തൊഴിലിന്റെ മഹത്വം തിരിച്ചറിഞ്ഞില്ലെങ്കില്‍

ഡോ: സമീര്‍ യുനുസ്‌

സദ്‌വൃത്തനായ ആ മനുഷ്യന്‍ മരിച്ചപ്പോള്‍ ഭാര്യയും നാല് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളും ഇനി എങ്ങനെ ജീവിതം മുന്നോട്ട് നീക്കുമെന്നറിയാതെ പകച്ചുനിന്നു. മൂത്ത മകന്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് കുടുംബ ഭാരം ഏറ്റെടുത്തു. എങ്ങനെയെങ്കിലും പഠനം പൂര്‍ത്തിയാക്കാന്‍ ഉമ്മ ഉപദേശിച്ചെങ്കിലും മൂത്ത മകന് ജോലിക്കിറങ്ങുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല. തന്റെ സഹോദരനെയും സഹോദരികളെയും അവന്‍ അത്രമേല്‍ സ്‌നേഹിച്ചിരുന്നു. അവര്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കി ഒരു നിലയിലെത്തിക്കണം. അതിന് വേണ്ടി വ്യക്തിപരമായി തനിക്ക് വിലപ്പെട്ടതെന്തും ത്യജിക്കാന്‍ അവന്‍ തയ്യാറാണ്. കുടുംബഭാരമേറ്റ് ഉമ്മ തളരുന്നത് അവന് ഓര്‍ക്കാന്‍ പോലുമാവുമായിരുന്നില്ല.
ഒരു ചെറിയ കച്ചവടം തുടങ്ങുകയാണ് മൂത്തമകന്‍ ചെയ്തത്. കുറഞ്ഞ നാള്‍ക്കകം സത്യസന്ധനായ കച്ചവടക്കാരന്‍ എന്ന സദ്‌പേരും സമ്പാദിച്ചു. സാധനം വാങ്ങാന്‍ വരുന്നത് പാവപ്പെട്ടവരാണെങ്കില്‍ മനസ്സറിഞ്ഞ് സഹായിക്കുകയും ചെയ്യും. കച്ചവടം നാള്‍ക്കുനാള്‍ പച്ചപിടിച്ചു. കുടുംബം ദാരിദ്ര്യത്തില്‍ നിന്ന് കരകയറി. മൂന്ന് സഹോദരിമാരെ കെട്ടിച്ചയച്ചു. പിതാവ് മരിക്കുമ്പോള്‍ വീട് പണി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അതു പൂര്‍ത്തിയാക്കി.
ഉമ്മയോടും സഹോദരിമാരോടും സഹോദരനോടും അവന് അങ്ങേയറ്റത്തെ വാത്സല്യമായിരുന്നു. പ്രത്യേകിച്ച് കുഞ്ഞനുജനോട്. കുഞ്ഞായിരിക്കുമ്പോഴേ ഉപ്പ നഷ്ടപ്പെട്ട കുട്ടിയല്ലേ; ജീവിതത്തിന്റെ ഒരു പ്രയാസവും അവന്‍ അറിയരുത്. അനുജന് ഇപ്പോള്‍ ഇരുപത് വയസ്സായി. എന്നാല്‍ അവനോട് ഒരു ചെറിയ പണിപോലും ചെയ്യിക്കില്ല. ഞാന്‍ ആ മൂത്ത സഹോദരനോട് പല തവണ പറഞ്ഞു നോക്കിയതാണ്. നോക്കൂ സുഹൃത്തേ, ഒരു പണിയും ചെയ്യിക്കാതെ ഇങ്ങനെ വളര്‍ത്തുന്നത് നല്ല കാര്യമല്ല. ഞാന്‍ പറഞ്ഞു തീരുന്നതിന് മുമ്പെ മൂത്ത സഹോദരന്‍ എന്നെ ഖണ്ഡിക്കും: 'ഞാന്‍ അവന് പിതാവിന്റെ സ്ഥാനത്താണ്. അവന് കിട്ടാതെ പോയ പിതൃവാത്സല്യമാണ് ഞാന്‍ ചൊരിഞ്ഞു കൊടുക്കുന്നത്. അവന് ഒരു പ്രയാസവും ഉണ്ടാകുന്നത് എനിക്ക് സഹിക്കാനാവില്ല.' പല രീതിയില്‍ ഞാന്‍ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ നോക്കിയതാണ്. പക്ഷെ, അവന്‍ വഴങ്ങിയില്ല.
ഒരു അവധിക്കാലത്ത് ആ മൂത്ത സഹോദരന്‍ എന്നെ ഫോണില്‍ വിളിച്ചു. ഇപ്പോള്‍ യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന തന്റെ അനുജനെപ്പറ്റി ഒരുപാട് പരാതികള്‍ പറഞ്ഞ് അവന്‍ കരയാന്‍ തുടങ്ങി. എനിക്കും കരച്ചില്‍ വന്നു. ഞാനവനോട് പറഞ്ഞു: 'ഇപ്പോള്‍ മനസ്സിലായില്ലേ, നീ അവന് നന്മ ചെയ്യുകയായിരുന്നില്ല. അവന്റെ സ്വഭാവം മോശമാക്കുകയായിരുന്നു. നമ്മുടെ പ്രിയ പ്രവാചകന്റെ മാതൃക നീ പിന്തുടര്‍ന്നില്ല. പ്രവാചകന്‍ ഒരു യുവാവിനെ കണ്ടാല്‍ അവനെ അറിയുന്നവരോട് ചോദിക്കും: 'അവന് എന്താണ് ജോലി?' പണിയൊന്നുമില്ല എന്നാണ് മറുപടി എങ്കില്‍ പ്രവാചകന്‍ പറയും: 'എന്റെ കാഴ്ചയില്‍ നിന്ന് അവന്‍ വീണുപോയിരിക്കുന്നു.'
ആ കുഞ്ഞനുജന് സംഭവിച്ചത് എന്താണെന്ന് നോക്കാം. ചെയ്യുന്നതൊക്കെ പിഴവ്. നേരെ ചൊവ്വെയല്ല ഒന്നും. ഒരു ഉത്തരവാദിത്തബോധവുമില്ല. പാട്ടും കളിയും തമാശയുമായി അങ്ങനെ തെണ്ടി നടക്കും. വീട്ടില്‍ വരുന്നതിനോ പോകുന്നതിനോ യാതൊരു ചിട്ടയുമില്ല. വൈകി ഉറങ്ങുന്നു, വൈകി എണീക്കുന്നു. വായ തുറന്നാല്‍ കളവേ പറയൂ. അവന്‍ പരീക്ഷയില്‍ തോറ്റതാണ്. ഞങ്ങളോട്  പറഞ്ഞത് ഉയര്‍ന്ന മാര്‍ക്കോടെ ജയിച്ചു എന്നാണ്. സിഗരറ്റ് മാത്രമല്ല, മയക്കുമരുന്നും ഉപയോഗിക്കുന്നുണ്ടെന്നാണ് കേള്‍വി. ചീത്തപ്പേരുള്ള സ്ത്രീകളുമായി ചുറ്റിനടത്തവും തുടങ്ങിയിരിക്കുന്നു. ഇതിനൊക്കെ വേണ്ടി പണം ഞാന്‍ നടത്തുന്ന കടയില്‍ നിന്നും മോഷ്ടിക്കും... ജ്യേഷ്ഠസഹോദരന്റെ ആവലാതികള്‍ അങ്ങനെ നീണ്ടുപോയി.
ഞാന്‍ പറഞ്ഞു: 'നമ്മുടെ പ്രവാചകന്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്; രണ്ട് കാര്യത്തില്‍ അധികയാളുകളും വഞ്ചിതരായിരിക്കുന്നു. ആരോഗ്യവും ഒഴിവ് സമയവുമാണവ.' ആരോഗ്യവും ഒഴിവ് സമയവും ഒത്തുകിട്ടിയാല്‍ കര്‍മനിരതമാവാനുള്ള ഏറ്റവും നല്ല സന്ദര്‍ഭമാണത്. പക്ഷേ അധികപേര്‍ക്കും ഈ രണ്ടിന്റെയും വിലയറിയില്ല. തങ്ങള്‍ കെണിയില്‍ വീണിരിക്കുന്നു എന്നവര്‍ ജീവിതകാലത്തൊരിക്കലും തിരിച്ചറിയുകയുമില്ല. മരണമടുക്കുമ്പോഴോ അന്ത്യനാള്‍ ആസന്നമാവുമ്പോഴോ ആയിരിക്കും അവര്‍ക്കിതിനെക്കുറിച്ച് ബോധമുണ്ടാവുന്നത്. അപ്പോള്‍ ബോധോദയമുണ്ടായിട്ട് യാതൊരു പ്രയോജനവുമുണ്ടാകില്ലെന്ന് ഖുര്‍ആന്‍ പല സന്ദര്‍ഭങ്ങളിലും നമ്മെ ഉണര്‍ത്തിയിട്ടുണ്ട്. ''അങ്ങനെ അവരിലൊരുവന് മരണം വന്നെത്തുമ്പോള്‍ അവന്‍ കേണുപറയും: 'എന്റെ നാഥാ, നീ എന്നെയൊന്ന് ഭൂമിയിലേക്ക് തിരിച്ചയക്കേണമേ. ഞാന്‍ ഉപേക്ഷ വരുത്തിയ കാര്യത്തില്‍ ഞാന്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നവനായേക്കാം.' ഒരിക്കലുമില്ല. അതൊരു വെറും വാക്കാണ്. അവനതങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കും അവരെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കും വരെ.'' (അല്‍ മുഅ്മിനൂന്‍: 99-100)
ആരോഗ്യവും ഒഴിവുസമയവും പരമാവധി പ്രയോജനപ്പെടുത്തുക. ഇതാണ് ബുദ്ധിശാലി ചെയ്യേണ്ടത്. ഈ രണ്ട് അനുഗ്രഹവും സമൃദ്ധമായി നമുക്ക് കിട്ടുന്നത് യുവത്വത്തിലാണ്. ഏത് പ്രവൃത്തിയും അതിന്റെ പൂര്‍ണതയോടെ ചെയ്യാനാണ് ശീലിക്കേണ്ടത്. കാര്യമായൊന്നും ചെയ്യാതെ യുവത്വം നഷ്ടപ്പെടുത്തികളയുന്നവന്‍ സുവര്‍ണാവസരങ്ങള്‍ തുലച്ച് കളയുകയാണ് ചെയ്യുന്നത്.
ഇബ്‌നു അബ്ബാസില്‍ നിന്ന് നിവേദനം. പ്രവാചകന്‍ ഒരിക്കല്‍ ഒരാളെ ഇങ്ങനെ ഉപദേശിച്ചു: ''അഞ്ചെണ്ണം വന്നെത്തുന്നതിന് മുമ്പ് അഞ്ചെണ്ണത്തെ ഉപയോഗപ്പെടുത്തുക. വാര്‍ധക്യത്തിന് മുമ്പ് യുവത്വത്തെ, രോഗത്തിന് മുമ്പ് ആരോഗ്യത്തെ, ദാരിദ്ര്യത്തിന് മുമ്പ് സമ്പന്നതയെ, ജോലിത്തിരക്കിന് മുമ്പ് ഒഴിവ് സമയത്തെ, മരണത്തിന് മുമ്പ് ജീവിതത്തെ.'' (ഹാകിം)
നാഗരികതയെ കെട്ടിപ്പടുക്കുന്നതും സമൂഹങ്ങളെ പുരോഗതിയിലേക്ക് നയിക്കുന്നതും കര്‍മോത്സുകരായ ജനവിഭാഗമാണ്. അലസന്മാര്‍ക്ക് അവിടെ സ്ഥാനമില്ല. 'അധ്വാനിക്കുന്നവനേ വിഹിതമുള്ളൂ' എന്ന് പറയാറുണ്ട്. തൊഴിലിടങ്ങളിലേക്ക് പോകുന്നതിനെയല്ല ഇവിടെ തൊഴില്‍ എന്ന് പറഞ്ഞിരിക്കുന്നത്. അത് ഹൃദയമറിഞ്ഞ്, ദൈവപ്രീതി കാംക്ഷിച്ച് ചെയ്യേണ്ട ഒന്നാണ്. അത് ദൈവത്തിന്റെ അംഗീകാരവും ജനങ്ങളുടെ അംഗീകാരവും ഓരേസമയം നമുക്ക് നേടിത്തരും.
മടിയന്മാര്‍ക്ക് തൊഴിലെടുക്കുന്നത് എന്നും പ്രശ്‌നമാണ്. അതൊരു ഭാരവും പ്രയാസവുമായാണ് അവര്‍ കാണുന്നത്. തൊഴിലിന്റെ സദ്ഫലങ്ങളൊന്നും അവര്‍ക്ക് ലഭിക്കുകയുമില്ല. തൊഴിലാളിയെ ദൈവസുഹൃത്തായി പ്രവാചകന്‍ പരിചയപ്പെടുത്തിയിട്ടുണ്ട്.   ഒരാളുടെ കൈകളില്‍ തൊഴിലെടുക്കുന്നതിന്റെ പാടുകള്‍ കണ്ടപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ''അല്ലാഹുവും അവന്റെ ദൂതനും ഇഷ്ടപ്പെടുന്ന കൈകളാണിത്.''
ഒരിക്കല്‍ രണ്ട് സ്വഹാബിമാര്‍ അവരുടെ ഒരു സഹോദരനെ താങ്ങിപ്പിടിച്ചുകൊണ്ട് പ്രവാചക സന്നിധിയില്‍ വന്നു. 'ഇയാള്‍ക്ക് എന്തുപറ്റി' എന്ന് പ്രവാചകന്‍ ആരാഞ്ഞു. അവര്‍ പറഞ്ഞു: 'നമസ്‌കാരം കഴിഞ്ഞാല്‍ പിന്നെയും നമസ്‌കാരം. നോമ്പ് കഴിഞ്ഞാല്‍ പിന്നെയും നോമ്പ്. ആ ക്ഷീണം കൊണ്ടാണ് ഇവന്‍ ഈ നിലയിലായത്.' പ്രവാചകന്‍ ചോദിച്ചു: 'അപ്പോള്‍ ഇയാളുടെ കുട്ടികളുടെ കാര്യമൊക്കെ ആരാണ് നോക്കുന്നത്?' ആ രണ്ടു പേരും പറഞ്ഞു: 'ഞങ്ങളാണ്' അപ്പോള്‍ പ്രവാചകന്‍: 'എങ്കില്‍ നിങ്ങള്‍ രണ്ട് പേരുമാണ് ഇയാളേക്കാള്‍ ഭക്തര്‍, സല്‍ക്കര്‍മികള്‍.'
സമൂഹത്തിന്റെ ചലനോര്‍ജമാണ് യുവാക്കള്‍. അവരാണ് സമൂഹത്തിന്റെ വര്‍ത്തമാനവും ഭാവിയും. തൊഴിലെടുക്കുന്നത് കുറച്ചിലല്ലേ എന്ന് നമ്മുടെ പല കുട്ടികള്‍ക്കും തോന്നുന്നുണ്ട്. അവരോട് എനിക്ക് പറയാനുള്ളത് ഇതാണ്. നൂഹ് (അ) മഹാനായ പ്രവാചകന്‍ ആയിരുന്നതോടൊപ്പം ഒരു ആശാരിയും കൂടിയായിരുന്നു. ആ തൊഴില്‍ അദ്ദേഹത്തിന്റെ മഹത്വം വര്‍ധിപ്പിച്ചിട്ടേയുള്ളൂ. കൊല്ലപ്പണിക്കാരനായിരുന്നു ദാവൂദ് (അ). ആ തൊഴില്‍ കൊണ്ട് അദ്ദേഹത്തിന്റെ മഹത്വം കൂടുകയല്ലേ ചെയ്തിട്ടുള്ളൂ. സ്വന്തം കൈകൊണ്ട് തൊഴിലെടുത്ത് തിന്നുന്നതാണ് ഏറ്റവും നല്ല ഭക്ഷണം എന്ന് പ്രവാചകന്‍ തിരുമേനി നമ്മെ പഠിപ്പിച്ചിട്ടില്ലേ.
മാതാപിതാക്കളും മക്കളും ഒരു കാര്യം മനസ്സിലാക്കണം. ഭൂമിയില്‍ നമുക്ക് നിര്‍വഹിക്കാനുള്ള ഉത്തരവാദിത്വം എന്താണ്? 'ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധി (ഖലീഫ) ആവുക എന്നതാണ് അത്.' (അല്‍ബഖറ: 30) ഭൗതികമായും ആത്മീയമായും ഭൂമിയെ വാസയോഗ്യമാക്കുകയും വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്.
തന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതില്‍ തൊഴിലിന് വലിയ പങ്കുണ്ടെന്ന് ഓരോ യുവാവും യുവതിയും മനസ്സിലാക്കണം. നിങ്ങള്‍ നിങ്ങളുടെ കഴിവും പ്രാഗത്ഭ്യവും സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടി ചെലവഴിക്കുമ്പോഴാണ് നിങ്ങളുടെ വ്യക്തിത്വം പ്രശോഭിതമായിത്തീരുന്നത്. അത് ചെയ്യാത്ത പക്ഷം നിങ്ങള്‍ മാതാപിതാക്കള്‍ക്ക് പ്രശ്‌നം സൃഷ്ടിക്കും. കുടുംബത്തില്‍ കലഹമുണ്ടാക്കും. തൊഴിലെടുക്കാന്‍ തയ്യാറാവാത്ത യുവാവ് സ്വന്തത്തിനും സമൂഹത്തിനും ഭീഷണിയാണ്. ഒന്നും ഉല്‍പാദിപ്പിക്കുന്നില്ല എന്നത് മാത്രമല്ല പ്രശ്‌നം. ഒരു ഇത്തിക്കണ്ണിയെപ്പോലെ മറ്റുള്ളവരുടെ അധ്വാനഫലങ്ങള്‍ ഊറ്റിയെടുക്കുകയും ചെയ്യുന്നു. തുടക്കത്തില്‍ നാം പറഞ്ഞ ഇളയ സഹോദരനെപ്പോലെ.
ചെറുപ്പക്കാരാ, നിന്റെ പിതാവ് ചിലപ്പോള്‍ ധനികനായിരിക്കാം. ഒരു പണിയുമെടുത്തില്ലെങ്കിലും പിതാവ് സമ്പാദിച്ചതുകൊണ്ട് സുഖമായി ജീവിക്കാന്‍ നിനക്ക് കഴിഞ്ഞെന്നിരിക്കും. പക്ഷേ, നിന്നെ നീയാക്കുന്നത് നിന്റെയോ നിന്റെ പിതാവിന്റെയോ കൈവശമുള്ള പണമോ സ്വത്തുകളോ ഒന്നുമല്ല. നിന്റെ കര്‍മോത്സുകതയാണ്, അധ്വാനിക്കാനുള്ള നിന്റെ സന്നദ്ധതയാണ്. 'വെള്ളത്തെ കെട്ടിനിര്‍ത്തുന്നത് അതിനെ മലിനപ്പെടുത്തും. അതൊഴുകട്ടെ, അപ്പോള്‍ അത് ശുദ്ധമാകും. ഒഴുകുന്നില്ലെങ്കില്‍ അത് അശുദ്ധമായിത്തന്നെ കിടക്കും.' എന്ന്   ഇമാം ശാഫിഈ (റ) പറഞ്ഞിട്ടുണ്ട്.
വിവ: സ്വാലിഹ                
         

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top