ചെലോല്‍ത് റെഡ്യാവും ചെലോല്‍ത് റെഡ്യാവൂല്ല....

ജിഷ മനോജ് മോരിക്കര No image

ന്റത് റെഡ്യായില്ല...ന്നാലും മ്മക്കൊരു കൊയപ്പല്യ. കുഴപ്പമുണ്ടാവരുത് എന്ന് ശഠിച്ച് ഒരു വിദ്യാര്‍ഥിയെയും വാര്‍ത്തെടുക്കരുതെന്ന് ഫായിസിന്റെ പറയാതെ പറഞ്ഞ വാക്കുകള്‍ നമ്മെ ഇരുത്തിചിന്തിപ്പിക്കുന്ന ഒന്നു തന്നെ. നിത്യജീവിതത്തിലെ സമസ്ത മേഖലകളും പുതിയ മാറ്റങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുമ്പോള്‍ വിദ്യാഭ്യാസ മേഖലയെ ഏറെ ആശങ്കയോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്. ജൈവികതയില്‍നിന്ന് മൊത്തമായി സാങ്കേതികതയിലേക്ക് പെട്ടെന്നുണ്ടായ ചുവടുമാറ്റം വിദ്യാഭ്യാസപ്രക്രിയയെ വറചട്ടിയിലും എരിചട്ടിയിലുമിട്ട് പൊരിച്ചും വറുത്തും കോരുമ്പോള്‍ രുചികരമായത് തന്നെയോ ഇലത്തുമ്പില്‍ വിളമ്പാനായതും രുചിക്കാനായതും എന്ന് അന്യോന്യം ചോദിച്ച് നീറിപ്പുകയുകയാണ് എല്ലാവരും.
ഓരോ രാഷ്ട്രവും അതിന്റെ സാമൂഹിക-സാംസ്‌കാരിക-സാമ്പത്തിക പുരോഗതി കൈവരിക്കുന്നതിന് പറ്റിയ വിധം വിദ്യാഭ്യാസ സമ്പ്രദായത്തെ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയിലൂടെ പരിഷ്‌കരിച്ചുകൊണ്ടിരിക്കുന്നു. ഇവിടെയാണ് ഡിജിറ്റല്‍ സാക്ഷരതയുടെയും വിവരശേഖരണ വിദ്യാഭ്യാസത്തിന്റെയും പ്രസക്തി. ഡിജിറ്റല്‍ സാക്ഷരത എന്ന ആശയത്തിന് ഒരുപാട് വര്‍ഷത്തെ പഴക്കമുണ്ടെങ്കിലും അതിനേറെ വ്യാപ്തി കൈവന്നത് ഈ കോവിഡ് മഹാമാരിയുടെ കാലത്തുതന്നെയാണ്. സ്വകാര്യ സര്‍വകലാശാലകള്‍, അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ അതിന്റെ ശിഖരങ്ങളിലേക്ക് ചേക്കേറിയപ്പോള്‍ ഒട്ടും അമാന്തിച്ചുനില്‍ക്കാതെ കേരളവും അധ്യയനവര്‍ഷാരംഭത്തില്‍ തന്നെ സാങ്കേതിക വിദ്യയിലൂന്നിയ പഠനത്തിന് നാന്ദികുറിച്ചു. ഒരു പ്രതിസന്ധി ഘട്ടത്തില്‍ വിദ്യാലയത്തിലെ അടഞ്ഞ വാതിലുകള്‍ക്കു മുമ്പില്‍ മനസ്സിന്റെ വാതില്‍ കൂടി കൊട്ടിയടക്കാതെ ഓണ്‍ലൈന്‍ പഠനം തുറന്നുതരുന്ന പുതിയ പുതിയ സാധ്യതകളിലൂടെയും സങ്കേതങ്ങളിലൂടെയും പഠനം പ്രാപ്യമാക്കുന്നതും തന്നെയാണ് വിവേകപൂര്‍ണമായ തീരുമാനം.
ഒരു കുട്ടി വളര്‍ന്നുവരുന്നതോടൊപ്പം തന്നെ അവനില്‍ അറിവുനിര്‍മാണപ്രക്രിയ വികസിച്ചുകൊണ്ടേയിരിക്കും. ഇത്തരത്തില്‍ 'ജീവിതത്തിലുണ്ടാകുന്ന എല്ലാ വെളിപ്പെടലുകളും പ്രവര്‍ത്തനമാണെന്നും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുവായി പറയാവുന്ന പേരാണ് വ്യവഹാരമെന്നും' വുഡ്‌സ് വര്‍ത്ത് അഭിപ്രായപ്പെടുന്നു. ജ്വലിക്കുന്ന ഒരു ദീപനാളം ഒരു ശിശുവിനെ ആകര്‍ഷിച്ചേക്കാം. എന്നാല്‍ അത് സ്പര്‍ശിച്ചപ്പോള്‍ കൈ വേദനിച്ചു. ദീപനാളം കുഞ്ഞിന് ആപല്‍ക്കരമായി മാറുകയും അവന്‍ തീ വര്‍ജിക്കുകയും ചെയ്യുന്നു. ഇങ്ങനെ നിരവധി അനുഭവങ്ങളിലൂടെ കണ്ടും കേട്ടും മണത്തും രുചിച്ചും സ്പര്‍ശിച്ചുമൊക്കെ പലവിധ ഇന്ദ്രിയാനുഭവങ്ങൡലൂടെയാണ് കുട്ടിയില്‍ ആശയസമ്പാദനം നടക്കുന്നത്. ഇതിന് ഇന്നത്തെ ഓണ്‍ലൈന്‍ പഠനം എത്രത്തോളം പര്യാപ്തമാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. 
ചര്‍ച്ചകളിലൂടെയും സംവാദാത്മക പ്രവര്‍ത്തനങ്ങളിലൂടെയും ചോദ്യങ്ങളിലൂടെയും ആരുടെയും പ്രലോഭനങ്ങളില്ലാതെ സ്വാഭാവികമായി ഇടപെടുന്ന അന്തരീക്ഷം സാങ്കേതിക പഠനങ്ങളില്‍നിന്നും ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ ഈ സംവിധാനം ആജീവനാന്തമെന്നതിലുപരി ഇന്നത്തെ പ്രസക്തമായ കാലയളവില്‍മാത്രം പൂര്‍ണമായി ആശ്രയിക്കാന്‍ പറ്റുന്ന ഒന്നാണെന്ന് സാരം. ശിശുകേന്ദ്രീകൃതവും പ്രവര്‍ത്തനാധിഷ്ഠിതവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം എല്ലാ കുട്ടികള്‍ക്കും ലഭ്യമാക്കുകയെന്നതാണ് 1986-ലെ ദേശീയ വിദ്യാഭ്യാസ നയം ലക്ഷ്യം വെക്കുന്നത്. 2017-ലെ കണക്കനുസരിച്ച് ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 64.84 ശതമാനം പേരാണ് ഇന്റര്‍നെറ്റ് ഉപഭോക്താക്കളായിട്ടുള്ളത്. എന്നാല്‍ ഗ്രാമീണ മേഖലയിലേക്ക് വരുമ്പോള്‍ വെറും 20.26 ശതമാനം പേര്‍ക്ക് മാത്രമാണ് ഈ സൗകര്യം ലഭിക്കുന്നത്. ഈയൊരു വ്യത്യാസം ഡിജിറ്റല്‍ റിസോഴ്‌സിന്റെ അഭാവം കൊണ്ടു മാത്രമല്ല, സാമ്പത്തികമായുള്ള പിന്നാക്കാവസ്ഥയും ഇതിന് കാരണമാണ്. കൂടാതെ പെണ്‍കുട്ടികളുടെ ഡിജിറ്റല്‍ ഉപയോഗം ശരാശരിയേക്കാള്‍ വളരെ താഴ്ന്ന നിലയിലാണ്. ഇത് ഡിജിറ്റല്‍ ഡിവൈഡിലേക്ക് കാര്യങ്ങളെത്തിക്കുകയും വിദ്യാഭ്യാസ അവകാശങ്ങള്‍ക്ക് വിരുദ്ധമാവുകയും ചെയ്യുന്നു. സാങ്കേതിക അസമത്വവും ലിംഗ അസമത്വവും പ്രകടമാകുന്നതു കൊണ്ടുതന്നെ ഓണ്‍ലൈന്‍ പഠനം വിദ്യാഭ്യാസ പ്രക്രിയയുടെ അടിസ്ഥാന ഘടകമായി പരിഗണിക്കാനോ പ്രസ്താവിക്കാനോ കഴിയില്ല.
ഗാന്ധിജിയുടെ അഭിപ്രായത്തില്‍ 'കുട്ടികളിലും മുതിര്‍ന്നവരിലുമുള്ള ശാരീരികവും ബുദ്ധിപരവും ആത്മീയവുമായ ഏറ്റവും നല്ല ഭാവങ്ങളെ ബഹിര്‍ഗമിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നതാണ് ശരിയായ വിദ്യാഭ്യാസം.' സമൂഹത്തിനുതകുന്ന രീതിയിലുള്ള ഒരു വ്യക്തിയുടെ സര്‍വതോമുഖമായ വളര്‍ച്ചയാണ് വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇവിടെ പഠനം നടക്കാനുതകുന്ന പരസ്പര വിനിമയം ആവശ്യമാണ്. സര്‍ഗാത്മകതയിലൂന്നിയതും ഗവേഷണാത്മകവുമായ വിനിമയ മാര്‍ഗങ്ങളിലൂടെയാണ് അതിന്റെ വളര്‍ച്ച. അധ്യാപകന്നും കുട്ടിക്കുമിടയില്‍ അല്ലെങ്കില്‍ കുട്ടികള്‍ക്കിടയില്‍ സംഭവിക്കേണ്ട കാര്യമാണ്. ഇത്തരം സാധ്യതകളാണ് വെര്‍ച്വല്‍ ക്ലാസുകളിലൂടെ നഷ്ടമാവുന്നത്. ഇവിടെ അധ്യാപകന്‍ ഏകദിശയിലൂടെ നേരത്തേ ശേഖരിച്ചുവെച്ച അറിവിന്റെ വിതരണം മാത്രമാണ് നടത്തുന്നത്. പരസ്പര വിനിമയ സാധ്യത ചില സ്വതന്ത്ര ആപ്പുകള്‍ നല്‍കുന്നുണ്ടെങ്കില്‍ കൂടി കുട്ടികളുടെ അന്വേഷണാത്മകത വികസിപ്പിക്കാനുതകുന്ന അവബോധ രൂപീകരണം നടക്കാതെ പോകുന്നു. ഒരു പ്രായോഗിക പ്രവര്‍ത്തനത്തില്‍ ജൈവികമായി ഏര്‍പ്പെടുമ്പോള്‍ ഒരു കുട്ടിക്ക് ലഭിക്കുന്ന മാനസികോല്ലാസവും ആത്മവിശ്വാസവും പടിപടിയായുയര്‍ന്ന് വിമര്‍ശനാത്മക ചോദ്യങ്ങളിലൂടെയും ഗവേഷണങ്ങളിലൂന്നിയുള്ള പ്രവര്‍ത്തനങ്ങളിലൂടെയും സര്‍ഗാത്മകതലം വികസിക്കുകയും പ്രായോഗിക പ്രശ്‌ന പരിഹാരത്തിനായുള്ള നിരവധി മാതൃകകള്‍ അധ്യാപകര്‍ക്കും സമൂഹത്തിനും മുമ്പില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. ഭാഷയും കലയും ശാസ്ത്രവും മാനവിക വിഷയങ്ങളുമൊക്കെ ഇത്തരം ഡിജിറ്റല്‍ സംവിധാനത്തിലൂടെ വിനിമയം ചെയ്യപ്പെടുമ്പോള്‍ അനുഭവപ്പെടുന്ന ദുര്‍ഗ്രാഹ്യത നമുക്ക് കണ്ടില്ലെന്നു നടിക്കാനാവില്ല.
ഈ സാങ്കേതിക വിദ്യയെ ജൈവോന്മുഖമായി വളര്‍ത്തിയെടുക്കേണ്ട അനിവാര്യത നമുക്ക് മുമ്പിലുണ്ട്. ലോകത്തെ പ്രതിസന്ധിയില്‍നിന്ന് പ്രതിസന്ധിയിലേക്ക് കൊണ്ടുപോവുന്ന ആധുനിക സാങ്കേതിക വിദ്യയുടെ മനുഷ്യത്വരഹിതമായ സ്വഭാവത്തെക്കുറിച്ച് ഭയവും ആശങ്കയും പങ്കുവെക്കുന്നുണ്ട് ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞനായ ഇ.എഫ് ഷൂമാക്കര്‍ തന്റെ 'Small is Beautiful' എന്ന ഗ്രന്ഥത്തില്‍. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ലോകത്തെ മൊത്തം ജനസംഖ്യയുടെ ആറില്‍ ഒരു ശതമാനം മാത്രമാണ് ഉല്‍പാദനരംഗത്ത് ഏര്‍പ്പെടുന്നത്. സാങ്കേതിക വിദ്യയുടെ നിയമങ്ങളും തത്ത്വങ്ങളും മനുഷ്യസ്വഭാവത്തില്‍നിന്ന് ഏറെ വ്യത്യസ്തമാണ്. സ്വയം സന്തുലിതമാക്കല്‍, സ്വയം ക്രമീകരിക്കല്‍, സ്വയം ശുദ്ധീകരണം എന്നിവയാണ് പ്രകൃതി വ്യവസ്ഥയെങ്കില്‍ സാങ്കേതിക വിദ്യക്ക് സ്വയം പരിധിയില്ലാത്ത ഒരു തത്ത്വവുമില്ല എന്നതാണ് യാഥാര്‍ഥ്യം. സാങ്കേതിക വിദ്യ മനുഷ്യന്റെ ജോലിഭാരം കുറക്കും, എന്നാല്‍ മനുഷ്യരുടെയും തലച്ചോറിന്റെയും വിദഗ്ധവും ഉല്‍പാദനപരവും ക്രിയാത്മകവുമായ പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കും എന്നാണ് അദ്ദേഹം ലേഖനത്തില്‍ സൂചിപ്പിക്കുന്നത്. 

മേന്മകള്‍

മുമ്പ് ഡിജിറ്റല്‍ പഠനം എന്നത് ഐഛികമായി തെരഞ്ഞെടുക്കാന്‍ പറ്റുന്ന ഒന്നാണെങ്കില്‍ ഇന്ന് അതൊരു അനിവാര്യതയായി മാറിയിരിക്കുന്നു. വിദ്യാഭ്യാസത്തെ ആധുനികവല്‍ക്കരിക്കാന്‍ ഈ പ്രതിസന്ധിഘട്ടത്തെ പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് ഉയര്‍ന്നുവരുന്നത്. വളരെ വലിയൊരു വിവര ശേഖരണ ശൃംഖലയിലേക്കുള്ള വാതിലാണ് നമ്മുടെ ഒറ്റ ടച്ചിലൂടെ തുറന്നുകിട്ടുന്നത്. കൂടാതെ ലോകത്തിന്റെ ഏതൊരു കോണിലുമുള്ള പഠിതാവിനും വളരെ മികച്ച അധ്യാപകരുടെ അധ്യയനം പരിമിതമായ കുട്ടികളിലൊതുങ്ങിപ്പോവാതെ നേരിട്ട് ലഭിക്കുന്നു എന്നത് ഈയൊരു സംവിധാനത്തിന്റെ ഗരിമ കൂട്ടുന്നു. ഇഷ്ടപ്പെട്ട കോഴ്‌സുകള്‍ തെരഞ്ഞെടുക്കാനും മറ്റ് രാജ്യങ്ങളില്‍ പോയി ജീവിതച്ചെലവ് നിവര്‍ത്തിക്കപ്പെടാനാവാതെ ഇരിക്കുന്നവര്‍ക്ക് കോഴ്‌സ് ഫീ മാത്രമടച്ച് അധ്യയനം നേടാന്‍ കഴിയുമെന്നതും സാധാരണക്കാരെ സംബന്ധിച്ചേടത്തോളം വലിയ നേട്ടം തന്നെയാണ്. ഇത്തരത്തിലുള്ള അധ്യയനരീതി വര്‍ഷങ്ങള്‍ക്കു മുമ്പേ തന്നെ നിരവധി യൂനിവേഴ്‌സിറ്റികളും സ്വകാര്യ സ്ഥാപനങ്ങളും അനുര്‍ത്തിച്ചു പോരുന്ന കാര്യമാണ്. ഓരോ വര്‍ഷവും വൈവിധ്യപൂര്‍ണമായ നിരവധി കോഴ്‌സുകള്‍ പഠിച്ചിറങ്ങുന്ന കുട്ടികള്‍ അനവധിയാണ്.
ഉല്‍പാദനക്ഷമതയാണ് ഒരു രാജ്യത്തിന്റെ സമഗ്ര പുരോഗതിക്ക് നിദാനം. ഒരു ഉല്‍പന്നം നിര്‍മിക്കണമെങ്കില്‍ അതിനനുയോജ്യമായ അസംസ്‌കൃത വസ്തുക്കള്‍, ഉപകരണങ്ങള്‍, മാനുഷിക വൈദഗ്ധ്യം തുടങ്ങിയ നിരവധി ഘടകങ്ങള്‍ ആവശ്യമാണ്. കൂടുതല്‍ അസംസ്‌കൃത പദാര്‍ഥങ്ങളും പ്രയത്‌നവും ചെലവഴിച്ചതുകൊണ്ടുമാത്രം ഗുണമേന്മയുള്ള ഉല്‍പന്നം ലഭിക്കണമെന്നോ ഉല്‍പാദനം വര്‍ധിക്കണമെന്നോ ഇല്ല. എന്നാല്‍ സാങ്കേതിക പരിജ്ഞാനവും കൂടിച്ചേരുമ്പോള്‍ അതിശയകരമായ മെച്ചം കാണാന്‍ സാധിക്കും. ഇതുപോലെത്തന്നെ പഠനം പൂര്‍ണതയിലെത്തുന്നതിനു വേണ്ടിയുള്ള എല്ലാ ആധുനിക സിദ്ധാന്തങ്ങളുടെയും ഉപകരണങ്ങളുടെയും അധ്യാപന രീതികളുടെയും ഉപയോഗത്തിന്റെ ആകത്തുകയാണ് വിദ്യാഭ്യാസവിദ്യ. ഇവിടെയാണ് ഒരു അധ്യാപകന്‍ 'ഠലരവിീ ജലറമഴീഴൗല' ആയി മാറേണ്ടതിന്റെ സാംഗത്യം നിലനില്‍ക്കുന്നത്. സാങ്കേതികതയും അധ്യയനവും കോര്‍ത്തിണക്കി ഇ-ലേണിംഗിന്റെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തുകയും പ്രയോഗവല്‍ക്കരിക്കുകയും ചെയ്യേണ്ടതുണ്ട്. സാങ്കേതികതയെ എങ്ങനെയൊക്കെയാണ് അധ്യയനത്തില്‍ സമ്മേളിപ്പിക്കുക, കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍-ഹാര്‍ഡ്‌വെയര്‍ എന്നിവയെക്കുറിച്ചുള്ള അറിവ്, വിവിധ ഇലക്‌ട്രോണിക് ടൂള്‍സ്, അതിന്റെ ഉപയോഗരീതി വെബ് ബ്രൗസിംഗ് എന്നതൊക്കെ ടെക്‌നോ പെഡഗോഗിയുടെ പരിധിയില്‍പെടുന്ന വിഷയമാണ്.

വ്യത്യസ്ത നിലപാട്

വിദ്യാഭ്യാസ സാങ്കേതിക വിദ്യയെക്കുറിച്ച് മൂന്ന് വ്യത്യസ്ത വീക്ഷണങ്ങളുണ്ട്. ഇതില്‍ ആദ്യത്തേത് അധ്യാപന പ്രക്രിയയില്‍ പ്രയോജനപ്പെടുത്താവുന്ന ഉപകരണങ്ങളുടെ കാര്യത്തില്‍ സാങ്കേതികത പ്രയോഗിക്കുക എന്നതാണ്. അതായത് ഹാര്‍ഡ്‌വെയര്‍ സമീപനം. പഠനോപകരണങ്ങള്‍ സങ്കീര്‍ണമോ ലളിതമോ ആകാം. അല്ലെങ്കില്‍ ആശയപ്രധാനമോ പ്രവൃത്തിപ്രധാനമോ ആവാം. എങ്ങനെയായാലും പഠിതാവിന്റെ സജീവ പഠന പങ്കാളിത്തത്തിന് ഇവ ആവശ്യമാണ്. അധ്യാപകന്‍ പ്രഭാഷണം കുറച്ച് ബന്ധപ്പെട്ട ഉപകരണങ്ങള്‍ കാണിച്ചുകൊടുക്കുകയും പഠനപ്രവര്‍ത്തനങ്ങള്‍ക്ക് ഇവ ഉപയോഗിക്കുകയും ചെയ്യുമ്പോള്‍ നൂതന പഠനസാഹചര്യങ്ങള്‍ ജന്മം കൊള്ളുന്നു. രണ്ടാമത്തെ വീക്ഷണം വിദ്യാഭ്യാസ സാങ്കേതിക വിദ്യ വിദ്യാഭ്യാസ ബോധനത്തില്‍ ശാസ്ത്രീയ സിദ്ധാന്തങ്ങള്‍ ഉപയോഗിക്കുന്ന അവസ്ഥയെ സൂചിപ്പിക്കുന്നു. ഇത് സോഫ്റ്റ്‌വെയര്‍ സമീപനത്തില്‍ പെടുന്നു. വ്യത്യസ്തമായ സോഫ്റ്റ്‌വെയറുകള്‍ ക്ലാസ് മുറിയില്‍ ആവശ്യമാണ്. ശാസ്ത്രീയമായി തയാറാക്കിയ പാഠക്കുറിപ്പുകള്‍, കരിക്കുലം പാക്കേജുകള്‍, പത്രങ്ങള്‍, മാസികകള്‍, പുസ്തകങ്ങള്‍, മൊഡ്യൂളുകള്‍, മാന്വലുകള്‍, മിന്നല്‍ കാര്‍ഡുകള്‍, വിദ്യാഭ്യാസക്കളികള്‍, മൈക്രോ ബോധനം തുടങ്ങിയവ സോഫ്റ്റ്‌വെയറുകളാണ്. ആദ്യത്തെ വീക്ഷണം ബോധനരംഗത്ത് സങ്കീര്‍ണങ്ങളായ യന്ത്രസാമഗ്രികളുടെ ഉപയോഗത്തിന് പ്രാധാന്യം നല്‍കുമ്പോള്‍ രണ്ടാമത്തെ വീക്ഷണം പഠനത്തെ സ്വാധീനിക്കുന്ന മനശ്ശാസ്ത്ര വിദ്യാഭ്യാസ ദാര്‍ശനിക തത്ത്വങ്ങള്‍ക്കാണ് ഊന്നല്‍ കൊടുക്കുന്നത്. മൂന്നാമത്തേത് ആദ്യം പറഞ്ഞ രണ്ടു വീക്ഷണ ഗതികളും കൂട്ടിയിണക്കി പഠനത്തിലും പരിശീലനത്തിലും ഡിസ്റ്റന്‍സ് സമീപനം നിര്‍ദേശിക്കുന്നു. അതിനാല്‍ മനുഷ്യരും മാധ്യമങ്ങളും യന്ത്രങ്ങളും അന്യോന്യ ബന്ധം പുലര്‍ത്തുന്ന ഭാവങ്ങളെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സിസ്റ്റമായി ഈ വീക്ഷണം വിദ്യാഭ്യാസത്തെ കാണുന്നു. 
ഇങ്ങനെയുള്ള വ്യത്യസ്ത സമീപനങ്ങള്‍ കുട്ടിയുടെ വൈകാരിക മേഖലയുമായി ബന്ധപ്പെടുത്തി ഓരോ വ്യവഹാരശൈലി ഓരോ കുട്ടിയിലും രൂപപ്പെട്ടുവരണം. 1964-ല്‍ ഡോ. ക്രോത്‌വോള്‍, ഡോ. ബ്ലൂം, മാസിയ എന്നിവര്‍ ചേര്‍ന്ന് വൈകാരിക മേഖലയിലെ വ്യവഹാരങ്ങളെ അഞ്ചു പ്രധാന ഘട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വീകരിക്കല്‍, പ്രതികരിക്കല്‍, മൂല്യം കല്‍പിക്കല്‍, സംഘടിക്കല്‍, മൂല്യങ്ങളെ സഹജഗുണമാക്കി മാറ്റല്‍ എന്നിവയാണത്. ഈ വ്യവഹാര ശൈലി ഗുണമുള്ളതും ശക്തവുമായ സാമൂഹിക പരിവര്‍ത്തനത്തിന് പര്യാപ്തമാവണം.
പരിവര്‍ത്തനം ഒരു പ്രകൃതി പ്രതിഭാസമാണ്. മനുഷ്യസമൂഹത്തിന്റെ കാര്യവും അങ്ങനെത്തന്നെ. അതിനായി വേണ്ട പ്രോത്സാഹനവും നിയന്ത്രണവും വേണം. വിദ്യാഭ്യാസത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യം ഇതായതുകൊണ്ട് അധ്യാപകര്‍ക്ക് ഇതിനെക്കുറിച്ച് വ്യക്തമായ ധാരണയും കാഴ്ചപ്പാടും വേണം.
സമൂഹത്തിന്റെ കാഴ്ചപ്പാടുകളിലും ആശയാഭിലാഷങ്ങളിലും പ്രവര്‍ത്തനരീതികളിലുമുണ്ടാവുന്ന പരിവര്‍ത്തനമാണ് സാമൂഹിക പരിവര്‍ത്തനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. 
സമൂഹം ചലനാത്മകമാണ്. അതൊരിക്കലും സ്ഥിരമായി നില്‍ക്കുന്നില്ല. പരിവര്‍ത്തനം സമൂഹത്തില്‍ ആവശ്യമാണ്. ഒരു ജീവനുള്ള വസ്തുവിനെപ്പോലെ അതും സദാ മാറുകയും വളരുകയും ചെയ്യുന്നു. പരിവര്‍ത്തനത്തിനു വിധേയമാക്കാതെ കെട്ടിനിര്‍ത്തപ്പെടുന്ന ഒരു സമൂഹത്തില്‍ വിനാശകരമായ വിപ്ലവങ്ങള്‍ക്ക് സാധ്യതയുണ്ട്. ഒരു പൊട്ടിത്തെറിയിലൂടെയാവും ചിലപ്പോള്‍ അവിടെ പരിവര്‍ത്തനം നടക്കുക. മൂല്യച്യുതിയില്ലാതെ ആധുനികതയിലേക്ക് കുട്ടികളെ നയിക്കാനും നല്ല സാമൂഹിക പരിവര്‍ത്തനങ്ങള്‍ സംജാതമാക്കാനും അവരെ പ്രാപ്തരാക്കേണ്ടത് അധ്യാപകരുടെയും രക്ഷിതാക്കളുടെയും കടമയായി കാണേണ്ടതുതന്നെയാണ്. 

 

ചില കേരള മാതൃകകള്‍

ഇന്ന് രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഭൂരിഭാഗം സംസ്ഥാനങ്ങളും ദേശീയ ശരാശരിയേക്കാള്‍ വളരെ പിന്നിലാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇന്റര്‍നെറ്റ് ഉപഭോഗത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ദല്‍ഹിയാണ്. രണ്ടാമത് നില്‍ക്കുന്ന കേരളം ഇന്നത്തെ ഓണ്‍ലൈന്‍ പഠനത്തിന്റെ ഭാഗമായി ഒത്തിരി ചുവടുകള്‍ മുന്നോട്ടു വെച്ചു. എന്നിരുന്നാലും തുല്യനീതി ഉറപ്പാക്കുന്ന തരത്തില്‍ ഡിജിറ്റല്‍ ഡിവൈഡ്, അഥവാ സാങ്കേതിക വിഭജനം ഇല്ലാതിരിക്കുന്നതിനായി പ്രത്യേക പാക്കേജുകള്‍ തുടരേണ്ടതായുണ്ട്. മലമ്പ്രദേശങ്ങളിലും ഉള്‍നാടുകളിലും താമസിക്കുന്ന സമൂഹത്തിന്റെ താഴേത്തട്ടില്‍ നില്‍ക്കുന്നവര്‍, ആദിവാസി-പിന്നാക്ക സമുദായങ്ങളില്‍ പെടുന്നവര്‍ ഇവരെല്ലാം ഒരേപോലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ ഗുണഭോക്താക്കളാവേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ പ്രത്യേകമായെടുത്ത് ധാരാളം മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കേരളം മുന്നോട്ടുവെച്ചിട്ടുള്ളത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ വീടുകളില്‍ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികള്‍ക്ക് സര്‍ഗശേഷി പ്രകാശിപ്പിക്കുന്നതിനായി 'അക്ഷരവൃക്ഷം' പദ്ധതി നടപ്പിലാക്കി. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി കഥ, കവിത എന്നിങ്ങനെ കുട്ടികള്‍ തയാറാക്കി സ്‌കൂള്‍ വിക്കിയില്‍ പ്രസിദ്ധീകരിക്കാനുള്ള അവസരം നല്‍കി. കൂടാതെ പ്രീപ്രൈമറി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി 'കൈറ്റ് വിക്‌ടേഴ്‌സ്' ചാനലിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ നാല്‍പത്തഞ്ച് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് ജൂണ്‍ ഒന്നാം തീയതി തന്നെ ഓണ്‍ലൈനായി 'ഫസ്റ്റ് ബെല്ലി'ലൂടെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും അതിന് സൗകര്യവും സംവിധാനവുമില്ലാത്തവര്‍ക്ക് അധികം വൈകാതെത്തന്നെ അംഗന്‍വാടി, വായനശാല, കുടുംബശ്രീ യൂനിറ്റുകള്‍, യുവജന സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ നിരവധി പ്രാദേശിക കേന്ദ്രങ്ങളൊരുക്കി കുട്ടികള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ക്ലാസ് കാണാനുള്ള അവസരവുമൊരുക്കുകയും ചെയ്തു. ഇതിനായി സ്‌കൂള്‍ അധ്യാപകര്‍, മെന്റര്‍ & ടീച്ചേഴ്‌സ്, ബ്രിഡ്ജ് സ്‌കൂള്‍ പരിശീലകര്‍ എന്നിവര്‍ക്ക് ചുമതലകള്‍ നല്‍കി. ട്രൈബല്‍ കുട്ടികള്‍ക്കു വേണ്ടിയും പ്രത്യേക പഠന സംവിധാനങ്ങളൊരുക്കി. ഓരോ പാഠഭാഗവുമായും ബന്ധപ്പെട്ട് പ്രത്യേകം വര്‍ക് ഷീറ്റുകള്‍ തയാറാക്കി നല്‍കുന്നു. കൂടാതെ വിക്‌ടേഴ്‌സ് ക്ലാസിനെ കൃത്യമായി പിന്തുടരാന്‍ സാധിക്കാത്തവര്‍, കാഴ്ച-കേള്‍വി-ബുദ്ധി പരിമിതിയുള്ളവര്‍, മറ്റു പഠന വൈകല്യമുള്ളവര്‍ എന്നിവര്‍ക്കായി 'വൈറ്റ് ബോര്‍ഡ്' എന്ന പദ്ധതിയിലൂടെ പഠനവിഭവങ്ങള്‍ രൂപീകരിച്ച് നല്‍കിക്കൊണ്ടിരിക്കുന്നു. 


വസ്തുതകള്‍

ഓണ്‍ലൈന്‍ ക്ലാസിനെക്കുറിച്ച് ദേവിക (പേര് യഥാര്‍ഥമല്ല) എന്ന അമ്മക്ക് പറയാനുള്ളത് അവരുടെ മകന്‍ മുമ്പ് പഠനത്തില്‍ ശ്രദ്ധ കുറവായിരുന്നു. ഇപ്പോള്‍ കുട്ടി വളരെ താല്‍പര്യത്തോടെയാണ് ക്ലാസുകള്‍ കാണുന്നതും മറ്റു പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതുമെന്ന്. ഇതിനവര്‍ പറയുന്ന ഒരു കാരണം, മുമ്പ് കുട്ടിയെ എങ്ങനെ പഠനത്തില്‍ സഹായിക്കാം എന്നവര്‍ക്ക് അറിയില്ലായിരുന്നു. ഇന്ന് ടി.വിയില്‍ പാഠഭാഗം കൈകാര്യം ചെയ്യുന്നതു കാണുക വഴി കാര്യങ്ങളില്‍ കുറച്ചുകൂടി വ്യക്തത കൈവരുകയും വീട്ടിലിരുന്ന് കുട്ടിയെ നന്നായി ശ്രദ്ധിക്കാന്‍ കഴിയുകയും ചെയ്യുന്നു എന്നാണ്.
ടി.വിയില്‍ ക്ലാസ് കാണുമ്പോള്‍ നന്നായി മനസ്സിലാകുന്നുണ്ടെങ്കിലും പെട്ടെന്നു തന്നെ മറന്നുപോകുന്നു എന്നതാണ് പ്ലസ് വണിന് പഠിക്കുന്ന അജന്യക്ക് പറയാനുള്ളത്. ക്ലാസിലാവുമ്പോള്‍ ടീച്ചര്‍ ഒരു വിഷയമെടുക്കുന്നതിനിടയില്‍ കുട്ടികള്‍ ധാരാളം സംശയങ്ങള്‍ ചോദിക്കും. അതിനെല്ലാം ടീച്ചര്‍ പറയുന്ന മറുപടി, പിറ്റേ ദിവസം അതിന്റെ തുടര്‍ച്ച എന്നിവ ഉണ്ടാകുന്നതുകൊണ്ട് കാര്യങ്ങളൊന്നും മറന്നുപോവുന്നില്ല എന്നതാണ്.
കോളേജ് വിദ്യാര്‍ഥിയായ അനൂപ് പറയുന്നത് അവന് നഷ്ടമായിക്കൊണ്ടിരിക്കുന്ന സൗഹൃദങ്ങളെക്കുറിച്ചാണ്. കലാപ്രവര്‍ത്തനങ്ങളിലൊക്കെ താല്‍പര്യമുള്ള അവന്‍ ചില സമയങ്ങളിലൊന്നും ക്ലാസുകളിലിരിക്കാറില്ലെങ്കിലും പിന്നീടുള്ള കൂട്ടുകാരുടെ ചര്‍ച്ചകളില്‍നിന്നാണ് കാര്യങ്ങളെല്ലാം പഠിച്ചിരുന്നത്. കൂട്ടുകൂടാനും സംസാരിക്കാനുമൊന്നും ആരുമില്ലാത്ത നിരാശയാണ് അവന് പങ്കുവെക്കാനുള്ളത്.
വീടുകളില്‍ സൗകര്യമില്ലാത്തവര്‍ക്ക് പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസ് വീക്ഷിക്കുന്നതിനുള്ള സംവിധാനമൊരുക്കിയ അനുഭവമാണ് വാര്‍ഡ് മെമ്പര്‍ ശ്രീജിലക്ക് പറയാനുള്ളത്. ആദ്യസമയങ്ങളില്‍ ധാരാളം കുട്ടികള്‍ ഓരോ കേന്ദ്രങ്ങളിലും വന്നിരുന്നു. കുറേപ്പേര്‍ക്കൊക്കെ ടി.വി, ഫോണ്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. കുട്ടികള്‍ക്കിണങ്ങുന്ന വിധത്തിലായതുകൊണ്ട് എല്‍.പി തല ക്ലാസുകളൊക്കെ വളരെ താല്‍പര്യത്തോടെയാണ് കുട്ടികള്‍ കാണുന്നതെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ഒപ്പം ഫോളോ അപ്പിനും മറ്റുമായി കൂടുതല്‍ സമയം ഫോണ്‍ കുട്ടികളുടെ കൈയില്‍ കൊടുക്കുന്നതിന്റെ ഉത്കണ്ഠയും ആശങ്കയും അവര്‍ പങ്കുവെക്കുന്നു.
കഥയും പാട്ടും കളിയും ചിരിയും സ്‌കൂള്‍ കലാലയാങ്കണങ്ങളില്‍ നഷ്ടപ്പെട്ട കുട്ടികളാണ് വീടകങ്ങളില്‍ കുടുങ്ങി വീര്‍പ്പുമുട്ടുന്നത്. പഠനത്തോടൊപ്പം തന്നെ അവര്‍ക്ക് സ്വാതന്ത്ര്യത്തിന്റെയും സ്‌നേഹത്തിന്റെയും കരുതല്‍ നമ്മള്‍ ഉറപ്പാക്കണം. വളാഞ്ചേരി ഇരിമ്പിളിയം ദലിത് കോളനിയിലെ ദേവികയെപ്പോലെ ഒരുപാട് കുട്ടികളാണ് മാനസിക സമ്മര്‍ദമനുഭവിച്ച് ഓര്‍മമാത്രം ബാക്കിയാക്കി മാഞ്ഞുപോയത്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂര്‍ണ പിന്തുണയോടെ ജൈവപരിസരവുമായി ബന്ധപ്പെടുത്തി ആസ്വാദ്യകരമായ രീതിയില്‍ പഠനവിഭവങ്ങള്‍ സ്വാംശീകരിക്കാന്‍ കുട്ടികള്‍ക്ക് കഴിയണം.

 

പുതുവഴികള്‍

ഇന്ന് പഠനം രസകരമാക്കുന്നതിനും പുതുപഠനത്തിന്റെ വഴികള്‍ ലോകത്തിന്റെ ഏതു കോണില്‍നിന്ന് തേടിപ്പിടിക്കുന്നതിനും നിരവധി കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനുകള്‍ നിലവിലുണ്ട്. ലോകത്തെ ഏറ്റവും പ്രശസ്തമായ സൗജന്യ വിദ്യാഭ്യാസ പോര്‍ട്ടലായ 'ഖാന്‍ അക്കാദമി', സ്‌കൂള്‍ കുട്ടികള്‍ക്കു വേണ്ടി കേന്ദ്ര സര്‍ക്കാറിന്റെ ഔദ്യോഗിക ആപ്പായ ഉമാങ്, കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ എന്‍.സി.ഇ.ആര്‍.ടിയും ഐ.സി.ഇ.ടിയും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഇ-പാഠശാല, കൂടുതല്‍ ഭാഷ പഠിക്കാന്‍ അവസരം നല്‍കുന്ന ഡ്യുഓലിങ്കോ, പ്രൈമറി തലം മുതല്‍ കോളേജ് തലം വരെയുള്ള കുട്ടികള്‍ക്കായി ടെഡ് എഡ് @ ഹോം, മാത്ത് ഗെയിംസ്- ബ്രെയ്ന്‍ ട്രെയ്‌നിംഗ്, ക്രാഷ് കോഴ്‌സ് കിഡ്‌സ് എന്നിങ്ങനെയുള്ള നിരവധി വെബ്‌സൈറ്റുകളിലൂടെ പഠനവിഭവങ്ങള്‍ നുണഞ്ഞുകൊണ്ടിരിക്കുകയാണ് കുട്ടികളിന്ന്.
നോളജ് ഇക്കോണമിയുടെ കാലമാണിത്. ഇവിടെ മൂലധനവും ചരക്കും വിനിമയോപാധിയുമെല്ലാം ജ്ഞാനത്തിലധിഷ്ഠിതമാണ്. ഒരു വ്യക്തിയുടെ ബൗദ്ധിക സ്വത്ത് രാഷ്ട്രപുരോഗതിയിലേക്ക് മുതല്‍ക്കൂട്ടാവുന്ന തരത്തില്‍ സാങ്കേതിക വിദ്യയിലൂന്നിയ പഠനം ഉയര്‍ന്നുവരണം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top