ചാരസുന്ദരി

റഹ്മാന്‍ മുന്നൂര് No image

കാഴ്ച: 9
സലാഹുദ്ദീന്‍ അയ്യൂബിയുടെ ഓഫീസ്. നാജിയെയും സുഡാനി സൈന്യത്തെയും കുറിച്ച് രഹസ്യാന്വേഷണ വകുപ്പ് ശേഖരിച്ച വിവരങ്ങള്‍ പരിശോധിക്കുകയാണ് സലാഹുദ്ദീന്‍. അദ്ദേഹത്തിന്റെ മുഖത്തെ ഭാവങ്ങള്‍ ശ്രദ്ധിച്ചു കൊണ്ട് അലിയ്യുബ്നു സുഫ്യാന്‍ തൊട്ടടുത്ത് തന്നെ ഇരിക്കുന്നുണ്ട്. കോപ്പയില്‍ അവശേഷിച്ച ചായ വലിച്ചു കുടിച്ചശേഷം കോപ്പ ശക്തിയോടെ മേശപ്പുറത്ത് വെച്ച് സലാഹുദ്ദീന്‍ എഴുന്നേറ്റു നിന്നു.
സ.അ: അപ്പോള്‍, നമ്മള്‍ ഏറ്റവും ഭയപ്പെടേണ്ടത് നാജിയെയാണ്, അയാള്‍ കുരിശുപടയെക്കാളും അപകടകാരിയാണെന്നാണ് ഇതിലെഴുതിയിരിക്കുന്നത.്
അ.സു: അതേ. പുറത്തെ ശത്രുക്കളെക്കാള്‍ അകത്തെ ശത്രുക്കളെയാണ് നാം പേടിക്കേണ്ടത്. കുപ്പായത്തിനുള്ളിലെ വിഷസര്‍പ്പമാണ് നാജി. അയാളെ നിസ്സാരമായി കണ്ടുകൂടാ. ഈജിപ്തിലെ ശക്തിയും സ്വാധീനവുമുള്ള എല്ലാ പ്രഭുക്കന്മാരും അയാളുടെ കീശയിലാണ്. ഖലീഫ പോലും അയാള്‍ പറയുന്നതിനപ്പുറം പ്രവൃത്തിക്കുകയില്ല. പോരാത്തതിന്, അയാളോട് സമ്പൂര്‍ണ വിധേയത്വമുള്ള, അയാളെ ദൈവത്തിന് തുല്യമായി കരുതുന്ന അമ്പതിനായിരം പടവീരന്മാരുള്ള ഒരു വലിയ സൈന്യത്തിന്റെ കമാന്ററുമാണദ്ദേഹം. ഈ സുഡാനിസേനയാണ് അയാളുടെ യഥാര്‍ത്ഥ ശക്തി.
സ.അ: പരിചയസമ്പന്നരായ അമ്പതിനായിരം പടയവീരന്മാര്‍. അതൊരു വലിയ ശക്തി തന്നെയാണ്. അവരെ അപേക്ഷിച്ച് നോക്കുമ്പോള്‍ എത്രയോ തുഛവും ദുര്‍ബലവുമാണ് നമ്മുടെ സൈന്യം; എണ്ണത്തില്‍ മാത്രല്ല ആയുധശേഷിയിലും. സുഡാനി സേനയെ നമ്മുടേതാക്കണം. അത് മാത്രമേ ഒരു മാര്‍ഗമുള്ളൂ.
അ.സു: ഈജിപ്തിന്റെ ഗവര്‍ണറും സര്‍വസൈന്യാധിപനും എന്ന നിലക്ക് സുഡാനി സേന ഇപ്പോള്‍തന്നെ താങ്കളുടെ കീഴിലാണ്. അവരുടെ മേല്‍ സമ്പൂര്‍ണ നിയന്ത്രണം സ്ഥാപിക്കുകയാണാവശ്യം. അതിനുവേണ്ടി നാജിയെ മാറ്റണമെങ്കില്‍ മാറ്റണം. അതല്ല, തട്ടിക്കളയണമെങ്കില്‍ അതിനും മടിക്കരുത്.
സ.അ: സുഡാനി പട്ടാളം നാജിയോട് കൂറുപുലര്‍ത്തുന്ന കാലത്തോളം അത് സാധ്യമാണെന്ന് തോന്നുന്നില്ല.
അ.സു: അപ്പോള്‍ എന്താണ് താങ്കള്‍ കാണുന്ന പരിഹാരമാര്‍ഗം?
സ.അ: ഇപ്പോള്‍ എന്റെ മനസ്സില്‍ പരിഹാരമൊന്നുമില്ല. പുതിയ ഈജിപ്ഷ്യന്‍സേന നിലവില്‍ വരട്ടെ. അപ്പോള്‍ എന്തെങ്കിലുമൊരു വഴി ഉരുത്തിരിയാതിരിക്കില്ല. അതിനുമുമ്പ് സുഡാനിസേനയുടെ ശരിയായ കരുത്തും മനോവീര്യവും നമുക്ക് മനസ്സിലാക്കണം.
അ.സു: അതിനൊരു മാര്‍ഗമുണ്ട്.സുഡാനി സൈന്യം നമ്മെ ഒരു വിരുന്നിന് ക്ഷണിച്ചിരുന്നല്ലോ. ആ ക്ഷണം സ്വീകരിക്കണം. സുഡാനി സൈന്യത്തെ അതിന്റെ സ്വരൂപത്തില്‍ കാണാനുള്ള ഏറ്റവും നല്ല അവസരമായിരിക്കും അത്.
സ.അ: എങ്കില്‍ ഒരു ദിവസം കുറിച്ച് ഇന്നുതന്നെ നാജിയെ അറിയിക്കുക.
അ.സു: ശരി, അമീര്‍.

കാഴ്ച: 10
നാജിയുടെ അരമനയിലെ ഒരു ഇടനാഴിക. ഭക്ഷണപ്പാത്രങ്ങള്‍ അടുക്കിവെച്ച വലിയൊരു തളിക കൈയിലേന്തിക്കൊണ്ട് നടന്നുവരികയാണ് വിളമ്പുകാരി. നാജിയുടെ രണ്ട് ദാസിമാരുമുണ്ട് അവളുടെ കൂടെ.
ഒന്നാമത്തെ ദാസി: അഹങ്കാരമാണ് അവള്‍ക്ക്. വിളമ്പുകാരി ചെല്ലുമ്പോള്‍ അവളോട് ഒരു കാര്യം പറഞ്ഞേക്കണം. വല്ലാതെയങ്ങ് നിഗളിക്കരുത്. അടങ്ങി ഒതുങ്ങി കഴിയണം. അല്ലെങ്കില്‍ വിവരം അറിയുമെന്ന്.
രണ്ടാമത്തെ ദാസി: അവള്‍ ആരാണെന്നാ വിചാരം? അമീര്‍ നാജി അവളെ വിവാഹം കഴിച്ചിട്ടൊന്നുമില്ലല്ലോ. അവളും ദാസി, നമ്മളും ദാസിമാര്‍. അവള്‍ക്കായിട്ടെന്താണൊരു പ്രത്യേകത?
വിളമ്പുകാരി: പക്ഷേ, നിങ്ങള്‍ രണ്ട് പേരോടുമില്ലാത്ത സ്നേഹവും താല്പര്യവും അമീര്‍ നാജിക്ക് ദകൂയിയോടുണ്ട്. അതുകൊണ്ടല്ലേ തന്റെ തൊട്ടടുത്ത മുറിയില്‍ തന്നെ അവളെ താമസിപ്പിച്ചിരിക്കുന്നത്. നേരാനേരം അവള്‍ക്കുള്ള ഭക്ഷണം അവളുടെ മുറിയില്‍ എത്തിച്ചു കൊടുക്കാന്‍ എന്നെ പ്രത്യേകം ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഒ.ദാ: (വിളമ്പുകാരിയുടെ കൈയില്‍നിന്ന് ഭക്ഷണത്തളിക പിടിച്ചുവാങ്ങിയിട്ട്) എങ്കിലേ,അതിനി വേണ്ട. ഇന്നുമുതല്‍ ഭക്ഷണം മറ്റ് ദാസിമാരോടൊപ്പം വന്ന് കഴിക്കാന്‍ അവളോട് പറഞ്ഞേക്കുക.
വി.കാ: (പരിഭ്രമത്തോടെ) അയ്യോ,എന്താണിത്? ബുദ്ധിമോശം കാട്ടരുത്. അമീര്‍ നാജി അറിഞ്ഞാല്‍ തല എടുത്തു കളയും; മൂന്നു പേരുടെയും.
ഒ.ദാ: പേടിച്ചുപോയോ? വലിയ ധൈര്യക്കാരിയാണ്, എന്തിനും പോന്നവളാണ് എന്നൊക്കെയാണല്ലോ വിളമ്പുകാരിയെക്കുറിച്ച് കേട്ടിട്ടുള്ളത്.
വി.കാ: ഏയ്, എനിക്ക് പേടിയൊന്നുമില്ല. എന്തിന് പേടിക്കണം? ആരെ പേടിക്കണം?
~ഒ.ദാ: അത്ര ധൈര്യമാണെങ്കില്‍ ഞാന്‍ ഒരു കാര്യം ആവശ്യപ്പെട്ടാല്‍ അത് ചെയ്യുമോ?
വി.കാ: പറയൂ.കേട്ടാലല്ലേ തീരുമാനിക്കാന്‍ പറ്റൂ.
ഒ.ദാ: (ഒരു കുപ്പി എടുത്തു കാണിച്ചിട്ട്) ഇതെന്താണെന്ന് മനസ്സിലായോ?
വി.കാ: അത്തര്‍?
ഒ.ദാ: അത്തറൊന്നുമല്ല. വിഷം. ഒന്നാന്തരം പാഷാണം. ഇത് ഈ ഭക്ഷണത്തില്‍ ഒഴിച്ച് ദകൂയിക്ക് കൊടുക്കണം. എന്താ ഭയമാണോ?
വി.കാ: (ഉള്ളില്‍ ഭയമുണ്ടെങ്കിലും അത് പുറത്ത് കാണാതിരിക്കാന്‍ ശ്രമിച്ചുകൊണ്ട്) ഏയ്, ഇല്ല.
ഒ.ദാ: എങ്കില്‍ പറ. അത് ചെയ്യുമോ?
വി.കാ: അങ്ങനെ ചോദിച്ചാല്‍.. പെട്ടെന്നൊരു ഉത്തരം...
ഒന്നാമത്തെ ദാസി തന്റെ കയ്യില്‍ നിന്ന് സ്വര്‍ണ വള ഊരിയെടുത്ത് വിളമ്പുകാരിയുടെ കൈയ്യില്‍ വെച്ചുകൊടുക്കുക്കുന്നു. വിളമ്പുകാരിക്ക് അതുകണ്ടിട്ട് മതിമറന്ന സന്തോഷം.
ഒ.ദാ: ഇത് ചെറിയൊരു അച്ചാരം. പറഞ്ഞതുപോലെ ചെയ്താല്‍ വിളമ്പുകാരി ആവശ്യപ്പെടുന്നതെന്തും തരാം.
ര.ദാ: (പരിഭ്രമത്തോടെ) എടീ, നീ കാര്യത്തിലാണോ?
ഒ.ദാ: ( അവളോട് മിണ്ടാതെ ധൈര്യമായിട്ടിരിക്കാന്‍ ആംഗ്യം കാണിച്ചിട്ട് വിളമ്പുകാരിയോട്) ഇപ്പം പറയുന്നില്ലെങ്കില്‍ വേണ്ട. ആലോചിച്ച് പറഞ്ഞാല്‍ മതി. അത് കൈയില്‍ തന്നെ വെച്ചോ. ഇന്നുരാത്രി ഒരു മറുപടി കിട്ടണം.
വിളമ്പുകാരി വള ധരിച്ച് കൈ ഉയര്‍ത്തി കുലുക്കി അതിന്റെ ഭംഗി ആസ്വദിക്കുന്നു. പിന്നെ എന്തോ ഓര്‍ത്തിട്ടെന്നപോലെ അത് പെട്ടെന്ന് ഊരി വസ്ത്രത്തിനുള്ളില്‍ വെച്ച് ഭക്ഷണത്തളികയും വാങ്ങി നടക്കുന്നു. രണ്ട് മൂന്നടി മുന്നോട്ട് വെച്ച ശേഷം തിരിഞ്ഞുനിന്നിട്ട് ആവേശപൂര്‍വം
വി.കാ: ശരി. രാത്രിയില്‍ കാണാം.
ദാസിമാര്‍ : ശരി.
കാഴ്ച: 11
അമീര്‍ നാജിയുടെ ഓഫീസ്. അലിയ്യുബ്നു സുഫ്യാന് വിരുന്നിന്റെ സജ്ജീകരണങ്ങള്‍ വിശദീകരിച്ചു കൊടുക്കുകയാണ് നാജി. മുന്നിലെ മേശപ്പുറത്ത് ഒരു മാപ്പ് നിവര്‍ത്തിവെച്ചിട്ടുണ്ട്. ഒരു എഴുത്താണികൊണ്ട് അതില്‍ തൊട്ടുകാണിച്ച്,
നാജി: ഇതാ... ഇവിടെയാണ് അമീര്‍ സലാഹുദ്ദീന്റെ ഇരിപ്പിടം. ഇവിടെ വലതുഭാഗത്ത് താങ്കളുടേത്. ഇടതുഭാഗത്തെ ഇരിപ്പിടം എനിക്കുള്ളതാണ്. ഇതെല്ലാം ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും പ്രഭുക്കള്‍ക്കും പടത്തലവന്മാര്‍ക്കുമുള്ളത്. നൃത്തവും അഭ്യാസപ്രകടനങ്ങളുമൊക്കെ ഇവിടെയാണ്. ഈ ഭാഗത്ത് രണ്ടായിരം പട്ടാളക്കാര്‍ക്ക് സൌകര്യമായി ഇരുന്ന് വിനോദങ്ങള്‍ കാണാം. കൂടാരങ്ങള്‍ സജ്ജമാക്കുന്നത് ഇവിടെയാണ്. അമീര്‍ സലാഹൂദ്ദീനുള്ള പ്രത്യേക കൂടാരം ഇതാ... ഇവിടെയായിരിക്കും. ഇത് പാചകശാല. ഇത് നര്‍ത്തകികള്‍ക്ക് വസ്ത്രം മാറാനും ചമഞ്ഞൊരുങ്ങാനുമുള്ളത്.
അ.സു: ശരി, ഇതിന്റെ ഒരു പകര്‍പ്പ് എനിക്ക് വേണം.
നാജി: പകര്‍പ്പ് എടുത്ത് വെച്ചിട്ടുണ്ട്. (കടലാസ്ചുരുള്‍ എടുത്ത് അബൂസുഫ്യാന്റെ കൈയില്‍ കൊടുത്ത്) ഇതാ.
അ.സു: ഇതൊന്നും സലാഹുദ്ദീന് താല്‍പര്യമുള്ള കാര്യമല്ലെന്ന് അറിയാമല്ലോ. താങ്കളെപ്പോലെ പ്രായവും പരിചയസമ്പത്തുമുള്ള ഒരു പടത്തലവന്റെ അഭ്യര്‍ഥന ആയതുകൊണ്ട് മാത്രം അനുവദിച്ചതാണ്. അതുകൊണ്ട് എല്ലാം ശ്രദ്ധിച്ചു കൈകാര്യം ചെയ്യണം. നൃത്തം ആഭാസകരമാകരുത്. നര്‍ത്തകികളുടെ വേഷവിധാനങ്ങള്‍ നഗ്നതവെളിപ്പെടുത്തുന്ന മട്ടിലാവരുത്. പട്ടാളക്കാര്‍ക്ക് മദ്യം വിളമ്പാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നത് ശരിതന്നെ. പക്ഷേ ആരും മദ്യപിച്ച് കൂത്താടരുത്. ബഹളം കൂട്ടുകയോ പരാക്രമങ്ങള്‍ കാട്ടുകയോ അരുത്.
നാജി: നല്ല അച്ചടക്കത്തിലായിരിക്കും സകലതും.
അ.സു: അങ്ങനെയായാല്‍ താങ്കള്‍ക്കും നല്ലത്. പിന്നെ, സലാഹുദ്ദീന്റെ കൂടാരത്തിന് ശക്തമായ കാവല്‍ വേണം. അവിടെ കാവല്‍ നില്‍ക്കേണ്ട ഭടന്മാരെ ഞാന്‍ നിശ്ചയിക്കും. വേറെയൊരുകാര്യം. പട്ടാളക്കാര്‍ ആരും തന്നെ ആയുധം കൊണ്ടുവരരുത്. അഭ്യാസപ്രകടനങ്ങള്‍ക്കുള്ള ആയുധങ്ങള്‍ നാം സൂക്ഷിക്കണം. ആവശ്യമുള്ളവര്‍ക്ക്, ആവശ്യമുള്ളത് ആവശ്യമുള്ളപ്പോള്‍ മാത്രം കൊടുക്കുക. ആ ആവശ്യം കഴിഞ്ഞാല്‍ തിരിച്ചു വാങ്ങി സൂക്ഷിക്കുകയും വേണം. അമീര്‍ സലാഹുദ്ദീന്റെ കല്‍പനയാണ് ഇതെല്ലാം.
നാജി: ഒന്നിലും ഒരു വീഴ്ചയുണ്ടാവില്ല.
അ.സു: താങ്കളെ വിശ്വാസമില്ലാത്തതുകൊണ്ടല്ല. രാജ്യത്തെ സ്ഥിതിഗതികള്‍ അത്യന്തം ഭീക്ഷണമാണ്. ചാരന്മാരും ചാവേറുകളും നമുക്കിടയില്‍ ചുറ്റിക്കറങ്ങുന്നുണ്ട്. സദാ ജാഗരൂകരായിരിക്കണം നമ്മള്‍.
നാജി: അറിയാം. നമ്മുടെ സൈന്യം ശക്തമാണ്. ഏത് അടിയന്തരഘട്ടത്തെയും നേരിടാനുള്ള പരിശീലനം അവര്‍ക്ക് നല്‍കിയിട്ടുണ്ട്.
അ.സു: സന്തോഷം. എന്നാല്‍ ഞാനിറങ്ങട്ടെ. പറഞ്ഞ കാര്യങ്ങള്‍ ഓര്‍മയില്‍ ഉണ്ടായിരിക്കണം.
കാഴ്ച: 12
അമീര്‍ നാജിയുടെ ഓഫീസ്. ദകൂയിയും സംഘവും നൃത്തം ചെയ്യുന്നത് സോഫയില്‍ കിടന്നുകൊണ്ട് ആസ്വദിക്കുകയാണ് നാജി. നൃത്തം അവസാനിപ്പിച്ച് നര്‍ത്തകികള്‍ നാജിയെ തലകുനിച്ചു വന്ദിച്ചു.
നാജി: സബാഷ്. മനോഹരം. ഗംഭീരം. ഇതേ നൃത്തമായിരിക്കണം സലാഹുദ്ദീന്റെ മുമ്പിലും ഇന്ന് രാത്രി അവതരിപ്പിക്കുന്നത്.
നര്‍ത്തകികള്‍: നന്ദി ഹുസൂര്‍.
നാജി: പിന്നെ പറഞ്ഞ കാര്യങ്ങളൊക്കെ ഓര്‍മ വേണം. ഇതുവരെ ഒരു സംഗീത സദസ്സിലും പങ്കെടുക്കാത്ത ആളാണ് സലാഹുദ്ദീന്‍. ആദ്യമായി നിങ്ങളുടെ നൃത്തമാണ് അദ്ദേഹം കാണാന്‍ പോകുന്നത്. ഒറ്റ പ്രകടനം കൊണ്ട് തന്നെ അദ്ദേഹത്തിന്റെ മനസ്സ് മാറ്റിയെടുക്കണം.
നര്‍ത്തകികള്‍: ശരി, ഹുസൂര്‍.
നാജി: ഇനിയെല്ലാവരും പൊയ്ക്കൊള്ളുക. മരുഭൂമിയിലേക്കുള്ള യാത്രക്കുവേണ്ടിയുള്ള ഒരുക്കങ്ങള്‍ നടത്തുക. ആ, ദകൂയി ഇവിടെ നില്‍ക്കൂ. നിന്നോട് ചില കാര്യങ്ങള്‍ പറയാനുണ്ട്.
നര്‍ത്തകികള്‍ പിരിഞ്ഞുപോയ ശേഷം നാജിയും ദകൂയിയും ഒറ്റക്കാവുന്നു.
നാജി: വിരുന്ന് കഴിഞ്ഞ് സലാഹുദ്ദീന്‍ കൂടാരത്തില്‍ താമസിക്കും. രാത്രി നീ അദ്ദേഹത്തിന്റെ കിടപ്പറയിലെത്തണം.
ദകൂയി: പാറാവുകാരുടെ കണ്ണുവെട്ടിച്ച് അതെങ്ങനെ സാധ്യമാകും?
നാജി: അക്കാര്യത്തെക്കുറിച്ച് ഭയം വേണ്ട. എല്ലാം ഞാന്‍ ഏര്‍പ്പാട് ചെയ്യും.
ദകൂയി: സലാഹുദ്ദീന്റെ മുറിയില്‍ എത്തിയാല്‍ ബാക്കി കാര്യങ്ങള്‍ ഞാനേറ്റു.
നാജി: നീ വിചാരിക്കുന്നത്ര എളുപ്പമല്ലത്. ശരീര സൌന്ദര്യം കൊണ്ട് സലാഹുദ്ദീനെ അകപ്പെടുത്താന്‍ കഴിയില്ല. നിന്റെ നാക്ക്. അതിനെയാണ് നീ ആയുധമാക്കേണ്ടത്. നാക്കിന്റെ മായാജാലം കൊണ്ട് അദ്ദേഹത്തെ വശീകരിക്കണം.
ദകൂയി: സലാഹുദ്ദീന്റെ കൂടാരത്തിലേക്കുള്ള വാതില്‍ അങ്ങ് തുറന്നുതരിക. അദ്ദേഹത്തിന്റെ ഹൃദയത്തിലേക്കുള്ള വാതില്‍ എങ്ങനെ തുറക്കണമെന്ന് എനിക്കറിയാം.
നാജി: (പകുതി തമാശയും പകുതി കാര്യവുമായി) പിന്നെ- സലാഹുദ്ദീന്റെ മനസ്സില്‍ കയറി അവിടെത്തന്നെ ഇരുന്ന് കളയരുത്. നീ എനിക്കുള്ളതാണ്, എനിക്ക് മാത്രം. അത് മറക്കരുത്.
ദകൂയി: എന്നെ വിശ്വസിക്കൂ ഹുസൂര്‍...
നാജി: ഹും... പോയ്ക്കൊളളൂ. രാത്രി വീണ്ടും കാണാം. നൃത്തവേദിയില്‍ വെച്ച്.
(തുടരും)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top