അപകര്‍ഷത ജീവിതപാതയിലെ തടസ്സം

പി.എ.എം അബ്ദുല്‍ഖാദര്‍ തിരൂര്‍ക്കാട് No image

സൃഷ്ടിയുടെ താളലയങ്ങള്‍ക്കനുസൃതമായി ജീവിതത്തെ മുന്നോട്ടു നയിക്കുന്നതിന് വിഘ്‌നം സൃഷ്ടിക്കുന്നതാണ് അപകര്‍ഷ ബോധം. ജീവിത ലക്ഷ്യമെന്താണെന്നും അതില്‍ എത്തിപ്പെടാനുള്ള മാര്‍ഗമെന്താണെന്നും അതിനായി ദൈവം നല്‍കിയ കഴിവുകള്‍ എങ്ങനെ ഉപയോഗപ്പെടുത്തണമെന്നും ചിന്തിക്കാതെ മനസ്സും ശരീരവും നിര്‍ജീവമായിത്തീരുന്ന ഒരവസ്ഥാ വിശേഷമാണിത്. ഇതുമൂലം മനുഷ്യന്റെ മുന്നോട്ടുള്ള ചലനവും ചിന്തയും നഷ്ടപ്പെടുന്നു. വിഭ്രാന്തി നിറഞ്ഞ ഇത്തരം മാനസികാവസ്ഥ വിഷാദരോഗത്തിലേക്കുവരെ മനുഷ്യനെ കൊണ്ടെത്തിക്കുന്നു.
അപകര്‍ഷതക്കിടയാക്കുന്ന കാരണങ്ങളില്‍ ഏറ്റവും പ്രധാനമാണ് ആത്മവിശ്വാസത്തിന്റെ അഭാവം. രണ്ട്, സംശയം നിറഞ്ഞ മനസ്സ്. മൂന്ന്, അര്‍ഹമായ അംഗീകാരവും പരിഗണനയും ലഭിക്കുന്നില്ലെന്ന തോന്നല്‍. നാല്, അപരന്റെ ഉയര്‍ച്ചയിലും വളര്‍ച്ചയിലും തോന്നുന്ന അസൂയ. ഇവയില്‍ ഏറ്റവുമാദ്യം ചര്‍ച്ച ചെയ്യേണ്ടതാണ് ആത്മവിശ്വാസത്തിന്റെ അഭാവം. എത്ര കഴിവുണ്ടെങ്കിലും ഒരു കഴിവുമില്ല എന്ന തോന്നല്‍ പലപ്പോഴും മനസ്സിന്റെ താളം തെറ്റിക്കുന്നു.
ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപികക്ക് പ്രിന്‍സിപ്പല്‍ പ്രമോഷന്‍ ലിസ്റ്റില്‍ പേരുവന്നതറിഞ്ഞപ്പോള്‍ വളരെയധികം സന്തോഷമായി. വീട്ടില്‍നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം ദൂരമുള്ള സ്‌കൂളിലേക്കാണ് എന്നറിഞ്ഞപ്പോള്‍ ആഹ്ലാദമേറെയായി. പുതിയ സ്‌കൂളിനെ പറ്റി അടുത്തുള്ളവരോടെല്ലാം ചോദിച്ചറിഞ്ഞു. ഏതാണ്ടെല്ലാ കാര്യങ്ങളിലും സംതൃപ്തമായ പ്രതികരണമാണ് ലഭിച്ചത്. പക്ഷേ ആ സ്‌കൂളില്‍നിന്നും സ്ഥലം മാറിപ്പോകുന്ന മുന്‍ പ്രിന്‍സിപ്പല്‍ നല്ലൊരു പ്രസംഗകന്‍ കൂടിയായിരുന്നു എന്നറിഞ്ഞപ്പോള്‍ ടീച്ചര്‍ അസ്വസ്ഥയായി. പ്രസംഗമറിയാത്ത താന്‍ പ്രഗത്ഭനായ മുന്‍ഗാമിയുടെ പിന്‍ഗാമിയായി സ്ഥാനമേല്‍ക്കുന്നതിലുള്ള അപകര്‍ഷത ടീച്ചറെ അങ്ങേയറ്റം പിരിമുറുക്കത്തിലാക്കി. പ്രമോഷന്‍ വേണ്ടെന്നു വെച്ച് അധ്യാപികയായി തന്നെ തുടര്‍ന്നാലോ? ടീച്ചറുടെ ചിന്ത കാടുകയറി. അടുത്ത ദിവസം പുതിയ സ്ഥാനമേല്‍ക്കേണ്ടതുണ്ട്. അപ്പോഴാണ് പുതിയ സ്‌കൂളില്‍നിന്ന് സീനിയര്‍ അസിസ്റ്റന്റിന്റെ ഫോണ്‍, തിങ്കളാഴ്ച മോണിംഗ് അസംബ്ലിയില്‍ ടീച്ചര്‍ ഒരു പ്രസംഗം ചെയ്യണം. ഇതു കേട്ട് ടീച്ചര്‍ക്ക് തലകറക്കം വന്നു. ശാന്തപ്രകൃതക്കാരനായ പിതാവ് വളരെയധികം ഉപദേശിച്ചുനോക്കി. ഫലമില്ല. അദ്ദേഹത്തിന്റെ സുഹൃത്തും കൗണ്‍സലിംഗില്‍ പ്രഗത്ഭനുമായ ഒരു റിട്ടയേര്‍ഡ് ഹെഡ് മാസ്റ്ററെ വിളിച്ചുവരുത്തി. നീണ്ട ചര്‍ച്ചകള്‍ക്കും നിര്‍ദേശങ്ങള്‍ക്കും ശേഷം ടീച്ചറുടെ മനസ്സ് അയഞ്ഞു തുടങ്ങി. അസംബ്ലിയില്‍ ചെയ്യേണ്ടതിനായി ഒരു പ്രസംഗം കൗണ്‍സിലര്‍ എഴുതിക്കൊടുത്തു. കാണാതെ പഠിച്ചു പറയേണ്ടതില്ലെന്നും കണ്ടുവായിച്ചാല്‍ മതിയെന്നും നിര്‍ദേശവും കൊടുത്തു. ഏതായാലും രംഗം ഭംഗിയായി അവസാനിച്ചു. ''ടീച്ചര്‍ പറയേണ്ട കാര്യങ്ങള്‍ ഗൗരവത്തോടെ മുന്‍കൂട്ടി തയാറാക്കി പറഞ്ഞപ്പോള്‍ കുട്ടികള്‍ക്ക് ഒരു ഗൗരവം കൈവന്നു'' - സീനിയര്‍ അസിസ്റ്റന്റിന്റെ ഈ കമന്റ് കൂടി കേട്ടപ്പോള്‍ ടീച്ചര്‍ കൂടുതല്‍ ഉന്മേഷവതിയായി. മാത്രമല്ല, പ്രസംഗിക്കാന്‍ കഴിയില്ല എന്ന അപകര്‍ഷ ബോധം നീങ്ങിയതോടെ വര്‍ധിച്ച ആത്മവിശ്വാസത്തോടെ ഇപ്പോഴും പ്രിന്‍സിപ്പലായി ശോഭിക്കുന്നു. ആത്മവിശ്വാസത്തോടെ ഏതൊരു കാര്യത്തിനിറങ്ങിത്തിരിക്കാന്‍ കഴിഞ്ഞാല്‍ വിജയത്തിന്റെ ഉന്നത പടവുകളിലെത്തിച്ചേരാന്‍ സാധിക്കും. I can, I can  (എനിക്കു കഴിയും, എനിക്കു കഴിയും) എന്ന പ്രതീക്ഷാനിര്‍ഭരമായ മന്ത്രം എപ്പോഴും മനസ്സിലുണ്ടാകണമെന്നു മാത്രം.

സുരക്ഷിതത്വ ബോധം

ജീവിതയാത്രയില്‍ അനുഭവപ്പെടുന്ന സുരക്ഷിതത്വമില്ലായ്മയും അസൗകര്യങ്ങളും മനസ്സിനെ വല്ലാതെ അലട്ടുമ്പോള്‍ ചിലര്‍ക്കൊക്കെ സ്വാഭാവികമായും അപകര്‍ഷതയുണ്ടാകും. ഇത്തരം ചിന്തകള്‍ നീണ്ട നാളുകളോളം മനസ്സിനെ മഥിക്കാറുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ കാടുകയറാത്ത ചിന്തയും അച്ചടക്ക പൂര്‍ണമായ മനസ്സും കൊണ്ട് മാത്രമേ മനസ്സിനെ ശാന്തമാക്കാന്‍ സാധിക്കുകയുള്ളൂ.
ശുഭകരമായ ചിന്തകള്‍ കടത്തിവിട്ട് മനസ്സിനെ ശക്തിസ്രോതസ്സാക്കി മാറ്റാന്‍ ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ശ്രമിക്കേണ്ടതുണ്ട്. ആത്മവിശ്വാസദായകമായ ചിന്തയിലേക്ക് ബോധമനസ്സിനെ തിരിച്ചുവിടണം. ഇങ്ങനെയുള്ള ഘട്ടങ്ങളില്‍ മനസ്സിന് സംരക്ഷണം നല്‍കുന്നത് 'ദൈവം നമ്മോടൊപ്പമുണ്ടെങ്കില്‍ പിന്നെ ആര്‍ക്കാണ് നമുക്ക് എതിരു നില്‍ക്കാന്‍ കഴിയുക?' എന്ന ബോധ്യമാണ്. ഈ വിശ്വാസം പകരുന്ന ഉത്തേജനം മറ്റെവിടെനിന്നാണ് ലഭിക്കുക? പരാജയം, ലക്ഷ്യം നേടല്‍ അസാധ്യം എന്നിങ്ങനെയുള്ള ചിന്തകള്‍ക്ക് പകരം വിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും അടിത്തറയില്‍നിന്നുകൊണ്ട് മുന്നേറാന്‍ കഴിയണം. നാം എങ്ങനെ ചിന്തിക്കുന്നുവോ അതനുസരിച്ചായിരിക്കും വിജയത്തിന്റെയും പരാജയത്തിന്റെയും വികാരങ്ങള്‍ മനസ്സില്‍ സൃഷ്ടിക്കപ്പെടുന്നത്. ദൈവസഹായത്തെയും അനുഗ്രഹത്തെയും കുറിച്ചുള്ള പ്രതീക്ഷകളും ചിന്തകളും മനസ്സില്‍ ഒളിഞ്ഞുകിടക്കുന്ന അശുഭചിന്തകളെ ഇല്ലാതാക്കും. അതോടെ സര്‍ഗചിന്തകള്‍ പ്രസ്ഫുരിക്കാനും തുടങ്ങും.

അത്മവിശ്വാസമില്ലായ്മ

ആത്മവിശ്വാസത്തിന്റെ അഭാവമാണ് സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികളില്‍ കാണുന്ന ഒട്ടുമിക്ക പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. സ്വന്തം കഴിവുകളില്‍ വിശ്വാസമില്ലാത്തവര്‍ക്ക് അവസരങ്ങള്‍ തേടിപ്പിടിക്കാനോ കഴിയാതെ വിഷണ്ണതയോടെ കഴിയേണ്ടിവരുന്ന ദയനീയാവസ്ഥയാണുണ്ടാകുന്നത്. അപകര്‍ഷത മാറ്റിയെടുക്കണമെങ്കില്‍ മനോഭാവത്തിലും വീക്ഷണത്തിലും സമൂലമായ മാറ്റം വരുത്തണം. കൂടുതല്‍ വായനയും സുഹൃത്തുക്കളുമായുള്ള ഉള്ളുതുറന്ന ചര്‍ച്ചകളും സ്‌നേഹ സൗഹൃദ പെരുമാറ്റങ്ങളും അപകര്‍ഷ ബോധത്തെ മനസ്സില്‍നിന്നും കഴുകിക്കളയാന്‍ ഉപകരിക്കും. ദൈവവിശ്വാസത്തില്‍ ഊന്നിനിന്നുകൊണ്ട് മാനസിക ശക്തി വര്‍ധിപ്പിക്കാനുള്ള സന്നദ്ധത കൂടി ഉണ്ടാകണം. അപകര്‍ഷ മനഃസ്ഥിതിക്കാരെ ദൈവവിശ്വാസത്തിന്റെ സരണിയിലേക്ക് കൊണ്ടുവരാന്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും മുന്‍കൈയെടുക്കേണ്ടതാണ്. പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ് അപകര്‍ഷതക്കിരയാകുന്നതെന്ന് ചില പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. പല ഖുര്‍ആന്‍ വാക്യങ്ങളുടെയും പൊരുള്‍ മനസ്സിനെ ശാന്തസുന്ദരമായ അവസ്ഥയിലേക്ക് നയിക്കാന്‍ സഹായകമാണ്:
''അവരോട് പറയുക: അല്ലാഹു വിധിച്ചതല്ലാതെ ഒന്നും ഞങ്ങള്‍ക്ക് സംഭവിക്കുകയില്ല. അല്ലാഹു മാത്രമാകുന്നു ഞങ്ങളുടെ സംരക്ഷകന്‍, വിശ്വാസികള്‍ അവനില്‍ മാത്രം ഭരമേല്‍പിച്ചുകൊള്ളട്ടെ'' (9:51).
''ദൈവസ്മരണയത്രെ ഏറെ മഹത്തരം'' (29:45).
''അല്ലാഹുവിനെ മുറുകെപിടിച്ചുകൊള്ളുവിന്‍. അവനാകുന്നു നിങ്ങളുടെ രക്ഷകന്‍, എത്ര നല്ല രക്ഷകന്‍! എത്ര നല്ല സഹായി!'' (29:78).
ഓരോ വ്യക്തിയും അവരുടെ ആദര്‍ശ വിശ്വാസത്തില്‍ അധിഷ്ഠിതമായ വ്യക്തിത്വത്തിന്റെയും സ്വത്വത്തിന്റെയും ഔന്നത്യത്തിലേക്ക് ഉയരാന്‍ ശ്രമിക്കുകയാണ് വേണ്ടത്. മറ്റുള്ളവരുടെ ഇഷ്ടത്തിനനുസരിച്ച് തുള്ളുന്ന രണ്ടാം തരക്കാരാവരുത്.
ഭരണാധികാരികളും ഗോത്രത്തലവന്മാരും മുഹമ്മദ് നബിക്ക് മാര്‍ഗതടസ്സങ്ങള്‍ സൃഷ്ടിക്കുകയും അക്രമങ്ങളഴിച്ചുവിടുകയും ചെയ്തപ്പോഴൊന്നും പ്രവാചകനായ മുഹമ്മദ് നബി ഒട്ടും നിരാശനായില്ല. അല്ലാഹു ഒപ്പമുണ്ടെന്ന ദൃഢവിശ്വാസത്തില്‍ അചഞ്ചലഹൃദയനായി മുന്നേറുകയാണുണ്ടായത്. അപകര്‍ഷതയുടെ അപകട ഗര്‍ത്തത്തില്‍ അദ്ദേഹം വീണില്ല. 'ജനങ്ങള്‍ക്ക് ഉന്മേഷവും സന്തോഷവും പകരുക. അവരെ വെറുപ്പിക്കാതിരിക്കുക. അവര്‍ക്ക് എളുപ്പവും സൗകര്യവും ഉണ്ടാക്കിക്കൊടുക്കുക' - ഇതായിരുന്നു പ്രവാചകന്‍ തന്റെ അനുയായികള്‍ക്ക് നല്‍കിക്കൊണ്ടിരുന്ന ഉപദേശം.

 

അന്യരിലേക്കുള്ള നോട്ടം

തന്റെ കഴിവിനേക്കാള്‍ മികച്ചതായിരിക്കരുത് മറ്റൊരാളുടെ കഴിവ് എന്ന അസൂയയോടുകൂടിയ ചിന്ത മനസ്സിനെ കൂടുതല്‍ അപഭ്രംശത്തിലാക്കും. മറ്റുള്ളവര്‍ ആസ്വദിക്കുന്ന സുഖസൗകര്യങ്ങളും മെച്ചങ്ങളും കാണുമ്പോള്‍ തനിക്കിതൊന്നും ഇല്ലല്ലോ എന്ന മാനസികാവസ്ഥയും നല്ലതല്ല. ഇതൊരുതരം അപകര്‍ഷബോധത്തിന്റെ ലക്ഷണമാണ്. ഒരു കല്യാണസദസ്സിലുണ്ടായ അനുഭവം സാന്ദര്‍ഭികമായി ഓര്‍ക്കുകയാണ്. പരിചിതയായ ഒരു ബാങ്ക് ഉദ്യോഗസ്ഥ സദസ്സിന്റെ ഒരു മൂലയില്‍ മ്ലാനവദയായി ഇരിക്കുന്നു. ഇടക്കിടക്ക് കണ്ണീര്‍തുള്ളികള്‍ തുടക്കുന്നുമുണ്ട്. കാരണമന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു: 'സാറേ, നിങ്ങള്‍ നോക്കൂ! എന്റെ കൂടെയുള്ളവരുടെ വസ്ത്രങ്ങള്‍ നോക്കൂ. നല്ല ഫാഷനുള്ളവ. വിലകൂടിയതും. എന്റെ വീട്ടുകാര്‍ ഈ വിലകുറഞ്ഞ സാരി മതിയെന്നാണ് എന്നെ നിര്‍ബന്ധിച്ചത്.' സദസ്സിലെ തിക്കിനും തിരക്കിനുമിടയില്‍ കുറേ ഉപദേശിച്ചു. ഒപ്പം രവീന്ദ്രനാഥ ടാഗോറിന്റെ ഒരു കവിതാ ശകലത്തിന്റെ പൊരുളും പറഞ്ഞുകൊടുത്തു; 'ഏത് വിഡ്ഢിക്കും എത്ര വലിയ രാജകീയ വസ്ത്രങ്ങളും ധരിക്കാന്‍ കഴിയും.' കുറച്ചൊക്കെ ശാന്തമനസ്സോടെ ഉദ്യോഗസ്ഥ ഭക്ഷണഹാളിലേക്ക് പോയി. മറ്റുള്ളവരുടെ പകിട്ടും പൊലിപ്പും കാണുമ്പോള്‍ തന്റെ വ്യക്തിത്വം ഇടിഞ്ഞുപോയി എന്ന തോന്നലുണ്ടായതാണ് പറ്റിയ പാളിച്ച. ഇതില്‍നിന്നുണ്ടായ അപകര്‍ഷതയാണ് അവരെ അവതാളത്തിലാക്കിയത്. ഇത്തരം അപകര്‍ഷ ചിന്ത പലപ്പോഴും അസൂയക്കും ശത്രുതക്കും പ്രതികാര മനസ്സിനും ഇടവരുത്തും. ഇതൊരു തരം വിഷാദരോഗത്തിന്റെ ലക്ഷണമായും വിലയിരുത്തപ്പെടുന്നു.

 

പ്രതിസന്ധികള്‍ തരണം ചെയ്യല്‍

ജീവിതത്തില്‍ അനുഭവപ്പെടുന്ന വൈകാരികമായ പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും എങ്ങനെ നേരിടുന്നു എന്നതിലാണ് വിഷയത്തിന്റെ മര്‍മം. അപകര്‍ഷബോധം ഒരു വൈകാരിക പ്രശ്‌നമായാണ് കാണേണ്ടത്. ഇതിന്റെ ഉറവിടം കണ്ടെത്താനുള്ള പഠനമാണ് ആദ്യം വേണ്ടത്. ശാസ്ത്രീയമായ കൗണ്‍സലിംഗിലൂടെ ഇത് കണ്ടെത്താന്‍ കഴിയും. കഴിവുകളെക്കുറിച്ച് ഉത്തമബോധ്യം ഓരോ വ്യക്തിക്കുമുണ്ടാകണം. ദൈവം കനിഞ്ഞരുളിയ അനുഗ്രഹങ്ങളും കഴിവുകളും ഇല്ലാത്തവരായി ആരുമില്ല. ഇവ കണ്ടെത്താനോ അവയിലൂടെ എത്രത്തോളം മുന്നേറാന്‍ കഴിയുമെന്ന് ചിന്തിക്കുകയോ ചെയ്യാതെ അസ്വസ്ഥതക്കടിപ്പെടുന്ന സ്വഭാവമാണ് പലരിലും കാണുന്നത്. ചിത്രം വരക്കാനുള്ള കഴിവാണ് ഒരാളില്‍ അന്തര്‍ലീനമായിരിക്കുന്നതെങ്കില്‍ ആ കഴിവ് വളര്‍ത്താനും വികസിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് വേണ്ടത്. അതു തന്നെ നല്ലൊരു ചിത്രകാരനാക്കി മാറ്റാന്‍ ഇടവരുത്തുമെന്നുള്ള ഉത്തമവിശ്വാസവും അതിനു വേണ്ടിയുള്ള നിരന്തര പ്രവര്‍ത്തനവുമാണ് വേണ്ടത്. നേരെമറിച്ച് നന്നായി പാടാന്‍ കഴിയുന്ന ഒരാളെ കണ്ടിട്ട് തനിക്കതിന് കഴിയുന്നില്ലല്ലോ എന്നോര്‍ത്ത് ദുഃഖിക്കുന്നത് ഭൂഷണമല്ല.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top