അവകാശ പോരാട്ടങ്ങളുടെ അമരക്കാരി

വി.പി.എ അസീസ്‌

 

പൗരാവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതില്‍ ഒട്ടും സങ്കോചമില്ലാത്ത മര്‍ദകഭരണകൂടങ്ങള്‍ക്കും സൈനിക ഓഫീസര്‍മാര്‍ക്കും തീവ്രവാദി വിഭാഗങ്ങള്‍ക്കുമെതിരെ നിയമയുദ്ധങ്ങള്‍ നടത്തി വിജയിച്ചതിന്റെ നിരവധി കഥകള്‍ പറയാനുണ്ട് നവി പിള്ള എന്ന ഇന്ത്യന്‍ വംശജയായ ദക്ഷിണാഫ്രിക്കക്കാരിക്ക്. ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറിയ ഇന്ത്യന്‍ തമിഴ് കുടുംബത്തില്‍ പിറന്ന നവി പിള്ള കടുത്ത സാമ്പത്തിക ഞെരുക്കങ്ങളെ മറികടന്നാണ് നിയമത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയത്. ബിരുദ പഠനത്തിന് ഇന്ത്യന്‍ വംശജര്‍ സംഭാവനകള്‍ സ്വരൂപിച്ച് നവിയുടെ കുടുംബത്തിന് നല്‍കുകയായിരുന്നു. നിര്‍ധന കുടുംബത്തില്‍ പിറന്ന ഈ പെണ്‍കുട്ടി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പദ്ധതിയെന്ന ഉന്നത തസ്തിക വരെ എത്തിയിരിക്കുകയാണ്.
ദക്ഷിണാഫ്രിക്കയില്‍ വര്‍ണവിവേചനവ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് 28 വര്‍ഷത്തോളം അവകാശ ധ്വംസന കേസുകളുമായി ഇവര്‍ കോടതികളില്‍ നിയമ പോരാട്ടം നടത്തുകയുണ്ടായി. തവിട്ടുനിറക്കാരനായതിനാല്‍ തന്റെ ഭര്‍ത്താവിന് നിയമസഹായം നിഷേധിച്ച വെള്ള ഭരണകൂടത്തിനെതിരെ നടത്തിയ നിയമപോരാട്ടത്തിലും നവി പിള്ള വിജയം വരിച്ചു.
വെള്ളക്കാരിയല്ലാത്തതിനാല്‍ നിയമവേദികള്‍ തനിക്ക് പ്രവേശനം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് 1967-ല്‍ നഹാല്‍ പ്രവിശ്യയില്‍ നവി സ്വന്തമായി നിയമസ്ഥാപനത്തിന് രൂപം നല്‍കുകയുണ്ടായി. ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തില്‍ വെള്ളക്കാരിയല്ലാത്തൊരാള്‍ ഇത്തരമൊരു വേദിയാരംഭിക്കുന്നത് ഇതാദ്യമായിരുന്നു. ദക്ഷിണാഫ്രിക്കന്‍ അധികൃതര്‍ ജയിലുകളിലടച്ച നെല്‍സണ്‍ മണ്ഡേല ഉള്‍പ്പെടെയുള്ള രാഷ്ട്രീയ തടവുകാര്‍ക്ക് ജയിലിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിലും അവകാശങ്ങള്‍ നേടിക്കൊടുക്കുന്നതിലും നവി പിള്ളയുടെ ധീരവും ബുദ്ധിപരവുമായ വാദങ്ങള്‍ നിര്‍ണായകമായ പങ്കാണ് വഹിച്ചത്. ഗാര്‍ഹിക പീഡനത്തിന് ഇരകളാകുന്നവര്‍ക്ക് പ്രത്യേക അഭയകേന്ദ്രം തുറന്ന നവി പിള്ള അത്തരക്കാര്‍ക്ക് നിയമോപദേശങ്ങള്‍ നല്‍കുന്നതിന് അഡൈ്വസ് ഡെസ്‌കിന് രൂപം നല്‍കി. വിവിധ രാജ്യങ്ങളില്‍ പീഡനങ്ങള്‍ക്കും അവകാശ നിഷേധങ്ങള്‍ക്കും ഇരകളാകുന്ന സ്ത്രീ സമൂഹത്തെ സംരക്ഷിക്കുന്നതിന് നവി പിള്ളയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട 'ഇക്വാലിറ്റി നൗ' എന്ന സ്ത്രീ വേദിയുടെ പ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തില്‍ കീര്‍ത്തി നേടിക്കൊണ്ടിരിക്കുകയാണ്.
1995-ല്‍ നെല്‍സണ്‍ മണ്ഡേല ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത് ആ രാജ്യത്തെ ജനജീവിതത്തില്‍ പരിവര്‍ത്തനങ്ങളുടെ നാന്ദികുറിച്ച സംഭവമായിരുന്നു. നവിപിള്ളയെ മണ്ഡേല ദക്ഷിണാഫ്രിക്കന്‍ ഹൈകോടതിയുടെ ന്യായാധിപയായി നിയമിച്ചു. ഈ പദവിയിലേക്ക് നിര്‍ദേശിക്കപ്പെടുന്ന വെള്ളക്കാരിയല്ലാത്ത ആദ്യ സ്ത്രീയായിരുന്നു ഇവര്‍. തുടര്‍ന്ന് റുവാണ്ടന്‍ വംശഹത്യയിലെ പ്രതികളെ വിചാരണ ചെയ്യാന്‍ രൂപവത്കരിച്ച അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലെ അംഗമായി ഐക്യരാഷ്ട്രസഭ ഈ നിയമ പോരാളിയെ നിയമിച്ചു. റുവാണ്ടന്‍ വംശഹത്യയുമായി ബന്ധപ്പെട്ട നിര്‍ണായക വിധി തീര്‍പ്പുകള്‍ നല്‍കിയ നവി പിള്ള ബലാല്‍സംഗത്തെയും യുദ്ധക്കുറ്റമായി വിധിച്ചു. 2003ല്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ ജഡ്ജിമാരുടെ പാനലിലേക്ക് ഇവര്‍ക്ക് നിയമനം ലഭിച്ചു.
2008 ജൂലൈയില്‍ യു.എന്‍ മനുഷ്യാവകാശ കമ്മീഷണറായി നിയമിക്കപ്പെട്ടത് നവി പിള്ളയുടെ പ്രതിബദ്ധതക്കും കര്‍ത്തവ്യനിര്‍വഹണ നിഷ്ഠക്കും ലഭിച്ച മറ്റൊരു ആഗോള അംഗീകാരമായിരുന്നു. യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കിമൂണ്‍ ആയിരുന്നു നവിയുടെ പേര് ഈ പദവിയിലേക്ക് നിര്‍ദേശിച്ചത്. തുടക്കത്തില്‍ അമേരിക്കന്‍ വംശജര്‍ നവി പിള്ളയുടെ നിയമനത്തിനെതിരെ രംഗത്തുവന്നെങ്കിലും പിന്നീട് എതിര്‍പ്പുകള്‍ ഉപേക്ഷിക്കാന്‍ അവരും സന്നദ്ധരായി. ലോകത്ത് എവിടെ മനുഷ്യാവകാശ ധ്വംസനം അരങ്ങേറിയാലും അതു സംബന്ധമായി അന്വേഷിക്കാന്‍ അധികാരമുള്ള വ്യക്തി എന്ന നിലയില്‍ വിപുലമായ അധികാര അവകാശങ്ങളാണ് നവി പിള്ള അനുഭവിക്കുന്നത്.
പീഡിതരുടെയും ഇരകളുടെയും ശബ്ദമായ നവിപിള്ള നീതി പുലരുന്ന ലോകത്തിന് വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് വേണ്ടിയാണ് തന്റെ ജീവിതത്തിന്റെ സിംഹഭാഗവും മാറ്റിവെച്ചിരിക്കുന്നത്. അക്രമികളോടും മര്‍ദകരോടും വിട്ടുവീഴ്ചയില്ലാത്ത സമീപനവും ഇരകളോട് അനുഭാവവും പ്രകടിപ്പിക്കുന്ന ഈ ഇന്ത്യന്‍ വംശജയുടെ നിതാന്തജാഗ്രതക്ക് നിരവധി തവണ പുരസ്‌ക്കാരങ്ങള്‍ നല്‍കി ലോകം ആദരിക്കുകയുണ്ടായി. 2003- ല്‍ ഗ്രുബര്‍ പ്രൈസും അവരെ തേടിയെത്തി. ലോകത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന പ്രബല വനിതകളില്‍ 64-ാം സ്ഥാനമാണ് ഫോബ്‌സ് മാസിക അവര്‍ക്ക് നല്‍കിയിരിക്കുന്നത്.
നിര്‍ധന കുടുംബത്തില്‍ പിറന്ന അഭിഭാഷക, ന്യായാധിപ, മനുഷ്യാവകാശ പ്രവര്‍ത്തക എന്നീ നിലകളില്‍ ലോകത്തിന്റെ മുഴുവന്‍ അംഗീകാരം നേടിയ നവി പിള്ള തളരാത്ത ഇച്ഛാശക്തിയുടെയും സാമൂഹിക പ്രതിബദ്ധതയുടെയും നിഷ്പക്ഷ നിര്‍വഹണത്തിന്റെയും പ്രതീകമാണ്. |


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top