ആഗോള നീതിക്കുവേണ്ടി ഒരു സ്ത്രീശബ്ദം

വി.പി എ അസീസ്‌ No image

സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി മാത്രമല്ല അരികിലേക്ക് മാറ്റപ്പെട്ട പട്ടിണിപ്പാവങ്ങള്‍ക്കു വേണ്ടിയും മാര്‍ത്ത നുസ്‌ബോം നിരന്തരം ശബ്ദമുയര്‍ത്തുന്നു. വികസനത്തിന്റെ പേരില്‍ വീമ്പുപറയുന്ന സമ്പന്നരാജ്യങ്ങളുടെ വികസന നയങ്ങളെ പോലും അവര്‍ യുക്തിയുക്തം വെല്ലുവിളിക്കുന്നു. വികസനം എന്നാല്‍ സാമ്പത്തിക വിഭവങ്ങള്‍ വാരിക്കൂട്ടലാണെന്ന സങ്കല്‍പം ലോകരാജ്യങ്ങള്‍ ഉപേക്ഷിക്കണമെന്നാണ് ഈ തത്വശാസ്ത്ര വിശാരദയുടെ അഭിപ്രായം.
1947 മേയില്‍ പ്രമുഖ അമേരിക്കന്‍ നഗരമായ ന്യൂയോര്‍ക്കിലാണ് മാര്‍ത്തയുടെ ജനനം. പിതാവ് അഭിഭാഷകനായ ജോര്‍ജ് ഗ്രാവന്‍. മാതാവ് ഗൃഹാലങ്കാര വിദഗ്ധ ബെറ്റി വാറന്‍. പണവും സാമൂഹിക മാനങ്ങളുമൊക്കെ മുഖ്യലക്ഷ്യമായി കരുതുന്ന ഗൃഹാന്തരീക്ഷത്തോട് ബാലികയായിരിക്കെത്തന്നെ മുഷിപ്പ് അനുഭവപ്പെടാന്‍ തുടങ്ങിയ മാര്‍ത്ത ജീവിത, തത്വശാസ്ത്ര പഠനങ്ങളിലാണ് സാമാശ്വാസം കണ്ടെത്തിയത്. നാട്യവും ക്ലാസിക് രചനകളും പഠിച്ച് ബിരുദം നേടിയ മാര്‍ത്ത ഫിലോസഫിയില്‍ ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. തുടര്‍ന്ന് ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡിയും കരസ്ഥമാക്കി.
ഹാര്‍വാഡിലെ പഠനകാലത്ത് സ്ത്രീയായി പിറന്നതിനാല്‍ സഹപാഠികളില്‍ നിന്നും അധികൃതരില്‍ നിന്നുമുള്ള വിവേചനങ്ങള്‍ കൈപ്പനുഭവങ്ങളായി മനസ്സില്‍ സൂക്ഷിച്ച മാര്‍ത്ത സ്ത്രീവിമോചന പ്രത്യയശാസ്ത്രങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ടു. പരിഷ്‌കൃതരെന്ന് അവകാശപ്പെടുന്ന അമേരിക്കയില്‍ സ്ത്രീകള്‍ നീതിനിഷേധങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും ഇരയാകുന്നതായി തുടര്‍ച്ചയായി എഴുതിയ പ്രബന്ധങ്ങളിലൂടെ മാര്‍ത്ത ലോകത്തെ അറിയിച്ചു. വെറും വര്‍ത്തമാനങ്ങള്‍ മാത്രമായിരുന്നില്ല മാര്‍ത്ത നടത്തിയത്. സ്ത്രീകള്‍ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളിലും അവര്‍ നിരതയായി. വിവേചനങ്ങളെ മറികടക്കാന്‍ സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള ആശയങ്ങളും പോംവഴികളും അവര്‍ കണ്ടെത്തി. ഇത്തരം പൊതുപ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചതോടെ ഭര്‍ത്താവുമായി പിണങ്ങിപ്പിരിയാനുള്ള ദുര്‍ഗതിയും മാര്‍ത്തക്കുണ്ടായി. ഹാര്‍വാഡ് സര്‍വകലാശാലയില്‍ തത്വശാസ്ത്ര അധ്യാപികയായി സേവനം ചെയ്തിട്ടും വേണ്ടത്ര അംഗീകാരം നല്‍കാതിരുന്ന പുരുഷമേധാവിത്വ നയവുമായി ഇടഞ്ഞ അവര്‍ 1982-ല്‍ രാജിവെക്കുകയായിരുന്നു. തുടര്‍ന്ന് 1192-ല്‍ ബ്രൗണ്‍ സര്‍വകലാശാലയില്‍ അധ്യാപികയായി ചേര്‍ന്നു. പുരാതന ഗ്രീസിലെ ധാര്‍മിക സദാചാര ജീവിതവുമായി ബന്ധപ്പെട്ട് 1986-ല്‍ പുസ്തകം രചിച്ചതോടെ ദേശവ്യാപകമായ അംഗീകാരം ലഭിച്ചു. തുടര്‍ന്ന് സ്ത്രീ ജീവിതത്തെക്കുറിച്ചും പുരുഷ മേല്‍കോയ്മയുടെ സൂത്രങ്ങളെ സംബന്ധിച്ചും 'സെക്‌സ് ആന്റ് സോഷ്യല്‍ ജസ്റ്റിസ്', 'മള്‍ട്ടി വോട്ടിംഗ് ഹൂമാനിറ്റി' തുടങ്ങിയ കൃതികളിലൂടെയും മാര്‍ത്ത ജനങ്ങളെ ബോധവല്‍ക്കരിച്ചു.
ലജ്ജ, നൈരാശ്യം, സ്‌നേഹം, ദുഃഖം തുടങ്ങിയ മാനുഷിക വികാരങ്ങള്‍, സാമൂഹിക പശ്ചാത്തലവുമായി ബന്ധപ്പെടുത്തി പഠനവിധേയമാക്കിയ മാര്‍ത്തയെ തേടി നിരവധി ബഹുമതികളെത്തി. 40 സര്‍വകലാശാലകള്‍ ഹോണററി ബിരുദം നല്‍കി ഈ മൗലിക പ്രതിഭയെ ആദരിച്ചു. സ്ത്രീജനങ്ങളുടെ മോചനം മാത്രമല്ല, സമൂഹത്തിന്റെ വെളിംപുറത്തേക്ക് തള്ളിമാറ്റപ്പെട്ട മുഴുവന്‍ മനുഷ്യരുടെയും മോചനം ലക്ഷ്യമിടുന്ന സാമൂഹ്യനീതിക്കുവേണ്ടിയാണ് മാര്‍ത്ത ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇതിനുവേണ്ടി സാമ്പത്തിക ശാസ്ത്രജ്ഞനായ അമൃതാ സെന്നുമായി സഹകരിച്ചു തയ്യാറാക്കിയ 'ക്വാളിറ്റി ഓഫ് ലൈഫ്' എന്ന കൃതി സാമൂഹ്യ സുരക്ഷകരുടെ തുറന്ന പ്രശംസ നേടുകയുണ്ടായി. വികസനത്തിന്റെ അളവുകോലായി സാമ്പത്തിക കണക്കുകളെ മാത്രം ആധാരമാക്കാന്‍ പാടില്ലെന്ന് മാര്‍ത്തയും സെന്നും ഒരേ സ്വരത്തില്‍ വാദിക്കുന്നു. വൃദ്ധജനങ്ങള്‍ക്ക് നല്‍കുന്ന പരിഗണന, നിര്‍ധനര്‍ക്കുള്ള വിദ്യാഭ്യാസ അവസരങ്ങള്‍, സ്ത്രീകള്‍ക്കും പിന്നാക്കക്കാര്‍ക്കും ലഭ്യമാകുന്ന സുരക്ഷകള്‍ എന്നിവ കൂടി കണക്കാക്കുന്ന വികസന സൂചികകള്‍ തയ്യാറാക്കാന്‍ അവര്‍ ഭരണകൂടങ്ങളോട് അഭ്യര്‍ഥിക്കുന്നു.
വികസനം, നീതി എന്നിവയെ സംബന്ധിച്ച പതിവു സങ്കല്‍പങ്ങള്‍ പൊളിച്ചെഴുതാന്‍ സമയമായി എന്ന് മാര്‍ത്ത ഓര്‍മിപ്പിക്കുന്നു. സമൂഹത്തിലെ മുഴുവന്‍ വിഭാഗങ്ങള്‍ക്കും തുല്യാവസരം നല്‍കുന്ന പുതിയ വികസന സങ്കല്‍പ മാതൃകകള്‍ ആവിഷ്‌കരിച്ച് നടപ്പാക്കേണ്ടതാണെന്ന് മാര്‍ത്ത ഉണര്‍ത്തുന്നു.
തത്വശാസ്ത്രത്തില്‍ അവഗാഹം നേടുകയും സ്വായത്തമാക്കിയ വിജ്ഞാനീയങ്ങളെ സഹജീവികളുടെ ക്ഷേമത്തിനുവേണ്ടി വിനിയോഗിക്കുകയും ചെയ്യുന്ന മാനവിക ബോധമാണ് മാര്‍ത്തയെ വ്യത്യസ്തയാക്കുന്നത്.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top