കുട്ടികളെ കൊല്ലുന്ന കളിപ്പാട്ടങ്ങള്‍

ഡോ: പി.കെ ജനാര്‍ദ്ദനന്‍ No image

ചിത്ര, നാലു വയസ്സുകാരി. ഏതുസമയവും തുള്ളിച്ചാടിക്കളിക്കുന്ന കുസൃതിക്കുരുന്ന്. ടി.വിയിലെ നൃത്തച്ചുവടുകള്‍ അനുകരിക്കാന്‍ ആവേശം കാണിക്കുന്ന മിടുമിടുക്കി. കൊഞ്ചിക്കൊണ്ടുള്ള അവളുടെ സംസാരം ആരേയും ആകര്‍ഷിക്കും. വീട്ടുകാര്‍ക്കും അയല്‍പക്കക്കാര്‍ക്കും കണ്ണിലുണ്ണിയാണ് ചിത്ര.
പെട്ടെന്നാണ് ചിത്രയില്‍ ഭാവമാറ്റങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. അവളുടെ ചുറുചുറുക്ക് മറഞ്ഞു. ഭക്ഷണം കഴിക്കാന്‍ മടി. മറ്റു കുട്ടികള്‍ കളിക്കുമ്പോള്‍ നോക്കിയിരിക്കും. മൂത്രമൊഴിക്കുമ്പോള്‍ കരയാനും തുടങ്ങി.
ചിത്രയേയും കൊണ്ട് മാതാപിതാക്കള്‍ ഡോക്ടറുടെ അടുത്തെത്തി. കുഞ്ഞിനെ വിശദമായി പരിശോധിച്ച ഡോക്ടറുടെ മുഖത്ത് ശോകഛായ. അതുകണ്ട മാതാപിതാക്കള്‍ക്ക് ആശങ്ക. അതിനു മറുപടിയായി അദ്ദേഹം പറഞ്ഞു: ''നിങ്ങളുടെ കുഞ്ഞിന്റെ കിഡ്‌നി തകരാറിലായിരിക്കുന്നു.''
ഇത്ര ചെറുപ്പത്തില്‍ കിഡ്‌നി തകരാറാവുമോ? മാതാപിതാക്കള്‍ക്ക് ഡോക്ടര്‍ പറഞ്ഞത് മനസ്സിലാവുന്നില്ല. രോഗത്തന്റെ കാരണം കണ്ടെത്താന്‍ ഡോക്ടര്‍ ശ്രമിച്ചു. അപ്പോഴാണ് ചത്രയുടെ കയ്യിലിരുന്ന ബൊമ്മക്കുട്ടി അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. ചിത്ര അത് കടിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ഡോക്ടര്‍ക്ക് രോഗകാരണം കണ്ടെത്താന്‍ പ്രയാസപ്പെടേണ്ടി വന്നില്ല. പോളിവെനൈല്‍ ക്ലോറൈഡ് കൊണ്ടു നിര്‍മിച്ച കളിപ്പാട്ടങ്ങളില്‍ അടങ്ങിയ രാസവസ്തുക്കളാണ് ആ കുഞ്ഞിന്റെ കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ തകര്‍ത്തത്. വെറും കളിപ്പാട്ടങ്ങള്‍ കാരണം കുഞ്ഞുങ്ങളുടെ കിഡ്‌നി തകരാറായി എന്ന് ഇതിന് മുമ്പ് ആരും കേട്ടിട്ടില്ല. എന്നാല്‍ അതും സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നത് നമ്മെ ഞെട്ടിപ്പിക്കുന്നു.
വയറുവേദനയുമായിട്ടാണ് ഏഴുവയസ്സുകാരന്‍ സുശീലിനേയും കൊണ്ട് മാതാപിതാക്കള്‍ ഡോക്ടറുടെ അരികിലെത്തിയത്. പരിശോധനയില്‍ രക്തക്കുറവാണെന്ന് കണ്ടു. അതിനുള്ള മരുന്നു നല്‍കി പറഞ്ഞുവിട്ടു.
ദിവസങ്ങളും മാസങ്ങളും കടന്നുപോയി. അവന് രോഗം വര്‍ധിച്ചതേയുള്ളൂ. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെത്തി. വിദഗ്ധ പരിശോധനയില്‍ അവന്റെ രക്തത്തില്‍ വര്‍ധിച്ച തോതിലുള്ള ലെഡിന്റെ അംശം കണ്ടെത്തി. കളിക്കോപ്പുകളില്‍ നിന്നും മറ്റ് ഉപകരണങ്ങളില്‍ പൂശിയ പെയ്ന്റില്‍ നിന്നുമാണ് ലെഡ് ശരീരത്തില്‍ കയറിയത്.
പുതിയ പുതിയ പെയിന്റുകളും ഡിസ്റ്റമ്പറുകളും മാര്‍ക്കറ്റില്‍ ഇറങ്ങുന്നത് സാധാരണം. ഇവ വീടുകള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും പൂശിയാല്‍ കാണാന്‍ അതിമനോഹരമായിരിക്കും. എന്നാല്‍ അവിടെ താമസിക്കുന്നവര്‍ക്കുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഭീകരമാണെന്ന കാര്യം ആര്‍ക്കുമറിയില്ല. കുട്ടികള്‍ അധികം പെരുമാറുന്ന ഗ്രില്‍സ്, ഗെയ്റ്റ്, ചുമരുകള്‍, ഉപകരണങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം ലെഡിന്റെ അംശം കുഞ്ഞില്‍ പ്രവേശിക്കാം.
ഇന്ന് മാര്‍ക്കറ്റില്‍ കാണുന്ന ഭൂരിഭാഗം കളിപ്പാട്ടങ്ങളും പി.വി.സിയില്‍ തയ്യാറാക്കുന്നവയാണ്. കാഠിന്യമേറിയ പി.വി.സിയെ മാര്‍ദവമുള്ളതാക്കുന്നതിനുവേണ്ടി ചേര്‍ക്കുന്ന രാസവസ്തുവാണ് താലേറ്റ്. ഇത് അപകടകാരിയാണ്. ഇവ രക്തത്തില്‍ കലരുമ്പോള്‍ ബുദ്ധിമാന്ദ്യം, ഐ.ക്യൂ കുറവ്, കിഡ്‌നി രോഗം, വര്‍ധിച്ച രക്തസമ്മര്‍ദം എന്നിവയ്ക്കിടയാക്കും.
ബാംഗ്ലൂരിലെ കടകളില്‍ നിന്ന് ഏതാനും വര്‍ഷം മുമ്പ് ശേഖരിച്ച വിവിധയിനം കളിക്കോപ്പുകള്‍ ഡോ: വെങ്കിടേഷ് തൂപ്പിലിന്റെ നേതൃത്വത്തില്‍ 'നാഷണല്‍ റഫറല്‍ സെന്റര്‍ ഫോര്‍ ലെഡ് പോയ്‌സനിംഗി'ല്‍ പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇവയില്‍ നിന്നെല്ലാം ലെഡിന്റെ അംശമാണ് കൂടുതലായി കണ്ടെത്തിയത്.
ബാറ്ററി, പെട്രോള്‍, പോളിവെനൈല്‍ ക്ലോറൈഡ്, പെയ്ന്റ്, സൗന്ദര്യ വര്‍ധകവസ്തുക്കള്‍, ഫുഡ് പാക്കറ്റുകള്‍, ഹെര്‍ബല്‍ മെഡിസിനുകള്‍, പ്രിന്റിംഗ് മഷി, പൈപ്പുകള്‍ തുടങ്ങി ഒട്ടനവധി വസ്തുക്കളില്‍ ലെഡിന്റെ സാന്നിധ്യമുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ കുഞ്ഞുങ്ങളില്‍ മാത്രമല്ല മുതിര്‍ന്നവരിലും ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങള്‍ ഇതുണ്ടാക്കുന്നു.
ലെഡിനെ പെട്ടെന്ന് നശിപ്പിക്കാനാവില്ല. ഏറെക്കാലം അത് ശരീരത്തില്‍ നിലനില്‍ക്കും. എല്ലുകളുടെയും പല്ലുകളുടെയും ബലക്ഷയത്തിനും മാനസിക വൈകല്യത്തിനും ലെഡ് ഇടയാക്കുമെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്.
വയറുവേദന, വിശപ്പില്ലായ്മ, പഠനവൈകല്യം, മലബന്ധം, ഛര്‍ദ്ദി, തലവേദന എന്നിവയും ലെഡ് രക്തത്തില്‍ കലരുമ്പോഴുണ്ടാവും. ക്ലാസില്‍ കുട്ടി ശ്രദ്ധിക്കുന്നില്ല എന്ന പരാതി ടീച്ചറില്‍ നിന്നുണ്ടാകുമ്പോള്‍ കുട്ടിയെ എത്രയും പെട്ടെന്ന് പരിശോധനക്ക് വിധേയമാക്കണം.
ബാംഗ്ലൂരിലെ ശിശുരോഗ വിദഗ്ധന്‍ ഡോ: എച്ച്. പരമേശ് പറയുന്നത് മിക്ക ഡോക്ടര്‍മാരും പരിസ്ഥിതിയും ആരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു പഠിക്കുന്നില്ല എന്നാണ്. അവര്‍ക്ക് അതിന് സമയവും താല്‍പര്യവുമില്ല. 'ലെഡ് ഫ്രീ' ഫൗണ്ടേഷന് രൂപം നല്‍കി പ്രവര്‍ത്തിച്ച് വരികയാണ് അദ്ദേഹം.
ഇവിടെ നിയമങ്ങള്‍ ഏറെയുണ്ട്. പക്ഷേ, അവയെല്ലാം കടലാസില്‍ മാത്രം ഒതുങ്ങുന്നവയാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ പരിശോധിക്കുകയോ കുറ്റവാളികളെ ശിക്ഷിക്കുകയോ ചെയ്യുന്നില്ല. ഇന്ത്യയില്‍ വിറ്റഴിക്കുന്ന എഴുപത് ശതമാനം കളിക്കോപ്പുകളും പരിധിയിലധികം ലെഡിന്റെ അംശം അടങ്ങിയവയാണ്. ബോംബെ, മദ്രാസ്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നും 111 സാംപിള്‍ പരിശോധിച്ചതില്‍ 77 എണ്ണവും അപകടകരമായ തോതില്‍ ലെഡും താലേറ്റും കലര്‍ന്നവയാണെന്ന് തെളിഞ്ഞിട്ടുണ്ട്.
അഹ്മദാബാദ് ക്രേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ എജുക്കേഷന്‍ റിസര്‍ച്ച് സൊസൈറ്റി നടത്തിയ പഠനത്തിലും ഒട്ടേറെ രാസവസ്തുക്കള്‍ കളിപ്പാട്ടത്തില്‍ അടങ്ങിയതായി കണ്ടെത്തിയിരുന്നു. ഇവയില്‍ കാഡ്മിയം, ക്രോമിയം എന്നീ രാസവസ്തുക്കളും കലര്‍ന്നിരുന്നു. നിപ്പിള്‍, ടീത്തര്‍ (പല്ലുവരുമ്പോള്‍ കുഞ്ഞിന്റെ വായില്‍ വെച്ചു കൊടുക്കുന്ന പ്ലാസ്റ്റിക്കില്‍ തീര്‍ത്ത വളയം) എന്നിവയും അപകടകാരി തന്നെ.
കണ്‍സ്യൂമര്‍ എജുക്കേഷന്‍ സൊസൈറ്റിയുടെ മാസികയായ 'ഇന്‍ സൈറ്റി'ല്‍ എല്ലാ കളിക്കോപ്പുകളിലും വിഷാംശമുണ്ടെന്ന് ഹരാരെ എസ് ത്രിപാഠി എഴുതിയിട്ടുണ്ട്.
ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ് (BIS) ആണ് കളിപ്പാട്ടങ്ങളുടെ ഗുണമേന്മ ഉറപ്പ് വരുത്തേണ്ടത്. പക്ഷേ ഈ വിഭാഗം ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തതിന്റെ ഫലമാണ് മാര്‍ക്കറ്റില്‍ വ്യാപകമായി എത്തിക്കൊണ്ടിരിക്കുന്ന ഇത്തരം കളിപ്പാട്ടങ്ങള്‍.
ശിശുരോഗ വിദഗ്ധര്‍ ലെഡ് പോയിസനെ കുറിച്ച് അന്വേഷിക്കാനോ പരിശോധിക്കാനോ മുതിരുന്നില്ല. അവര്‍ അനാവശ്യ ടെസ്റ്റുകള്‍ നടത്തി മരുന്ന് കുറിച്ച് കൊടുക്കുന്ന രീതിയാണ് പൊതുവെ കാണുന്നത്. പോയ്‌സണ്‍ കണ്ടുപിടിക്കാന്‍ അത്ര എളുപ്പമല്ല. അതിനുള്ള പോംവഴി എന്ന നിലയില്‍ കണ്‍സ്യൂമേഴ്‌സ് സൊസൈറ്റി ഓഫ് ഇന്ത്യ ഒരു ലഘുലേഖ പുറത്തിറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 'എ ഗൈഡ് റ്റു സെയ്ഫ് ടോയ്‌സ്' എന്നാണതിന്റെ പേര്. ചൈനയില്‍ നിന്നെത്തുന്ന കളിക്കോപ്പുകളാണ് കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. ഇന്ത്യന്‍ മാര്‍ക്കറ്റ് ഇവ കയ്യടക്കിയിരിക്കുന്നു. ഭംഗിയും വിലക്കുറവുമാണ് ജനങ്ങളെ ഇതിലേക്കാകര്‍ഷിക്കുന്നത്. 2500 കോടിയുടെ കളിപ്പാട്ടങ്ങള്‍ ഇവിടെ വിറ്റഴിക്കപ്പെടുന്നു. കാനഡ, അമേരിക്ക തുടങ്ങി ചില യൂറോപ്യന്‍ രാജ്യങ്ങള്‍ ചൈനീസ് ടോയ്‌സ് നിരോധിച്ചിട്ടുണ്ട്.
'ഡയറക്ടറേറ്റ് ഓഫ് ഫോറിന്‍ ട്രേഡ്' കുറച്ച് കാലത്തേക്ക് ചൈനീസ് കളിക്കോപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെങ്കിലും അതൊന്നും അവരുടെ കച്ചവടത്തെ ബാധിച്ചില്ല എന്നാണ് കരുതേണ്ടത്.
'ഗ്രീന്‍പീസ് ഫൗണ്ടേഷന്‍' കളിക്കോപ്പുകളുടെ അപകടത്തെ കുറിച്ച് പഠിച്ച് ബോധവല്‍കരണ പദ്ധതിക്ക് രൂപം നല്‍കിയിരുന്നു. പി.വി.സി ബൊമ്മകള്‍ നിരോധിക്കണമെന്നതായിരുന്നു അവരുടെ ആവശ്യം. ഇതിനുമുമ്പു തന്നെ ആഗോളതലത്തില്‍ പഠനം നടത്തുന്ന (IARC) എന്ന സംഘടന താലേറ്റ് കാന്‍സര്‍ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതേതുടര്‍ന്ന് ഡന്മാര്‍ക്ക് സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിച്ച് അന്വേഷണം നടത്തി. അവര്‍ നടത്തിയ പഠനത്തില്‍ പി.വി.സി നിര്‍മിക്കുന്ന ബൊമ്മകള്‍ കാന്‍സര്‍, വന്ധ്യത എന്നിവക്ക് കാരണമാകുന്നു എന്ന് കണ്ടെത്തി. അതോടെ യൂറോപില്‍ മുഴുവന്‍ ഇത്തരം ബൊമ്മകളുടെ വില്‍പന തടഞ്ഞു. പി.വി.സി ഫ്രീ എന്ന ലേബലുള്ളവ മാത്രമേ അവിടെ വില്‍ക്കാന്‍ അനുവാദമുള്ളൂ. നമ്മുടെ നാട്ടില്‍ ചിലപ്പോള്‍ ലേബല്‍ ഒട്ടിച്ചേക്കാം. പക്ഷേ അത് വിശ്വസിക്കാന്‍ പ്രയാസമാണ്. കാരണം പരിശോധിക്കാനുള്ള സംവിധാനം ബന്ധപ്പെട്ട വകുപ്പിനില്ലെന്ന് അവര്‍ തന്നെ സമ്മതിക്കുന്നു.
കുട്ടികളെ രോഗങ്ങള്‍ ആക്രമിക്കുമ്പോള്‍ അതിന് പുത്തന്‍ പേരുകള്‍ നല്‍കി മരുന്നിറക്കി മത്സരിക്കുവാനാണ് എല്ലാവരും ശ്രമിക്കുന്നത്. എങ്ങനെ രോഗം വന്നുവെന്നോ രോഗം വരാതിരിക്കാന്‍ എന്ത് ചെയ്യണമെന്നോ പറയാതെ രോഗം വന്നാല്‍ എന്തു മരുന്ന് കഴിക്കണം എന്ന് പറയുന്ന രീതി ശരിയല്ല.
പ്ലാസ്റ്റിക് ബൊമ്മകള്‍ ഒഴിവാക്കി റബ്ബര്‍ ബൊമ്മകളോ മരത്തില്‍ ചെയ്തവയോ വാങ്ങിക്കൊടുക്കുക. കൂര്‍ത്ത ഭാഗങ്ങളുള്ളവ വാങ്ങാതിരിക്കുക. കുഞ്ഞിന്റെ പ്രായം, ബുദ്ധി, വൈകാരിക വളര്‍ച്ച എന്നിവക്ക് അനുസരിച്ചുള്ളവ തെരഞ്ഞെടുക്കുക.
പല്ലു മുളക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ കിട്ടുന്നതൊക്കെ കടിക്കാന്‍ തുടങ്ങും. അത്തരം അവസരങ്ങളില്‍ കടയില്‍ നിന്നു വാങ്ങുന്ന ടീത്തറില്‍ ലെഡ്, ആസ്ബറ്റോസ്, അമോണിയം നൈട്രേറ്റ് എന്നിവ കലര്‍ന്നിരിക്കും. ഇവയും കുഞ്ഞുങ്ങളെ നിത്യരോഗിയാക്കും. രോമങ്ങള്‍ നിറഞ്ഞ ബൊമ്മകളും ഒഴിവാക്കുക. ശ്വാസകോശ രോഗത്തിന് ഇവ കാരണമായേക്കാം.
നമുക്ക് വിദ്യാഭ്യാസമുണ്ടെങ്കിലും വിവേകം കുറവാണ്. വിലക്കുറവ്, സൗജന്യം എന്നീ രണ്ട് വാക്ക് കേട്ടാല്‍ ഏതു വിഷവും വാങ്ങി ഉപയോഗിക്കാന്‍ മലയാളിക്ക് മടിയില്ല. കുട്ടിക്ക് എന്ത് വാങ്ങിക്കൊടുക്കണമെന്ന് ചിന്തിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. വിലക്കുറവ് നോക്കി കളിക്കോപ്പു വാങ്ങി കുഞ്ഞുങ്ങള്‍ക്ക് കൊടുത്താല്‍ വിലമതിക്കാനാവാത്ത കുഞ്ഞിന്റെ ആരോഗ്യം നഷ്ടപ്പെടുമെന്നോര്‍ക്കണം. |

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top