ജീവിതത്തെ ഇത്രമേല്‍ കുടുസ്സാക്കുന്നതെന്തിന്

കേരളത്തിലെ അറിയപ്പെടുന്ന ഇസ്‌ലാമിക പണ്ഡിതനും പ്രസ്ഥാന നായകനുമായ ശൈഖ് മുഹമ്മദ് കാരകുന്നിന്റെ 'വിവാഹഘോഷം ഇങ്ങനെയുമായിക്കൂടെ' എന്ന അനുഭവക്കുറിപ്പാണ് ഈ പ്രതികരണത്തിന്റെ ഹേതു. ലേഖനത്തിലൂടെ അദ്ദേഹം മുന്നോട്ട് വെക്കുന്ന കാഴ്ചപ്പാട് പലയാവര്‍ത്തി വിവിധ ലേഖനങ്ങളിലൂടെ അദ്ദേഹം സഥൈര്യം പ്രഖ്യാപിച്ചിട്ടുള്ളതാണ്. ജീവിതത്തില്‍ ആ നിലപാട് പ്രാവൃത്തികമാക്കി എന്നതാണ് ഈ കുറിപ്പിന്റെ വ്യതിരിക്തത. നടപ്പാക്കാന്‍ അസാധാരണ ഇച്ഛാശക്തി ആവശ്യമുള്ള തന്റെ വീക്ഷണം പ്രാവൃത്തികമാക്കി എന്നത് ഏറെ ശ്ലാഘനീയമാണ്. എന്നാല്‍ സ്വന്തം ജീവിതത്തില്‍ പ്രാവൃത്തികമാക്കി എന്നതുകൊണ്ട് മാത്രം വിവാഹത്തെക്കുറിച്ച് അദ്ദേഹം പുലര്‍ത്തുന്ന കുടുസ്സും മാതൃകാപരമല്ലാത്തതുമായ വീക്ഷണം അംഗീകരിക്കുക സാധ്യമല്ല. കാരണം അദ്ദേഹം മുന്നോട്ട് വെക്കുന്ന രീതി 22 രൂപക്ക് വിവാഹം ക്ഷണിക്കലും പ്രാര്‍ഥനകളില്‍ മാത്രം സായൂജ്യമടയുകയും ചെയ്യുന്ന വിവാഹാഘോഷ രീതി കേരളത്തിലെ അണുകുടുംബ ഘടനകളില്‍ ഒട്ടും പ്രോത്സാഹനാജനകമല്ല.
വിവാഹത്തിന് ലാളിത്യം ഉണ്ടാകണം. ആര്‍ഭാടപൂര്‍ണമാകരുത്.  പൊങ്ങച്ചപ്രകടനങ്ങളായി തരംതാഴുന്നത് നിമിത്തം അസഹനീയമായിരിക്കുന്നു പല വിവാഹങ്ങളും. വിവാഹമാമാങ്കങ്ങള്‍ നടത്തി ദരിദ്രരാകുന്ന നാടാണ് നമ്മുടേത്. കടക്കാരും പലിശക്കാരുമായി ജീവിതം ഹോമിക്കുന്നവരുടെ ഒട്ടനവധി കഥകള്‍ ഒരോ ഗ്രാമവും പറഞ്ഞുകൊണ്ടിരിക്കുന്നു. സംഘടനകളും മതപണ്ഡിതരും ശക്തമായി തിരുത്തേണ്ട സാമൂഹിക കുറ്റകൃത്യമാണ്, പക്ഷെ ആരും മിണ്ടുന്നില്ല തുടങ്ങി യാതൊരു തര്‍ക്കവുമില്ലാത്ത ധാരാളം വാദങ്ങള്‍ വിവാഹാഘോഷങ്ങളെ കുറിച്ച്  ഉന്നയിക്കപ്പെടുന്നുണ്ട്; ലേഖനത്തിലും പുറത്തും.  ഉന്നയിക്കുന്ന വിഷയം ശരിയായിരിക്കെത്തന്നെ അത് പരിഹരിക്കുന്നതിനുള്ള  നിര്‍ദേശങ്ങള്‍ മാതൃകാ യോഗ്യമല്ലാത്തതും അപ്രായോഗികവുമാണ് എന്നുമാത്രം.
ആഘോഷവും ആര്‍ഭാടവും ഒറ്റ പ്രസവത്തില്‍ ജനിച്ചവരാണ്. ആത്മവിശ്വാസവും അഹങ്കാരവും ഒന്നിച്ചു ജനിച്ചതുപോലെ. അഹങ്കാരത്തോടുള്ള വെറുപ്പും ഇല്ലായ്മ ചെയ്യാനുള്ള അടങ്ങാത്ത വാജ്ഞയും ആത്മവിശ്വാസത്തെകൂടി നിഷേധിക്കുന്നതിന് ഇടവരുത്തിയാല്‍ മനുഷ്യകര്‍മങ്ങള്‍ നിശ്ചലമാകും. ചലനരഹിത സമൂഹമായി അവര്‍ സ്വയം ഒടുങ്ങും. ആര്‍ഭാടത്തോടുള്ള വെറുപ്പ് ആഘോഷങ്ങളെ നിഷേധിക്കാന്‍ ഇട വന്നാല്‍ ജീവിതം വിരസവും വരണ്ടതുമായിത്തീരും. പച്ചപ്പുകളില്ലാത്ത ജീവിതം യാന്ത്രികമായി ഓടിത്തീര്‍ന്ന് മരിക്കും. വിവാഹത്തിലെ ആര്‍ഭാടത്തോടുള്ള കടുത്ത വിയോജിപ്പ് വിവാഹത്തില്‍ ഇസ്‌ലാം പ്രോത്സാഹിപ്പിച്ച, ജീവിതത്തെ ആനന്ദപരമാക്കുന്ന ആഘോഷത്തിന്റെ പൊങ്കലുകളെ കൂടി തകര്‍ത്തു തരിപ്പണമാക്കുന്നുവെന്നതാണ് പരിഹാര നിര്‍ദേശങ്ങളുടെ മൗലികമായ ബലഹീനത.
വിവാഹം അഹ്ലാദകരമായ അനുഭവമാണ്. കുടുംബങ്ങള്‍ ഒത്തുച്ചേരാനും സന്തോഷിക്കാനും ആഘോഷപൂര്‍ണമാക്കാനുമുള്ള ദിനം. തിരക്കുപിടിച്ച ഈ കാലത്ത് കുടുംബബന്ധങ്ങള്‍ പൊതുവെ ദുര്‍ബലമാണ്. അണുകുടുംബ ഘടന പുതുതലമുറക്ക് ബന്ധുക്കളുമായുള്ള ദൃഢത കുറച്ചിരിക്കുന്നു. അതിലുപരി പരസ്പരം അറിയാത്ത അടുത്ത ബന്ധുക്കള്‍ ഒരോ വീട്ടിലും ധാരാളമാണ്. വിവാഹദിനം ഇത്തരം ബന്ധങ്ങളെ ശക്തിപ്പെടുത്തുന്ന, കുടുംബത്തിലെ പുതുതലമുറകള്‍ പരസ്പരം അറിയുന്ന, അനുഭവിക്കുന്ന ദിനമാണ്. ലാളിത്യത്തിന്റെ പേരില്‍ വളരെ അടുത്ത (നൂറില്‍ താഴണമെങ്കില്‍) ആളുകളിലേക്ക് ചുരുക്കുന്നതിലൂടെ ബന്ധം ചേര്‍ക്കാനും ദൃഢീകരിക്കാനുമുള്ള ഏറ്റവും നല്ല സന്ദര്‍ഭമാണ് നഷ്ടപ്പെടുത്തുന്നത്. ആരെയും വിളിക്കാതെ വിവാഹം നടത്തി മാതൃകയാണെന്ന് പറയുന്നതിന് പകരം  വിവാഹത്തിന് ആളുകളെ വിളിച്ച് ആര്‍ഭാടരഹിതമായി മാന്യമായ ഭക്ഷണം നല്‍കിയിരുന്നുവെങ്കില്‍ അനുകരിക്കാവുന്ന മാതൃകയായി അത് മാറുമായിരുന്നു.
ബന്ധുജനങ്ങള്‍ക്കുപരി വീട് കാണാന്‍ മോഹിക്കുന്ന അടുത്ത സഹപ്രവര്‍ത്തകര്‍, കുടുംബത്തെ പരിചയപ്പെടണമെന്ന് കരുതുന്ന സുഹൃത്തുക്കള്‍, കുടുംബവുമായി ബന്ധം സ്ഥാപിക്കണമെന്ന് വിചാരിക്കുന്ന മക്കളുടെ സുഹൃത്തുക്കള്‍... അങ്ങനെ ഏത്രയത്രെ സധ്യതകളെയാണ് ലാളിത്യത്തിന്റെ പേരില്‍ ആളെ ചുരുക്കിയും ക്ഷണിക്കാതെയും അടച്ചുകളയുവാന്‍ നിര്‍ദേശിക്കുന്നത്. ആര്‍ഭാടങ്ങളില്ലാതെ, വിവാഹത്തെ ആഘോഷപൂര്‍വമാക്കുന്നതിന് ലഭിച്ച അസുലഭ സന്ദര്‍ഭം നഷ്ടപ്പെടുത്തുകയും അത് ഏറ്റവും അനുകരണീയമാണെന്ന് പറയുകയും ചെയ്യുന്നത് രോഗത്തേക്കാള്‍ ഭീതിജനകമായ ചികത്സയാണ്. വിവാഹമല്ലാത്ത സന്ദര്‍ഭങ്ങളില്‍ വിളിച്ച് ബന്ധം ദൃഢപ്പെടുത്തിക്കൂടെ എന്നു ചോദിച്ചാല്‍ അപ്പോഴും വിവാഹദിനത്തെപ്പോലെ ചെലവ് വരുന്ന കാര്യം തന്നെയാണതെന്ന് മറക്കാന്‍ പാടില്ല. മറ്റൊന്ന് ഇഷ്ടക്കാര്‍ വരാന്‍ പാടില്ലാത്തത്ര മോശപ്പെട്ട കാര്യമാണോ വിവാഹം എന്ന് പറയുന്നത്. യഥാര്‍ഥത്തില്‍ ഇക്കാലത്ത് വിവാഹം കഴിഞ്ഞാല്‍ പിന്നീട് കുടുംബക്കാര്‍ ഒന്നിച്ചുകൂടുന്നത് ആരെങ്കിലും മരിക്കുമ്പോഴാണ്. സന്താപത്തില്‍ മാത്രമല്ലല്ലോ ആഹ്ലാദത്തിലും ഒന്നിച്ചിരിക്കുമ്പോഴല്ലേ ബന്ധം അര്‍ഥവത്താകുന്നത്.
ലാളിത്യത്തിന്റെ പേരില്‍ ആളുകളെ വിളിക്കുന്നതും മാന്യമായ ഭക്ഷണം നല്‍കുന്നതും (ആഡംബരത്തിന്റേതല്ല) ഇസ്‌ലാം അംഗീകരിച്ച ആഘോഷങ്ങളും പാപമാെണന്ന് ധരിപ്പിക്കുന്നതിന് തെറ്റായ ഉദാഹരണങ്ങളും താരതമ്യങ്ങളുമാണ് നടത്താറുള്ളത്. ഈ കുറിപ്പും അതില്‍ നിന്ന് മുക്തമല്ല. വിവാഹത്തിന് ക്ഷണിക്കുന്നത് സമ്പന്നരെയാണ് പാവപ്പെട്ടവരയല്ല. അതുകൊണ്ട് അത് ദാനധര്‍മത്തിന്റെ പട്ടികയില്‍ പെടില്ല. യാത്രച്ചെലവ്, സമയം എന്നിവ കൂട്ടിയാല്‍ ഭക്ഷണത്തേക്കാള്‍ ചെലവാണ്. ഗൃഹനാഥന് വലിയ തിരക്കാണ് മിണ്ടാന്‍ പോലും സമയം കിട്ടില്ല. അതിനാല്‍ ഇതിനൊക്കെ സമയവും പണവും ചെലവഴിക്കുന്നത് ധൂര്‍ത്തും ദുര്‍വ്യയവുമാണെന്നാണ് വിമര്‍ശനത്തിന്റെ കാതല്‍. ഇതില്‍ പ്രധാനപ്പെട്ട കാര്യം വിവാഹത്തിന് ക്ഷണിക്കുന്നത് ബന്ധുക്കളേയും സുഹൃത്തുക്കളെയുമാണ്. അതില്‍ സമ്പന്നരും സാധുക്കളുമുണ്ടാകും. വിവേചനങ്ങളില്ലാതെ അവര്‍ക്ക് നല്‍കുന്ന വലീമത്താണ് സദ്യ. അത് പുണ്യകരവും പ്രവാചകന്‍ പ്രോത്സാഹിപ്പിച്ചതുമാണ്. ദാനം സ്വീകരിക്കാന്‍ അര്‍ഹതയുള്ളവര്‍ക്കുള്ള അഥവാ ദരിദ്രര്‍ക്കുള്ള  ഭക്ഷണ വിതരണമായി വലീമത്തിനെ തെറ്റായി താര്യതമ്യപ്പെടുത്തുന്നതിലൂടെ ഇസ്‌ലാമിന്റെ വിശാലതാല്‍പര്യങ്ങളെ ദാരിദ്ര്യനിര്‍മാര്‍ജനത്തില്‍ മാത്രം ഒതുക്കിക്കെട്ടുകയാണ്. ആ തെറ്റായ ബോധത്തില്‍ നിന്നാണ് ഇതിന് ചെലവഴിക്കുന്ന തുക ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് ചെലവഴിക്കണമെന്ന നിര്‍ദേശവും. തെറ്റായ താരതമ്യത്തിന്റെ ഇതേ ലളിതയുക്തിയാണ് സംഘടനകള്‍ സമ്മേളനങ്ങള്‍ നടത്തുമ്പോള്‍ എന്തിനാണ് ഇത്ര വലിയ സമ്മേളന മാമാങ്കങ്ങള്‍ നടത്തി പൈസ പൊടിച്ചുകളയുന്നത്, ആ തുക പാവപ്പെട്ടവരെ സാഹായിച്ചുകൂടെ എന്ന ചോദ്യവും ഉയര്‍ത്തുന്നത്. ഉദ്ദേശ്യവും ലക്ഷ്യവും മാര്‍ഗവും പരിഗണിച്ചാണ് കര്‍മങ്ങള്‍ പാപം/പുണ്യമാകുന്നത്. പിന്നെ, കുടുംബബന്ധം ചേരുന്നതിന്റെ സമയത്തിന് കണക്കുകൂട്ടി വിലപറയുന്നത് ഒട്ടും ശരിയല്ല.
    പ്രവാചക കാലഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായി നമ്മുടെ കാലത്ത് വിവാഹം മിക്കവാറും ഒരാളുടെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന ഒരു മഹാ സംഭവമാണ്. ഇനിയൊരിക്കലും ആവര്‍ത്തിക്കപ്പെടുകയില്ലെന്ന് കരുതുന്ന ചടങ്ങിന് പ്രവാചകകാലത്തില്‍ നിന്ന് ഭിന്നമായി കൂടുതല്‍ വൈകാരികതയും വൈപുല്യവുമുണ്ടാകുക സ്വാഭാവികം. ആ വൈപുല്യമാണ് അപകടകരമായ പൊങ്ങച്ച പ്രകടനമായി വിവാഹത്തെ തരം താഴ്ത്തിയത്. അടിയന്തരമായി തിരുത്തപ്പെടേണ്ട ആര്‍ഭാടങ്ങളുടെ പേരില്‍ ആഘോഷ ചടങ്ങുകളെ നിഷേധിക്കുന്നത് എലിയെ പേടിച്ച് ഇല്ലം ചുടുന്നതിന് സമാനമാണ്. അഹ്ലാദങ്ങളും ആഘോഷങ്ങളുമില്ലാത്ത ജനത വരണ്ടതും യാന്ത്രികവുമായിരിക്കും. ചിരിക്കാനറിയാത്ത സമുദായമായി നാം മാറിയത് നമ്മുടെ ആഘോഷങ്ങളെ വിവിധ കാരണങ്ങള്‍ പറഞ്ഞ് ഇല്ലാതാക്കിയതുകൊണ്ടല്ലേ? പാരമ്പര്യങ്ങള്‍ കൈമാറിത്തന്ന സന്തോഷ പൂമലര്‍ വിരിയിക്കും ഇശലുകളും കൈകൊട്ടിക്കളികളും നാം നഷ്ടപ്പെടുത്തിയത് ഇത്തരം ന്യായവാദങ്ങളിലൂടെയും സങ്കുചിത മതബോധനങ്ങളില്‍ നിന്നുമല്ലേ? ആഘോഷവേളകളെ ആഹ്ലാദഭരിതമാക്കുന്നവരെ തടഞ്ഞ അബൂബക്കര്‍(റ)വിനെയല്ലേ, നബിയത് തിരുത്തിയിട്ടും നാം അനുകരിക്കുന്നത്? നമ്മുടെ ജീവിതത്തെ നാം എന്തിനാണ് ഇങ്ങനെ കുടുസ്സും വരണ്ടതുമാക്കുന്നത്?
 സാധാരണക്കാരുടെ വീടുകളിലെ വിവാഹങ്ങള്‍ സങ്കല്‍പ്പിക്കാന്‍ കഴയാത്തവണ്ണം ഭീതിജനകമാകുന്നുവെന്നത് നിസ്തര്‍ക്കമായ കാര്യമാണ്. സ്ത്രീധനവും വിവാഹബന്ധിതമായി ഇസ്‌ലാം അംഗീകരിക്കാത്ത കൊടുക്കല്‍ വാങ്ങലുകളുടെ ആചാരങ്ങളുമാണ് ഇതിന്റെ യാഥാര്‍ഥ വില്ലന്‍.  അവ നിര്‍മാര്‍ജനം ചെയ്യാന്‍ മുസ്‌ലിംകള്‍ അടിയന്തരമായി രംഗത്തിറങ്ങേണ്ടതുണ്ട്. അതോടൊപ്പം ഇസ്‌ലാം അംഗീകരിച്ച മാന്യതയുടെ ആഘോഷങ്ങള്‍ സൗജന്യ നിരക്കില്‍ നിര്‍വഹിക്കാന്‍ സംഘങ്ങളുണ്ടാക്കിയാല്‍ സമുദായം ഇരുകൈയും നീട്ടി അവരെ സ്വീകരിക്കും. ഇന്ന് കല്യാണ വീടുകളില്‍ നടക്കുന്ന പേക്കൂത്തുകളെ അവസാനിപ്പിക്കാനും സാധിക്കും. വിവാഹത്തിലെ ധൂര്‍ത്തും ദുര്‍വ്യയവും ആര്‍ഭാടവും ഇല്ലാതാകട്ടെ. എന്നാല്‍ ഇന്നുള്ളതിനേക്കാള്‍ ആഘോഷവും ആഹ്ലാദവും അലതല്ലുന്നതാകണം നമ്മുടെ വിവാഹ സുദിനങ്ങള്‍. ഇസ്‌ലാമിന്റെ ആഹ്ലാദത്തിന്റെ പച്ചപ്പും വര്‍ണങ്ങളും വിരിയുന്നതും ജനങ്ങള്‍ക്ക് പകര്‍ന്നുനല്‍കുന്നതുമാകട്ടെ നമ്മുടെ വിവാഹങ്ങള്‍. നമ്മുടെ മതപണ്ഡിതരുടെ വീടുകളിലെ വിവാഹങ്ങള്‍ അങ്ങനെയായാല്‍ ജനങ്ങള്‍ അത് സ്വീകരിക്കും. അനുകരണീയമായ മാതൃകയുമാകും. ധൂര്‍ത്തും ആര്‍ഭാടങ്ങളും കെട്ടടങ്ങുകയും ചെയ്യും.
സംഷാദ് ഇബ്രാഹിം
                        

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top