തുവാലുവിന്റെ നിലവിളി കേള്‍ക്കാതെ ഡര്‍ബനും

വി.പി റജീന No image

സഫിക് സമുദ്രത്തിലൊരു ചെറുദ്വീപുണ്ട്. ഒരു വരമ്പു പോലെ പൊങ്ങിക്കിടക്കുന്ന ഈ ദേശത്തിന്റെ പേര് 'തുവാലു'എന്നാണ്. അടുത്ത ഏതെങ്കിലുമൊരു സുപ്രഭാതത്തില്‍ തുവാലു ലോകത്തിന്റെ കണ്ണില്‍ നിന്ന് മാഞ്ഞുപോയേക്കാം. ഓരോ നിമിഷവും ഈ കരയെ കടലെടുത്തുകൊണ്ടിരിക്കുകയാണ്. 'ഞങ്ങളെ മുക്കിക്കൊല്ലരുതേ' എന്ന, പതിനായിരത്തോളം വരുന്ന ഈ മണ്ണിന്റെ മക്കളുടെ നിലവിളിക്ക് അല്‍പം പഴക്കമുണ്ട്. അതുകൊണ്ടുതന്നെ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയെന്ന പേരില്‍ മുറതെറ്റാതെ നടക്കുന്ന മാമാങ്കത്തെ ഓരോ തവണയും ഏറ്റവുമധികം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നവര്‍ തുവാലുവിന്റെ മക്കളാണ്. കാരണം കാലാവസ്ഥാ മാറ്റം മൂലം ലോക ഭൂപടത്തില്‍നിന്ന് ആദ്യം മുങ്ങിത്താഴുന്നത് ഇവര്‍ കാലുറപ്പിച്ചു നില്‍ക്കുന്ന മണ്ണായിരിക്കും.
ശുദ്ധജലത്തിനുവേണ്ടിയുള്ള കലഹമാണിപ്പോള്‍ കടല്‍വെള്ളത്താല്‍ ചുറ്റപ്പെട്ട ഈ തുരുത്തില്‍. കഴിഞ്ഞ മാസം ശുദ്ധജല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു അവിടെ. ന്യൂസിലാന്റില്‍നിന്ന് റേഷന്‍ വ്യവസ്ഥയിലാണ് ഇപ്പോള്‍ തുവാലുവില്‍ കുടിനീരെത്തിക്കുന്നത്. ശുദ്ധവെള്ളത്തിനു വേണ്ടിയുള്ള കലഹവും ആരംഭിച്ചു കഴിഞ്ഞു ചുറ്റും വെള്ളത്താല്‍ ചുറ്റപ്പെട്ട ഈ തുരുത്തില്‍.
ഭീതിദമായ ഈ സാഹചര്യത്തിലാണ് ഐക്യരാഷ്ട്ര സഭയുടെ 17-ാമത് കാലാവസ്ഥാ ഉച്ചകോടി ദക്ഷിണാഫ്രിക്കയിലെ ചെറുനഗരമായ ഡര്‍ബനില്‍ നവംബര്‍ 28-ന് ആരംഭിച്ചത്. വന്‍ദുരന്തം മൂക്കിന്‍ തുമ്പത്തെത്തിയിട്ടും പതിവുപോലെ അദ്ഭുതങ്ങളൊന്നും സംഭവിക്കാതെ അത് സമാപിച്ചു. ആഗോള താപനവും അതിനു കാരണമാവുന്ന മലിനീകരണവും സമയബന്ധിതമായി നിയന്ത്രിക്കാന്‍ രൂപീകരിച്ച ക്യോട്ടോ ഉടമ്പടിയുടെ കാലാവധി 2012 ജനുവരിയോടെ അവസാനിക്കാനിരിക്കെ ആശാവഹമായ നീക്കം പ്രതീക്ഷിച്ച ലോകത്തെ നിരാശപ്പെടുത്തിക്കളഞ്ഞു ഡര്‍ബന്‍. 194 രാജ്യങ്ങളുടെ ഈ മീറ്റില്‍ ക്യോട്ടോയുടെ ലക്ഷ്യങ്ങളിലേക്കെത്തിക്കുന്ന പുതിയ ബദല്‍ കരാറില്‍ എത്തിച്ചേരുമെന്ന പ്രതീക്ഷയില്ലെന്ന് 'സെന്റര്‍ ഫോര്‍ ക്ലൈമറ്റ് ആന്റ് എനര്‍ജി സൊലൂഷന്‍' പ്രസിഡണ്ട് ഐലീന്‍ ക്ലോസന്‍ തന്നെ ഉച്ചകോടിയുടെ ഒരുവേളയില്‍ പറഞ്ഞു. പതിറ്റാണ്ടുകളായി തുടരുന്ന നാടകത്തിന്റെ ക്ലൈമാക്‌സ് ഏതൊരാള്‍ക്കും മുന്‍കൂട്ടി പറയാനാവും വിധം ആവര്‍ത്തന വിരസവും അരോചകവുമായി മാറിയിട്ടും പഴയ ചായ പുതിയ കപ്പിലാക്കി കുടിക്കുന്നതില്‍ ഒരു നാണവും ഐക്യരാഷ്ട്ര സഭക്കും അംഗരാജ്യങ്ങള്‍ക്കും തോന്നിയില്ല. കാലാവസ്ഥാ മാറ്റം ലോകത്തിനു മുമ്പില്‍ എണ്ണിയാലൊടുങ്ങാത്ത വന്‍ പ്രതിസന്ധികള്‍ ഉയര്‍ത്തുമ്പോഴാണ് ഏറെ ലാഘവത്തോടെ ഉല്‍ക്കണ്ഠാലേശമന്യേ വിഷയത്തെ ഓരോ തവണയും മേശപ്പുറത്ത് വെടിവട്ടങ്ങള്‍ക്ക് വെക്കുന്നത്.
പ്രകൃതിദുരന്തങ്ങളുടെ മുഖ്യ ഹേതുവായ ഹരിതഗൃഹ വാതകങ്ങളെ വിസര്‍ജിക്കുന്ന വികസിത രാജ്യങ്ങള്‍ മുടന്തന്‍ ന്യായങ്ങള്‍ നിരത്തി ഉടക്കി മാറുമ്പോള്‍ 'തുവാലുവി'ന്റെ നിലവിളികള്‍ ആഴക്കടലില്‍ ഒടുങ്ങുന്നു. ഡര്‍ബണില്‍ പങ്കെടുത്തുകൊണ്ട് തുവാലുവിന്റെ മന്ത്രി അപിസൈ എലിമിയ നടത്തിയ പ്രഭാഷണം സദസ്സിനെ പിടിച്ചിരുത്തിയെങ്കിലും പ്രശ്‌നത്തിന്റെ അടിയന്തരപരിഹാരം മുന്‍നിര്‍ത്തിയുള്ള അനുഭാവപൂര്‍ണമായ ഒരു നീക്കവും ഉണ്ടായില്ല.
'കാലാവസ്ഥാ മാറ്റം' എന്ന വിഷയം പരമപ്രധാനമായും അടിയന്തരമായും അഭിമുഖീകരിക്കേണ്ട ഒന്നാണ്. നാളേക്കോ 2015-ലേക്കോ മാറ്റിവെക്കേണ്ട ഒന്നല്ല. ഞങ്ങള്‍ക്ക് കാത്തിരിക്കാന്‍ സമയമില്ല. തിരിച്ചുപിടിക്കാനാവാത്തവിധം ഓരോ ഇഞ്ചും നഷ്ടമായിക്കൊണ്ടിരിക്കുകയാണ്'-എലിമിയയുടെ നിസ്സഹായമായ ഈ വിലാപത്തിന് ഒരു വിലയും കല്‍പിച്ചില്ലെന്നറിയാന്‍ 2015 വരെയൊന്നും കാത്തിരിക്കേണ്ടി വന്നില്ല. സമീപഭാവിയില്‍ സംഭവിച്ചേക്കാവുന്ന 'കരഭാഗങ്ങളുടെ അപ്രത്യക്ഷമാവല്‍' എന്ന വന്‍ വിപത്തിനെക്കുറിച്ച് ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കാണ്‍ ഡര്‍ബനില്‍ ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ശ്രമം നടത്തിയെങ്കിലും അതും ഫലം കണ്ടില്ല. പസഫിക്കില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന ചെറു രാഷ്ട്രമായ കിരീബാസിനെ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു അദ്ദേഹം സംസാരിച്ചത്.
പച്ചപ്പ് മായുന്നു, ചൂടേറുന്നു
പ്രവചനങ്ങളെ യാഥാര്‍ഥ്യമാക്കി ഭൂമിയുടെ ചൂട് ഉയര്‍ന്നുകൊണ്ടിരിക്കുന്നു. എവറസ്റ്റ് കൊടുമുടിയില്‍ അതിവേഗം മഞ്ഞുരുകുന്നതായി പുതിയ പഠനങ്ങള്‍ വിളിച്ചു പറയുന്നു. 2002-ല്‍ ഒരു ചൈനീസ് പര്യവേക്ഷണസംഘം എവറസ്റ്റില്‍ 5600 മീറ്റര്‍ ഉയരത്തില്‍ കണ്ടെത്തിയ ഒരു മഞ്ഞു ശിഖരം 2005-ലെ പര്യവേക്ഷണ വേളയില്‍ കാണാനായില്ല. ഭൂമിയുടെ ഊര്‍ജ സന്തുലനം തെറ്റുന്നതായി അമേരിക്കന്‍ ഗവേഷകസംഘം കണ്ടെത്തി. ഇത്രയും അസന്തുലിതാവസ്ഥ ഇതിനു മുമ്പൊരിക്കലും ഉണ്ടായിട്ടില്ലെന്ന് സയന്‍സ് മാഗസിന്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. കാലം തെറ്റിയ മഴയും വരള്‍ച്ചയും ഉരുള്‍പൊട്ടലും ഭൂകമ്പങ്ങളും, അണപൊട്ടലും ഭൂമിയെ പിടിച്ചുലക്കുന്നു.
വനനശീകരണത്തിന്റെ ഗുരുതര പ്രത്യാഘാതങ്ങളിലൊന്നാണ് അധികരിക്കുന്ന ചൂട്. 1980-90 കാലഘട്ടങ്ങളില്‍ 154 ദശലക്ഷം ഹെക്ടര്‍ വനങ്ങള്‍ ഇല്ലാതായി. 2000 മുതല്‍ മൂന്നു വര്‍ഷം കൊണ്ടുള്ള ചുരുങ്ങിയ കാലയളവില്‍ 26000 ചതുരശ്ര കിലോമീറ്റര്‍ നിബിഡ വനം ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായി! ഇപ്പോള്‍ ഓരോ വര്‍ഷവും 170 ദശലക്ഷത്തിലധികം ഹെക്ടര്‍ ഉഷ്ണ മേഖലാ വനങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. കടുപ്പമുള്ള മരങ്ങള്‍ക്കു വേണ്ടി മധ്യരേഖാ വനങ്ങളില്‍ ഭൂരിഭാഗവും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ നശിപ്പിച്ചിരിക്കുന്നു.
മറ്റു വികസ്വര രാഷ്ട്രങ്ങള്‍ എല്ലാം കൂടി ഒരു വര്‍ഷം 20 ദശലക്ഷം ടണ്‍ മരങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പാശ്ചാത്യര്‍ ഏകദേശം 160 ദശലക്ഷം ടണ്‍ മരം ഉപയോഗിക്കുന്നു. ഒരു പാശ്ചാത്യ പൗരന്‍ ഒരു വര്‍ഷത്തില്‍ ഏകദേശം 300 കിലോഗ്രാം പേപ്പര്‍ ഉപയോഗിക്കുന്നു. ദരിദ്രരാജ്യങ്ങളിലാവട്ടെ അത് അഞ്ചു കിലോഗ്രാം മാത്രവും.
1880-ലാണ് ആഗോള ഊഷ്മാവ് രേഖപ്പെടുത്താന്‍ തുടങ്ങിയത്. കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ രേഖപ്പെടുത്തിയ താപനിലയുടെ വിശകല നം കാണിക്കുന്നത് താപനില 0.5 ഡിഗ്രി സെല്‍ഷ്യസ് ആയി വര്‍ധിച്ചിട്ടുണ്ടെന്നാണ്. ഈ നില ഇങ്ങനെ തുടര്‍ന്നാല്‍ ചുരുങ്ങിയ പതിറ്റാണ്ടുകള്‍കൊണ്ട് ചൂട് നാലര ഡിഗ്രി കൂടുമെന്ന് ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നു. അങ്ങനെ സംഭവിക്കുന്നപക്ഷം പത്തിലൊന്നു മനുഷ്യരേ ഭൂമുഖത്ത് ബാക്കിയുണ്ടാവൂ.
ക്യോട്ടോ കരാര്‍
ഈ യാഥാര്‍ഥ്യങ്ങളെല്ലാം ഉള്‍ക്കൊണ്ട് കാലാവസ്ഥാ മാറ്റത്തെ നിയന്ത്രിക്കാന്‍ 1992-ല്‍ റിയോവില്‍ ചേര്‍ന്ന ഭൗമ ഉച്ചകോടി ഒരു ഉടമ്പടി അംഗീകരിച്ചു. 'യു.എന്‍ ഫ്രെയിംവര്‍ക്ക് കണ്‍വെന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച്' എന്ന് പേരിട്ട ഉടമ്പടിയില്‍ അംഗരാജ്യങ്ങള്‍ ഒപ്പുവെക്കുകയുണ്ടായി. വ്യവസായവത്കൃത രാഷ്ട്രങ്ങള്‍ അന്തരീക്ഷത്തിലേക്ക് പുറംതള്ളുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവ് 1995 ആകുമ്പോഴേക്ക് കുറച്ചുകൊണ്ടുവരിക എന്നതായിരുന്നു ഈ ഉടമ്പടിയുടെ കാതല്‍. എന്നാല്‍, അംഗരാജ്യങ്ങളൊന്നും ആ വാക്കു പാലിച്ചില്ല. പിന്നെ ആ വര്‍ഷം മുതല്‍ ഇതിന്റെ പേരില്‍ കോണ്‍ഫറന്‍സുകള്‍ നടത്തലായി. 1992-ല്‍ റിയോവില്‍ വെച്ച് അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന സീനിയര്‍ ബുഷ് ഉടമ്പടിയില്‍ ഒപ്പിടില്ല എന്ന് പ്രഖ്യാപിച്ചു. ഭൗമതാപനത്തില്‍ വിശ്വാസമില്ലെന്നും മറ്റ് രാജ്യങ്ങളുടെ ഉപദേശം കേട്ട് ഉടമ്പടി അംഗീകരിച്ചാല്‍ അമേരിക്കന്‍ ഐക്യനാടുകളുടെ സാമ്പത്തിക നില തകരുമെന്നും അദ്ദേഹം പറഞ്ഞു. ഇതേ നിലപാടു തന്നെയാണ് പിന്നീടു വന്ന മകന്‍ ബുഷും തുടര്‍ന്നത്.
കാര്യമായെന്തെങ്കിലും നടന്നത് 1997-ല്‍ ഡിസംബര്‍ 11-ാം തിയ്യതി ജപ്പാനിലെ ക്യോട്ടോവില്‍ വെച്ചു നടന്ന ഉച്ചകോടിയിലാണ്. അമേരിക്കയൊഴികെ മറ്റു രാജ്യങ്ങള്‍ അംഗീകരിച്ച ആ തീരുമാനത്തെയാണ് 'ക്യോട്ടോ പ്രോട്ടോക്കോള്‍' എന്നു പറയുന്നത്. ഇതനുസരിച്ച് അമേരിക്കയുള്‍പ്പെടെയുള്ള 21 രാജ്യങ്ങള്‍ 2020-തോടെ കാര്‍ബണ്‍ ബഹിര്‍ഗമനം 5.2 ശതമാനം കണ്ട് കുറക്കുകയും ഭൂമിയുടെ താപനില വര്‍ധന 0.2 ഡിഗ്രിയില്‍ പരിമിതപ്പെടുത്തുകയുമായിരുന്നു ലക്ഷ്യം. എന്നാല്‍, അമേരിക്ക അംഗീകരിച്ചില്ല. അമേരിക്കയോട് ചേര്‍ന്നുനിന്നിരുന്ന ജപ്പാന്‍ അംഗീകരിച്ചു. യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചു. അപ്പോഴേക്കും സീനിയര്‍ ബുഷിന്റെ മകന്‍ ബുഷ് പ്രസിഡണ്ടായി വന്നിരുന്നു. ബുഷിനെ സ്വാധീനിക്കാന്‍ മറ്റു രാഷ്ട്രങ്ങളും ശ്രമിച്ചെങ്കിലും നടന്നില്ല. 'ക്യോട്ടോ ഉടമ്പടി അമേരിക്കക്ക് ചേര്‍ന്നതല്ല. അത് ഇതര രാഷ്ട്രങ്ങള്‍ക്കും അനുയോജ്യമല്ല' എന്നു പറഞ്ഞ് ബുഷ് തടിയൂരി.
2002-ല്‍ ജോഹന്നസ് ബര്‍ഗില്‍ വെച്ചു നടന്ന ഉച്ചകോടിയില്‍ കാലാവസ്ഥാ ഉടമ്പടിയെ ബുഷ് പുഛിച്ചു തള്ളി. റഷ്യയും ചൈനയും കാനഡയും ക്യോട്ടോ പ്രോട്ടോക്കോളിനെ അംഗീകരിച്ചിട്ടും അമേരിക്ക തയ്യാറായില്ല. അമേരിക്ക അവിടെ ഒറ്റപ്പെട്ടു. അന്നത്തെ സ്‌റ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍ തന്റെ രാജ്യം ലോക പരിസ്ഥിതി സംരക്ഷണത്തില്‍ വഹിക്കുന്ന മഹനീയ പങ്കിനെ കുറിച്ച് പ്രസംഗിക്കവെ കേള്‍വിക്കാര്‍ കൂവിയത്രേ.
കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് മുഖ്യകാരണമാവുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ 36 ശതമാനവും അമേരിക്കയുടെ സ്വന്തം സംഭാവനയാണ്. ഇതു കൂടാതെ മീഥേന്‍, ക്ലോറോ ഫ്‌ളൂറോ കാര്‍ബണ്‍ എന്നീ വാതകങ്ങളും യൂറോപ്യന്‍ ആഡംബര ജീവിതത്തിന്റെ വിസര്‍ജ്യങ്ങളായി അന്തരീക്ഷത്തില്‍ തുള വീഴ്ത്തുന്നു. വികസിത രാജ്യങ്ങള്‍ 1930 മുതല്‍ തന്നെ ഓസോ ണിനെ നശിപ്പിക്കുന്ന രാസവസ്തുക്കള്‍ വന്‍തോതില്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. ഈ വാതകങ്ങളുടെ നാലിലൊന്നുപോലും നിലനില്‍പിനുവേണ്ടി പൊരുതുന്ന രാജ്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്നില്ല.
സ്‌കോട്ട്‌ലാന്റില്‍ ഉച്ചകോടി നടക്കുമ്പോള്‍ പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയവര്‍ ഒരു മിനുട്ട്് മൗനമാചരിച്ചു. പട്ടിണി കൊണ്ട് മരിച്ചു വീഴുന്നവര്‍ക്കായി അവര്‍ ആ മൗനം സമര്‍പ്പിച്ചു. 'ഞങ്ങള്‍ മൗനം പൂണ്ട ആ ഒരു മിനുട്ടില്‍ ആഫ്രിക്കയില്‍ കുറഞ്ഞത് 20 കുട്ടികള്‍ മരിച്ചിട്ടുണ്ടാവു'മെന്ന് ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകയായ കാതറീന്‍ ബര്‍ഗസ് പറഞ്ഞതായി അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
കഴിഞ്ഞ വര്‍ഷം നടന്ന കാന്‍കൂണ്‍ ഉച്ചകോടിയിലും അമേരിക്കയുടെ വാദം ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ അതുവരെ പ്രോട്ടോകോളിനെ അംഗീകരിച്ച ഇന്ത്യയും പ്രഖ്യാപിത നിലപാടില്‍നിന്ന് മാറി അമേരിക്കക്കൊപ്പം കൂടി. ഇന്ത്യയുടെ പിടിവാശി ഡര്‍ബനില്‍ പുതിയ കരാര്‍ രൂപവത്കരിക്കുന്നതിന് തടസ്സമായെന്ന് ഉച്ചകോടിയുടെ അവസാനം യൂറോപ്യന്‍ യൂനിയന്‍ കുറ്റപ്പെടുത്തി. എന്നാല്‍ നേരത്തെ തന്നെ അമേരിക്കയും കാനഡയും എതിര്‍ത്തതാണെന്ന വസ്തുത മറച്ചുവെച്ചുകൊണ്ടായിരുന്നു ഈ കുറ്റപ്പെടുത്തല്‍. ഇത്തവണ ചൈനയും യു.എസിനൊപ്പം ചേര്‍ന്നു. കാരണം ഹരിതഗൃഹ വാതകങ്ങളുടെ ഉല്‍പാദനത്തില്‍ വന്‍പങ്കാണ് ചൈനക്കുള്ളത്. ക്യോട്ടോയുടെ കാലാവധി 2007 വരെ നീട്ടുക, ആഗോള താപനത്തിന്റെ കെടുതികള്‍ അനുഭവിക്കേണ്ടിവരുന്ന രാജ്യങ്ങള്‍ക്ക് ഹരിതഫണ്ട് രൂപവത്കരിക്കുക എന്നീ ധാരണകളല്ലാതെ കൃത്യമായ ഒരു പ്രതീക്ഷയും ഡര്‍ബന്‍ നല്‍കിയില്ല. പുതിയ കാര്‍ബണ്‍ നിയന്ത്രിത കരാര്‍ വൈകിപ്പിക്കാനുള്ള യു.എസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നീക്കം ഒടുവില്‍ വിജയിച്ചുവെന്നുതന്നെ പറയാം.
ഇനിയൊരുപക്ഷേ, ത്വരിത പരിഹാരം കണ്ടെത്തുന്നതിനുള്ള ഏതെങ്കിലുമൊരു ഉച്ചകോടി മാമാങ്കത്തില്‍ 'രക്ഷിക്കണേ' എന്ന് നിലവിളിക്കാന്‍ തുവാലുവും കിരീബാസും മാലദ്വീപും ഒന്നും ഉണ്ടായെന്നു വരില്ല. കാരണം അവരുടെ നിലവിളികള്‍ ആഴക്കടലിന്റെ അഗാധതയില്‍ ഒടുങ്ങിയിട്ടുണ്ടാവാം.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top