നൊമ്പരത്തില്‍ നിന്നുണര്‍ന്ന്‌

ഫാബി മുജീബ്‌ No image

സമൂഹത്തിലെ വലിയ മൂല്യച്യുതികള്‍ക്കെതിരെ ഇത്തിരിപ്പോന്ന കുട്ടികള്‍ക്കെന്ത്‌ ചെയ്യാന്‍ കഴിയും. എന്തെങ്കിലും ചെയ്‌തേ പറ്റൂ എന്ന വാശിയാണെങ്കില്‍ ഹനിന്‍ അസീസിനെപ്പോലെയാവണം. അവള്‍ അക്രമങ്ങള്‍ക്കെതിരെ `മതിലുകള്‍' തീര്‍ത്തിട്ടുണ്ട്‌. ``കുടുംബം കൂട്ടിയുറപ്പിക്കാന്‍ പണിതു ഞാന്‍ മതിലൊന്ന്‌
മതിലുകള്‍ക്കപ്പുറം പക്ഷേ,
നഷ്ടപ്പെട്ട മതിലുകള്‍
ചൈനയിലെ മതിലല്ല
എന്‍ ഹൃദയഭിത്തിയെന്‍ മതില്‍
ബന്ധങ്ങള്‍ നഷ്ടപ്പെട്ടതും
പൊളിച്ചു മതിലുകള്‍ ഞാന്‍.''
``ചിപ്‌സും കോളയും നെറ്റും
തീര്‍ത്ത മതിലുകളെ
ഇതു തന്നെയോ ജീവിതം'' കൂടാതെ പാടങ്ങള്‍ നികത്തപ്പെടുന്നതും, വൃദ്ധസദനങ്ങളും, സൗമ്യ മൃഗീയമായി കൊലചെയ്യപ്പെട്ടതും, ഇന്നത്തെ കേരളവും, എത്യോപ്യയുമെല്ലാം ഹനിന്‍ കവിതയാക്കി.
ഉപ്പ അബ്ദുല്‍ അസീസ്‌ കടയിലിരുന്ന്‌ വസ്‌ത്രങ്ങള്‍ നെയ്യുമ്പോള്‍ മകള്‍ ഹനിന്‍ അസീസിന്റെ മനസ്സില്‍ എപ്പോഴും നെയ്‌തെടുക്കുന്നത്‌ കവിതകളായിരിക്കും. മകളുടെ കഴിവ്‌ ഇതിലും നേരത്തെ കണ്ടെത്തിയില്ലല്ലോ എന്ന പരിഭവമാണ്‌ ഉമ്മ നസീമക്ക്‌. എല്‍.പി ക്ലാസ്സുകളില്‍ പഠിക്കുമ്പോള്‍ ടീച്ചര്‍ ഹോംവര്‍ക്കായി കൊടുക്കുന്ന രചനാവിഷയങ്ങള്‍ മികവുറ്റ രീതിയില്‍ ചെയ്‌തുകാണിക്കുമ്പോള്‍ ആരാണ്‌ സഹായിച്ചതെന്ന്‌ ചോദിക്കാറുണ്ടായിരുന്നത്രെ. ഏഴാം ക്ലാസ്സ്‌ വരെ എഴുതിയതെല്ലാം ആരും കാണാതെ ഒളിപ്പിച്ച്‌ വെക്കുമായിരുന്നു ഹനിന്‍.
അടുത്ത കൂട്ടുകാരി ആതിര കാന്‍സര്‍ ബാധിച്ച്‌ മരണപ്പെട്ടപ്പോള്‍ താങ്ങാനാവാത്ത നൊമ്പരമായി മാറി അത്‌. ആതിരയുടെ അഛനും അമ്മയും അതേ രോഗം ബാധിച്ച്‌ മരണപ്പെട്ടിട്ട്‌ അധികമായിരുന്നുമില്ല. അനിയനെയും ആതിരയെയും സംരക്ഷിച്ചിരുന്നത്‌ പിന്നീട്‌ അമ്മൂമ്മയായിരുന്നു. ``ഒന്നിച്ചു നാം നട്ട പനിനീര്‍ച്ചെടി
പൂത്തുവോ എന്‍ പ്രിയ കൂട്ടുകാരി
പള്ളിക്കൂടത്തെ ഞാനോര്‍ത്തിടുമ്പോള്‍
മോഹഭംഗത്താല്‍ വിങ്ങുന്നു എന്‍മനം'' ആ രാത്രി കുറെ കരഞ്ഞു കിടന്ന ഹനിന്‍ ഉറക്കത്തിലേക്ക്‌ വഴുതിവീണതും ഈ വരികളാണവള്‍ സ്വപ്‌നത്തില്‍ കണ്ടത്‌. ഉടനെ ഞെട്ടിയുണര്‍ന്ന്‌ ഒരു നോട്ടു ബുക്കില്‍ കുറിച്ചുവെച്ചു. ആരും കാണാതെ എടുത്തുവെച്ച പുസ്‌തകം അടുത്ത വീട്ടിലെ പീതാംബരന്‍ ചേട്ടനാണ്‌ ആദ്യം കണ്ടത്‌. നല്ല വരികളാണെന്ന്‌ പറഞ്ഞ അയാള്‍ അവളെ വിളിച്ച്‌ അഭിനന്ദിക്കുകയും വീണ്ടും എഴുതാന്‍ പ്രേരിപ്പിക്കുകയും ചെയ്‌തു.
എഴുതുന്നതെല്ലാം ആദ്യം കാണിക്കുന്നത്‌ വാപ്പിച്ചിയെയാണ്‌. ആദ്യമെല്ലാം കുട്ടിക്കവിതകള്‍ മാത്രമെഴുതിയിരുന്ന ഹനിന്‍ പിന്നീട്‌ ഗൗരവമുള്ള വിഷയങ്ങള്‍ കൈയിലെടുക്കാന്‍ തുടങ്ങി. പുത്തന്‍ചിറ ഗവണ്‍മെന്റ്‌ സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരിക്കെ ഹനിന്റെ `മഴത്തുള്ളി ഉടയുമ്പോള്‍' എന്ന കവിതാസമാഹാരം പുറത്തിറങ്ങി. സിപ്പി പള്ളിപ്പുറമായിരുന്നു പ്രകാശനം നിര്‍വഹിച്ചത്‌. `അങ്കണം' മാസികയിലും, മാള കേന്ദ്രീകരിച്ച്‌ പ്രസിദ്ധീകരിക്കുന്ന `അതുല്‍ വാര്‍ത്ത'യിലും കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഉപ്പയുടെ ജ്യേഷ്‌ഠന്‍ ആനുകാലിക വിഷയങ്ങള്‍ കാണുമ്പോഴേക്കും ഹനിന്റെ അടുത്തെത്തി അത്‌ വിഷയമാക്കി കവിതയെഴുതാന്‍ പറയും.
പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനിയായ ഹനിന്ന്‌ വായിക്കാന്‍ ബഷീര്‍ രചനകളാണേറെയിഷ്ടം. കവിതകള്‍ കേള്‍ക്കാനും ചൊല്ലാനും അതെ. തൃശൂര്‍ മാള പുത്തന്‍ചിറയിലെ വീട്ടില്‍ അഞ്ചാം ക്ലാസ്സുകാരന്‍ സഹോദരന്‍ ഷഹിന്‍ കൂടിയുണ്ട്‌. പഠിച്ചയിടങ്ങളിലെ അദ്ധ്യാപകരൊക്കെ പ്രോത്സാഹനം നല്‍കിയിട്ടുണ്ട്‌.
ഹനിന്റെ വിവേകപൂര്‍ണമായ ചില വരികള്‍ ഇവിടെ കുറിക്കാതെ വയ്യ. വൃദ്ധസദനങ്ങളെ അവളിങ്ങനെ വിലയിരുത്തി-
``എന്നഛനോടു ഞാന്‍ ചെയ്‌തൊരവിവേകം
എന്നുണ്ണിയതുപോലെ ചെയ്‌തുവല്ലോ
അന്നു ഞാനഛനെ കൊണ്ടുപോയെങ്കില്‍
ഇന്നു ഞാന്‍ പോകുന്നു ഏകനായി''
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top