സ്‌ത്രീകളുടെ ഹജ്ജ്‌

ഹൈദരലി ശാന്തപുരം No image

ശാരീരികവും സാമ്പത്തികവുമായി ശേഷിയുണ്ടാവുകയും പരിശുദ്ധ ഭൂമിയില്‍ എത്താനുള്ള മാര്‍ഗം സുരക്ഷിതമാവുകയും ചെയ്യുമ്പോഴാണ്‌ ഒരാള്‍ക്ക്‌ ഹജ്ജ്‌ നിര്‍ബന്ധമാകുന്നത്‌. ഇത്‌ സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ ബാധകമാണ്‌. എന്നാല്‍ സ്‌ത്രീകള്‍ക്ക്‌ ഇതിന്‌ അവരുടെ സുരക്ഷിതത്വം മുന്‍ നിര്‍ത്തി മറ്റൊരു ഉപാധി കൂടി പൂര്‍ത്തിയാവേണ്ടതുണ്ട്‌. കൂടെ യാത്ര ചെയ്യുവാന്‍ ഭര്‍ത്താവോ `മഹ്‌റമോ' (വിവാഹം നിഷിദ്ധമായ രക്തബന്ധു) ഉണ്ടായിരിക്കണം എന്നതാണത്‌. അതിനടിസ്ഥാനമായി വിവിധ നബി വചനങ്ങള്‍ വന്നിട്ടുണ്ട്‌. അബ്ദുല്ലാഹിബ്‌നു അബ്ബാസ്‌ (റ) റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഒരു ഹദീസില്‍ പറയുന്നു: ``റസൂല്‍ (സ) പറയുന്നതായി ഞാന്‍ കേട്ടു. ഒരു പുരുഷന്‍ ഒരു സ്‌ത്രീയുമായി അവളുടെ മഹ്‌റമിന്റെ സാന്നിധ്യത്തിലല്ലാതെ തനിച്ചാവരുത്‌. മഹ്‌റമിന്റെ കൂടെയല്ലാതെ സ്‌ത്രീ യാത്ര ചെയ്യരുത്‌.'' ഇത്‌ കേട്ട ഒരാള്‍ എഴുന്നേറ്റ്‌ നിന്ന്‌ ബോധിപ്പിച്ചു: ``പ്രവാചകരെ, എന്റെ ഭാര്യ ഹജ്ജിന്‌ പുറപ്പെട്ടിരിക്കുന്നു. ഞാനാണെങ്കില്‍ ഒരു യുദ്ധത്തിന്‌ പേരു കൊടുക്കുകയും ചെയ്‌തിട്ടുണ്ട്‌.'' അപ്പോള്‍ തിരുമേനി പറഞ്ഞു: ``നീ പോയി നിന്റെ ഭാര്യയുടെ കൂടെ ഹജ്ജ്‌ നിര്‍വ്വഹിക്കുക.'' ഈ നബി വചനത്തിന്റെയും സമാനമായ വചനങ്ങളുടെയും അടിസ്ഥാനത്തില്‍ സ്‌ത്രീക്ക്‌ ഹജ്ജ്‌ നിര്‍ബന്ധമാകുവാന്‍ കൂടെ യാത്ര ചെയ്യുവാന്‍ അനുവാദമുള്ള പുരുഷന്‍ ഉണ്ടായിരിക്കണമെന്നുള്ള ഉപാധി പല പണ്ഡിതന്മാരും നിശ്ചയിച്ചിട്ടുണ്ട്‌. എന്നാല്‍ വിശ്വസ്‌തരായ യാത്രാ സംഘത്തിന്റെ കൂടെ സുരക്ഷിതരായി യാത്ര ചെയ്യാന്‍ സാഹചര്യമുണ്ടാവുകയാണെങ്കില്‍ സ്‌ത്രീക്ക്‌ മഹ്‌റമിന്റെ കൂടെയല്ലാതെയും ഹജ്ജിന്‌ പുറപ്പെടാമെന്ന മറ്റൊരഭിപ്രായവും പൂര്‍വികരും ആധുനികരുമായ ചില പണ്ഡിതന്മാര്‍ക്കുണ്ട്‌.
പ്രശസ്‌ത ഇസ്‌ലാമിക പണ്ഡിതന്‍ ഡോ: യൂസുഫുല്‍ ഖറദാവി നല്‍കിയ ഫത്‌വ ഇതാണ്‌: ``സ്‌ത്രീ ഒറ്റക്ക്‌ യാത്ര ചെയ്യാതിരിക്കുക എന്നതാണ്‌ ഇസ്‌ലാമിക ശരീഅത്തിന്റെ വിധി. ഭര്‍ത്താവിന്റെയോ വിവാഹം പാടില്ലാത്ത രക്തബന്ധുവിന്റെയോ ഒപ്പം മാത്രമേ അവള്‍ യാത്ര ചെയ്യാവൂ. ബുഖാരിയും മുസ്‌ലിമും ഇബ്‌നു അബ്ബാസില്‍ നിന്ന്‌ നിവേദനം ചെയ്‌ത ഹദീസാണിതിന്‌ നിദാനം. തിരുദൂതന്‍ പറഞ്ഞു: ``സ്‌ത്രീ രക്തബന്ധുവിനോടൊപ്പമല്ലാതെ ഒരു അന്യപുരുഷന്‍ അവളുടെ അടുത്ത്‌ പ്രവേശിക്കുകയുമരുത്‌.'' അബൂ ഹുറയ്‌റയില്‍ നിന്നുദ്ധരിക്കപ്പെടുന്ന മറ്റൊരു തിരുവചനം ഇപ്രകാരമാണ്‌: ``രക്തബന്ധുവോ ഭര്‍ത്താവോ ഒപ്പമില്ലാതെ ഒരു രാത്രിയും പകലും വരുന്ന ദൂരം യാത്ര ചെയ്യരുത്‌. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന സ്‌ത്രീക്ക്‌ അനുവദനീയമല്ല.''
ചിലര്‍ തെറ്റിദ്ധരിച്ചത്‌ പോലെ സ്‌ത്രീയുടെ സ്വഭാവ ശുദ്ധിയിലുള്ള ശങ്കയല്ല ഈ വിധികള്‍ക്കാധാരം. മറിച്ച്‌ അവളുടെ സല്‍പേരും മാന്യതയും പരിരക്ഷിക്കുക എന്നതാണ്‌. ദുര്‍ബലമനസ്‌കരും റൗഡികളും മറ്റുമായ ആളുകളില്‍ നിന്ന്‌ സ്‌ത്രീകള്‍ക്ക്‌ രക്ഷ നല്‍കുകയാണ്‌ അതിന്റെ ലക്ഷ്യം.
എന്നാല്‍ യാത്രക്ക്‌ രക്തബന്ധുവിനെ കൂട്ടിന്‌ കിട്ടാത്ത സാഹചര്യം വന്നാലോ? വിശ്വസ്‌തരായ അന്യപുരുഷന്മാരോ സ്‌ത്രീകളോ കൂട്ടിന്‌ പറ്റുമോ? വഴി സുരക്ഷിതമാണെങ്കില്‍ ഒറ്റക്ക്‌ യാത്രയാകാമോ? സ്‌ത്രീകള്‍ക്ക്‌ ഹജ്ജ്‌ നിര്‍ബന്ധമാകുന്ന സാഹചര്യം മുന്‍ നിര്‍ത്തി പണ്ഡിതന്മാര്‍ ഈ വിഷയം ചര്‍ച്ച ചെയ്‌തിട്ടുണ്ട്‌. ഹദീസുകളുടെ പ്രത്യക്ഷ അര്‍ഥം മാത്രം കണക്കിലെടുക്കുന്ന ചിലര്‍ അത്‌ നിഷിദ്ധമായി കരുതുന്നു. മറ്റു ചിലര്‍ അന്യപുരുഷന്മാരുടെ ആകര്‍ഷണ കേന്ദ്രമാകാന്‍ സാധ്യതയില്ലാത്ത പടു വൃദ്ധകളെ നിഷിദ്ധത്തിന്റെ പരിധിയില്‍ നിന്ന്‌ ഒഴിവാക്കിയിരിക്കുന്നു. വിശ്വസ്‌തരായ സ്‌ത്രീകളോടൊപ്പമുള്ള യാത്ര വേറെ ചിലര്‍ അനുവദിച്ചിട്ടുണ്ട്‌. എന്നാല്‍ കൂട്ടിനുള്ള സ്‌ത്രീ സ്വതന്ത്രയാണെങ്കില്‍ ഒരാള്‍ മതിയെന്ന്‌ ചിലര്‍ പറയുന്നു. വഴി സുരക്ഷിതമാണെങ്കില്‍ ഒറ്റക്ക്‌ യാത്ര ചെയ്യാമെന്ന്‌ മറ്റൊരു പക്ഷം.
ബുഖാരി ഉദ്ധരിച്ച ഒരു സംഭവം: ഉമറുല്‍ ഖത്താബ്‌ ഒടുവിലത്തെ ഹജ്ജ്‌ നിര്‍വഹിച്ച ഘട്ടത്തില്‍ പ്രവാച പത്‌നിമാര്‍ക്ക്‌ കൂടി അതില്‍ പങ്കെടുക്കാന്‍ അനുവാദം നല്‍കി. ഉസ്‌മാനുബ്‌നു അഫ്‌ഫാനെയും അബ്ദുറഹ്‌മാനുബ്‌നു ഔഫിനെയുമാണ്‌ കൂട്ടിനയച്ചത്‌. ഉമറും ഉസ്‌മാനും അബ്‌ദുറഹ്‌മാനും പ്രവാചക പത്‌നിമാരും അതില്‍ യോജിച്ചു. സ്വഹാബികളില്‍ മറ്റാരും അത്‌ എതിര്‍ക്കുകയുണ്ടായില്ല. ഇത്‌ ഒരു `ഇജ്‌മാഅ്‌' ആയി ഗണിക്കപ്പെടുന്നു.
ഇക്കാലത്തെ യാത്ര മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ തുലോം വ്യത്യസ്‌തമാണ്‌. വിജനമായ മരുപ്രദേശങ്ങള്‍ താണ്ടി കള്ളന്മാരെയും കൊള്ളക്കാരെയും ഭയപ്പെട്ടായിരുന്നു മുന്‍ കാലങ്ങളിലെ യാത്ര. ഇന്ന്‌ കപ്പലുകളിലും വിമാനങ്ങളിലും ബസ്സുകളിലും ജനങ്ങള്‍ കൂട്ടത്തോടെ സഞ്ചരിക്കുന്നു. ഇത്‌ യാത്രകളെ സുരക്ഷിതമാക്കുകയും സ്‌ത്രീകളുടെ സുരക്ഷിതത്വം സംബന്ധിച്ച ആശങ്കകള്‍ അകറ്റുകയും ചെയ്യുന്നു. ഒരിടത്ത്‌ സ്‌ത്രീ ഒറ്റപ്പെട്ട്‌ പോകുകയില്ല. ഇത്തരം അന്തരീക്ഷമുള്ളിടത്ത്‌ സ്‌ത്രീ ഒറ്റക്ക്‌ ഹജ്ജിന്‌ പോകുന്നതില്‍ ഒരു തെറ്റുമില്ല. (ഖറദാവിയുടെ ഫത്‌വകള്‍ ഭാഗം:1, പേജ്‌ 320-323)
ഇദ്ദയിരിക്കുന്ന സ്‌ത്രീയുടെ ഹജ്ജ്‌
ഭര്‍ത്താവ്‌ മരണപ്പെട്ട സത്രീക്ക്‌ ഇദ്ദയുടെ കാലത്ത്‌ ഹജ്ജിന്‌ പുറപ്പെടാന്‍ അനുവാദമില്ല. ഇദ്ദ അവസാനിക്കുന്നതു വരെ വീട്ടില്‍ കഴിയുക എന്നത്‌ അവളുടെ ബാധ്യതയാണ്‌. യാത്ര ആരംഭിച്ച ശേഷമാണ്‌ ഭര്‍ത്താവ്‌ മരണപ്പെട്ടതെങ്കില്‍, വീട്ടില്‍ നിന്ന്‌ വിദൂരത്തെത്തിയിട്ടുണ്ടെങ്കില്‍ ഹജ്ജ്‌ നിര്‍വ്വഹിച്ച്‌ മടങ്ങിയാല്‍ മതി. അല്ലെങ്കില്‍ ഉടനെ തിരിച്ചു വന്ന്‌ ഇദ്ദ ആചരിക്കുകയാണ്‌ വേണ്ടത്‌.
ഭര്‍ത്താവിനോട്‌ അനുവാദം ചോദിക്കല്‍
സ്‌ത്രീ ഹജ്ജിന്‌ പുറപ്പെടുന്നതിന്‌ മുമ്പായി ഭര്‍ത്താവിനോട്‌ അനുവാദം ചോദിക്കുന്നത്‌ ഉത്തമമാണ്‌. നിര്‍ബന്ധ ഹജ്ജിന്‌ പുറപ്പെടുന്ന സ്‌ത്രീയെ വിലക്കുവാന്‍ ഭര്‍ത്താവിന്‌ അനുവാദമില്ല. ഹജ്ജിന്റെ ഉപാധികള്‍ പൂര്‍ത്തിയായ സ്‌ത്രീക്ക്‌ ഭര്‍ത്താവിന്റെ അനുവാദമില്ലാതെ തന്നെ ഹജ്ജിന്‌ പുറപ്പെടാവുന്നതാണ്‌. എന്നാല്‍ ഐഛികമായ ഹജ്ജിന്‌ ഭര്‍ത്താവിന്റെ അനുവാദമില്ലാതെ പോകാന്‍ പാടില്ല.
ഋതുമതിയുടെ ഹജ്ജ്‌
ഹജ്ജ്‌ യാത്രാ വേളയില്‍ ഋതുമതിയാവുകയാണെങ്കില്‍ സ്‌ത്രീ എന്തു ചെയ്യണമെന്ന്‌ പല സഹോദരികളെയും അലട്ടാറുള്ള പ്രശ്‌നമാണ്‌. നമസ്‌ക്കാരവും ത്വവാഫുമൊഴികെ, ശുദ്ധിയുള്ള സ്‌ത്രീകള്‍ ചെയ്യുന്ന എല്ലാം അവള്‍ക്കും നിവര്‍ത്തിക്കാം എന്നതാണ്‌ ഒറ്റവാക്കിലുള്ള മറുപടി.
ഇഹ്‌റാം ചെയ്യുന്നതിന്‌ മുമ്പായി ആര്‍ത്തവക്കാരിയാവുകയാണെങ്കില്‍ അശുദ്ധിയുടെ അവസ്ഥയില്‍ തന്നെ മീഖാത്തില്‍ വെച്ച്‌ ഇഹ്‌റാം ചെയ്യുകയാണ്‌ വേണ്ടത്‌. സാധ്യമാവുമെങ്കില്‍ കുളിച്ച്‌ വൃത്തിയുള്ള വസ്‌ത്രം ധരിച്ച്‌ ഇഹ്‌റാമില്‍ പ്രവേശിച്ചാല്‍ മതി. തല്‍ബിയത്ത്‌ ചൊല്ലുന്നതിന്‌ വിരോധമില്ല. ഉംറക്കാണ്‌ ഇഹ്‌റാം ചെയ്യുന്നതെങ്കില്‍ ത്വവാഫ്‌, സഅ്‌യ്‌, മുടിവെട്ടല്‍ എന്നീ കാര്യങ്ങള്‍ ശുദ്ധിയായതിനു ശേഷം നിര്‍വ്വഹിച്ചാല്‍ മതി. ഇഹ്‌റാമിനു ശേഷമാണ്‌ അശുദ്ധിയായതെങ്കില്‍ ശുദ്ധിയാവുന്നതു വരെ ഇഹ്‌റാമിന്റെ അവസ്ഥയില്‍ നിലകൊള്ളുകയും ശുദ്ധിയായതിന്‌ ശേഷം ത്വവാഫ്‌ തുടങ്ങിയ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കുകയുമാണ്‌ വേണ്ടത്‌. അതോടുകൂടി ഹജ്ജിനും ഉംറക്കും ഒരുമിച്ച്‌ ഇഹ്‌റാം ചെയ്‌തവള്‍ ആയി പരിഗണിക്കപ്പെടും. പിന്നീട്‌ ശുദ്ധിയായ ശേഷം ത്വവാഫും സഅ്‌യും നിര്‍വഹിച്ചാല്‍ മതി. ഉംറയുടെ കര്‍മങ്ങള്‍ പ്രത്യേകം നിര്‍വഹിക്കേണ്ടതില്ല.
ഹജ്ജിലെ നിര്‍ബന്ധ ത്വവാഫായ ത്വവാഫുല്‍ ഇഫാദക്കു മുമ്പാണ്‌ സ്‌ത്രീക്ക്‌ അശുദ്ധിയുണ്ടായെതെങ്കില്‍ അവള്‍ ശുദ്ധിയാവുന്നതുവരെ കാത്തിരിക്കേണ്ടതാണ്‌. ത്വവാഫുല്‍ ഇഫാദ പ്രായശ്ചിത്തം കൊണ്ട്‌ പരിഹരിക്കപ്പെടാത്ത നിര്‍ബന്ധ കര്‍മയതിനാല്‍ അത്‌ നിര്‍വ്വഹിക്കാതിരുന്നാല്‍ ഹജ്ജ്‌ തന്നെ ശരിയാവുകയില്ല. എന്നാല്‍ ശുദ്ധിയാവുന്നതുവരെ മക്കയില്‍ നില്‍ക്കാന്‍ സാധിക്കാത്ത സാഹചര്യമാണെങ്കില്‍ എന്തുചെയ്യണമെന്ന്‌ പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്‌തിട്ടുണ്ട്‌. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ, ഇമാം ഇബ്‌നു ഖയ്യിം എന്നിവര്‍ ഈ വിഷയം വിശദമായി പഠന വിധേയമാക്കിയ ശേഷം നിര്‍ബന്ധിതാവസ്ഥ എന്ന നിലയില്‍ സ്‌ത്രീക്ക്‌ അശുദ്ധിയോടു കൂടിത്തന്നെ ത്വവാഫുല്‍ ഇഫാദ നിര്‍വഹിക്കാമെന്ന്‌ അഭിപ്രായപ്പെട്ടിരിക്കുന്നു. കഴിയുന്നത്ര ശുദ്ധിയായി സൂക്ഷ്‌മത പാലിച്ച്‌ ത്വവാഫ്‌ ചെയ്യുകയാണ്‌ വേണ്ടത്‌.
സ്‌ത്രീകള്‍ക്ക്‌ ഹജ്ജ്‌ നിര്‍വഹണത്തിന്‌ തടസ്സം വരാതിരിക്കാന്‍ ആര്‍ത്തവം പിന്തിക്കുന്ന മരുന്ന്‌ ഉപയോഗിക്കുന്നതിന്‌ വിരോധമില്ല. നിഷിദ്ധമായതും ആരോഗ്യത്തിന്‌ ഹാനികരമല്ലാത്തതുമായിരിക്കണം എന്നേയുള്ളൂ.
ഇഹ്‌റാമിനു മുമ്പ്‌ ആര്‍ത്തവക്കാരിയായ സ്‌ത്രീ മറ്റു സ്‌ത്രീകള്‍ ചെയ്യുന്നതുപോലെ ഇഹ്‌റാമിന്റെ സുന്നത്ത്‌ നമസ്‌ക്കരിക്കേണ്ടതില്ല. ഈ വിഷയം ശൈഖ്‌ ഇബ്‌നുബാസ്‌ വിശദീകരിക്കുന്നു. ``ആര്‍ത്തവക്കാരി ഇഹ്‌റാമിന്റെ രണ്ട്‌ റക്‌അത്ത്‌ നമസ്‌കരിക്കേണ്ടതില്ല. നമസ്‌കരിക്കാതെ ഇഹ്‌റാം ചെയ്യുകയാണ്‌ വേണ്ടത്‌. ഇഹ്‌റാമിന്റെ രണ്ട്‌ റക്‌അത്ത്‌ നമസ്‌ക്കാരം ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ സുന്നത്താണ്‌. ചില പണ്ഡിതന്മാര്‍ക്ക്‌ അത്‌ സുന്നത്താണെന്ന അഭിപ്രായമില്ല. കാരണം ആ വിഷയകമായി പ്രത്യേക ഹദീസൊന്നും വന്നിട്ടില്ല.
1. പുരുഷന്‍ ഇഹ്‌റാമിനു മുമ്പ്‌ ശരീരത്തില്‍ സുഗന്ധം പൂശല്‍ സുന്നത്താണ്‌. സ്‌ത്രീ സുഗന്ധം പൂശി പുറത്തിറങ്ങുന്നത്‌ വിരോധിക്കപ്പെട്ടതിനാല്‍ അവള്‍ ഇഹ്‌റാമിനു മുമ്പ്‌ സുഗന്ധം ഉപയോഗിക്കുകയാണ്‌ വേണ്ടത്‌.
2. സ്‌ത്രീക്ക്‌ ഇഹ്‌റാമിന്‌ പ്രത്യേക വസ്‌ത്രമോ വസ്‌ത്രത്തിന്‌ പ്രത്യേക നിറമോ സുന്നത്തില്ല. പുരുഷന്‍ ഇഹ്‌റാമില്‍ ഒരു തുണി ഉടുക്കുകയും മേല്‍ മുണ്ടുകൊണ്ട്‌ പുതക്കുകയുമാണ്‌ വേണ്ടത്‌. രണ്ടും വെള്ളയായിരിക്കല്‍ സുന്നത്താണ്‌.
3. ഇഹ്‌റാമിലായിരിക്കെ പുരുഷന്‍ തല തുറന്നിടുകയാണ്‌ വേണ്ടത്‌. സ്‌ത്രീ തലമറക്കുകയും മുഖവും മുന്‍കൈയും മറക്കാതിരിക്കുകയും വേണം.
4. പുരുഷന്‍ ഉച്ചത്തില്‍ തല്‍ബിയ്യത്ത്‌ ചൊല്ലല്‍ സുന്നത്താണ്‌. സ്‌ത്രീ കൂട്ടുകാരിയോ കൂടെയുള്ള മഹ്‌റമായ പുരുഷനോ മാത്രം കേള്‍ക്കുന്ന രീതിയില്‍ ശബ്ദം താഴ്‌ത്തിയാണ്‌ ചൊല്ലേണ്ടത്‌.
5. പുരുഷന്മാര്‍ക്ക്‌ ഇഹ്‌റാമില്‍ വട്ടത്തില്‍ തുന്നിയ വസ്‌ത്രം ധരിക്കല്‍ നിഷിദ്ധമാണ്‌. സ്‌ത്രീകള്‍ക്ക്‌ അത്‌ അനുവദനീയമാണ്‌.
6. ആദ്യമായി നിര്‍വഹിക്കുന്ന ത്വവാഫില്‍ പുരുഷന്‍ മേല്‍മുണ്ട്‌ വലത്തെ ചുമല്‍ പുറത്ത്‌ കാണും വിധം കക്ഷത്തിലൂടെ എടുത്ത്‌ ഇടത്തെ ചുമലിനു മുകളില്‍ ഇടലും, ആദ്യത്തെ മൂന്ന്‌ കറക്കത്തില്‍ കാലടികള്‍ അടുത്തടുത്ത്‌ വെച്ച്‌ വേഗത്തില്‍ നടക്കലും സുന്നത്താണ്‌. സ്‌ത്രീക്ക്‌ ഇത്‌ രണ്ടും സുന്നത്തില്ല.
7. സ്വഫാ മര്‍വക്കിടയിലെ സഅ്‌യില്‍ രണ്ട്‌ പച്ചയടയാളങ്ങള്‍ക്കിടയില്‍ ഓടല്‍ പുരുഷന്‌ സുന്നത്താണ്‌. സ്‌ത്രീ നടന്നാല്‍ മതി.
8. പുരുഷന്‍ ഹജ്ജിലും ഉംറയിലും തല മുണ്ഡനം ചെയ്യലാണ്‌ സുന്നത്ത്‌. സ്‌ത്രീക്ക്‌ മുണ്ഡനം പാടില്ല. തലമുടി ഒന്നോ രണ്ടോ ഭാഗമാക്കി അറ്റത്ത്‌ നിന്ന്‌ ഒരു വിരല്‍തുമ്പിന്റെ അത്ര വെട്ടുകയാണ്‌ വേണ്ടത്‌.
9. പുരുഷന്‌ ത്വവാഫുല്‍ വിദാഅ്‌ (വിടവാങ്ങല്‍ ത്വവാഫ്‌) നിര്‍ബന്ധമാണ്‌. അശുദ്ധിയുള്ള സ്‌ത്രീ അത്‌ നിര്‍വഹിക്കാന്‍ പാടില്ല. അതിന്‌ പ്രായശ്ചിത്തവും ആവശ്യമില്ല.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top