ഭര്‍ത്താവിന്റെ ജീവിതത്തിലെ 'മറ്റൊരുത്തി' പ്രശ്‌നം

ഡോ: യഹ്‌യ ഉസ്മാന്‍ No image

റു മാസം മുമ്പാണ് ഞാനത് ശ്രദ്ധിക്കാന്‍ തുടങ്ങിയത്. സാധാരണ ജോലി സമയം കഴിഞ്ഞ് രാത്രി വളരെ വൈകിയാണ് എന്റെ ഭര്‍ത്താവ് വീട്ടില്‍ തിരിച്ചെത്തുന്നത്. ഞാനത് കാര്യമാക്കിയില്ല. കാരണം എന്നോടൊത്ത് ഒറ്റക്ക് ചെലവിടാന്‍ അദ്ദേഹം മറ്റു സമയം കണ്ടെത്തിയിരുന്നു. വിലപിടിച്ച സമ്മാനങ്ങള്‍ തന്ന് എന്നെ സന്തോഷിപ്പിക്കാന്‍ ശ്രദ്ധ വെക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന് ഓവര്‍ ടൈം ജോലി കിട്ടുന്നുണ്ടാകുമെന്നും അതാകാം വൈകുന്നതെന്നും ഞാന്‍ കണക്കുകൂട്ടി.
ഒരു ദിവസം അദ്ദേഹം ഉറങ്ങാന്‍ പോയ സമയം നോക്കി എന്റെ ചെറിയ മകള്‍ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണെടുത്ത് ഞെക്കിക്കളിക്കുകയായിരുന്നു. ഒരു പ്രേമ സന്ദേശം അതിലേക്ക് എസ്.എം.എസ് ചെയ്തിരിക്കുന്നത് എന്നെ കാണിക്കാനായി അവള്‍ ചിരിച്ചുകൊണ്ട് ഓടി വന്നു. അവളുടെ ഉപ്പക്ക് ആ സന്ദേശം അയച്ചത് ഞാനായിരിക്കുമെന്ന് ന്യായമായും അവള്‍ കരുതി. ഞാന്‍ അവളില്‍ നിന്ന് മൊബൈല്‍ പിടിച്ചു വാങ്ങി സന്ദേശത്തിലൂടെ കണ്ണോടിച്ചപ്പോള്‍ ഞെട്ടിപ്പോയി. ഞാനങ്ങനെ ഒരു പ്രേമ സന്ദേശം തന്നെ അയച്ചിട്ടില്ല. പിന്നെ ആരാണ് അയച്ചത്? അപ്പോള്‍ എന്റെ ഭര്‍ത്താവിന് മറ്റേതോ സ്ത്രീയുമായി ബന്ധമുണ്ട്?
മനസ്സിനേറ്റ ആഘാതത്താല്‍ ഞാന്‍ നിലത്ത് വീഴുമോ എന്ന് തോന്നിപ്പോയി. എന്ത് ചെയ്യണമെന്ന് അറിയില്ല. എന്റെ ആത്മാഭിമാനം തിളച്ചങ്ങനെ പതഞ്ഞ് കയറുകയാണ്. ഒരു ഭ്രാന്തിയെപ്പോലെ ഞാന്‍ അദ്ദേഹം ഉറങ്ങുന്ന മുറിയിലേക്ക് കയറിച്ചെന്നു. അദ്ദേഹത്തെ ഉണര്‍ത്തിയ ശേഷം മൊബൈല്‍ അദ്ദേഹത്തിന്റെ മുഖത്തോട് ചേര്‍ത്തുപിടിച്ച് ഈ മെസ്സേജ് അയച്ചത് ആരാ എന്നലറി. കുറെ നേരം എത്തും പിടിയും കിട്ടാതെ അദ്ദേഹമങ്ങനെ അന്തിച്ചുനിന്നു. പിന്നെ ഞാന്‍ പറയുന്ന തരത്തില്‍ ഒരു സംഭവമേ ഇല്ലെന്ന് ആണയിട്ടു പറഞ്ഞു. അബദ്ധത്തില്‍ മൊബൈലിലേക്ക് വന്ന ഒരു സന്ദേശമാകാം അത്. അങ്ങനെ പലപ്പോഴും സംഭവിക്കാറുണ്ടല്ലോ. ആ നിലക്കതിനെ കാണുകയായിരുന്നു ബുദ്ധി. മറിച്ചുള്ള ചിന്ത പിശാചിന്റെ വഴിയാണ്. അതിലെ പോയാല്‍ ഞങ്ങളുടെ സ്‌നേഹ ബന്ധം തരിപ്പണമാവും. മക്കളാണെങ്കില്‍ എന്റെ കൊടുങ്കാറ്റ് പോലുള്ള പ്രതികരണം ലൈവായി കണ്ടുകൊണ്ടിരിക്കുകയുമാണ്. അദ്ദേഹം തണുപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഞാനതൊന്നും വക വെച്ചതേയില്ല. എന്റെ അടുത്ത് വരാന്‍ പോലും സമ്മതിച്ചില്ല. ഗത്യന്തരമില്ലാതെ അദ്ദേഹം പറഞ്ഞു പോയി, നീയൊന്ന് നോര്‍മലാകുന്നത് വരെ ഞാന്‍ പുറത്തെവിടെയെങ്കിലും പോയി നില്‍ക്കാം. മുഖത്തടിച്ചതു പോലെ എന്റെ മറുപടിയും പെട്ടെന്നായിരുന്നു. പുറത്ത് ഒരുത്തിയുണ്ടല്ലോ, അവളുടെ അടുത്തേക്കാണോ പോകുന്നത്?
എന്നെ അനുസരിക്കുന്ന തരത്തിലായിരുന്നു അതിനുള്ള മറുപടി. എങ്കില്‍ ഞാന്‍ വീടു വിട്ട് എങ്ങും പോകുന്നില്ല. ഇതൊക്കെ നിന്റെ വെറും ഭാവന മാത്രമാണെന്ന് നിനക്ക് ബോധ്യമാകും വരെ ഞാന്‍ ഇവിടെത്തന്നെ കഴിയാം.
എന്നെ അനുനയിപ്പിക്കാന്‍ അദ്ദേഹം പലവട്ടം പല തരത്തില്‍ ശ്രമിച്ചു നോക്കി. ഞാനൊരിഞ്ചും കുറഞ്ഞു കൊടുത്തില്ല. ഞാന്‍ എന്റെ കിടപ്പും മറ്റൊരു മുറിയിലേക്ക് മാറ്റി. തേനൂറുന്ന വാക്കുകളും ഒരു കുടം പൂക്കളുമായി അദ്ദേഹം പിറ്റേന്ന് വീണ്ടും വന്നു. ഞാനങ്ങോട്ട് തിരിഞ്ഞു നോക്കിയതേയില്ല. അദ്ദേഹത്തിന്റെ കാര്യങ്ങളൊന്നും ഞാന്‍ ശ്രദ്ധിക്കാതെയായി. ഒരു വാക്ക് മിണ്ടുകയുമില്ല. അദ്ദേഹമാണെങ്കില്‍ എന്നെ പ്രീതിപ്പെടുത്താന്‍ എന്തുണ്ട് വഴി എന്ന് തല പുകക്കുകയും. ഒരു പ്രയോജനവുമില്ലെന്ന് കണ്ട് ഇടക്കിടെ വീടു വിട്ട് പോവുകയും വളരെ നേരം മറ്റെവിടെയോ തങ്ങുകയും ചെയ്തു.
കാര്യങ്ങള്‍ കൈവിട്ടു പോവുകയാണെന്ന് എനിക്കു തോന്നി. ഞാനദ്ദേഹത്തോട് തുറന്നു പറഞ്ഞു, മറ്റേതെങ്കിലും സ്ത്രീയുമായി ബന്ധമുണ്ടെങ്കില്‍ ഉടനെ അത് അവസാനിപ്പിക്കണം. ഇനിയവളെ കല്യാണം കഴിച്ചിട്ടുണ്ടെങ്കില്‍-ദൈവഭയമുള്ള വ്യക്തിയായതു കൊണ്ട് വിലക്കപ്പെട്ടതൊന്നും അദ്ദേഹം ചെയ്യില്ലെന്ന് എനിക്കറിയാമായിരുന്നു- ഉടന്‍ ത്വലാഖ് ചൊല്ലണം. എങ്കില്‍ നമുക്ക് പഴയ സന്തുഷ്ട ജീവിതത്തിലേക്ക് മടങ്ങാം. അല്ലെങ്കില്‍ നിങ്ങളെന്നെ ത്വലാഖ് ചൊല്ലേണ്ടി വരും. എന്റെ മുറിവേറ്റ ആത്മാഭിമാനം സംരക്ഷിക്കാന്‍ മറ്റൊരു വഴിയും ഞാന്‍ കാണുന്നില്ല.
ഇതൊക്കെപ്പറഞ്ഞ് ഞാന്‍ ഒരു മറുപടിക്കായി കാത്തു. ഇതു വരെ അദ്ദേഹം ഒരു മറുപടിയും തന്നിട്ടില്ല. ഞാന്‍ ചെയ്തത് തെറ്റോ ശരിയോ? സുചിന്തിതമായ ഒരു തീരുമാനമെടുക്കാന്‍ എന്നെ സഹായിക്കണമെന്ന അപേക്ഷയോടെ...
വിശകലനം
പ്രിയ സഹോദരീ, നിങ്ങള്‍ക്കും നിങ്ങളുടെ ദാമ്പത്യത്തിനും പോറലേല്‍പ്പിക്കുന്ന ഒരുപാട് തെറ്റായ നടപടികള്‍ എന്നേ ഇതെക്കുറിച്ച് പറയാനാവൂ. കുട്ടികളെയും അത് ദോഷകരമായി ബാധിക്കും. ഭര്‍ത്താവും കുട്ടികളുമൊന്നിച്ചുള്ള സ്വപ്ന സദൃശമായ ജീവിതം തല്ലിത്തകര്‍ക്കുക മാത്രമാണ് നിങ്ങള്‍ ചെയ്യുന്നത്. ഇനി എന്ത് ചെയ്യണമെന്നതിനെക്കുറിച്ച് ഉപദേശം തേടി എന്നത് മാത്രമാണ് ഈ വിഷയത്തില്‍ നിങ്ങള്‍ എടുത്ത ഒരേയൊരു ശരിയായ തീരുമാനം. ഏതായാലും നമുക്ക് ഈ പ്രശ്‌നമൊന്ന് വിശകലനം ചെയ്തു നോക്കാം. നിങ്ങള്‍ക്കും നിങ്ങളുടെ അവസ്ഥയിലുള്ള മറ്റു കുടുംബിനികള്‍ക്കും ഒരുപാട് ഗുണപാഠങ്ങള്‍ അതില്‍ കണ്ടേക്കാം.
കത്തില്‍ നിന്ന് മനസ്സിലാകുന്നതുപോലെ നിങ്ങളുടെ ഭര്‍ത്താവ് ഇടക്കിടെ വീട്ടില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടി വരുന്നതിന് നന്നായി പ്രായശ്ചിത്തം ചെയ്യുന്ന ആളാണ്. എല്ലാ അര്‍ഥത്തിലും ഭാര്യയെയും കുട്ടികളെയും സന്തോഷിപ്പിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നു. അപ്പോഴാണ് ഒരു സ്ത്രീയുടേതെന്ന് 'കരുതപ്പെടുന്ന' ഒരു സന്ദേശം നിങ്ങളുടെ ഭര്‍ത്താവിന്റെ ഫോണിലേക്ക് വരുന്നത്. കരുതപ്പെടുന്ന എന്നാണ് ഞാന്‍ പ്രയോഗിച്ചത്. കാരണം ഒരുപക്ഷേ അത് വഴിതെറ്റി വന്ന സന്ദേശമാകാം. അല്ലെങ്കില്‍ ഇത്തരം പണികള്‍ ഒപ്പിക്കുന്ന ആണും പെണ്ണുമായി കുറെ പേരുണ്ടല്ലോ നമ്മുടെയിടയില്‍, അവരിലാരെങ്കിലുമാവാം ഇത് ചെയ്തത്. രണ്ടാമത്തേതിനാണ് സാധ്യത കൂടുതല്‍ കാണുന്നത്. ആരെങ്കിലും ഒപ്പിച്ച വേല തന്നെയായിരിക്കുമത്. ഇത് തിരിച്ചറിഞ്ഞ് സംയമനത്തോടെ പെരുമാറുകയാണ് വിവേകിയായ കുടുംബിനി ചെയ്യേണ്ടത്. മകളുടെ മുമ്പില്‍ വെച്ച് അവളുടെ പിതാവിനെ വളരെ മോശമായി ചിത്രീകരിച്ചത് ഒട്ടും ശരിയായില്ല. ആ പ്രേമ സന്ദേശമയച്ചത് ഞാന്‍ തന്നെയാണെന്ന് നിങ്ങള്‍ അവളോട് പറഞ്ഞിരുന്നെങ്കില്‍ പോലും അത് തെറ്റാകുമായിരുന്നില്ല. കാരണം തന്റെ പിതാവിനെക്കുറിച്ച് മകളുടെ മനസ്സില്‍ മനോഹരമായ ഒരു ശില്‍പം ഉണ്ടായിരിക്കും. ഒരു മാതൃകാ വ്യക്തിത്വം. അതാണിവിടെ വീണുടഞ്ഞിരിക്കുന്നത്. ഈ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് പിതാവായിരിക്കും റോള്‍മോഡല്‍.
കുടുംബിനി എന്ത് ചെയ്യുമ്പോഴും വീട്ടിലെ മറ്റുള്ളവരെ അത് എങ്ങനെ ബാധിക്കുമെന്ന് കൂടി മുന്‍കൂട്ടി കാണണം. ചിലതൊക്കെ മറച്ചുവെക്കേണ്ടി വരും, ചിലത് കണ്ടില്ലെന്ന് നടിക്കേണ്ടി വരും. വിവേചന ബുദ്ധിയോടെ വേണം കുടുംബിനി പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍. ഇവിടെ ഗൃഹശിക്ഷണത്തിന്റെ മൂന്ന് പ്രധാന പാഠങ്ങളാണ് നിങ്ങള്‍ അവഗണിച്ചത്. അതില്‍ ഏറ്റവും അപകടകരമായത്, പിതാവിനെക്കുറിച്ച് മകളുടെ മനസ്സിലുള്ള മാതൃകാ ചിത്രം നിങ്ങള്‍ തകര്‍ത്തു എന്നതാണ്. ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ വൈകാരികമായി പൊട്ടിത്തെറിക്കുകയാണ് വേണ്ടതെന്ന് മകള്‍ നിങ്ങളില്‍ നിന്ന് പഠിച്ചിട്ടുണ്ടാകും. മറ്റുള്ളവരുമായുള്ള ഒരാളുടെ ബന്ധങ്ങളെ കുറിച്ച് അനാവശ്യമായി ചുഴിഞ്ഞന്വേഷിക്കാം എന്നൊരു സന്ദേശം കൂടി നിങ്ങള്‍ നല്‍കുന്നുണ്ട്. ഒരു പ്രശ്‌നത്തെ നേര്‍രേഖയില്‍ മാത്രം കാണാതെ മറ്റുള്ളവരുമായുള്ള ബന്ധങ്ങളെ (ഇവിടെ പിതാവും പുത്രിയും തമ്മിലുള്ള ബന്ധം) അതെങ്ങനെ സാധിക്കുമെന്ന് കൂടി നിങ്ങള്‍ കാണേണ്ടതായിരുന്നു.
ആ കത്തിലേക്കു തന്നെ തിരിച്ചു വരാം. ഭര്‍ത്താവിനെക്കുറിച്ച് നിങ്ങള്‍ മോശമായി ചിന്തിക്കുന്നു എന്നാണ് ഈ സംഭവത്തില്‍ നിന്ന് വ്യക്തമായത്. ആത്മവിശ്വാസക്കുറവാണ് അതിനു കാരണം. അത് മറ്റുള്ളവരെ അവിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നു. നമുക്ക് ദോഷമുണ്ടാക്കുന്ന കാര്യത്തില്‍ ചുഴിഞ്ഞന്വേഷണം പാടില്ല എന്ന് ഖുര്‍ആന്‍ നമ്മെ വിലക്കിയിട്ടില്ലേ? ''സത്യവിശ്വാസികളെ വെളിപ്പെടുത്തിയാല്‍ ദോഷകരമായിത്തീരുന്ന കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ ചോദിക്കാതിരിക്കുക.'' (അല്‍മാഇദ:101) മാതൃകാ കുടുംബിനി പൈശാചിക പ്രേരണകളില്‍ നിന്ന് സദാ ദൈവത്തില്‍ അഭയം തേടിക്കൊണ്ടിരിക്കും. ഇനി മേല്‍കൊടുത്ത സൂക്തത്തിന്റെ തേട്ടമനുസരിച്ച് നമുക്ക് പ്രവര്‍ത്തിക്കാനായില്ലെങ്കില്‍ സംഭവത്തിന്റെ സത്യസ്ഥിതി എന്ത് എന്നെങ്കിലും നാം അന്വേഷിക്കേണ്ടതല്ലേ? അക്കാര്യം ഖുര്‍ആന്‍ സംശയത്തിന് ഇടംനല്‍കാത്ത വിധം നമ്മെ ഉപദേശിച്ചതുമല്ലേ? ''സത്യ വിശ്വാസികളേ, നിങ്ങളുടെയടുത്ത് ഒരു വാര്‍ത്തയുമായി വരുന്നത് അധര്‍മ്മിയായ ഒരുത്തനാണെങ്കില്‍ അതിന്റെ നിജസ്ഥിതിയെക്കുറിച്ച് നിങ്ങള്‍ നന്നായി അന്വേഷിക്കുക. അവിവേകം കാരണം സമൂഹത്തിന് നാശമേല്‍ക്കാതിരിക്കുന്നതിന് വേണ്ടിയാണിത്. അങ്ങനെ സംഭവിച്ചാല്‍ ആ പ്രവൃത്തിയെക്കുറിച്ച് നിങ്ങള്‍ ഖേദിക്കേണ്ടി വരും.'' (അല്‍ ഹുജ്‌റാത്ത്:6)
നോക്കൂ, ഇവിടെ കത്തയച്ചത് ആരെന്ന് വ്യക്തമല്ല. നിങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാക്കാന്‍ ഏതോ അസൂയാലുക്കള്‍ അത് ചെയ്തിരിക്കാനും നല്ല സാധ്യതയുണ്ട്. ഇതൊന്നും കണക്കിലെടുത്തില്ലെങ്കിലും മക്കളുടെ മുമ്പില്‍ വെച്ച് പരസ്യമായി പറയാതെ ഉചിതമായ അഭയം തെരഞ്ഞെടുത്ത് ഇക്കാര്യം സൗമ്യമായി അന്വേഷിക്കാനുള്ള സാമാന്യ ബുദ്ധിയെങ്കിലും നിങ്ങള്‍ കാണിക്കേണ്ടതായിരുന്നില്ലേ? നിങ്ങളുടെ വിക്ഷുബ്ധ മനസ്സിനെ തൃപ്തിപ്പെടുത്തുക മാത്രമാണ് നിങ്ങള്‍ ചെയ്തത്. അതുകാരണം എന്തൊക്കെ തകര്‍ന്നു തരിപ്പണമാകുമെന്ന് നിങ്ങള്‍ അശേഷം ചിന്തിച്ചില്ല.
ഭര്‍ത്താവിന്റെ ജീവിതത്തില്‍ മറ്റൊരു സ്ത്രീ കൂടിയുണ്ടെന്നത് നിങ്ങളുടെ ഭാവനാ വിലാസം മാത്രമാണെന്നാണ് എനിക്ക് തോന്നുന്നത്. ഒന്നുകില്‍ നിങ്ങള്‍ക്ക് രണ്ടാം ബന്ധത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ കിട്ടിയിരിക്കണം. അല്ലെങ്കില്‍ അദ്ദേഹം തന്നെ അതെക്കുറിച്ച് പറയണം. ഇത് രണ്ടും ഇല്ലാതിരിക്കെ വളരെ പവിത്രവും ഊഷ്മളവുമായ ഒരു സ്‌നേഹ ബന്ധത്തെ ഇങ്ങനെ കശക്കിയെറിയുന്നതില്‍ ക്ഷമ ചോദിച്ചു കൊണ്ട് (ക്ഷമ ചോദിക്കുന്നത് വ്യക്തമായ രൂപത്തിലുമാവാം) പ്രശ്‌നത്തിന് പരിഹാരം കാണാവുന്നതേയുള്ളൂ. കൈവിട്ടു പോയ പരസ്പര വിശ്വാസം ഉടന്‍ വീണ്ടെടുക്കണം. പൈശാചിക പ്രേരണകളാല്‍ കുടുങ്ങിപ്പോയെന്ന് സമ്മതിക്കുന്നതില്‍ ഒരു കുറവും കരുതേണ്ടതില്ല. ഇനിയുള്ള ജീവിതത്തില്‍ ഇടപാടുകളിലോ സംസാരങ്ങളിലോ ഈ സംഭവത്തെക്കുറിച്ച് സംശയമായ സൂചനകള്‍ പോലും വന്നു പോകാതിരിക്കാന്‍ സൂക്ഷിക്കുകയും ചെയ്യുക.

പ്രമുഖ ഈജിപ്ഷ്യന്‍ ഭിഷഗ്വരനും
കോളമിസ്റ്റുമാണ് ലേഖകന്‍
വിവ: സ്വാലിഹ

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top