അബ്ബാജാന്റെ അന്ത്യനിമിഷങ്ങള്‍

സയ്യിദ ഹുമൈറാ മൗദൂദി No image

(പിതാവിന്റെ തണലില്‍- 14)

പല തവണ ജയിലില്‍ പോകേണ്ടി വന്നതിനാല്‍ അബ്ബാജാന്റെ ആരോഗ്യം മോശമായിത്തുടങ്ങി. അതിനാല്‍ അമ്മാജാന്‍ ഖുര്‍ആന്‍ ക്ലാസ് പരിപാടികള്‍ കുറച്ചു. മോഡല്‍ ടൗണിലെ ലേഡീസ് ക്ലബില്‍ 25 വര്‍ഷമായി അവര്‍ ഖുര്‍ആന്‍ ക്ലാസ് എടുത്തുവരികയായിരുന്നു. ആ ക്ലാസിലൂടെ അവര്‍ ശിഷ്യകളുടെ ഒരു ടീമിനെ തന്നെ വാര്‍ത്തെടുത്തിട്ടുണ്ടായിരുന്നു. അവസാനം ആ ക്ലാസ് അവര്‍ സ്വന്തം ശിഷ്യഗണത്തെത്തന്നെ ഏല്‍പിച്ചു. അങ്ങനെ തന്റെ സമയം മുഴുവന്‍ അബ്ബാജാന്റെ പരിചരണത്തിനായി ഉഴിഞ്ഞുവെച്ചു. ഒരു ദിവസം ക്ലാസ് നടക്കുന്ന സദസ്സില്‍ വെച്ച് ഒരു പെണ്‍കുട്ടി അമ്മാജാനോട് 'നിങ്ങള്‍ ഏതെല്ലാം വിഷയത്തിലാണ് എം.എ എടുത്തിട്ടുള്ളതെ'ന്ന് ചോദിക്കുന്നത് കേള്‍ക്കുകയുണ്ടായി. അപ്പോള്‍ അവര്‍ ഇങ്ങനെ പറഞ്ഞു: 'മോളേ, എം.എയും ബി.എയുമൊക്കെ നിങ്ങള്‍ക്കുള്ള ബിരുദങ്ങളാണ്. ഞാന്‍ ദല്‍ഹിയിലെ ക്വിയിന്‍ മേരി സ്‌കൂളില്‍ മിഡില്‍വരെ മാത്രമേ പഠിച്ചിട്ടുള്ളൂ.' എന്നിട്ടും നിങ്ങള്‍ എങ്ങനെ ഇത്രയേറെ വിദ്യാസമ്പന്നയായി എന്ന് ആ കുട്ടി അത്ഭുതം കൂറിയപ്പോള്‍ അമ്മാജാന്റെ മറുപടി ഇങ്ങനെയായിരുന്നു: 'ഒരു മണിക്കൂര്‍ മാത്രം സംസാരിച്ചിരുന്നാല്‍, രാത്രി മുഴുക്കെ ഗ്രന്ഥങ്ങള്‍ പാരായണം ചെയ്താലും കിട്ടാത്ത അത്ര വിജ്ഞാനം ലഭ്യമാകുന്ന ഒരു പണ്ഡിതനോടൊപ്പമാണ് എന്റെ ജീവിതം. അതാണ് എന്റെ അറിവിന്റെ ഉറവ.'
ഒരിക്കല്‍ ഏതാനും പെണ്ണുങ്ങള്‍ അമ്മാജാന്റെ അടുത്ത് വന്ന് യോഗ്യരായ ആളുകളുടെ ക്ഷാമത്തെ ക്കുറിച്ചു സങ്കടം പറഞ്ഞു. അമ്മാജാന്‍ നിശ്ശബ്ദം അവരുടെ വര്‍ത്തമാനം കേട്ടുകൊണ്ടിരുന്നു. പറയാനുള്ളതൊക്കെ പറഞ്ഞു കഴിഞ്ഞപ്പോള്‍ അമ്മാജാന്‍ പറഞ്ഞു: 'യോഗ്യരായ ആളുകളുടെ ക്ഷാമമുണ്ടെങ്കില്‍ അതിന്റെ കാരണം ഈ സമുദായം തന്നെയാണ്. ഇതര സമുദായങ്ങള്‍ക്ക് വളരെ അപൂര്‍വമായി മാത്രം ലഭിക്കുന്ന എത്രയോ നേതാക്കളും മാര്‍ഗദര്‍ശികളും ഈ സമുദായത്തിലുണ്ടായിരുന്നില്ലേ? മുഴുവന്‍ മുസ്‌ലിം ലോകവും തങ്ങളുടെ മാര്‍ഗദര്‍ശിയായി അംഗീകരിച്ച അല്ലാമാ ഇഖ്ബാലിനെ പോലുള്ളവര്‍ ഈ സമുദായത്തിന് നേതാവായി ലഭിച്ചിരുന്നില്ലേ? ചിന്താ ലോകത്ത് വിപ്ലവം സൃഷ്ടിച്ച മൗലാനാ മൗദൂദിയെയും ഈ സമുദായത്തിന് ലഭിച്ചില്ലേ? പലിശ, സന്താന നിയന്ത്രണം, പര്‍ദ തുടങ്ങി എത്രയെത്ര ആധുനിക പ്രശ്‌നങ്ങള്‍ക്കാണ് അദ്ദേഹം പരിഹാരം നിര്‍ദേശിച്ചത്. സമകാലിക ലോകത്തെ ഗ്രസിച്ച മാരക രോഗങ്ങള്‍ക്കൊക്കെ ഖുര്‍ആന്റെയും ഹദീസിന്റെയും വെളിച്ചത്തില്‍ ശരിയായ ചികിത്സ അദ്ദേഹം നിര്‍ദേശിച്ചു. തുല്യതയില്ലാത്ത സംഭാവനകളായിരുന്നു അതൊക്കെ. പക്ഷേ, സമുദായം അതിനൊന്നും അര്‍ഹിക്കുന്ന വിലകല്‍പിച്ചില്ല.'
രോഗം രൂക്ഷമായി തുടങ്ങിയപ്പോള്‍ അബ്ബാജാന്‍ ഞങ്ങളോടു പറഞ്ഞു: 'ഞാന്‍ എന്റെ ശരീരത്തോട് വലിയ ദ്രോഹമാണ് ചെയ്തത്. എന്റെ അസ്ഥികളോട് ഞാന്‍ ഒട്ടും ദയകാണിച്ചില്ല. കണ്ണുകള്‍ക്ക് പ്രകൃതിസഹജമായ ഉറക്കം ഞാന്‍ വിലക്കി. അവ ഉറങ്ങാന്‍ ആശിച്ചപ്പോള്‍ ഞാന്‍ എഴുതാന്‍ ആഗ്രഹിച്ചു. പകല്‍ സമയത്തെ കൃത്യാന്തരബഹുലമായ ജീവിതം കാരണം എനിക്ക് എഴുതാന്‍ സമയം കിട്ടിയിരുന്നില്ല. അതിനാല്‍ രാത്രി മാത്രമേ എനിക്ക് ഏകാഗ്രതയോടെ എഴുതാന്‍ സാധിച്ചിരുന്നുള്ളൂ. അത്താഴവും ഇശാ നമസ്‌കാരവും കഴിഞ്ഞ് എഴുതാനിരുന്നാല്‍ ഫജ്ര്‍ നമസ്‌കാരത്തിന്റെ ബാങ്ക് കൊടുക്കും വരെ അത് നീളും. അങ്ങനെ ചെയ്തില്ലെങ്കില്‍ തഫ്ഹീമുല്‍ ഖുര്‍ആന്‍ എങ്ങനെയാണ് പൂര്‍ത്തിയാക്കാന്‍ കഴിയുക? ഇപ്പോള്‍ ഈ കണ്ണുകള്‍ എന്നോട് പ്രതികാരം വീട്ടാന്‍ തുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ എനിക്ക് ഉറങ്ങണമെന്നുണ്ട്. എന്നാല്‍ കണ്ണുകള്‍ പോളയടക്കാന്‍ കൂട്ടാക്കിയിട്ടു വേണ്ടേ? ഉറങ്ങാന്‍ സന്നദ്ധമാകാത്ത വിധം ഉണര്‍ന്നിരിക്കാനുള്ള ശീലമാണ് ഞാന്‍ അവയെ പഠിപ്പിച്ചിരുന്നത്. ശാന്തമായി ഉറങ്ങാന്‍ കഴിയുന്നതിന് എന്റെ മനസ്സ് എല്ലാ ചിന്തകളും അടച്ചു പൂട്ടിയിരുന്നെങ്കില്‍ എന്നാണ് ഇപ്പോള്‍ എന്റെ ആഗ്രഹം. പക്ഷേ, ആലോചനകളില്‍നിന്ന് ഒഴിയാന്‍ കഴിയാത്തവിധം ഞാന്‍ മനസ്സിനെ ശീലിപ്പിച്ചുപോയി. ഇപ്പോള്‍ എന്റെ അസ്ഥികള്‍ എന്നോട് പ്രതികാരം വീട്ടുകയാണ്. മുമ്പ് ഞാനവക്ക് വിശ്രമം നല്‍കിയില്ല. ഇപ്പോള്‍ അവ എനിക്ക് വിശ്രമം തരുന്നില്ല.'
വേദനസംഹാരി ഗുളികകളുടെ ഉപയോഗം അബ്ബാജാന്റെ ആരോഗ്യം നക്കിത്തുടച്ചു. ഒരു ദിവസം വര്‍ത്തമാനത്തിനിടയില്‍ അമ്മാജാന്‍ അബ്ബാജാനോടു പറഞ്ഞു: 'പുതിയൊരു അന്തരീക്ഷത്തിലേക്ക് മാറിത്താമസിച്ചാല്‍ നിങ്ങള്‍ക്ക് ആരോഗ്യം വീണ്ടെടുക്കാന്‍ സാധിച്ചേക്കും. അതുകൊണ്ട് നിങ്ങളെ അമേരിക്കയിലേക്ക് കൂട്ടാന്‍ ഞാന്‍ അമ്മനോട് (അഹ്മദ് ഫാറൂഖ്) പറയാന്‍ പോവുകയാണ്. അവിടെ മനസ്സമാധാനത്തോടെ ചികിത്സ നടത്താം.'
അബ്ബാജാന്റെ രോഗം വര്‍ധിച്ചുകൊണ്ടിരുന്നു. അവസാനം അമേരിക്കയില്‍നിന്ന് ഞങ്ങളുടെ സഹോദരന്‍ ഡോ. അഹ്മദ് ഫാറൂഖ് വന്നു. 1979 മെയ് 26-ന് അമ്മാജാനോടൊപ്പം നിര്‍ബന്ധിച്ച് അബ്ബാജാനെ സഹോദരന്‍ അമേരിക്കയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ചു കൂടുതല്‍ ഏകാഗ്രതയോടെ ചികിത്സ തുടരുകയായിരുന്നു ലക്ഷ്യം. അമേരിക്കയില്‍ ചില്ലറ മാറ്റങ്ങളോടെ ഒരു മാസംമുഴുക്കെ ചികിത്സിച്ചപ്പോള്‍ ആരോഗ്യം ഗണ്യമായി മെച്ചപ്പെട്ടു. പ്രവാചകന്റെ ജീവചരിത്രമായ 'സീറത്തെ സര്‍വറെ ആലമി'ന്റെ പണി കൂടുതല്‍ ശക്തിയോടെ പുനരാരംഭിച്ചു.

അലക്‌സ് ഹൈലിയുടെ സന്ദര്‍ശനം

ഇതോടൊപ്പം അമേരിക്കയുടെയും കനഡയുടെയും നാനാഭാഗത്തുനിന്നും സന്ദര്‍ശകരുടെ ഒരു പ്രളയം തന്നെയുണ്ടായി. അബ്ബാജാന്റെ പുസ്തകം വായിച്ച് മുസ്‌ലിംകളായ ധാരാളമാളുകള്‍ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു. രണ്ടു ദിവസം നീണ്ട യാത്ര നടത്തിയാണ് 'റൂട്ട്‌സി'ന്റെ ഗ്രന്ഥകര്‍ത്താവ് അലക്‌സ് ഹൈലി എത്തിച്ചേര്‍ന്നത്. 'റൂട്ട്‌സി'ന്റെ കോപ്പി അദ്ദേഹം ഒപ്പിട്ട് അബ്ബാജാന് സമ്മാനിച്ചു. മുസ്‌ലിം രാജ്യങ്ങളില്‍നിന്നുള്ള സന്ദര്‍ശകരും ധാരാളമുണ്ടായിരുന്നു. തങ്ങള്‍ നാമമാത്ര മുസ്‌ലിംകളായിരുന്നുവെന്നും യഥാര്‍ഥ മുസ്‌ലിംകളായത് അബ്ബാജാന്റെ സാഹിത്യങ്ങള്‍ വായിച്ചിട്ടാണെന്നും അവര്‍ പറയുന്നുണ്ടായിരുന്നു.

ഹൃദയാഘാതം

'സീറത്തെ സര്‍വറെ ആലമി'ന്റെ ജോലി പൂര്‍ത്തിയാക്കണമെന്ന് അബ്ബാജാന് വലിയ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, 1979 സെപ്റ്റംബര്‍ 8-ന് അബ്ബാജാന് കഠിനമായ ഹൃദയാഘാതമുണ്ടായി. പിന്നെ ആരോഗ്യസ്ഥിതി മെച്ചപ്പെടുകയുണ്ടായില്ല. സെപ്റ്റംബര്‍ 21-ന് നില കൂടുതല്‍ വഷളായി. ആശങ്ക വര്‍ധിച്ചു. ഹൃദയത്തിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനം പെട്ടെന്ന് നിലച്ചു. അവസാനം വിധിക്കപ്പെട്ട ആ സമയം വന്നെത്തി. 1979 സെപ്റ്റംബര്‍ 22-ന് ബഫലോവിലെ ഹോസ്പിറ്റലില്‍ പാകിസ്താന്‍ സമയം വൈകിട്ട് ആറേമുക്കാലിന് അബ്ബാജാന്‍ തന്റെ ജീവന്‍ അതിന്റെ ഉടമസ്ഥന് തിരിച്ചു നല്‍കി. ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍! ''പ്രശാന്തി നുകരുന്ന മനസ്സേ, നിന്റെ നാഥന്റെ ചാരത്ത് സംപ്രീതയായും നാഥനെ പ്രീതിപ്പെടുത്തിയും നീ മടങ്ങുക. എന്റെ ദാസരുടെ സന്നിധിയില്‍, എന്റെ സ്വര്‍ഗപ്പൂങ്കാവനത്തില്‍ നീ കടന്നുവരിക'' (ഖുര്‍ആന്‍, അല്‍ ഫജ്ര്‍ 27-30).
വേദനാജനകമായ ഈ വാര്‍ത്തയുമായി അഹ്മദ് ഫാറൂഖ് ആശുപത്രിയില്‍നിന്ന് വരുമ്പോള്‍ ദുഃഖത്താല്‍ തകര്‍ന്നിരുന്നു. അമ്മാജാനാകട്ടെ മനക്കരുത്തിന്റെ പ്രതീകമെന്നോണം രാത്രി മുഴുക്കെ ഉറക്കമിളച്ചു വീട്ടിലെ വിശന്ന കുട്ടികള്‍ക്ക് ചായയും ബിസ്‌കറ്റും നല്‍കി. സ്വന്തം ദുഃഖം കടിച്ചമര്‍ത്തി മറ്റുള്ളവര്‍ക്ക് ആശ്വാസം പകര്‍ന്നു കൊണ്ട് അമ്മാജാന്‍ പറഞ്ഞു: 'അല്ലാഹുവിന് നന്ദി പറയൂ. നിങ്ങള്‍ക്ക് വല്യുപ്പാനെ കണ്ടുകൊണ്ട് ആ തണല്‍ പറ്റി ഇത്രയും കാലം കഴിയാന്‍ പറ്റിയല്ലോ. 1953-ല്‍ തൂക്കിലേറ്റാന്‍ തയാറായ ആളായിരുന്നു. അന്ന് തൂക്കിലേറ്റപ്പെട്ടിരുന്നെങ്കില്‍ വല്യുപ്പാന്റെ രൂപം തന്നെ ഓര്‍ത്തെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. അദ്ദേഹത്തിന്റെ ശബ്ദം എങ്ങനെയായിരുന്നെന്ന് നിങ്ങള്‍ക്ക് ഒരു പിടിത്തവുമുണ്ടാകുമായിരുന്നില്ല.' അല്ലാഹു അക്ബര്‍! എന്തൊരു മനോദാര്‍ഢ്യം, എന്തൊരു തവക്കുല്‍!!
പിന്നീട് എല്ലാവരോടും ഉപദേശമായി പറഞ്ഞു: 'വര്‍ത്തമാനം പറഞ്ഞിരിക്കാതെ ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍ എന്ന് പറയുക.'
എന്റെ അമ്മാവന്‍ ഡോ. ജലാല്‍ ശംസി ടൊറണ്ടോ(കനഡ)യില്‍നിന്ന് കാറോടിച്ച് അമ്മാജാന്റെ അടുത്തെത്തുമ്പോള്‍ ദുഃഖഭാരത്താല്‍ തളര്‍ന്നുപോയിരുന്നു. എന്നാല്‍ അമ്മാജാനെ കണ്ടതും അദ്ദേഹം അത്ഭുതപരതന്ത്രനായി പോയി. പറയാന്‍ തുടങ്ങി: 'ഞങ്ങള്‍ ടൊറണ്ടോയില്‍നിന്ന് ബഫലോ വരെ കരഞ്ഞുകൊണ്ടാണ് വന്നത്. എങ്ങനെ നിങ്ങളെ അഭിമുഖീകരിക്കും എന്നായിരുന്നു ചിന്ത മുഴുവന്‍. എന്താണ് പറയുക! നിങ്ങളെ കണ്ടതും എന്റെ കണ്ണീരൊക്കെ വറ്റിപ്പോയി. ഭായീ സാബ് ജയിലില്‍ പോയപ്പോള്‍ കൊച്ചുകുട്ടികളുമായി നിങ്ങള്‍ ശാന്തമായി ഇരുന്ന കാഴ്ചയായിരുന്നു ഇതുപോലുള്ള മറ്റൊരു സന്ദര്‍ഭം. എവിടെ നിന്നാണ് നിങ്ങള്‍ക്ക് ഈ കരുത്തൊക്കെ ലഭിക്കുന്നത്. എങ്ങനെ കഴിയുന്നു നിങ്ങള്‍ക്കിത്?'
'അല്ലാഹുവില്‍ ഉറച്ച വിശ്വാസവും തവക്കുലും ക്ഷമയുമുണ്ടായാല്‍ ഏത് പ്രതിസന്ധിയും തരണം ചെയ്യാന്‍ ആളുകള്‍ക്ക് കഴിയും' എന്നായിരുന്നു അമ്മാജാന്റെ പ്രതികരണം.

ന്യൂയോര്‍ക്ക് മുതല്‍ ലണ്ടന്‍ വരെ

സഹോദരന്‍ അഹ്മദ് ഫാറൂഖ് വിമാനം ചാര്‍ട്ടര്‍ ചെയ്ത് മൃതദേഹം ന്യൂയോര്‍ക്കിലെത്തിച്ചു. അതിനിടെ അമേരിക്കയിലെ വിവിധ ടെലിവിഷന്‍ ചാനലുകള്‍ അബ്ബാജാന്റെ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനാല്‍ അമേരിക്കയില്‍ താമസിക്കുന്ന വിവിധ മുസ്‌ലിം രാജ്യങ്ങളില്‍നിന്നുള്ള ധാരാളമാളുകള്‍ അന്തിമോപചാരങ്ങളര്‍പ്പിക്കാന്‍ ന്യൂയോര്‍ക്ക് എയര്‍പോട്ടില്‍ എത്തിച്ചേര്‍ന്നു. അമ്മാജാനെ അഹ്മദ് ഫാറൂഖ് യാത്രക്കാരുടെ ലോഞ്ചില്‍ കൊണ്ടിരുത്തി. അതിനിടെ പാകിസ്താന്‍, ഇന്ത്യ, തുര്‍ക്കി എന്നിവിടങ്ങളില്‍നിന്നും അറബ്-ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുമുള്ള ധാരാളം വനിതകള്‍ അവിടെ എത്തി. അവരുടെ കൂടെയുള്ള പുരുഷന്മാര്‍ പുറത്ത് ജനാസ നമസ്‌കാരത്തിന് അണിനിരന്നിട്ടുണ്ടായിരുന്നു. ബഫലോയില്‍നിന്ന് ജനാസ എത്തിയോ ഇല്ലേ എന്നതിനെ കുറിച്ച് ചില പാകിസ്താനീ വനിതകള്‍ സംസാരിക്കുന്നത് അമ്മാജാന്‍ കേട്ടു. അപ്പോള്‍ അമ്മാജാന്‍ പറഞ്ഞു: 'മൃതദേഹം എത്തിയിട്ടുണ്ട്.' അപ്പോള്‍ അവര്‍ ചോദിച്ചു: 'നിങ്ങള്‍ക്കെങ്ങനെ അറിയാം.' ഞാന്‍ ജനാസയോടൊപ്പമാണ് വന്നതെന്ന് അപ്പോള്‍ അമ്മാജാന്‍ ശാന്തമായി പറഞ്ഞു. നിങ്ങള്‍ ബന്ധുവാണോ എന്ന് അവര്‍ ചോദിച്ചപ്പോള്‍ തന്റെ ഭര്‍ത്താവാണ് അദ്ദേഹമെന്ന് അമ്മാജാന്‍ വ്യക്തമാക്കി. അമ്മാജാന്റെ ശാന്തമായ പ്രകൃതം കണ്ട് അവര്‍ അത്ഭുതപ്പെട്ടുപോയി. വഴിനീളെ തങ്ങളും കൂടെയുള്ള പുരുഷന്മാരും കരഞ്ഞുകൊണ്ടാണ് വന്നതെന്ന് ആ വനിതകള്‍ പറഞ്ഞു. ബീഗം മൗദൂദിയാണ് തങ്ങളുടെ അടുത്തിരിക്കുന്നതെന്ന് അമ്മാജാന്‍ സംസാരിച്ചപ്പോഴാണ് അവര്‍ അറിഞ്ഞത്. അവരൊക്കെ അമ്മാജാനെ തങ്ങളുടെ അനുശോചനം അറിയിച്ചു. യാത്രക്കാരുടെ ലോഞ്ചില്‍ ഈ സംസാരങ്ങള്‍ നടക്കുമ്പോള്‍ പുറത്ത് ജനാസ നമസ്‌കാരം നടക്കുകയായിരുന്നു. സ്ഥലപരിമിതി കാരണം ന്യൂയോര്‍ക്ക് എയര്‍പോര്‍ട്ടില്‍ ആറ് തവണയാണ് ജനാസ നമസ്‌കാരം നടന്നത്.
ജനാസ ലണ്ടനിലെത്തിയപ്പോള്‍ മുഴുവന്‍ യൂറോപ്പിനെയും പ്രതിനിധീകരിച്ചുകൊണ്ട് വന്‍ മുസ്‌ലിം ജനാവലി അവിടെ ഒരുമിച്ചുകൂടിയിരിക്കുകയായിരുന്നു. അവിടെയും പലതവണ ജനാസ നമസ്‌കാരം നടന്നു. ചുരുക്കത്തില്‍ അബ്ബാജാന്‍ മൂന്ന് വന്‍കരകളെ ഉണര്‍ത്തിയാണ് തന്റെ അന്ത്യവിശ്രമ ഗേഹത്തില്‍ ഉറങ്ങാന്‍ പോയത്. അദ്ദേഹം എല്ലാം മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് ചെയ്തുകൊണ്ടിരുന്നത്. ഒന്നും തനിക്കോ തന്റെ സന്തതികളുടെ ഭൗതികമായ ഭാവിക്കോ വേണ്ടിയായിരുന്നില്ല.

ലാഹോറില്‍

അമ്മാജാന്‍ ജനാസയുമായി ലാഹോറിലെത്തിയപ്പോള്‍ മക്കളെ ആശ്വസിപ്പിച്ച് ക്ഷമ അവലംബിക്കാന്‍ ഉപദേശിച്ചുകൊണ്ട് പറഞ്ഞു: 'അദ്ദേഹത്തിനു വേണ്ടി ആരും കരയരുത്. മണ്ണ് കൊണ്ടുള്ള ഈ ശരീരം ജീര്‍ണ വസ്ത്രം പോലെയാണ്. കാരണം ആത്മാവിന്റെ വസ്ത്രമാണ് ശരീരം. ഒരിക്കല്‍ ഈ വസ്ത്രം പുത്തനായിരിക്കും. അതിന് നല്ല ഭംഗിയുണ്ടാകും. കാണുന്നവര്‍ക്കൊക്കെ നന്നായി തോന്നും. പക്ഷേ, പിന്നീടതിന് പഴക്കം ബാധിക്കുന്നു. അതിന്റെ നിറം മങ്ങുന്നു. അവിടവിടെ വടുക്കളുണ്ടാകുന്നു. അങ്ങിങ്ങ് പിന്നിപ്പോകുന്നു. അങ്ങനെ അത് ധരിക്കാന്‍ കൊള്ളാതെയാകുന്നു. അതോടെ ആത്മാവ് അത് അഴിച്ചുമാറ്റുന്നു. ഇപ്പോള്‍ ഈ ശരീരത്തെ അല്ലാഹു പ്രകാശത്തിന്റെ വസ്ത്രമണിയിച്ചിരിക്കുകയാണ്. ഇപ്പോള്‍ നിങ്ങളുടെ അബ്ബ എല്ലാം ശരിയായി വളരെ സമാധാനത്തോടെ വിശ്രമിക്കുകയാണ്. തന്റെ വിധാതാവിന്റെ അടുത്തേക്ക് പോയിരിക്കുകയാണ്. നിങ്ങള്‍ ഇപ്പോള്‍ ഈ കാണുന്നത് ആത്മാവിന്റെ ജീര്‍ണ വസ്ത്രം മാത്രമാണ്. പെട്ടിയില്‍ അടക്കം ചെയ്ത് അമേരിക്കയില്‍നിന്ന് ഇവിടെ എത്തിയ വസ്ത്രം. പിന്നിക്കീറിയ വസ്ത്രത്തിനു വേണ്ടി ആരെങ്കിലും കണ്ണീര്‍ വാര്‍ക്കുമോ?'
ഇങ്ങനെ എല്ലാ മക്കളെയും അമ്മാജാന്‍ സമാധാനിപ്പിച്ചു; വളരെ വശ്യമായ ഭാഷയില്‍. അതു കേട്ടതോടെ ഞങ്ങളുടെ കണ്ണീര്‍വറ്റി. അത്യന്തം കരുത്തോടെയാണ് അവര്‍ ആ ആഘാതത്തെ അതിജയിച്ചത്. എന്നാല്‍ കുറച്ചു കാലം കഴിഞ്ഞപ്പോള്‍ അവര്‍ വിഷാദരോഗത്തിനിരയായി. 

(തുടരും)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top