സ്നേഹത്തിന്റെ നനുത്ത സ്പര്‍ശം

പ്രേമ ജി. പിഷാരോടി

മാതൃത്വം പരമമായ സത്യമാണ്. അതിന്റെ തീക്ഷ്ണത ഒഴുകിയിറങ്ങുന്നത് വാത്സല്യത്തിലൂടെയാണ്. സ്നേഹത്തെ നിര്‍വചിക്കുമ്പോള്‍ അതിന്റെ ഭാവവ്യംഗ പ്രതിഫലനങ്ങള്‍ ക്കനുസരിച്ചാണ് അതിലടങ്ങിയ അര്‍ത്ഥം സംഗ്രഹിക്കപ്പെടുക. ഭര്‍ത്താവിന് ഭാര്യയോട് സ്നേഹമാണ്. കാമുകന് കാമുകിയോ ടുള്ള സ്നേഹം അങ്ങനെയല്ല. മാതാവിന് കുഞ്ഞിനോടുള്ള സ്നേഹവും വ്യത്യസ്തമാണ്. ഇത്തരം ഘട്ടത്തിലൂടെ കടന്നുവരുമ്പോഴാണ് സ്നേഹത്തെ അതിന്റെ ഭാവവ്യംഗ പ്രതിഫലനങ്ങള്‍ക്കനുസരിച്ച് വിലയിരുത്തപ്പെടുക. ഇതിലൊന്ന് കാല്‍പനികവും മറ്റൊന്ന് ആപേക്ഷികവും മൂന്നാമത്തേത് സ്ഥായീഭാവവുമാണ്. മാതൃത്വത്തിന്റെ സ്നേഹം അടയാളപ്പെടുത്തുന്നത് ഈ ഒടുവില്‍ പറഞ്ഞതിലാണ്.
ദൈവത്തിന് ഒരു രൂപവും ഭാവവുമുണ്ടെങ്കില്‍ അത് സ്നേഹാനുഭവങ്ങളുടെ ഊഷ്മളതയാണെന്ന് കവയിത്രി തിരിച്ചറിയുന്നു. ജാതിമതലിംഗഭേദങ്ങളില്ലാതെ ജനങ്ങള്‍’എന്ന അഭിസംബോധനയാണ് സര്‍വശക്തന്‍ സ്വീകരിച്ചിരിക്കുന്നത് എന്ന യാഥാര്‍ഥ്യം ‘'ആദ്യാക്ഷരം' എന്ന ആദ്യകവിതയിലൂടെ തന്നെ ഊട്ടിയുറപ്പിക്കുകയാണ് ഖദീജ.
ജാതിയില്ല, മതമില്ല,
സ്ത്രീയെന്നല്ല, പുരുഷനെന്നല്ല-
ഹേ, ജനങ്ങളെ എന്നാണ് വിളി!
അനുസരണമാണ് കല്പന!
തനിക്ക് താന്‍ പോന്നവനായി
മനുഷ്യനതിക്രമിയായി....!’’
ഒരു വീട്ടമ്മ എന്ന നിലയില്‍, കമല സുരയ്യയ്ക്ക് നല്‍കാവുന്ന ഏറ്റവും ഉദാത്തമായ അക്ഷരങ്ങളാലുള്ള ഖദീജയുടെ ആദരാഞ്ജലി ഇങ്ങനെയാണ്:
മണ്‍കലങ്ങള്‍ വീണുടഞ്ഞ്
കൊതിയൂറും രുചികള്‍
ബാക്കിയായ പോലെ
അമ്മേ, നിന്‍ വേര്‍പാട്
ഇനിയുമുണ്ടൊരു ജന്മമെങ്കില്‍
നല്‍കിടേണം ഒരു കിണ്ണം കൂടി
നെയ്പായസം’
ആത്മചൈതന്യമുള്ള പക്ഷിയുടെ മണം’ എന്ന പ്രയോഗം കവിയിത്രിയുടെ ഇമേജറിസത്തിന്റെ മാറ്റുരയ്ക്കുന്നു. കമല സുരയ്യയുടെ കഥകളുടെ അന്തഃസത്തയെ സ്വാംശീകരിക്കാനും ഈ വിശേഷണം സഹായകമാകുന്നു.
വര്‍ഗ്ഗീയതയുടെ വിഷവിത്തുകള്‍ കേരളമണ്ണിനെ ചുവപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ കവയിത്രിയുടെ വ്യഥ ശ്രദ്ധിക്കൂ, വ്യഥ മാത്രമല്ല, സാമൂഹ്യജീവിതത്തിന്റെ നഷ്ടസ്വപ്നങ്ങളും പങ്കുവെക്കുന്നു.
മൂകവും നിശ്ശബ്ദവുമായ ചുറ്റുപാടിനാല്‍
വളര്‍ന്നിടുന്നു ഭീമാകാരങ്ങളായ മതങ്ങള്‍
വികലമായ ശരീരത്തില്‍ ജീവിതം പേക്കിനാവായ്
മൃതദേഹമായ വികാരങ്ങളും
ഉണര്‍ന്ന് നില്‍ക്കേണ്ട
ആത്മബോധം
ബാലപാഠമായ മാത്രം
ഞാനനുഷ്ഠിക്കവെ,
വ്യര്‍ഥമായി പോകുന്നെന്‍ സത്തയും
അനുഭവിക്കുന്നു അന്യതാബോധവും’’
ഈ സമാഹാരത്തിലെ കവിതകളിലൂടെ കണ്ണോടിക്കുമ്പോള്‍, കവിതയുടെ സാമ്പ്രദായികമായ നിര്‍ബന്ധിത ചേരുവകള്‍ ഒന്നുംതന്നെ ഖദീജയുടെ കവിതകള്‍ക്ക് മിഴിവേകിയിട്ടി ല്ലെങ്കിലും മനസ്സില്‍ തട്ടുന്ന അക്ഷരങ്ങളുടെ ശക്തി നമുക്ക് തീര്‍ച്ചയായും അനുഭവവേദ്യമാകുന്നുണ്ട്. കരിപിടിച്ച കുപ്പിയിലെ പഞ്ചസാര കണക്കെ തെളിഞ്ഞുനില്‍ക്കുന്നതാണ് ചുമരുകള്‍ക്കുള്ളില്‍ നിശ്ശബ്ദയായ ഖദീജയുടെ മനസ്സ്. അവിടെനിന്ന് അസ്വസ്ഥതയുടെ പൊള്ളുന്ന ചോദ്യശ രങ്ങളുയരുന്നത് വരികള്‍ക്കിടയില്‍ നമുക്ക് കാണാനാകും.
കവിതക്ക് നല്‍കിയ ശീര്‍ഷകങ്ങളില്‍ത്തന്നെ ചിലപ്പോള്‍ കൌതുകം അനുഭവപ്പെടും. കായും വിതയും ഫലവും, സ്ത്രീ സ്ത്രീയാണെന്നഭിമാനിക്കുക, വിവാഹത്തിലെ കൌതുകവും യാഥാര്‍ഥ്യവും, ബന്ധങ്ങളിലെ ധാരണ... അങ്ങനെ അടുക്കള മാത്രമല്ല, നിനക്ക് പരിശുദ്ധ ചിന്തകളാല്‍ അഖിലവും നിന്റേതാക്കുക’എന്ന ഉപദേശം ചിന്തോദ്ദീപകമാണ്.
ഗ്രന്ഥത്തിന്റെ പുറംചട്ടയില്‍ പ്രതിപാദിച്ചിരിക്കുന്നതുപോലെ പ്രണയമായാലും താരാട്ടായാലും എല്ലാറ്റിലുമുണ്ട് നിലാവില്‍ തെളിയുന്ന പുഞ്ചിരിയും മന്ദമാരുതന്റെ തലോടലും രാത്രിമഴയുടെ ശൃംഗാരവും എന്ന കണ്ടെത്തല്‍ അക്ഷരാര്‍ത്ഥ ത്തില്‍ അന്വര്‍ഥമാണ്. എങ്കിലും ചിത്രീകരണം കൂടിയുണ്ടെങ്കില്‍ പുസ്തകത്തിന്റെ മാറ്റ് വര്‍ധിക്കുമായിരുന്നു.
ഗ്രാമീണ നിഷ്കളങ്കതയും ആത്മീയോന്നതിയുടെ പ്രകാശപൂ രവും ഖദീജയുടെ കവിതകളില്‍ പ്രഭ ചൊരിയുന്നു. മാതൃ വാത്സല്യവും സ്ത്രീത്വവും ആത്മീയതയും സ്നേഹവും പ്രണയവും കര്‍മ്മവും ധര്‍മ്മവും നീതിയും വാത്സല്യവും എല്ലാം ഈ സമാഹാരത്തിലെ ചെറുവരികളില്‍ തെളിഞ്ഞു നില്‍ക്കുന്നു. കവിത ഒരു സാധനയാണെങ്കില്‍ ആ സാധനാ സപര്യയില്‍ ഇനിയും ഖദീജ കുറേദൂരം കൂടി സഞ്ചരിക്കേണ്ട തുണ്ട്. പ്രതിഭയുടെ തീക്ഷ്ണത ഇനിയും ഇവരില്‍ അക്ഷ രചൈതന്യമാകട്ടെ എന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നു.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top