കത്തുകള്‍

പതിനെട്ടും സൗന്ദര്യവും യോഗ്യതകളാകുമ്പോള്‍
'പ്രായം 18.  ഡിഗ്രി രണ്ടാം വര്‍ഷം, കാണാനും തെറ്റില്ല,  അടുത്തയാഴ്ചയാണ് കല്ല്യാണം.' ഇത്തരം  വാക്കുകള്‍ നമുക്കിടയില്‍ മുഴങ്ങിക്കേള്‍ക്കുന്നത് സാധാരണയാണ്. കാലമെത്ര പുരോഗമിച്ചിട്ടും ഇതിനു വലിയ മാറ്റമൊന്നും വന്നിട്ടില്ല. എന്നാല്‍ കല്ല്യാണ തിയ്യതിക്കു ശേഷം എത്ര കുടുംബങ്ങള്‍ ആ കുട്ടിയെ കോളേജിലേക്കയക്കുന്നു? എത്രപേര്‍ ഡിഗ്രി പൂര്‍ത്തിയാക്കുന്നു? ജീവിതമെന്താണെന്ന് മനസ്സിലാക്കുന്നതിന് മുമ്പ് ഇങ്ങനെയൊരുപാട് സ്ത്രീ ജന്മങ്ങള്‍ അടുക്കളകളിലും കിടപ്പറകളിലും ഒതുങ്ങിപ്പോകുന്നുണ്ട്.
വിവാഹം ഏതൊരു പെണ്‍കുട്ടിയെ സംബന്ധിച്ചും പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും പടിവാതിലാണ്. വിവാഹ ജീവിതത്തിലേക്ക് കടന്നു വന്നതിനു ശേഷം പലരും തകര്‍ന്നുവീണ ചിത്രങ്ങള്‍ മുന്നിലുണ്ടെങ്കിലും, ഇന്നുമതൊരു കൊതിപ്പിക്കുന്ന നിനവായി തുടരുന്നു. അവളെക്കാളേറെ സ്വപ്നം കാണുന്നത് അവളുടെ രക്ഷിതാക്കളാണ്.   താലോലിച്ച് വളര്‍ത്തി വലുതാക്കിയ പെണ്‍കുട്ടികളെ സുരക്ഷിത കരങ്ങളിലെത്തിക്കാന്‍ ഏതൊരു രക്ഷിതാവും ആഗ്രഹിക്കും.
പക്ഷേ, ഇന്ന് ഈ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒരു പെണ്‍കുട്ടിയുടെ സ്വപ്നങ്ങള്‍ക്കും ഉന്നത വിദ്യാഭ്യാസങ്ങളെക്കുറിച്ച് അവള്‍ക്കുള്ള ആഗ്രഹങ്ങള്‍ക്കും വിലങ്ങുതടിയായി ഭവിക്കുന്നു. അല്‍പം കയ്‌പേറിയതാണെങ്കിലും സത്യം ഇതുതന്നെയാണ്. സമൂഹത്തില്‍ അംഗീകരിക്കപ്പെടുന്ന ഒരു നല്ല വ്യക്തിയെ വളര്‍ത്തിക്കൊണ്ടുവരുന്നതിന് പകരം, നാളെ വിവാഹകമ്പോളത്തില്‍ അധികമാരോപണങ്ങള്‍ ഉന്നയിക്കാത്ത ഒരു കച്ചവടച്ചരക്കായിട്ടാണ് ഇന്ന് പെണ്‍കുട്ടികളെ വളര്‍ത്തുന്നത്.
വിദ്യാഭ്യാസപരമായ ഉന്നതിയിലേക്കോ ആകാശം മുട്ടെയുള്ള അവരുടെ നൈസര്‍ഗികമായ പാടവങ്ങളിലേക്കോ വളര്‍ത്തിക്കൊണ്ടുവരുന്നതിനു പകരം അവര്‍ വളര്‍ത്തപ്പെടുന്നത് വിവാഹം എന്ന ലക്ഷ്യങ്ങളിലേക്കാണ്. ഒന്നു ചുറ്റും നോക്കുക. നമ്മുടെ സമൂഹം വരച്ചുകാട്ടുന്ന യാഥാര്‍ഥ്യമാണിത്.
ആണ്‍-പെണ്‍ സമത്വത്തിന് വേണ്ടി വാദിക്കുകയല്ല, മറിച്ച് നിഷേധിക്കപ്പെടുന്ന സ്ത്രീനീതിക്ക് വേണ്ടി പറയുകയാണ്. 18 വയസ്സ് തികഞ്ഞ ഒരാണ്‍കുട്ടിയെ ഇനിയേത് കോഴ്‌സ് പഠിപ്പിക്കണം, ഏത് കോളേജിലേക്കയക്കണം എന്നിങ്ങനെയാണ് കുടുംബങ്ങള്‍ ചിന്തിക്കുന്നത്. എന്നാല്‍ ഇതേ സ്ഥാനത്തുള്ള പെണ്‍കുട്ടിയെക്കുറിച്ചാലോചിക്കുന്നത് എന്തായിരിക്കും? ഏറ്റവുമടുത്ത് ഏതു കോളേജാണുള്ളത്. ഏതെങ്കിലും ഒരു കോഴ്‌സിന്  തല്‍കാലം ചേര്‍ക്കണം. എന്നിട്ടുവേണം കല്യാണാലോചനകള്‍ തുടങ്ങാന്‍. ഏറിയാല്‍ ഒരു വര്‍ഷം. അതിലേറെ പെണ്‍കുട്ടിയുടെ പഠനം തുടരാന്‍ സാധ്യത വിരളം. ബഹുഭൂരിപക്ഷം വരുന്ന കേരളീയ സമൂഹത്തില്‍ ഇന്ന് നിലനില്‍ക്കുന്ന ദുരവസ്ഥയാണിത്. വിരലിലെണ്ണാവുന്ന കുടുംബങ്ങള്‍ മാത്രമാണ് മാറി ചിന്തിക്കുന്നത്. പതിനഞ്ച് ശതമാനവും പെണ്‍കുട്ടികള്‍ മാത്രമാണ് നേരത്തെയുള്ള വിവാഹങ്ങളില്‍ സംതൃപ്തരാവുന്നത്. ബാക്കി വരുന്ന 85 ശതമാനം വീട്ടുകാരുടെ 'സരുക്ഷിതവിവാഹ' സങ്കല്‍പങ്ങള്‍ക്ക് മുമ്പില്‍ സ്വന്തം ആഗ്രഹങ്ങളും സ്വപ്നങ്ങളും അടിയറവ് വെക്കേണ്ടി വന്നവരാണ്. ഇവര്‍ക്ക് ലക്ഷ്യങ്ങളിലേക്ക് നടന്ന് നീങ്ങാനുള്ള അവകാശമില്ലേ?
രക്ഷിതാക്കളെ മാത്രം ചോദ്യചിഹ്നത്തിനു മുന്നില്‍ നിര്‍ത്താന്‍ നമുക്കാവില്ല. കാരണം, മകള്‍ക്ക് അവളാഗ്രഹിച്ച സ്വാതന്ത്യം അനുവദിച്ചുകൊടുത്ത വീടുകളിലെങ്കിലും നെറ്റുകളിലൂടെയും മൊബൈല്‍ ഫോണിലൂടെയും സ്വകാര്യതകളും ഫോട്ടോകളും ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്യുന്നതിലൂടെയും ലഭിച്ച സ്വാതന്ത്ര്യം മുതലെടുക്കുന്നവര്‍ നമുക്കിടയിലുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. തനിക്ക് ലഭിച്ച വ്യക്തിസ്വാതന്ത്ര്യം ആഘോഷിക്കുന്നതില്‍ ഇന്നത്തെ തലമുറ മുന്നിലാണെന്നത് സത്യം തന്നെയാണ്. പ്രത്യേകിച്ചും വീട്ടില്‍ നിന്നും ദൂരെ താമസിക്കുന്നവര്‍.  അത് തിരുത്താന്‍ ശ്രമിക്കുന്നവര്‍ പലപ്പോഴും എല്ലാവരുടെയും മുമ്പില്‍ പരിഹാസ്യരാവുന്നത് അനുഭവിക്കുകയും കാണുകയും ചെയ്യുന്നുമുണ്ട്. സ്വന്തം ജീവിതത്തിന്റെയും പെണ്ണെന്ന നിലയില്‍ സൂക്ഷിക്കേണ്ട സദാചാര മൂല്യങ്ങളുടെയും വില മനസ്സിലാക്കാത്ത, എല്ലാം തമാശയായി എടുക്കുന്ന പെണ്‍കുട്ടികളും നമുക്കിടയിലുണ്ട്. എല്ലാം തുറന്നുപറയുന്നു എന്ന് വിശ്വസിച്ച മകള്‍ തന്നെ കോമാളിയാക്കുകയായിരുന്നു എന്ന് വേദനയോടെ രക്ഷിതാക്കള്‍ക്ക് മനസ്സിലാക്കേണ്ടിവരുന്നതും നേരത്തെയുള്ള വിവാഹങ്ങള്‍ക്ക് ഒരു പരിധിവരെ കാരണമാകുന്നു. എന്നു കരുതി നേരത്തെ കെട്ടിച്ചയച്ച് കൈയൊഴിയുക എന്നതായിരിക്കരുത് ഇതിനുള്ള ഒറ്റമൂലി. സമൂഹത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ ഏറിവരികയാണ് (ആണ്‍കുട്ടികളും സുരക്ഷിതരല്ലെന്ന് ഓര്‍ക്കണം). ഏതൊരു രക്ഷിതാവിനെ സംബന്ധിച്ചും വീട്ടില്‍ നിന്നിറങ്ങുന്ന പെണ്‍കുട്ടി മനസ്സിലെരിയുന്ന കനലാണ് എന്നു കരുതി അവളുടെ അവകാശങ്ങള്‍ ഇല്ലായ്മ ചെയ്ത് സ്വാതന്ത്ര്യമില്ലാതാക്കി വീടിനകത്തെ ചട്ടക്കൂടില്‍ ഒതുക്കിനിര്‍ത്തുകയല്ല വേണ്ടത്. ചോദ്യം ചെയ്യലുകളില്ലാതെ സ്വതന്ത്രമാക്കി അഴിച്ചുവിടണമെന്നുമല്ല. മതപരമായ, സാമൂഹ്യപരമായ മൂല്യങ്ങളെക്കുറിച്ചുള്ള അറിവ് പകര്‍ന്നു കൊടുത്ത,്  ജീവിതത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുത്ത,് അവരുടെ ജീവിത മാര്‍ഗങ്ങളില്‍ വെളിച്ചം പകരുകയാണ് വേണ്ടത്. അറവ് മാടിന്റെ കഴുത്തിലെ കയര്‍ അഴിഞ്ഞുപോകരുതെന്ന് കരുതി മുറുക്കിക്കെട്ടുന്നത് പോലെ യാതൊരു സ്വാതന്ത്ര്യവുമില്ലാതെ ആഗ്രഹിച്ച വിദ്യാഭ്യാസവും പോലും നിഷേധിച്ച് വളര്‍ത്തുന്ന കുട്ടികളില്‍ എത്ര പേര്‍ സന്തോഷപൂര്‍വം ജീവിക്കുന്നു എന്നന്വേഷിക്കണം.  പ്രശ്‌നം വരുമ്പോള്‍ നേരിടാനാവാതെ കണ്ണീരിലഭയം തേടുന്ന എത്ര അമ്മമാരും സഹോദരിമാരും നമുക്കിടയിലുണ്ട്. അവര്‍ക്ക് അര്‍ഹിച്ച വിദ്യാഭ്യാസം ലഭിക്കാതെ ചിന്തകളും വ്യക്തിത്വവും മുരടിച്ചുപോയതാണ് ഇന്നവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളുടെ യഥാര്‍ഥ കാരണം.
ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും അവരുടെ വ്യക്തിസ്വാതന്ത്ര്യത്തെ പൂര്‍ണമായും ഹനിക്കാതെ അവരെ നിയന്ത്രിക്കണം. പെണ്‍കുട്ടികളുടെ സദാചാരം മാത്രം ചോദ്യം ചെയ്യപ്പെടുകയും ആണ്‍കുട്ടികളുടെത് തള്ളിക്കളയുകയും ചെയ്യുന്ന അവസ്ഥ മാറേണ്ടിയിരിക്കുന്നു. വിവാഹം ചെയ്തുകൊടുക്കേണ്ട ഒരു ഉല്‍പ്പന്നത്തെ വളര്‍ത്തുന്നതിനുപകരം സാംസ്‌കാരികമായും സാമൂഹ്യപരമായും മതപരമായും ഉന്നതചിന്തകളുള്ള നല്ലൊരു ഭാര്യയും അമ്മയുമാക്കാന്‍ കഴിവുള്ള ഒരു സ്ത്രീ സമൂഹം വളര്‍ന്നുവരേണ്ടിയിരിക്കുന്നു. ഞാനടക്കമുള്ള പുരുഷ സമൂഹം അംഗീകരിച്ചാലും ഇല്ലെങ്കിലും ഏതൊരു പുരുഷന്റെയും വളര്‍ച്ചക്കും തളര്‍ച്ചക്കും പിന്നില്‍ ഒരു സ്ത്രീ സാന്നിധ്യമുണ്ട്.
നസീല്‍ കക്കാട്
കാരശ്ശേരി


ലേഖനം കാലോചിതമായി
മാന്യതയും അന്തസ്സുമുള്ള വസ്ത്രമായിരുന്നു ഒരു കാലത്ത് പര്‍ദ്ദ. ലളിതവും മാന്യവുമായ വസ്ത്രമാണെന്ന് നമുക്ക് അഭിമാനിക്കാമായിരുന്നു. എന്നാല്‍ കാലത്തിനൊത്ത് കോലം കെട്ടാന്‍ മിടുക്കന്മാരായി നമ്മുടെ തലമുറ വളര്‍ന്നിരിക്കുന്നു. പുതുതലമുറക്ക് പ്രചോദനമാകുംവിധം ഏപ്രില്‍ മാസത്തില്‍ ഇല്‍യാസ് മൗലവി എഴുതിയ 'വസ്ത്രധാരണവും സ്ത്രീകളും' എന്ന ലേഖനം കാലോചിതമായി.
ഫാത്വിമ
അരിയില്‍


ആരോഗ്യബോധം
ഏപ്രില്‍ ലക്കം ഇല്‍യാസ് മൗലവി എഴുതിയ 'സ്ത്രീകളും വസ്ത്രധാരണവും' വളരെ ശ്രദ്ധേയമായി. ആരാമത്തില്‍ പ്രസിദ്ധീകരിച്ച വിവിധ ഫലങ്ങളുടെയും പച്ചക്കറികളുടെയും ഔഷധഗുണങ്ങളും ആരോഗ്യത്തെക്കുറിച്ചുള്ള ലേഖനങ്ങളും നന്നായി. മായമില്ലാതെ ജീവിക്കാന്‍ കഴിയില്ല എന്നായിത്തീര്‍ന്ന ഇക്കാലത്ത് ഇത്തരം ലേഖനങ്ങള്‍ അവസരോചിതം തന്നെ.
അമീന
ചാവക്കാട്


കണ്ണട വേണ്ടിവരും
ആരാമം മെയ് 2012 ലക്കത്തിലെ ''കണ്ണടകളില്ലാതെ'' എന്ന പംക്തിയിലെ ചില പരാമര്‍ശങ്ങളാണ് ഈ കുറിപ്പിന്നാധാരം.
ശാന്തപുരത്തുകാരി ഒരു പെണ്‍കുട്ടി കൂട്ടുകാരിയുമൊത്ത് വിവാഹത്തിനു മുമ്പ് പ്രതിശ്രുത വരന്റെ വീട് സന്ദര്‍ശിക്കുകയും സമൂഹം 'ചേര്‍ത്തു വെച്ചിട്ടുള്ള ചിലതൊക്കെ പൊളിച്ചിടുകയും' 'ചില മതിലുകള്‍ മറിച്ചു വീഴ്ത്തുകയും ചെയ്തതായി വായിക്കാനിടയായി. ഇവിടെ പൊളിച്ചിടുകയും മറിച്ചു വീഴ്ത്തുകയും  ചെയ്തതെന്താണെന്ന് കുറച്ചുനേരം ചിന്തിച്ചു പോയി.
ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക് വിരുദ്ധമല്ലാത്ത, എന്നാല്‍ സാമൂഹിക കുടുംബ ഭദ്രതക്കും സാംസ്‌കാരികത്തനിമ കാത്തു സൂക്ഷിക്കുന്നതിനും ആവശ്യമായ, കാലങ്ങളായി സമൂഹത്തില്‍ സര്‍വാംഗീകൃതമായി നിലനിന്നു പോരുന്ന ചില നടപടി ക്രമങ്ങളുണ്ട്. ഒരു അലിഖിത നിയമം പോലെ തുടര്‍ന്നു വരുന്നതാണത്. ഇത് നിലനില്‍ക്കുന്നത് കൊണ്ട് സമൂഹത്തിന് പ്രത്യേകമായ ദോഷമൊന്നുമില്ലെന്ന് മാത്രമല്ല, അത് തകര്‍ത്തു കളയുമ്പോള്‍ തകര്‍ന്നു വീഴുന്നത് സമൂഹം സദുദ്ദേശത്തോടെ പൊതുവെ അംഗീകരിച്ചു പോരുന്ന സംസ്‌കാരത്തിന്റെയും പെരുമാറ്റച്ചട്ടങ്ങളുടെയും ലജ്ജാശീലത്തിന്റെയും അതിര്‍വരമ്പുകളാണ്. വിവാഹത്തിനു മുമ്പ് പ്രതിശ്രുത വധുവിന്റെ  വീട്ടിലേക്ക് പെണ്ണു കാണാനല്ലാതെ വീടു കാണാനും വിലയിരുത്താനും വേണ്ടി പോകുവാന്‍ സാധാരണ ഗതിയില്‍ ഒരു പുരുഷന്‍ വരെ ലജ്ജിക്കുകയും വിസമ്മതിക്കുകയും ചെയ്യുമെന്നിരിക്കെ, ഒരു സ്ത്രീ അതിനു തയ്യാറായി എന്നത് സമൂഹം പൊതുവെ സ്വാഗതം ചെയ്യുമെന്ന് തോന്നുന്നില്ല. വിവാഹത്തിനു മുമ്പ് സ്ത്രീ പുരുഷന്മാര്‍ പരസ്പരം കാണുന്നതിനെയും ഇഷ്ടപ്പെടുന്നതിനെയും ഇസ്‌ലാം പ്രോത്സാഹിപ്പിച്ചിട്ടുണ്ടെങ്കിലും  വിവാഹ ശേഷം താമസിക്കാന്‍ പോകുന്ന വീട് പോയിക്കണ്ട് വിലയിരുത്തണമെന്ന നിബന്ധനയൊന്നും അത് വെച്ചിട്ടില്ല. പ്രത്യാഘാതങ്ങളും പരിണിത ഫലങ്ങളും ചിന്തിക്കാതെ സമൂഹം പൊതുവെ അംഗീകരിച്ചു പോരുന്ന എന്തിനെയും ഏതിനെയും വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്യുകയെന്നത് അത്ര നല്ല കാര്യമൊന്നുമല്ല. സമൂഹത്തില്‍ ഒറ്റപ്പെടാന്‍ മാത്രമേ അത് സഹായകമാകൂ.
വിവാഹത്തിലും സ്ത്രീകളോടുള്ള സമീപനങ്ങളിലും മാറ്റത്തിന് വിധേയമാക്കപ്പെടേണ്ട ഒട്ടേറെ അനാചാരങ്ങളും അനീതികളും നിലനില്‍ക്കുന്നുണ്ടെന്നത് ശരി തന്നെ. എന്നാല്‍ ഇസ്‌ലാമിക സമൂഹത്തിലെ സ്ത്രീകള്‍ (പുരുഷനും) ഇന്ന് ഇസ്‌ലാമിക മൂല്യങ്ങള്‍ക്കനുസൃതമായ മാറ്റങ്ങള്‍ക്ക് വിധേയരായിക്കൊണ്ടിരിക്കുന്നുണ്ട് എന്ന വസ്തുത കാണാതിരുന്നു കൂടാ. വിദ്യാഭ്യാസത്തിന്റെ മുന്നേറ്റവും ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ബോധവല്‍ക്കരണ ശ്രമങ്ങളും തന്നെയാണ് ഇതിനു കാരണം. ഈ മാറ്റങ്ങളെ കാണാതെ തിന്മകളെയും അനാചാരങ്ങളെയും മാത്രം സാമാന്യവല്‍ക്കരിക്കുന്നത് അഭികാമ്യമല്ല.
എന്തൊക്കെ പറഞ്ഞാലും വിവാഹം സ്ത്രീയുടെ (പുരുഷന്റെയും) ജീവിതത്തിലെ ഒരു സുപ്രധാന ഘട്ടമാണ്. സ്ത്രീയും പുരുഷനും പ്രായപൂര്‍ത്തിയാകുന്നതോടെ വിവാഹജീവിതത്തെക്കുറിച്ച ചിന്തയെ കവച്ചു വെക്കുന്ന മറ്റേതെങ്കിലും ചിന്ത അവരുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടോ എന്ന് സംശയമാണ്. അവരുടെ വിദ്യാഭ്യാസവും തൊഴില്‍ സമ്പാദനവുമെല്ലാം ഈ ലക്ഷ്യവുമായി ബന്ധപ്പെടുത്തിയാണ് അവര്‍ കാണുന്നത്. ജീവിതത്തിലെ സുപ്രധാനമായ മനുഷ്യനിലനില്‍പ്പിന്നാസ്പദമായ ഈ സംഭവത്തിനു വേണ്ടി സ്ത്രീയെ (പുരുഷനെയും) 'ചെത്തിമിനുക്കി' പാകപ്പെടുത്തേണ്ടതു തന്നെയാണ്. കാരണം ചെത്തിമിനുക്കി പാകപ്പെടുത്തിയ ഇണയെ തിരഞ്ഞെടുക്കാന്‍ തന്നെയാണ് അധികമാളുകളും ഇഷ്ടപ്പെടുക. അല്ലാതെ കുപ്പയില്‍ വളര്‍ന്നു വരുന്ന പച്ചപ്പ് പോലുള്ളത് ആരും ഇഷ്ടപ്പെടുകയില്ലല്ലോ?
വൈവാഹിക ജീവിതത്തിന്റെ കെട്ടുറപ്പിനും വിജയകരമായ നിലനില്‍പ്പിനും ശാരീരികമായ ചില ഘടകങ്ങള്‍ കൂടി സമൂഹത്തില്‍ പരിഗണിക്കപ്പെട്ടു പോരുന്നുണ്ട്. ഈ ശാരീരിക ഘടകങ്ങളുടെ പൊരുത്തക്കേട് ചിലപ്പോള്‍ വിവാഹത്തകര്‍ച്ചയിലേക്ക് നയിച്ചേക്കാം. വിവാഹിതയാവാന്‍ പോകുന്ന സ്ത്രീ - പുരുഷന്മാര്‍ പരസ്പരം കാണാനും ഇഷ്ടപ്പെടാനും പ്രവാചകന്‍ പ്രോത്സാഹിപ്പിച്ചത് ഇതോട് ചേര്‍ത്തു വായിക്കേണ്ടതാണ്. വിവാഹിതനാകുന്ന പുരുഷന് സ്ത്രീയെക്കാള്‍ 8-10 വയസ്സ് കൂടുതല്‍ വേണമെന്നത് നമ്മുടെ പൂര്‍വികര്‍ക്ക് നിര്‍ബന്ധമായിരുന്നു. ഇന്നത്തെ ആധുനികരെക്കാള്‍ ദീര്‍ഘവീക്ഷണമുള്ളവരായിരുന്നു അവര്‍ എന്നാണ് മനസ്സിലാകുന്നത്. 55-60 വയസ്സാകുമ്പോഴേക്കും സ്ത്രീകളുടെ ലൈംഗിക ആഗ്രഹം ഏതാണ്ട് അവസാനിക്കും. പുരുഷന്റേത് പിന്നെയും 10-15 വര്‍ഷം കൂടി നീണ്ടു നില്‍ക്കും. ആ അവസരത്തിലാണ് പ്രായ വ്യത്യാസം ഒരു അനുഗ്രഹമായി തോന്നുക (വിവാഹിതരാകുന്ന ഘട്ടത്തിലല്ല).  ഈ ഘട്ടത്തില്‍ തന്റെ ശാരീരികാവശ്യ പൂര്‍ത്തീകരണത്തിന് ഭാര്യ മതിയാകാതെ വരുമ്പോള്‍ ചിലരെങ്കിലും 'അനിവാര്യ കാരണത്താല്‍' മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചേക്കും. സമപ്രായക്കാരായ സ്ത്രീ പുരുഷന്മാര്‍ വിവാഹിതരാകുന്ന ഇന്നത്തെ പ്രവണതയുടെ പ്രത്യാഘാതം ഭാവി ജീവിതത്തില്‍ അനുഭവിക്കാന്‍ പോകുന്നതേയുള്ളൂ. അതും അനുഭവിക്കേണ്ടി വരിക കൂടുതലും സ്ത്രീകളായിരിക്കും. അതിനാല്‍ പുരുഷന് സ്ത്രീയെക്കാള്‍ അല്‍പം വയസ്സ് കൂടുന്നത് നന്നായിരിക്കും.
മേല്‍ സൂചിപ്പിച്ച പംക്തിയില്‍ പെടാത്ത ചിലതു കൂടി സൂചിപ്പിക്കട്ടെ, സ്ത്രീയെയും പുരുഷനെയും പരസ്പരം ഇണയും തുണയുമായി സൃഷ്ടിച്ച അല്ലാഹു തന്നെ അവരില്‍ പ്രകൃത്യാ വ്യത്യാസങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. കുടുംബ വ്യവസ്ഥയില്‍ സ്ത്രീയെ പരിരക്ഷിക്കേണ്ട ഉത്തരവാദിത്തം പുരുഷനു നല്‍കി പുരുഷനെ കുടുംബത്തില്‍ രക്ഷാധികാരിയാക്കി. ശാരീരിക കഴിവുകളുടെ അവസ്ഥയിലും ഈ വ്യത്യാസം ദര്‍ശിക്കാം. ദൈവദത്തമായ ഈ വ്യത്യാസങ്ങളും പരിമിതികളും അംഗീകരിച്ചേ പറ്റൂ. പുരുഷന്മാര്‍ സ്ത്രീകളുടെയും സ്ത്രീകള്‍ പുരുഷന്മാരുടെയും വേഷമണിയുന്നത് പ്രവാചകന്‍ (സ) വിരോധിച്ചത് ഈ വ്യതിരിക്തത നിലനിര്‍ത്തുന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എല്ലാ വിഷയത്തിലും സ്ത്രീയും പുരുഷനും തുല്യരാകണമെന്നത് ഒരു ഫെമിനിസ്റ്റ് ചിന്ത മാത്രമാണ്. ഇസ്‌ലാമിക് ഫെമിനിസം എന്നൊന്നില്ല. സ്ത്രീയും പുരുഷനും ആരാണെന്നും അവര്‍ ആരാകണമെന്നും ഖുര്‍ആനും തിരുസുന്നത്തും വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്.
അബ്ദുല്ല
ചാവക്കാട്
         

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top