ജനപ്പെരുപ്പത്തെ ആരാണ്‌ പേടിക്കുന്നത്‌

റഹ്‌മാന്‍ മുന്നൂര്‌ No image

ഈ കുറിപ്പ്‌ വായനക്കാരുടെ മുമ്പിലെത്തുമ്പോഴേക്കും ലോക ജനസംഖ്യ 700 കോടി കടന്നിട്ടുണ്ടാവും. ഐക്യ രാഷ്‌ട്ര സഭയുടെ കണക്കനുസരിച്ച്‌ 2009 ഒക്‌ടോബറിലായിരുന്നു മനുഷ്യ ജനസംഖ്യ 600 കോടിയിലെത്തിയത്‌. പത്ത്‌ വര്‍ഷം കൊണ്ട്‌ 100 കോടിയുടെ വര്‍ധന. ഇനി 2050 ആകുമ്പോഴേക്കും അത്‌ 930 കോടി കവിയുമെന്നാണ്‌ ജനസംഖ്യാ വിദഗ്‌ദര്‍ കണക്ക്‌ കൂട്ടുന്നത്‌. ജനസംഖ്യാ നിയന്ത്രണവാദികള്‍ വീണ്ടും ഊര്‍ജസ്വലരായിട്ടുണ്ട്‌. അമേരിക്കയില്‍ ഇപ്പോള്‍ അവര്‍ക്ക്‌ അനുകൂലമായ അന്തരീക്ഷമാണ്‌. ബുഷിന്റെ ഭരണകാലത്ത്‌ ജനസംഖ്യാ നിയന്ത്രണത്തോട്‌ ഭരണകൂടം കാണിച്ചിരുന്ന ഉദാസീനത ഒബാമാ ഭരണകൂടം തിരുത്തിക്കൊണ്ടിരിക്കുകയാണ്‌. ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പാരിസ്‌ഥിതിക പ്രശ്‌നങ്ങള്‍ പൊക്കിപ്പിടിച്ച്‌ കുടുംബാസൂത്രണ പരിപാടികള്‍ കൂടുതല്‍ ശക്തവും ഊര്‍ജിതവുമാക്കാന്‍ ലോകരാഷ്‌ട്രങ്ങളുടെ മേല്‍ സമ്മര്‍ദം ശക്തമാക്കുവാനാണ്‌ ജനസംഖ്യാനിയന്ത്രണവാദികളുടെ ശ്രമം.
ലോകത്തിലെ സകലകുഴപ്പങ്ങള്‍ക്കും കാരണം ജനപ്പെരുപ്പമാണെന്നാണ്‌ ജനസംഖ്യാ നിയന്ത്രണപക്ഷക്കാര്‍ പണ്ടേ പറഞ്ഞുവരാറുള്ളത്‌. അവരുടെ വീക്ഷണത്തില്‍ എല്ലാത്തിനും ഒറ്റ പരിഹാരമേയുള്ളൂ: ജനപ്പരുപ്പം തടയുക. ജനപ്പെരുപ്പം തടയാനുള്ള മാര്‍ഗം ഗര്‍ഭനിരോധനമാണ്‌. 1994ല്‍ കൈറോയില്‍ സമ്മേളിച്ച ജനസംഖ്യാ ഉച്ചകോടി ഇങ്ങനെ പ്രഖ്യാപിച്ചു: വികസനമാണ്‌ ഗര്‍ഭനിരോധനം. അതിന്‌ ഒരു ജനസംഖ്യാ നിയന്ത്‌ണവാദി ഇപ്രകാരം തിരുത്ത്‌ നല്‍കി: ഗര്‍ഭനിരോധനമാണ്‌ വികസനം.
പതിനെട്ടാം നൂറ്റാണ്ടില്‍ തോമസ്‌ മാല്‍ത്തൂസ്‌ (1776-1864) എന്ന ബ്രിട്ടീഷ്‌ ധനശാസ്‌ത്രജഞനാണ്‌ പാശ്ചാത്യ സമൂഹത്തില്‍ ആദ്യമായി ജനസംഖ്യാ വര്‍ധനവിനെക്കുറിച്ച്‌ സംഭീതി പരത്തിയത്‌. മനുഷ്യ ജനസംഖ്യ പെരുകുന്നത്‌ 1 2 4 8 16 എന്ന ക്ഷേത്രഗണിത രീതിയിലാണെന്നും എന്നാല്‍ പ്രകൃതി വിഭവങ്ങള്‍ വര്‍ധിക്കുന്നത്‌ 1 2 3 4 5 എന്ന അങ്കഗണിതരൂപത്തിലാണെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ ജനസംഖ്യാ വളര്‍ച്ചയുടെ വേഗത്തിനൊപ്പമെത്താന്‍ വിഭവവളര്‍ച്ചക്ക്‌ സാധിക്കുകയില്ല. ഭൂമിയില്‍ പെറ്റുവീഴുന്ന മനുഷ്യരെ മുഴുവന്‍ തീറ്റിപ്പോറ്റുവാന്‍ ഭൂമി അശക്തമാകുന്ന കാലം വരാനിരിക്കുന്നു.
മാല്‍ത്തൂസ്‌ ഭയപ്പെട്ടത്‌ ഇന്നോളം സംഭവിച്ചിട്ടില്ലെന്നതാണ്‌ യാഥാര്‍ഥ്യം. അദ്ദേഹത്തിന്റെ ജീവിതകാലത്ത്‌ തന്നെ ഉണ്ടായ വിഭവങ്ങളുടെ വന്‍ വര്‍ധനവ്‌ പ്രസതുത നിരീക്ഷണങ്ങള്‍ തെറ്റാണെന്ന്‌ തെളിയിക്കുകയും ചെയ്‌തിട്ടുണ്ട്‌. എങ്കിലും പാശ്ചാത്യസമൂഹത്തെ ഒരു വലിയ പേടിസ്വപനമായി അത്‌ പിന്തുടര്‍ന്നുവെന്നതാണ്‌ സത്യം. ശാസ്‌ത്രത്തിന്റെയോ അനുഭവത്തിന്റെയോ മതിയായ അടിത്തറയില്ലാഞ്ഞിട്ടും പത്തൊമ്പതാം നൂറ്റാണ്ടിലെയും ഇരുപതാം നൂറ്റാണ്ടിലെയും നിരവധി പാശ്ചാത്യ ബുദ്ധിജീവികള്‍ മാല്‍ത്തൂസിന്റെ ആശങ്ക പങ്കുവെച്ചു.
രണ്ടാം ലോകയുദ്ധാനന്തരമുള്ള കാലഘട്ടത്തില്‍ ജനപ്പെരുത്തെക്കുറിച്ച ഭീതി ഉച്ചസ്ഥായി പ്രാപിച്ചു. ജനസംഖ്യാ നിയന്ത്രണത്തിനായുള്ള നിരവധി സമിതികളും പ്രസ്ഥാനങ്ങളും ഉയര്‍ന്നു വരാന്‍ തുടങ്ങി. അമേരിക്കയായിരുന്നു ഈ പ്രവര്‍ത്തനങ്ങളുടെയെല്ലാം കേന്ദ്രം. ലോകത്തിലെ അതിസമ്പന്നരായ ചില വ്യക്‌തികളുടെ നേതൃത്വവും സാമ്പത്തിക പിന്‍ബലവും ജനസംഖ്യാ നിയന്ത്രണ പ്രസ്‌ഥാനത്തിന്‌ അഭൂതപൂര്‍വമായ ഉന്മേഷവും ഊര്‍ജവും പകര്‍ന്നു. എണ്ണ രാജാവായ ജോണ്‍ ഡി റോക്‌ഫെല്ലര്‍ ആയിരുന്നു ഈ അതിസമ്പന്നരില്‍ ഒന്നാമന്‍. 1952 ല്‍ അദ്ദേഹം വിളിച്ചുചേര്‍ത്ത അതീവരഹസ്യമായ ഒരു യോഗത്തില്‍ വെച്ച്‌ അമേരിക്കന്‍ പോപ്പുലേഷന്‍ കൗണ്‍സിലിന്‌ രൂപം നല്‍കപ്പെടുകയും റോക്‌ഫെല്ലര്‍ അതിന്റെ ഒന്നാമത്തെ പ്രസിഡന്റായി സ്വയം അവരോധിതനാവുകയും ചെയ്‌തു. തന്റെ സ്വാധീനം ഉപയോഗിച്ച്‌ ആഗോളതലത്തില്‍ ജനസംഖ്യാവിധഗ്‌ധരുടെ ഒരു വന്‍ ശൃംഖല കെട്ടിപ്പടുത്ത റോക്‌ഫെല്ലര്‍ ലോകമാസകലം വിപുലമായ ജനസംഖ്യാ നിയന്ത്രണ പരിപാടികള്‍ക്ക്‌ തുടക്കം കുറിച്ചു.
മറ്റൊരു മഹാകോടീശ്വരനായ ഹഗ്‌ മൂറിന്റെ രംഗപ്രവേശം ജോണ്‍ ഡി റോക്‌ഫെല്ലറുടെ പരിപാടികള്‍ക്ക്‌ കൂടുതല്‍ ഉത്തേജനം പകര്‍ന്നു. അമേരിക്കന്‍ ഭരണകൂടത്തെ ജനസംഖ്യാ നിയന്ത്രണത്തിനായുള്ള തങ്ങളുടെ പോരാട്ടത്തില്‍ പങ്ക്‌ ചേര്‍ക്കുവാന്‍ അദ്ദേഹം തുടങ്ങിവെച്ച പരിശ്രമങ്ങള്‍ക്ക്‌ ഹഗ്‌മൂറിന്റെ വരവ്‌ ഏറെ സഹായകമായി. `ജനസംഖ്യാ ബോംബ്‌' എന്ന അദ്ദേഹത്തിന്റെ ലഘുലേഖ, ഹിരോഷിമയിലും നാഗസാക്കിയിലും വര്‍ഷിച്ച അണു ബോംബിന്റെ ഭീതിദമായ ഓര്‍മകള്‍ പച്ചിച്ച്‌ നില്‌ക്കുന്ന അമേരിക്കന്‍ സമൂഹമനസ്സില്‍ മറ്റൊരു ഭീകര സ്‌ഫോടനത്തിന്റെ ഞെട്ടലുണര്‍ത്തി. 1968ല്‍ പോള്‍ ഏര്‍ലിക്കിന്റെ `പോപ്പുലേഷന്‍ ബോംബ്‌' എന്ന ബെസ്റ്റ്‌ സെല്ലര്‍ പുസ്‌തകത്തിന്‌ ഹഗ്‌ മൂറിന്റെ ഈ ലഘുലേഖയുടെ പേരാണ്‌ ഗ്രന്ഥകര്‍ത്താവ്‌ സ്വീകരിച്ചത്‌. `റോക്‌ഫെല്ലര്‍ ബേബി' എന്നാണ്‌ പോപ്പുലേഷന്‍ ബോംബിനെ പലരും വിശേഷിപ്പിച്ചത്‌.
ഏര്‍ലിക്കിന്റെ വീക്ഷണങ്ങളും നിര്‍ദേശങ്ങളും അങ്ങേയറ്റം തീവ്രവാദപരമാണ്‌. അദ്ദേഹം എഴുതുന്നു: ``സെല്ലുകളുടെ അനിയന്ത്രിത വളര്‍ച്ചയാണ്‌ കാന്‍സര്‍. ജനങ്ങളുടെ അനിയന്ത്രിത വളര്‍ച്ചയാണ്‌ ജനസംഖ്യാസ്‌ഫോടനം. ലക്ഷണങ്ങളെ മാത്രം ചികിത്‌സിക്കുന്നത്‌ തുടക്കത്തില്‍ രോഗിക്ക്‌ ആശ്വാസം പകരുന്നതായി തോന്നിയേക്കാം. എന്നാല്‍ അവസാനം അയാള്‍ മരിക്കുക തന്നെ ചെയ്യും; പലപ്പോഴും ഭയാനകമായി. സമാനമായ ഒരവസ്ഥയാണ്‌, ലക്ഷണങ്ങളെ മാത്രം ചികില്‍സിക്കുകയാണെങ്കില്‍ ജനസംഖ്യാവിസ്‌ഫോടനം ബാധിച്ച ലോകത്തെയും കാത്തിരിക്കുന്നത്‌. ലക്ഷണങ്ങളെ ചികില്‍സിക്കുന്നതില്‍ നിന്ന്‌ നമ്മുടെ ശ്രദ്ധ കാന്‍സര്‍ മുറിച്ചു നീക്കുന്നതിലേക്ക്‌ മാറേണ്ടതുണ്ട്‌. മൃഗീയവും ഹൃദയശൂന്യവുമായ തീരുമാനങ്ങള്‍ അതിന്‌ വേണ്ടി വന്നേക്കും. പക്ഷേ,രോഗം ഏറെ മൂര്‍ഛിച്ച്‌ കഴിഞ്ഞിരിക്കുന്നു. സമൂലമായ ഒരു ശസ്‌ത്രക്രിയയിലൂടെയല്ലാതെ രോഗി അതിജീവിക്കുകയില്ല.''
നിര്‍ബന്ധ വന്ധീകരണമാണ്‌ ഏര്‍ലിക്‌ നിര്‍ദ്ദേശിക്കുന്ന ഒരു മാര്‍ഗം. വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും വായുവിലൂടെ പോലും ഗര്‍ഭനിരോധന ഔഷധങ്ങള്‍ ശരീരത്തിലേക്ക്‌ കടത്തിവിടുന്നതിന്റെ സാധ്യതയെക്കുറിച്ച്‌ അദ്ദേഹം പറയുന്നുണ്ട്‌.
ഏര്‍ലിക്കിന്റെ വീക്ഷണങ്ങളും നിര്‍ദേശങ്ങളും 1970 കളിലും '80 അമേരിക്കയിലെയും യൂറോപ്യന്‍ രാജ്യങ്ങളിലെയും മിക്ക ജനസംഖ്യാ പ്രവര്‍ത്തകര്‍ക്കും സ്വീകാര്യമായിരുന്നു എന്നത്‌ ഞെട്ടലോടെ മാത്രമേ നമുക്ക്‌ ഓര്‍ക്കാനാവൂ.
റോക്‌ഫെല്ലറിനും ഹഗ്‌ മൂറിനും പിന്നാലെ അമേരിക്കയിലെ അതിസമ്പന്നരുടെ ഒരു നിരതന്നെ ജനസംഖ്യാ നിയന്ത്രണ പ്രസഥാനത്തിലേക്ക്‌ കടന്നുവന്നു. അന്നും ഇന്നും ഈ ശതകോടീശ്വരന്മാരും അവരുടെ ഫൗണ്ടേഷനുകളുമാണ്‌ ആഗോള ജനസംഖ്യാനിയന്ത്രണ പ്രസ്ഥാനത്തിന്റെ യഥാര്‍ഥ ചാലകശക്തികള്‍. ബില്‍ ഗേറ്റ്‌സ്‌, ഫോര്‍ഡ്‌, ടെഡ്‌ ടേണര്‍, ജോര്‍ജ്‌ സോറോസ്‌, വില്യം ബുഫേ, ഹാവ്‌ലറ്റ്‌ പക്കാര്‍ഡ്‌ തുടങ്ങിയവരാണ്‌ ഈ സമ്പന്ന നിരയിലെ പ്രധാനികള്‍. അമേരിക്കന്‍ ഭരണകൂടത്തിന്റെയും ഐക്യരാഷ്‌ട്ര സഭയുടെയും ജനസംഖ്യാ നയങ്ങള്‍ രീപീകരിക്കുന്നതും അവയുടെ ജനസംഖ്യാ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സാമ്പത്തിക പിന്‍ബലം കൊടുത്തുകൊണ്ടിരിക്കുന്നതും വാസ്‌തവത്തില്‍ ഈ പണച്ചാക്കുകളാണ്‌.
മൂന്നാം ലോകമെന്ന്‌ വിളിക്കപ്പെടുന്ന വികസ്വര -അവികസിത രാജ്യങ്ങളിലെ പട്ടിണിക്കാരും അര്‍ധ പട്ടിണിക്കാരുമായ ജനങ്ങള്‍ക്കിടയിലാണ്‌ ജനസംഖ്യാ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ മുഖ്യമായും കേന്ദീകരിച്ചിരിക്കുന്നത്‌. ആ രാജ്യങ്ങളിലാണ്‌ ജനപ്പെരുപ്പം ഏറ്റവും കൂടുതലെന്നതാണ്‌ അതിനുള്ള ന്യായീകരണം. വാസ്‌തവത്തില്‍ മൂന്നാം ലോകരാജ്യങ്ങളിലെ പ്രകൃതി വിഭവങ്ങള്‍ കയ്യടക്കാനുള്ള സാമ്രാജ്യത്ത- മുതലാളിത്ത ശക്തികളുടെ അജണ്ടയുടെ ഭാഗമാണിത്‌. അവര്‍ തന്നെ രഹസ്യമായി സമ്മതിച്ചിട്ടുള്ള വസ്‌തുതയത്രെ ഇത്‌.
1974ല്‍ അമേരിക്കയുടെ നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഹെന്റി കിസിഞ്‌ജറുടെ നിര്‍ദേശപ്രകാരം ഗവണ്‍മെന്റിന്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ 1975 ല്‍ ജെറാള്‍ഡ്‌ ഫോഡിന്റെ ഭരണകാലത്ത്‌ അമേരിക്കയുടെ ദേശീയ പോളിസിയായി അംഗീകരിക്കപ്പെട്ടു. MSM200 എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന റിപ്പോര്‍ട്ടിന്റെ പൂര്‍ണനാമം National Security Study Memorundum200: Implications Of Worldwide population Growth For US Security And Overseas Interests എന്നാണ്‌. 1990 ല്‍ ഡീക്ലാസിഫൈ ചെയ്യപ്പെട്ട റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഇപ്പോള്‍ ഇന്‌റര്‍നെറ്റില്‍ ലഭ്യമാണ്‌. അല്‍പവികസിത രാജ്യങ്ങളിലെ ജനസംഖ്യാ വര്‍ധനവ്‌ അമേരിക്കയുടെ സുരക്ഷിതത്വത്തിന്‌ ഹാനികരമാണെന്നാണ്‌ റിപ്പോര്‍ട്ടില്‍ ഊന്നിപ്പറയുന്ന കാര്യം. കാരണം ``അമേരിക്കയുടെ സമ്പദ്‌ഘടനക്ക്‌ വിദേശ രാജ്യങ്ങളിലെ, വിശേഷിച്ചും അല്‍പവികസിത രാജ്യങ്ങളിലെ, ധാതുവിഭവങ്ങള്‍ വിപുലവും വര്‍ധിതവുമായ തോതില്‍ ആവശ്യമാകും.'' കുടുംബാസൂത്രണ പ്രവര്‍ത്തനങ്ങളെ റിപ്പോര്‍ട്ടില്‍ ഊന്നിപ്പറയുന്നുണ്ട്‌. ``നമ്മുടെ പ്രവര്‍ത്തനങ്ങള്‍ അല്‌പവികസിത രാജ്യങ്ങളെ ഉന്നം വെച്ചുള്ള ഒരു വികസിത രാജ്യത്തിന്റെ നയമാണെന്ന്‌ ആ രാജ്യങ്ങള്‍ക്ക്‌ തോന്നാതിരിക്കാന്‍ ശ്രദ്ധിക്കണ''മെന്നും റിപ്പോര്‍ട്ട്‌ മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌. ആഗോളതലത്തില്‍ വിപുലമായും ഊര്‍ജിതമായും നടത്തപ്പെടുന്ന ജനസംഖ്യാ നിയന്ത്രണപ്രവര്‍ത്തനങ്ങളുടെ യഥാര്‍ഥ ഉന്നമെന്താണെന്ന്‌ MSM200 റിപ്പോര്‍ട്ടിലൂടെ കണ്ണോടിച്ചു പോകുന്ന ആര്‍ക്കും വ്യക്തമാകും.
ജനസംഖ്യാനിയന്ത്രണത്തിന്റെ ചരിത്രം എഴുതിയ കൊളംബിയ യൂണിവേര്‍സിറ്റിയിലെ ചരിത്രവിഭാഗം അസി. പ്രൊഫസര്‍ മാത്യു കൊണോലി പറഞ്ഞതാണ്‌ ശരി: ``ആരോടും ഉത്തരം പറയേണ്ട ബാധ്യതയില്ലാതെ ചില വിഭാഗങ്ങളെ നിയന്ത്രിക്കുവാന്‍ മറ്റുചില ജനങ്ങള്‍ നടത്തുന്ന ശ്രമത്തിന്റെ കഥ''യാണ്‌ വാസ്‌തവത്തില്‍ ജനസംഖ്യാ നിയന്ത്രണം. (Factual Misconception: The struggle To Control World Population. Hardward University press 1998)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top