ദുബായിലേക്കൊരു കപ്പല്‍യാത്ര

അബ്ദുല്‍ മജീദ് പി

ന്ന് ദുബായിലേക്ക് കപ്പല്‍യാത്രയെന്ന് കേള്‍ക്കുമ്പോള്‍ കൗതുകം തോന്നാത്തവരുണ്ടാവില്ല. പ്രത്യേകിച്ചും, കോഴിക്കോട്, നെടുമ്പാശ്ശേരി. തിരുവനന്തപുരം എന്നീ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകളില്‍ നിന്നും വിമാനം വഴി മൂന്നര മണിക്കൂറിനുള്ളില്‍ പറന്നെത്താന്‍ കഴിയുന്ന സ്ഥലത്തേക്ക്. എന്നാല്‍ 1970-കളില്‍ ജോലി തേടി പോകുന്നവരിലധികവും കപ്പല്‍ വഴിയായിരുന്നു പോയിരുന്നത്.
കപ്പല്‍ യാത്രയെക്കുറിച്ച് പറയുമ്പോള്‍ അന്ന് ലോഞ്ച് വഴി ദുബായിലേക്ക് പോകുന്നവരുടെ കാര്യം പറയാതിരിക്കുന്നത് അനൗചിത്യമായിരിക്കും. ഗള്‍ഫ് നാടുകളില്‍  നിന്ന് ഈത്തപ്പഴവും മറ്റും കയറ്റിവന്ന് ഇവിടുത്തെ സാധനങ്ങളുമായി തിരിച്ച് പോവുകയായിരുന്നു ലോഞ്ചുകള്‍. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ എണ്ണസമ്പത്ത് കണ്ടെത്തിയതോടെ തിരിച്ചു പോകുന്ന ഇത്തരം ലോഞ്ചുകളില്‍ അവിടത്തേക്ക് ജോലി തേടി പാസ്‌പോര്‍ട്ടും വിസയുമില്ലാതെ അനധികൃതമായി ഇന്ത്യയിലെ പല ഭാഗങ്ങില്‍ നിന്നും ധാരാളം പേര്‍ പോയിക്കൊണ്ടിരുന്നു. ലോഞ്ച് വഴി പോകുന്നവര്‍ കേരളത്തിലെ കടല്‍ത്തീരങ്ങളില്‍ നിന്നും (കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോഡ്) ചെറിയ തോണികളില്‍ കയറി കരയില്‍ നിന്നകലെയായി കടലില്‍ നങ്കൂരമിടുന്ന ലോഞ്ചുകളില്‍ കയറുകയാണ് ചെയ്തിരുന്നത്.
ദിവസങ്ങളോളം യാത്ര ചെയ്യേണ്ടിവരുന്ന  ഇതിലെ അനധികൃത യാത്രക്കാരെ ദുബായ്ക്കടുത്തുള്ള ഗോര്‍ഫുഖാന്‍, ഫുജൈറ, പോലുള്ള സ്ഥലങ്ങളില്‍ കരയില്‍ നിന്നകലെയായി കടലില്‍ ഇറക്കിവിടുകയാണ് ചെയ്തിരുന്നത്. കുടുംബ പ്രാരാബ്ദങ്ങള്‍ കാരണം ജോലി തേടിയുള്ള അപകടകരമായ ഈ യാത്ര കേരളീയരായ കുറെ സഹോദരന്മാരുടെ മരണത്തിനുമിടയാക്കിയിരുന്നു.
1974- മാര്‍ച്ചില്‍ 'എം.വി അക്ബര്‍' എന്ന കൂറ്റന്‍ കപ്പലിലായിരുന്നു മുംബൈയില്‍ നിന്നും ദുബായിലേക്ക് എന്റെ കന്നി യാത്ര. അന്ന് കൊങ്കണ്‍ റെയില്‍വെ ഇല്ലാത്തതിനാല്‍ ഒലവക്കോട് വഴി കണ്ണൂരില്‍ നിന്നും മുംബൈയില്‍ എത്താന്‍ രണ്ട് ദിവസത്തിലധികം എടുത്തിരുന്നു. ഞങ്ങളുടെ കംപാര്‍ട്ടുമെന്റില്‍ കണ്ണൂരില്‍ നിന്നുതന്നെ ദുബായ്ക്കു പോകുന്ന കുറെ പേരുണ്ടായിരുന്നു. കുടുംബത്തോടും സുഹൃത്തുക്കളോടും യാത്ര പറഞ്ഞത് നല്ല മനോവ്യഥയിലായിരുന്നു. മാര്‍ച്ച് മാസമായതിനാല്‍ പൊതുവെ ചൂടുള്ള കാലാവസ്ഥയായിരുന്നു. കൂട്ടായ സംഭാഷണങ്ങളിലും പത്രമാസികകള്‍ വായിച്ചും സമയം നീങ്ങുമ്പോള്‍ ട്രെയിന്‍ സ്റ്റേഷനുകള്‍ പിന്നിട്ട് ചൂളം വിളിച്ചുകൊണ്ട് അതിവേഗം കുതിച്ച് പായുകയായിരുന്നു. രണ്ട് ദിവസത്തിലധികം നീണ്ട യാത്രക്ക് സമാപ്തി കുറിച്ച് ട്രെയിന്‍ ഇന്ത്യയുടെ വ്യവസായിക തലസ്ഥാനമായ മുംബെയിലെത്തിയപ്പോള്‍ ദുബൈ യാത്രക്കാരായ ഞങ്ങളുടെ മനസ്സില്‍ സന്തോഷം അലതല്ലി.
ഞങ്ങളുടെ യാത്രാ ടിക്കറ്റുകളും മറ്റും ഏര്‍പ്പാട് ചെയ്തിരുന്ന ട്രാവല്‍ ഏജന്റിനെ സമീപിച്ചപ്പോഴാണറിയുന്നത് ഞങ്ങളുടെ കപ്പലായ 'എം.വി അക്ബര്‍' പുറപ്പെടാന്‍ ഒരാഴ്ച വൈകുമെന്ന്. അത്രയും ദിവസം മുംബൈയില്‍  കഴിച്ചുകൂട്ടുകയല്ലാതെ മറ്റു പോംവഴികളൊന്നുമുണ്ടായിരുന്നില്ല. അവിടെയുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും  തേടിപ്പിടിച്ച്  സന്ദര്‍ശിക്കലായിരുന്നു വിരസതയില്ലാതെ ദിവസങ്ങള്‍ തള്ളിനീക്കാന്‍ ഞങ്ങള്‍ കണ്ട വഴി. കൂടാതെ മുംബെയിലെ ബീച്ചുകള്‍, മലബാര്‍ ഹില്‍സ്, ഗേറ്റ്‌വേ ഓഫ് ഇന്ത്യ,    ഛത്രപതി ശിവജി ടെര്‍മിനല്‍സ്(വിക്‌ടോറിയ ടെര്‍മിനല്‍സ്) തുടങ്ങിയവ സന്ദര്‍ശിക്കാന്‍ ഈ അവസരം ഉപയോഗിച്ചു. തിരക്കുപിടിച്ച മുംബൈ നഗരത്തില്‍ ദിവസങ്ങള്‍ നീങ്ങവെ മാര്‍ച്ച് 27-ന് കപ്പല്‍ ദുബായ്ക്ക് പുറപ്പെടുമെന്നുള്ള സന്തോഷവാര്‍ത്ത കിട്ടി.
ഏറെ എണ്ണസമ്പത്തുള്ള ഒരു രാജ്യത്ത് നല്ലൊരു ജോലി കിട്ടുന്നതും മറ്റും ചിന്തിക്കുകയായിരുന്നു ഞങ്ങള്‍. എല്ലാ സൗകര്യങ്ങളുമുള്ള ഒരു കൂറ്റന്‍ കപ്പലായിരുന്നു 'എം.വി അക്ബര്‍'. കുവൈറ്റിലേക്ക് ജോലിതേടി പോകുന്നവരും അതിലുണ്ടായിരുന്നു.  കപ്പല്‍ പുറപ്പെട്ട് കുറച്ചു സമയം പിന്നിട്ടപ്പോള്‍ കരയുമായുള്ള ബന്ധങ്ങള്‍ മെല്ലെ അപ്രത്യക്ഷമായിത്തുടങ്ങി. കപ്പലില്‍ നിന്നും നോക്കുമ്പോള്‍ ചുറ്റും ശാന്തമായ കടല്‍. ഇടക്ക് വന്‍ മത്സ്യങ്ങള്‍ മീതെ വന്ന് മറയുന്നത് കാണാം. കപ്പലിന്റെ മേല്‍ത്തട്ടില്‍ തുറസ്സായ സ്ഥലത്ത് പോയാല്‍ സുഖശീതളമായ കാറ്റും കടലിന്റെ മനോഹരദൃശ്യവും നല്ലൊരു അനുഭൂതിയായിരുന്നു. അറബിക്കടലിന്റെ വിരിമാറിലൂടെ പാക്കിസ്ഥാന്‍, ഒമാന്‍ എന്നീ രാജ്യങ്ങള്‍ പിന്നിട്ട് 'എം. വി അക്ബര്‍' ദുബായ് ലക്ഷ്യമാക്കി കുതിച്ചു. മുംബൈയില്‍ നിന്നും ദുബായിലെത്താന്‍ രണ്ടായിരത്തോളം കിലോമീറ്റര്‍ കടലിലൂടെ യാത്ര ചെയ്യേണ്ടതുണ്ട്.
കപ്പലില്‍ പ്രഭാത നമസ്‌കാരത്തിന് ശേഷം ഞങ്ങള്‍ കുറച്ച് പേര്‍ ഖുര്‍ആന്‍, പരിഭാഷ സഹിതം വായിക്കാന്‍ തുടങ്ങി. കേരളീയരായ അമുസ്‌ലിം സഹോദരന്‍മാരും  ഇതില്‍ പങ്കെടുത്തു. അവരുടെ ചില സംശയങ്ങള്‍ ദുരീകരിക്കാന്‍ ഇതു മുഖേന സാധിച്ചു. ഖുര്‍ആന്‍ മുസ്‌ലിംകള്‍ക്ക്  മാത്രമുള്ളതാണെന്ന തെറ്റിദ്ധാരണയായിരുന്നു അവര്‍ക്കാദ്യമുണ്ടായിരുന്നത്. 'മനുഷ്യരെ' എന്നു വിളിച്ചുകൊണ്ടാരംഭിക്കുന്ന ഖുര്‍ആനിലെ സൂക്തങ്ങള്‍ കാണിച്ച് വിശദീകരിച്ച് കൊടുത്തപ്പോള്‍ അവര്‍ അതേകുറിച്ച് അറിയാന്‍ ജിജ്ഞാസരായി.
വലിയ കപ്പലായതിനാല്‍ ഒരു റൂമിലിരിക്കുന്ന പ്രതീതിയേ യാത്രക്കാര്‍ക്കുണ്ടായിരുന്നുള്ളൂ. കടല്‍ യാത്ര ചെയ്യുമ്പോള്‍ ചിലര്‍ക്ക് ഉണ്ടായേക്കാവുന്ന അസുഖങ്ങള്‍ പൊതുവെ വിരളമായിരുന്നു. ദിവസങ്ങള്‍ നീങ്ങവെ മാര്‍ച്ച് 30-ന് വൈകുന്നേരമായപ്പോഴേക്കും കപ്പല്‍ ദുബായിയോടടുക്കുന്നതായി ക്യാപ്റ്റന്‍ അറിയിച്ചു. പ്രതീക്ഷയോടെ കാത്തുകൊണ്ടിരുന്ന സ്ഥലത്ത് അടുത്തുകൊണ്ടിരിക്കുന്നതിന്റെ  അറിയിപ്പ് എല്ലാവരെയും ആഹ്ലാദഭരിതരാക്കി.
'എം.വി അക്ബര്‍' ദുബായ് പോര്‍ട്ടില്‍ നിന്നും അകലെയായി കടലില്‍ നങ്കൂരമിട്ടു. അന്ന് ദുബായ് കപ്പല്‍ തുറമുഖം വികാസം പ്രാപിച്ച് വരുന്നതേയുള്ളൂ.  കസ്റ്റംസ്, എമിഗ്രേഷന്‍ പരിശോധനയെല്ലാം കപ്പലില്‍ തന്നെയായിരുന്നു. യാത്രക്കാരെയെല്ലാം കപ്പലില്‍ തന്നെ ക്യൂവായി നിര്‍ത്തി പാസ്‌പോര്‍ട്ട്, വിസ തുടങ്ങിയവ പരിശോധിച്ച ശേഷം ചെറിയ ബോട്ടുകളില്‍ തുറമുഖത്തെത്തിക്കുകയായിരുന്നു.
ദുബായിലിറങ്ങിയ യാത്രക്കാര്‍ സ്‌പോണ്‍സറേയും ബന്ധുമിത്രാദികളെയും അന്വേഷിച്ച് യുനൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ പല ഭാഗങ്ങളിലേക്കും യാത്രയായി. അബൂദാബി, ദുബായ്, ഷാര്‍ജ, റാസല്‍ ഖൈമ, അജ്മാന്‍, ഫുജൈറ, ഉമ്മുല്‍ ഖൈവാന്‍ എന്നീ ചെറിയ അറബ് രാജ്യങ്ങള്‍ ചേര്‍ന്നാണ് 1971 ഡിസംബര്‍ 2-ന് യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു.എ.ഇ) എന്ന പേര് സ്വീകരിച്ചത്. യു.എ.ഇയിലെ മറ്റ് രാജ്യങ്ങളിലാണ് ജോലിയെങ്കിലും നമ്മുടെ നാട്ടില്‍ പൊതുവെ അറിയപ്പെടുന്നത് ദുബായ് എന്ന പേരിലാണ്. നീണ്ട ഇരുപത്തിനാല് കൊല്ലത്തെ പ്രവാസ ജീവിതത്തിനിടയില്‍ മംഗലാപുരം-ബോംബെ വഴിയും കോഴിക്കോട് കരിപ്പൂര്‍ വഴിയും കുറെ വിമാന യാത്രകള്‍ നടത്തിയെങ്കിലും കപ്പല്‍ വഴിയുള്ള കന്നിയാത്ര എന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്നു...
                    |

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top