എഡിറ്റര്‍ക്ക്‌

ഡിസംബര്‍ 2011ദിശനിര്‍ണയിക്കുന്ന കവര്‍‌സ്റ്റേറികള്‍
സമൂഹത്തിന്റെ തെറ്റായ നിലപാടുകള്‍ കാരണം കുടുംബജീവിതം നിഷേധിക്കപ്പെടുന്നവര്‍ അനുഭവിക്കുന്ന കഷ്ടതകളുടെ ചെറിയൊരു വശമാണ്‌ ആരാമം ഒക്ടോബര്‍ ലക്കം പ്രകാശിപ്പിച്ചത്‌. വിഭാര്യന്മാരുടെ സ്ഥിതിയും ദയനീയമാണെങ്കിലും അവര്‍ ആപേക്ഷികമായി വളരെ കുറവാണ്‌. അവര്‍ കാര്യപ്രാപ്‌തി കുറഞ്ഞവരും, അവരുടെ സ്വന്തക്കാര്‍ നഷ്ടപ്പെടാനിടയുള്ള അനന്തരസ്വത്തിനെക്കുറിച്ച്‌ കണക്ക്‌ കൊടുക്കുന്നവരുമാണ്‌. അവരെ തിരുത്തുക എളുപ്പമല്ല. തുച്ഛമായ ലാഭം പ്രതീക്ഷിച്ച്‌ ചെയ്യുന്ന ഇത്തരം ആക്രമണങ്ങളുടെ ഫലം അവര്‍ മനസ്സിലാക്കുമ്പോള്‍ തിരുത്താനാവുകയില്ല.
എന്നാല്‍ വിധവകളോ വിവാഹ മോചിതകളോ അവിവാഹിതകളോ ആയി സ്വയം നഷ്ടപ്പെടുകയോ മറ്റുള്ളവര്‍ക്ക്‌ ഭാരമാവുകയോ ചെയ്യുന്നവരുടെ പ്രശ്‌നം കൂടുതല്‍ സഹതാപാര്‍ഹമാണ്‌. പക്ഷേ പുരുഷന്മാര്‍ മാത്രം വിചാരിച്ചാല്‍ ഇത്‌ പരിഹരിക്കാനാവുകയില്ല. ആരോഗ്യവും പ്രാഥമിക ജീവിതസൗകര്യവുമുള്ള ഒരാളും അന്ധവിശ്വാസത്തിന്റെ പേരിലല്ലാതെ അകാരണമായി കുടുംബജീവിതത്തില്‍ നിന്ന്‌ മാറി നില്‍ക്കുന്നില്ല.
അതിനാല്‍ സഹഭാര്യമാരാവുക എന്നത്‌ മാത്രമാണ്‌ ഇവരുടെ മുമ്പിലെ ഒരേ ഒരു വഴി. എന്നാല്‍ അതിന്‌ വല്ലവരും താല്‍പര്യം പ്രകടിപ്പിച്ചാല്‍ തന്നെ സമൂഹമനസാക്ഷി അവരെ ഏറ്റെടുക്കാന്‍ അനുകൂലമല്ല. പിടിച്ചുനില്‍ക്കാന്‍ മറ്റൊരു വഴിയുമില്ലാതെ അതിന്‌ തുനിയുന്നവരെ കുറ്റപ്പെടുത്താന്‍ സ്വന്തം മക്കള്‍ വരെ നിര്‍ബന്ധിതരാവുന്ന സാഹചര്യമാണ്‌ നിലവിലുള്ളത്‌. ഇതേ ലക്കം `സമകാലികം' ഇതിന്‌ സാക്ഷിയാണ്‌.
ഈ നിസ്സഹായര്‍ക്കെതിരെ നിയമം നിര്‍മിച്ച്‌ കൂടുതല്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കാനാണ്‌ വിവരസ്ഥരെന്ന്‌ അവകാശപ്പെടുന്നവര്‍ ശ്രമിക്കുന്നത.്‌ അവരെ അതിന്‌ പ്രേരിപ്പിക്കുന്ന ഘടകവും കണ്ടെത്തേണ്ടതുണ്ട്‌.
മലിക
കൊളത്തറ

നനവൂറുന്ന വിഭവങ്ങള്‍
ആരാമത്തിന്റെ അണിയറശില്‍പികള്‍ വിഭവങ്ങള്‍ ഒരുക്കുന്നതിലും വിളമ്പുന്നതിലും കാണിച്ചുവരുന്ന നൈപുണ്യം എടുത്തോതാതെ വയ്യ. പണ്ടൊക്കെ ആരാമം ഒന്ന്‌ കണ്ണോടിച്ച്‌ മാറ്റിവെക്കലായിരുന്നു പതിവ്‌. ഇന്ന്‌ ആ സ്ഥിതി മാറി. ഒരുവിധമൊക്കെ അകത്താക്കിയേ വീട്ടുകാരിയെ കൂടി കാണിക്കാറുള്ളൂ എന്ന നിലക്കെത്തിയിരിക്കുന്നു കാര്യം.
ദൈവം തമ്പുരാന്‍ ചിലര്‍ക്ക്‌ ചില വരദാനങ്ങള്‍ നല്‍കി അനുഗ്രഹിക്കുന്നു. നമ്മളത്‌ ആസ്വദിച്ച്‌ ആനന്ദിക്കുന്നു. പണ്ടെങ്ങോ കടല്‍ കടന്ന്‌ ചെയ്‌ത ഹജ്ജിന്റെ ഓര്‍മ, അവതരണം കൊണ്ടും വരദാനമായി ലഭിച്ച ഭാഷയുടെ ഒഴുക്കുകൊണ്ടും വായനക്കാര്‍ക്ക്‌ ഹജ്ജ്‌വേളയില്‍ നല്ലൊരു രുചിയും മണവുമുള്ള വിഭവമായിത്തീര്‍ന്നു (ലക്കം: 8). യാദൃശ്ചികമാവാം പകരംവെക്കാന്‍ മാത്രം കാമ്പുള്ള ഒരു ഉംറയുടെ ഓര്‍മയും വായനക്കാര്‍ക്ക ്‌ കിട്ടിയെങ്കിലും ഒടുവിലത്തെ വരികള്‍ ഈറനണിഞ്ഞ കണ്ണുകളോടെയല്ലാതെ വായിക്കാനാവില്ല. നല്ല ഒന്നാംതരം ശൈലിയിലാണ്‌ അസ്‌മ ചൊക്ലി ഓര്‍മകള്‍ കോറിയിട്ടിരിക്കുന്നത്‌.
ഹൈദരലിയുടെ `സ്‌ത്രീകളുടെ ഹജജ്‌', അബൂഫിദലിന്റെ `ധീരരോ ധിക്കാരികളോ', `ഓര്‍മയുടെ ഓളങ്ങള്‍'ക്ക്‌ പകരം കിട്ടിയ നൊമ്പരങ്ങളുടെ കഥയും മനസ്സിനെ നോവിച്ചു. ഏതെങ്കിലും തരത്തില്‍ ആശുപത്രിയില്‍ കുടുങ്ങാത്തവരായി ഇന്നാരുമുണ്ടാവില്ല. ആ മനസ്സിന്റെ ക്ഷോഭവും സങ്കടവും വരികളില്‍ മുഴച്ചുകാണാനുമുണ്ട്‌.
യാത്രാവേളയിലെ സേവകരുടെ ഫീച്ചറും കേമമായിരിക്കുന്നു. ചര്‍ച്ചയാണെങ്കില്‍ പറയാനുമില്ല. എല്ലാംകൊണ്ടും അറുപത്താറു പേജുകളും ഒന്നിനൊന്ന്‌ മികച്ച്‌ നില്‍ക്കുന്നു.
മമ്മൂട്ടി കവിയൂര്‍
കണ്ണൂര്‍

ചികിത്സയും ചൂഷണവും
2011 നവംബര്‍ ലക്കം ആരാമത്തില്‍ ശൈഖ്‌ മുഹമ്മദ്‌ കാരകുന്നിന്റെ `ഓര്‍മയുടെ ഓളങ്ങളില്‍' ചികിത്സാചൂഷണത്തെക്കുറിച്ച്‌ പറഞ്ഞത്‌ പൂര്‍ണമായും ശരിയാണ്‌. ഇന്ത്യാ മഹാരാജ്യത്ത്‌ അലോപ്പതി, ഹോമിയോപ്പതി, സിദ്ധ, യുനാനി, ആയുര്‍വേദ, അക്യൂപങ്‌ക്‌ചര്‍, പ്രകൃതി തുടങ്ങിയ വിവിധ ചികിത്സകള്‍ ലഭ്യമാകുന്നത്‌ നമ്മുടെ ഭാഗ്യമാണ്‌. വരും കാലങ്ങളില്‍ ചൂഷണമുക്തമായ സംയുക്ത ചികിത്സാ കേന്ദ്രങ്ങളാണ്‌ മാരകരോഗങ്ങള്‍ സുഖപ്പെടാന്‍ ആവശ്യമായി വരിക. അങ്ങനെയുള്ള സംവിധാനങ്ങള്‍ വരുന്നതുവരെ ഓരോ രോഗത്തിനും ഏത്‌ രീതിയിലുള്ള ചികിത്സയാണ്‌ ഫലപ്രദമെന്ന്‌ വിലയിരുത്തി ചെയ്യുന്നതാണ്‌ നല്ലത്‌. അതിന്‌ ബഹുജനങ്ങള്‍ ദോഷഫലങ്ങള്‍ ഉളവാക്കുന്ന ചികിത്സയെക്കുറിച്ചും ആവശ്യമില്ലാത്ത പതിരോധ കുത്തിവെപ്പുകളെക്കുറിച്ചും ബോധവാന്മാരാകണം. രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചുണ്ടാക്കുന്ന പച്ചക്കറികളും പഴങ്ങളും രുചിക്ക്‌ `അജ്‌നാമോട്ടോ' ചേര്‍ത്തുണ്ടാക്കുന്ന ഫാസ്റ്റ്‌ഫുഡുകളും ഹോര്‍മോണ്‍ കുത്തിവെച്ച കോഴി ഇറച്ചിയും അതിന്റെ മുട്ടയും രോഗം ക്ഷണിച്ചു വരുത്തുന്നു. ഇതില്‍ നിന്നും ഒരു പരിധിവരെ രക്ഷപ്പെടാന്‍ ഓരോ വീട്ടിലും പ്രദേശത്തും ജൈവരീതിയില്‍ കൃഷി ചെയ്യുവാന്‍ ശ്രദ്ധിക്കണം.
ഒരു രീതി മാത്രം അവലംബിച്ചുള്ള ചികിത്സ എല്ലാ രോഗങ്ങള്‍ക്കും പരിഹാരമല്ല. ചില അനുഭവങ്ങള്‍ പറയാം. ഒരു മരുന്നിന്റെ റിയാക്ഷന്‍ മൂലം വന്ന അസ്വസ്ഥതകള്‍ ഹോമിയോ ഡോക്ടര്‍ പല മരുന്നുകള്‍ പ്രയോഗിച്ചിട്ടും ഫലം കണ്ടില്ല. തുടര്‍ന്ന്‌ അലോപ്പതി ഡോക്ടറുടെ ഒരു ഇഞ്ചക്ഷന്‍ മൂലം ഉടന്‍ ആശ്വാസം ലഭിച്ചു. എന്റെ സഹധര്‍മിണിക്കുണ്ടായ മുഴ സുഖപ്പെടണമെങ്കില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യണമെന്ന്‌ പ്രമുഖ സ്‌ത്രീരോഗ വിദഗ്‌ധ പറഞ്ഞപ്പോള്‍ പ്രശസ്‌തനായ ഒരു ഹോമിയോ ഡോക്ടറെ സമീപിച്ചു. അദ്ദേഹത്തിന്റെ ചികിത്സയില്‍ രോഗം പൂര്‍ണമായും സുഖപ്പെട്ടു. സുഖപ്രസവത്തിന്‌ ഹോമിയോ മരുന്നുകളും പ്രകൃതി ചികിത്സകന്റെ നിര്‍ദേശങ്ങളും പരിഗണിക്കുന്നത്‌ നന്നായിരിക്കും. സോറിയാസിസ്‌, അള്‍ഷിമേഴ്‌സ്‌, ഹൃദ്രോഗം എന്നിവക്ക്‌ ആയുര്‍വേദ- യൂനാനി മരുന്നുകള്‍ കൂടുതല്‍ ഫലപ്രദമാണെന്ന്‌ അനുഭവസ്ഥര്‍ പറയുന്നു. ചികിത്സ പാതി, ദൈവം പാതി എന്നത്‌ മറക്കാനും പാടില്ല.
ശൈഖ്‌ മുഹമ്മദ്‌ കാരകുന്ന്‌ സഹധര്‍മിണിക്ക്‌ `ആന്‍ജിയോഗ്രാം' പരിശോധനയാല്‍ അനുഭവപ്പെട്ട പ്രയാസം പറയുകയുണ്ടായി. ഇത്‌ ഒഴിവാക്കുന്നതാണ്‌ നല്ലത്‌. പൃദയവാള്‍വില്‍ പുതിയ ബ്ലോക്ക്‌ ഉണ്ടാവാനും ആദ്യമേ ഉള്ളവര്‍ക്ക്‌ അത്‌ കൂടാനും ഈ പരിശോധന കാരണമാകും. പനി വന്നാല്‍ പൂര്‍ണ വിശ്രമവും ലളിതാഹാരവും മാത്രമേ പാടുള്ളൂ. നെറ്റിയിലും വയറിലും നനച്ചു പിഴിഞ്ഞ നേരിയ കോട്ടണ്‍ശീല ചുറ്റിയാല്‍ ഗുണം ചെയ്യും. ഇതൊന്നുമാലോചിക്കാതെ പാരസെറ്റമോളും ആന്റിബയോട്ടിക്‌സും അമിതമായി കഴിക്കുന്നത്‌ അപകടമാണ്‌.
സി.എം.എ. റഹ്‌മാന്‍
വേങ്ങര

മാരിയത്തുല്‍ ഖിബ്‌തിയ്യ
ഒക്ടോബര്‍ ലക്കത്തില്‍ അബ്ദുല്ലാ നദ്‌വി കുറ്റൂര്‍ എഴുതിയ പ്രവാചകപത്‌നി മാരിയയെക്കുറിച്ചുള്ള ലേഖനവും, പാശ്ചാത്തലവും ശ്രദ്ധേയമായി. ഭൂമിയില്‍ ഒരു പ്രദേശത്തിനും ``ജന്നത്തുല്‍ ബഖീഅ്‌'' എന്ന നാമം അനുയോജ്യമല്ലെന്ന്‌ ഒരു സലഫീ പ്രസംഗത്തില്‍ കേള്‍ക്കാനിടയായി. ലേഖകനും ആരാമത്തിനും അഭിനന്ദനങ്ങള്‍.
റൂബി കലാമി
മോഡല്‍ പോളിടെക്‌നിക്‌
വടകര

ഇന്‍സാഫിന്‌ ഒരു അനുബന്ധം
ഇന്‍സാഫിന്റെ `ഫാത്തിമബീ പത്തുപെറ്റാല്‍' എന്ന സമകാലികം വായിച്ചപ്പോള്‍ ഓര്‍മവന്ന സ്വന്തം അനുഭവം ഇവിടെ കുറിക്കട്ടെ. ഗര്‍ഭിണിയായതിനു ശേഷം ഒമ്പതാം മാസത്തെ ചെക്കപ്പിന്‌ പോയതായിരുന്നു ഞാന്‍. അന്നുതന്നെ അഡ്‌മിറ്റ്‌ വേണമെന്ന്‌ ഡോക്ടര്‍ നിര്‍ബന്ധം പിടിച്ചതിനാല്‍ അഡ്‌മിറ്റായി. ഡോക്ടര്‍ വന്ന്‌ കാര്യങ്ങള്‍ വിശദീകരിച്ചുതന്നു. അന്നുതന്നെ സിസേറിയന്‍ ചെയ്യേണ്ടിവരുമെന്നായി. എനിക്കാണെങ്കില്‍ അതിനോട്‌ താല്‍പര്യമില്ലായിരുന്നു. എങ്കിലും ഭര്‍ത്താവിന്റെ പൂര്‍ണപിന്തുണ ഉള്ളതിനാല്‍ ഒരു കൈ നോക്കാമെന്ന ലക്ഷ്യത്തോടെ നിന്നു. ഇയാള്‍ക്ക്‌ ധൈര്യമുണ്ടെങ്കില്‍ ഞാന്‍ ഓകെ എന്ന്‌ പറഞ്ഞ്‌ അദ്ദേഹം മൂന്ന്‌ ദിവസം നോക്കി. ഇനിയും നീട്ടിപ്പോയാല്‍ പ്രശ്‌നം വഷളാകുമെന്നും ഇന്ന്‌ നിര്‍ബന്ധമായി സിസേറിയന്‍ ചെയ്യണമെന്നും പറഞ്ഞു. അതാണെങ്കില്‍ ഹോസ്‌പിറ്റല്‍ വിറപ്പിച്ച സിസേറിയനായി. സിസ്റ്റര്‍മാരുടെ പരിചരണത്തിലായതിനാല്‍ എനിക്ക്‌ ആശ്വാസമാകുമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തില്‍ എന്നെ റൂമില്‍ നിന്നും ലേബര്‍റൂമിലേക്ക്‌ മാറ്റി. പതിനഞ്ചു ദിവസം കഴിഞ്ഞു. രാത്രി ഉറങ്ങുകയെന്നത്‌ ഒരു ഓര്‍മ മാത്രമായി. കാരണം പ്രസവവേദനയില്‍ സഹോദരിമാര്‍ ബഹളവും കൂട്ട നിലവിളിയുമായിരുന്നു. മിക്കവരുടെയും ആവശ്യം സിസേറിയന്‍ മതിയെന്നാണ്‌. ഈ വേദന സഹിക്കാന്‍ വയ്യ... ഞാനിപ്പോള്‍ ചാവുമെന്നും എനിക്ക്‌ സിസേറിയന്‍ മതിയെന്നും പറഞ്ഞ്‌ അലമുറയിട്ട്‌ ഇറങ്ങിയോടാന്‍ ഒരു സഹോദരി ഭാവിച്ചു. അവരോടൊക്കെ സിസേറിയനെക്കുറിച്ചുള്ള ഭവിഷ്യത്ത്‌ പറഞ്ഞ്‌ തലയില്‍ തലോടി അവരെ ആശ്വസിപ്പിക്കുകയായിരുന്നു സിസ്റ്റര്‍മാര്‍.
അര്‍ദ്ധരാത്രികളില്‍ 10ന്‌ മുകളില്‍ പ്രസവം നടക്കും. ഭക്ഷണം കഴിക്കാനോ, ഒന്ന്‌ ഇരിക്കാനോ അവര്‍ക്ക്‌ സമയം കിട്ടിയിരുന്നില്ല. എങ്കില്‍ പോലും അതിന്റെ പരിഭവമൊന്നും ഞങ്ങളോട്‌ കാണിച്ചിരുന്നില്ല. കര്‍മനിരതരായിരുന്നു അവര്‍.
പ്രസവവേളയിലെ തുണികഴുക്കുന്നവര്‍ക്കും, സിസ്റ്റര്‍മാര്‍ക്കും `കൈമടക്ക്‌' കൊടുക്കുന്ന രീതി മിക്ക ആശുപത്രിയിലുമുണ്ട്‌. അഥവാ നമ്മള്‍ കൊടുത്തില്ലെങ്കില്‍ അവര്‍ ചോദിച്ച്‌ വാങ്ങും. എന്നാല്‍ അവിടെ ഭിത്തിയില്‍ അതിനെ നിരുത്സാഹപ്പെടുത്തി എഴുതിയിരിക്കുന്നു. (എഴുത്തില്‍ ഒതുങ്ങാതെ പ്രവൃത്തിയിലുമുണ്ട്‌) അര്‍ദ്ധരാത്രിയിലെ ഒരേ ഒരു കോള്‍ മതി ഡോക്ടര്‍ ഓടിയെത്തും. പേഷ്യന്റും ഡോക്ടറും തമ്മില്‍ ഒരു സുഹൃദ്‌ബന്ധം നിലനിര്‍ത്തുന്ന അവര്‍ നമ്മുടെ ഇഷ്ടത്തിന്‌ മുന്‍ഗണന നല്‍കുന്നു.പണത്തിന്‌ ആര്‍ത്തിയില്ലാത്ത കരുണ്യം വറ്റാത്ത ഡോക്ടര്‍മാരും വിരളമായെങ്കിലും ഉണ്ടെന്ന്‌ നമുക്ക്‌ മനസ്സിലാക്കാം. രോഗി+പണം=സമ്പാദ്യം എന്ന തത്ത്വത്തില്‍ ഉറച്ച്‌.
കെട്ടിലും മട്ടിലും പുതുമ നല്‍കിയും സ്വാദൂറും വിഭവങ്ങള്‍ ഒരുക്കിയും ഞങ്ങളെ സല്‍ക്കരിച്ച ആരാമത്തിന്‌ എല്ലാ ഭാവുകങ്ങളും നേരുന്നു. എല്ലാ പംക്തികളും മികവുറ്റതായിരുന്നു.
സ്‌ത്രീസമൂഹത്തിന്‌ മതബോധം നല്‍കാന്‍ ചോദ്യോത്തര (ഖുര്‍ആന്‍- ഹദീസ്‌ അടിസ്ഥാനമാക്കി) പംക്തി തുടങ്ങുകയാണെങ്കില്‍ വളരെയധികം പ്രയോജനം ചെയ്യും. അന്ധകാരത്തില്‍ നിന്നും സ്‌ത്രീസമൂഹത്തെ നന്മയുടെ പ്രകാശത്തിലേക്ക്‌ പിടിച്ചുയര്‍ത്താന്‍ ആരാമത്തിന്‌ സാധിക്കട്ടെ.
ഉമ്മുഹംദാന്‍
ആലപ്പുഴ


ആരാമം മുന്നോട്ട്‌ തന്നെ
ഒക്ടോബര്‍ ലക്കം ആരാമത്തില്‍ ജമീല്‍ അഹ്‌മദ്‌ എഴുതിയ `ഇരുട്ടിലെന്നെ തനിച്ചാക്കി പോയതെങ്ങോ' എന്ന ലേഖനം വായിച്ചപ്പോള്‍ തലേന്ന്‌ പത്രത്തില്‍ കണ്ട ഒരു വാര്‍ത്തയാണ്‌ ഓര്‍മയില്‍ വന്നത്‌. ``ഭര്‍ത്താവ്‌ മരിച്ച വിഷമത്തില്‍ യുവതി കുഞ്ഞുമായി കിണറ്റില്‍ ചാടി മരിച്ചു.' ഇത്രമാത്രം കാലിക പ്രസക്തങ്ങളായ ലേഖനങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്ന ആരാമത്തിന്‌ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
വിശാലമായ ഈ പ്രപഞ്ചം ഒരു തുറന്ന പുസ്‌തകമായി നമ്മുടെ മുമ്പിലുണ്ടായിരിക്കെ എന്തെങ്കിലുമൊരു പ്രയാസം കേള്‍ക്കുമ്പോഴേക്കും ജീവിതം അവസാനിപ്പിക്കാന്‍ മാത്രം അബലകളായി മാറിയോ സ്‌ത്രീസമൂഹം! വെറും പണത്തിനോ പൊന്നിനോ അല്ലെങ്കില്‍ മറ്റു വല്ല ഭൗതികസുഖങ്ങള്‍ക്കോ അടിമകളായി ജീവിക്കുന്ന സ്‌ത്രീകള്‍, ഈ ഭൂമി ഒരു പരീക്ഷാഹാള്‍ മാത്രമാണെന്നുള്ള സത്യം മറക്കാതിരിക്കട്ടെ. ഇവിടെ പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളാകുന്നു നമ്മള്‍. ഇനി പരീക്ഷ നടത്തുന്നയാളെ കുറിച്ചറിയാനുംകൂടി ശ്രമിക്കുകയാണെങ്കില്‍ ഇത്തരം പ്രയാസങ്ങളെ ധൈര്യപൂര്‍വം നേരിടാനുള്ള ശക്തി നമുക്കു ലഭിച്ചേക്കും.
ആബിദാബീഗം. സി
കാളികാവ്‌

ആഗോളമുസ്‌ലിമിന്റെ ഒത്തുചേരല്‍
നവംബര്‍ ലക്കം ആരാമം വായിച്ചു. എല്ലാ ലേഖനങ്ങളും ഫീച്ചറുകളും നന്നായി. ആഗോളമുസ്‌ലിംകള്‍ ഭാഷാ വേഷ ഭാവ ദേശങ്ങള്‍ക്കതീതമായി തോളോട്‌തോള്‍ ചേര്‍ന്ന്‌ മക്കയിലെ അറഫയില്‍ സമ്മേളിക്കുമ്പോള്‍ അതിനെ അനുസ്‌മരിച്ചുകൊണ്ട്‌ ആരാമത്തില്‍ വന്ന ലേഖനങ്ങളും ഫീച്ചറുകളും ഹജ്ജ്‌ അനുഭവങ്ങളും ഹൃദ്യമായി. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ചെയ്‌ത ഹജ്ജും ഉംറയും അനുസ്‌മരിച്ചുകൊണ്ടുള്ള വി.എ കബീറിന്റെയും അസ്‌മ ചൊക്ലിയുടെയും അനുഭവങ്ങള്‍ വായിക്കുമ്പോള്‍ മക്കാമരുഭൂമിയിലെ കഅ്‌ബാലയത്തെ ഒരിക്കലെങ്കിലും കാണണമെന്നാഗ്രഹിച്ചുപോയി.
ഹജ്ജ്‌ കര്‍മത്തിന്‌ പോകുന്ന ചിലരെങ്കിലും അതൊരു ടൂറായും തിരിച്ചുവരുമ്പോള്‍ പേരിന്‌ വാലായി ഹാജി എന്ന്‌ചേര്‍ക്കാനും വേണ്ടിയാണ്‌ പോകുന്നത്‌. ഹജ്ജ്‌ ചൈതന്യമുള്ളതാവണമെങ്കില്‍ ഈ രീതി ഉപേക്ഷിക്കണം. നിയ്യത്ത്‌ അനുസരിച്ചാണ്‌ ഏതൊരാള്‍ക്കും പ്രതിഫലം ലഭിക്കുക.
ഷബീര്‍ വാടാനപ്പള്ളി
തൃശൂര്‍


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top