ഫ്രീഡം സ്‌ക്വയറിലെ `ബിരുദക്കാരി'

ഡോ: സമീര്‍ യൂനുസ്‌ No image

എപ്പോഴും ഫോണില്‍ വിളിച്ചുകൊണ്ടിരിക്കുന്ന ഒരു സുഹൃത്തുണ്ട്‌ എനിക്ക്‌. മകനെക്കുറിച്ച്‌ പരാതി പറയാനേ അദ്ദേഹത്തിന്‌ നേരമുള്ളൂ. മകന്റെ ഓരോ പ്രവൃത്തികള്‍ പറഞ്ഞു കേള്‍ക്കുമ്പോള്‍ ആ പിതാവിനോട്‌ എനിക്ക്‌ വല്ലാത്ത അനുകമ്പ തോന്നും. അദ്ദേഹത്തിന്‌ സമനില തെറ്റിപ്പോകുമോ എന്ന്‌ പോലും ഞാന്‍ ഭയന്നു.
മകന്‍ പഠനത്തില്‍ വളരെ മിടുക്കനായിരുന്നു എന്നാണ്‌ അദ്ദേഹം പറയുന്നത്‌. പ്ലസ്‌വണ്‍ എത്തിയപ്പോഴാണ്‌ പ്രശ്‌നങ്ങള്‍ തുടങ്ങിയത്‌. അവന്റെ സ്വാഭാവത്തില്‍ മാറ്റങ്ങള്‍ വരാന്‍ തുടങ്ങി. എന്തുണ്ടായി എന്ന്‌ ആ പിതാവ്‌ തന്നെ പറയട്ടെ.
ക്ലാസ്‌ കട്ട്‌ ചെയ്യുന്നു
ഇടക്കിടെ മകന്റെ ക്ലാസ്‌ടീച്ചര്‍ എന്നെ വിളിക്കാറുണ്ട്‌. അവനെന്താണ്‌ ക്ലാസില്‍ വരാത്തത്‌ എന്നാണ്‌ ചോദിക്കുന്നത്‌. ഞാനുടനെ അവന്‌ ഫോണ്‍ ചെയ്യും. ഞാന്‍ ക്ലാസിലാണല്ലോ എന്നാണവന്‍ പറയുക. ശുദ്ധ നുണ. അവനപ്പോള്‍ തെണ്ടിപ്പിള്ളേരുമായി അങ്ങാടിയില്‍ കറങ്ങി നടക്കുന്നുണ്ടാവും.
ഇതൊക്കെ അറിഞ്ഞ്‌ എനിക്ക്‌ എങ്ങനെ സ്വസ്ഥമായി ജോലിചെയ്യാന്‍ കഴിയും? ജോലിസ്ഥലത്തും പ്രശ്‌നങ്ങളായി. ദൈവാനുഗ്രഹം കൊണ്ട്‌ ലഭിച്ച നല്ലൊരു ജോലിയാണ്‌. അത്‌ നഷ്ടപ്പെടുമെന്ന സൂചനകള്‍ കാട്ടിത്തുടങ്ങി. ജോലിയില്‍ ഏകാഗ്രത കിട്ടുന്നില്ല. മകനെത്തേടി ഇറങ്ങുന്നത്‌ കൊണ്ട്‌ പലപ്പോഴും ജോലിക്കെത്താനും പറ്റുന്നില്ല. അവന്‍ പഠിക്കുന്ന സ്‌കൂളിലും ഇടക്കിടെ പോകേണ്ടി വരും. ചിലപ്പോള്‍ ഞാന്‍ സ്വയം പോകും. അല്ലെങ്കില്‍ സ്‌കൂള്‍ മേനേജ്‌മെന്റ്‌ എന്നെ വിളിപ്പിച്ചിട്ടുണ്ടാവും.
മുടിയുടെ കഥ
അവന്‍ മുടി വെട്ടിക്കുന്ന കോലം കാണണം. ഇസ്‌ലാമിക സംസ്‌ക്കാരവുമായി ഒട്ടും ചേര്‍ന്നുപോകാത്തത്‌. കൂട്ടുകാര്‍ എന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ കൃത്യമായി ഇസ്‌ലാമിക ചിട്ടകള്‍ പാലിക്കുന്ന എന്റെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന്‌ ആലോചിച്ചു നോക്കൂ.
മാര്‍ക്ക്‌ കുറയുന്നു
പത്താം ക്ലാസ്‌ വരെ നല്ല മാര്‍ക്ക്‌ കിട്ടിയ കുട്ടിയാണ്‌. 98 ശതമാനം വരെയൊക്കെ കിട്ടിയിട്ടുണ്ട്‌. പ്ലസ്‌വണ്ണിന്‌ ചേര്‍ന്ന ശേഷം അത്‌ 90ശതമാനത്തിനും വളരെ താഴേക്ക്‌ പോയി. പഠിക്കാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്‌തു കൊടുക്കാറുണ്ട്‌. പക്ഷേ പഠനനിലവാരം മോശമായിക്കൊണ്ടേയിരിക്കുകയാണ്‌.
പാറയോട്‌ സംസാരിക്കും പോലെ
മറ്റൊരു പ്രശ്‌നം അവന്റെ പ്രകൃതത്തില്‍ വന്ന മാറ്റമാണ്‌. ആരെയും കൂസാത്ത മട്ട്‌. ഓരോ കാര്യത്തിലും ഒരു ഉത്തരവാദിത്വ ബോധമില്ല. ഉപദേശിച്ചിട്ടോ ഗുണദോഷിച്ചിട്ടോ ഒരു ഫലവും കാണുന്നില്ല. കല്ലിനോട്‌ സംസാരിക്കും പോലെ, തിരിച്ചൊരു പ്രതികരണവുമില്ല.
പുകവലി തുടങ്ങുന്നു
എന്റെ മകന്‍ പുകവലിക്കാരനാകുമെന്ന്‌ എനിക്ക്‌ സങ്കല്‍പ്പിക്കാനേ കഴിഞ്ഞിരുന്നില്ല. അവന്‍ അടുത്തു വരുമ്പോള്‍ സിഗരറ്റിന്റെ ചൂരടിക്കുന്നുണ്ടോ എന്ന്‌ എനിക്ക്‌ നേരത്തെ സംശയമുണ്ടായിരുന്നു. എനിക്ക്‌ വെറുതെ തോന്നിയതാവും. അവന്‍ അങ്ങനെ ചെയ്യില്ലെന്ന്‌ തന്നെ ഞാന്‍ ഉറച്ചു വിശ്വസിച്ചു. സിഗരറ്റ്‌ പാക്ക്‌ അവന്റെ കീശയില്‍ നിന്ന്‌ കണ്ടെടുത്തതോടെ ആ സംശയം തീര്‍ന്നു. കൂട്ടുകാരോടൊപ്പം അവന്‍ സിഗററ്റ്‌ വലിച്ചിരിക്കുന്നത്‌ ഞാന്‍ നേരില്‍ കാണുകയും ചെയ്‌തു. ഞാന്‍ ശരിക്കും ചൂടായി. അവന്‌ കുറ്റബോധമുണ്ടാകുമെന്നും ക്ഷമ ചോദിക്കുമെന്നുമാണ്‌ ഞാന്‍ കരുതിയത്‌. പക്ഷേ, തട്ടിക്കേറുന്ന മട്ടിലായിരുന്നു അവന്റെ പ്രതികരണം. എനിക്കറിയില്ല... പിഴച്ചത്‌ എനിക്കാണോ അവനാണോ?
നേരം തെറ്റിയ ഉറക്കം
നമ്മുടെയും നമ്മുടെ കുട്ടികളുടെയും ജീവിതങ്ങള്‍ തമ്മില്‍ വലിയ വിടവ്‌ ഞാന്‍ കാണുന്നു. നേരത്തെ ഉറങ്ങുക, നേരത്തെ എഴുന്നേല്‍ക്കുക ഇതാണല്ലോ നാം നല്ലതെന്ന്‌ കരുതുന്ന രീതി. പക്ഷേ മകന്‍ രാത്രിയും പകലും തിരിച്ചിടുകയാണ്‌. രാത്രി എപ്പോഴോ കിടക്കുന്നു. പകല്‍ മിക്ക സമയത്തും അന്തം കെട്ടുറങ്ങുന്നു. സ്‌കൂളിലേക്ക്‌ പോകാന്‍ കൃത്യസമയമൊന്നുമില്ല. എത്ര ഉപദേശിച്ചാലും, ഒന്നും ഏശുന്നില്ല. പാഠങ്ങളൊക്കെ പിന്നെ എങ്ങനെ പഠിക്കും? സുഹൃത്തേ, അങ്ങേയറ്റം പാരാജയപ്പെട്ട പിതാവാണ്‌ ഞാനെന്ന്‌ തോന്നിപ്പോകുന്നു. അവനെ നേര്‍വഴിക്ക്‌ കൊണ്ടുവരാന്‍ ഒരു വഴിയും ഞാന്‍ കാണുന്നില്ല. കടുത്ത നിരാശ എന്നെ വന്ന്‌ മൂടുകയാണ്‌.
തൊഴില്‍ പരിചയം
മകന്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന സന്ദര്‍ഭം. പഠിക്കുന്നതോടൊപ്പം അവന്‌ എന്തെങ്കിലും പാര്‍ടൈം ജോലി ചെയ്യണമെന്ന്‌ നിര്‍ബന്ധം. ഏതോ ഒരു അത്തര്‍ കച്ചവടക്കാരന്റെ റെപ്‌ ആയിട്ടാണ്‌. അത്‌ പഠനത്തെ ബാധിക്കുമെന്നും മറ്റും ഞാന്‍ പറഞ്ഞു നോക്കി. അവനുണ്ടോ കേള്‍ക്കുന്നു! വേറെ വഴിയൊന്നുമില്ലാത്തതിനാല്‍ ഞാനതിന്‌ സമ്മതിച്ചു. പിന്നെ അവന്റെ വീട്ടിലേക്കുള്ള വരവ്‌ അര്‍ധരാത്രിയും കഴിഞ്ഞായി. ഞാന്‍ ചോദ്യം ചെയ്യുമ്പോള്‍ അവനെന്നോട്‌ കയര്‍ത്ത്‌ സംസാരിക്കുകയാണ്‌. പറയുന്നതൊന്നും അവന്‌ തീരെ ഇഷ്ടമാകുന്നില്ല. ശമ്പളം കിട്ടാതായപ്പോള്‍ അവന്‍ ആ ജോലി വേണ്ടന്ന്‌ വെച്ചു. പിന്നെ ഞാന്‍ തന്നെ അവന്‌ ഒരു ജോലി ഏര്‍പ്പാടാക്കിക്കൊടുക്കണ മെന്നായി. ഒരു സുഹൃത്തിനെ വിളിച്ച്‌ ഞാനക്കാര്യം സാധിച്ചുകൊടുത്തു. എന്നാലിപ്പോള്‍ കൃത്യത്തിന്‌ ജോലിക്കു പോകുമോ? അതുമില്ല. കിടക്കയില്‍ എത്ര ഉരുട്ടിയാലാണ്‌ അവന്‍ എണീറ്റുകിട്ടുക?
അതാ വരുന്നു പേമാരി
സുഹൃത്തേ, എന്റെ പ്രശ്‌നങ്ങള്‍ പറഞ്ഞാല്‍ അതെഴുതിവെക്കാന്‍ വാള്യങ്ങള്‍ വേണ്ടി വരും. ഇപ്പോഴിതാ മറ്റൊരു തലവേദന. ഇന്റര്‍നെറ്റിലെ അശ്ലീല സൈറ്റുകളില്‍ അവന്‍ കയറിയിറങ്ങാന്‍ തുടങ്ങിയിരിക്കുന്നു. ഒരു പെണ്‍കുട്ടിയുമായി മൊബൈലില്‍ ലോഗ്യത്തിലായിട്ടുമുണ്ട്‌. അവര്‍ തമ്മില്‍ ഇ-മെയില്‍ ഇടപാടുകളും ധാരാളം. വളരെ വൈകി വീട്ടില്‍ വന്നാലും പിന്നെയും കാണാം. മൊബൈലില്‍ അല്ലെങ്കില്‍ നെറ്റില്‍ അവളുമായി സംസാരിക്കുന്നു. ഒരറ്റവും കണക്കുമില്ലാതെ. ഞാന്‍ എത്ര കടുത്ത്‌ പറയുന്നുവോ അതിനനുസരിച്ച്‌ അവന്റെ ധിക്കാരവും ശാഠ്യവും കൂടിവരുന്നു.
ഒടുവില്‍ പോലീസ്‌ ലോക്കപ്പില്‍
രാത്രി രണ്ടു മണി കഴിഞ്ഞു കാണും. ഞങ്ങള്‍ മകനെയും കാത്ത്‌ ഉറങ്ങാതെ ഇരിക്കുകയാണ്‌. അപ്പോഴുണ്ട്‌ സുഹൃത്തിന്റെ ഒരു ഫോണ്‍ കോള്‍. നിങ്ങളുടെ മകന്‍ പോലീസ്‌ ലോക്കപ്പിലാണ്‌! അപ്പോള്‍ എന്റെ മാനസികാവസ്ഥ! എല്ലാം തകരുകയാണ്‌. ഞാന്‍ പലരെയും വിളിച്ചു. നെട്ടോട്ടമോടി. എന്നിട്ടും മൂന്ന്‌ രാത്രിയും മൂന്ന്‌ പകലും അവന്‌ ലോക്കപ്പില്‍ കഴിയേണ്ടിവന്നു.
*** *** ***
വായനക്കാരാ, വര്‍ഷത്തോളമായി ഒരു പിതാവ്‌ എന്നോട്‌ പറഞ്ഞു കൊണ്ടിരിക്കുന്ന ജീവിതാനുഭവങ്ങളാണ്‌ ഞാന്‍ ചുരുക്കിപ്പറഞ്ഞിരിക്കുന്നത്‌. പ്രശ്‌നങ്ങളുടെ ഭാണ്ഡക്കെട്ട്‌ അഴിച്ച്‌ വെക്കുമ്പോള്‍ ഞാനദ്ദേഹത്തോട്‌ രണ്ട്‌ കാര്യം മാത്രം നിരന്തരം പറഞ്ഞു കൊണ്ടിരുന്നു. ക്ഷമിക്കൂ, പ്രതീക്ഷ കൈവിടരുത്‌. ഞാന്‍ വെറും വാക്ക്‌ പറയുകയാണെന്ന്‌ അദ്ദേഹത്തിന്‌ തോന്നിയിട്ടുണ്ടാകണം. എന്റെവാക്കുകള്‍ അദ്ദേഹം മുഖവിലക്കെടുത്തില്ലെന്ന്‌ അദ്ദേഹത്തിന്റെ മുഖഭാവം കണ്ടാല്‍ അറിയാം. മകന്‍ നഷ്ടപ്പെട്ടതു തന്നെ എന്ന്‌ അദ്ദേഹം ഉറപ്പിച്ച മാതിരിയുണ്ട്‌... അങ്ങനെയിരിക്കെ ഒരു ദിവസം ആ സുഹൃത്ത്‌ ഫോണില്‍ വിളിച്ചു. മകന്‍ തിരിച്ചു വന്നിരിക്കുന്നു'- അദ്ദേഹത്തിന്‌ ആഹ്ലാദം അടക്കിവെക്കാനാവുന്നില്ല.
ഞാന്‍ കാര്യം തിരക്കി.
സുഹൃത്ത്‌ പറഞ്ഞു: ``നമ്മുടെ സ്വാതന്ത്ര്യ ചത്വരത്തില്‍ (ഈജിപ്‌ത്‌) പ്രക്ഷോഭം നടക്കുകയായിരുന്നല്ലോ. മകന്‍ ഒരിക്കല്‍ എന്നോട്‌ പറഞ്ഞു, ആ പ്രക്ഷോഭത്തില്‍ പങ്ക്‌ കൊള്ളാന്‍ പോവുകയാണ്‌. എനിക്ക്‌ ഒരേ സമയം പേടിയും സന്തോഷവും തോന്നി. ജീവിതത്തില്‍ ലക്ഷ്യബോധമുള്ള ഒരു പ്രവൃത്തിക്ക്‌ അവന്‍ തുനിഞ്ഞല്ലോ എന്നാലോചിച്ചായിരുന്നു ആഹ്ലാദം. ഞാനവന്‌ അനുവാദം നല്‍കി... സ്വാതന്ത്ര്യത്തിന്റെ ചത്വരത്തില്‍ നിന്ന്‌ അവന്‍ തിരിച്ച്‌ വന്നത്‌ മറ്റൊരു ആളായിട്ടായിരുന്നു. ഫ്രീഡം സ്‌ക്വയറില്‍ അവന്‍ പുതിയ സുഹൃത്തുക്കളെ കണ്ടെത്തി. ഭക്ഷണം വിതരണം ചെയ്യുന്ന, ആവശ്യക്കാരെ സഹായിക്കുന്ന, ചപ്പുചണ്ടി കള്‍ വാരി ചത്വരം വൃത്തിയാക്കുന്ന പുതിയ സുഹൃത്തുക്കളെ, അതെ ഫ്രിഡം സ്‌ക്വയര്‍ അവന്‌ ഒരു ധര്‍മപാഠശാലയായിരുന്നു. ദേശത്തോടുള്ള സ്‌നേഹം, ജനങ്ങളോടുള്ള സ്‌നേഹം, ആത്മാര്‍പണം, ത്യാഗമനസ്സ്‌ ഇങ്ങനെ എന്തെല്ലാം മഹത്തായ മൂല്യങ്ങളാണ്‌ ആ പാഠശാല നമ്മുടെ ചെറുപ്പക്കാരില്‍ നിക്ഷേപിച്ചത്‌... അതേ സുഹൃത്തേ, അവന്‍ മതനിഷ്‌ഠയുള്ള നല്ലൊരു ചെറുപ്പക്കാരനായി മാറിയിരിക്കുന്നു.
സുഹൃത്ത്‌ തുടര്‍ന്നു: നിങ്ങള്‍ തന്ന ആ ഉപദേശം ഞാന്‍ ഒരിക്കലും മറക്കില്ല. തോറ്റുപോകുമെന്ന്‌ പേടിക്കാതിരിക്കുക എന്നായിരുന്നല്ലോ ആ ഉപദേശം.
ഞാന്‍ പറഞ്ഞു: ``ജീവിതത്തില്‍ തോറ്റുപോകുമെന്ന്‌ പേടിക്കുന്നവന്‍ തോല്‍ക്കാനും നിരാശയിലാണ്ടുപോകാനുമുള്ള സാധ്യത വളരെ കൂടുതലാണ്‌. യഅ്‌കൂബ്‌ നബിയുടെ നാവിലൂടെ ദൈവദൂതന്‍ നമ്മെ ഒരു കാര്യം പ്രത്യേകം ഉണര്‍ത്തുന്നുണ്ടല്ലോ: ``അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച്‌ നിരാശരാവരുത്‌. സത്യനിഷേധികള്‍ മാത്രമേ ദൈവ കാരുണ്യത്തില്‍ നിരാശരാകൂ.'' (യൂസുഫ്‌: 87)
ഗാര്‍ഡിനര്‍ എന്ന എഴുത്തുകാരന്‍ പറഞ്ഞിട്ടുണ്ട്‌: ``തോറ്റു പോകുമോ എന്ന പേടി കാരണം നാം വലിയ വില കൊടുക്കേണ്ടി വരുന്നുണ്ട്‌. പുരോഗതിയുടെ മാര്‍ഗത്തിലെ വലിയ തടസ്സമാണത്‌. നമ്മുടെ ജീവിതാനുഭവങ്ങളില്‍ ശരികളെ മാത്രമല്ല തെറ്റുകളെയും നമുക്ക്‌ അഭിമുഖീകരിക്കേണ്ടിവരും. തോല്‍ക്കുമെന്ന പേടിയെ നേരിട്ടുകൊണ്ട്‌ മാത്രമേ നമുക്ക്‌ മുന്നോട്ട്‌ പോകാനാവൂ.''
പുത്രന്‍ യൂസുഫിന്റെ വേര്‍പ്പാട്‌ കാരണം ദുഃഖത്താല്‍ കണ്‍പാടകള്‍ വെള്ളുത്തു പോയ യഅ്‌കൂബ്‌ നബിയെ ഖുര്‍ആന്‍ (യൂസുഫ്‌ 83) പരിചയപ്പെടുത്തുന്നുണ്ട്‌. ആ സംഭവത്തില്‍ എല്ലാ പിതാക്കള്‍ക്കും ഗുണപാഠമുണ്ട്‌. മകന്‍ നല്ലവനാകട്ടെ മോശക്കാരനാവട്ടെ അവന്‍ പിതാവിന്‌ ഒരു പരീക്ഷണമാണ്‌. ക്ഷമിക്കുക, വളരെ സൗമ്യതയോടെ മക്കളെ നേരായ മാര്‍ഗത്തിലേക്ക്‌ കൊണ്ട്‌ വരാന്‍ യത്‌നിച്ചു കൊണ്ടിരിക്കുക, ഒപ്പം നിതാന്തമായ പ്രാര്‍ത്ഥനയും. ഇതേ നമുക്ക്‌ ചെയ്യാനുള്ളൂ.
മിക്ക രക്ഷിതാക്കളും ഭൗതിക ലോകത്ത്‌ മക്കള്‍ വലിയ വലിയ നേട്ടങ്ങള്‍ കൈവരിക്കട്ടെ എന്ന്‌ അംഗീകരിക്കുന്നവരാണ്‌. മക്കളുടെ പരലോക വിജയം അവരുടെ വിഷയമേ അല്ല. ലുഖ്‌മാന്‍ തന്റെ മകനെ ഉപദേശിച്ച കാര്യങ്ങള്‍ ഖുര്‍ആനില്‍ ഒരാവര്‍ത്തി കൂടി അവര്‍ വായിക്കട്ടെ (ലുഖ്‌മാന്‍ 13-19)
വിവ: സ്വാലിഹ

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top