പൊരുത്തക്കേടുകള്‍ മാത്രം കാണുമ്പോള്‍...

എന്‍.പി ഹാഫിസ് മുഹമ്മദ് No image

കൗണ്‍സിലിംങ്ങിന് വന്ന ഭാര്യാ ഭര്‍ത്താക്കന്മാര്‍. ഭാര്യ ഒരു മുഖവുരയും കൂടാതെ ഭര്‍ത്താവിനെ നോക്കി പറഞ്ഞു: 'എനിക്കുമിയാള്‍ക്കുമിടയില്‍ ഒരു യോജിപ്പുമില്ല. എല്ലാ കാര്യങ്ങളിലും ഞങ്ങള്‍ രണ്ടറ്റത്താണ്. ഒരിടത്തും ഒരു യോജിപ്പുമില്ല.' അവര്‍ ഭര്‍ത്താവിന്റെയും അവരുടെയും ഇഷ്ടാനിഷ്ടങ്ങളുടെ ഒരു വലിയ പട്ടിക നിരത്തി. എന്നിട്ടവര്‍ ചോദിച്ചു: ' സാര്‍ പറഞ്ഞാട്ടെ, ഇങ്ങനെയുള്ള രണ്ട് പേര്‍ക്ക് എത്ര കാലം ഒന്നിച്ച് കഴിയാനാവും? ഈ ആറുകൊല്ലം ജീവിച്ചതുതന്നെ എങ്ങനെയാണെന്ന് ഓര്‍ക്കാന്‍ വയ്യ.'
ഞാനവരുടെ വിഷമങ്ങളറിഞ്ഞ ശേഷം ചോദിച്ചു: 'നിങ്ങള്‍ക്കും ഇദ്ദേഹത്തിനുമിടയില്‍ പരസ്പരം ഇഷ്ടപ്പെടാനുള്ള ഒരു ഘടകം പോലും ഇല്ലെന്നാണോ പറയുന്നത്?'
അവര്‍ കുറച്ച് നേരത്തേക്ക് നിശബ്ദയായി. അയാള്‍ മെല്ലെ പറഞ്ഞു: 'ചില കാര്യങ്ങളിലുണ്ടെന്ന് വെക്കുക, എന്നിട്ടെന്താ കാര്യം? ഭൂരിഭാഗം പൊരുത്തപ്പെടാതെ കിടക്കുകയല്ലേ?'
ഞാനവര്‍ക്ക് ഒരു കടലാസും പേനയും കൊടുത്തു. രണ്ടുപേരോടും ജീവിത പങ്കാളിയുടെ സ്വഭാവത്തില്‍ അയാള്‍ക്കോ അവള്‍ക്കോ ഇഷ്ടമുള്ളതും സന്തോഷം നല്‍കുന്നതുമായ കാര്യങ്ങളെക്കുറിച്ചാലോചിക്കാനും അതു കുറിക്കാനും പറഞ്ഞു. പേനയും കടലാസും കൈയില്‍ വെച്ച് രണ്ടുപേരും ആദ്യം വേവലാതി കാണിച്ചു. എന്താണെഴുതുകയെന്ന മട്ടില്‍ പൊറുതികേട് വ്യക്തമാക്കി. കടലാസില്‍ വെറുതെ കുറെ നമ്പറുകളിടുകയായിരുന്നു അയാള്‍. അവള്‍ പേനയുടെ മൂടി തുറക്കുക പോലും ചെയ്തിരുന്നില്ല. ഞാനപ്പോള്‍ ഭര്‍ത്താവിനോടോ ഭാര്യയോടോ ഉള്ള ബന്ധത്തിന്റെ ഓരോ മേഘലകളെക്കുറിച്ച് ഓര്‍മപ്പെടുത്തി. അവയില്‍ ഇഷ്ടമുണ്ടാകുന്ന ഘടകങ്ങളെക്കുറിച്ചും കാര്യങ്ങളെക്കുറിച്ചും ആലോചിക്കാന്‍ സൂചന നല്‍കിക്കൊണ്ടിരുന്നു. അന്നേരം അവര്‍ എഴുതാന്‍ തുടങ്ങി. കാല്‍ മണിക്കൂറെടുത്ത് അവര്‍ പരസ്പരം യോജിപ്പും സന്തോഷവുമുള്ള കാര്യങ്ങളെഴുതി. ഭര്‍ത്താവെഴുതിയത് പതിമൂന്ന് കാര്യങ്ങള്‍. ഭാര്യ എഴുതിയത് പതിനാറ് കാര്യങ്ങള്‍. കടലാസുകള്‍ എനിക്കു കൈമാറി. ഞാനത് വായിക്കുന്നതിനുമുമ്പേ ഭാര്യയെഴുതിയത് ഭര്‍ത്താവിനും ഭര്‍ത്താവെഴുതിയത് ഭാര്യക്കും കൈമാറി. അന്നേരം അയാള്‍ അല്‍പം അസ്വസ്ഥത കാണിച്ചു. ഞാനെഴുതിയത് അവളറിയണ്ട എന്ന മട്ടില്‍.
വിടര്‍ന്ന കണ്ണുകളോടെയാണി രുവരുമത് വായിച്ചുകൊണ്ടിരുന്നത്. പരസ്പരം അത്ഭുതത്തോടെ അവര്‍ നോക്കി. വിശ്വസിക്കാനാവുന്നില്ല എന്ന മട്ടില്‍. ഞാനത് അവരിലൊരാളോട് മെല്ലെ വായിക്കാന്‍ പറഞ്ഞു. അയാളാദ്യം കടലാസ് നോക്കി വായിച്ചു. പിന്നെ അവളും. അയാള്‍ പറഞ്ഞു: 'ആദ്യമായാ എന്റെ സ്വഭാവത്തിലെ പലതും അവള്‍ക്കിഷ്ടമാണെന്നറിയുന്നത്.'
അവള്‍ പറഞ്ഞു: 'നിങ്ങളെഴുതിയ കാര്യങ്ങള്‍ പലതും ഇഷ്ടമാണെന്നും നിങ്ങള്‍ക്ക് സന്തോഷം തരുന്നതാണെന്നും എപ്പോഴെങ്കിലും എന്നോട് പറഞ്ഞിട്ടുണ്ടോ?'
അവര്‍ കുറച്ചു നേരം മിണ്ടാതിരുന്നു.
ഞാന്‍ പറഞ്ഞു: 'ഒരാള്‍ക്കും മറ്റൊരാളിന്റെ വ്യക്തിത്വത്തിലെ എല്ലാ ഘടകങ്ങളും സ്വഭാവവിശേഷങ്ങളും പൊരുത്തപ്പെടാനാവുമെന്ന് തോന്നുന്നില്ല. അതസാധ്യമാണുതാനും. പക്ഷേ നമ്മള്‍ പലരും ഇഷ്ടവും സന്തോഷവും തരുന്ന കാര്യങ്ങള്‍ കാണുന്നില്ല. ആലോചിക്കപോലും ചെയ്യുന്നില്ല.' ഞാനൊന്ന് നിര്‍ത്തി വീണ്ടും തുടര്‍ന്നു: 'എന്നാല്‍ ഇഷ്ടമില്ലാത്തതും വിഷമിപ്പിക്കുന്നതുമായ കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അതു മാത്രം ആലോചിക്കുന്നു. അതുമാത്രം ഓര്‍ത്ത് അസ്വസ്ഥനാവുന്നു.'
ഭാര്യയുടെയും ഭര്‍ത്താവിന്റെയും മുഖങ്ങളിലെ കടുത്ത ഭാവങ്ങള്‍ മെല്ലെ അലിഞ്ഞുപോയിരുന്നു. ഞാനവരെ നോക്കി പറഞ്ഞു: 'സത്യമായും ഇനിയും രണ്ടു പേര്‍ക്കും സന്തോഷവും ആശ്വാസവുമേകുന്ന ജീവിത പങ്കാളിയുടെ പല ഘടകങ്ങളും കണ്ടെത്താനാവും.'
'പക്ഷേ... ഒട്ടും പൊരുത്തപ്പെടാനാവാത്ത...' അവര്‍ തന്നെ പറഞ്ഞുനിര്‍ത്തി. ഞാന്‍ കൂട്ടിച്ചേര്‍ത്തു: 'പൊരുത്തപ്പെടാനാവാത്ത പല ഘടകങ്ങളുമുണ്ട്. ശരി തന്നെ. അതുകൊണ്ടാണ് ഓരോ വ്യക്തിയും മറ്റൊരാളില്‍ നിന്ന് വേര്‍പെട്ട് കിടക്കുന്നത്. അതാവശ്യമാണുതാനും. പൊരുത്തപ്പെട്ടു കിടക്കുന്ന കാര്യങ്ങള്‍ നമ്മള്‍ കാണാതെ പോകുന്നു. പൊരുത്തപ്പെടാതെ കിടക്കുന്ന കാര്യങ്ങള്‍ മാത്രം നമ്മള്‍ കാണുകയും ചെയ്യുന്നു. പിന്നെ അതല്ലാതെ മറ്റൊന്നും കാണുകയുമില്ല. പരസ്പരം ഇതിന്റെ പേരില്‍ കുറ്റപ്പെടുത്തുക കൂടി ചെയ്തുതുടങ്ങുമ്പോള്‍ പൊരുത്തക്കേടുകളുടെ മാത്രം ലോകത്തായി മാറുകയും ചെയ്യുന്നു.'
നാല് സെഷനുകള്‍ കൊണ്ട് ഭാര്യാഭര്‍ത്താക്കന്മാരുടെ പരാതികളും വേവലാതികളും കുറെയൊക്കെ കുറഞ്ഞു. അവര്‍ക്കിടയില്‍ പരസ്പരം തിരിച്ചറിയലിന്റെ ഒരു നേര്‍ത്ത പാലം അവര്‍ തന്നെ പണിതു തുടങ്ങി. അവര്‍ അങ്ങോട്ടുമിങ്ങോട്ടും മനസ്സിലാക്കാന്‍ തുടങ്ങി. ഭര്‍ത്താവ് ഭാര്യയുടെ ഇഷ്ടവും അടുപ്പവും കൂടുതലാകും വിധം കഴിവതും പെരുമാറാന്‍ തുടങ്ങി. അവരതിനിണങ്ങും വിധം പെരുമാറാനും തുടങ്ങി. ഒടുവിലത്തെ സെഷനെത്തിയപ്പോള്‍ ഭാര്യ പറഞ്ഞു: ' എനിക്കിപ്പോള്‍ എത്ര സന്തോഷമുെണ്ടന്നറിയ്വോ?'
ഞാനവരെ നോക്കി. അവര്‍ പറഞ്ഞു: 'ഞാനിന്നലെയാ ജീവിതത്തില്‍ അടുത്തകാലത്ത് ഏറ്റവും സന്തോഷിച്ച ദിവസം.' ഭാര്യ ഭര്‍ത്താവിനെ നോക്കി പറഞ്ഞു: 'ഇന്നലെയായിരുന്നു ഞങ്ങളുടെ വിവാഹ വാര്‍ഷിക ദിവസം. എനിക്കിന്നലെ ഇവര്‍ ഒരു സമ്മാനം തന്നു.' ഒന്ന് നിര്‍ത്തി ഭാര്യ തുടര്‍ന്നു: 'രാവിലെ എനിക്ക് നെറ്റിയിലൊരു ചുംബനം തന്നുകൊണ്ട് എന്റെ വിരലില്‍ ഈ മോതിരമണിയിച്ചു.'
അയാള്‍ ചിരിച്ചുകൊണ്ട് ചോദിച്ചു: 'നിനക്കതില്‍ ഏറ്റവും ഇഷ്ടമായത് ഞാന്‍ നെറ്റിയില്‍ തന്ന ഉമ്മയല്ലേ?'
ഭാര്യ പറഞ്ഞു: 'സത്യമായും'
ഇത് പലരുടെയും ഒരു ശീലമാണ്. ബന്ധങ്ങളില്‍ പൊരുത്തപ്പെടാനാവാത്ത കാര്യങ്ങള്‍ മാത്രം പെറുക്കിയെടുക്കുന്നു. അനിഷ്ടവും വിഷമവുമുണ്ടാക്കുന്ന കാര്യങ്ങള്‍ മാത്രം ഓര്‍ത്ത് മറ്റുള്ളവരെ പൂര്‍ണമായും തിരസ്‌കരിക്കുന്നു. എഴുതിത്തള്ളുന്നു. കുറ്റപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. സ്വീകാര്യമല്ലാത്ത ചില സ്വഭാവ സവിശേഷതകളുടെ പേരില്‍ എരിപിരികൊള്ളുന്നു. സ്വയമകലുന്നു. നരകം പണിയുന്നു.
വ്യക്തിത്വങ്ങള്‍ക്കിടയില്‍ ബാഹ്യതലങ്ങളില്‍ പോലും യോജിപ്പുകള്‍ പോലെ വിയോജിപ്പുകളും ഉണ്ട്. സമാനതകളില്‍ ഒന്നായി മാറുന്ന രണ്ട് വ്യക്തിത്വങ്ങളില്ല എന്നതാണ് സത്യം. ആത്യന്തികമായി ഒരു വ്യക്തി പല കാര്യങ്ങളിലും മറ്റൊരു വ്യക്തിയില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നു. സയാമീസ് ഇരട്ടകള്‍ പോലും. ഒരേ ശരീരമായിട്ട് പോലും രണ്ട് തലകളുള്ളവര്‍ക്കിടയിലാണ് ഈ വ്യക്തിത്വ വൈജാത്യം. സ്വാഭാവികമായും ഇരു ശരീരങ്ങളായി കഴിയുന്നവര്‍ക്കിടയില്‍ വൈജാത്യങ്ങള്‍ എമ്പാടുമുണ്ടാകും. ഓരോ വ്യക്തിയും ഓരോ ചുറ്റുപാടുകളില്‍ ജനിച്ചു വളരുന്നവരാണ്. ശാരീരികവും മാനസികവും സാമൂഹികവുമായി വ്യത്യസ്ത ഘടകങ്ങളാണ് പാരമ്പര്യാവസ്ഥയും കുട്ടിക്കാലവും കുടുംബാന്തരീക്ഷവും മറ്റ് സാമൂഹിക ചുറ്റുപാടുകളും ഒരു വ്യക്തിക്ക് നല്‍കുന്നത്. ഈ വേറിട്ട ഘടകങ്ങളുടെ ചേരുവയാണ് ഒരാള്‍ക്ക് വ്യത്യസ്തത നല്‍കുന്നതും. എന്നാല്‍ ബന്ധങ്ങളില്‍ പൊരുത്തപ്പെടാവുന്ന, ഇഷ്ടമേകുന്ന ഘടകങ്ങളെ കണ്ടെത്താനും, അതിലൂടെ ബന്ധം ദൃഢമാക്കാനുമാണ് ശ്രമിക്കേണ്ടത്. പലരുമത് ചെയ്യുന്നില്ലെന്ന് മാത്രമല്ല, മറിച്ച് ചെയ്യുകയും ശത്രുക്കളെപോലെ പരസ്പരം കടിച്ചുകീറി ഒരേ കൂരക്ക് കീഴില്‍ കഴിയുകയും ചെയ്യുന്നു.
ഒരാളുടെ ഇഷ്ടമോ അനിഷ്ടമോ ഏതെങ്കിലും ഒരു സംഭവമോ, ചില സംഭവങ്ങളുമായോ, സ്വഭാവ ഘടകങ്ങളുമായോ ബന്ധപ്പെട്ടിരിക്കും. മുന്‍കാല സംഭവങ്ങളിലെ ഒരു സന്ദര്‍ഭമാവാം ഇഷ്ടാനിഷ്ടങ്ങളുടെ നിദാനം. ഒരു വ്യക്തിയുടെ ഏതെങ്കിലും ചില പെരുമാറ്റരീതികളും അയാളെ വെറുക്കാനോ സ്‌നേഹിക്കാനോ കാരണമാകുന്നുണ്ട്. വ്യക്തിയിലെ പൊരുത്തപ്പെടാനാവാത്തതിനെ കാണുകയും അല്ലാത്തവയെ തിരിച്ചറിയാതെ പോകുകയും ചെയ്യുന്നതാണ് സംഘര്‍ഷങ്ങളുടെ കാരണങ്ങളില്‍ പ്രധാനം.
ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ മുമ്പത്തേക്കാളുമേറെ പൊരുത്തക്കേടുകളാലുള്ള സംഘര്‍ഷം ഇന്നുണ്ട്. ഒന്നിച്ചു കഴിഞ്ഞിട്ടും പരസ്പരം മനസ്സിലാക്കാത്തവരുമുണ്ട്. അങ്ങനെ വരുമ്പോള്‍ ശത്രുതയിലേക്കും സംഘര്‍ഷത്തിലേക്കും നീങ്ങി ജീവിതം ദുരന്തപൂര്‍ണമാകുന്നു. സ്‌നേഹാശ്വാസങ്ങളാല്‍ പരസ്പരം ജീവിതം സാര്‍ത്ഥകമാക്കേണ്ട ഭാര്യാഭര്‍ത്താക്കന്മാരാണ് ഇങ്ങനെ ചെയ്യുന്നത്. ഒന്നിച്ച് കഴിഞ്ഞ് കൊതി തീര്‍ന്നില്ലെന്ന് പറയേണ്ടവര്‍, ഒരു പ്രയോജനവും രണ്ടുപേര്‍ക്കുമില്ല എന്ന വിചാരത്തോടെ സ്വയം തടവറയുണ്ടാക്കി ശിക്ഷിക്കുന്നു.
ഒരു ഭര്‍ത്താവിന്റെ വാക്കുകള്‍ ഓര്‍ക്കുന്നു: 'കുറെക്കാലമായി ഒന്നിച്ചുകഴിയുന്നു. പക്ഷേ, ഇക്കാലത്തിനിടക്ക് നീയെനിക്കെന്തെങ്കിലുമൊരു ഗുണം തന്നിട്ടുണ്ടോ? എന്ത് പ്രയോജനമാണ് നിന്നെക്കൊണ്ടുണ്ടായത്?'
പലതും മറന്ന് നാം പഴിചാരുന്നു. സംഘര്‍ഷത്തിനടിപ്പെട്ടാല്‍ പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. കുറ്റപ്പെടുത്തലുകള്‍ ബന്ധ ത്തെ വ്രണപ്പെടുത്തിക്കൊണ്ടേ യിരിക്കുന്നു. അവ സംഘര്‍ഷം പെരുപ്പിക്കുന്നു. രണ്ടുപേരുടെയും, മറ്റു പലരുടേയും സ്വസ്ഥത നശിപ്പിക്കുന്നു. അതോടെ മനസ്സ് തുറന്ന് സംസാരിക്കാതെയാവുന്നു. വായ തുറക്കുന്നത് പരസ്പരം പഴിചാരാന്‍ മാത്രമായിത്തീരുന്നു. അവരൊരിക്കലും സ്വന്തം നൊമ്പരങ്ങളോ വിഷമങ്ങളോ പങ്കുവെക്കുന്നില്ല. സന്തോഷം പ്രകടിപ്പിക്കുന്നില്ല. വര്‍ത്തമാനം പറച്ചില്‍ വാക്കേറ്റത്തിലോ ഭീക്ഷണിയിലോ എത്തിച്ചേരുന്നു. അവര്‍ പരിഹാരത്തിന്റെ മാര്‍ഗം തേടാറില്ല. പഴിചാരലുകളും വാക്കേറ്റവും ഭീഷണിപ്പെടുത്തലുകളും ശിക്ഷകളും അകല്‍ച്ചയുടെയും ശത്രുതയുടെയും ആഴം കൂട്ടിക്കൊണ്ടേയിരിക്കുന്നു.
സ്വഭാവങ്ങളില്‍ ചിലത് ഇഷ്ടമാവുന്നില്ല എന്നതിന്റെ അര്‍ഥം, രണ്ടുപേര്‍ക്കിടയില്‍ പൊരുത്തപ്പെടാനൊരിടവും ഇല്ല എന്നല്ല. ചില കാര്യങ്ങളിലെ പൊരുത്തമില്ലായ്മ മറ്റുകാര്യങ്ങളിലേക്കോ ശത്രുതയിലെക്കോ വ്യാപിക്കാതെ, സമാനതയുടെയും ഇഷ്ടങ്ങളുടെയും തലങ്ങളില്‍ ആശയവിനിമയം നടത്തുമ്പോള്‍ ഒരാള്‍ക്ക് മറ്റൊരാളെ കൂടുതല്‍ മനസ്സിലാക്കാനാവും. ഒരാളുണ്ടാക്കിയ അനിഷ്ടങ്ങള്‍ വെളിപ്പെടുത്താതെ അവ അവതരിപ്പിക്കുമ്പോഴാണ് പ്രശ്‌നങ്ങളുണ്ടാകുന്നത്. സൗമ്യമായി ഇഷ്ടക്കേടുകള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. അനിഷ്ടങ്ങളോ പൊരുത്തക്കേടുകളോ മാത്രം വെളിപ്പെടുത്തുമ്പോഴാണ് ഇഷ്ടം വെളിപ്പെടുത്താനിടം കിട്ടാതെ പോകുന്നത്. ഇഷ്ടങ്ങളാദ്യം അറിയിക്കല്‍ ഒരു കീഴടങ്ങലല്ല, കീഴടക്കലാണ്.
ഒരാള്‍ വളരെ ഇഷ്ടപ്പെടുന്ന വ്യക്തിയേയും അവര്‍ക്കിടയിലുള്ള ബന്ധത്തെയും വിശകലനം ചെയ്താല്‍ ഒരു കാര്യം വ്യക്തമാകും. ഇഷ്ടം തോന്നാന്‍ കാരണം ആ വ്യക്തിയുടെ ചില സ്വഭാവവിശേഷങ്ങളോ ബന്ധത്തിലെ ചില സന്ദര്‍ഭങ്ങളോ ആണ്. ഇഷ്ടപ്പെടലിന്റെ അടിസ്ഥാനത്തില്‍ പൊതുവല്‍ക്കരണം നടത്തുന്നു: നല്ല വ്യക്തി, നല്ല മനുഷ്യന്‍, നല്ല സുഹൃത്ത്, നല്ല ഭാര്യ, നല്ല ഭര്‍ത്താവ് എന്നാല്‍ സൂക്ഷ്മ വിശകലനത്തില്‍ ഈ നല്ല വ്യക്തിയിലും നമുക്ക് പൊരുത്തപ്പെടാനാവാത്ത ഒരുപാട് ഘടകങ്ങളുണ്ട് എന്ന് അറിയാനാവും. ഒരിക്കലും പൊരുത്തപ്പെടാനാവാത്ത ചില സന്ദര്‍ഭങ്ങള്‍ പോലും ഉണ്ടായിട്ടുള്ളതും മനസ്സിലാക്കാന്‍ കഴിയും. അപ്പോള്‍ ഒരാളിനെ എനിക്ക് പെരുത്ത് ഇഷ്ടമാണെന്ന് പറയുമ്പോഴും അനിഷ്ടങ്ങളുടെ പട്ടിക നിരത്താനാവും. അവരവരുടെ മുന്‍വിധികളില്‍ നിന്ന് വഴിമാറി ഒരാളിനെ മനസ്സിലാക്കാനാവുമോ എന്നതാണ് പ്രധാനം.
ശേഷക്രിയ:
1. നിങ്ങള്‍ക്ക് ഇഷ്ടം തോന്നാത്ത, പലപ്പോഴും വെറുപ്പ് തോന്നുന്ന ഒരു വ്യക്തിയെ ഓര്‍ക്കുക.
2. ആ വ്യക്തിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും നിങ്ങള്‍ക്ക് പൊരുത്തപ്പെടാനാവുന്ന ഘടകങ്ങളെക്കുറിച്ച് മാത്രം ആലോചിക്കുക. ചിലപ്പോള്‍ പലവട്ടം ആലോചിച്ചാലാവും ചില ഘടകങ്ങള്‍ കണ്ടെത്താനാവുക. ആവശ്യമുള്ള സമയമെടുക്കാം.
3. ഒരാഴ്ചയെങ്കിലും പൊരുത്തപ്പെടലുകളുടെ പട്ടികയുണ്ടാക്കി, അതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. പൊരുത്തപ്പെടലിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങള്‍ ആലോചിക്കുക.
4. ആ വ്യക്തിയെ നേരിട്ടോ എഴുത്തിലൂടെയോ സത്യസന്ധമായി പൊരുത്തങ്ങളുടെയും ആഹ്ലാദത്തിന്റെയും കാര്യം അറിയിക്കുക. ചിലപ്പോള്‍ മറുപടി ഉടനെ ലഭിച്ചേക്കില്ല. നിരാശരാകാതെ, വീണ്ടും ഇതേ വഴി തുടരുക. ചിലര്‍ ഇങ്ങനെ ചെയ്യുന്നതിനെ പരിഹസിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്താല്‍ എനിക്കിങ്ങനെ പറയാന്‍, എഴുതാന്‍ തോന്നി എന്ന് മാത്രം പ്രതികരിക്കുക.
5. ആ വ്യക്തി നിങ്ങളുടെ പ്രതികരണത്തില്‍ സന്തോഷവും അനുകൂലഭാവവും പ്രകടിപ്പിച്ചാല്‍ ആഹ്ലാദത്തോടെ സ്വീകരിക്കുക. ആഹ്ലാദമേറ്റാന്‍ ഉതകുന്നവിധം പൊരുത്തങ്ങളില്‍ ഇഴുകിച്ചേരുക.
6. പൊരുത്തക്കേടുകളോ അനിഷ്ടമോ തോന്നുന്ന സന്ദര്‍ഭങ്ങളില്‍ കുറ്റപ്പെടുത്താതെ, ആ വ്യക്തിയോട് മാത്രം, മൃദുലമായ ഭാഷയില്‍ അറിയിക്കുക. ആ വ്യക്തി ദേഷ്യം പ്രകടിപ്പിക്കുകയാണെങ്കില്‍, ഞാനെന്റെ വിഷമം അറിയിച്ചു, അത്രമാത്രം എന്നറിയിക്കുക.
ബന്ധത്തിന്റെ സൗന്ദര്യവും സന്തോഷവും സാവധാനം പടുത്തുയര്‍ത്തപ്പെടുന്നത് അനുഭവിച്ചറിയുക.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top