താജിന്റെ താഴെ നിന്നപ്പോള്‍

ശൈഖ് മുഹമ്മദ് കാരകുന്ന്‌ No image

ക്ഷിണേന്ത്യയിലെ ഏറ്റം പഴക്കവും പാരമ്പര്യവുമുള്ള ഉന്നത ഇസ്‌ലാമിക വിദ്യാ സ്ഥാപനമാണ് ഉമറാബാദിലെ ജാമിഅഃ ദാറുസ്സലാം. അടിയന്തരാവസ്ഥക്കു ശേഷം ഇന്ത്യയില്‍ നടന്ന ആദ്യത്തെ ഏറ്റവും വലിയ ഇസ്‌ലാമിക സമ്മേളനം അതിന്റെ സുവര്‍ണ ജൂബിലി ആഘോഷമായിരുന്നു. 1977 ഏപ്രില്‍ 16 മുതല്‍ 18 വരെ നടന്ന സമ്മേളനത്തില്‍ ആദ്യവസാനം സംബന്ധിക്കാന്‍ അവസരം ലഭിച്ചു, അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകള്‍ക്കു ശേഷമുള്ള പ്രഥമ ആഘോഷ പരിപാടിയായിരുന്നതിനാല്‍ അത് വളരെയേറെ ആഹ്ലാദകരവും ആവേശദായകവുമായിരുന്നു. ഏറ്റവും കൂടുതല്‍ വിദേശ പ്രതിനിധികളും പണ്ഡിതന്മാരും സംബന്ധിച്ച ദക്ഷിണേന്ത്യയിലെ സമ്മേളനവും അതുതന്നെ. 'ലീഗ് ടൈംസ്' ദിനപത്രം പ്രസ് കാര്‍ഡ് നല്‍കി പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ചുമതലപ്പെടുത്തിയിരുന്നതിനാല്‍ എല്ലാം ആദ്യാവസാനം ശ്രദ്ധിക്കാനും നിരീക്ഷിക്കാനും നിര്‍ബന്ധിതനായിരുന്നു. ഇന്ത്യയിലെ പ്രമുഖ മുസ്‌ലിം നേതാക്കന്മാരും പണ്ഡിതന്മാരും കേന്ദ്രമന്ത്രിമാരും പങ്കെടുത്ത പ്രസ്തുത ജൂബിലി ആഘോഷങ്ങളില്‍ വിവിധ മുസ്‌ലിം നാടുകളില്‍ നിന്നായി മുപ്പതോളം നേതാക്കളും മന്ത്രിമാരും പണ്ഡിതന്മാരും വിദ്യാഭ്യാസ വിചക്ഷണന്മാരും സംബന്ധിച്ചു.
വെല്ലൂരില്‍ നിന്ന് മദ്രാസിലേക്കും അവിടെ നിന്ന് അലീഗര്‍ മുസ്‌ലിം യൂനിവേഴ്‌സിറ്റിയിലേക്കുമായിരുന്നു യാത്ര. ആദ്യത്തെ ഉത്തരേന്ത്യന്‍ യാത്രയായിരുന്നതിനാല്‍ താജ്മഹലും ചെങ്കോട്ടയും കുത്തബ് മിനാറും മറ്റു ചരിത്ര സ്മാരകങ്ങളും പ്രധാന കേന്ദ്രങ്ങളും കാണാന്‍ തീരുമാനിച്ചു. വായിച്ചും കേട്ടുമറിഞ്ഞ താജ്മഹലിലേക്കായിരുന്നു ആദ്യ സന്ദര്‍ശനം. അനശ്വരപ്രേമത്തിന്റെ വെണ്ണക്കല്ലില്‍ കൊത്തിവെക്കപ്പെട്ട കാവ്യ ശില്‍പം എന്നാണല്ലോ അത് വിശേഷിപ്പിക്കപ്പെടുന്നത്.
താജ്മഹലിന്റെ അകവും പുറവും ചുറ്റിനടന്ന് അതിന്റെ നിര്‍മാണ വൈദഗ്ധ്യവും ശില്‍പചാതുരിയും അസാമാന്യ സൗന്ദര്യവും പ്രൗഢിയുമൊക്കെ ആസ്വദിച്ചുകൊണ്ടിരുന്നപ്പോഴും അകം നൊമ്പരപ്പെടുകയായിരുന്നു. ചരിത്രബോധം മനസ്സില്‍ മറുവശം കുറിച്ചിടുകയായിരുന്നു. പഠനകാലത്ത് മനസ്സിലുയര്‍ന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുകയായിരുന്നു.
മുസ്‌ലിംകള്‍ കടന്നുചെന്ന നാടുകളെല്ലാം ക്രമേണ ഇസ്‌ലാമിന്് കീഴ്‌പ്പെട്ടതായാണ് ചരിത്രാനുഭവം. മുസ്‌ലിംകളെ കണ്ടും അറിഞ്ഞും അനുഭവിച്ചും അവരില്‍ ആകൃഷ്ടരാവുകയായിരുന്നു അന്നാട്ടുകാര്‍. ഇസ്‌ലാമിന്റെ സാമൂഹ്യനീതിയുടെയും സാമ്പത്തിക ക്രമത്തിന്റെയും സാംസ്‌കാരിക സമീപനത്തിന്റെയും രാഷ്ട്രീയ വ്യവസ്ഥയുടെയും ഭരണ നടത്തിപ്പിന്റെയും സദ്ഫലങ്ങള്‍ അനുഭവിച്ചറിഞ്ഞ ജനം അതംഗീകരിച്ച് അതിന്റെ അനുയായികളായില്ലെങ്കിലേ അത്ഭുതമുള്ളൂ. പ്രവാചകനാല്‍ സ്ഥാപിതമായതാണല്ലോ ഇസ്‌ലാമിക രാഷ്ട്രം. പതിനാലു നൂറ്റാണ്ടിലേറെ നിലനിന്നുപോന്ന ആ ഭരണസംവിധാനത്തിന്റെയും രാഷ്ട്രത്തിന്റെയും പിറവി ഒരു തുള്ളി ചോര പോലും ചിന്താതെ, ഒരായുധം പോലും എടുക്കാതെയാണ് സംഭവിച്ചത്. യഥ്‌രിബ് നിവാസികള്‍ നബി തിരുമേനിയെ സ്വാഗതം ചെയ്ത് സ്വീകരിക്കുകയും തങ്ങളുടെ നാടിന് അദ്ദേഹത്തിന്റെ പേര് നല്‍കുകയുമായിരുന്നുവല്ലോ. അങ്ങനെയാണ് അവിടം മദീനത്തുന്നബിയായത്. ഇസ്‌ലാമിക രാഷ്ട്രം അവിടെ സ്ഥാപിതമാകുമ്പോള്‍ മുസ്‌ലിം ജനസംഖ്യ പതിനഞ്ചു ശതമാനത്തില്‍ താഴെയായിരുന്നു.
ഇന്നോളമുള്ള മനുഷ്യചരിത്രത്തിലെ ഏറ്റവും മികച്ച ഭരണമായി വിലയിരുത്തപ്പെടുന്നത് ഖലീഫാ ഉമറുല്‍ ഫാറൂഖിന്റേതാണ്. അദ്ദേഹത്തിന്റെ ഭരണ കാലത്ത് ഇസ്‌ലാമിക രാഷ്ട്രത്തിലെ മുസ്‌ലിം ജനസംഖ്യ രണ്ടര ശതമാനത്തില്‍ താഴെയായിരുന്നു. പിന്നീട് ഇസ്‌ലാമിക ഭരണത്തിലും വ്യവസ്ഥയിലും ആകൃഷ്ടരായി തദ്ദേശവാസികള്‍ ക്രമേണ ഇസ്‌ലാം സ്വീകരിക്കുകയായിരുന്നു. നാനൂറ് വര്‍ഷമായപ്പോഴേക്കും അത് അമ്പത് ശതമാനമായി. ആ പ്രക്രിയ തുടര്‍ന്നതിന്റെ ഫലമായാണ് ഇന്നുള്ള അവസ്ഥയിലെത്തിയത്. ചരിത്രത്തില്‍ ഒരൊറ്റ ഇസ്‌ലാമിക ഭരണാധികാരിയും ഒരാളെയും ഇസ്‌ലാമില്‍ ചേരാന്‍ നിര്‍ബന്ധിക്കുകയോ സമ്മര്‍ദം ചെലുത്തുകയോ ഉണ്ടായിട്ടില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ മുസ്‌ലിം നാടുകളില്‍ പതിനാല് നൂറ്റാണ്ടിനു ശേഷം മുസ്‌ലിംകളല്ലാത്ത ആരുമുണ്ടാകുമായിരുന്നില്ല. എന്നാല്‍ മുസ്‌ലിം രാജ്യങ്ങളിലെല്ലാം വിവിധ മതക്കാരുണ്ട്. ഈജിപ്തില്‍ മാത്രം ഒമ്പത് ശതമാനം കോപ്റ്റ് ക്രിസ്ത്യാനികളുണ്ട്. സിറിയയിലും ഫലസ്തീനിലും ജോര്‍ദാനിലും ഇറാഖിലും ഇറാനിലുമെല്ലാം മുസ്‌ലിംകളല്ലാത്തവരും മുസ്‌ലിംകളെപോലെ സുഖമായും സൈ്വരമായും ജീവിച്ചു വരുന്നു.
ഇന്ത്യയില്‍ മുസ്‌ലിംകള്‍ എട്ടൂ നൂറ്റാണ്ടു കാലം ഭരണം നടത്തിയിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ട് ഇന്നാട്ടുകാര്‍ ഇസ്‌ലാമില്‍ വ്യാപകമായി ആകൃഷ്ടരായില്ല? കാലദൈര്‍ഘ്യം പരിഗണിച്ചാല്‍ മുസ്‌ലിംകള്‍ ഭരണം നടത്തിയ കാലത്തെ അപേക്ഷിച്ച് ഇന്ത്യക്കാര്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നത് ബ്രിട്ടീഷ് ഭരണ കാലത്താണ്. ഇതെന്തുകൊണ്ട്?
ഇന്ത്യയിലെ മഹാഭൂരിപക്ഷം എന്നും ജാതി സമ്പ്രദായത്തിന്റെ കൊടിയ ദുരിതങ്ങളനുഭവിക്കുന്നവരായിരുന്നു. സാമാന്യനീതി പോലും നിഷേധിക്കപ്പെട്ട അടിമ സമാനമായ ജീവിതമാണ് അവര്‍ നയിച്ചിരുന്നത്. കടുത്ത സാമൂഹ്യ അസമത്വങ്ങള്‍ക്കും സാമ്പത്തിക ചൂഷണങ്ങള്‍ക്കും അവര്‍ വിധേയരായിരുന്നു. വിദ്യ നേടാനോ അക്ഷരം പഠിക്കാനോ ആരാധനാലയങ്ങളില്‍ പോകാനോ പൊതുവഴിയില്‍ സഞ്ചരിക്കാനോ അനുവാദമുണ്ടായിരുന്നില്ല. അതോടൊപ്പം താഴ്ന്ന ജാതിക്കാരുടെ വശമുള്ള എന്തും ഏതു സമയത്തും കൈവശപ്പെടുത്താന്‍ ഉയര്‍ന്ന ജാതിക്കാര്‍ക്ക് അവകാശമുണ്ടായിരുന്നു. അതോടൊപ്പം ഭരണം നടത്തിയിരുന്ന നാട്ടു രാജാക്കന്മാര്‍ പരസ്പര പോരിലും പോരാട്ടത്തിലുമായിരുന്നു. ഇസ്‌ലാമിന്റെ സാമൂഹ്യനീതിയിലും സമത്വദര്‍ശനത്തിലും അധിഷ്ഠിതമായ വിമോചനം ഏറ്റവും അനിവാര്യമായ സമൂഹമായിരുന്നു ഇന്ത്യയിലുണ്ടായിരുന്നതെന്നര്‍ത്ഥം. ഇസ്‌ലാം കടന്നു ചെന്നേടത്തെല്ലാം നിര്‍വഹിച്ചത് അടിച്ചമര്‍ത്തപ്പെടുകയും അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും ചൂഷണങ്ങള്‍ക്കും മര്‍ദനങ്ങള്‍ക്കും അടിപ്പെട്ട് ഇരകളായി മാറുകയും ചെയ്ത നിസ്സഹായരും ദുര്‍ബലരും പീഡിതരും അടിയാളരുമായ മനുഷ്യരുടെ മോചനമാണ്. ഖലീഫാ ഉമറുല്‍ ഫാറൂഖിന്റെ ഭരണകാലത്ത് ഇസ്‌ലാമിക രാഷ്ട്രത്തെ പ്രതിനിധീകരിച്ച് പേര്‍ഷ്യന്‍ സാമ്രാജ്യത്വത്തിന്റെ പിടിയിലകപ്പെട്ട അടിയാള സമാനരായ മനുഷ്യരെ മോചിപ്പിക്കാനായി ഇറങ്ങിത്തിരിച്ച രിബിഇയ്യിബ്‌നു ആമിറിനോട് പേര്‍ഷ്യന്‍ സേനാനായകനായ റുസ്തം ചോദിച്ചു: ''നിങ്ങളെന്തിനാണ് ഇങ്ങോട്ട് വന്നത്?''
അതിന് രിബ്ഇയ്യ് നല്‍കിയ മറുപടി ഇസ്‌ലാം നിര്‍വഹിച്ച നിയോഗം എന്തെന്ന് വ്യക്തമാക്കുന്നു. അദ്ദേഹം പറഞ്ഞു: ''ഞങ്ങളെ ഇങ്ങോട്ട് നിയോഗിച്ചത് അല്ലാഹുവാണ്. മനുഷ്യരെ തങ്ങളെപ്പോലുള്ള മനുഷ്യരുടെ അടിമത്തത്തില്‍ നിന്ന് ദൈവത്തിന്റെ മാത്രം അടിമത്തത്തിലേക്ക് നയിക്കാന്‍. ഐഹികജീവിതത്തിന്റെ കുടുസ്സില്‍ നിന്ന് ഇഹപര ലോകങ്ങളുടെ വിശാലതയിലേക്ക് അവരെ മോചിപ്പിക്കാന്‍. നിലവിലുള്ള വ്യവസ്ഥകളുടെ അനീതിയില്‍ നിന്ന് ഇസ്‌ലാമിന്റെ നീതിയിലേക്ക് അവരെ രക്ഷിക്കാന്‍.
സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവും മറ്റുമായ അധമാവസ്ഥയും അടിമത്തവും അനുഭവിച്ചിരുന്ന ഇന്ത്യയിലെ താഴ്ന്ന ജാതിക്കാരുടെയും പിന്നാക്കക്കാരുടെയും വിമോചനത്തിന് ഇന്ത്യയിലെ മുസ്‌ലിം ഭരണം വഴിയൊരുക്കിയില്ല. ഇവിടം ഭരിച്ച മുസ്‌ലിം ഭരണാധികാരികള്‍ ഉറ്റബന്ധം സ്ഥാപിച്ചതും അധികാരത്തില്‍ പങ്കാളികളാക്കിയതും മേല്‍ജാതിക്കാരായ സവര്‍ണ്ണ വിഭാഗത്തെയാണ്. കീഴ് ജാതിക്കാരെ ഇവിടത്തെ മേല്‍ജാതിക്കാരെപ്പോലെ അവരും അവഗണിക്കുകയായിരുന്നു. അതോടൊപ്പം മുഴവന്‍ ജനങ്ങളുടെയും സുരക്ഷിതത്വത്തിനും സുഭിക്ഷതക്കും ആത്മാഭിമാനം സംരക്ഷിക്കാനും മുസ്‌ലിം ഭരണാധികാരികള്‍ തീരെ ജാഗ്രത പുലര്‍ത്തിയതുമില്ല.
ജനങ്ങളുടെ ക്ഷേമത്തിനു പകരം സ്വന്തം സുഖസൗകര്യങ്ങളിലും ആര്‍ഭാട ജീവിതത്തിലുമാണ് മുഗിള ഭരണാധികാരികള്‍ താല്‍പര്യം കാണിച്ചത്. ഈ തിന്മയുടെ ഏറ്റവും മികച്ച ഉദാഹരണമാണ് ഷാജഹാന്റെ ഭരണത്തില്‍ സംഭവിച്ചത്. താജിന്റെ ചാരുത മനം കവര്‍ന്നപ്പോഴും അതിന്റെ പിന്നിലെ കഷ്ടപ്പാടിന്റെയും കണ്ണീരിന്റെയും കദനകഥകള്‍ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു. അടിമകളെപ്പോലെ ഇരുപതിനായിരം തൊഴിലാളികള്‍ നാവടക്കി ഇരുപത്തി രണ്ട് വര്‍ഷം കഠിനാധ്വാനം ചെയ്താണ് താജ്മഹല്‍ നിര്‍മിച്ചത്. 1632-ല്‍ ആരംഭിച്ച നിര്‍മാണ ജോലി പൂര്‍ത്തീകരിച്ചത് 1653-ലാണ്. ഉസ്താദ് ഈസാ രൂപ കല്‍പന നടത്തി ഷാജഹാന്‍, ഭാര്യ മുംതാസ് മഹലിന്റെ സ്മരണക്കായി നിര്‍മിച്ച താജിനു വേണ്ടി പട്ടിണിപ്പാവങ്ങളായ നാട്ടുകാരുടെ കോടിക്കണക്കിന് രൂപയാണ് വിനിയോഗിച്ചത്. അതുകൊണ്ടുതന്നെ മനുഷ്യ സ്‌നേഹികള്‍ താജില്‍ ദരിദ്രലക്ഷങ്ങളുടെ രക്തത്തിന്റെ നിറം കാണുകയും വിയര്‍പ്പ് മണക്കുകയും നിശ്വാസത്തിന്റെ ചൂട് അനുഭവിക്കുകയും ചെയ്യുന്നതില്‍ അത്ഭുതമില്ല.
ഷാജഹാന്‍ ഭാര്യക്ക് സ്മാരകം പണിതതോടൊപ്പം തനിക്കിരിക്കാന്‍ സ്വര്‍ണംകൊണ്ട് സിംഹാസനം നിര്‍മിച്ചു. ഏഴു വര്‍ഷമെടുത്ത് നിര്‍മിച്ച പ്രസ്തുത മയൂര സിംഹാസനത്തിന് ആയിരത്തി ഇരുനൂറ്റമ്പത് കിലോ സ്വര്‍ണവും ഇരുനൂറ്റമ്പത് കിലോ രത്‌നക്കല്ലുമുപയോഗിച്ച് നിര്‍മിതമായ നാലു സ്വര്‍ണ തൂണും മരതക നിര്‍മിതമായ പന്ത്രണ്ടു കാലുകളും ഉണ്ടായിരുന്നു. അതിന് 1999-ല്‍ കണക്കാക്കപ്പെട്ട വില എണ്‍പതു കോടിയിലേറെ ഡോളറാണ്.
ഡല്‍ഹിയിലും ആഗ്രയിലും ഫത്തേപൂര്‍സിക്രിയിലുമെല്ലാം വലിയ കോട്ടകള്‍ പണിത് തങ്ങളുടെ നാമം അനശ്വരമാക്കാനാണ് മുസ്‌ലിം ഭരണാധികാരികള്‍ ശ്രമിച്ചത്. എന്നാല്‍ ജനങ്ങളുടെ സമ്പത്തെടുത്ത് സ്മാരകം പണിയുന്നവര്‍ക്ക് ഒരിക്കലും മനുഷ്യ മനസ്സുകളില്‍ സ്ഥാനം ലഭിക്കുകയില്ല. ജനമനസ്സുകളില്‍ ജീവിക്കുക ജനങ്ങളെ മനസ്സില്‍ കുടിയിരുത്തി അവര്‍ക്കായി നിലകൊള്ളുന്നവരാണ്. അവരെ അനശ്വരരാക്കാന്‍ സ്മാരക സൗധങ്ങളോ സ്തംഭങ്ങളോ വേണ്ടതില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും അനുസരിക്കപ്പെടുകയും ചെയ്യുന്ന മുഹമ്മദ് നബിയുടെ രൂപങ്ങളോ ചിത്രങ്ങളോ പ്രതിമകളോ പ്രതിഷ്ഠകളോ സ്മാരക സൗധങ്ങളോ സ്തൂപങ്ങളോ ലോകത്തെവിടെയുമില്ല.
ഇവ്വിധം ഓരോരോ കാര്യങ്ങളോര്‍ത്ത് താജിന്റെ താഴെ നിന്നപ്പോള്‍ അത് മുംതാസ് മഹലിന്റെ സ്മാരകം മാത്രമല്ല, എന്തുകൊണ്ട് ഇന്ത്യ ഇസ്‌ലാമിന് കീഴ്‌പ്പെട്ടില്ല എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ക്കുള്ള വഴികാട്ടികൂടിയാണെന്നു ബോധ്യമായി. കോടികള്‍ തുലച്ച് കോട്ടകള്‍ പണിയുന്നവര്‍ ജനങ്ങളുടെ മനക്കോട്ടകളില്‍ നിന്ന് എങ്ങനെ പുറംതള്ളപ്പെടുമെന്ന് കൂടി വെളിപ്പെടുത്തുന്നു താജ്മഹല്‍. താജ് പണിത ഷാജഹാന്‍ തടവിലിടപ്പെട്ടപ്പോള്‍ കണ്ണീര്‍ വാര്‍ക്കാന്‍ ആരുമില്ലാതെ പോയതിന് ചരിത്രം സാക്ഷി.
''എത്രയെത്ര ആരാമങ്ങളും അരുവികളുമാണവര്‍ വിട്ടേച്ച് പോയത്. കൃഷിയിടങ്ങളും മാന്യമായ മണിമേടകളും! അവര്‍ ആനന്ദത്തോടെ അനുഭവിച്ചുപോന്ന എന്തെല്ലാം സൗഭാഗ്യങ്ങള്‍! അങ്ങനെയായിരുന്നു അവയുടെ ഒടുക്കം. അതൊക്കെയും നാം മറ്റൊരു ജനതക്ക് അവകാശപ്പെടുത്തിക്കൊടുത്തു. അപ്പോള്‍ അവര്‍ക്കുവേണ്ടി ആകാശമോ ഭൂമിയോ കണ്ണീര്‍ വാര്‍ത്തില്ല. അവര്‍ക്കൊട്ടും അവസരം നല്‍കിയതുമില്ല.'' (അദ്ദുഖാന്‍ 25-29) |

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top