പ്രസവം പേടി സ്വപ്നമോ?

ഡോ: ഷഹീല ഫാഇസ് (ബി.എച്ച്.എം.എസ്) No image

വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും ഗര്‍ഭിണിയായില്ലെങ്കില്‍ വധുവിനും ബന്ധുക്കള്‍ക്കും പരിഭ്രാന്തിയായി. തുടര്‍ന്ന് ചികിത്സയും ആരംഭിക്കുന്നു.
മാതൃത്വം അത്രമേല്‍ വലിയ ഒരനുഭവമാണ്. ലോകത്തുള്ള എല്ലാ ജീവജാലങ്ങളിലും മുട്ടയിട്ടും പ്രസവിച്ചും വംശം നിലനിര്‍ത്തുന്നത് അവയിലെ പെണ്‍വര്‍ഗമാണ്.
പ്രസവം അങ്ങനെ ഒരു സാധാരണവും അനിവാര്യവുമായ സംഭവമായി ലോകത്ത് നടക്കുന്നു. മനുഷ്യനൊഴിച്ച് മറ്റൊരു ജീവിക്കും ഇതിന് ഡോക്ടറോ ആശുപത്രിയോ മരുന്നോ പരസഹായമോ ആവശ്യമില്ല. മനുഷ്യന്‍ മാത്രം ഈ നിലയില്‍ പ്രസവത്തെ സമീപിക്കുന്നത് അജ്ഞതകൊണ്ടാണ്. ഈ അജ്ഞത മുതലെടുത്താണ് വന്‍ വ്യവസായം തഴച്ചു വളരുന്നത്.
പ്രസവവേദനയാണ് ഗര്‍ഭധാരണത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ യുവതികള്‍ക്കുണ്ടാവുന്ന ഭയം. എന്നാല്‍ നാം പ്രതീക്ഷിക്കുന്ന അരുമ സന്താനത്തെ കാണുമ്പോള്‍ അതിന്റെ കരച്ചില്‍ കേള്‍ക്കുന്നതോടെ നാം അനുഭവിച്ച വേദന സുഖകരമായ ഒരാലസ്യമായി മാറുന്നു. എന്നാല്‍ അറുപത് ശതമാനം സ്ത്രീകള്‍ക്കും പ്രസവം ഒരു പേടി സ്വപ്നമായി മാറിയിരിക്കുന്നു. അസഹനീയമായ വേദന എന്ന ഭയം. എന്നാല്‍ പലപ്പോഴും ഇത്തരം ധാരണകളാണ് പ്രസവത്തെ പ്രയാസകരമാക്കുന്നത്. ഭയം പ്രസവവേദനയെ വര്‍ധിപ്പിക്കും. അതെങ്ങനെയെന്ന് നോക്കാം.
സാധാരണ, ശരീരത്തില്‍ നിന്നും ബാഹ്യമായും നിരവധി സന്ദേശങ്ങള്‍ നാഡിവഴി തലച്ചോറില്‍ എത്തുന്നുണ്ട്. അവ സ്വീകരിക്കുകയും വിശകലനം ചെയ്ത് നടപടികള്‍ സ്വീകരിക്കാന്‍ അവയവങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്യുന്നു. പ്രസവ സമയമടുക്കുന്നതോടെ ഗര്‍ഭാശയത്തില്‍ നിന്ന് തലച്ചോറിലേക്കും തിരിച്ചും സന്ദേശ പ്രളയമായിരിക്കും. മറ്റു സന്ദേശങ്ങളുമായി മത്സരിക്കേണ്ടി വരുന്ന ഒരു അവസ്ഥാവിശേഷം സംജാതമാകുന്നു. തലച്ചോറിന്റെ അന്തര്‍ലീനശക്തി (potential force) കുറയാന്‍ സാഹചര്യമുണ്ടാകുമ്പോള്‍ (ഉദാഹരണത്തിന്- ഭയം, മാനസിക സമ്മര്‍ദം, മരണവാര്‍ത്ത) നിരന്തര സമ്പര്‍ക്കം തടസ്സപ്പെടുന്നതിനാല്‍ ആന്തരിക അവയവങ്ങളില്‍ വേദന അനുഭവപ്പെടുന്നു. വേദനാഭയം ഉള്ളില്‍ ഉറപ്പിച്ച ആളാണെങ്കില്‍ ചെറിയ തരത്തില്‍ അനുഭവിക്കേണ്ട ആ വേദന മനസ്സിലെ വേദനയായി അനുഭവിക്കേണ്ടി വരികയും ചെയ്യുന്നു.
അതിനാല്‍ ആദ്യ ഗര്‍ഭധാരണത്തിനു മുമ്പ് തന്നെ ശരിയായ അറിവ് നേടേണ്ടതുണ്ട്. കാര്യമില്ലാതെ പരിശോധനകളും സിസേറിയനുമായി ഒരു പ്രസവത്തിന് ലക്ഷങ്ങള്‍ വരെ മുടക്കുന്നവരുമുണ്ട്.
പ്രകൃതിപരമായ ഒരു പ്രക്രിയക്ക് സ്ത്രീ സന്നദ്ധയാവുകയാണ്. അവള്‍ വിവാഹിതയായി, ലൈംഗിക ബന്ധം നടന്നു ഗര്‍ഭിണിയായി. ദൈനംദിന ജീവിതത്തില്‍ ഒരു മാറ്റവും ഗര്‍ഭിണിയായതുകൊണ്ട് മാത്രം വരുത്തേണ്ടതില്ല. ഭക്ഷണം ശരിയായ രീതിയില്‍ കഴിക്കണമെന്നല്ലാതെ വയറ്റില്‍ വളരുന്ന കുഞ്ഞിന് വേണ്ടി വേറെ ആഹാരം ആവശ്യമില്ല. ആയാസകരമായ ജീവിതരീതിയാണെങ്കില്‍ നാലുമാസം വരെ ശ്രദ്ധ വേണം. പരുഷമായ  ഭക്ഷണം നല്ലതല്ല. കൃത്രിമ ആഹാരങ്ങളും ഒഴിവാക്കണം. ദിവസവും അരമണിക്കൂറെങ്കിലും നടക്കണം. രാവിലെയും വൈകുന്നേരവും സൂര്യപ്രകാശമേല്‍ക്കണം. അയവുള്ള വസ്ത്രം ധരിക്കണം. പിറക്കാന്‍ പോകുന്ന കുഞ്ഞിന് വേണ്ടി നാം ചില ദുഃശീലങ്ങള്‍ ഒഴിവാക്കിയാല്‍ കൂടുതല്‍ നന്ന്. പകലുറക്കം, ചായ, പഞ്ചസാര, മൈദ, ബേക്കറി ഉല്‍പന്നങ്ങള്‍ തുടങ്ങിയ ആഹാരങ്ങള്‍ ഒഴിവാക്കി പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ഭക്ഷണത്തില്‍ ഇടം നല്‍കുക. യാതൊരു കാരണവശാലും ഡോക്ടറെ സമീപിക്കാതെ മരുന്നുകള്‍ കഴിക്കരുത്. അനിവാര്യമായ കാരണങ്ങളില്ലാതെ സ്‌കാനിംഗും മറ്റ് ടെസ്റ്റുകളും സ്വീകരിക്കരുത്.
ഒരിക്കലും പ്രസവം കാത്ത് 'കിടക്കരുത്'. മനുഷ്യനൊഴിച്ച് മറ്റ് ജീവികളെ ശ്രദ്ധിക്കുക. അവര്‍ നടക്കുകയും കാലുകള്‍ മുന്നോട്ടും പിറകോട്ടും വീശുകയുമൊക്കെ ചെയ്യുന്നത് കാണാം. മര്‍യം ബീവിക്ക് പ്രസവമടുത്തപ്പോള്‍ പരിസരത്തുള്ള ഈത്തപ്പന കുലുക്കി പഴം വീഴ്ത്താന്‍ അല്ലാഹു കല്‍പിച്ചതോര്‍ക്കുക. അവിടെ പ്രസവം സുഖകരമാവാന്‍ വേണ്ടിയാണ് ആ കല്‍പന ഉണ്ടായതെന്ന് വ്യക്തമാണല്ലോ. പ്രസവം പ്രകൃതിപരമായി നടക്കാന്‍ അനുവദിച്ചാല്‍ ശരീരത്തില്‍ നിന്ന് എന്‍ടോര്‍ഫിന്‍ (endorphin) എന്ന ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കുന്നു. എന്‍ടോര്‍ഫിന്‍ പ്രകൃതിപരമായ വേദനസംഹാരിയാണ്.
ഗര്‍ഭാശയപേശികളുടെ പ്രവര്‍ത്തനവും പ്രധാനമാണ്. ഗര്‍ഭാശയത്തിന് രണ്ടുതരം പേശികളാണുള്ളത്. ഒന്ന്- നീളത്തിലുള്ള പേശികള്‍ (longitudinal)- ഇത് സെര്‍വിക്‌സില്‍ നിന്ന് (ഗര്‍ഭാശയത്തിന്റെ മുഖം) മുന്നിലേക്കും മുകളിലേക്കും പിറകിലേക്കുമാണ് സ്ഥിതിചെയ്യുന്നത്. രണ്ട്- വൃത്താകൃതിയിലുള്ള പേശികള്‍ (circular) സ്ഥിതിചെയ്യുന്നത് ഗര്‍ഭാശയത്തിന്റെ പുറത്തേക്കുള്ള മാര്‍ഗത്തിലാണ്. ഈ പേശികള്‍ക്ക് ബലമുണ്ടാകുമ്പോഴാണ് ഗര്‍ഭാശയം അടയുകയും ഗര്‍ഭാശയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യുന്നത്. ഇത് പ്രസവസമയം ദീര്‍ഘിപ്പിക്കുകയും വേദന തീവ്രമാക്കുകയും ചെയ്യുന്നു. ഇതൊഴിവാക്കുകയാണ് സുഖപ്രസവത്തിന് ആവശ്യം.
പ്രസവസമയത്ത് ഗര്‍ഭപാത്രം തുടര്‍ച്ചയായി ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നു. ഗര്‍ഭപാത്രം ചുരുങ്ങുമ്പോഴാണ് വേദന അനുഭവപ്പെടുന്നത്. ഈ സമയത്ത് ഗര്‍ഭപാത്രത്തിലേക്കുള്ള രക്തയോട്ടവും ഓക്‌സിജനും ഒരു പരിധിവരെ തടസ്സപ്പെടുന്നു. തുടര്‍ന്നുള്ള വികസനത്തിന്റെ സമയത്ത് രക്തവും ഓക്‌സിജനും ആവശ്യത്തിന് ലഭിക്കുന്നു. പേശികളെല്ലാം വിശ്രമിക്കുമ്പോള്‍ വളരെ കുറച്ച് ഊര്‍ജമേ ഉപയോഗിക്കപ്പെടുന്നുള്ളൂ. ഓരോ വേദനയുടെയും ഇടയില്‍ കിട്ടുന്ന വിശ്രമാവസ്ഥയാണ് ശരീരം ശാന്തമാക്കാന്‍ ഉപയോഗപ്പെടുത്തേണ്ടത്. അതോടൊപ്പം നന്നായി ശ്വാസം വലിക്കുകയും ശ്വാസം വിടുകയും ചെയ്യുക, ഇത് വേദന കുറക്കാന്‍ സഹായിക്കും.
പ്രസവം എളുപ്പമാക്കാനുള്ള മറ്റൊരു മാര്‍ഗമാണ് പ്രസവവേദന ആരംഭിച്ചാല്‍ നടക്കുക എന്നുള്ളത്. നടക്കുമ്പോള്‍ ഗുരുത്വാകര്‍ഷണം കൊണ്ട് കുഞ്ഞ് താഴ്ന്ന് വരാനും പ്രസവസമയം ചുരുങ്ങാനും സഹായിക്കുന്നു. മലര്‍ന്ന് കിടക്കുമ്പോള്‍ കുഞ്ഞിന്റെ ഭാരവും ഗര്‍ഭാശയവും പ്രധാന രക്തക്കുഴലായ വിനാകേവമേല്‍ അമരുകയും രക്തയോട്ടം കുറയുകയും ചെയ്യുന്നു.
 സ്ത്രീയുടെ ശരീരഘടന പ്രസവിക്കാന്‍ അനുയോജ്യമായ രൂപത്തിലാണ്. അസഹനീയമായ വേദന അനുഭവപ്പെടുമ്പോള്‍ ശരീരത്തിന് അത് തടയാന്‍ വേണ്ടി പ്രകൃതി അനുവദിച്ച മാര്‍ഗമാണ് ബോധം നഷ്ടപ്പെടുത്തുകയെന്നത്. എന്നാല്‍ പല സ്ത്രീകളും പ്രസവസമയത്ത് ബോധം കെടുന്നത് വേദനകൊണ്ടല്ല മറിച്ച് മരുന്നുകളും ഭീതിയും കൊണ്ടാണ്.
പ്രസവത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ഒഴിവാക്കി ദൈവംതരുന്ന ഈ സൗഭാഗ്യത്തെ ഒരു പോസിറ്റീവ് സമീപനത്തോടു കൂടി കണ്ടാല്‍ ഏതൊരു സ്ത്രീക്കും പ്രസവത്തെ ഭയക്കാതിരിക്കാം.        |


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top