കുടുംബമാണ് പ്രധാനം

എം.എസ്.എ റസാഖ് No image

കുടുംബമാണ് ഏതൊരു സമൂഹത്തിന്റെയും നിലനില്‍പിന് അടിസ്ഥാനം. ഭദ്രമായ അടിത്തറയില്‍ നിര്‍മിക്കപ്പെടുന്ന കുടുംബത്തില്‍ ജന്മം കൊള്ളുന്ന സന്താനങ്ങള്‍ സംസ്‌കാരസമ്പന്നരും സുകൃതവാന്മാരുമായിരിക്കും. സംസ്‌കാരത്തിന്റെ കളിത്തൊട്ടിലാണ് കുടുംബം. അഭയകേന്ദ്രമാണ് കുടുംബവും കുടുംബാന്തരീക്ഷവും. പ്രശാന്തമായ കുടുംബാന്തരീക്ഷത്തില്‍ വളര്‍ന്നു വരുന്ന മക്കള്‍ ഉന്നത വ്യക്തിത്വത്തിന്റെ ഉടമകളായിരിക്കും. സമൂഹത്തിന്റെ ഏറ്റവും ചെറിയ യൂനിറ്റായ കുടുംബത്തില്‍നിന്നും സന്താനങ്ങള്‍ ആര്‍ജിച്ചെടുക്കുന്ന ശിക്ഷണം അവരുടെ ഭാവിജീവിതം ഭാസുരമാക്കാന്‍ ഉതകുന്നതാകണം. യുവതലമുറ വഴിതെറ്റുന്നതിന്റെ മുഖ്യ ഉത്തരവാദിത്വം കുടുംബത്തിനാണ്. അതുകൊണ്ടുതന്നെ തത്വചിന്തകന്മാരും പരിഷ്‌കര്‍ത്താക്കളും രാഷ്ട്രനായകന്മാരും സാമൂഹിക ശാസ്ത്രജ്ഞരുമെല്ലാം ശിക്ഷണത്തിന് മുഖ്യ സ്ഥാനം നല്‍കുന്നു. വ്യക്തിയുടെ പുരോഗതിക്കും കുടുംബത്തിന്റെ കെട്ടുറപ്പിനും സമൂഹത്തിന്റെ ഉയര്‍ച്ചക്കും രാഷ്ട്രത്തിന്റെ പുരോഗതിക്കും ശിക്ഷണത്തിന് മുഖ്യ സ്ഥാനമാണ് നല്‍കപ്പെട്ടിട്ടുള്ളത്. ജീവിതത്തെ നിര്‍ണയിക്കുന്നതില്‍ കുടുംബത്തിന് വലുതായ സ്ഥാനം തന്നെയുണ്ട്. സാമൂഹികവല്‍ക്കരണ പ്രക്രിയ (സോഷ്യലൈസേഷന്‍) ആദ്യമായി തുടങ്ങുന്നത് കുടുംബത്തില്‍നിന്നുമാണ്. ചിന്താഗതികള്‍, ആദര്‍ശങ്ങള്‍, ജീവിതമൂല്യങ്ങള്‍, പെരുമാറ്റ മര്യാദകള്‍ എന്നിവയെല്ലാം നേടിയെടുക്കുന്നതും കുടുംബാന്തരീക്ഷത്തില്‍നിന്നാകുന്നു.

കുടുംബ നിര്‍മാണം ഇസ്‌ലാമിക വീക്ഷണത്തില്‍

കുട്ടികള്‍ ഭാവിയുടെ വാഗ്ദാനവും സമ്പത്തുമാണ്. അക്കാരണത്താല്‍ ശിക്ഷണസംസ്‌കരണത്തിന് ഇസ്‌ലാം അനല്‍പമായ സ്ഥാനം നല്‍കുന്നു, മനുഷ്യജീവിതത്തിന്റെ സമസ്ത തലങ്ങളെയും സ്പര്‍ശിക്കുന്നതാണ് ഇസ്‌ലാമിക ശിക്ഷണ വ്യവസ്ഥ. ഇസ്‌ലാമിക വീക്ഷണത്തില്‍ പ്രഥമവും പ്രധാനവുമായ കേന്ദ്രമാണ് കുടുംബം. കുടുംബം രൂപം കൊള്ളുന്നത് ആണിന്റയും പെണ്ണിന്റെയും- ദമ്പതിമാരുടെ - സംഗമത്തിലൂടെയാകുന്നു. ആ സമാഗമം നിയമാനുസൃതമായിരിക്കണമെന്ന് ഇസ്‌ലാം അനുശാസിക്കുന്നു. സുന്ദരവും മധുരിമയുള്ളതുമായ ജീവിതത്തിന് അതനിവാര്യമാണ്. 

വിവാഹം ഇസ്‌ലാമില്‍

കുടുംബ സംവിധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അല്ലാഹു പറയുന്നു: ''മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍നിന്ന് സൃഷ്ടിക്കുകയും അതില്‍നിന്നു തന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും അവര്‍ ഇരുവരില്‍നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചുകൊണ്ടിരിക്കുന്നുവോ, അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബ ബന്ധങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക). തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനാണ്'' (നിസാഅ്-1). പ്രവാചകന്‍ അരുള്‍ ചെയ്തു: ''യുവസമൂഹമേ, നിങ്ങളില്‍ ശേഷിയുള്ളവര്‍ വിവാഹം കഴിക്കുക. ശേഷിയില്ലാത്തവര്‍ വ്രതമനുഷ്ഠിച്ചുകൊള്ളുക. അതവന് വികാരശമനത്തിനുള്ള ഉപാധിയാകുന്നു'' (ബുഖാരി). 'ശേഷിയുളളവര്‍' എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് വൈവാഹിക ജീവിതം നയിക്കാന്‍ ശാരീരികവും മാനസികവും സാമ്പത്തികവുമായ കഴിവും പക്വതയുമാണ്. പ്രവാചകന്‍ (സ) അരുളി:  ''വിവാഹം എന്റെ ചര്യയാകുന്നു. എന്റെ ചര്യയനുസരിച്ച് പ്രവര്‍ത്തിക്കാത്തവന്‍ എന്നില്‍പെട്ടവനല്ല'' (ഇബ്‌നു മാജ). അസാന്മാര്‍ഗിക ജീവിതത്തില്‍നിന്നും അപഥസഞ്ചാരത്തില്‍നിന്നും വ്യക്തികളെ സംരക്ഷിച്ചുനിര്‍ത്തുന്ന ഘടകമാണ് വിവാഹം. വ്യക്തികളുടെ മാനസികവും ശാരീരികവും വൈകാരികവുമായ വളര്‍ച്ചക്കും വികാസത്തിനും വിവാഹം അത്യന്താപേക്ഷിതമാണ്. സദാചാരം നിലനിര്‍ത്തുന്നതിനും ചാരിത്ര്യസംരക്ഷണത്തിനും വ്യക്തികളെ സഹായിക്കുന്ന ശക്തമായ സംവിധാനമാണ് വിവാഹ ജീവിതം. മനുഷ്യവംശത്തിന്റെ വര്‍ധനവിനും സമൂഹത്തിന്റെ സാംസ്‌കാരിക അഭിവൃദ്ധിക്കും വ്യക്തികളുടെ സന്തുലിത വികാസത്തിനും വിവാഹം അനുപേക്ഷണീയമായി ഇസ്‌ലാം കണക്കാക്കുന്നു. പ്രമുഖ ഇസ്‌ലാമിക ദാര്‍ശനികനും പണ്ഡിതനുമായ ഇമാം ഗസ്സാലി (റ) വിവാഹത്തിന്റെ അഞ്ച് ഗുണങ്ങള്‍ വിവരിക്കുന്നു: 

1) സന്താനോല്‍പാദനം
മനുഷ്യവര്‍ഗത്തിന്റെ നിലനില്‍പിന് സന്താനോല്‍പാദനം അനിവാര്യമാകുന്നു. മനുഷ്യവര്‍ഗത്തിന്റെ  നിലനില്‍പിനു വേണ്ടി സന്താനോല്‍പാദന പ്രക്രിയയില്‍ പങ്കാളിയാവുക വഴി ദൈവസ്‌നേഹത്തിന് പാത്രീഭൂതനാകുന്നു. സദ്‌വൃത്തരായ സന്താനങ്ങളുടെ പ്രാര്‍ഥനയുടെ പ്രതിഫലം മരണാനന്തരം മാതാപിതാക്കള്‍ക്ക് ലഭിക്കുന്നു. ശിശുപ്രായത്തില്‍ മരണം വരിക്കുന്ന സന്താനങ്ങളുടെ പേരില്‍ മാതാപിതാക്കള്‍ക്ക് അല്ലാഹുവിങ്കല്‍ ശിപാര്‍ശ ലഭിക്കുന്നു. നരകത്തില്‍നിന്നും അവര്‍ക്ക് സംരക്ഷണ കോട്ടയായിരിക്കും അത്തരം സന്താനങ്ങള്‍.
2) ചാരിത്ര്യ സംരക്ഷണം
ചാരിത്ര്യരംഗത്തെ അപചയമാണ് വ്യക്തിയുടെയും സമൂഹത്തിന്റെയും ധാര്‍മികാധഃപതനത്തിന് കാരണം. വികാരനിഗ്രഹത്തിനു പകരം വികാരനിയന്ത്രണമാണ് ഇസ്‌ലാമിക ദര്‍ശനം പഠിപ്പിക്കുന്നത്.
3) മനസ്സമാധാനം
''നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍നിന്നു തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്'' (റൂം 21). ബുദ്ധിമാന്മാര്‍ക്ക് ജീവിതത്തില്‍ മൂന്ന് സന്ദര്‍ഭങ്ങളുണ്ടായിരിക്കും: ഒന്ന്, ദൈവവുമായുള്ള രഹസ്യ സംഭാഷണത്തിനുള്ള അവസരം. രണ്ട്, ആത്മവിചാരണക്കുള്ള സന്ദര്‍ഭം. മൂന്ന്, മാനസിക വളര്‍ച്ചക്കും ശാരീരിക പോഷണത്തിനും ആവശ്യമായ ഭക്ഷണഭോജനത്തിനും സുഖഭോഗാസ്വാദനത്തിനുമുള്ള അവസരം. ഈ മൂന്ന് അവസരങ്ങളെയും ശരിയായ വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു.
4) ഉത്തരവാദിത്വ വികേന്ദ്രീകരണം
കുടുംബ സംവിധാനത്തിലും നടത്തിപ്പിലും ദമ്പതിമാര്‍ക്കിടയില്‍ ഉത്തരവാദിത്വ വികേന്ദ്രീകരണം നടത്തുന്നതുകൊണ്ട് ഇരുവര്‍ക്കും തൊഴില്‍ മേഖലയിലും വൈജ്ഞാനിക മണ്ഡലത്തിലും കൂടുതല്‍ വ്യാപരിക്കാന്‍ കഴിയുന്നു. സദ്‌വൃത്തരായ ഭാര്യയും ഭര്‍ത്താവും ഈ അര്‍ഥത്തില്‍ പരസ്പരം സഹായികളാകുന്നു. മതപരവും ഭൗതികവുമായ ജീവിതത്തിനും പാരത്രിക വിജയത്തിനും സദ്‌വൃത്തരായ ഭാര്യയും ഭര്‍ത്താവും പരസ്പര സഹകാരികളാകുന്നു.
5) ഉത്തരവാദിത്വ നിര്‍വഹണവും അവകാശം നല്‍കലും
ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനും ഇതരരുടെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കാനും മനുഷ്യനെ പാകപ്പെടുത്തിയെടുക്കാന്‍ വിവാഹത്തിലൂടെ സാധിക്കുന്നു. പ്രഥമമായി ഇണകളോടും തുടര്‍ന്ന് സന്താനങ്ങളോടുമുള്ള നിയതമായ ഉത്തരവാദിത്വങ്ങള്‍ യഥാവിധി നിര്‍വഹിക്കാന്‍ മനസ്സിനെ പാകപ്പെടുത്തിയെടുക്കുന്നതില്‍ വിവാഹത്തിന് അനല്‍പമായ പങ്കുണ്ട്. ഇണകളോടുള്ള ബാധ്യതകള്‍ നിര്‍വഹിക്കുക, അവരുടെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കുക, അവരില്‍നിന്നുണ്ടാകുന്ന പിഴവുകള്‍ സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുക, അവരുടെ സംസ്‌കരണത്തിന് പരിശ്രമിക്കുക, അവരെ മതപരമായ ചിട്ടയില്‍ വളര്‍ത്താന്‍ യത്‌നിക്കുക, അവര്‍ക്കു വേണ്ടി അനുവദനീയമായ ധനം സമ്പാദിക്കുക, സന്താനപരിപാലനം ശരിയായ രീതിയില്‍ നിര്‍വഹിക്കുക എന്നിവയെല്ലാം വിവാഹത്തിലൂടെ നിര്‍വഹിക്കപ്പെടുന്ന മഹിതമായ കര്‍മങ്ങളാകുന്നു'' (ഇഹ്‌യാ ഉലൂമിദ്ദീന്‍).
പ്രവാചകന്‍ അരുളി: 'ഒരുവന്‍ വിവാഹം കഴിച്ചാല്‍ അവന്‍ തന്റെ മതത്തിന്റെ മൂന്നില്‍ രണ്ട് ഭാഗം പൂര്‍ത്തീകരിച്ചു.'' വിവാഹത്തിന് ഇസ്‌ലാം നല്‍കുന്ന പ്രാധാന്യമാണ് ഈ പ്രവാചകവചനം സൂചിപ്പിക്കുന്നത്.

വധൂവരന്മാരുടെ തെരഞ്ഞെടുപ്പ്

വളരെ ബോധപൂര്‍വവും ആസൂത്രണത്തോടും കൂടി നിര്‍വഹിക്കപ്പെടേണ്ടതാണ് വിവാഹം. ഉത്തമസമൂഹത്തിന്റെ നിര്‍മാണത്തിന് സുഭദ്രമായ കുടുംബം സംവിധാനിക്കപ്പെടേണ്ടതുണ്ട്. അതിനാല്‍ ദമ്പതിമാരുടെ തെരഞ്ഞെടുപ്പിന് ഇസ്‌ലാം കൃത്യവും വ്യക്തവുമായ മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നു. സങ്കല്‍പലോകത്തും ഭാവനയിലും കാല്‍പനിക സ്വപ്‌നങ്ങള്‍ മെനഞ്ഞെടുത്തുകൊണ്ടാവരുത് വിവാഹം. ജീവിത യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടുള്ളതാവണം അത്. ഉഭയസമ്മതത്തോടെയുള്ള ഒരു കരാറും ഉടമ്പടിയും അതിനനുസരിച്ച സഹവര്‍ത്തിത്വവുമാണ് വിവാഹം. ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്നതില്‍ നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. അവ ദാമ്പത്യ ജീവിത വിജയത്തിന് അത്യന്താപേക്ഷിതമാണ്. പ്രവാചകന്‍ (സ) അരുളി: ''സമ്മതം ചോദിക്കാതെ സ്ത്രീ വിവാഹം കഴിപ്പിക്കപ്പെടരുത്. അനുവാദം ചോദിക്കാതെ കന്യകയെ വിവാഹം കഴിച്ചുകൊടുക്കരുത്.'' കന്യകയുടെ സമ്മതം മൗനമായിരിക്കുമെന്നും അവിടുന്ന് വിശദീകരിച്ചു (ബുഖാരി).

വിവാഹ മാനദണ്ഡം

ഇസ്‌ലാമിക ജീവിതം നയിക്കാനും ഇസ്‌ലാമിക സംസ്‌കൃതിയില്‍ സന്താനങ്ങളെ വളര്‍ത്താനും ആഗ്രഹിക്കുന്നവര്‍ ദമ്പതിമാരുടെ തെരഞ്ഞെടുപ്പില്‍ പ്രഥമപരിഗണന മതസംസ്‌കാരത്തിനും സല്‍സ്വഭാവത്തിനും നല്‍കണം. പ്രവാചകന്‍ (സ) അരുളി: ''ദീനും സ്വഭാവ മഹിമയും ഉള്ളവര്‍ വിവാഹാലോചനയുമായി വന്നാല്‍ നിങ്ങള്‍ അവര്‍ക്ക് വിവാഹം ചെയ്തുകൊടുക്കുക. അല്ലാത്ത പക്ഷം ഭൂമിയില്‍ നാശവും കുഴപ്പവും ബാധിക്കും'' (തിര്‍മിദി). അവിടുന്ന് അരുളി: 'നാലു കാര്യങ്ങളാല്‍ സ്ത്രീ വിവാഹം ചെയ്യപ്പെടുന്നു. സമ്പത്ത്, കുടുംബ മഹിമ (തറവാടിത്തം), സൗന്ദര്യം, ദീന്‍ (ഇസ്‌ലാമിക സംസ്‌കാരം). ദീന്‍ ഉള്ളവളെ വിവാഹം കഴിച്ച് ഭാഗ്യം നേടുക.''  'മതനിഷ്ഠയുള്ളവളും സല്‍സ്വഭാവിയുമായ സ്ത്രീയെ തെരഞ്ഞെടുക്കുക' എന്ന് പാഠഭേദം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് (ബുഖാരി). സംസ്‌കാരസമ്പന്നമായ ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിന് ദൈവ ബോധവും മതഭക്തിയും സ്വഭാവ മഹിമയുമുള്ള സ്ത്രീ അനിവാര്യമാണ്. കുടുംബം ഒരു കോട്ട പോലെയാണ്. കോട്ട പണിയാനും സംരക്ഷിച്ചു നിലനിര്‍ത്താനും പുരുഷന്‍ മാത്രം വിചാരിച്ചാല്‍ നടക്കില്ല. പ്രത്യുത, അതിന് ശക്തയും ഭക്തയുമായ സഹധര്‍മിണിയുടെ കൈത്താങ്ങ് വേണം.  അല്ലാഹുവിനെ ഭയപ്പെട്ട് ജീവിക്കുന്നവള്‍ക്ക് ഭര്‍ത്താവിനെ അനുസരിച്ച് ജീവിക്കാന്‍ സാധിക്കുന്നു. അതുപോലെ തിരിച്ചും മതഭക്തിയും ദൈവബോധവും ഇസ്‌ലാമിക സംസ്‌കാരവുമുള്ള വരനേ  ഇസ്‌ലാമിക രീതിയില്‍ കുടുംബം സംവിധാനിക്കാനും ഇസ്‌ലാമിക സംസ്‌കൃതിയില്‍ ഭാവി തലമുറയെ സൃഷ്ടിച്ചെടുക്കാനും സാധിക്കുകയുള്ളു. 
സൗന്ദര്യം, വിദ്യാഭ്യാസം, ജീവിത നിലവാരം, വളര്‍ന്നുവന്ന സാഹചര്യം, കുടുംബ പശ്ചാത്തലം, വയസ്സ്, ശരീരഘടന, ആരോഗ്യസ്ഥിതി, ആദര്‍ശ പൊരുത്തം എന്നിവയെല്ലാം കുടുംബ ജീവിത വിജയത്തിന്  നിദാനം തന്നെ. ഇതെല്ലാം അതിന്റെ അളവില്‍ പരിഗണിക്കപ്പെടേണ്ടതാണ്. പക്ഷേ പ്രഥമ പരിഗണന മതസംസ്‌കാരത്തിനും സ്വഭാവമഹിമക്കുമാകണം എന്നാണ് പ്രവാചക വചനത്തിന്റെ താല്‍പര്യം. പ്രവാചകന്‍ അരുളി: ''പ്രതാപം നോക്കി വിവാഹം കഴിച്ചാല്‍ അല്ലാഹു അവന് നിന്ദ്യതയേ നല്‍കൂ. ധനം നോക്കി വിവാഹം കഴിച്ചാല്‍ ദാരിദ്ര്യമേ അല്ലാഹു അവന് വര്‍ധിപ്പിക്കുകയുള്ളു. കുടുംബ മാഹാത്മ്യവും മഹത്വവും നോക്കി വിവാഹം കഴിച്ചാല്‍ നിന്ദ്യത മാത്രമേ വര്‍ധിപ്പിക്കുകയുള്ളു. ചാരിത്ര്യസംരക്ഷണം നിലനിര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെയും കുടുംബ ബന്ധം ചേര്‍ക്കുന്നതിനു വേണ്ടിയും വിവാഹം കഴിച്ചാല്‍ അവളില്‍ അല്ലാഹു അവനെ അനുഗ്രഹിക്കും. അവളെയും അവനിലൂടെ അനുഗ്രഹിക്കും'' (ത്വബറാനി). 
പ്രവാചകന്‍ (സ) പറഞ്ഞു: ''മനുഷ്യന്റെ സൗഭാഗ്യം മൂന്ന് കാര്യത്തിലാണ്. നിര്‍ഭാഗ്യവും മൂന്ന് കാര്യങ്ങളില്‍ തന്നെ. നല്ലവളായ ഭാര്യ, സൗകര്യമുള്ള വീട്, നല്ല വാഹനം ഇവയാണ് സൗഭാഗ്യം. ചീത്തയായ ഭാര്യ, മോശമായ വീട്, കൊള്ളാത്ത വാഹനം ഇവ നിര്‍ഭാഗ്യവും'' (അഹ്മദ്, ത്വബറാനി, ഹാകിം). മറ്റൊരിക്കല്‍ അവിടുന്ന് അറിയിച്ചു: ''മൂന്ന് കാര്യങ്ങള്‍ സൗഭാഗ്യമാണ്. ഒന്ന്, സദ്‌വൃത്തയായ സഹധര്‍മിണി. അവളെ കാണുമ്പോള്‍ നിനക്ക് നിര്‍വൃതി ലഭിക്കും. നിന്റെ അസാന്നിധ്യത്തില്‍ അവളുടെ ശരീരത്തെയും നിന്റെ ധനത്തെയും സംബന്ധിച്ച് നീ സ്വസ്ഥനായിരിക്കും. രണ്ട്, വേഗതയുള്ള വാഹനം. അത് അതിവേഗം നിന്നെ കൂട്ടുകാരുടെ അടുത്ത് എത്തിക്കും. മൂന്ന്, വിശാലതയും സൗകര്യവുമുള്ള വീട്. മൂന്ന് കാര്യങ്ങള്‍ നിര്‍ഭാഗ്യത്തിന്റെ നിമിത്തങ്ങളാകുന്നു. ഒന്ന്, ചീത്തയായ ഭാര്യ; അവളെ കാണുന്നത് നിനക്ക് അരോചകമായിരിക്കും. അവളുടെ നാവ് നിന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും. നിന്റെ അഭാവത്തില്‍ അവളുടെ ശരീരത്തെയും നിന്റെ സമ്പത്തിനെയും സംബന്ധിച്ച് നീ അസ്വസ്ഥനായിരിക്കും. രണ്ട്, തീരെ വേഗതയില്ലാത്ത വാഹനം. അതിനെ അടിച്ചാല്‍ നീ ക്ഷീണിക്കും. വെറുതെ വിട്ടാല്‍ ലക്ഷ്യസ്ഥാനത്ത് അത് നിന്നെ കൊണ്ടെത്തിക്കുകയുമില്ല (വാഹനങ്ങളായി ഉപയോഗിക്കുന്ന മൃഗങ്ങളാണ് ഇവിടെ ഉദ്ദേശ്യം). മൂന്ന്, ഒട്ടും സൗകര്യമില്ലാത്ത ഇടുങ്ങിയ വീട്'' (ഹാകിം). പ്രവാചകന്‍ അരുള്‍ ചെയ്യുന്നു: ''തന്റെ പ്രിയപ്പെട്ടവളെ ധര്‍മബോധമില്ലാത്തവന്റെ ഭാര്യയാക്കുന്നവന്‍ അവളുമായുള്ള ബന്ധം മുറിച്ചുകളഞ്ഞു'' (ഇബ്‌നുഹിബ്ബാന്‍). മറ്റൊരിക്കല്‍ അവിടുന്ന് അരുളി: ''നിങ്ങളിലാരും തന്റെ മകളെ നിന്ദ്യന്നും വിരൂപിക്കും കല്യാണം കഴിച്ചുകൊടുക്കരുത്. കാരണം, നിങ്ങളാഗ്രഹിക്കുന്നതെല്ലാം അവര്‍ സ്ത്രീകളും ആഗ്രഹിക്കുന്നുണ്ടാവും.'' പ്രവാചക പത്‌നി ആഇശ (റ) പറയുന്നു: ''തന്റെ ഓമനമകളെ എവിടെയാണ് ഏല്‍പ്പിക്കുന്നത് എന്ന് ഓരോരുത്തരും ആലോചിക്കേണ്ടതുണ്ട്.''

ഭാര്യാഭര്‍തൃ ബന്ധത്തിന്റെ ഇസ്‌ലാമിക മാനം

സ്ത്രീപുരുഷ ബന്ധം നിയമാനുസൃതമായിരിക്കണമെന്നാണ് ഇസ്‌ലാമിക കാഴ്ചപ്പാട്. വിവാഹബാഹ്യ ബന്ധങ്ങളെ ഇസ്‌ലാം ശക്തമായി വിലക്കുന്നു. അത് വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും തകര്‍ച്ചക്കും സാംസ്‌കാരിക അധഃപതനത്തിനും എയ്ഡ്‌സ് പോലുള്ള മാറാ രോഗങ്ങള്‍ക്കും കാരണമാകുന്നു. 
ശാരീരിക ബന്ധങ്ങളില്‍ മാന്യവും സഭ്യവും ആസ്വാദ്യകരവുമായ മാര്‍ഗങ്ങള്‍ ദമ്പതിമാര്‍ക്ക് സ്വീകരിക്കാവുന്നതാണ്. ഇണകളുടെ ഇഷ്ടാനിഷ്ടങ്ങള്‍ പരസ്പരം പരിഗണിക്കേണ്ടതാണ്. സ്ത്രീപുരുഷ ലൈംഗിക ബന്ധത്തിന് മുന്നോടിയായിട്ടുള്ള പൂര്‍വ്വലീലകളില്‍ ഏര്‍പ്പെടണമെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. ഇത്തരം മുന്നൊരുക്കം കൂടാതെ ഭാര്യയുമായി ബന്ധം പുലര്‍ത്തരുതെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. പ്രവാചകന്‍ അരുളി. ''നിങ്ങളാരുംതന്നെ കന്നുകാലികളെപ്പോലെ തന്റെ പ്രിയതമയെ പ്രാപിക്കരുത്. അവര്‍ക്കിടയില്‍ ഒരു ദൂതന്‍ ഉണ്ടായിരിക്കട്ടെ.'' ആരാണ് ഈ ദൂതന്‍ എന്നന്വേഷിച്ചപ്പോള്‍ അവിടുന്ന് അറിയിച്ചു: ''ചുംബനവും സംസാരവുമാണവ'' (ദൈലമി). പ്രവാചകന്‍ വീണ്ടും പറയുന്നു: ''നിങ്ങളിലാരെങ്കിലും തന്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍ പക്ഷികളെപ്പോലെ ആകരുത്. സാവകാശം കാണിക്കുകയും ക്ഷമ പാലിക്കുകയും ചെയ്യുക.'' പുരുഷന്‍ സ്ത്രീയെ പ്രാപിക്കുമ്പോള്‍ അതിനൊരു മറയും സ്വകാര്യതയും വേണമെന്നത് ഒരു സാമൂഹിക പാഠമാണ്. തല്‍വിഷയകമായി പ്രവാചകന്‍ അരുള്‍ ചെയ്യുന്നു: ''നിങ്ങള്‍ ഭാര്യയെ പ്രാപിക്കാന്‍ ഒരുങ്ങിയാല്‍ ഇങ്ങനെ പ്രാര്‍ഥിച്ചുകൊള്ളട്ടെ.''
'ദൈവത്തിന്റെ നാമത്തില്‍. അല്ലാഹുവേ, പിശാചില്‍നിന്നും നീ ഞങ്ങളെ അകറ്റേണമേ, ഞങ്ങള്‍ക്ക് നല്‍കുന്ന സന്താനത്തില്‍നിന്നും നീ പിശാചിനെ അകറ്റേണമേ!' - ഈ പ്രാര്‍ഥനയോടു കൂടിയാണ് ഭാര്യ-ഭര്‍തൃബന്ധം നടത്തുന്നതെങ്കില്‍ അതില്‍ ജനിക്കുന്ന കുട്ടികളില്‍ പൈശാചിക ബാധ ഏല്‍ക്കുകയില്ല (ബുഖാരി, മുസ്‌ലിം). ഭാര്യാഭര്‍ത്താക്കന്മാര്‍ ദാമ്പത്യജീവിത രഹസ്യങ്ങള്‍ പുറത്ത് പറയുന്നത് ഇസ്‌ലാം ശക്തമായി വിലക്കുന്നു. പ്രവാചകന്‍ അരുളി: ''പരസ്പരം അടുത്തിടപഴകിക്കഴിഞ്ഞ ശേഷം ഭാര്യയുടെ രഹസ്യങ്ങള്‍ പ്രചരിപ്പിക്കുന്ന പുരുഷനാണ് പുനരുത്ഥാന നാളില്‍ അല്ലാഹുവിന്റെ അടുത്ത് ഏറ്റവും മോശമായ അവസ്ഥയുള്ളവര്‍'' (മുസ്‌ലിം, അബൂദാവൂദ്).

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top