വനിതാ കോഡ്ബില്ലും ഒരു ഭ്രൂണഹര്‍ജിയും

അഡ്വ.ഷൈജു ഇരട്ടക്കുളം No image

സ്റ്റിസ് കൃഷ്ണയ്യര്‍ ചെയര്‍മാനായ ഏഴംഗ കമ്മീഷനെ വനിതാകോഡ് പോലൊരു സാഹസത്തിന് 2010-ലാണ് സംസ്ഥാന സര്‍ക്കാര്‍ നിയമിക്കുന്നത്. വിചിത്രമായ തിടുക്കത്തില്‍, ലക്ഷ്യബോധമോ സാമൂഹ്യബോധമോ തീണ്ടാത്ത ആഗോള ഗ്രാമപശ്ചാത്തലത്തിലെവിടെയും യോജിക്കാത്ത ഒരു കടലാസ് ബഹളമായി കമ്മീഷന്‍ മാറി. റിപ്പോര്‍ട്ടിലെ ഒട്ടനവധി കാര്യങ്ങള്‍ ശക്തവും ന്യായവും സ്വീകാര്യവും ഉത്സാഹപൂര്‍വം സാമൂഹിക മണ്ഡലത്തില്‍ നടപ്പാക്കേണ്ടതും തന്നെയാണ്. എന്നാല്‍ കുറെ ഭാഗങ്ങള്‍ പൗരസ്വാതന്ത്ര്യത്തിന്‍മേലുള്ള കനത്ത കയ്യേറ്റവുമായി. ജീവിക്കാനുള്ള അവകാശം എന്നതുപോലെ ജനിക്കാനുള്ള അവകാശവും ഉയര്‍ത്തിക്കൊണ്ടുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ഒരു 'ഹൈടെക് ഭരണഘടന'യുടെ സാധ്യതയെക്കൂടി ലേഖകന്‍ ഭയപ്പെടുന്നു.
കമ്മീഷന്‍ അഭിപ്രായപ്പെടുന്നതും ആശങ്കപ്പെടുത്തുന്നതും ഇന്ത്യപോലുള്ള ജനസംഖ്യാ വിസ്‌ഫോടനം നടക്കുന്ന മൂന്നാംലോക രാജ്യങ്ങളുടെ ഭാവിയെക്കുറിച്ചാണ്.
1939-ല്‍ നാസി ജര്‍മനിയില്‍ ഹിറ്റ്‌ലറുടെ നിര്‍ദേശ പ്രകാരം 'ആക്ഷന്‍ ടി ഫോര്‍' പദ്ധതിയുടെ ഭാഗമായി പാരമ്പര്യരോഗങ്ങ ളുള്ളവരെയും മാറാ രോഗങ്ങളുള്ളവരെയും, ജോലിചെയ്യാന്‍ ആരോഗ്യമില്ലാത്ത വൃദ്ധന്മാരെയും കൊന്നുകളയുകയും അതിനെ ന്യായീകരിക്കുവാന്‍ ജനങ്ങളുടെ ഇടയില്‍ സമൂഹത്തിന്റെ വളര്‍ച്ചക്ക് 'കരുത്തരായ യുവത' എന്നുള്ള ഭീകരന്യായം സമര്‍ഥമായി നടപ്പാക്കാന്‍ ശ്രമിച്ചുകൊണ്ടുള്ള പരസ്യ ചട്ടമ്പിത്തരങ്ങളും പ്രചരിപ്പിക്കുകയുണ്ടായി. ഇത്തരം ചിന്തകളില്‍ നിന്നാണ് പാശ്ചാത്യലോകത്ത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അര്‍ധപാതത്തോടെ 'യൂട്ടിലിറ്റേറിയനിസ്' എന്ന വിഷവൃക്ഷം വളര്‍ന്നത്. ഇത്തരം ഉപയോഗപരതയെ പോറ്റിവളര്‍ത്തിയത് അന്നത്തെ വമ്പന്‍ കമ്പോള തമ്പുരാക്കന്മാരായിരുന്നു. ജീര്‍ണിച്ച സംസ്‌കാരത്തിന്റെ സര്‍റിയലിസ്റ്റ് കാഴ്ചകള്‍ അവിടെ തുടങ്ങുകയായിരുന്നു. മര്‍കസ് കനേരിയെ പോലുള്ളവരുടെ ഇടപെടലുകള്‍ ഉണ്ടായെങ്കിലും കമ്പോളത്തിന്റെ കൊമ്പ് മുറിക്കുവാന്‍ അവര്‍ക്കാര്‍ക്കും കഴിഞ്ഞില്ല.
ജനസംഖ്യാ വര്‍ധനയെ ഭീതിദമായി വിവരിച്ച ആദ്യകൃതി 1789-ലെ തോമസ് റോബേര്‍ട്ട് മാല്‍തൂസ് എഴുതിയ 'ഏന്‍ എസ്സെ ഓണ്‍ ദി പ്രിന്‍സിപ്പിള്‍ ഓഫ് പോപ്പുലേഷന്‍' ആണ്. ജനസംഖ്യ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളും അവ ഭാവിയെ ഇരുളടക്കുന്നതുമായ സംഭ്രമജഡിലമായ അവതരണമായിരുന്നു ഈ കൃതിയിലുണ്ടായിരുന്നത്. മാല്‍തൂസ് ഇതെഴുതുമ്പോള്‍ ലോകത്ത് 92 കോടി ജനങ്ങളുണ്ടായിരുന്നു. അത് 200, 300 കോടിയാകുമ്പോഴേക്ക് ഭൂമി അതിന്റെ ഭ്രമണപഥത്തില്‍ നിന്ന് തെറ്റി അകലുമെന്നും മറ്റു ഗ്രഹങ്ങളുമായി കൂട്ടിയിടിച്ച് ലോകം തന്നെ നശിക്കുമെന്നുമുള്ള വിനാശവീക്ഷണങ്ങളോടെ ചിന്തകളുടെ ഗ്രഹണകാലം ആരംഭിച്ചു. പിന്നീട് മാല്‍തൂസിന്റെ കാഴ്ചപ്പാടിനെ പിന്‍പറ്റി അമേരിക്കന്‍ ദമ്പതികളായ എല്‍റിച്ചും, ഭാര്യ ആന്റിച്ചും 1968-ല്‍ എഴുതിയ 'പോപ്പുലേഷന്‍ ബോംബ്' എന്ന ഗ്രന്ഥത്തില്‍, 1985 ആകുമ്പോഴേക്കും ലോകം ഭക്ഷ്യക്ഷാമത്തില്‍ മുങ്ങിക്കുളിക്കുമെന്നും, സമുദ്രങ്ങള്‍ ഇല്ലാതാകുമെന്നും, പാശ്ചാത്യരാജ്യങ്ങള്‍ മരുഭൂമിയാകുമെന്നും (സംസ്‌കാരത്തിന്റെ കാര്യത്തിലാണോ എന്തോ?) മൃഗങ്ങള്‍ ചത്തടിയും, ആയുര്‍ ദൈര്‍ഘ്യം 42 ആയികുറയും തുടങ്ങിയ വീക്ഷണ ബോംബുകള്‍ പൊട്ടിക്കുകയുണ്ടായി. എന്നാല്‍ പഠനങ്ങളും നിരീക്ഷണങ്ങളും ആധികാരിക രേഖകളും ഇത്തരം ജനസംഖ്യാ വിരട്ടലുകാരെ വിരട്ടിയോടിക്കുകയാണ് ചെയ്തത്. ജനസംഖ്യ ഇരട്ടിയാകുമ്പോള്‍ ഭക്ഷ്യോത്പാദനം മൂന്നിരട്ടിയായി. 2002-ല്‍ 100 കോടിയുണ്ടായിരുന്ന ഇന്ത്യയില്‍ ജനങ്ങളെ തീറ്റിപ്പോറ്റാനാവശ്യമായതിനെക്കാള്‍ 14 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞു. ജനസാന്ദ്രത കൂടിയ വത്തിക്കാനിലും തൊഴിലവസരങ്ങള്‍ ഉയര്‍ന്ന തോതിലാണ്. സ്വാതന്ത്ര്യ കാലഘട്ടത്തില്‍ 30 കോടി ജനങ്ങള്‍ ഉണ്ടായിരുന്ന ഇന്ത്യയില്‍ 2010-11 കാലഘട്ടത്തില്‍ ഉയര്‍ച്ചയാണോ തളര്‍ച്ചയാണോ ഉണ്ടായത്?
'പോപ്പുലേഷന്‍ റഫറന്‍സ് ബ്യൂറോ' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് ജനസംഖ്യാനുപാതത്തിന്റെ രണ്ടിരട്ടിയായി സാമ്പത്തിക ഭൗതിക സാഹചര്യങ്ങള്‍ ഉയരുന്നു എന്നാണ്. സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവായ ആഡം സ്മിത്തിനുപോലും മനസ്സിലാകാത്ത സാമ്പത്തിക പ്രഹേളികയാണ് ചിലരുടെ ബുദ്ധിയില്‍ വിശ്രമിക്കുന്നത്.
ലോകമഹായുദ്ധങ്ങളിലും, സാമ്രാജ്യത്വ പോരാട്ടങ്ങളിലും മനുഷ്യശക്തിയും വിഭവസ്രോതസ്സും നഷ്ടപ്പെട്ട് വെണ്ണീരായ പല രാജ്യങ്ങളും വമ്പന്‍ ആഗോളശക്തിയായി വളര്‍ന്ന കാഴ്ചകള്‍ പടുകൂറ്റന്‍ സ്തംഭങ്ങളായി നമ്മുടെ മുന്നിലുണ്ട്. ഭ്രൂണങ്ങളെ സീല്‍ ചെയ്യുന്നതിനും ഗര്‍ഭപാത്രങ്ങളെ ജപ്തി ചെയ്യുന്നതിനും നിയമത്തിന്റെ കാര്‍ക്കശ്യം ഉപയോഗിക്കുന്നതിനുപകരം, സാമൂഹികാവബോധത്തിലൂന്നിയ പരിഷ്‌കാരങ്ങളും ജനാഭിപ്രായത്തിലധിഷ്ഠിതമായ മുന്നൊരുക്കങ്ങളുമായിരുന്നു കമ്മീഷന്‍ ചെയ്യേണ്ടിയിരുന്നത്. ഈയൊരു കാര്യം കമ്മീഷന്‍ രേഖപ്പെടുത്തുന്നതിന് മുമ്പേ വിനീതമായി ചേയ്യേണ്ടിയിരുന്നത് അതിനെ കുറിച്ച ജനസംവാദങ്ങളും അഭിപ്രായ സര്‍വെകളും നടത്തുകയായിരുന്നു. അതിന്റെ വെളിച്ചത്തില്‍ ഉരുത്തിരിയുന്നത് ജനാധിപത്യ സമഗ്രതയല്ലാതെ മറ്റൊന്നുമായിരിക്കുകയില്ല. എങ്കില്‍ ആധുനിക പൗരാവകാശ ദര്‍ശനങ്ങള്‍ക്ക് പാവനമായൊരു മാനവിക വിശാലത കൂടി നമുക്ക് സംഭാവന ചെയ്യാനായേനേ.
അഡ്വ.ഷൈജു ഇരട്ടക്കുളം

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top