അവിസ്മരണീയനായ ഗുരുവര്യന്‍

ഒ. അബ്ദുര്‍റഹ്മാന്‍ No image

മാതാ പിതാ ഗുരു ദൈവം എന്ന ആപ്തവാക്യം പാഠശാലകളില്‍ പോയ കാലം തൊട്ടേ കേള്‍ക്കാന്‍ തുടങ്ങിയതാണ്. മാതാവും പിതാവും കഴിഞ്ഞാല്‍ സ്‌നേഹാദരവുകള്‍ക്ക് ഏറ്റവും കടപ്പെട്ടത് ഗുരുക്കന്മാരോടാണ്; ദൈവം പോലും പിന്നീടേ വരുന്നുള്ളൂ. അതൊക്കെ പക്ഷേ, ഗുരുകുല സമ്പ്രദായവും ആശ്രമ വിദ്യാഭ്യാസവുമൊക്കെ നിലവിലിരുന്ന കാലത്ത്. ഇപ്പോള്‍ കാലം മാറി, കഥമാറി. ഗുരു ശിഷ്യനെ കണ്ടാല്‍ മുണ്ട് താഴത്തേക്കിറക്കി കൊള്ളണം. പരമ ധിക്കാരം കാണിച്ച കുട്ടിയോടുപോലും ശബ്ദമുയര്‍ത്തി സംസാരിക്കരുത്. കൈ തരിപ്പ് സ്വശരീരത്തില്‍ തീര്‍ത്തുകൊള്ളണം. രക്ഷിതാക്കളെ ഹാജരാക്കാന്‍ പറഞ്ഞാല്‍ സൗകര്യമുണ്ടെങ്കില്‍ അയാള്‍ വന്നിരിക്കും. മകന്റെ വിക്രിയകളെകുറിച്ച് അയാളോട് സംസാരിച്ചാല്‍ പ്രതികരണം 'മാഷ് എന്തിനാ അതൊക്കെ കാര്യമാക്കുന്നേ, മാഷിന് കുട്ടികളെ പഠിപ്പിച്ചാല്‍ പോരെ?' ഗുരുക്കന്മാര്‍ വെറും തൊഴിലാളികളായി മാറാന്‍ ഈ പ്രതികരണം ധാരാളം. ഒന്നു മുതല്‍ പത്തുവരെ ഒരു മന്ദബുദ്ധിയെയും തോല്‍പിക്കാന്‍ പാടില്ല. വാധ്യാന്മാര്‍ ശമ്പളം, അവധി, സ്ഥലംമാറ്റം ഇത്യാദി കാര്യങ്ങളെക്കുറിച്ച് മാത്രം ആലോചിച്ചാല്‍ മതി. യൂനിയന്‍ ഭാരവാഹികളാണെങ്കില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് പരമാവധി സമയം കാണാം. അതല്ലാതെ തലമുറകള്‍ക്ക് യഥേഷ്ടം വാരിക്കോരി കൊടുക്കാന്‍ സര്‍ക്കാര്‍ വേണ്ടുന്നതെല്ലാം ചെയ്തുവെച്ചിട്ടുമുണ്ട്. ഓടിയാല്‍, ചാടിയാല്‍, നീന്തിയാല്‍ (പുഴയോ നീന്തല്‍കുളമോ കണ്ടില്ലെങ്കിലും കുഴപ്പമില്ല), പന്ത് തട്ടിയാല്‍, പാട്ടുപാടിയാല്‍.. ഈ വക പരിപാടികളിലൊക്കെ മിടുക്ക് തെളിയിച്ചു എന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഗ്രേസ് മാര്‍ക്ക് യഥേഷ്ടം. ഇതുകൊണ്ടൊക്കെ എന്ത് സംഭവിക്കുന്നു എന്നു ചോദിച്ചാല്‍ നിരക്ഷരരായ സാക്ഷരരുടെ നിര തന്നെ പുറത്തുവന്നുകൊണ്ടിരിക്കുന്നു. അവര്‍ക്ക് വേണ്ടത് സര്‍ട്ടിഫിക്കറ്റുകളാണ്. ഒറിജിനല്‍ ഇല്ലെങ്കില്‍ വ്യാജന്‍. ഇത്തരമൊരു സാഹചര്യത്തിലല്ല ഭാഗ്യവശാല്‍ എന്നെപ്പോലെയുള്ളവര്‍ പഠിച്ചു പുറത്തിറങ്ങിയത്. അതുകൊണ്ട് അക്ഷര ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയവരോട് ബഹുമാനവും കടപ്പാടും ജീവിത സായാഹ്നത്തിലും നിലനിര്‍ത്തുന്നു.
അറിയപ്പെട്ട ഗുരുവര്യന്മാരായിരുന്ന കെ. മൊയ്തു മൗലവി, ടി. ഇസ്ഹാഖലി മൗലവി, അബുല്‍ ജലാല്‍ മൗലവി, എന്‍.എം. ശരീഫ് മൗലവി, വി. അബ്ദുല്ല ഉമരി തുടങ്ങിയ ധാരാളം പണ്ഡിതന്മാരുടെ ശിഷ്യത്വം സ്വീകരിക്കാന്‍ അവസരമുണ്ടായിട്ടുണ്ട്. അവരില്‍നിന്നൊക്കെ കിതാബുകളിലുള്ളതിനേക്കാള്‍ അറിവുകള്‍ നേടാനും സാധിച്ചിട്ടുണ്ട്. വിദേശത്ത് തുടര്‍പഠനത്തിന് അവസരം ലഭിച്ചപ്പോള്‍ ഈജിപ്തുകാരും ഫലസ്ത്വീന്‍കാരും സുഡാന്‍കാരും സിറിയക്കാരുമൊക്കെയായ വിദ്വല്‍ജനങ്ങളുടെ വൈവിധ്യമാര്‍ന്ന ജ്ഞാനനിര്‍ഝരിയില്‍നിന്ന് കോരിക്കുടിക്കാനും സൗഭാഗ്യമുണ്ടായി. അവരില്‍ പലരുടെയും സ്മരണകള്‍ മധുരോദാത്തമാണു താനും. എന്നാലൊക്കെയും കൂട്ടത്തില്‍ ഏറ്റവും സ്‌നിഗ്ധമധുരമായ ഓര്‍മകള്‍ സമ്മാനിച്ച് വിടവാങ്ങിയ ഗുരുവര്യന്‍ ആരെന്ന് ചോദിച്ചാല്‍ പെരിങ്ങാടിയിലെ കെ.എം. അബ്ദുര്‍റഹീം സാഹിബിന്റെ പേരാണ് ഒന്നാമതായി സ്മൃതിപഥത്തില്‍ വരുക. 
ഔപചാരിക ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ ഒന്നിന്റെയും ഗുരുനാഥനായിരുന്നില്ല അദ്ദേഹം എന്നതാണ് പ്രാഥമികമായി അനുസ്മരിക്കേണ്ട കാര്യം. ചേന്ദമംഗല്ലൂര്‍ അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ മുഴുസമയ ആത്മീയ-ലൗകിക വിദ്യാഭ്യാസത്തിന്റെ സമന്വയ പരീക്ഷണം വിജയകരമായി നടത്തിക്കൊണ്ടിരുന്ന അമ്പതുകളില്‍ ഇംഗ്ലീഷ് അധ്യാപകനായിട്ടായിരുന്നു റഹീം സാഹിബിന്റെ വരവ്. പ്രീഡിഗ്രിയുടെ പൂര്‍വികനായ ഇന്റര്‍മീഡിയറ്റ് ആയിരുന്നു വിദ്യാഭ്യാസ യോഗ്യതയെങ്കിലും ഇംഗ്ലീഷ് ഗ്രന്ഥങ്ങളും ആനുകാലികങ്ങളുമായുള്ള അഗാധ ബന്ധം മൂലം ആംഗല ഭാഷയില്‍ മികച്ച പ്രാവീണ്യം അദ്ദേഹം നേടിയിരുന്നു. അന്നത്തെ നിസ്സാര വേതനം ഏതാണ്ട് മുഴുവനുമായിത്തെന്ന പുസ്തകങ്ങള്‍ക്കും മാഗസിനുകള്‍ക്കുമായി ചെലവഴിച്ചു. ആനുകാലിക വാര്‍ത്തകളുമായും സംഭവങ്ങളുമായും ഞങ്ങള്‍ വിദ്യാര്‍ഥികളെ ബന്ധിപ്പിച്ചതും പൊതുവിജ്ഞാനം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി ലോക വിവരം ഉണ്ടാക്കിയെടുത്തതും പില്‍ക്കാല ദിശാനിര്‍ണയത്തില്‍ അസാമാന്യ പങ്കാണ് വഹിച്ചത്. ഒരര്‍ഥത്തില്‍ മാധ്യമരംഗത്തേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയത് അദ്ദേഹമാണ്. 
സ്റ്റുഡന്റ്‌സ് പാര്‍ലമെന്റ് കൃത്യവും കാര്യക്ഷമവുമായി സംഘടിപ്പിക്കുക വഴി മാറുന്ന ലോകത്തോടൊപ്പം ചലിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കാനും അദ്ദേഹം ശ്രമിച്ചു. 1958-ല്‍ മദ്‌റസാ പഠനം മുഴുമിപ്പിച്ച് ഉപരിപഠനത്തിനായി ശാന്തപുരം ഇസ്‌ലാമിയ കോളേജിലേക്ക് പോയപ്പോള്‍ അധ്യാപകനായി റഹീം സാഹിബും വന്നെത്തിയത് ആഹ്ലാദം പകര്‍ന്നു. അവിടെയും അദ്ദേഹം വിദ്യാര്‍ഥികളെ കേവലം ഭാഷാഭ്യസനത്തില്‍ ഒതുക്കാതെ പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ ശാസ്ത്ര ശാഖകളുമായും ബന്ധപ്പെടുത്തി. പ്രാഥമികമായെങ്കിലും ഇത്തരം വിഷയങ്ങള്‍ ഞങ്ങള്‍ 'കിതാബോതുന്നവര്‍'ക്ക് പരിചയപ്പെടുത്തിയത് അദ്ദേഹമാണ്. ശാസ്ത്രവും സാങ്കേതികവിദ്യയും കുതിച്ചുയരുന്ന ഈ ഡിജിറ്റല്‍ യുഗത്തില്‍ അതേക്കുറിച്ചുള്ള പ്രാഥമിക അവബോധം മുന്‍തലമുറയില്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായി. പാഠ്യപദ്ധതി സുചിന്തിതവും വ്യവസ്ഥാപിതവുമായിരുന്നെങ്കില്‍ അന്നത്തെ വിദ്യാര്‍ഥികള്‍ക്ക് പ്രബോധനരംഗത്തെ കനത്ത വെല്ലുവിളികളെ നേരിടാന്‍ പൂര്‍വാധികം ആത്മവിശ്വാസം പകരുമായിരുന്നു എന്നിപ്പോള്‍ തോന്നുന്നു.
ക്ലാസ് മുറികളില്‍ ഒതുങ്ങുന്നതായിരുന്നില്ല റഹീം സാഹിബിന്റെ മാര്‍ഗദര്‍ശനം. സായാഹ്നങ്ങളില്‍ അദ്ദേഹം ഞങ്ങള്‍ കുട്ടികളോടൊപ്പം നടക്കാനിറങ്ങും. ചേന്ദമംഗല്ലൂരില്‍നിന്ന് കുന്നിന്‍മുകളിലൂടെ രണ്ടു മൂന്ന് കിലോമീറ്റര്‍ നടക്കും. നെല്ലി മരങ്ങള്‍ ഇടതൂര്‍ന്നു വളര്‍ന്ന നെല്ലിക്കുന്നിലേക്കാണ്- ഇന്ന് മുക്കം എം.എ.എം.ഒ കോളജ് സ്ഥിതിചെയ്യുന്ന സ്ഥലം- മിക്കപ്പോഴുമുള്ള നടത്തം. പഞ്ചാബികളുടെ കൈവശമായിരുന്നു അന്ന് നെല്ലിക്കുന്ന്. നെല്ലിക്ക മൂക്കുന്ന സീസണില്‍ ആര്‍ക്കും പോയി കായ പറിച്ചു തിന്നാം. ഞങ്ങള്‍ക്ക് നെല്ലിക്കയായിരുന്നില്ല പ്രധാനം. മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ ആസ്വദിക്കുന്നതോടൊപ്പം പ്രിയങ്കരനായ അധ്യാപകന്റെ ക്രിയാത്മക ചിന്തകള്‍ പങ്കുവെക്കാനും ഈ യാത്രകള്‍ വഴിയൊരുക്കി. അറുപതുകളുടെ മധ്യത്തില്‍ അദ്ദേഹം കുവൈത്തിലേക്ക് പോയി. അവിടെ പിടിച്ചുനില്‍ക്കാന്‍ തുടക്കത്തില്‍ അല്‍പം പാടുപെട്ടെങ്കിലും പിന്നെ നഗരമധ്യത്തില്‍ ഒരു ബുക് സ്റ്റാള്‍ സ്ഥാപിച്ചു. അതദ്ദേഹത്തിന്റെ സാമൂഹിക പ്രവര്‍ത്തന കേന്ദ്രമാക്കി. കേരള ഇസ്‌ലാമിക് ഗ്രൂപ്പിന്റെ തലപ്പത്തിരുന്ന റഹീം സാഹിബ് എല്ലാ വിഭാഗക്കാരുടെയും സാംസ്‌കാരിക കൂട്ടായ്മകളോടു സജീവബന്ധം വളര്‍ത്തിയെടുത്തു. ഖത്തറില്‍ പ്രവാസിയായിരുന്ന 
1970-കള്‍ മുതല്‍ കെ.ഐ.ജിയുടെ ക്ഷണപ്രകാരവും അല്ലാതെയും ഞാന്‍ കുവൈത്തില്‍ സന്ദര്‍ശകനായി. ഏതാണ്ടെല്ലാ സന്ദര്‍ശന വേളകളിലും റഹീം സാഹിബായിരിക്കും ആതിഥേയന്‍. ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയ സ്ഥാപനങ്ങളുടെ പ്രതിനിധിയായി കുവൈത്തില്‍ പോകേണ്ടി വന്നപ്പോഴൊക്കെ സകാത്ത് ഹൗസിലെയും ഔഖാഫ് മന്ത്രാലയത്തിലെയും ഉന്നതരുമായി ബന്ധപ്പെടുത്തിത്തന്നത് ആ നിസ്വാര്‍ഥ കര്‍മയോഗിയായിരുന്നു എന്ന് കൃതജ്ഞതാപൂര്‍വം സ്മരിക്കാതെ വയ്യ. 1987-ല്‍ മാധ്യമം പ്രസിദ്ധീകരണമാരംഭിച്ചതു മുതല്‍ അതിനെ പ്രതിനിധീകരിച്ചുള്ള യാത്രകളിലും മുഖ്യ സഹായി അദ്ദേഹം തന്നെ. ചുരുക്കത്തില്‍, തന്റെ മുന്നിലിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പോര്‍ഷന്‍ തീര്‍ക്കാന്‍ പാഠഭാഗങ്ങള്‍ നോട്ട്‌സ് ആക്കി കൊടുക്കുന്ന അധ്യാപകരുടെ ലോകത്ത് വേറിട്ട ഗുരുവര്യനും മാര്‍ഗദര്‍ശിയും പില്‍ക്കാല ജീവിതത്തില്‍ അവരുടെ കൈത്താങ്ങുമായിരുന്നു 2016-ല്‍ നമ്മോട് വിടപറഞ്ഞ കെ.എം റഹീം സാഹിബ്. 1989-ല്‍ കൊടിയത്തൂര്‍ വാദിറഹ്മയില്‍ ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയ അസോസിയേഷന്‍ കുവൈത്ത് സകാത്ത് ഹൗസിന്റെ സഹായത്തോടെ സ്ഥാപിച്ച അല്‍ ഇസ്‌ലാഹ് ഓര്‍ഫനേജിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത് കെ.എം അബ്ദുര്‍റഹീം എന്ന അബ്ദുര്‍റഹ്മാന്‍ മൂസയാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top