഷം എനിക്കിഷ്ടപ്പെട്ടു.' ഞാന്‍ ആരാമത്തിന്റെ മാനേജര്‍ മുമ്പാകെ ഹാജരാവുകയും അദ്ദേഹം എഡിറ്ററായ ശ്രീമതി. കെ.കെ ഫാത്തിമ സുഹ്‌റയുടെ അടുക്കലേക്ക് നിര്‍ദേശിക്കുകയും ചെയ്തു.
അക്ഷരാര്‍ഥത്തില്‍ സുരക്ഷിതമായ താമസം തന്നെയായിരുന്നു. ഒരുപക്ഷേ എന്റെ ജീവിതകാലയളവില്‍ ഇത്രയേറെ സുരക്ഷിതത്വം ഞാന്‍ അനുഭവിച്ചിട്ടുണ്ടോ എന്നെന്നെ അത്ഭുതപ്പെടുത്തുന്ന അന്തരീക്ഷം. മനസ്സാ ശ്രീ. വൈക്കം മുഹമ്മദ് ബഷീറിന് ഞാന്‍ നന്ദിപറഞ്ഞുകൊണ്ട് ജോലി തുടര്‍ന്നു. ആരാമത്തില്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് മുപ്പത്തഞ്ചു വയസ്സിന് താഴെയുള്ള പത്രപ്രവര്‍ത്തകര്‍ക്കായുള്ള ജേര്‍ണലിസം എജുക്കേഷന്‍ ട്രസ്റ്റിന്റെ പ്രഥമ ഫെല്ലോഷിപ്പിന്റെ ഇന്റര്‍വ്യൂ. എഡിറ്റര്‍ മാഡം കെ.കെ സുഹ്‌റയോടും അമ്മയോടും യാത്ര പറഞ്ഞ് ഇന്റര്‍വ്യൂവിനെത്തി, സ്ഥലം തിരുവനന്തപുരം പ്രസ് ക്ലബ്ബ്. വേദി മനസ്സിലാകുന്നത് ഇന്റര്‍വ്യൂവിന്റെ ഏതാനും നിമിഷങ്ങള്‍ക്കു മുമ്പ് മാത്രം. 'തിരുവനന്തപുരത്തെത്തി ശ്രീ. കെ.എം ചുമ്മാറിന് ഫോണ്‍ ചെയ്യുക. വെന്യൂ അറിയാം' എന്ന് മാത്രമായിരുന്നു നിര്‍ദേശം. ഫെല്ലോഷിപ്പ് ലഭിക്കുമെന്ന് വലിയ പ്രതീക്ഷയൊന്നും ഇല്ലാതിരുന്നതുകൊണ്ട് വളരെ കൂളായി തന്നെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി, താമസ സ്ഥലമായ എസ്.എച്ച് സേവാനികേതന്‍ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലേക്ക് ഞാന്‍ മടങ്ങി. പിറ്റേന്ന് രാവിലെയുള്ള പരശുറാം എക്‌സ്പ്രസ്സിന് മടക്കയാത്രയാവാമെന്ന് കരുതി, ഹോസ്റ്റലില്‍ വിശ്രമിക്കുമ്പോള്‍, ഹോസ്റ്റല്‍ വാര്‍ഡനായ കന്യാസ്ത്രീ എന്റെ മുറിയില്‍ മുട്ടുന്നു- 'നിങ്ങള്‍ക്കൊരു വിസിറ്ററുണ്ട്.' ഞാനത്ഭുതപ്പെട്ടു. ഞാനെവിടെയാണ് താമസിക്കുകയെന്ന് ആകെ അറിയാവുന്നത് എന്റെ അമ്മക്ക് മാത്രം. അമ്മ അവിടേക്ക് ഒരു സന്ദര്‍ശകനെയും വിടാന്‍ സാധ്യതയില്ല. ആരായിരിക്കാം എന്നോര്‍ത്ത് ഞാന്‍ സന്ദര്‍ശകമുറിയില്‍ ചെന്നപ്പോള്‍ ഉദ്ദേശം ഇരുപത് വയസ്സ് തോന്നുന്ന ഒരു പയ്യന്‍. 'ഞാന്‍ പ്രസ് ക്ലബ്ബില്‍നിന്നാണ്. നിങ്ങള്‍ക്കാണ് ഫെല്ലോഷിപ്പ്. മൂന്നുമണിക്കു ശേഷം പത്രസമ്മേളനം വെച്ചിട്ടുണ്ട്. കഴിയുമെങ്കില്‍ ഈ വണ്ടിയില്‍ തന്നെ വന്നാല്‍ നന്ന്.' സന്ദര്‍ശകന്റെ സംസാരം കേട്ട് തെല്ലൊരത്ഭുതവും ഒപ്പം അവിശ്വസനീയതയും തോന്നി. 'കുട്ടി പൊക്കോളൂ. മൂന്നോടുകൂടി ഞാനവിടെ എത്തിക്കോളാം' എന്ന് സംസാരിച്ചു ഞാന്‍. ആ കുട്ടി പൊയ്ക്കഴിഞ്ഞ ശേഷം ഹോസ്റ്റല്‍ വാര്‍ഡനായ കന്യാസ്ത്രീയോട് വിവരമറിയിച്ച് ഹോസ്റ്റല്‍ കോമ്പൗണ്ടില്‍തന്നെയുള്ള ചാപ്പലില്‍ കയറി പ്രാര്‍ഥിച്ച് ഞാന്‍ പ്രസ് ക്ലബ്ബിലേക്ക് പുറപ്പെട്ടു.
ശ്രീ. വി.കെ മാധവന്‍കുട്ടിയും ശ്രീ. ടി.ജെ.എസ് ജോര്‍ജും ഡോ. കെ.എന്‍ രാജും പിന്നെ അറുപതോളം പത്രപ്രവര്‍ത്തകരും പ്രസ് ക്ലബ്ബിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ കാത്തിരിപ്പുണ്ടായിരുന്നു. അപ്പോള്‍ മാത്രമാണ് ഫെല്ലോഷിപ്പ് എനിക്കുതന്നെ എന്ന് വിശ്വസിക്കാനായത്.
വിവരമറിഞ്ഞ് ശ്രീ. വൈക്കം മുഹമ്മദ് ബഷീര്‍ എനിക്കെഴുതി:  'കെ.എം. മാത്യു, ടി.ജെ.എസ് ജോര്‍ജ്, വി.കെ മാധവന്‍കുട്ടി, ഡോ. കെ.എന്‍ രാജ് എന്നിവരാണ് തെരഞ്ഞെടുത്തതെന്നോര്‍ക്കുക. അഭിനന്ദനങ്ങള്‍. ഇനിയുമിനിയും ഒരുപാട് ബഹുമതികള്‍ ലഭിക്കുമാറാകട്ടെ. ശ്രീദേവിയെ അഭിനന്ദിക്കാന്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ ജി.ഐ.ഒ ഒരു യോഗം ചേരുന്നുണ്ടെന്നും ആശംസയര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് ഒരു മാന്യന്‍ ഇവിടെ വന്നിരുന്നു.'
കോഴിക്കോട് ടൗണ്‍ ഹാളില്‍ ചേര്‍ന്ന അനുമോദനയോഗത്തില്‍ അദ്ദേഹം ശ്രീ. കുഞ്ഞുണ്ണിമാഷിനോടും ഒ. അബ്ദുര്‍റഹ്മാന്‍ സാഹിബിനോടും പ്രഫസര്‍ ഭാരതിയോടുമൊപ്പം ആരാമം പ്രവര്‍ത്തകക്ക് ലഭിച്ച അപൂര്‍വ ബഹുമതിയെക്കുറിച്ച് വാചാലനായി. പ്രസംഗകല വശമില്ലാത്തതിനാല്‍ മറുപടി പ്രസംഗത്തില്‍ അദ്ദേഹമെനിക്ക് സമ്മാനിച്ച പേന കൊണ്ട് അപേക്ഷ അയച്ചതുകൊണ്ടാവാം എനിക്ക് ബഹുമതി ലഭിച്ചതെന്നു മാത്രം പറഞ്ഞ് ഞാന്‍ ഒരന്ധവിശ്വാസിയായി. കുഞ്ഞുണ്ണി മാസ്റ്റര്‍ക്ക് സ്തുതിഗീതം പാടാന്‍ ഞാന്‍ മറന്നുപോയി.
ശ്രീ. വൈക്കം മുഹമ്മദ് ബഷീര്‍ എല്ലാ അര്‍ഥത്തിലും ഒരു ലെജന്റായിരുന്നു- മലയാളിക്ക് അഭിമാനിക്കാന്‍ സര്‍വേശ്വരന്‍ കനിഞ്ഞ് നല്‍കിയ സിദ്ധി. അദ്ദേഹം നമ്മെ വിട്ടുപോയിട്ട് ഇരുപത്തിയാറ് വര്‍ഷം തികഞ്ഞ ഈ ജൂലൈയില്‍ അദ്ദേഹത്തിന്റെ സ്മരണക്ക് മുമ്പില്‍ ആദരാഞ്ജലിയര്‍പ്പിക്കുന്നു.
പത്രപ്രവര്‍ത്തനരംഗം മറ്റേത് പ്രഫഷനല്‍ രംഗങ്ങളില്‍നിന്നും വ്യത്യസ്തമല്ല - 'പുരോഗതി'യെ പലപ്പോഴും അഭിനന്ദനാര്‍ഹമായ പുരോഗതി എന്ന് വിശേഷിപ്പിക്കുന്നതിലേറെ അസൂയാവഹമായ പുരോഗതി എന്ന് നിര്‍വചിക്കാനാണ് മിക്കവര്‍ക്കും, പ്രത്യേകിച്ച് മലയാളികള്‍ക്ക് താല്‍പ്പര്യം. ഒരു നല്ല കാര്യം ആര് ചെയ്താലും അഭിനന്ദിക്കാനുള്ള ഹൃദയവിശാലത മലയാളിയില്‍ കുറയുകയാണെന്നാണ് പത്രപ്രവര്‍ത്തന രംഗത്തെ മുപ്പതുവര്‍ഷക്കാലത്തെ പരിചയം കൊണ്ട് എനിക്ക് തോന്നിയിട്ടുള്ളത്.
ആഭരണഭ്രമവും ഉടയാടകളുടെ സംരക്ഷണവും ചെരുപ്പുകളുടെ ഭംഗി കാലിന്റെ അഴകിനെയെങ്ങനെ വര്‍ധിപ്പിക്കുന്നുവെന്ന മട്ടിലുള്ള ലേഖനങ്ങള്‍ എഴുതാന്‍ എന്തുകൊണ്ടോ മനസ്സുവന്നില്ല. കേരളത്തില്‍നിന്നുള്ള പ്രശസ്തമായ പ്രസിദ്ധീകരണ ഗ്രൂപ്പ് ഒരിക്കല്‍ ഇന്റര്‍വ്യൂവിന് ക്ഷണിച്ചു. ചെന്നപ്പോള്‍ ഒരു നിര്‍ദേശം, എഡിറ്റര്‍ ഇന്‍ ചീഫിന്റേതായി 'പണം വേണമെങ്കില്‍ പണം തരാം. പ്രശസ്തി വേണമെങ്കില്‍ പ്രശസ്തിയുമാകാം. ഏതിലൊന്ന് തെരഞ്ഞെടുക്കാം.' ഉദ്ദേശിച്ചതിന്റെയര്‍ഥമിതാണ്; 'പണം കൈപ്പറ്റുന്നെങ്കില്‍ ലേഖികയുടെ സ്ഥാനത്ത് പേര് കൊടുക്കില്ല. പേരാണ് കൊടുക്കുന്നതെങ്കില്‍ പ്രതിഫലത്തുകയുമുണ്ടാവില്ല.' എവിടെയും കേട്ടിട്ടില്ലാത്ത വിചിത്രമായ നിയമനരീതി. ഞാന്‍ പറഞ്ഞു - 'എനിക്ക് പണവും വേണ്ട. പ്രശസ്തിയും വേണ്ട.' അവിടെ ജോയിന്‍ ചെയ്യേണ്ടതില്ലെന്ന തീരുമാനവുമായി മടങ്ങി.
അഹമഹമികയാ - ഞാന്‍ മുമ്പ്, ഞാന്‍ മുമ്പ് എന്നര്‍ഥത്തില്‍ കുതികാല്‍ വെട്ടുന്ന ജീവനക്കാരുള്ള ഓഫീസാണെങ്കില്‍ ഔദ്യോഗിക ജീവിതം ദുസ്സഹമായിരിക്കും. കേവലം പണസമ്പാദനം മാത്രമല്ല ഔദ്യോഗികവൃത്തി. സമൂഹത്തോട് നമുക്കുള്ള കടമയുടെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ്.
അതുകൊണ്ടുതന്നെ ബഹുമാന്യനായ ശ്രീ വൈക്കം മുഹമ്മദ് ബഷീര്‍, ആരാമം പത്രമോഫീസ് സന്ദര്‍ശിച്ച് വിവരമറിയിക്കാന്‍ നിര്‍ദേശിച്ചപ്പോള്‍ അത്ഭുതം തോന്നാതിരുന്നില്ല. ഓഫീസ് സന്ദര്‍ശിച്ച ശേഷം ഞാന്‍ അദ്ദേഹത്തിനെഴുതി: 'ആരാമത്തില്‍ പോയിരുന്നു. അന്തരീക്ഷം എനിക്കിഷ്ടപ്പെട്ടു.'
ഉടനെ വന്നു അദ്ദേഹത്തിന്റെ മറുപടി - 'അന്തരീക്ഷം എനിക്കിഷ്ടപ്പെട്ടു എന്നു പറഞ്ഞത് നന്നായി. താമസിക്കുവാന്‍ സുരക്ഷിതമായ ഏര്‍പ്പാടൊക്കെ ചെയ്യും എന്നാണവര്‍ എന്നോട് പറഞ്ഞിട്ടുള്ളത്'.
'ആരാമത്തിന്റെ എഡിറ്റര്‍ ശ്രീമതി. കെ.കെ സുഹ്‌റയുടെ ഓഫീസില്‍തന്നെയായിരുന്നു എന്റെയും റൂം. ഇസ്‌ലാഹിയാ കോളേജ് വിദ്യാര്‍ഥിനികള്‍ക്കൊപ്പമായിരുന്നു താമസം. രാവിലെ അവര്‍ സുബ്ഹി നിസ്‌കരിക്കുമ്പോള്‍ ഞാന്‍ എഴുന്നേറ്റിരുന്ന് പ്രാര്‍ഥിക്കുന്നു- ചിട്ടയായ ജീവിത ശൈലി. ഒരുപക്ഷേ ഇത്രയേറെ മനസ്സമാധാനമനുഭവിച്ചിട്ടുള്ള നാളുകള്‍ ആ ദിവസങ്ങളായിരുന്നില്ലേ എന്ന് പലപ്പോഴും ഞാന്‍ ഓര്‍ക്കാറുണ്ടായിരുന്നു- തികഞ്ഞ സാഹോദര്യം. ചുറ്റുമുള്ളവര്‍ മുസ്‌ലിം വംശജരാണെന്ന് ഞാനോ, ഒരു ഹിന്ദുവാണ് ഞാനെന്ന് അവരോ ഓര്‍ത്തിരുന്നില്ല എന്നതായിരുന്നു സത്യം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top