സമയ വിനിയോഗത്തിലെ പ്രവാചക മാതൃക

അബ്ദുസ്സമദ് അണ്ടത്തോട് No image

'ലോകത്തെ സ്വാധീനിച്ച വ്യക്തികളുടെ പട്ടികയില്‍ മുഹമ്മദിനെ ഒന്നാം സ്ഥാനത്ത് നിര്‍ത്തിയത് പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പലരും അത് ചോദ്യം ചെയ്തിട്ടുമുണ്ട്. എന്നെ സംബന്ധിച്ചേടത്തോളം ലോകത്ത് മുഹമ്മദ് മാത്രമാണ് ഒരേസമയം മതരംഗത്തും മതേതരരംഗത്തും വിജയിച്ച വ്യക്തി.' ലോകത്തെ സ്വാധീനിച്ച വ്യക്തികളുടെ പട്ടികയില്‍ ഒന്നാമതായി എന്തുകൊണ്ട് പ്രവാചകന്‍ മുഹമ്മദിനെ (സ) തെരഞ്ഞെടുത്തു എന്നതിന് മൈക്കല്‍ എച്ച്. ഹാര്‍ട്ട് നല്‍കിയ വിശദീകരണം ഇങ്ങനെയാണ്.
പ്രവാചകനെ കുറിച്ചുള്ള പഠനം അത്ഭുതപ്പെടുത്തുന്നതാണ്. പൊതു ജീവിതം, കുടുംബ ജീവിതം, വ്യക്തിപരം എന്നീ വ്യത്യാസമില്ലാതെ മനുഷ്യ ജീവിതത്തിന്റെ എല്ലാ മേഖലകളും ഇത്ര കൃത്യമായി രേഖപ്പെടുത്തപ്പെട്ട മറ്റൊരു മനുഷ്യന്‍ ഈ ഭൂമിയില്‍ ജനിച്ചിട്ടില്ല. 'നിശ്ചയം, നിങ്ങള്‍ക്ക് പ്രവാചകനില്‍ ഉത്തമമായ മാതൃക ഉണ്ട്' എന്നതു കൊണ്ട് ഉദ്ദേശ്യം പ്രവാചക ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തെ കുറിച്ചല്ല. പകരം പ്രവാചക ജീവിതം മൊത്തമായിട്ടാണ്. അതുകൊണ്ടുതന്നെ പ്രവാചക ജീവിതത്തിലെ ഒരു ദിവസം എന്നതും വിശ്വാസിയെ സംബന്ധിച്ചേടത്തോളം പ്രാധാന്യമര്‍ഹിക്കുന്നു.
പലര്‍ക്കും ഒരു ദിവസം ചെയ്യണമെന്നാഗ്രഹിച്ച കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍  ഇരുപത്തിനാല് മണിക്കൂര്‍ തികയാതെ വരും. അതിനുള്ള കാരണം സമയത്തെ ആവശ്യങ്ങള്‍ക്കനുസരിച്ച് ക്രമീകരിക്കുന്നതിലുള്ള ആസൂത്രണക്കുറവ് തന്നെയാകും. ഓരോ ദിവസങ്ങള്‍ക്കും ഒരു കാര്യമായ ചര്യ ഉണ്ടാവുക എന്നതാണ് അതിനു വേണ്ട ഒന്നാമത്തെ പ്രതിവിധി. ദിനചര്യ വ്യക്തികളുടെ സ്വഭാവവുമായി ബന്ധപ്പെട്ടതാണ്. ദിനചര്യകളില്‍ മാറ്റം വരുത്തുക എന്നത് അടിസ്ഥാനപരമായി സ്വഭാവത്തില്‍ മാറ്റം വരുത്തുക എന്നതു തന്നെയാണ്. പ്രവാചകന്റെ ഒരു ദിനത്തെക്കുറിച്ച് പറയുമ്പോള്‍ പ്രവാചകന്റെ മദീനയിലെ ദിനത്തെ കുറിച്ചാണ് പറയാന്‍ കഴിയുക. മക്കാ കാലത്തെ പ്രവാചക ജീവിതവും മദീനാ കാലത്തെ ജീവിതവും തമ്മിലുള്ള വ്യത്യാസമാണ് അതിനു കാരണം.
രാത്രിയുടെ മധ്യത്തില്‍നിന്നാണ് പ്രവാചക ജീവിതത്തിലെ ദിവസം ആരംഭിക്കുന്നത്. ദൈവസ്മരണയോടെ ഉറക്കത്തില്‍നിന്നുണരുന്ന പ്രവാചകന്‍ രാത്രി നമസ്‌കാരത്തിലേക്ക് കടക്കുന്നു. ദീര്‍ഘമായ ഖുര്‍ആന്‍ പാരായണവും റുകൂഉകളും സുജൂദുകളും അതിന്റെ ഭാഗമാണ്. ഞാനൊരു നന്ദിയുള്ള അടിമയാകേണ്ടേ എന്നതായിരുന്നു അതു സംബന്ധമായി പ്രവാചകന്‍ പറഞ്ഞത്. നമസ്‌കാരശേഷം ദീര്‍ഘമായ പ്രാര്‍ഥനകളും ദിക്‌റുകളും പ്രവാചകന്റെ ശീലമായിരുന്നു. ശേഷം കുറച്ചു സമയം കൂടി ഉറങ്ങും.
ബിലാലിന്റെ പ്രഭാത നമസ്‌കാരത്തിനുള്ള ബാങ്ക് വിളിയാണ് പ്രവാചകനെ ഉണര്‍ത്തുക. ബാങ്കിന് ഉത്തരം നല്‍കുക എന്നത് പ്രവാചകചര്യയില്‍ പെട്ടതാണ്. വേഗം എഴുന്നേറ്റ് അംഗശുദ്ധി വരുത്തി വീട്ടില്‍ വെച്ചു തന്നെ രണ്ടു റക്അത്ത് സുന്നത്ത് നമസ്‌കരിക്കും. നമസ്‌കാരത്തിനു സമയമായാല്‍ ബിലാല്‍ വന്നു പറയും. അതുവരെ ഒന്നുകില്‍ ദിക്‌റുകള്‍ ഉരുവിടുകയോ അല്ലെങ്കില്‍ വീട്ടുകാരുമായി സംസാരിക്കുകയോ ചെയ്യും.
പ്രഭാത നമസ്‌കാരത്തിനു ശേഷം പ്രവാചകന്‍ പ്രാര്‍ഥനയും ദിക്‌റുകളും നിര്‍വഹിച്ച്  സൂര്യോദയം വരെ സ്വഹാബികളുമായി സംസാരിച്ചിരിക്കാറുണ്ട്. ആരെങ്കിലും പള്ളിയില്‍ വരാതിരിന്നിട്ടുണ്ടോ എന്നും പ്രവാചകന്‍ അന്വേഷിക്കും. സ്വഹാബികളുടെ വിശേഷങ്ങള്‍ അന്വേഷിക്കുക, അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുക, അവര്‍ക്ക് വേണ്ട നിര്‍ദേശം നല്‍കുക എന്നതായിരുന്നു ആ സമയത്ത് പ്രവാചകന്‍ ചെയ്തിരുന്നത്. ഒരു നേതാവ് എന്ന നിലയില്‍ അണികളുടെ വിശേഷങ്ങള്‍ അറിയുകയും അതിനു പരിഹാരം നിര്‍ദേശിക്കുകയും ചെയ്യുക എന്ന പാഠമാണ് നമുക്കിതില്‍നിന്നും പഠിക്കാനുള്ളത്. സ്വഹാബികള്‍ അവരുടെ എല്ലാ പ്രശ്‌നങ്ങളും പ്രവാചകനുമായി ഈ സമയത്ത് പങ്കുവെച്ചിരുന്നു. അവര്‍ക്കിടയില്‍ ഒരാളായി പ്രവാചകന്‍ മാറിയിരിക്കും. പുറമെ നിന്നും വരുന്ന ഒരാള്‍ക്ക് 'നിങ്ങളില്‍ ആരാണ് മുഹമ്മദ്' എന്ന് ചോദിക്കേണ്ട അവസ്ഥയായിരുന്നു.
സൂര്യോദയത്തിനു ശേഷം പ്രവാചകന്‍ വീട്ടിലെത്തി സലാം പറഞ്ഞ് 'കഴിക്കാന്‍ എന്തെങ്കിലും ഉണ്ടോ?' എന്നന്വേഷിക്കും. ഒന്നുമില്ലെങ്കില്‍ 'ഞാനിന്നു നോമ്പുകാരനാണ്' എന്ന പ്രതികരണം മുമ്പ് അദ്ദേഹത്തില്‍നിന്നുമുണ്ടായി. ഭക്ഷണശേഷം പള്ളിയിലേക്കു തന്നെ തിരിച്ചുപോയി തഹിയ്യത്ത് നമസ്‌കരിക്കും. പ്രവാചകന്റെ ഒരുദിവസത്തെ ഔദ്യോഗിക ജിവിതം അവിടെ ആരംഭിക്കുന്നു. ആളുകള്‍ പ്രവാചകനെ കാണാന്‍ വന്നുകൊേണ്ടയിരിക്കും. അവരുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതോടൊപ്പം അവര്‍ക്ക് വേണ്ട ഉപദേശവും പ്രവാചകന്‍ നല്‍കിയിരുന്നു.  പുറത്തു നിന്നുള്ള സംഘങ്ങളും ഈ സമയത്താണ് പ്രവാചകനെ കാണാന്‍ വരിക. സമൂഹത്തിലെ പല തലത്തിലുള്ള സന്ദര്‍ശകരും അക്കൂട്ടത്തിലുണ്ടാവും. പലപ്പോഴും കുട്ടികളും പ്രവാചകനെ കാണാന്‍ വരും. അവരോട് അവരുടെ ഭാഷയില്‍ തന്നെ പ്രവാചകന്‍ പ്രതികരിക്കും. പ്രസവിച്ച കുട്ടികളെ പേരിടാനും മറ്റും കൊണ്ടു വരുന്നതും ഈ സമയത്തുതന്നെ. ഇതേ സമയത്തു തന്നെയാണ് പ്രവാചകന്‍ 'ശൂറ'യും കൂടിയിരുന്നത്. ഇസ്‌ലാമിക സമൂഹത്തെയും രാഷ്ട്രത്തെയും ബാധിക്കുന്ന കാര്യങ്ങളെ കുറിച്ച ഗൗരവപ്പെട്ട ചര്‍ച്ചകളും ഇത്തരം ശൂറകളിലാണ് നടക്കാറ്. 
ആളുകളെ കാണുന്നതിന് പ്രവാചകന്‍ സമയം നിര്‍ണയിച്ചില്ല. ചിലപ്പോള്‍ ളുഹ്ര്‍ നമസ്‌കാരം വരെ അത് നീണ്ടുപോകും. ചിലപ്പോള്‍ ആരെങ്കിലും ഭക്ഷണം കൊണ്ടുവരും. എല്ലാവരും കൂടിയിരുന്നു അത് കഴിക്കും. ചിലപ്പോള്‍ പ്രവാചകന്‍ ആളുകളെ കണ്ടതിനു ശേഷം മദീനാ തെരുവിലേക്ക് ഇറങ്ങും. ആ സമയത്ത് പ്രവാചകന്‍ തനിച്ചാകും യാത്ര.  ഒപ്പം ആരുമുണ്ടാകില്ല. ആളുകളെ നേരില്‍ കണ്ട് വിശേഷങ്ങള്‍ ചോദിക്കും. വഴിയില്‍ കാണുന്ന ആളുകളെ കുട്ടികളടക്കം കണ്ടാല്‍ അവരോട് സലാം പറഞ്ഞ് അവരുമായി സംസാരിക്കും. ജനങ്ങളുടെ ക്ഷേമം നേരിട്ട് അന്വേഷിക്കല്‍ ഒരു ഭരണാധികാരി എന്ന നിലയില്‍ തന്റെ ചുമതലയാണ് എന്ന് പ്രവാചകന്‍ മനസ്സിലാക്കിയിരുന്നു. ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യം വെച്ചു കൊണ്ടു തന്നെയായിരുന്നു പ്രവാചകന്‍ അങ്ങാടിയിലേക്ക് ഇറങ്ങിയിരുന്നത്. രോഗ സന്ദര്‍ശനം, കുടുംബ സന്ദര്‍ശനം എന്നിവക്കും ഈ സമയമാണ് പ്രവാചകന്‍ ഉപയോഗിച്ചത്. മകള്‍ ഫാത്വിമ, പേരമക്കള്‍ ഹസന്‍, ഹുസൈന്‍ എന്നിവരെ ദിനേന സന്ദര്‍ശിക്കല്‍ പ്രവാചകചര്യയായിരുന്നു.
വീട്ടിലേക്കു തിരിച്ചുവരുന്ന പ്രവാചകന്‍ അവിടെ നിന്നും ദുഹാ നമസ്‌കരിക്കും. വീട്ടിലെത്തിയാല്‍ അദ്ദേഹം വീട്ടുകാരികളെ ജോലികളില്‍ സഹായിക്കും. ഈ സമയത്താണ് മദീനയിലെ സ്ത്രീകള്‍ പ്രവാചകനെ കാണാന്‍ വരിക. അവരുടെ വിഷയങ്ങള്‍ക്ക് പ്രവാചകന്‍ പരിഹാരം നല്‍കിയിരുന്നതും ഈ സമയത്താണ്. നേരത്തേ ഭക്ഷണം കഴിച്ചിട്ടുണ്ടെങ്കില്‍ പിന്നെ വീട്ടില്‍ നിന്നും കഴിക്കില്ല. ളുഹ്ര്‍ നമസ്‌കാരം വരെ ഒന്ന് ചെറുതായി മയങ്ങുക പ്രവാചക ചര്യയായിരുന്നു. ളുഹ്ര്‍ ബാങ്ക് കേട്ടാല്‍ എഴുന്നേറ്റ് വീട്ടില്‍നിന്നു തന്നെ സുന്നത്ത് നമസ്‌കരിക്കും. ശേഷം ജമാഅത്തിനു പള്ളിയില്‍ പോകും. ളുഹ്‌റിനു ശേഷം പ്രവാചകന്‍ സദസ്സിനെ അഭിമുഖീകരിച്ചു സംസാരിക്കും. അതിലാണ് പല പ്രധാന തീരുമാനങ്ങളും അറിയിപ്പുകളും ആളുകള്‍ക്ക് നല്‍കിയിരുന്നത്. പ്രവാചക പ്രസംഗങ്ങള്‍ ഒരിക്കലും സദസ്സിനെ വിഷമിപ്പിച്ചിരുന്നില്ല. അതൊരു ദീര്‍ഘമായ പ്രഭാഷണമാകില്ല. അതിനിടയില്‍ സദസ്സിനോട് ചോദ്യം ചോദിച്ചും സദസ്സ് തിരിച്ചു ചോദിച്ചുകൊണ്ടുമാണ് കടന്നുപോവുക.  
തന്റെ അനുചരന്മാരിലെ പാവപ്പെട്ടവരെ സഹായിക്കേണ്ടതിനെ കുറിച്ച് പ്രവാചകന്‍ സദസ്സിനെ ഉണര്‍ത്തും. ആളുകളുടെ വിഷമങ്ങളും ആവലാതികളും പൊതുസമൂഹത്തിനു മുന്നില്‍ അവരുടെ അഭിമാനത്തെ ചോദ്യം ചെയ്യാതെ തന്നെ പ്രവാചകന്‍ സദസ്യരെ ബോധ്യപ്പെടുത്തും. സ്വദഖയെ കുറിച്ചും സഹവര്‍ത്തിത്വത്തെ കുറിച്ചും പ്രവാചകന്‍ ഈ സമയത്താണ് കൂടുതല്‍ സമൂഹത്തെ പഠിപ്പിച്ചിരുന്നത്. ളുഹ്ര്‍ നമസ്‌കാരത്തിനു ശേഷം മദീനയുടെ പുറത്തേക്കുള്ള യാത്രയിലാകും പ്രവാചകന്‍. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അവിടെ സന്ദര്‍ശനം നടത്താന്‍ ഈ സമയമാണ് പ്രവാചകന്‍ തെരഞ്ഞെടുത്തത്. അത് ഏകദേശം അസ്ര്‍ നമസ്‌കാരസമയം വരെ നീണ്ടുനില്‍ക്കും. അസ്ര്‍ നമസ്‌കാരത്തിനു ശേഷമുള്ള സമയം പൂര്‍ണമായും കുടുംബത്തിനുള്ളതാണ്. മിക്കവാറും എല്ലാ ഭാര്യമാരും ഒരു സ്ഥലത്ത് ഒന്നിച്ചുകൂടും. അവരുടെ വിഷയങ്ങള്‍ സംസാരിക്കും. അവരുടെ സംശയങ്ങള്‍ ദൂരീകരിക്കും. പൂര്‍ണമായും ആ സമയം കുടുംബത്തിനു പ്രവാചകന്‍ നല്‍കിയിരുന്നു.
മഗ്‌രിബ് ബാങ്ക് കൊടുത്താല്‍ വീട്ടില്‍നിന്നു തന്നെ സുന്നത്ത് നമസ്‌കരിക്കും. മഗ്‌രിബ് നമസ്‌കാരത്തില്‍ പ്രവാചകന്‍ ചെറിയ സൂറകള്‍ മാത്രമേ പാരായണം ചെയ്തിരുന്നുള്ളൂ. ആളുകള്‍ ജോലി കഴിഞ്ഞു ക്ഷീണിതരാണ് എന്ന് പ്രവാചകന്‍ മനസ്സിലാക്കിയിരുന്നു. മഗ്‌രിബിനു ശേഷം പ്രവാചകന്‍ അന്ന് താമസിക്കുന്ന വീട്ടിലേക്ക് പോകും. അവിടെ ഭക്ഷണം ഉണ്ടെങ്കില്‍ ചിലപ്പോള്‍ അതിഥികളെ പ്രവാചകന്‍ ക്ഷണിച്ചിരുന്നു. ഭാര്യമാരുമായി ഭക്ഷണം കഴിക്കുമ്പോള്‍ അവരുടെ വായില്‍ പ്രവാചകന്‍ ഭക്ഷണം വെച്ചുകൊടുക്കുമായിരുന്നു. പലപ്പോഴും രണ്ടു പേരും ഒരേ പാത്രത്തില്‍നിന്നും കഴിച്ചിരുന്നു. തന്റെ ഇണ കഴിച്ച സ്ഥലത്തു നിന്നു തന്നെ കഴിക്കുക എന്നതും പ്രവാചകന്റെ സ്വഭാവത്തില്‍പെട്ടതായിരുന്നു. പ്രവാചകന്‍ രണ്ടു നേരം മാത്രമേ ഭക്ഷണം കഴിച്ചിരുന്നുള്ളൂ. രാത്രിഭക്ഷണം നേരത്തേ കഴിക്കുക എന്നതായിരുന്നു പ്രവാചകരീതി.
ഇശാ നമസ്‌കാരം വരെ പ്രവാചകന്‍ വീട്ടില്‍ തന്നെ തുടരും. ഇശാ നമസ്‌കാരത്തിന്റെ സുന്നത്ത് വീട്ടില്‍നിന്ന് തന്നെ നമസ്‌കരിക്കും. ആളുകളെ സൗകര്യം നോക്കി ഇശാ നമസ്‌കാരം പലപ്പോഴും പ്രവാചകന്‍ പിന്തിച്ചിരുന്നു. തന്നേക്കാള്‍ കൂടുതല്‍ തന്റെ അനുചരന്മാരുടെ കാര്യത്തില്‍ പ്രവാചകന്‍ ശ്രദ്ധ പതിപ്പിച്ചു. അബൂബക്ര്‍ (റ), ഉമര്‍ (റ) തുടങ്ങിയ സ്വഹാബികളുടെ വീടുകളില്‍ ഈ സമയത്താണ് പ്രവാചകന്‍ പോയിരുന്നത്. തിരിച്ചുവരുമ്പോള്‍ പള്ളിയില്‍ കയറി അവിടെ താമസിക്കുന്ന പാവങ്ങളായ അനുചരന്മാരുടെ വിശേഷങ്ങള്‍ അന്വേഷിക്കും. ആരെങ്കിലും നന്നായി ഖുര്‍ആന്‍ പാരായണം ചെയ്യുന്നതു കേട്ടാല്‍ അത് കേട്ടു നില്‍ക്കും. അധികം വൈകാതെ തന്നെ പ്രവാചകന്‍ വീട്ടില്‍ മടങ്ങിയെത്തും. പെട്ടെന്നു തന്നെ ഉറങ്ങുകയും ചെയ്യും. പാതിരാത്രിവരെ ഉറങ്ങി എഴുന്നേറ്റു രാത്രി നമസ്‌കാരം നിര്‍വഹിക്കും.
ഒരേസമയം ഭരണാധികാരിയും പ്രവാചകനും പിതാവും ഭര്‍ത്താവുമൊക്കെയായിരുന്നു പ്രവാചകന്‍. പക്ഷേ ഒരിക്കല്‍പോലും സമയമില്ല എന്ന വാക്ക് പറഞ്ഞില്ല. എല്ലാവരെയും പ്രവാചകന്‍ പരിഗണിച്ചു. പ്രവാചക ജീവിതത്തില്‍ കൂടുതല്‍ സമയം കുടുംബവുമായാണ് കഴിച്ചുകൂട്ടിയിരുന്നത്. വീട്ടില്‍നിന്നും പുറത്തുപോയാല്‍ പെട്ടെന്നു തന്നെ വീട്ടിലേക്കു തിരിച്ചുവരിക എന്നത് പ്രവാചകചര്യയാണ്. മദീന ശത്രുക്കളുടെ ആക്രമണഭീതി നേരിട്ടു കൊണ്ടിരുന്നപ്പോഴും തന്റെ ദിനചര്യക്ക് പ്രവാചകന്‍ മാറ്റം വരുത്തിയില്ല. ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനാണ് പ്രവാചകന്‍ ശ്രദ്ധിച്ചത്. എല്ലാറ്റിനും ഒരു സമയം നിര്‍ണയിക്കുക എന്നത് പലര്‍ക്കുമില്ല. അതുകൊണ്ടുതന്നെ അവര്‍ക്ക് സമയം തികയാതെ വരുന്നു. തന്റെ ചുറ്റുപാടില്‍ എങ്ങനെ ദിവസം സമര്‍ഥമായും കൃത്യമായും ഉപയോഗിക്കാം എന്നതാണ് പ്രവാചക ദിനചര്യ വിശ്വാസിക്ക് നല്‍കുന്ന പാഠം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top