വായനയുടെ പുതിയ വാതായനങ്ങള്‍

രഹന എ.എസ്‌ No image

ഓരോ നിമിഷാര്‍ധത്തിലും ഭൂമിയില്‍ ഓരോ കുഞ്ഞ് ജനിക്കുന്നുണ്ടാവും. അത്രതന്നെ വേഗത്തിലല്ലെങ്കില്‍ പോലും ദിവസത്തിലൊന്ന് എന്ന തോതില്‍ ഓരോ പുതിയ പുസ്തകം ലോകത്തിന്റെ ഏതെങ്കിലുമൊരു കോണില്‍ രചിക്കപ്പെടുന്നുണ്ടാവണം. വായനയുടെ പുതിയ വാതായനങ്ങള്‍ വായനക്കാര്‍ക്ക് മുന്നില്‍ തുറന്നുവെക്കുന്നത് അറിവിന്റെ അക്ഷയഖനിയാണ്.
ആധുനികതയുടെ വേരുകള്‍ മലയാളിയുടെ നെഞ്ചകത്തേക്ക് നട്ടുപിടിപ്പിച്ച, അസ്തിത്വവാദത്തിന്റെ ചൂടും ചൂരും മലയാളിയെ തിരിച്ചറിയിപ്പിച്ച, കപടസദാചാര ബോധത്തിന്റെ മുഖംമൂടി ഒരു പരിധിയിലധികം വലിച്ചുകീറിയ കാക്കനാടന്‍ ഇനി ഓര്‍മ. മലയാളിക്ക് ഓര്‍ക്കാന്‍ ഒരുപിടി ഓര്‍മകള്‍ സമ്മാനിച്ച കവി മുല്ലശ്ശേരിയും നമ്മോട് വിടചൊല്ലി. അക്രമത്തിന്റെ ആകുലതകള്‍ക്ക് തൂലികയിലൂടെ ശബ്ദം നല്‍കിയ അസമിന്റെ പ്രിയ എഴുത്തുകാരി ഇന്ദിരാ ഗോസ്വാമിയും ഇനി നമ്മോടൊപ്പമില്ല.
2011-ല്‍ സഹൃദയനായ വായനക്കാരന്റെ പുസ്തക അലമാരയില്‍ ചേര്‍ത്തുവെക്കാന്‍ നല്ലതും ചീത്തയുമായ ഒത്തിരി പുസ്തകങ്ങള്‍ പിറവികൊണ്ടിട്ടുണ്ട്. അവയിലൊരു മണല്‍തരിയോളം പുസ്തകങ്ങള്‍ ഇവിടെ പരിചയപ്പെടാം.
കാലവര്‍ഷത്തിലെ ഒരില കൂടി പൊഴിയുകയാണ്. വേദനയും പ്രണയവും ഗൃഹാതുരത്വവും വായനക്കാര്‍ക്കും എഴുത്തുകാര്‍ക്കും പ്രിയ വിഷയങ്ങള്‍ തന്നെ. ഗൃഹാതുരത്വത്തിന്റെ വേദന മലയാളിയുടെ മനസ്സിലേക്ക് എം.ടിയെപ്പോലെ നുള്ളിയിടാന്‍ കഴിഞ്ഞ എഴുത്തുകാര്‍ വേറെ ഉണ്ടാകാന്‍ തരമില്ല. രാഷ്ട്രം പത്മഭൂഷണും ജ്ഞാനപീഠവും നല്‍കി ആദരിച്ച കേരളത്തിന്റെ എം.ടി വാസുദേവന്‍ നായരെ തേടി 20011-ലെ എഴുത്തച്ഛന്‍ പുരസ്‌കാരവും എത്തി.
'ജീവിതത്തിന്റെ പുസ്തക'മെന്ന നോവലിലൂടെ 2011-ലെ വയലാര്‍ പുരസ്‌കാരത്തിന് കെ.പി രാമനുണ്ണി അര്‍ഹനായി. 20011-ലെ വള്ളത്തോള്‍ പുരസ്‌കാരം സി. രാധാകൃഷ്ണനും മുട്ടത്തുവര്‍ക്കി അവാര്‍ഡ് സാറാ ജോസഫും കരസ്ഥമാക്കി. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ കഴിഞ്ഞവര്‍ഷത്തെ സാഹിത്യ പുരസ്‌കാരം സന്തോഷ് എച്ചിക്കാനത്തിന്റെ 'കൊമാല' എന്ന കഥാസമാഹാരത്തിനാണ്.
ഏഷ്യന്‍ സാഹിത്യത്തെ ജനസമക്ഷം കൊണ്ടുവരുന്നതിന്റെ മുന്നോടിയായി രൂപപ്പെട്ടിട്ടുള്ള പുരസ്‌കാരമാണ് 'Man Asian Literary Prize.' ജപ്പാന്‍, ഇറാന്‍, ചൈന, ഇന്ത്യ, പാകിസ്താന്‍, ദക്ഷിണകൊറിയ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 12 നോവലുകള്‍ ഈ പുരസ്‌കാരത്തിനു വേണ്ടി നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് അനുരാധാ റോയിയുടെ 'The Folded Earth', തരുണ്‍ ജെ തേജ്പാലിന്റെ 'The Vally of Masks' എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
'ആടുജീവിതം' എന്ന ഹൃദയസ്പൃക്കായ നോവലിലൂടെ മലയാളിക്ക് സുപരിചിതനായ നോവലിസ്റ്റാണ് ബെന്‍യാമിന്‍. അദ്ദേഹത്തിന്റെ പുതിയ നോവലാണ് 'മഞ്ഞവെയില്‍ മരണങ്ങള്‍.' തികഞ്ഞ സ്വപ്നജീവിയും എഴുത്തുകാരനുമായി അറിയപ്പെടാന്‍ തുനിഞ്ഞുനടക്കുന്ന ഒരു യുവാവിനെ ചുറ്റിപ്പറ്റിയാണ് മഞ്ഞവെയില്‍ മരണങ്ങളുടെ ഇതിവൃത്തം നീങ്ങുന്നത്. അവന്‍ ഒരു കൊലപാതകത്തിന് സാക്ഷിയാവുകയും അതിന്റെ കുരുക്കഴിക്കാന്‍ വേണ്ടി കുടുംബസ്വത്തുക്കള്‍ അടക്കം സകലതും ത്യജിക്കേണ്ടിവരികയും ചെയ്യുന്നു. രണ്ട് സമയക്രമത്തിലൂടെ, രണ്ടുപേരുടെ അധ്വാനങ്ങളിലൂടെ, രണ്ട് സംഭവങ്ങളിലൂടെയാണ് കഥ നീങ്ങുന്നത്. ലളിതമെങ്കിലും ശക്തവും സുന്ദരവുമായ ഭാഷ. പ്രണയവും വെറുപ്പും സൗഹൃദവുമെല്ലാം വായനക്കാരോട് പങ്കുവെക്കുമ്പോഴും പഴയവീഞ്ഞുകുപ്പിയിലെ പുതിയ വീഞ്ഞ് മാത്രമല്ല 'മഞ്ഞുവെയില്‍ മരണങ്ങള്‍.'
കേരളത്തില്‍ 20011-ല്‍ വെളിച്ചം കണ്ട മറ്റൊരു പുസ്തകമാണ് സേതുവിന്റെ 'മറുപിറവി'. മൂന്ന് ഭാഗമായാണ് ഇതില്‍ കഥപറയുന്നത്. ആദ്യഭാഗത്തില്‍ കേന്ദ്രകഥാപാത്രമായ അറുപത് വയസ്സുള്ള അരവിന്ദനാണ്. മുംബൈയിലെ ജോലി രാജിവെച്ച് നാട്ടിലെത്തിയതാണ് അയാള്‍. അന്യദേശത്തിലെ വര്‍ഷങ്ങളോളമുള്ള ജീവിതത്തിനിടയിലും തന്റെ നാടിനെ അമിതമായി സ്‌നേഹിക്കുന്ന അരവിന്ദന്‍ സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി ചേന്ദമംഗലത്തിനടുത്തുള്ള മുസിരിഫ് തുറമുഖത്തിനെക്കുറിച്ച് എഴുതാന്‍ തുടങ്ങുന്നു. രണ്ടാം ഭാഗം നോവലിനകത്തെ നോവല്‍ എന്നുവേണമെങ്കില്‍ പറയാം. മൂന്നാം ഭാഗത്ത് അരവിന്ദന്‍ തന്റെ ഗ്രാമത്തിലെത്തുകയും അവിടെ ജീവിച്ചിരിപ്പുള്ള ചില പഴയ ആളുകളെ കാണുകയും ചെയ്യുന്നു. ഇവിടെ ആ പഴയ ഗ്രാമത്തിന്റെ പുതിയ വികാസം നാം കാണുന്നു. ചരിത്രവും യാഥാര്‍ഥ്യവും ചേര്‍ന്നിണങ്ങിയ നോവല്‍. അരവിന്ദന്റെ ഉള്ളില്‍ എപ്പോഴും അലയടിച്ചുകൊണ്ടിരിക്കുന്ന ഒരു സംശയമുണ്ട്; 'ഇങ്ങനെയാണോ കഥ പറയേണ്ടിയിരുന്നത്, ഇതിനെ ഒരു നോവല്‍ എന്നുവിളിക്കാമോ?' ഈ ചോദ്യങ്ങള്‍ 'മറുപിറവി'ക്കൊരു ആത്മകഥയുടെ നിറം നല്‍കുന്നോ എന്ന സംശയം ബാക്കിനിര്‍ത്തുന്നു.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ 'ബര്‍സ' എന്ന നോവലിലൂടെ ശ്രദ്ധേയയായ ഡോ. ഖദീജ മുംതസിന്റെ പുതിയ നോവലാണ് 'ആതുരം'. കോഴിക്കോട് മെഡിക്കല്‍ കോളേജ് പശ്ചാത്തലത്തില്‍ രണ്ടു തലമുറകളുടെ കഥ പറയുകയാണ് 'ആതുരം'. എഴുപതുകളുടെ വിപ്ലവവീര്യങ്ങളില്‍ നിന്ന് പ്രശ്‌നസങ്കീര്‍ണമായ ആതുരാവസ്ഥയില്‍ എത്തിനില്‍ക്കുന്ന ക്യാമ്പസ് ജീവിതത്തെ ആവിഷ്‌കരിക്കുകയാണ് നോവലിസ്റ്റ്.
മലയാളത്തിലെ മികച്ച രാഷ്ട്രീയ ആത്മകഥകളിലൊന്നായി എണ്ണപ്പെടാന്‍ സാധ്യതയുളള ഒന്നാണ് ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ആര്‍.ബാലകൃഷ്ണപ്പിള്ളയുടെ 'പ്രിസണര്‍ 5990'. സ്വാതന്ത്ര്യാനന്തര കേരളത്തിന്റെ ചരിത്രം കൂടി പിള്ള അദ്ദേഹത്തിന്റെ ആത്മകഥയോടൊപ്പം നമ്മോട് പങ്കുവെക്കുന്നു.
ചേതന്‍ ഭഗത്- ഇന്ത്യയുടെ പുതിയ താരോദയം! സാധാരണക്കാരുടെ ഭാഷയില്‍ അതിസാധാരണമായ കഥ പറയുന്ന ചേതന്‍ ഭഗതിന് ആരാധകര്‍ ഏറെയുള്ളപ്പോള്‍തന്നെ 'ക്രാഷ്' എന്ന് പറയുന്നവരും ഗൗരവ വായനക്ക് 'കൊള്ളില്ല'എന്ന് പറയുന്നവരും കുറവല്ല. പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും ബ്ലോക് ബസ്റ്റര്‍ ഹിറ്റുകളിലാണ്. 'Revolution 2020' ആണ് ഭഗതിന്റെ പുതിയ നോവല്‍. ഇന്ത്യയിലെ ഒരു ചെറിയ പട്ടണത്തില്‍ രണ്ടു ബുദ്ധിമാന്മാരായ സുഹൃത്തുക്കള്‍, ഗോപാലും രാഘവും. ഒരാള്‍ക്ക് തന്റെ ബുദ്ധി ഉപയോഗിച്ച് സമ്പന്നനാകണം. മറ്റേയാള്‍ക്ക് തന്റെ ബുദ്ധി ഉപയോഗിച്ച് ഒരു വിപ്ലവം തന്നെ സൃഷ്ടിക്കണം. രണ്ടുപേരുടെയും ശ്രദ്ധയും ലക്ഷ്യവും ആനി എന്ന പെണ്‍കുട്ടിയില്‍ ഉടക്കുന്നു. മോശപ്പെട്ടവനെ വാഴിക്കുന്ന ദുഷിച്ചു നാറിയ ഈ ലോകത്ത് അവര്‍ക്ക് അവരുടെ ലക്ഷ്യത്തിലെത്താന്‍ ആവുമോ?
കൂടുതല്‍ വിറ്റുപോകുന്ന പുസ്തകങ്ങളുടെ കൂട്ടത്തിലാണ് വാള്‍ട്ടണ്‍ ഐസക്‌സണ്ണിന്റെ സ്റ്റീവ് ജോബ്‌സിനെക്കുറിച്ചുള്ള ജീവചരിത്രവും -'Steve Jobs: The Exclusive Biography'. അതിനൂതന സാങ്കേതികവിദ്യ സാധാരണക്കാരന്റെ വിരല്‍തുമ്പിലേക്ക് അതിവിദഗ്ധമായി സന്നിവേശിപ്പിച്ച പ്രതിഭയുടെ എഴുതാപ്പുറങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നു.
ഗ്രെഗ് ഹെഫ്‌ലിയയുടെയും കുടുംബത്തിന്റെയും സാഹസിക യാത്രയുടെ കഥ പറയുന്ന ആറാമത്തെ ഹാസ്യനോവലാണ് ജെഫ് കിന്നിയുടെ 'Diary of a wimpy kid.'
മൈക്ക് എ ലങ്കാസ്റ്ററിന്റെ സയന്‍സ് ഫിക്ഷന്‍ ഗണത്തില്‍ പെടുന്ന 'Human 4' എന്ന നോവല്‍ കെയിന്‍ സ്‌ട്രേക്കറുടെ കഥ പറയുന്നു. ഒരു ടാലന്റ് ഷോയില്‍ വെച്ച് ഹിപ്‌നോട്ടിസത്തിന് വിധേയനാവാന്‍ കെയ്ന്‍ സ്വമേധയാ തയ്യാറാവുന്നു. പക്ഷേ ഹിപ്‌നോട്ടിസത്തില്‍ നിന്ന് ഉണരുന്ന കെയ്‌നിന് പഴയപടി ആകാന്‍ കഴിയുന്നില്ല. ടി.വിയുടെയും കമ്പ്യൂട്ടറിന്റെയുമെല്ലാം സ്‌ക്രീനില്‍ തെളിയുന്നത് ഒരു വികൃത ഭാഷ. സകലരുടെയും പെരുമാറ്റത്തിലും ഒരു പന്തികേട്. ഉദ്വേഗഭരിതമായ കഥാഖ്യാനമാണ് നോവലിലൂടെ കാഴ്ചവെക്കുന്നത്.
മണ്‍മറഞ്ഞ വിശ്വ മഹാ ചിത്രകാരനായ എം. എഫ് ഹുസൈനോടുള്ള പ്രതീപ് ചന്ദ്രയുടെ സമര്‍പ്പണമാണ് 'M.F.Hussain: A Pictorial Tribute.' അദ്ദേഹത്തിന്റെ ഫോട്ടോകളും ചിത്രങ്ങളും അടങ്ങിയ ഒരു മനോഹര പുസ്തകം.
ജനാധിപത്യരാജ്യത്തിന്റെ യഥാര്‍ഥ സ്ഥിതിവിശേഷം എന്താണ്? ജനാധിപത്യം തീര്‍ത്തും പുസ്തകത്താളുകളില്‍ ഒതുങ്ങുകയും എല്ലാം തമ്മിലുള്ള അന്തരം വളരെ വ്യക്തമാവുകയും തന്മൂലം ഞെട്ടിപ്പിക്കുകയും ചെയ്യുന്നതിന്റെ പരിണിതഫലമായിട്ടാണ് 'No Alphabet In Sight: New Dalit Writing from South Indian Dossier I: Tamil And malayalam'' പ്രസിദ്ധീകൃതമാകുന്നത്. 'No Alphabet in sight'' ദലിതെഴുത്തിന്റെയും ദക്ഷിണേന്ത്യയില്‍ നിന്നുള്ള നാല്‍പത് മലയാളം- തമിഴ് എഴുത്തുകാരുടെയും ആദ്യ സമാഹാരമാണ്. ദലിതരുടെ അവസ്ഥ, ആധുനിക ഭാരതത്തില്‍ ദലിതരുടെ വിധി ഇത് തന്നെയാണ് കര്‍ഷകരും, അധ്യാപകരും വിദ്യാര്‍ഥികളും മറ്റുമടങ്ങിയ എല്ലാ എഴുത്തുകാരും അന്വേഷിക്കുന്നതും ചോദിക്കുന്നതും. സാംസ്‌കാരിക സ്ത്രീപഠനങ്ങളിലെ രണ്ട് എഴുത്തുകാരായ എസ്. സത്യനാരായണനും സൂസി തരുവുമാണ് ഈ പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്.
മറിയാ വി. സിന്‍ഡന്‍ സ്റ്റഡി സീരീസ് പുസ്തകങ്ങളിലൂടെ ശ്രദ്ധേയയായ അമേരിക്കന്‍ എഴുത്തുകാരിയാണ്. സ്റ്റഡി സീരീസ് പുസ്തകങ്ങളിലൂടെ ഒട്ടനവധി പുരസ്‌കാരങ്ങളും അവര്‍ നേടിയിട്ടുണ്ട്.
മലാല യൂസുഫ് സെയി എന്ന പതിമൂന്നുകാരിയായ പാക് പെണ്‍കുട്ടിക്കാണ് പാക് ദേശീയ പുരസ്‌കാരം. സ്വാത് താഴ്‌വരയിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയാണ് യൂസുഫ് സെയി എഴുത്തിലൂടെ പ്രതികരിച്ചത്. പഠനം നിഷേധിച്ചപ്പോഴുണ്ടായ തന്റെ മാനസിക വേദനകളെ കുറിച്ച് ബി.ബി.സിക്ക് വേണ്ടി ഉര്‍ദുവിലാണ് യൂസുഫ് സെയി ഡയറി എഴുതിയത്.
യു.കെയിലെയും അയര്‍ലന്‍ഡിലെയും മികച്ച പുസ്തക രചയിതാക്കള്‍ക്കുള്ള 'കോസ്റ്റ' പുസ്തക പുരസ്‌കാരം ക്രിസ്റ്റഫര്‍ റെയ്ഡിന്റെ കഥാസമാഹാരമായ 'A Scattering' നേടി.
അമേരിക്കന്‍ പൗരന്മാരുടെ മികച്ച കൃതികള്‍ക്ക് നല്‍കപ്പെടുന്ന പെന്‍/ഫോക്ക്‌നര്‍ പുരസ്‌കാരത്തിന് ഷേര്‍മാന്‍ അലക്‌സിയുടെ 'വാര്‍ ഡാന്‍സസ്' അര്‍ഹമായി. സാഹിത്യത്തിനുള്ള എണ്‍പത്തി ഏഴാമത് പുലിസ്റ്റര്‍ പുരസ്‌കാരം പോള്‍ ഹാര്‍ഡിംങ്ങ്‌സിന്റെ 'ടിങ്കേസ്' നേടി. മികച്ച മുഴുനീള ഇംഗ്ലീഷ് നോവല്‍ എഴുതിയ വനിതക്കുള്ള ഓറഞ്ച് പ്രൈസ് അമേരിക്കന്‍ കഥാകൃത്ത് ബാര്‍ബറാ കിംങ്ങ്‌സ് ലോവന്ന നേടി.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top