ചാരസുന്ദരി

റഹ്മാന്‍ മുന്നൂര്‌ No image

കാഴ്ച നാല്
കല്‍. ഈജിപ്തിന്റെ പുതിയ ഗവര്‍ണറായി കയ്‌റോയിലെത്തുന്ന സലാഹുദ്ദീന്‍ അയ്യൂബിയെ വരവേല്‍ക്കാന്‍ കൊട്ടാരത്തില്‍ ഗംഭീര സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പ്രതിരോധ സേനയുടെ സര്‍വാധിപനായ അമീര്‍ നാജി മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥരോടൊപ്പം കവാടത്തിനു മുന്നില്‍ തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. സലാഹുദ്ദീന്റെ കൂടെ വലിയ പരിവാരങ്ങളൊന്നുമില്ല. മുതിര്‍ന്ന ഉപദേഷ്ടാക്കളും അംഗരക്ഷകരും മറ്റു സഹായികളുമടക്കം പത്തമ്പത് പേര്‍ മാത്രം. ഏതാനും കുതിരകളും ഒട്ടകങ്ങളും. അസാധാരണത്വം ഒട്ടുമില്ലാത്ത ഒരു യാത്രാ സംഘമാണത്. കുതിരപ്പുറത്ത് നിന്ന് ചാടിയിറങ്ങിയ സലാഹുദ്ദീന്‍ തന്നെ കാത്തു നിന്ന ഉദ്യോഗസ്ഥന്മാര്‍ക്കും സൈനിക തലവന്മാര്‍ക്കും അഭിവാദ്യമര്‍പ്പിച്ച് ഹസ്തദാനം ചെയ്തു. ഗാഢമായ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഊഷ്മളത അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ പ്രകടമായിരുന്നു. അതേസമയം, ഒരുതരം പുഛത്തിന്റെയും പരിഹാസത്തിന്റെയും ഭാവമാണ് നാജിയുടെയും മറ്റും മുഖങ്ങളില്‍. അത് പുറത്ത് കാണാതിരിക്കാന്‍ അവര്‍ പാടുപെടുന്നുണ്ടായിരുന്നു. വെറും മുപ്പത് വയസ്സ് പ്രായമുള്ള ഒരു ചെറുപ്പക്കാരനാണ് തങ്ങളുടെ പുതിയ ഗവര്‍ണര്‍ എന്നത് അവര്‍ക്ക് അത്ര ദഹിച്ചിട്ടില്ലാത്ത പോലെ. സലാഹുദ്ദീന്‍ കൈകൊടുത്ത് മുന്നോട്ട് നീങ്ങിയപ്പോള്‍ ഒരു പടത്തലവന്‍ അടുത്ത് നിന്ന മറ്റൊരുത്തന്റെ ചെവിയില്‍ മന്ത്രിച്ചു.
''പയ്യനാണ്''
''നമുക്ക് വളര്‍ത്താം''
അവര്‍ ചിരിയടക്കാന്‍ ശ്രമിച്ചു. സലാഹുദ്ദീന്‍ അമീര്‍ നാജിക്ക് മുമ്പിലെത്തി ഹസ്തദാനത്തിനായി കൈ നീട്ടി. നാജി കൈപിടിക്കുന്നതിന് പകരം ശിരസ്സ് കുമ്പിട്ട് വണങ്ങുകയും പിന്നെ തലയുയര്‍ത്തി സലാഹുദ്ദീന്റെ കൈപിടിച്ചു മുത്തുകയും ചെയ്തു. കൃത്രിമമായ ഒരു ഭക്തിപ്രകടന വാഞ്ച അതില്‍ പ്രകടമായിരുന്നു.
നാജി: എന്റെ രക്തത്തിന്റെ അവസാനത്തെ തുള്ളിയും താങ്കളുടെ രക്ഷക്ക് വേണ്ടി ഞാന്‍ വിനിയോഗിക്കും. നൂറുദ്ദീന്‍ സങ്കി എന്റെ കൈകളില്‍ വിശ്വസിച്ചേല്‍പിച്ച അനാമത്താണ് താങ്കള്‍.
സലാഹുദ്ദീന്‍: ഇസ്‌ലാമിന്റെ ഇസ്സത്തിനേക്കാള്‍ വിലയുള്ളതല്ല എന്റെ ജീവിതം. താങ്കളുടെ രക്തത്തിന്റെ ഓരോ തുള്ളിയും കരുതിവെക്കുക. കുരിശു യോദ്ധാക്കള്‍ക്കെതിരായുള്ള പോരാട്ടത്തില്‍ അത് ആവശ്യമായി വരും.
സലാഹുദ്ദീന്റെ പിറകിലായി അവര്‍ കൊട്ടാരത്തിലേക്ക് നടന്നു. കൊട്ടാരത്തിനകത്തെ ആര്‍ഭാടങ്ങളില്‍ നീരസം ഉള്ളിലൊതുക്കി അദ്ദേഹം അവയെ ആസ്വദിക്കുന്നതായി വരുത്തി. ജനറല്‍ നാജിയുടെയും കൂട്ടുകാരുടെയും മുഖങ്ങള്‍ അഭിമാനം കൊണ്ട് തിളങ്ങി.
സലാഹുദ്ദീന്‍:എവിടെയാണ് എനിക്ക് ജോലി ചെയ്യാനുള്ള സ്ഥലം ഒരുക്കിയിരിക്കുന്നത്?
നാജി: ഹുസൂര്‍, കുറേ ദൂരം യാത്ര ചെയ്തു വന്നതല്ലേ? ക്ഷീണമുണ്ടാവും.അല്‍പം വിശ്രമിച്ച ശേഷം ജോലി തുടങ്ങാം.
സലാഹുദ്ദീന്‍: വിശ്രമിക്കാന്‍ സമയമനുവദിക്കുന്നതല്ല എനിക്ക് ചെയ്തു തീര്‍ക്കാനുള്ള ജോലികള്‍.
നാജി: എങ്കില്‍, ഹുസൂര്‍, അല്‍പം ഭക്ഷണം കഴിക്കാം. വിളമ്പിവെച്ചിട്ടുണ്ട്.
സലാഹുദ്ദീന്‍ ഭക്ഷണത്തിനുള്ള ക്ഷണം സ്വീകരിച്ചു. ജനറല്‍ നാജി അവരെ ഭക്ഷണ ഹാളിലേക്ക് നയിച്ചു.
കാഴ്ച അഞ്ച്
രണ്ടു വരികളായി നിരന്നുനിന്ന സായുധ ഭടന്മാരുടെ ഇടയിലൂടെ ചുവന്ന പരവതാനിയില്‍ ചവിട്ടിക്കൊണ്ട് സലാഹുദ്ദീനും സംഘവും അവര്‍ക്ക് ഭക്ഷണം ഒരുക്കി വെച്ച കെട്ടിടത്തിലേക്ക് നടന്നു. ജനറല്‍ നാജിയും മുതിര്‍ന്ന സൈനികോദ്യോഗസ്ഥനായ അദ്‌റൂശും ഇടത്തും വലത്തുമായി അദ്ദേഹത്തിന് അകമ്പടി സേവിച്ചു. ഭടന്മാര്‍ക്ക് ഇടയിലൂടെ നടക്കുമ്പോള്‍ ആഹ്ലാദാഭിമാനഭരിതമായിരുന്ന സലാഹുദ്ദീന്റെ മുഖം കെട്ടിടത്തിനകത്തേക്ക് കാലെടുത്തു വച്ചപ്പോള്‍ പെട്ടെന്ന് ഇരുണ്ടു. കൈകളില്‍ പൂത്താലങ്ങളേന്തിയ നൂറു കണക്കിന് യുവസുന്ദരികള്‍ അവിടെ രണ്ടു നിരകളായി നിലയുറപ്പിച്ചിരുന്നു. അവര്‍ സലാഹുദ്ദീന്റെ മുമ്പിലേക്ക് പൂക്കള്‍ വിതറി. നിമിഷങ്ങള്‍ക്കകം അവിടെ പൂക്കളുടെ മനോഹരമായ ഒരു പാതയൊരുങ്ങി. ആ പൂപ്പാതയിലേക്ക് എടുത്ത് വച്ച കാല്‍ സലാഹുദ്ദീന്‍ പെട്ടെന്നു പിന്‍വലിച്ചു. നാജിയും അദ്‌റൂശൂം ഒന്നു ഞെട്ടി.
അദ്‌റൂശ്: എന്താണ് ഹുസൂര്‍? പൂക്കള്‍ പോരെന്നുണ്ടോ?
നാജി: ഹുസൂര്‍ കല്‍പ്പിച്ചാല്‍ ആകാശത്ത് നിന്ന് നക്ഷത്രങ്ങള്‍ കൊണ്ടുവന്ന് വിരിക്കാനും ഞങ്ങള്‍ സന്നദ്ധരായിരിക്കും.
സലാഹുദ്ദീന്റെ മുഖത്ത് ഗൗരവം പടര്‍ന്നു.
സലാഹുദ്ദീന്‍: നമുക്ക് നടക്കാനുള്ള വഴി പൂക്കള്‍ വിരിച്ചതല്ല. കല്ലുകളും മുള്ളുകളും നിറഞ്ഞതാണ് മുസല്‍മാന്റെ പാത. കുരിശുപടക്ക് മുന്നില്‍ എന്തുകൊണ്ടാണ് നമ്മള്‍ അടിക്കടി പരാജയപ്പെടുന്നത്? എന്തുകൊണ്ടാണ് ഇസ്‌ലാമിന്റെ പഴയ പ്രതാപങ്ങള്‍ നമുക്ക് വീണ്ടെടുക്കാനാവാത്തത്? ഒറ്റ കാരണമേയുള്ളൂ- നമ്മള്‍ പൂക്കള്‍ വിരിച്ച പാതയിലൂടെ മാത്രം നടക്കാന്‍ ശീലിച്ചു. ഇപ്പോള്‍ നിങ്ങള്‍ എന്റെ മുമ്പിലും പൂക്കള്‍ വിരിച്ച് ഇസ്‌ലാമിന്റെ കൊടി താഴെയിറക്കാനാണോ ആഗ്രഹിക്കുന്നത്...
സലാഹുദ്ദീന്‍ തിരിഞ്ഞുനിന്ന് എല്ലാവരുടെയും മുഖത്തേക്ക് ഗൗരവമുള്ള ഒരു നോട്ടം നോക്കി. തീ പാറുന്ന ആ കണ്ണുകള്‍ കണ്ട് അവര്‍ ചൂളി. ഉറച്ച സ്വരത്തില്‍ അദ്ദേഹം കല്‍പിച്ചു.
സലാഹുദ്ദീന്‍: എടുത്തു മാറ്റൂ ഈ പൂക്കള്‍. പറഞ്ഞയക്കൂ ഈ പെണ്‍കുട്ടികളെ.
നാജി: എന്തോ പറയാനാഗ്രഹിച്ചുകൊണ്ട് വിനയപുരസ്സരം 'ഹുസൂര്‍' എന്ന് വിളിച്ചപ്പോഴേക്കും സലാഹുദ്ദീന്‍ കൈപ്പത്തി അയാളുടെ മുഖത്തിനു നേരെ നീട്ടി സംസാരം തടഞ്ഞു.
സലാഹുദ്ദീന്‍: 'ഹുസൂര്‍' എന്ന ആ വിളി ഇതോടെ നിര്‍ത്തണം. എന്നെ സലാഹുദ്ദീന്‍ എന്ന് മാത്രം വിളിച്ചാല്‍ മതി. ഒരു രാജാവായിക്കൊണ്ടല്ല ്യൂഞാന്‍ നിങ്ങളുടെ അടുത്തേക്ക് വന്നിരിക്കുന്നത്.
പെണ്‍കുട്ടികള്‍ ധൃതിപിടിച്ച കൈകളോടെ പൂക്കള്‍ വാരിയെടുത്ത് താലത്തില്‍ നിറച്ച് പിരിഞ്ഞു പോകുന്നു. സംഗീതത്തിന്റെ ആരവങ്ങളും പെട്ടെന്ന് നിലച്ചു. അവര്‍ വിശാലമായ മറ്റൊരു ഹാളിലേക്ക് പ്രവേശിച്ചു. അവിടെ നിരത്തിവെച്ച വിഭവസമൃദ്ധവും വര്‍ണശബളവുമായ ഭക്ഷണപദാര്‍ഥങ്ങള്‍ നടന്നുകണ്ട സലാഹുദ്ദീന്‍ തിരിഞ്ഞു നിന്ന് നാജിയോട്:
സലാഹുദ്ദീന്‍: ഈജിപ്തിലെ എല്ലാ ജനങ്ങളും ഇതേ ഭക്ഷണമാണോ കഴിക്കുന്നത്?
നാജി: ''അല്ല, ഹുസൂര്‍, സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കുമൊന്നും ഇത്‌പോലുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ ലഭ്യമല്ല.''
സലാഹുദ്ദീന്‍: ''അപ്പോള്‍ നിങ്ങളെല്ലാം ഏത് രാജ്യത്തിലെ പ്രജകളാണ്. ഇതുപോലുള്ള ഭക്ഷണം ആസ്വദിക്കാന്‍ കഴിയാത്ത ജനങ്ങള്‍ മറ്റേതെങ്കിലും രാജ്യത്തില്‍ പെട്ടവരാണോ?''
ആരും ഒന്നും മിണ്ടിയില്ല. ഹാളിലാകെ കനത്ത നിശ്ശബ്ദത. വീണ്ടും സലാഹുദ്ദീന്റെ ശബ്ദമുയര്‍ന്നു.
സലാഹുദ്ദീന്‍: കൊട്ടാരത്തിലെ മുഴുവന്‍ ജോലിക്കാരെയും ഇവിടെ വിളിച്ച് ഈ ഭക്ഷണം അവര്‍ക്ക് കൊടുക്കുക.
ഒരു കഷ്ണം റൊട്ടി എടുത്ത് തിന്ന് അല്‍പം വെള്ളവും കുടിച്ച് സലാഹുദ്ദീന്‍ ഭക്ഷണ ഹാളില്‍ നിന്നും പുറത്തിറങ്ങി. ആ സമയത്ത് ഹാളിന്റെ ഇരുഭാഗങ്ങളിലൂടെ ആളുകള്‍ തിക്കിത്തിരക്കിക്കൊണ്ട് അകത്തേക്ക് പ്രവഹിച്ചു. അവരുടെ ആക്രാന്തത്തിന്റെയും ആഹ്ലാദത്തിന്റെയും ആരവങ്ങള്‍ കൊണ്ട് ഹാള്‍ മുഖരിതമായി.
കാഴ്ച: 6
രാത്രി. നാജിയുടെ സ്വകാര്യ മുറി. നാജിയും അദ്ദേഹത്തിന്റെ വിശ്വസ്തനായ അദ്‌റൂശും മദ്യപിക്കുകയാണ്.
നാജി: ചെറുപ്പത്തിന്റെ തിളപ്പാണ് സലാഹുദ്ദീന്. കുറച്ച് ദിവസത്തേക്കേ ഇതെല്ലാം കാണൂ. പിന്നെ എല്ലാം മാറും. ഞാന്‍ മാറ്റും. നാജിയെ സലാഹുദ്ദീന്‍ മനസ്സിലാക്കാന്‍ പോകുന്നതേയുള്ളൂ.
അദ്‌റൂശ്: താങ്കളുടെ ബുദ്ധിയും പരിചയവും വെച്ച് നോക്കുമ്പോള്‍ സലാഹുദ്ദീന്‍ ഒന്നുമല്ല. എങ്കിലും നമ്മള്‍ കരുതിയിരിക്കണം. അദ്ദേഹം ഇപ്പോള്‍ ഈജിപ്തിന്റെ ഗവര്‍ണറും സര്‍വസൈന്യാധിപനുമാണ്.
നാജി: എങ്ങനെയാ അവന്‍ ഗവര്‍ണറും സര്‍വസൈന്യാധിപനും ആയത്? നമ്മോട് യുദ്ധം ചെയ്ത.് നമ്മുടെ രാജ്യം കീഴടക്കിയിട്ട്. അല്ലേ? അപ്പോള്‍ അവന്‍ നമ്മുടെ ശത്രുവാണ്. എന്നും അവന്‍ ശത്രുവാ എനിക്ക്.
അദ്‌റൂശ്: അത് ശരിയാണ്. പക്ഷേ, ഇപ്പോള്‍ ഞാനും നിങ്ങളും അദ്ദേഹത്തിന്റെ കീഴിലാണ്. അദ്ദേഹത്തിന്റെ വെറും ഉദ്യോഗസ്ഥര്‍. സലാഹുദ്ദീന്റെ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ അനുസരിക്കാനും നടപ്പാക്കാനും കടപ്പെട്ടവര്‍.
നാജി : നാജി മറ്റുള്ളവരോട് കല്‍പിച്ചിട്ടേയുള്ളൂ. മറ്റുള്ളവരുടെ കല്‍പനകള്‍ അനുസരിച്ചിട്ടില്ല. പക്ഷേ ഇപ്പോള്‍ അതും വേണ്ടി വന്നു. സലാഹുദ്ദീന്‍ ഈജിപ്തുകാരുടെ പുതിയൊരു സൈനികവ്യുഹം രൂപീകരിക്കാന്‍ കല്പിച്ചു.പട്ടാളക്കാരെ റിക്രൂട്ട് ചെയ്യാന്‍ എന്നെ ചുമതലപ്പെടുത്തി. എന്തിനാ? നമ്മുടെ സുഡാനി സേനയെ നിര്‍വീര്യമാക്കാന്‍?എനിക്കത് മനസ്സിലാകാഞ്ഞിട്ടല്ല.എന്നിട്ടും അവന്റെ ആ കല്പന ഞാന്‍ അനുസരിച്ചു. എന്തിനാ? അതൊരു താല്കാലിക തന്ത്രം മാത്രം. അവനെ നിലക്ക് നിര്‍ത്താന്‍ വേറെയാ വഴി. നീ കണ്ടോ. സലാഹുദ്ദീന്‍ നമ്മുടെ വഴിക്ക് വരും.
കാഴ്ച: 7
കൊട്ടാര മുറ്റത്ത് സലാഹുദ്ദീന്‍ അയ്യൂബി,അലിയ്യുബ്‌നു സുഫ്‌യാന്‍ എന്നിവരോടൊപ്പം നാജി, അദ്‌റൂശ്, ആമിര്‍ ഇബ്‌നു സ്വാലിഹ് തുടങ്ങിയ മുതിര്‍ന്ന ഉദ്യോസ്ഥരെല്ലാം സമ്മേളിച്ചിട്ടുണ്ട്.അവരുടെ മുന്നില്‍ കുറേ ഭാണ്ഡക്കെട്ടുകള്‍ കൂട്ടിയിട്ടിരിക്കുന്നു. സലാഹുദ്ദീന്‍ അവ ഓരോന്നായി കെട്ടഴിച്ച് പ്രദര്‍ശിപ്പിച്ചു. സ്വര്‍ണ-വെള്ളി പാത്രങ്ങള്‍, കണ്ണാടികള്‍, പരവതാനികള്‍, പലതരം ആഡംബരവസ്തുക്കള്‍. വിലപിടിച്ച ആ സാധനങ്ങള്‍ കണ്ട് അവര്‍ അമ്പരന്നു.
സലാഹുദ്ദീന്‍: കൊട്ടാരത്തില്‍ ചെറിയൊരു തിരച്ചില്‍ നടത്തിയപ്പോള്‍ കിട്ടിയതാണ് ഇതെല്ലാം. ഇത്‌പോലുള്ള ആഡംബര വസ്തുക്കള്‍ നിങ്ങളില്‍ പലരുടെയും വീടുകളിലും കാണും. ഒരു തിരച്ചിലിന് തല്‍കാലം ഒരുമ്പെടുന്നില്ല. അവിഹിതമായി സമ്പാദിച്ച വസ്തുക്കള്‍ വല്ലവരുടെയും കൈവശമുണ്ടെങ്കില്‍ അവര്‍ സ്വയം മുന്നോട്ട് വന്ന് അവ പൊതുഖജനാവിലേക്ക് നല്‍കണം. കൊട്ടാരത്തില്‍ ഇത്തരം ആഡംബര വസ്തുക്കള്‍ മേലില്‍ അനുവദിക്കുന്നതല്ല. ഇപ്പോള്‍ ഇവയെല്ലാം പൊതു ഖജനാവിലേക്ക് ചേര്‍ക്കുകയാണ്. ശീലിച്ച സമ്പ്രദായങ്ങള്‍ മാറ്റാന്‍ ബുദ്ധിമുട്ടുണ്ടാവും. എന്നാലും പറയുകയാണ്. ലളിത ജീവിതം ശീലിക്കണം. പൊതുമുതല്‍ ജനങ്ങളുടെ സ്വത്താണ്. ആരും അത് തങ്ങളുടെ സ്വകാര്യ സ്വത്തായി കരുതരുത്. ഒരു കാര്യം കൂടി. കൊട്ടാരത്തില്‍ ഇനി എല്ലാവര്‍ക്കും ഒരേ ഭക്ഷണമായിരിക്കും. ഗവര്‍ണര്‍ മുതല്‍ തൂപ്പുകാരന്‍ വരെ എല്ലാവര്‍ക്കും. എന്താ, ആര്‍ക്കെങ്കിലും വിയോജിപ്പുണ്ടോ? ഉണ്ടെങ്കില്‍ ഇപ്പോള്‍ പറയണം.
സലാഹുദ്ദീന്‍ പറഞ്ഞവസാനിപ്പിച്ച് ഓരോരുത്തരുടെയും മുഖത്തേക്ക് നോക്കി. ആരും ഒന്നും മിണ്ടിയില്ല. കനത്ത മൗനം ഭേദിച്ചുകൊണ്ട് നാജിയുടെ ശബ്ദം മുഴങ്ങി.
നാജി: അല്ലാഹു അക്ബര്‍. സലാഹുദ്ദീന്‍ അയ്യൂബി സിന്ദാബാദ്.
മറ്റുള്ളവര്‍ ആ മുദ്രാവാക്യം ഏറ്റുചൊല്ലി.
സലാഹുദ്ദീന്‍: മതി. ഇനി എല്ലാവര്‍ക്കും പിരിഞ്ഞുപോകാം.
അവര്‍ പിരിഞ്ഞുപോയപ്പോള്‍ സലാഹുദ്ദീനും അലി ഇബ്‌നു സുഫ്‌യാനും മാത്രം ബാക്കിയായി.
സലാഹുദ്ദീന്‍: അലി, നാജിയെക്കുറിച്ച് എന്ത് പറയുന്നു?
അ.സു: അയാളുടേത് കപടമായ ഭക്തിപ്രകടനമാണ്. പുറത്ത് കാണിക്കുന്നതല്ല അയാളുടെ ഉള്ളിലുള്ളത്. അയാളൊരു ദുഷ്ടമനസ്സിന്റെ ഉടമയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
സലാഹുദ്ദീന്‍: ചിലതൊക്കെ ഞാനും അദ്ദേത്തെ പറ്റി മനസ്സിലാക്കിയിട്ടുണ്ട്. ഏതായാലും അദ്ദേഹത്തിന്റെ ഓരോ നീക്കവും നിരീക്ഷിച്ചുകൊണ്ടിരിക്കണം. അദ്ദേത്തിന്റെ സുഡാനി സൈന്യത്തെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കണം.
അ.സു: നമ്മുടെ രഹസ്യാന്വേഷണവിഭാഗം സജീവമാണ്. എല്ലാ മര്‍മസ്ഥാനങ്ങളിലും അവരുടെ കണ്ണുകള്‍ ഉണര്‍ന്നിരിക്കുന്നുണ്ട്.
സലാഹുദ്ദീന്‍: നല്ലത്. ഈ സാധനങ്ങളുടെയെല്ലാം കൃത്യമായ കണക്കെടുത്ത ശേഷം അവ പൊതുഖജനാവില്‍ സൂക്ഷിക്കാന്‍ ഏര്‍പ്പാട് ചെയ്യുക.
അ.സു: ശരി, അമീര്‍.
കാഴ്ച: എട്ട്
രാത്രി. നാജി തന്റെ മുറിയില്‍ സോഫയില്‍ ഇരുന്ന് ഹുക്ക വലിക്കുകയാണ്. അയാളുടെ തൊട്ടരികിലുരുന്ന് ഒരു യുവതി മനോഹരമായി ഗാനമാലപിക്കുകയും മറ്റൊരു യുവതി ആ ഗാനത്തിനൊപ്പിച്ച് ചുവടുകള്‍ വെച്ച് നൃത്തമാടുകയും ചെയ്യുന്നുണ്ട്. രണ്ടുപേരും വസ്ത്രം ധരിച്ചിരിക്കുന്നത് ശരീരത്തിലെ നഗ്നത മറക്കാനാണോ വെളിപ്പെടുത്താനാണോ എന്ന് ആരും സംശയിച്ച് പോകും. മദ്യത്തിന്റെയും നൃത്തത്തിന്റെയും ലഹരിയില്‍ ആമഗ്നനാണ് നാജി.
ഒരു പാറാവുകാരന്‍ കടന്നുവന്ന് നാജിയുടെ ചെവിയില്‍ എന്തോ മന്ത്രിച്ചു. പാറാവുകാരന്‍ പുറത്ത് പോയപ്പോള്‍ ഒറ്റനോട്ടത്തില്‍ വ്യാപാരിയെന്ന് തോന്നിക്കുന്ന മധ്യവയസ്‌കനായ ഒരാളും അയാളുടെ പിറകിലായി കറുത്ത പര്‍ദ്ദയണിഞ്ഞ ഒരു യുവതിയും മുറിയിലേക്ക് കടന്നു വന്നു. പാട്ടും നൃത്തവും നിര്‍ത്തി യുവതികള്‍ രണ്ടുപേരും ഒരു ഭാഗത്ത് ഒതുങ്ങി നിന്നു.
വ്യാപാരി താന്‍ കൊണ്ടുവന്ന പെണ്‍കുട്ടിയെ നാജിക്ക് പരിചയപ്പെടുത്തി.
വ്യാപാരി: താങ്കള്‍ ആവശ്യപ്പെട്ട എല്ലാ യോഗ്യതകളും ഇവള്‍ക്കുണ്ട്. പരിചയ സമ്പന്നയാണ്. പാട്ടും നൃത്തവും കുലത്തൊഴിലാണ്.സംഭാഷണ ചാതുരി കൊണ്ട് ആരെയും മയക്കും. ഏതു കരിമ്പുലിയും ഇവളുടെ മുമ്പില്‍ പൂച്ചയായി മാറും.
നാജി യുവതിയോട്:എന്താണ് നിന്റെ പേര്?
യുവതി: ദകൂയി
നാജി അവളെ അടിമുടി ഒന്ന് നിരീക്ഷിച്ചു. നാജി അവളോട് നൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവള്‍ യാതൊരു സങ്കോചവും കൂടാതെ പര്‍ദ്ദ അഴിച്ച് ഒരു മൂലയില്‍ വെച്ചു. അവളുടെ അസാധാരണമായ മുഖ കാന്തിയും അംഗലാവണ്യവും കണ്ട് നാജിയുടെ കണ്ണുകളില്‍ വിസ്മയം നിറഞ്ഞു. അവള്‍ പാട്ടുപാടി നൃത്തമാരംഭിച്ചു. അവളുടെ ആ കൂസലില്ലായ്മയും മറ്റ് രണ്ട് പെണ്‍കുട്ടികള്‍ക്കും ദഹിച്ചിട്ടില്ല. അതിലുപരി അവളുടെ സൗന്ദര്യത്തില്‍ അവര്‍ക്ക് അസൂയ തോന്നി. നാജി സ്വയം മറന്ന് താളം പിടിച്ച് നൃത്തം ആസ്വദിക്കുകയാണ്.
ദകൂയി നൃത്തം അവസാനിപ്പിച്ച് ഭവ്യതയോടെ നാജിയുടെ മുമ്പില്‍ അദ്ദേഹത്തെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ വന്നുനിന്നു. അവളെ തൃപ്തിപ്പെട്ടു എന്ന മട്ടില്‍ നാജി വ്യാപാരിയെ നോക്കി പുഞ്ചിരിച്ചു. പിന്നെ ഒരു പണക്കിഴി എടുത്ത് അയാള്‍ക്ക് നീട്ടി. അയാള്‍ പണക്കിഴി വാങ്ങി നാജിയെ വണങ്ങി പുറത്തിറങ്ങി. നാജി മറ്റു രണ്ടു യുവതികളോടും പിരിഞ്ഞു പോകാന്‍ പറഞ്ഞു. മുറിയില്‍ നാജിയും ദകൂയിയും ഒറ്റക്കായപ്പോള്‍ അദ്ദേഹം അവളെ സ്‌നേഹപൂര്‍വം അടുത്തു വിളിച്ചിരുത്തി.
നാജി: കേട്ടല്ലോ അയാള്‍ പറഞ്ഞത് . പുലിയെ പൂച്ചയാക്കും നീയെന്ന്. കഴിയുമോ നിനക്ക്?
ദകൂയി: ആരാണാ പുലി?
നാജി: സലാഹുദ്ദീന്‍ അയ്യൂബി. പുതിയ ഗവര്‍ണര്‍. അയാള്‍ പുലിയല്ല വെറും പൂച്ചയാണെന്ന് അയാള്‍ക്ക് കാട്ടിക്കൊടുക്കണം.
ദകൂയി: ഞാന്‍ എന്താണ് ചെയ്യേണ്ടത്?
നാജി: സലാഹുദ്ദീനെ നിന്റെ വലയിലാക്കി എന്റെ മുമ്പില്‍ ഇട്ടു തരണം.
ദകൂയി: അക്കാര്യം ഞാനേറ്റു. പക്ഷേ എനിക്കുള്ള പ്രതിഫലം എന്തെന്ന് പറഞ്ഞില്ല.
നാജി: ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ സാലാഹുദ്ദീന്റെ തൂക്കത്തിന് സ്വര്‍ണം നിനക്ക് തരും.
ദകൂയി: ക്ഷമിക്കണം. ഇതെന്റെ തൊഴിലായത് കൊണ്ട് ചോദിച്ച് പോയതാണ്. സലാഹുദ്ദീന്റെ കാര്യത്തിലാകുമ്പോള്‍ പ്രതിഫലം എനിക്ക് പ്രശ്‌നമല്ല. താങ്കളുടെ എന്നപോലെ എന്റെയും ശത്രുവാണ് അദ്ദേഹം. തീര്‍ചയായും താങ്കളുടെ ആഗ്രഹം നടന്നിരിക്കും.
നാജി: പിന്നെ ഒരു കാര്യം ഓര്‍ക്കണം.സലാഹുദ്ദീന്‍ ചില്ലറക്കാരനല്ല. അയാളുടെ കൈയിലും ഉണ്ട് ഒരു വല. ആ വലയില്‍ കുടുങ്ങിപ്പോകരുത്... കുടുങ്ങിയാല്‍ മരണത്തില്‍ നിന്ന് നിന്നെ രക്ഷിക്കാന്‍ സലാഹുദ്ദീന് കഴിയില്ല . നിന്റെ ജീവിതവും മരണവും ഇപ്പോള്‍ എന്റെ കൈകളിലാണ്. എന്നെ വഞ്ചിച്ചാല്‍ പിന്നെ നീ ഉണ്ടാവില്ല.
ദകൂയി: എന്നെ വിശ്വസിക്കാം. നൂറുക്ക് നൂറും.
നാജി: എനിക്ക് വിശ്വാസമാണ്.

(തുടരും)


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top