ചെമ്പരത്തി

റംല റഷീദ്‌ No image

സ്താദിന്റെ കൈയിലെ ചൂരല്‍ ശക്തിയായി ഉയര്‍ന്നു താണു. ഭിത്തിയില്‍ പുറംചാരി, കാലുകള്‍ മുട്ടുമടക്കി കൈകള്‍ കാല്‍മുട്ടിന് മീതെ വെച്ച് ഒരിരിപ്പാണ് ഞാന്‍; കസേരയില്‍ ഇരിക്കുന്ന പോലെ. കാലുകളുടെ കടച്ചിലും വേദനയും സഹിക്കാതായപ്പോള്‍ കാലിന്റെ സ്ഥാനം അല്‍പമൊന്ന് മാറ്റാന്‍ ശ്രമിച്ചു.
''എളകരുതെന്നല്ലെടീ പറഞ്ഞത്, സില്‍മ കണ്ടത് എളകാതെ ഇരുന്നല്ലേ?'' വീണ്ടും ചൂരലിന്റെ ഉയര്‍ച്ച താഴ്ചകള്‍ മഴപോലെ പെയ്തിറങ്ങി. അടി വന്നുവീണ ചിലയിടങ്ങളിലെല്ലാം അസഹ്യമായ നീറ്റല്‍, ഇളംമഞ്ഞനിറത്തില്‍ വെളുത്തപൂക്കളുള്ള പാവാടയില്‍ വടിയടയാളങ്ങള്‍ ചുവന്ന നേര്‍ത്തവരകള്‍ പ്രത്യക്ഷപ്പെടുത്തി. മൂന്നാം ക്ലാസിലെ ഈ കാഴ്ച കാണാന്‍ അപ്പുറത്തു നിന്ന് നാലാംക്ലാസിലെ കുട്ടികള്‍ പനമ്പു മറയുടെ ഓട്ടകളിലൂടെ എത്തി നോക്കുന്നുണ്ടായിരുന്നു.
ചോരപൊടിയുന്ന കണ്ണുകളില്‍ നിന്ന് പതുക്കെ കാഴ്ച മങ്ങുന്ന പോലെ. മങ്ങുന്ന കാഴ്ചക്കിടയിലും ഉസ്താദിന്റെ അവ്യക്തരൂപം. തലയില്‍ രണ്ടു കൊമ്പുകള്‍. ഉളിപ്പല്ലുകള്‍ പുറത്തേക്ക് തള്ളി വളഞ്ഞുനില്‍ക്കുന്ന ചുവന്ന കണ്ണുകളും മാംസപിണ്ഡം പോലെയുള്ള മൂക്കും. ചൂരല്‍ വീണ്ടും വീണ്ടും ഉയര്‍ന്നു താണു. പിന്നെയൊന്നും ഓര്‍മയില്ല. ബോധത്തിന്റെയും അബോധത്തിന്റെയും നേര്‍ത്ത ഒരു പാളിക്കിടയിലായിരുന്നു മനസ്സപ്പോള്‍.
ഓര്‍മവരുമ്പോള്‍ മദ്രസ വിട്ടിരുന്നില്ല. ഒരു ബെഞ്ചിലാണ് ഞാന്‍ കിടക്കുന്നതെന്ന് മനസ്സിലായി. കൈകാലുകളിലെ വേദനയുടെയും നീറ്റലിന്റെയും കാഠിന്യം കൂടിയിരുന്നു. കണ്ണുതുറന്ന് നോക്കാനുള്ള ധൈര്യമില്ലായിരുന്നു. തേങ്ങലമര്‍ത്തിപ്പിടിച്ച് ഞാനാ കിടപ്പ് തുടര്‍ന്നു...
കഴിഞ്ഞ തിങ്കളാഴ്ചയാണ് രാജമ്മ ടീച്ചര്‍ ക്ലാസ്സില്‍ വന്നുപറഞ്ഞത്, ''നമ്മുടെ സ്‌കൂളില്‍ നിന്ന് മൂന്നാം ക്ലാസിലെയും നാലാം ക്ലാസിലെയും കുട്ടികളെ സിനിമ കാണിക്കാന്‍ കൊണ്ടുപോകുന്നുണ്ട്. ചങ്ങരംകുളത്തുള്ള സിനിമാ തിയേറ്ററിലേക്കാണ് കൊണ്ടുപോകുന്നത്. പോകാന്‍ ആഗ്രഹമുള്ളവര്‍ വീട്ടില്‍ നിന്ന് സമ്മതം വാങ്ങി ഒരു രൂപയുമായി വരണം.''
മനസ്സിലൊരു മയില്‍ പീലിവിടര്‍ത്തിയാടുന്നതുപോലെ. ദാക്ഷായണി എപ്പോഴും പറയാറുണ്ട്, അവള്‍ സിനിമ കണ്ട വിശേഷങ്ങള്‍. അവളുടെ ചേട്ടന് കുന്ദംകുളത്ത് ഫോട്ടോ പിടിക്കുന്ന ജോലിയാണ്. ദാക്ഷായണിക്ക് വളയും കല്ലുവെച്ച കമ്മലും, നല്ല കടുത്തനിറമുള്ള റിബ്ബണും, കൂടാതെ ഐസോ മിഠായിയോ വാങ്ങിത്തിന്നാന്‍ ഇടക്കിടെ പത്തുപൈസയും ചേട്ടന്‍ കൊടുക്കാറുണ്ട്. ''അവളുടെ ഡംഭ്കണ്ടോ, എന്റെ മാമനും എനിക്കു വളയും കമ്മലും വാങ്ങിത്തരുമല്ലോ!'' ദാക്ഷായണിയുടെ കല്ലുവെച്ച കമ്മലില്‍ നോക്കി ഒരിക്കല്‍ ദീപ പറഞ്ഞു. ദാക്ഷായണിയുടെ റിബ്ബണിലും കമ്മലിലും തൊട്ടു നോക്കാന്‍ എനിക്കും കൊതിയായിട്ടുണ്ട്. ഒരിക്കലൊന്ന് തൊട്ടുനോക്കിയപ്പോള്‍, ''അതിങ്ങനെ തൊട്ടുനോക്കി കേടുവരുത്തല്ലേ കുട്ട്യേ'' എന്നാണ് ദാക്ഷായണി പറഞ്ഞത്. പിന്നീട് ഞാന്‍ ദാക്ഷായണിയെത്തന്നെ തൊടാന്‍ പോയിട്ടില്ല.
പിറ്റേ ദിവസം ദാക്ഷായണിയും ദീപയും ശ്രീജയും വഹീദയുമെല്ലാം ഒരു രൂപ രാജമ്മ ടീച്ചറുടെ കൈയില്‍ കൊടുത്തു. ''എന്താ കുട്ട്യേ, താന്‍ വരുന്നില്ലേ?'' രാജമ്മ ടീച്ചറുടെ ചോദ്യം എന്നോടാണ്. ഉണ്ടെന്ന അര്‍ഥത്തില്‍ ഞാന്‍ തലയാട്ടി. ''പൈസ നാളെ കൊണ്ടുവന്നോളൂ കേട്ടോ.'' അപ്പോഴും ഞാന്‍ യാന്ത്രികമായി തലയാട്ടി.
ഉമ്മയോട് കാശ് ചോദിച്ചപ്പോള്‍ ഉമ്മ പറഞ്ഞത,് ''സില്‍മ കാണല് ഹറാമാണ്, അങ്ങനെപ്പോ പെങ്കുട്ട്യോള് സില്‍മ കാണണ്ട- ന്റെ കജ്ജില് അനക്ക് തരാന്‍ ഒരു റുപ്യും ഇല്ല.'' സ്‌കൂളില്‍ നിന്നിറങ്ങുമ്പോള്‍ എങ്ങനെയെങ്കിലും ഒരു രൂപ ഉമ്മയുടെ കൈയില്‍നിന്നും വാങ്ങണമെന്ന് മനസ്സിലുറപ്പിച്ചു. ഹറാമായത് കാണണം എന്നത് എനിക്കും ഇഷ്ടമുള്ള കാര്യമല്ല. എങ്കിലും ദാക്ഷായണി പറഞ്ഞ സിനിമ നേരാണോ എന്ന് നോക്കണം.
ഒരു വെളുത്ത തുണികെട്ടിയിട്ട് അതിന്റെ ഉള്ളിലാണത്രെ ആളുകളൊക്കെ നിന്ന് വര്‍ത്തമാനം പറയുന്നതും, ഓടുന്നതും ചായ കുടിക്കുന്നതും, ഉറങ്ങുന്നതും. അതും പോരാഞ്ഞ് മലയും കുന്നും കാടും വണ്ടിയോടിക്കലുമൊക്കെ ആ തുണിയുടെ പിന്നില്‍ നിന്ന് ഉണ്ടാകുമത്രെ! ദാക്ഷായണി പറഞ്ഞത് എന്തൊക്കെയാണെന്ന് ഒരിക്കല്‍ ശ്രീജ പറഞ്ഞപ്പോള്‍ 'ശ്രീജ പൊട്ടത്തിയാണ്' എന്നാണ് ദാക്ഷായണിയുടെ മറുപടി. അതിനു ശേഷം ശ്രീജ എന്നോട് ചോദിച്ചു: ''ഞാന്‍ ശരിക്കും പൊട്ടത്തിയാണെന്ന് നെനക്ക് തോണ്ണ്‌ണ്ടോ?'' ''എയ് ഇല്ല, നീയും ഞാനും പൊട്ടത്തിയല്ല.'' എന്റെ മറുപടി കേട്ട് ശ്രീജയുടെ മുഖത്ത് സന്തോഷം. ''ദാക്ഷായണി പറഞ്ഞത് നേരാണെങ്കില്‍ സിനിമ കാണാന്‍ നല്ല ഭംഗീണ്ടാകും ല്ലേ?'' ''ഉണ്ടാവും.'' ശ്രീജ തലകുലുക്കി.
പിറ്റേന്നും ഉമ്മ കാശ് തന്നില്ല. മനസ്സിലാകെ നിരാശ. ഞാന്‍ കുറെ വാശിപിടിച്ചു കരഞ്ഞു. നിരാഹാരം കിടന്നു, ഉമ്മ കനിഞ്ഞില്ല. രാജമ്മ ടീച്ചര്‍ അന്നും കാശ് ചോദിച്ചു. നാളെ തരാം എന്ന് മറുപടി പറഞ്ഞു. നാളെ കാശ് കിട്ടുമെന്ന യാതൊരു പ്രതീക്ഷയും എനിക്കുണ്ടായിരുന്നില്ല. എങ്കിലും വെറുതെ പറഞ്ഞു.
അന്നുച്ചക്ക് സ്‌കൂള്‍ വിട്ട് ഉച്ചഭക്ഷണത്തിന് വീട്ടില്‍ ചെന്നതാണ്. ഉമ്മയോട് ഒന്നുകൂടെ ചോദിക്കണം. ഓരോ ഉരുള ചോറുണ്ണുമ്പോഴും കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. പെട്ടെന്നാണ് കാച്ചിത്തുണിയുടുത്ത ഉമ്മയുടെ കോന്തലക്കല്‍ ഒരു കെട്ട് കണ്ടത്. സാധാരണ കോന്തലക്കല്‍ കെട്ടുന്നത് കാശ് തന്നെയാണ്. ഞാന്‍ മനസ്സിലൊരു കണക്കുകൂട്ടല്‍ നടത്തി. സിനിമ കാണാന്‍ പോകുക എന്ന എന്റെ മോഹത്തിന് വീണ്ടും ചിറക് മുളച്ചു. ചോറ് വേഗം വാരിവാരി തിന്നു. കൈ കഴുകിയെന്ന് വരുത്തി ഉമ്മയുടെ അരികെ ചെന്നു.
''അന്റെ നോട്ടമെന്തിനാന്ന് നിക്കറിയാ. ന്റെ മോള് ആ പൂതിയങ്ങ് മനസ്സിന്ന് കളഞ്ഞാളെ. സില്‍മ കാണാന്‍ ഒരുറുപ്യ പോയിട്ട് പത്തിന്റെ ഒരു പൈസ പോലും മ്മാന്റെട്ത്ത്ന്ന് കിട്ടൂലാട്ടോ.'' പറഞ്ഞു നിര്‍ത്തുന്നതിന് മുമ്പു തന്നെ ഞാന്‍ ഉമ്മയുടെ കോന്തലയില്‍ പിടിത്തമിട്ടു. മല്‍പിടിത്തത്തില്‍ ഞാന്‍ കോന്തലക്കെട്ടഴിച്ചു. എന്റെ സിനിമാ മോഹം അവിടെ ജയിച്ചു, ഉമ്മ തോറ്റു. കൈയില്‍ കിട്ടിയത് മുറുകെ പിടിച്ച് ഞാനോടി. വീട്ടില്‍ നിന്നുള്ള പഞ്ചായത്തുറോഡും ഇടവഴിയും കഴിഞ്ഞ് സ്‌കൂളില്‍ എത്താറായപ്പോഴാണ് തിരിഞ്ഞുനോക്കിയത്. ഇല്ല, ഉമ്മ പിന്നാലെയില്ല. കൈയില്‍ മുറുകെ പിടിച്ചത് തുറന്ന് നോക്കി.
ഒരു അമ്പതു പൈസാ നാണയം!
അതുവരെയുണ്ടായ സന്തോഷവും വെപ്രാളവും പമ്പകടന്നു. ഇനി ബാക്കി അമ്പതു പൈസക്ക് എന്തു ചെയ്യും? സജലങ്ങളായ കണ്ണുകളോടെ ക്ലാസിലെത്തി. ദീപ അടുത്തു വന്നു. ഗദ്ഗദം വാക്കുകളെ തൊണ്ടയില്‍ തന്നെ തടഞ്ഞു നിര്‍ത്തി. കൈയിലുള്ള അമ്പത് പൈസാ നാണയം അവളെ കാണിച്ചു. പറയാനുള്ളതെല്ലാം മുഖത്ത് പ്രതിഫലിച്ചത് കൊണ്ടാകാം ദീപ പറഞ്ഞു: ''സാരമില്ല. ബാക്കി അമ്പത് പൈസക്ക് നമുക്കെന്തെങ്കിലും വഴീണ്ടാക്കാം.''
സ്‌കൂള്‍ വിട്ട് പോരുമ്പോള്‍ ദീപ പറഞ്ഞു: ''നാളെ നീ നേരത്തേ സ്‌കൂളില്‍ വരണം.'' അവളെന്തോ തീരുമാനിച്ചുറച്ച പോലെ എനിക്കു തോന്നി. ബാക്കി അമ്പതു പൈസക്ക് ഒരു ശ്രമം നടത്താന്‍ പോലുമുള്ള സാധ്യത വീട്ടിലുണ്ടായിരുന്നില്ല. തട്ടിപ്പറിച്ച അമ്പതു പൈസക്കു തന്നെ ഉമ്മ ശകാരിച്ചതിന് കണക്കില്ല. പിറ്റെ ദിവസം പതിവിലും നേരത്തേ സ്‌കൂളിലെത്തി. ദീപ പുസ്തകവും സ്ലേറ്റും വെക്കുന്ന അവളുടെ അലൂമിനിയ പെട്ടിയുമായി സ്‌കൂളിന് മുന്‍വശത്തെ മന്ദാരത്തിന് കീഴെ നില്‍പ്പുണ്ട്. പ്രതീക്ഷയോടെ ഞാനവളുടെ നേര്‍ക്ക് നോക്കി. അവള്‍ പെട്ടി തുറന്നു. പുസ്തകത്തിനും സ്ലേറ്റിനും ഇടയിലായി ചിതറിക്കിടക്കുന്ന കുറെ പഴുത്ത അടക്കകള്‍. അടക്കകള്‍ അവളെണ്ണി നോക്കി; പന്ത്രണ്ടെണ്ണമുണ്ട്. ഇത് അച്വേട്ടന്റെ പീടികയില്‍ കൊടുക്കാം.
ഞങ്ങള്‍ അത് സ്‌കൂളിന് മുന്‍വശത്ത് കച്ചവടം നടത്തുന്ന അച്വേട്ടന് വിറ്റു. ''മുപ്പത് പൈസാ കിട്ടും.'' തന്റെ കട്ടിയുള്ള കണ്ണട ശരിയാക്കി വെച്ച് അച്വേട്ടന്‍ പറഞ്ഞു. ''അതുപോരാ, അമ്പതുപൈസ തന്നെ വേണം.'' ഞാന്‍ ചാടിക്കയറി പറഞ്ഞു. ''ഇപ്പളേ അടക്കക്കൊന്നും വെലയില്ല മക്കളേ.'' നിസ്സംഗതയോടെ അതു പറഞ്ഞ് അച്വേട്ടന്‍ തന്ന മുപ്പത്‌പൈസ ദീപ കൈ നീട്ടി വാങ്ങി. കാശ് കൊടുക്കുമ്പോള്‍ ദീപയെ സൂക്ഷിച്ച് നോക്കി അച്വേട്ടന്‍ ചോദിച്ചു: ''നീ അപ്പനത്ത് പടിക്കലെ കുട്ട്യല്ലേ?'' അതെയെന്ന് ദീപ തലയാട്ടി. ''ന്നാ ഒരഞ്ചു പൈസകൂടി ഇരിക്കട്ടെ.''
ഞാന്‍ ആകെ ഒന്നു കൂട്ടിനോക്കി. അമ്പതും മുപ്പത്തഞ്ചും എണ്‍പത്തഞ്ച് പൈസ. ബാക്കി പതിനഞ്ച് പൈസ ഒരു ചോദ്യചിഹ്നമായി മനസ്സില്‍ തൂങ്ങിനിന്നു.
ഞങ്ങള്‍ രണ്ടുപേരും വീണ്ടും മന്ദാരത്തിന് ചുവട്ടിലെത്തി. തലേദിവസം നിധിപോലെ സൂക്ഷിച്ച അമ്പതു പൈസയും, ഇപ്പോഴത്തെ മുപ്പത്തഞ്ചും കൂടി മൂന്നാലു തവണ ഞാന്‍ കൂട്ടി നോക്കി. എത്ര എണ്ണിയിട്ടും എണ്‍പത്തഞ്ചു തന്നെ ആകുന്നുള്ളൂ. ''അധികം എണ്ണണ്ട, എണ്ണിയാല്‍ കുറഞ്ഞു പോകും.'' വീണ്ടും വീണ്ടും എണ്ണാനുള്ള എന്റെ ശ്രമത്തെ ദീപ തടഞ്ഞു.
ദാക്ഷായണി അന്നും നല്ല സന്തോഷത്തിലാണ് സ്‌കൂളിലെത്തിയത്. അവളുടെ ചേട്ടന്‍ ഐസു വാങ്ങാന്‍ അന്നും പത്തു പൈസ കൊടുത്തിട്ടുണ്ട്. ദീപയാണ് ആ നിര്‍ദേശം ദാക്ഷായണിയോട് പറഞ്ഞത്. 'നീയവള്‍ക്ക് ആ പത്തു പൈസ കൊടുക്ക്, എന്നാല്‍ നമുക്കെല്ലാവര്‍ക്കും സിനിമ കാണാലോ.'' ആദ്യമൊക്കെ എതിര്‍ത്തെങ്കിലും പിന്നീട് മനസ്സില്ലാ മനസ്സോടെ പത്തുപൈസ ദാക്ഷായണിയും തന്നു. ഇപ്പോള്‍ ആകെ തൊണ്ണൂറ്റിയഞ്ച് പൈസ. ബെല്ലടിച്ചു, രാജമ്മ ടീച്ചര്‍ ക്ലാസില്‍ വന്നപ്പോള്‍ ഞാനാ പൈസ ടീച്ചര്‍ക്ക് കൊടുത്തു. 'അഞ്ചു പൈസ കുറവുണ്ടല്ലോ? ആ പോട്ടെ-' ആത്മഗതമെന്നോണം ടീച്ചറത് പറഞ്ഞപ്പോള്‍ ഒരു സാമ്രാജ്യം പിടിച്ചടക്കിയ സന്തോഷമാണ് എനിക്കുണ്ടായത്.
അന്നുരാത്രി എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല. പറഞ്ഞു കേട്ടത് മാത്രം വെച്ച് സിനിമയെക്കുറിച്ച് ഞാനൊരു മായിക ലോകമുണ്ടാക്കി. അതിലൊരു പറക്കുന്ന തേരിലിരുന്ന് അനന്തവിഹായസ്സിലങ്ങനെ അലിഞ്ഞുചേര്‍ന്നു. എപ്പോഴോ ഉറങ്ങി. വളരെ നേരത്തേ ഉണര്‍ന്ന ഞാന്‍ വേഗം സ്‌കൂളില്‍ പോകാന്‍ തയ്യാറായി. ഉമ്മയുടെ അരസമ്മതവുമായി ഞാന്‍ സ്‌കൂളിലേക്കോടി.
പതിനൊന്നരക്കുള്ള ബസ്സിലാണ് ഞങ്ങള്‍ ചങ്ങരംകുളത്തെത്തിയത്. സിനിമാ ശാലക്ക് തൊട്ടടുത്താണ് ബസ് നിര്‍ത്തിയത്. രാജമ്മ ടീച്ചറുടെയും ദാനിയേല്‍ മാഷിന്റെയും നിര്‍ദേശപ്രകാരം, സിനിമാ ശാലയില്‍ നിരത്തിയിട്ടിരിക്കുന്ന ബെഞ്ചില്‍ ഞങ്ങള്‍ ഇരുന്നു. എന്റെ മുന്നില്‍ കുറച്ചകലെയായി വെളുത്ത തുണി കെട്ടിയിട്ടുണ്ട്. പിന്നില്‍ കുറെ കസേരകളും. ''നമുക്കാ കസേരയില്‍ ഇരുന്നാലെന്താ?'' ഞാന്‍ പതുക്കെ ശ്രീജയോട് ചോദിച്ചു. ''ടീച്ചര്‍ പറഞ്ഞതല്ലേ, ഇവിടിരുന്നാല്‍ മതി. അവിടെ കുട്ടികളല്ല വല്യ ആളുകളാവും ഇരിക്കുക.'' ശ്രീജ ഒരു തത്വജ്ഞാനിയായി.
സിനിമ തുടങ്ങി. ദാക്ഷായണി പറഞ്ഞതിനും അപ്പുറത്താണ് സത്യമെന്ന് എനിക്ക് തോന്നി. കണ്ണുമിഴിച്ച്, വാ തുറന്ന് ആ മായാലോകത്തില്‍ അങ്ങനെ ഞാനിരുന്നു. 'ചെമ്പരത്തി' യെന്നായിരുന്നു സിനിമയുടെ പേര്. സിനിമ കഴിഞ്ഞിറങ്ങിയപ്പോഴും കഥയോ, കഥാപാത്രങ്ങളോ എന്റെ മനസ്സിലുണ്ടായിരുന്നില്ല.
''കുണുക്കിട്ട കോഴി കുളക്കോഴി
കുന്നിന്‍ ചെരുവിലെ വയറ്റാട്ടി...''
എന്നു തുടങ്ങുന്ന രണ്ടു വരിപ്പാട്ട് മാത്രം മനസ്സില്‍ തത്തിക്കളിച്ചു.
തിരിച്ചു സ്‌കൂളിലെത്തി. വീട്ടിലേക്കുള്ള ഇടവഴിയും കടന്ന് പഞ്ചായത്ത് റോഡിലേക്ക് തിരിയുന്നിടത്ത് എത്തിയപ്പോള്‍ നിര്‍ത്താതെയുള്ള സൈക്കിള്‍ മണിയടി. തിരിഞ്ഞു നോക്കുമ്പോള്‍ മദ്രസയില്‍ എന്റെ കൂടെ പഠിക്കുന്ന സുലൈമാനാണ്. അവന്‍ എന്റടുത്തെത്തി സൈക്കിളിന്റെ ബ്രേക്കു പിടിച്ചു. സൈക്കിളില്‍ നിന്നും ഇറങ്ങാനുള്ള ശ്രമംപോലെ ചാടിച്ചാടി കുറച്ചപ്പുറത്തായി നിന്നു. ''സില്‍മ കയിഞ്ഞിട്ട് വെരാണല്ലേ? നാളെ മദ്രസയിലേക്ക് വായോ, ഉസ്താദിനോട് പറഞ്ഞൊട്‌ത്തേരാം.'' ഭീഷണിയോടെ അവനത് പറഞ്ഞ് സൈക്കിളില്‍ കയറിപ്പോയി.
അന്ന് രാത്രിയും ഞാനുറങ്ങിയില്ല. സിനിമ കണ്ട സന്തോഷവും കുണുക്കിട്ട കോഴിയും ഒരു വശത്ത്, മറുവശത്ത് ഉസ്താദിന്റെ അടിയുടെ വേദനയോര്‍ത്ത് കൈകള്‍ കൂട്ടിത്തിരുമ്മി. ഇടക്കെപ്പോഴോ ഉസ്താദിന്റെ താടിയും ചുവന്ന കണ്ണുകളും സ്വപ്നം കണ്ടു. നീണ്ടമണിയടി കേട്ടാണ് ഞാന്‍ കണ്ണുതുറന്നത്. മദ്രസ വിട്ടിരിക്കുന്നു. എന്റെ സഹപാഠിയും അയല്‍വാസിയുമായ ഖദീജ വന്ന് എന്റെ കൈപിടിച്ചെഴുന്നേല്‍പ്പിച്ചു.
നീണ്ട സംവത്സരങ്ങള്‍ക്കിപ്പുറം നിറയെ പൂത്തുനില്‍ക്കുന്ന ചെമ്പരത്തികള്‍ അതിരിട്ട എന്റെ തൊടിയില്‍, രോഗപീഡകള്‍ തളര്‍ത്തിയ ശരീരത്തിന് താങ്ങായുള്ള ഊന്നുവടിയുമായി ഞാന്‍ നില്‍ക്കുമ്പോള്‍ വിടര്‍ന്നുനില്‍ക്കുന്ന ഓരോ ചെമ്പരത്തിപ്പൂവും എന്നെ നോക്കി ആര്‍ദ്രമായി ചിരിക്കുന്നുണ്ടോ? ഒരു ചെമ്പരത്തിപ്പൂവ് പതുക്കെ നുള്ളിയെടുത്ത് ഞാനെന്റെ വരണ്ട ചുണ്ടുകളോട് ചേര്‍ത്തു.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top