സ്വപ്ന നേട്ടത്തിലെത്തിപ്പിടിച്ച് 

ഹംന മര്‍യം/ ഫൗസിയ ഷംസ് No image

സുഊദി അറേബ്യയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റര്‍ ജനറലായി (കമേഴ്‌സല്‍ ആന്റ് പ്രസ്, ഇന്‍ഫര്‍മേഷന്‍ ആന്റ് കള്‍ച്ചര്‍) ചരിത്രത്തിലാദ്യമായി  നിയമിതയായ വനിതാ യുവ  ഐ.എഫ്.എസ്  ഉദ്യോഗസ്ഥ ഹംന മര്‍യം ആരാമത്തോട് സംസാരിക്കുന്നു

സ്തീ എന്ന നിലക്ക് വളരെ അഭിമാനകരമാണ് ഹംനയുടെ പദവി. ആഗ്രഹിച്ച സ്ഥാനത്തെത്തി എന്ന് തോന്നുണ്ടോ? കട്ടിക്കാല സ്വപ്‌നങ്ങളില്‍ ആഗ്രഹിച്ചത് തന്നെയാണോ ഇത്?

സ്ത്രീയെന്ന നിലയില്‍ കുട്ടിയായിരിക്കുമ്പോഴേ എനിക്ക് സ്വാതന്ത്ര്യം വേണമെന്ന കാഴ്ചപ്പാട് ഉണ്ടായിരുന്നു. അത് വിദ്യാഭ്യാസത്തിലൂടെ നേടിയെടുത്ത് സാമ്പത്തിക സ്വാശ്രയത്വത്തിലേക്ക് എത്തിപ്പെടണം എന്നുമുണ്ടായിരുന്നു. ആ കാര്യത്തില്‍ ഞാന്‍ സന്തോഷവതിയാണ്. ഞാന്‍ ഈ സ്ഥാനത്ത് എത്തിയതിലൂടെ ചെറുപ്പത്തില്‍ ഞാന്‍ കണ്ട എന്റെ സ്വപ്നങ്ങളോട് നീതി പുലര്‍ത്താന്‍ എനിക്കായി. പക്ഷേ, ഇതോടെ ആ സ്വപ്നത്തെ ഞാന്‍  അവസാനിപ്പിക്കുന്നില്ല. നമ്മള്‍ വീണ്ടും സ്വപ്നങ്ങള്‍ കണ്ടുകൊണ്ടേയിരിക്കണം. ഇത് മറ്റുള്ള സ്ത്രീകള്‍ ഒരു പ്രചോദനമായി കണ്ട് സിവില്‍ സര്‍വീസ് അടക്കമുള്ള എല്ലാ രംഗത്തും സ്ത്രീകള്‍ കടന്നുവരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. സിവില്‍ സര്‍വീസ് രംഗത്ത് സ്ത്രീകള്‍ കടന്നുവരുന്നുണ്ടെങ്കിലും പുരുഷന്മാരെ അപേക്ഷിച്ച് വളരെ പിറകോട്ടാണ്. ഇനിയുമിനിയും ഒരുപാട് പെണ്‍കുട്ടികള്‍ ഈ രംഗത്ത് കടന്നുവരട്ടേയെന്നും അതോടെ ഇത്തരം ചോദ്യങ്ങള്‍ അപ്രസക്തമാകട്ടേയെന്നും ഞാന്‍ ആശിക്കുന്നു.

ഈ പദവിയിലിരിക്കുമ്പോള്‍ സമൂഹത്തിനും രാജ്യത്തിനും വേണ്ടി എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നത്?

കുട്ടിക്കാലം മുതലേയുള്ള എന്റെ ആഗ്രഹമായിരുന്നു സിവില്‍ സര്‍വീസ് എന്നത്. സീനിയര്‍ സ്‌കൂളില്‍ എത്തിയപ്പോള്‍ ഞാനതിനെ ഗൗരവത്തിലെടുത്തു. അന്നേ ഞാന്‍  തീരുമാനിച്ചിരുന്നു എനിക്കിത് വേണമെന്ന്. എന്റെ അഭിരുചിക്കും ഇഷ്ടത്തിനും അനുസരിച്ചുള്ളതാണ് ഫോറിന്‍ സര്‍വീസിലെ ഈ സ്ഥാനലബ്ധി. അന്തര്‍ദേശീയ ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ എന്നെ ഇത് സഹായിക്കുന്നു. അന്തര്‍ദേശീയ ഇടപാടുകളില്‍ രാഷ്ട്രീയം മാത്രമല്ല, സാമ്പത്തിക രംഗത്തും വാണിജ്യ രംഗത്തും ലോക രാജ്യങ്ങള്‍ പുലര്‍ത്തിവരുന്ന സമീപനങ്ങള്‍ എന്നെ ആകര്‍ഷിക്കുന്നുണ്ട്. അതുകൊണ്ടാണ് ഞാന്‍ ഈ ഫീല്‍ഡ് തെരഞ്ഞെടുത്തത്. ഒരാള്‍ ഏതു പദവിയില്‍ ഇരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അയാള്‍ക്ക് അതുമൂലം സമൂഹത്തിനും രാജ്യത്തിനും എന്ത് ചെയ്യാന്‍ കഴിയും എന്നത്. ഉദാഹരണത്തിന്, ഞാനൊരു കമ്യൂണിറ്റി ക്ഷേമ ബോര്‍ഡിലാണെങ്കില്‍ ആ കമ്യൂണിറ്റി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ എങ്ങനെ തരണം ചെയ്യും എന്ന രീതിയിലായിരിക്കും ആ പദവിയെ ഞാന്‍ സമീപിക്കുക. വാണിജ്യ രംഗത്താണ് ഞാന്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എങ്ങനെയാണ് രാജ്യങ്ങള്‍ തമ്മിലുള്ള കൊമേഴ്‌സ്യല്‍ ട്രേഡ് വിപുലപ്പെടുത്തുകയും മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യുക എന്നതാണ്. അതുകൊണ്ട് എന്തുകാര്യമാണ് ചെയ്യാന്‍ കഴിയുക എന്നത് അങ്ങനെ എടുത്തുപറയാന്‍ കഴിയുന്ന കാര്യമല്ല. ഈ പദവിയിലിരിക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ രാജ്യത്തിനും സമൂഹത്തിനും ചെയ്യാനുണ്ട്. 

ആദ്യ നിയമനം പാരീസിലല്ലേ. അവിടത്തെ അനുഭവം, ജനങ്ങള്‍, സംസ്‌കാരം എത്രമാത്രം സ്വാധീനം ചെലുത്തി? 

പാരീസിലെ നിയമനം വളരെ സുന്ദരമായ അനുഭവമായിരുന്നു എനിക്ക് നല്‍കിയത്. പാരീസിലെ ഓര്‍മകളെന്നും അനുഭൂതികരമാണ്. പാരമ്പര്യമായി വളരെ ഉയര്‍ന്ന സംസ്‌കാരമാണ് അവരുടേത്. അവിടെ ജീവിക്കുക എന്നത് തന്നെ ഒരുതരത്തിലുള്ള വളര്‍ച്ചയായിരുന്നു എന്നെ സംബന്ധിച്ചേടത്തോളം. ഉദാഹരണമായി, അവിടെയുള്ളപ്പോള്‍ ഞാന്‍ വാക്കിംഗിന് പോവുകയാണെങ്കിലോ ഒരു മ്യൂസിയം കാണാന്‍ പോവുകയാണെങ്കിലോ വളരെയധികം പുതിയ പുതിയ കാര്യങ്ങള്‍ എനിക്കവിടെ നിന്നും പഠിച്ചെടുക്കാന്‍ കഴിയുന്നുണ്ടായിരുന്നു. അവിടെനിന്നും ഞാന്‍ കൈവരിച്ച പ്രധാന നേട്ടം ഫ്രഞ്ച് ഭാഷ പഠിച്ചതായിരുന്നു. പാരീസില്‍ വെച്ചാണ് എനിക്ക് ജി-7 രാജ്യങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത്. ഇന്ത്യ ജി 7-ലേക്ക് ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു. അതുകൊണ്ടു തന്നെ അവിടെ എനിക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞു. ചെറുതാണെങ്കിലും എന്റെ മറ്റ് സഹപ്രവര്‍ത്തകരുടെ കൂടെ വളരെ പ്രധാനമായൊരു റോള്‍ വഹിക്കാന്‍ കഴിഞ്ഞു. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള കച്ചവട തന്ത്രങ്ങളെ കുറിച്ചായിരുന്നു തീരുമാനങ്ങള്‍. ഇത്തരമൊരു കാര്യത്തില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് അതില്‍ ഭാഗമാവുക എന്നത് എന്നെ സംബന്ധിച്ചേടത്തോളം വളരെ അഭിമാനകരമായ നേട്ടം തന്നെയായിരുന്നു. ഇനിയും ഇതുപോലുള്ള  ഉത്തരവാദിത്വമുള്ള ദൗത്യങ്ങളില്‍ എത്തിപ്പെടണമെന്ന് ഞാനാഗ്രഹിക്കുന്നു. എന്റെ പദവിയുമായി ബന്ധപ്പെട്ട് ഇതു വരെ തുടര്‍ന്നു വന്നിട്ടുള്ള ഓരോന്നിലും ഞാന്‍ തൃപ്തയാണ്. ഇനിയും ഒരുപാട് അറിവുകള്‍ പ്രദാനം ചെയ്യുന്ന അത്തരം ചുമതലകള്‍ വഹിക്കാന്‍ കഴിയണമെന്നാഗ്രഹിക്കുന്നു.

ഇപ്പോഴത്തെ നിയമനത്തിലെ പ്രതീക്ഷയും സ്വപ്‌നവും എന്താണ്?

ബ്യൂറോക്രസിയെ സംബന്ധിച്ചേടത്തോളം ഒരു കാര്യം പ്രത്യേകം പ്രത്യേകമായി കടന്നുവരുന്നില്ല. ജോലിയുമായി ബന്ധപ്പെട്ട് പലപ്പോഴും സംഭവിക്കുന്നത് ഭരണപരമായ സാധാരണയുള്ള കാര്യങ്ങള്‍ തന്നെയാണ്. സാധാരണയുള്ള അത്തരം പ്രവൃത്തികളില്‍ ഒരു സംതൃപ്തി കണ്ടെത്താന്‍ ശ്രമിക്കണം. സാധാരണ ഗതിയിലുള്ള പ്രവൃത്തികള്‍ തന്നെയാണെങ്കിലും വളരെ ആവേശത്തോടെയും മനസ്സറിഞ്ഞുകൊണ്ടും ചെയ്യുക. അതാണ് ജോലിയുടെ കാര്യക്ഷമതക്ക് അഭികാമ്യം. ജിദ്ദയില്‍ ഞാന്‍ ചെയ്യാന്‍ പോകുന്നതും ഇതു തന്നെയാണ്. ഇന്ത്യ-സുഊദി അറേബ്യ ബന്ധങ്ങള്‍ നന്നാക്കാന്‍ കഴിയുന്ന എല്ലാ കാര്യങ്ങളും ഞാന്‍ ചെയ്യും. സുഊദിയെ സംബന്ധിച്ചേടത്തോളം പുറത്തുനിന്ന് ഒരുപാട് ആളുകള്‍ വിവിധ മേഖലകളില്‍ വൈദഗ്ധ്യം നേടി വന്നെത്തിയിട്ടുണ്ട്. അവരെ സംബന്ധിച്ച കാര്യങ്ങള്‍ വളരെ പരിഗണനാര്‍ഹമാണ്. ഓരോ രാജ്യത്തെയും  എംബസിയില്‍ പല വിംഗുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഞാന്‍ നിലവില്‍ എക്കണോമിക് ആന്റ് സോഷ്യല്‍ വിംഗിലാണ് ചുമതലയേറ്റിരിക്കുന്നത്. അത് പ്രധാനമായും ഈ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള കച്ചവട കാര്യങ്ങളാണ് ഡീല്‍ ചെയ്യുന്നത്.
ഓരോരുത്തരുടെയും സ്വപ്‌നങ്ങളും പ്രതീക്ഷകളും സാക്ഷാത്കരിക്കപ്പെടുന്നത്  ഓരോരുത്തരും ഏത് വിംഗിലാണ് നിയമിക്കപ്പെട്ടത് എന്നതിനെ ആശ്രയിച്ചിരിക്കും. എല്ലാ രംഗത്തും നമുക്ക് എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ പറ്റുന്ന സാധ്യതകള്‍ ഉണ്ട്.
ഞാന്‍ രണ്ടു വര്‍ഷമായി  ഈ പദവിയിലെത്തിയിട്ട്. ഏതൊരു സ്ഥാനത്തായാലും  എവിടെയായിരുന്നാലും എന്നെ സംബന്ധിച്ചേടത്തോളം പുതിയൊരു അനുഭവമായിരിക്കും ലഭിക്കുക. സുഊദി അറേബ്യയിലേക്കുള്ള എന്റെ രണ്ടാമത്തെ പോസ്റ്റിന്, വലിയ പ്രാധാന്യമുണ്ട്. ഇക്കാര്യത്തില്‍ വലിയ അഭിമാനം തന്നെയാണ്. ഉന്നതവും പ്രമുഖവുമായ രാജ്യമാണ് സുഊദി.  സുഊദി അറേബ്യയുമായി ഇന്ത്യ നല്ല ബന്ധമാണ് പുലര്‍ത്തിപ്പോരുന്നത്.  ഒരുപാട് ഇന്ത്യക്കാര്‍ സുഊദി അറേബ്യയില്‍ വിവിധ രംഗങ്ങളില്‍ ജോലി ചെയ്യുന്നു. അത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ ദൃഢമാക്കുകയും നയതന്ത്ര ബന്ധത്തെ മുന്നോട്ടുകൊണ്ടുപോവുകയും ചെയ്യുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഒരുപാട് സാധ്യതകളും സമാനതകളും ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം ദൃഢമാകുന്നതിന് കാരണമാകുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ ഇതുവരെ ഉപയോഗിക്കാത്ത ഈ സാധ്യതയെ നമുക്ക് വളരെ ഉപകാരപ്രദമായ രീതിയില്‍ മാറ്റിയെടുക്കാന്‍ കഴിയും. അത്തരത്തിലുള്ളൊരു മാറ്റത്തെയാണ് പുതിയ സ്ഥാനലബ്ധിയിലൂടെ ഞാന്‍ ഉദ്ദേശിക്കുന്നത്.

വരും തലമുറയോട് എന്തു പറയുന്നു?

അടുത്ത തലമുറക്കായി പ്രത്യേക രൂപത്തിലുള്ള മന്ത്രമൊന്നും കൊടുക്കുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. എല്ലാവരിലും അവരുടേതായ കഴിവുകള്‍ ഒളിഞ്ഞു കിടക്കുന്നുണ്ട്. അത് ശരിയായ രീതിയില്‍ കണ്ടെത്തുന്നതിലൂടെ ഓരോരുത്തരുടെയും കാര്യങ്ങള്‍ ഗുണപരമായ രീതിയില്‍ നീങ്ങുന്നു. ഓരോരുത്തരും മറ്റൊരാളില്‍നിന്നും  വളരെ വ്യത്യസ്തരായിരിക്കും. ചിലര്‍ക്ക് ശാസ്ത്ര വിഷയങ്ങളിലാണ് താല്‍പര്യമെങ്കില്‍ മറ്റു ചിലര്‍ക്ക് സര്‍ഗാത്മക കഴിവായിരിക്കും ഉണ്ടാവുക.  എല്ലാവരെയും ഒരേ താളത്തില്‍ അളക്കാന്‍ തുടങ്ങിയാല്‍ നമ്മുടെ വിലയിരുത്തലുകള്‍ തെറ്റായി മാറും. കഠിനാധ്വാനം ജീവിത വിജയത്തിന് വളരെ പ്രധാനപ്പെട്ടതാണ്. ഓരോരുത്തരും അവരുടേതായ ലക്ഷ്യമെന്താണെന്ന് തിരിച്ചറിഞ്ഞ് അതിനുവേണ്ടി പരിശ്രമിക്കണം. വിജയിക്കാന്‍ പരിശ്രമം അല്ലാതെ മറ്റൊരു വഴിയുമില്ല. സിവില്‍ സര്‍വീസ് രംഗത്ത് വരാന്‍ ശ്രമിക്കുന്നവര്‍ക്ക് ധാരാളം വായന വേണമെന്നാണ് എന്റെ അഭിപ്രായം. വിഷയങ്ങളെ വിശകലനം ചെയ്യാനുള്ള ശേഷി നാം കൂട്ടേണ്ടതുണ്ട്. എല്ലാ വിഷയങ്ങളെയും സാമൂഹികമായി വിലയിരുത്തി വിശകലനം ചെയ്യാനുള്ള കഴിവ് വളര്‍ത്തിയെടുക്കണം. കാരണം സിവില്‍ സര്‍വീസ് മേഖലയില്‍ നമ്മള്‍ ഇടപെടേണ്ടി വരുന്നത് സാദാ ജനങ്ങളുമായിട്ടാണ്. അതുകൊണ്ട് തന്നെ  പ്രായോഗികമായി വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ പറ്റുന്ന മാനസിക അവസ്ഥ ഉണ്ടാക്കിയെടുക്കണം. ധാരാളം വായിക്കുന്നത് അതിനുപകരിക്കും.

മറ്റു രാജ്യങ്ങളിലെയും ഇന്ത്യന്‍ സ്ത്രീയിലെയും സ്ത്രീ അവസ്ഥയെ എങ്ങനെ വിലയിരുത്തുന്നു?

പുരുഷ മേധാവിത്വം എല്ലാ സമൂഹങ്ങളിലും നാം കാണുന്നതാണ്. പക്ഷേ, അതിന്റെ തോത് എത്രത്തോളം ഉണ്ട് എന്നതിനെ ആശ്രയിച്ചാണ് ഓരോ രാജ്യത്തെയും സ്ത്രീ അവസ്ഥയെ മറ്റു രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമാകുന്നത്. പാരീസില്‍ ഏത് സമയത്തും ഏത് സ്ഥലങ്ങളിലൂടെയും നമുക്ക് സഞ്ചരിക്കാം. അതൊരു വിഷയമല്ല അവിടെ. പൂര്‍ണമായും സുരക്ഷിതമാണ്. എന്നല്ല, മറ്റ് രാജ്യങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ കുറേക്കൂടി സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ട്.. അവിടെ എല്ലാ രംഗത്തും  സ്ത്രീകള്‍ കൂടുതലായി  പ്രവര്‍ത്തിക്കുന്നതായി കാണുന്നുണ്ട്. പക്ഷേ, ഇന്ത്യയില്‍ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് അതേ പ്രാധാന്യം നല്‍കുന്നില്ല. മറ്റ് രാജ്യങ്ങളുമായി നമ്മുടെ നാടിനെ താരതമ്യപ്പെടുത്തുകയല്ല; നമ്മുടെ രാജ്യങ്ങളിലെ സ്ത്രീ വിദ്യാഭ്യാസ നിലവാരം താഴെ തന്നെയാണ്. ഓരോരുത്തര്‍ക്കും വിദ്യാഭ്യാസം നല്‍കേണ്ടത് എങ്ങനെയാണെന്ന് ഒരു ധാരണ വേണം. അറിവിനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്ന തരത്തിലുള്ള വിദ്യാഭ്യാസമായിരിക്കണം ലഭിക്കേണ്ടത്. അല്ലാതെ പഠിച്ചിട്ട് ഒന്നും ആകാത്ത അവസ്ഥയാകരുത്. കേരളത്തെ സംബന്ധിച്ച് ചോദിച്ചതുകൊണ്ട് പറയുകയാണ്; കേരളത്തില്‍  പൊതുവെ കുട്ടികള്‍ വെറും ഡിഗ്രി ഹോള്‍ഡറായി മാത്രം മാറുന്ന അവസ്ഥയാണ് കണ്ടുവരുന്നത്. പലര്‍ക്കും മെഡിക്കല്‍, എഞ്ചിനീയറിംഗ്, ആര്‍ട്‌സ് ഡിഗ്രികളുണ്ട്. പക്ഷേ, കല്യാണ മാര്‍ക്കറ്റിലേക്കുള്ള പൊന്‍തൂവല്‍ എന്ന നിലക്കാണ് വിദ്യാഭ്യാസത്തെ കാണുന്നത്. ഇതില്‍ മാറ്റം വരണം. ഞാന്‍ പറയുന്നത് ഓരോരുത്തരും അവരവര്‍ നേടിയ അറിവ് വെച്ച് അതത് മേഖലകളിലേക്കിറങ്ങി സമൂഹത്തിന്റെ നന്മക്കു വേണ്ടി തന്നെക്കൊണ്ടാവുന്നത് ചെയ്യാന്‍ ശ്രമിക്കണം.

കുടുംബജീവിതവും സ്ത്രീയുടെ അക്കാദമിക-തൊഴില്‍ സ്വപ്നവും എങ്ങനെ മുന്നോട്ടു കൊണ്ടുപോകും?

കുടുംബ ജീവിതം ആണായാലും പെണ്ണായാലും മനുഷ്യന്റെ പുരോഗമനത്തിന്റെ ആദ്യ ഘടകമാണ്. പക്ഷേ, നമ്മളെന്നും കാണുന്നത് സ്ത്രീകളെപ്പോഴും കുടുംബ ജീവിതത്തിനു വേണ്ടി ത്യാഗം ചെയ്യുന്നതാണ്. ഇത് പലപ്പോഴും സ്വയം ചെയ്യുന്നതോ അല്ലെങ്കില്‍ മറ്റുള്ളവരുടെ പ്രേരണയാലും നിര്‍ബന്ധത്താലും ചെയ്യുന്നതോ ആയിരിക്കും. കുടുംബ പ്രശ്നങ്ങള്‍ കൊണ്ടോ പുരുഷന്റെ ഈഗോയെ തൃപ്തിപ്പെടുത്താനോ ആയിരിക്കും. ഇത് ഇങ്ങനെയൊക്കെ തന്നെയാണെന്നും ഇങ്ങനെയൊക്കെയേ വേണ്ടൂ എന്നുമുള്ള കാഴ്ചപ്പാടാണ് സ്ത്രീകള്‍ക്കിടയിലും ഉള്ളത്. ഇതൊരു പ്രശ്നം തന്നെയാണ്. കുടുംബത്തില്‍ പുരുഷന്റെ ആഗ്രഹത്തിനും സ്വപ്നത്തിനും പ്രാധാന്യം നല്‍കുന്നതുപോലെ ഒരു സ്ത്രീയുടെ ആഗ്രഹത്തിനും സ്വപ്നത്തിനും പ്രാധാന്യം നല്‍കേണ്ടതുണ്ട്.  ഇന്ന്, യാഥാസ്ഥിതികമായ ചിന്തയൊക്കെ ഓരോ ഫാമിലിയും സ്വയം മറികടന്നിട്ടുണ്ട്. ഓരോ ഫാമിലിയിലും അതിന്റെ  മാറ്റങ്ങള്‍ പ്രകടമാണ്. ഉദാഹരണത്തിന് എന്റെ കുടുംബത്തെ തന്നെ എടുത്തുനോക്കൂ. എന്റെ കുടുംബം എന്റെ കൂടെ എന്റെ സ്വപ്നത്തോടൊപ്പം നിന്നു. അതുപോലെ എന്റെ ഭര്‍ത്താവിന്റെ കുടുംബവും. അവര്‍ എനിക്ക് എല്ലാ പിന്തുണയും നല്‍കുന്നു. പക്ഷേ, ഇതും അത്ര സാധാരണമല്ല. എന്നെപ്പോലെ എല്ലാവരുടെയും സ്ഥിതി ഇതായിരിക്കുമെന്ന് ഞാന്‍ പറയുന്നില്ല.

ഹംനയുടെ സ്‌കൂള്‍-പഠനം ഈയൊരു  സ്വപ്‌നത്തിന് ആരായിരുന്നു പ്രചോദനം?

ഞാന്‍ എല്‍.കെ.ജി മുതല്‍ പ്ലസ് ടു വരെ പഠിച്ചത് കോഴിക്കോട് പ്രസന്റേഷന്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലാണ്. അവിടെയുള്ള എല്ലാ ടീച്ചര്‍മാരോടും ഞാന്‍ കടപ്പെട്ടിരുന്നു. അവരൊക്കെ കാരണമാണ് ഞാന്‍ ഇന്ന് എന്താണോ അതായിത്തീര്‍ന്നത്. അവരില്‍ ഓരോരുത്തരും എനിക്ക് ആത്മവിശ്വാസം നല്‍കുന്നതിലും എന്നെ പ്രോത്സാഹിപ്പിക്കുന്നതിലും വളരെ സഹായിച്ചിട്ടുണ്ട്. പ്ലസ് ടു വരെയുള്ള ഒരുപാട് ടീച്ചേഴ്സ് ഉണ്ട്. അതുകൊണ്ടാണ് ഞാന്‍ ആരെയും പ്രത്യേകം പേരെടുത്തു പറയാത്തത്. ഓരോരുത്തര്‍ക്കും ഓരോ രീതിയാണല്ലോ പഠനത്തിന്. എനിക്ക് വളരെ കണിശമായ ഒരു പഠനരീതി ഇല്ലായിരുന്നു.  ഞാന്‍ ചെറിയ ക്ലാസ്സിലായിരുന്നപ്പോള്‍ എന്റെ ഉമ്മ എന്റെ പഠനകാര്യത്തില്‍  വലിയൊരു റോള്‍ കളിച്ചിരുന്നു. എന്നെ പഠിക്കാന്‍ സഹായിച്ചത് എന്റെ ഉമ്മയായിരുന്നു. എന്ത് പഠിക്കണമെന്നും എങ്ങനെ പഠിക്കണമെന്നുമുള്ള കാര്യത്തില്‍ വളരെ ഗുണപരമായ നിര്‍ദേശങ്ങള്‍ തരുമായിരുന്നു. പ്ലസ് ടുവിനു ശേഷം ഞാന്‍ രാംദാസ് കോളേജ് (ദല്‍ഹി യൂനിവേഴ്സിറ്റി)യില്‍ പോയി. അവിടെനിന്ന് ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ഓണേഴ്സ് ബിരുദം നേടി. ശേഷം ദല്‍ഹി യൂനിവേഴ്സിറ്റിയില്‍നിന്നു തന്നെ എം.എ ഇംഗ്ലീഷ് ചെയ്തു. 
കോളേജിലെത്തിയപ്പോള്‍ ദിവസം പഠിക്കണം എന്ന രീതിയൊന്നുമുണ്ടായിരുന്നില്ല. പഠനത്തോടൊപ്പം ജോളിയും വേണമെന്ന പക്ഷക്കാരിയായിരുന്നു ഞാന്‍. നമ്മള്‍ ഇന്ത്യക്കാര്‍ പഠനത്തില്‍ വളരെയധികം ശുഷ്‌കാന്തി കാണിച്ച് ജീവിതത്തിന്റെ പഠന കാലയളവിലെ രസങ്ങള്‍ ഇല്ലാതാക്കുന്നവരാണ്. പഠനത്തെ കാര്യമാക്കാതെ ജോളിയാവുക എന്നത് വളരെ മോശമായ കാര്യമായിട്ടാണ് കാണുന്നത്. രണ്ടിന്റെ ഇടയിലും നല്ലൊരു ബാലന്‍സ് വേണമെന്നാണെന്റെ അഭിപ്രായം. പഠനവും  വിനോദവും സമമായി കൊണ്ടുപോരുന്ന രീതി ഉണ്ടായിരിക്കണം എന്ന് ഞാന്‍ കരുതുന്നു.
കോളേജില്‍ വെച്ചാണ് ഞാന്‍ പഠിച്ച പല കാര്യങ്ങളും വേണ്ടായിരുന്നു എന്ന് തോന്നിയത്. ദല്‍ഹി യൂനിവേഴ്സിറ്റിയാണ് എന്നെ തുറന്ന സമീപനവും ഓപ്പണായി ചിന്തിക്കുന്നവളും ഊര്‍ജസ്വലയുമാക്കി മാറ്റിയത്. പ്രശ്നങ്ങളെ വിശകലനം ചെയ്യാനുള്ള കഴിവും അവിടെ നിന്നാണ് ലഭിച്ചത്. ലോകം വളരെയധികം വൈവിധ്യമുള്ള സംസ്‌കാരങ്ങളെ കൊണ്ടും അതു പിന്‍പറ്റുന്ന ആളുകളെ കൊണ്ടും സമ്പന്നമാണെന്ന തിരിച്ചറിവുണ്ടാക്കിത്തന്നത് അവിടത്തെ പഠനാന്തരീക്ഷമാണ്.

ഇഷ്ടം, ഹോബി

വായനയും യാത്രയും എന്റെ ഇഷ്ടങ്ങളാണ്. ഇവ രണ്ടും നമുക്ക് വിലപ്പെട്ട അറിവുകള്‍ നല്‍കുന്നു.  യാത്രകള്‍ ചെയ്യുമ്പോഴേ ഒരാളില്‍ യഥാര്‍ഥ വളര്‍ച്ച ഉണ്ടാകൂ. ഞാനും ഭര്‍ത്താവും യാത്രകള്‍ പോകാന്‍ ശ്രമിക്കാറുണ്ട്. ഓരോ യാത്രയും ഞങ്ങളില്‍ ഒട്ടനേകം മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. സംഗീതവും എന്റെ ഇഷ്ടങ്ങളില്‍ പെട്ടതാണ്. ശരീരത്തിന്റെ ആരോഗ്യം നോക്കുന്നതിലും ഞാന്‍ ശ്രദ്ധിക്കുന്നു. ഭര്‍ത്താവിലൂടെയാണ് ആ ശീലം എനിക്ക് കിട്ടിയത്. നടത്തം, ഓട്ടം പോലുള്ള വ്യായാമങ്ങളെ നിത്യജീവിതത്തിന്റെ ഭാഗമാക്കി ആരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമായത് ചെയ്യണം. അതിന്റെ എതിരായി പറയുകയാണെങ്കില്‍ ഫുഡും എനിക്കിഷ്ടമാണ്. എന്റെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും കൂടെ സമയം ചെലവഴിക്കാനും അതിലേറെ ഇഷ്ടമാണ്.

കുടുംബ പശ്ചാത്തലം 

എന്റെ മാതാപിതാക്കള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരായി സേവനം ചെയ്യുകയാണ്. ഉപ്പ ഡോ. ടി.പി അഷ്‌റഫ് ശിശുരോഗ വിഭാഗത്തില്‍ സൂപ്രണ്ടാണ്. ഉമ്മ ജൗഹറ സൈക്കോളജി വിഭാഗത്തില്‍ സൂപ്രണ്ടുമായിരുന്നു. രണ്ട് അനുജന്മാരുണ്ട്. ഒരാള്‍ എം.ബി.ബി.എസ് കഴിഞ്ഞു. രണ്ടാമത്തെയാള്‍ രണ്ടാം വര്‍ഷ എം.ബി.ബി.എസിന് പഠിക്കുന്നു. മാതാപിതാക്കള്‍ വളരെ നല്ല പിന്തുണയാണ് നല്‍കിയത്. സമൂഹത്തോട് ചേര്‍ന്നു നിന്ന് എല്ലാ കാര്യങ്ങളും നേടിയവരായിരുന്നു അവര്‍. സാധാരണയല്ലാത്ത ഒരു തീരുമാനമാണ് ഞാനെടുത്തത്. ഐ.എ.എസ്, ഐ.എഫ്.എസ് പോലുള്ള എന്റെ ആഗ്രഹത്തോടൊപ്പം അവര്‍ നിന്നു. അവരില്ലായിരുന്നുവെങ്കില്‍ എനിക്കിതൊന്നും നേടാന്‍ കഴിയുമായിരുന്നില്ല.
എന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ടര വര്‍ഷത്തോളമേ ആയിട്ടുള്ളൂ. ഭര്‍ത്താവ് ഐ.എ.എസ് ആണ്. തെലുങ്കാനയില്‍ സബ് കലക്ടര്‍ ആണ്. 
 ഭര്‍ത്താവിന്റെ ഉമ്മ വിദ്യാസമ്പന്നയാണ്. വളരെ ക്രിയേറ്റീവായ എജുക്കേറ്ററാണവര്‍.  ഭര്‍ത്താവിന്റെ ഉപ്പ തെലങ്കാന മൈനോറിറ്റി അഫയേഴ്സില്‍- റിട്ടയേഡ് ഐ.പി.എസ് ഓഫീസര്‍ ആണ്. അദ്ദേഹത്തിനു സഹോദരനും സഹോദരിയും ഉണ്ട്. ബിസിനസാണ് അനിയന്. പെങ്ങള്‍ നിയമം പഠിക്കുകയാണ്. എല്ലാ അര്‍ഥത്തിലും അവരെന്നെ പ്രോത്സാഹിപ്പിക്കുന്നു. ഭര്‍ത്താവ് സുഹൃത്തിനെ പോലെയാണ്. പല വിഷയങ്ങളും ഞങ്ങള്‍ സംസാരിക്കുന്നു. അദ്ദേഹത്തെ ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവതിയാണ്. അദ്ദേഹം എന്നെ പൂര്‍ണമായും മനസ്സിലാക്കുന്നു. ഒരു നല്ല സുഹൃത്തിനോടൊപ്പം ജീവിക്കുന്നതു പോലെയാണ് അദ്ദേഹത്തോടൊപ്പമുള്ള ജീവിതത്തെകുറിച്ച് എനിക്ക് തോന്നുന്നത്. ചില വിഷയത്തെ കുറിച്ച് ഞങ്ങള്‍ രണ്ടു പേരുടെയും ചിന്തകള്‍ ഒരുപോലെയായിരിക്കും. ചിലപ്പോള്‍ ഏതെങ്കിലും വിഷയത്തെ കുറിച്ച ഞങ്ങളുടെ ചിന്ത വ്യത്യസ്തമായിരിക്കും. അപ്പോള്‍ അത് കൂടുതല്‍ ചര്‍ച്ച ചെയ്യുകയും അതിനെ കുറിച്ച് കൂടുതല്‍ പഠിക്കുകയും ചെയ്യും. അതുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകള്‍  രൂപപ്പെടുത്താനും എനിക്കാകുന്നു. എന്റെ മാതാപിതാക്കളെ പോലെതന്നെ അദ്ദേഹത്തെയും എനിക്ക് കിട്ടിയതില്‍ ഞാന്‍ ഭാഗ്യവതിയാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top