പെണ്ണുണര്‍വുകള്‍ക്ക് ആരാമം ദിശാബോധം നല്‍കും

ടി. ആരിഫലി പെണ്ണെന്നു കേള്‍ക്കുമ്പോള്‍ അവളുടെ ജൈവശേഷിയേക്കാളും സര്‍ഗശേഷിയേക്കാളും അവളുടെ ശരീര-ലൈംഗിക-സൌന്ദര്യാനുഭവങ്ങള്‍ മാത്രം തികട്ടിവരുന്ന ഒരന്തരീക്ഷം നമ്മുടെ സമൂഹത്തിലുണ്ട്. സ്ത്രീ സമൂഹത്തിന്റെ ഉണര്‍വുകളെയും ഇടപെടലുകളെയും അതിന്റെ യഥാര്‍ഥ രൂപത്തില്‍ വേണ്ടവിധം അടയാളപ്പെടുത്താന്‍ പലപ്പോഴും പ്രസിദ്ധീകരണങ്ങള്‍ക്ക് കഴിയുന്നില്ല. മുസ്ലിം സ്ത്രീകളുടെ കാര്യത്തിലാകുമ്പോള്‍ ഈ പ്രവണത കൂടുതല്‍ രൂക്ഷമാണ്. കണ്ണുനീരിന്റെയും കരിമ്പുകയുടെയും തടവറയില്‍ അകപ്പെട്ടുപോയ ജീവിതങ്ങളാണ് മുസ്ലിം സ്ത്രീ എന്നൊരു പൊതുധാരണ പലരും ചേര്‍ന്ന് സൃഷ്ടിച്ചിട്ടുണ്ട്. ആരാമം അത്തരം വാര്‍പ്പു ചിന്തകളെ മറികടക്കുന്ന മുസ്ലിം സ്ത്രീകളുടെ മഹത്തായ സംരംഭമാണ്. യഥാര്‍ഥത്തില്‍ കേരളീയ മുസ്ലിം സമൂഹത്തില്‍ നിന്നുള്ള ഒരതിസാഹസികതയായിരുന്നു ആരാമം. പെണ്ണിന്റെ സകല സര്‍ഗശേഷികളെയും മതപൌരോഹിത്യം കല്‍തുറുങ്കിലടച്ചിട്ട കാലത്താണ് കാല്‍നൂറ്റാണ്ടുമുമ്പ് ആരാമം തലയെടുപ്പോടെ കടന്നുവന്നത്. അതും വിദ്യാര്‍ഥിനികളുടെ മുന്‍കയ്യില്‍. സ്ത്രീകള്‍ക്കുവേണ്ടി സ്ത്രീകള്‍ തന്നെ തയാറാക്കി അണിയിച്ചൊരുക്കുന്ന മലയാളത്തിലെ ഏകപ്രസിദ്ധീകരണം ഇന്ന് ആരാമമാണ്. കേരളത്തിലെ മുസ്ലിംസ്ത്രീ സമൂഹത്തിന്റെ വലിയൊരു അഭിമാനക്കുറിയാണിത്. പെണ്ണിന്റെ മനസ്സും ഭാവനാലോകവും കച്ചവടച്ചന്തയായി മാത്രം മനസ്സിലാക്കുന്നവരുണ്ട്. നമുക്കിടയിലെ ഒത്തിരി വനിതാ പ്രസിദ്ധീകരണങ്ങള്‍ ഈ ബോധത്തില്‍ നിന്ന് അണിയിച്ചൊരുക്കപ്പെടുന്നവയാണ്. കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും അവ സ്ത്രീയുടെ കച്ചവടസാധ്യതയോട് മാത്രമാണ് സംസാരിക്കുന്നത്. ആരാമം സ്ത്രീയെ ജൈവശേഷിയും സര്‍ഗശേഷിയും ഒപ്പം ധാര്‍മികശേഷിയുമുള്ള മനുഷ്യനാക്കി വളര്‍ത്താനാണ് ശ്രമിക്കുന്നത്. വിശ്വാസം, ആരാധന, സമൂഹം, കുടുംബം, രാഷ്ട്രീയം, സാഹിത്യം തുടങ്ങി ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ആരാമം ഏറ്റവും ലളിതമായി അവളോട് സംവദിക്കുന്നു. അങ്ങിനെ അക്ഷരാര്‍ഥത്തില്‍ തന്നെ വീട്ടുകാരികളുടെ കൂട്ടുകാരിയാവുകയായിരുന്നു ആരാമം. കെട്ടിലും മട്ടിലും ആരാമം ഇന്ന് ഏറെ മാറിയിട്ടുണ്ട്. പേജുകള്‍ വര്‍ധിപ്പിച്ചിട്ടുമുണ്ട്. ആരാമത്തിലെ വിഭവങ്ങള്‍ നാം കൂടുതല്‍ വായനക്കാരിലേക്കെത്തിക്കേണ്ടിയിരിക്കുന്നു. സ്ത്രീ സമൂഹത്തില്‍, വിശിഷ്യാ മുസ്ലിം സ്ത്രീസമൂഹത്തിലുണ്ടായ പുത്തന്‍ ഉണര്‍വുകള്‍ക്ക് ദിശാബോധം നല്‍കാന്‍ ആരാമത്തിന് പ്രാപ്തിയുണ്ട്. ആരാമത്തെ കൂടുതല്‍ കൈകകളിലെത്തിക്കാന്‍ ആരാമത്തെ സ്നേഹിക്കുന്നവരോട് അഭ്യര്‍ഥിക്കുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top