സദാചാര പൊലീസ്‌

ഇന്‍സാഫ്‌

മാധ്യമങ്ങള്‍ വന്‍ ഇഷ്യു ആക്കിമാറ്റിയ ഒരു കൊലപാതകം ഈയിടെ കോഴിക്കോട് ജില്ലയില്‍ ഉണ്ടായി. ഗള്‍ഫില്‍ ഉപജീവനം തേടുന്ന ഒരാളുടെ വീട്ടില്‍ അയാളുടെ ഭാര്യയും വിവാഹിതയായ മകളും വേറെ രണ്ട് മക്കളും മാത്രം താമസിക്കെ അനാശാസ്യ ബന്ധത്തിനു വന്നുവെന്നാരോപിച്ച് ഒരു ചെറുപ്പക്കാരനെ ഒരു സംഘം യുവാക്കള്‍ കഠിനമായി മര്‍ദിച്ചതിനാല്‍ അയാള്‍ മരിക്കാനിടയായി എന്നതാണ് സംഭവത്തിന്റെ രത്‌നച്ചുരുക്കം. അര്‍ധരാത്രിയോടടുത്ത് അരങ്ങേറിയ കൂട്ടപീഡനത്തില്‍ തീരെ അവശനായ യുവാവിനെ ഏറെ വൈകിയെത്തിയ പൊലീസാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഏതാനും മണിക്കൂറുകള്‍ ആശുപത്രിയില്‍ കിടന്നശേഷം അയാള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. കൊലപാതകക്കേസില്‍ ഒട്ടേറെ പേരെ പൊലീസ് ചോദ്യംചെയ്തതിനൊടുവില്‍ 15 ആളുകളുടെ പേരില്‍ കേസെടുക്കുകയും 13 പേര്‍ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ സദാചാര പൊലീസ് ചമഞ്ഞ്, തീവ്രവാദികളും മതസംഘടനകളുടെ പ്രവര്‍ത്തകരുമാണ് ആസൂത്രിത കൊലക്ക് പിന്നില്‍ എന്ന വ്യാപകമായ പ്രചാരണം പത്രങ്ങളും ചാനലുകളും ചേര്‍ന്ന് നടത്തി. പതിവിന്‍പടി മതേതരത്വ ചാവേറുകളെ അണിനിരത്തി ചര്‍ച്ചകളും പൊടിപാറ്റി. പക്ഷേ, പൊലീസ് അരിച്ചുപെറുക്കിയിട്ടും സംഭവത്തിന്റെ മുന്നിലോ പിന്നിലോ തീവ്രവാദ ബന്ധമൊന്നും കണ്ടെത്താനായില്ല. പകരം പ്രതികളില്‍ ആറുപേര്‍ സി.പി.എമ്മുകാരും നാലു പേര്‍ മുസ്‌ലിം ലീഗുകാരും രണ്ടു പേര്‍ കോണ്‍ഗ്രസുകാരുമാണെന്നാണ് വ്യക്തമായത്. സംഭവത്തിനാകട്ടെ രാഷ്ട്രീയമോ മതപരമോ ആയ മാനങ്ങളില്ലെന്നും അന്വേഷിക്കുന്ന പൊലീസുദ്യോഗസ്ഥര്‍ പറയുന്നു. പക്ഷേ, ചിലരതില്‍ തൃപ്തരല്ല. അവര്‍ക്ക് സംഭവം ഗൂഢാലോചനയുടെ ഫലമായ സദാചാര കൊലപാതകം തന്നെയാണെന്ന് തെളിയണം, തീവ്രവാദബന്ധവും പുറത്തുവരണം. സംഭവത്തിന് രാഷ്ട്രീയനിറം നല്‍കാനുള്ള ശ്രമവും നടക്കുന്നു.
പൊലീസ് കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചാലേ ചിത്രം വ്യക്തമാവൂ. എന്നാല്‍, നാട്ടുകാര്‍ക്കറിയാവുന്നതും അവര്‍ പറയുന്നതുമായ കാര്യം മറ്റൊന്നാണ്. അഭികാമ്യമല്ലാത്ത ബന്ധത്തിന്റെ പേരില്‍ പലതവണ നാട്ടുകാര്‍ താക്കീത് ചെയ്തുവിട്ടതാണ് കൊല്ലപ്പെട്ട യുവാവിനെ. ഒടുവില്‍ വീട്ടില്‍ച്ചെന്ന് രക്ഷിതാക്കളെ വിവരമറിയിച്ചപ്പോഴും അവര്‍ ബലപ്രയോഗത്തിലൂടെയാണതിനെ നേരിട്ടത്. യുവാവാകട്ടെ താനീ ബന്ധം തുടരുമെന്നും തടയുന്നവരെ കാണാമെന്നും വെല്ലുവിളിക്കുകയും ചെയ്തു. പ്രതികാരദാഹികളായ യുവാക്കള്‍ ആളെക്കൂട്ടി, യഥാസമയം വിവാദ വീട്ടിലെത്തിയ ചെറുപ്പക്കാരനെ ശരിക്കും കൈകാര്യം ചെയ്തു. എല്ലാ പരിധിയുംവിട്ട മര്‍ദ്ദനം അയാളുടെ മരണത്തിലാണ് കലാശിച്ചത്. വീട്ടുകാരിയുടെ അനുവാദവും സമ്മതവുമുണ്ടായിരുന്നില്ലെങ്കില്‍ പരപുരുഷന്‍ അവിടെ വരില്ലായിരുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അപ്പോള്‍ സദാചാര പൊലീസല്ല പ്രശ്‌നം, സദാചാര ലംഘനമാണെന്ന് വരുന്നു. അപൂര്‍വം സംഭവങ്ങള്‍ കൊലപാതകത്തില്‍ കലാശിക്കുന്നു എന്നതൊഴിച്ചാല്‍ ഒട്ടേറെ ഗള്‍ഫുകാരുടെ കുടുംബങ്ങളില്‍ നടക്കുന്നതു തന്നെയാണ് പരപുരുഷ ബന്ധങ്ങളും അതേത്തുടര്‍ന്നുണ്ടാവുന്ന കുടുംബത്തകര്‍ച്ചയും. ഇന്റര്‍നെറ്റിന്റെയും മൊബൈല്‍ ഫോണിന്റെയും വ്യാപനം ധാര്‍മിക തകര്‍ച്ചയുടെ ആഴവും വ്യാപ്തിയും വര്‍ധിപ്പിച്ചിട്ടുമുണ്ട്. വിവാഹിതകളും മാതാക്കളുമായ യുവതികളുടെ ഒളിച്ചോട്ടം, വിവാഹിതരും പിതാക്കളുമായ പുരുഷന്മാരുടെ പരസ്ത്രീഗമനം, പെണ്‍വാണിഭം തുടങ്ങി ഒട്ടേറെ സാമൂഹിക തിന്മകള്‍ കേരളീയ സമൂഹത്തെ അസ്വസ്ഥമാക്കുന്നുണ്ട്. പ്രശ്‌നത്തിന് സുചിന്തിതമായ പരിഹാരം കാണേണ്ടവര്‍ അതിന് മിനക്കെടാതെ സാമ്പ്രദായിക സമവാക്യങ്ങളില്‍ അഭിരമിച്ച് സദാചാര പൊലീസിനും മതതീവ്രവാദത്തിനുമെതിരെ നിഴല്‍യുദ്ധം നടത്തുകയാണ്. ഭര്‍ത്താവിനെ വഞ്ചിക്കുന്നതും കുത്തഴിഞ്ഞ ലൈംഗിക ജീവിതം നയിക്കുന്നതും സ്ത്രീസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണെന്ന മട്ടില്‍ ഫെമിനിസ്റ്റുകളുടെയും പുരോഗമനവാദികളുടെയും ന്യായീകരണവും ഉണ്ട്. സ്വന്തം ഭാര്യയുടെയോ പെണ്‍മക്കളുടെയോ സ്വാതന്ത്ര്യം പരിധിവിടുന്നതിനെ പൊറുപ്പിക്കുന്നവരല്ല ഈ പുരോഗമനവാദികളില്‍ അധികംപേരും എന്നതാണ് വിരോധാഭാസം.
നടേ പറഞ്ഞ സംഭവം നടന്നത് ഒരു മുസ്‌ലിം മഹല്ലിലാണ്. എല്ലാ മതസംഘടനകളും അവിടെ സജീവമാണ്. അവര്‍ക്കൊക്കെയും അവിടെ ആവശ്യത്തിലധികം പള്ളികളും ആക്ടിവിസത്തിന് സെന്ററുമുണ്ട്. മുസ്‌ലിം സാമുദായിക പാര്‍ട്ടിയുടെ ഭരണമാണ് പഞ്ചായത്തില്‍. എല്ലാമായിട്ടും അനാശാസ്യപ്രവണതകളും തിന്മയുടെ വിളയാട്ടവും യഥാസമയം തടയപ്പെടാതെ പോവുന്നതെന്തുകൊണ്ട് എന്ന ചോദ്യം പ്രസക്തമാണ്. അവിടെ മാത്രമാണ് ഇതൊക്കെ നടക്കുന്നത് എന്ന് വാദിക്കുകയല്ല. കുറഞ്ഞതോ കൂടിയതോ ആയ അളവില്‍ ഒരുവക മുസ്‌ലിം മഹല്ലുകളിലെല്ലാം നടമാടുന്നത് തന്നെയാണിത്. 'നിങ്ങള്‍ നന്മ കല്‍പിക്കുകയും തിന്മ തടയുകയും വേണം, ഇല്ലെങ്കില്‍ നാശം അനിവാര്യമാണെ'ന്ന് ഖുര്‍ആനും പ്രവാചകനും ആവര്‍ത്തിച്ചു താക്കീത് ചെയ്തിട്ടുള്ളതാണ്. സദാചാര പൊലീസിങ്ങൊന്നും വേണ്ട, സമാധാനപൂര്‍ണമായ ബോധവത്കരണവും തിന്മയിലേക്കുള്ള വഴികള്‍ അടച്ചുകളയാനുള്ള ജാഗ്രതയും തന്നെ മതി. ഈ പ്രാഥമിക ഉത്തരവാദിത്വം മഹല്ലുകള്‍ മറന്നാല്‍ കൊലയും പൊലീസ് നടപടികളും മാധ്യമ വേട്ടയുമൊക്കെയായി സ്വസ്ഥജീവിതം തകരാതെ വയ്യ.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top