ചാരസുന്ദരി

റഹ്മാന്‍ മുന്നൂര് No image

കാഴ്ച: 1
ട്ടുച്ചനേരം. സുല്‍ത്താന്‍ നൂറുദ്ദീന്‍ സങ്കിയുടെ പടനായകന്മാരില്‍ ഒരാളായ അമീര്‍ ജാദുല്‍ അസദിയുടെ കൂടാരം. മുന്‍വാതിലിന്റെ ഇരുവശങ്ങളിലായി സായുധരും കരുത്തരുമായ രണ്ട് ഭടന്മാര്‍ കാവല്‍ നില്‍ക്കുന്നു. പുറത്ത് ഏതാനും പടക്കുതിരകള്‍. കൂടാരത്തിനകത്ത് സലാഹുദ്ദീന്‍ അയ്യൂബി വിശ്രമിക്കുന്നുണ്ട്. യുദ്ധഭൂമിയില്‍ നിന്ന് അല്‍പം മുമ്പ് തിരിച്ചുവന്നതാണദ്ദേഹം. അദ്ദേഹത്തിന് വിശ്രമിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തുകൊടുത്ത ശേഷം അമീര്‍ ജാദുല്‍ അസദി വാതിലിന്റെ തിരശ്ശീല നീക്കി പുറത്തിറങ്ങി. പാറാവുകാര്‍ക്ക് എന്തോ നിര്‍ദേശങ്ങള്‍ നല്‍കിയ ശേഷം അദ്ദേഹം ഒരു കുതിരപ്പുറത്ത് കയറിയിരുന്നു. മണല്‍ തട്ടിത്തെറിപ്പിച്ച് കുതിര അദ്ദേഹത്തെയും കൊണ്ട് ഓടിയകലുന്നു.
അല്‍പനേരം കഴിഞ്ഞ് ഭടന്മാരില്‍ ഒരാള്‍ വാതിലിന്റെ തിരശ്ശീല അല്‍പം നീക്കി അകത്തേക്ക് നോക്കുന്നു. കട്ടിലില്‍ ശാന്തമായി ഉറങ്ങുന്ന സലാഹുദ്ദീന്‍ അയ്യൂബിയെ കുറച്ചു നേരം നോക്കി നിന്നിട്ട് അയാള്‍ കൂട്ടുകാരനോട്:
ഭടന്‍ 1 : ''ഉറങ്ങിയിരിക്കുന്നു''
ഭടന്‍ 2 : ''നല്ല ഉറക്കമാണോ?''
ഭടന്‍ 1 : ''ദാ... നോക്ക്''
രണ്ടാമത്തെ ഭടനും നോക്കി. ഉറങ്ങുന്ന സലാഹുദ്ദീന്‍ അയ്യൂബിയെ കണ്ട് സംതൃപ്തിയോടെ അയാള്‍ കൂട്ടുകാരനോട്:
ഭടന്‍ 2 : ''പൊയ്‌ക്കോ''
ഒന്നാമത്തെ ഭടന്‍ ചുറ്റുപാടുകള്‍ നിരീക്ഷിച്ച ശേഷം വാതില്‍ തിരശ്ശീല നീക്കി അകത്തേക്ക് കയറുന്നു.
കാഴ്ച: 2
ശയ്യയില്‍ സലാഹുദ്ദീന്‍ ശാന്തമായി ഉറങ്ങുകയാണ്. യുദ്ധഭൂമിയില്‍ ധരിക്കാറുള്ള ഹെല്‍മെറ്റും ജാക്കറ്റും അദ്ദേഹം അഴിച്ചുവെച്ചിട്ടില്ല. ഒരു വാള്‍ തലക്കരികെ കട്ടിലിനോട് ചാരി വെച്ചിട്ടുണ്ട്. പാറാവുകാരന്‍ സലാഹുദ്ദീന്റെ ശയ്യക്കരികിലെത്തി. കണ്ണടച്ചുറങ്ങുന്ന സലാഹുദ്ദീനെ അടിമുടി നിരീക്ഷിച്ചുകൊണ്ട് അയാള്‍ അല്‍പനേരം നിന്നു. പിന്നെ അരപ്പട്ടയില്‍ നിന്ന് കഠാര ഊരി കയ്യില്‍ പിടിച്ചു. പൊങ്ങുകയും താഴുകയും ചെയ്യുന്ന സലാഹുദ്ദീന്റെ നെഞ്ചില്‍, പിന്നെ മുഖത്ത്, അവസാനം കഴുത്തില്‍ അയാളുടെ കണ്ണുകള്‍ തറഞ്ഞു. ഒരു നിമിഷം! കഠാര പിടിച്ച അയാളുടെ കൈകള്‍ മേലോട്ടുയര്‍ന്നു. രൗദ്രമായൊരാവേശത്തില്‍ അയാളുടെ കണ്ണുകളില്‍ അഗ്നി ജ്വലിച്ചു. പല്ലുകള്‍ ഞെരിഞ്ഞു. കഠാര സലാഹുദ്ദീന്റെ കഴുത്തിനു നേരെ ഊക്കില്‍ താണു.
കൃത്യം അതേസമയത്ത് സലാഹുദ്ദീന്‍ മറുവശത്തേക്ക് ചരിഞ്ഞു കിടന്നതിനാല്‍ കഠാര ലക്ഷ്യം തെറ്റി, ഒരു ശബ്ദത്തോടെ അത് കട്ടിലില്‍ തറച്ചു.
ഞെട്ടിയുണര്‍ന്ന സലാഹുദ്ദീന് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാന്‍ അര നിമിഷം വേണ്ടി വന്നില്ല. ചാടിയെഴുന്നേല്‍ക്കുന്നതിനിടയില്‍ തന്റെ ബലിഷ്ഠമായ മുഷ്ടികൊണ്ട് അക്രമിയുടെ വാരിയെല്ല് നോക്കി കനത്ത ഒരു ഇടികൊടുത്തു. വാരിയെല്ല് തകര്‍ന്ന് അയാള്‍ മറുവശത്തേക്ക് മറിഞ്ഞു വീണു. വീഴ്ചയില്‍ നിന്ന് എഴുന്നേല്‍ക്കാനാവാതെ നിലത്ത് കിടന്ന് ഞരങ്ങി.
അപ്പോഴേക്കും രണ്ടാമത്തെ ഭടന്‍ ഊരിപ്പിടിച്ച ഖഡ്ഗവുമായി ഓടിയെത്തി. വീണുകിടക്കുന്ന ഭടനെചൂണ്ടി അയാളോട് സലാഹുദ്ദീന്‍ ആജ്ഞാപിച്ചു.
സലാഹുദ്ദീന്‍: അവനെ ജീവനോടെ പിടികൂട്.
ഭടന്‍ 1 : അവനെയല്ല. താങ്കളെ.
അയാള്‍ സലാഹുദ്ദീനു നേരെ വാള്‍ ആഞ്ഞു വീശി. കട്ടിലില്‍ ചാരിവെച്ച തന്റെ ഖഡ്ഗം കയ്യിലെടുത്ത് സലാഹുദ്ദീന്‍ അക്രമിയെ ആഞ്ഞുവെട്ടി. വാളും വാളും കൂട്ടിമുട്ടി തീ പാറി.
അപ്പോഴേക്കും കൂടുതല്‍ ഭടന്മാര്‍ ഓടിയെത്തി. അവര്‍ ചേരി തിരിഞ്ഞു പരസ്പരം ഏറ്റുമുട്ടി. കൂടാരത്തിന്റെ അകത്തും പുറത്തും യൂദ്ധം പൊരിഞ്ഞു. ആരാണ് ശത്രു ആരാണ് മിത്രമെന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ. കുറേപേര്‍ മരിച്ചുവീണു. ചിലര്‍ പരിക്കുകളോടെ രക്തത്തില്‍ കുളിച്ചു തറയില്‍ കിടന്നു. വിവരമറിഞ്ഞ് അമീര്‍ ജാദുല്‍ അസദി നാലഞ്ച് അശ്വഭടന്മാരോടൊപ്പം കുതിച്ചെത്തി. പരസ്പരം ഏറ്റുമുട്ടുന്ന ഭടന്മാരെ കണ്ട് അരിശം കയറി അകലെ നിന്ന് അദ്ദേഹം വിളിച്ചു പറഞ്ഞു.
ജാദുല്‍ അസദി: പന്നികളേ, നിര്‍ത്തിന്‍.
ജാദുല്‍ അസദിയെക്കണ്ട് ഭയന്ന് കുറെപേര്‍ ഓടിപ്പോയി. അവശേഷിച്ചവര്‍ ആദരപൂര്‍വം അമീര്‍ ജാദുല്‍ അസദിക്ക് അഭിവാദ്യമര്‍പ്പിച്ചു. കുതിരപ്പുറത്ത് നിന്ന് ചാടിയിറങ്ങിയ ജാദുല്‍ അസദി സലാഹുദ്ദീനെ തിരക്കി അകത്തേക്ക് കയറി.
ജാദുല്‍ അസദി: സലാഹുദ്ദീന്‍, താങ്കള്‍ സുഖമായിരിക്കുന്നുവോ?
സലാഹുദ്ദീന്‍: അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ കുഴപ്പമൊന്നുമില്ല.
ജാദുല്‍ അസദി: പറയൂ എന്താണ് സത്യത്തില്‍ സംഭവിച്ചത്?
സലാഹുദ്ദീന്‍ തൂണില്‍ കെട്ടിയിട്ടിരിക്കുന്ന പാറാവുകാരനെ ചൂണ്ടിക്കാണിച്ചു.
സലാഹുദ്ദീന്‍: ഇതാ ഇവന്‍ പറയും. ഇവനാണ് തുടക്കം കുറിച്ചത്.
ജാദുല്‍ അസദി അരിശത്തോടെ പാറാവുകാരന്റെ മേല്‍ ചാടി വീണു.
ജാദുല്‍ അസദി: പറയെടാ, ആരാണു നീ?
സലാഹുദ്ദീന്‍: വേണ്ട, അമീര്‍. ഞാന്‍ പറയിപ്പിക്കാം.
സലാഹുദ്ദീന്‍ പാറാവുകാരന്റെ അടുത്തേക്ക് നീങ്ങി അയാളെ കെട്ടഴിച്ച് സ്വതന്ത്രനാക്കി.
സലാഹുദ്ദീന്‍: എന്റെ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായി മറുപടി പറഞ്ഞാല്‍ നിന്നെ മാപ്പ് നല്‍കി വിട്ടയക്കാം. പറയൂ. ആരാണ് നീ, ആരാണ് നിന്നെ ഇവിടേക്കയച്ചത്?
പാറാവുകാരന്‍: ഞാന്‍ പറയാം. ഞാനൊരു ഫിദാഇയാണ്. നിങ്ങള്‍ ഹശ്ശാശീന്‍ എന്ന് വിളിക്കുന്ന ചാവേര്‍ സംഘത്തിലെ അംഗം.
സലാഹുദ്ദീന്‍: വേറെ എത്ര പേരുണ്ട് നിങ്ങളുടെ കൂട്ടത്തില്‍?
പാറാവുകാരന്‍: ഏഴു പേരുണ്ട്, അതും താങ്കളുടെ അംഗരക്ഷകരായിട്ട്.
സലാഹുദ്ദീന്‍: ആരാണ് നിങ്ങളെ അയച്ചത്?
പാറാവുകാരന്‍: മലിക് സാലിഹ്.
സലാഹുദ്ദീന്‍: കള്ളം പറയരുത്.
പാറാവുകാരന്‍: സത്യമാണ് ഞാന്‍ പറയുന്നത്.
ജാദുല്‍ അസദി: നമ്മെ വഴിതെറ്റിക്കാനായി ഇവന്‍ കളവ് പറയുകയാണ്. ഇവനെ വിശ്വസിക്കരുത്.
സലാഹുദ്ദീന്‍: പൂര്‍ണമായി വിശ്വസിക്കുന്നില്ല. അവിശ്വസിക്കാനും കഴിയില്ല. ഇതിന് മുമ്പ് രണ്ടുതവണ മലിക് സാലിഹ് എനിക്കെതിരെ കൊലയാളിസംഘത്തെ അയച്ചിട്ടുണ്ട്.
ജാദുല്‍ അസദി: മലിക് സാലിഹ് താങ്കളുടെ പിതൃവ്യ സഹോദരനല്ലേ?
സലാഹുദ്ദീന്‍: അതേ, എന്റെ പിതൃവ്യസഹോദരന്‍ തന്നെ. നല്ലവനായ സുല്‍ത്താന്‍ നൂറുദ്ദീന്‍ സങ്കിയുടെ മകന്‍ അമീര്‍ സൈഫുദ്ദീനുമുണ്ട് അദ്ദേഹത്തോടൊപ്പം. എന്നെ ഉന്മൂലനം ചെയ്യുകയാണ് അവരുടെ ലക്ഷ്യം. ഇത് ഞാന്‍ അവര്‍ക്ക് അയച്ച കത്താണ്.
സലാഹുദ്ദീന്‍ കീശയില്‍ നിന്ന് ഒരു കത്ത് പുറത്തെടുത്ത് ജാദുല്‍ അസദിയെ കാണിക്കുന്നു. ജാദുല്‍ അസദി അത് വാങ്ങി വായിക്കുന്നു.
''അവിശ്വാസികളുടെ ഒത്താശയോടെ എന്നെ തകര്‍ക്കാനും ഉന്മൂലനം ചെയ്യാനും നിങ്ങള്‍ നടത്തിയ ശ്രമം അങ്ങേയറ്റം നികൃഷ്ടമാണ്. നിങ്ങളുടെ ആ നടപടി ഇസ്‌ലാമിനെത്തന്നെ തകര്‍ത്തുകളയുമായിരുന്നു. നിങ്ങള്‍ക്ക് എന്നോട് അസൂയയുണ്ടെങ്കില്‍ എന്നെ വധിച്ചുകൊള്ളുക. എന്റെ ശിരസ്സ് വെട്ടിയെടുത്താല്‍ ഇസ്‌ലാമിന്റെ ശിരസ്സ് കൂടുതല്‍ ഉയരുമെങ്കില്‍ നിങ്ങളുടെ വാളുകൊണ്ട് ഞാന്‍ തന്നെ എന്റെ ശിരസ്സ് അറുത്തുതരാം. ഒരു കാര്യം മാത്രമേ നിങ്ങളോടെനിക്ക് പറയാനുള്ളൂ.ഇസ്‌ലാമിന്റെ ശത്രുക്കളെ നിങ്ങളുടെ ആത്മമിത്രങ്ങളാക്കരുത്. ഫ്രഞ്ച് ചക്രവര്‍ത്തിയും ജര്‍മന്‍ ചക്രവര്‍ത്തിയുമൊക്കെ നിങ്ങളോട് സൗഹൃദം കാണിക്കുന്നത് വെറുതെയൊന്നുമല്ല. മുസ്‌ലിംകള്‍ക്കെതിരായ കുരിശുയുദ്ധത്തില്‍ നിങ്ങളുടെ സഹായം അവര്‍ക്ക് കിട്ടുവാന്‍ വേണ്ടിയാണത്. അവര്‍ വിജയിച്ചുകഴിഞ്ഞാല്‍ അവരുടെ അടുത്ത ഇര നിങ്ങളായിരിക്കും. ഇസ്‌ലാമിന്റെ സമ്പൂര്‍ണ തകര്‍ച്ചയാണ് അവരുടെ സ്വപ്നം.
പടവീരന്മാരുടെ കുലത്തില്‍ ജനിച്ചവരാണ് നിങ്ങള്‍. പക്ഷേ, അല്ലാഹുവിന്റെ മാര്‍ഗത്തിലെ പടയാളികളാവാന്‍ അത് മാത്രം പോരാ. അവക്കൊപ്പം വിശ്വാസവും സല്‍ക്കര്‍മവും കൂടി അതിനാവശ്യമാണ്. മദ്യത്തിലും സ്ത്രീകളിലും പക്ഷികളിലുമൊക്കെ അഭിരമിക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ പടയാളികളാവാന്‍ പറ്റുകയില്ല. അതുകൊണ്ട് ഞാന്‍ അപേക്ഷിക്കുകയാണ്. എന്റെ കൂടെ നില്‍ക്കുക. അത് സാധ്യമല്ലെങ്കില്‍ എന്നെ എതിര്‍ക്കാതിരിക്കുകയെങ്കിലും ചെയ്യുക. അല്ലാഹു നിങ്ങളുടെ കുറ്റങ്ങള്‍ പൊറുത്തു തരും.''
സലാഹുദ്ദീന്‍: എന്റെ കത്ത് അവരില്‍ ഒരു മനപ്പരിവര്‍ത്തനവും സൃഷ്ടിച്ചിട്ടില്ലെന്നതിന്റെ ദൃഷ്ടാന്തമാണിത്.
ജാദുല്‍ അസദി: പക്ഷേ ഈ ഗൂഢാലോചനയില്‍ അവര്‍ പങ്കാളികളാണെന്ന് തീര്‍ത്തും ഉറപ്പിക്കാമോ! ഇയാളുടെ മൊഴിമാത്രം വിശ്വസിച്ചുകൊണ്ട് ഒരു നിലപാടിലെത്തുന്നത് അബദ്ധമാവുകയില്ലേ.
സലാഹുദ്ദീന്‍: കൂടുതല്‍ അന്വേഷണം നടത്തണം. ഇവനോടൊപ്പമുള്ള ആറുപേരെ കൂടി കണ്ടെത്തി വിശദമായി ചോദ്യം ചെയ്യണം. അതുവരെ ഇവനെ കൊണ്ടുപോയി ആവശ്യമായ ചികിത്സ നല്‍കുക.
ഒരു ഭടന്‍ വന്ന് ഓടിപ്പോയ ഭടന്മാരില്‍ നാലുപേരെ പിടികൂടിയതായി വിവരമറിയിക്കുന്നു.
ജാദുല്‍ അസദി: അവരെ ബന്ദികളാക്കുക. മരിച്ചവരുടെ സംസ്‌കരണത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുക. പരിക്കുപറ്റിയവരെ ആശുപത്രിയിലേക്ക് നീക്കുക.
പാറാവുകാരനെ ഭടന്റെ കൈയിലേല്‍പിച്ച്,
സലാഹുദ്ദീന്‍: ഇതാ ഇവനെയും കൊണ്ടുപോയി ചികിത്സിക്കുക. ഇവന് പ്രത്യേകം കാവലേര്‍പ്പെടുത്താന്‍ മറക്കരുത്.
ഞാന്‍ ഈജിപ്തിന്റെ ഗവര്‍ണറായി സ്ഥാനമേറ്റത് മുതല്‍ തുടങ്ങിയതാണ് എനിക്കെതിരായ ഗൂഢാലോചനകളും വധശ്രമങ്ങളും. മരണത്തെ എനിക്ക് ഭയമില്ല. സുല്‍ത്താന്‍ നൂറുദ്ദീന്‍ സങ്കിക്ക് കൊടുത്ത വാക്ക് പൂര്‍ത്തിയാക്കിയ ശേഷം മരിക്കണമെന്നാണ് എന്റെ ആഗ്രഹം. ഈജിപ്തിലെ ഗവര്‍ണറായി നിയമിക്കുമ്പോള്‍ സുല്‍ത്താന്‍ എന്നോട് പറഞ്ഞത് എനിക്കൊരിക്കലും മറക്കാനാവില്ല.
കാഴ്ച: 3
സുല്‍ത്താന്‍ നൂറുദ്ദീന്‍ സങ്കിയുടെ ദര്‍ബാര്‍. അനാര്‍ഭാടമെങ്കിലും വിശാലമായ ഒരു ഹാളാണത്. അതിന്റെ ഒരു ഭാഗത്ത് മനോഹരമായ കൊത്തുപണികളുള്ള ഒരു മിമ്പര്‍ വെച്ചിരിക്കുന്നു. സുല്‍ത്താന്‍ നൂറുദ്ദീന്‍ സങ്കിയും സലാഹുദ്ദീന്‍ അയ്യൂബിയും ഗൗരവമായ എന്തോ ചര്‍ച്ച ചെയ്യുകയാണ്.
സലാഹുദ്ദീന്‍: സുല്‍ത്താന്‍ നുറുദ്ദീന്‍ സങ്കിയെപ്പോലെ ആത്മാര്‍ഥതയും ദൈവഭയവുമുള്ള ഒരു ഭരണകര്‍ത്താവിന്റെ കീഴില്‍ സേവനമനുഷ്ടിക്കാന്‍ അവസരം ലഭിച്ചത് തന്നെ എന്റെ ഭാഗ്യമാണ്.
സങ്കി: പക്ഷേ, സലാഹുദ്ദീന്‍, ശത്രുക്കള്‍ താങ്കളെയാണ് ഇപ്പോള്‍ ലക്ഷ്യമിട്ടിരിക്കുന്നത്. താങ്കളുടെ വിലയും മൂല്യവും അവര്‍ നന്നായി മനസ്സിലാക്കിയിരിക്കുന്നു എന്നാണതിന്റെ അര്‍ഥം.
സലാഹുദ്ദീന്‍: ഞാന്‍ അവരുടെ ലക്ഷ്യമാണെങ്കില്‍ തന്നെ, അതൊരു താല്‍കാലിക ലക്ഷ്യം മാത്രം. ഇസ്‌ലാമിന്റെ തകര്‍ച്ചയാണ് അവരുടെ യഥാര്‍ഥ ഉന്നം.
സങ്കി: ആ ലക്ഷ്യത്തിന് മുമ്പില്‍ ഏറ്റവും വലിയ തടസ്സമാവാന്‍ പോകുന്നത് താങ്കളാണെന്ന് അവര്‍ക്കറിയാം.
സലാഹുദ്ദീന്‍: എന്റെ ജീവിതവും മരണവും ഇസ്‌ലാമിന് വേണ്ടിയാണ്.
സങ്കി: താങ്കളുടെ ആത്മാര്‍ഥതയും അര്‍പണബോധവും ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് ഇപ്പോള്‍ താങ്കളെ ഇവിടേക്ക് വിളിച്ചുവരുത്തിയത്. സുപ്രധാനമായ ഒരു ചുമതല താങ്കളെ ഞാന്‍ ഏല്‍പ്പിക്കാനുദ്ദേശിക്കുന്നു.
സലാഹുദ്ദീന്‍: പറയൂ. അല്ലാഹുവിന്റെ നാമത്തില്‍ അവിടുന്ന് ആവശ്യപ്പെടുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ ഞാന്‍ സന്നദ്ധനായിരിക്കും.
സങ്കി: ഈജിപ്തിന്റെ ഗവര്‍ണറും സര്‍വസൈന്യാധിപനുമായി താങ്കളെ ഞാന്‍ നിയമിച്ചിരിക്കുന്നു.
സലാഹുദ്ദീന്‍: പക്ഷേ, ഞാന്‍ ചെറുപ്പമാണ്. ഭരണ രംഗത്തോ സൈനിക രംഗത്തോ മതിയായ പരിചയസമ്പത്ത് എനിക്കില്ല. ഈജിപ്ത് പോലുള്ള ഒരു വലിയ ഭൂപ്രദേശത്തിന്റെ ഭരണത്തലവനാവാന്‍...
സങ്കി: താങ്കള്‍ക്ക് സാധിക്കും. നന്നായി ആലോചിച്ചു തന്നെയാണ് ഞാനീ തീരുമാനത്തില്‍ എത്തിയിട്ടുള്ളത്. ഉടനെ പുറപ്പെടാനുള്ള ഒരുക്കങ്ങള്‍ നടത്തുക.
സലാഹുദ്ദീന്‍: എങ്കില്‍, ഒരപേക്ഷ മാത്രം എനിക്കുണ്ട്.
സങ്കി: പറഞ്ഞോളൂ.
സലാഹുദ്ദീന്‍: പരിചയ സമ്പന്നനായ ഒരു സഹായിയെ എന്നോടൊപ്പം അയക്കണം.
സങ്കി: ആരെയാണ് താങ്കള്‍ ഉദ്ദേശിക്കുന്നത്.
സലാഹുദ്ദീന്‍: അലി ഇബ്‌നു സുഫ്‌യാന്‍.
സങ്കി: ഉറപ്പുള്ള കൊമ്പു തന്നെയാണ് താങ്കള്‍ പിടിച്ചിരിക്കുന്നത്. അലിയ്യുബ്‌നു സുഫ്‌യാന്‍ ബുദ്ധിയും ധീരതയും ആത്മാര്‍ഥതയും പരിചയസമ്പത്തുമുള്ള ആളാണ്. രഹസ്യാന്വേഷണത്തില്‍ അദ്ദേഹത്തോളം വിദഗ്ധനായ മറ്റൊരാളില്ല. അദ്ദേഹത്തെ താങ്കള്‍ക്ക് കൊണ്ടുപോകാം.
സങ്കിയും സലാഹുദ്ദീനും സംസാരിച്ചുകൊണ്ട് മിമ്പറിന്റെ അടുത്തെത്തി. ഒരു കൈ മിമ്പറില്‍ പിടിച്ച് സങ്കി അവിടെ നിന്നു. അജ്ഞാതമായ എന്തൊക്കെയോ വികാര വിചാരങ്ങള്‍ അദ്ദേഹത്തിന്റെ മുഖത്ത് മിന്നിമറഞ്ഞു.
സങ്കി: പുണ്യഭൂമിയായ ബൈത്തുല്‍ മുഖദ്ദസ് കുരിശു സൈന്യം പിടിച്ചടക്കിയിട്ട് വര്‍ഷങ്ങളായി. അത് തിരിച്ചു പിടിക്കണം. മസ്ജിദുല്‍ അഖ്‌സ വീണ്ടെടുത്ത് അതില്‍ നമസ്‌കരിക്കണം. ഈ മിമ്പര്‍ അതില്‍ സ്ഥാപിച്ച് ഒരു നേരമെങ്കിലും അതില്‍ കയറിനിന്ന് സത്യവിശ്വാസികളെ അഭിസംബോധന ചെയ്യണം. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണത്. പക്ഷേ, മരണത്തിന് മുമ്പ് അത് പൂവണിയിക്കാന്‍ എനിക്ക് സാധിക്കുമെന്ന് തോന്നുന്നില്ല. അതിനാല്‍, സലാഹുദ്ദീന്‍... താങ്കളെ ഇക്കാര്യം ഞാന്‍ ഏല്‍പ്പിക്കുകയാണ്. എന്റെ ഈ സ്വപ്നം താങ്കളിലൂടെ പുലരുന്നത് കണ്ട് സ്വര്‍ഗത്തിലിരുന്ന് എനിക്ക് സന്തോഷിക്കണം. താങ്കള്‍ക്കത് സാധിക്കും. താങ്കളില്‍ എനിക്ക് പ്രതീക്ഷയുണ്ട്.
വികാരാധീനനായി സലാഹുദ്ദീന്റെ ഇരു തോളുകളിലും പിടിച്ച സുല്‍ത്താന്‍ നൂറുദ്ദീന്‍ സങ്കിയെ മാറോട് ചേര്‍ത്ത് കെട്ടിപ്പിടിക്കുന്നു.
(തുടരും)

ചിത്രീകരണം: കബിത മുഖോപാധ്യായ

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top