ഏകാന്തതയിലെ ആത്മമിത്രം

അര്‍ഷിയ നാസ്, വെട്ടം (ശാന്തപുരം അല്‍-ജാമിഅ അല്‍- ഇസ്‌ലാമിയ്യ, ശരീഅ -രണ്ടാം വര്‍ഷം) No image

മ്മുടെ സമൂഹത്തില്‍ സ്ത്രീകളുടെ എണ്ണം കൂടുതലായതിനാല്‍ പൊതുസമൂഹത്തിന്റെ രാഷ്ട്രീയ, സാമൂഹിക ഗതി നിര്‍ണയിക്കുന്നതില്‍ സ്ത്രീക്ക് പ്രധാന പങ്കുണ്ട്. ഇന്ത്യയെപ്പോലുള്ള ജനാധിപത്യ രാജ്യങ്ങളില്‍ വിശേഷിച്ചും. വിവരവും അതുമുഖേന കൈവരുന്ന വിവേകവുമില്ലാത്ത സ്ത്രീകള്‍ക്ക് സമൂഹത്തെ നേര്‍ ദിശയിലേക്ക് ചലിപ്പിക്കുന്നതില്‍ പങ്ക് വഹിക്കാനാവില്ല. ഇവിടെയാണ് വിദ്യാഭ്യാസം നേടുന്നതിന്റെ പ്രാധാന്യവും പ്രസക്തിയും.  മുസ്‌ലിം സമുദായത്തെ സംബന്ധിച്ചേടത്തോളം  വിദ്യാഭ്യാസം ഒരു ബാധ്യതയാണ്. 'നിങ്ങള്‍ വിദ്യ അഭ്യസിക്കുക. അത് ദൈവഭയമാകുന്നു. വൈജ്ഞാനിക ഗവേഷണം ജിഹാദാണ്. അറിവില്ലാത്തവര്‍ക്ക് അറിവ് പകര്‍ന്നു കൊടുക്കുന്നത് ദാനമാണ്. വിജ്ഞാനം നേടുക എന്നതുതന്നെ ദൈവാരാധനയാകുന്നു. കാരണം വിജ്ഞാനം ഏകാന്തതയിലെ കൂട്ടുകാരനും ഭാഷകനും കൂടിയാണ്.  പരലോകത്ത് അത് നിങ്ങളുടെ സഹയാത്രികനാകുന്നു. സുഖത്തിലും ദുഃഖത്തിലും വിദ്യയാകുന്നു നിങ്ങളുടെ മാര്‍ഗദര്‍ശകന്‍. വിജ്ഞാനം ശത്രുവിന്റെ മുമ്പില്‍ ആയുധമാകുന്നു. മിത്രങ്ങളുടെ മുമ്പിലോ, നിങ്ങള്‍ക്ക് അലങ്കാരവും'' സ്വഹാബി വര്യന്‍ മുആദ്ബ്‌നു ജബല്‍ (റ)ന്റെതാണ് പ്രസ്തുത വാക്കുകള്‍. ഇതുതന്നെയാണ് ഇസ്‌ലാമിന്റെ വിദ്യാഭ്യാസത്തോടുള്ള കാഴ്ചപ്പാടും.
വിജ്ഞാനവുമായി ബന്ധപ്പെട്ട ഒരുപാട് അധ്യാപനങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ കാണാം. ''നിങ്ങളില്‍ വിശ്വസിക്കുകയും വിജ്ഞാനം നല്‍കപ്പെടുകയും ചെയ്തവരുടെ ജ്ഞാനം അല്ലാഹു ഉയര്‍ത്തുന്നതാണ്'' (മുജാദല). അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ? (സുമര്‍: 9)വിജ്ഞാനമുള്ളവര്‍ക്കേ ദൈവത്തോട് യഥാവിധി ഭക്തി പുലര്‍ത്താനാകൂ എന്നതാണ് ഖുര്‍ആനിക കാഴ്ചപ്പാട്. അന്ത്യനാളില്‍ പ്രതിഫലം നല്‍കപ്പെടുമ്പോള്‍ ഓരോ സ്ത്രീക്കും പുരുഷനും അവള്‍/അവന്‍ പ്രവര്‍ത്തിച്ചത് മാത്രമാണുണ്ടാവുക എന്നിരിക്കെ മേല്‍ സൂചിപ്പിച്ച ഖുര്‍ആന്‍ സൂക്തങ്ങള്‍ സ്ത്രീകള്‍ക്കു ബാധകമാവാതിരിക്കാന്‍ നിര്‍വാഹമില്ല.
''വിജ്ഞാന സമ്പാദനാര്‍ഥം പുറപ്പെട്ടവന്‍ തിരിച്ചെത്തുന്നത് വരെ അല്ലാഹുവിന്റെ മാര്‍ഗത്തിലാണ്.'' 'വിശ്വാസിക്ക് നല്ലതുകേട്ട് വയര്‍ നിറയുകയില്ല. അതിന്റെ പര്യവസാനം സ്വര്‍ഗമാകുന്നതുവരെ' തുടങ്ങിയവയെല്ലാം വിജ്ഞാനസമ്പാദനത്തിന്റെ വിഷയത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തിരുവചനങ്ങളാണ്. പ്രസ്തുത ഹദീസുകളൊന്നും പുരുഷ കേന്ദ്രീകൃതങ്ങളല്ല. പുരുഷനും സ്ത്രീക്കും ഒരുപോലെ ബാധകമാണ്. ഒരു സ്ത്രീ നബി (സ)യോട് പറഞ്ഞു: ''അങ്ങയുടെ ക്ലാസ്സില്‍ പുരുഷന്മാര്‍ക്കാണ് ആധിപത്യം. അതുകൊണ്ട് ഞങ്ങള്‍ക്ക് പ്രത്യേകമായി ഒരു ദിവസം അനുവദിച്ചാലും.'' ഈ ഹദീസ് പ്രവാചകന്റെ  വിജ്ഞാന സദസ്സുകളിലെ സ്ത്രീ സാന്നിധ്യം വെളിപ്പെടുത്തുന്നു. സ്ത്രീ സംബന്ധമായ വിഷയങ്ങളില്‍ അറിവ് നേടുന്നതില്‍ അന്‍സാരി സ്ത്രീകള്‍ വിമുഖത കാണിക്കാതിരുന്നത് പ്രവാചകന്‍ എടുത്തു പറഞ്ഞിട്ടുണ്ട്. സ്ത്രീ പുരുഷന്മാര്‍ പരസ്പരം വൈജ്ഞാനിക കാര്യങ്ങള്‍ ചര്‍ച്ചചെയ്തിരുന്നു. ഹജ്ജ് സംബന്ധമായ ഹദീസ് ചോദിച്ചവരെ ഇബ്‌നു അബ്ബാസ് (റ) അസ്മാഅ് (റ)ന്റെ അടുക്കലേക്കാണയച്ചത്. പ്രവാചക പത്‌നി ഹഫ്‌സ (റ)ന്റെ അധ്യാപികയായിരുന്നു ഉമ്മു ശിഫാ ബിന്‍ത് അബ്ദില്ല. പ്രമുഖ പണ്ഡിതനും ഹദീസ് റിപ്പോര്‍ട്ടറുമായ ഇബ്‌നു അസാകിര്‍തന്റെ  ഗുരുനാഥന്മാരില്‍ 30-ലധികം സ്ത്രീകളുണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ടിലാണ് സ്ത്രീയുടെ വിദ്യാഭ്യാസ സ്വാതന്ത്ര്യം തടയപ്പെട്ടതും അവള്‍ അടുക്കളയില്‍ ബന്ധിതയായതും. സ്ത്രീ വിദ്യ അഭ്യസിക്കേണ്ടവളല്ലെന്ന പിന്തിരിപ്പന്‍ ആശയം കേരളത്തില്‍ ശക്തമായി നിലനിന്നിരുന്നു. പഠിച്ച പെണ്ണ് പിഴച്ചപെണ്ണാണെന്ന ധാരണയില്‍ സമൂഹം എത്തിയ കാലത്താണ് സ്വന്തം പെണ്‍കുട്ടികളെ സ്‌കൂളിലേക്കയച്ച് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന നവോത്ഥാന നായകന്‍ സമൂഹത്തിന് മാതൃക കാട്ടിയത്.
സ്ത്രീ സമൂഹത്തിന്റെ പാതിയാണ്. മറുപാതിയാകട്ടെ അവളുടെ മടിത്തട്ടിലാണ് വളരേണ്ടത് എന്ന് പുരോഗമനം പറയുമെങ്കിലും ഭൂരിപക്ഷം രക്ഷിതാക്കളുടെയും പെണ്‍കുട്ടികളെ സംബന്ധിച്ച വിദ്യാഭ്യാസ നയം 'കെട്ടിക്കാന്‍ വേണ്ടി പഠിപ്പിക്കുക, അല്ലെങ്കില്‍ കെട്ടിക്കുന്നത് വരെ പഠിപ്പിക്കുക' എന്നതാണ്.
 കുട്ടികളുടെ ശിക്ഷണം മാതാപിതാക്കളുടെ ബാധ്യതയായി നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. നബി(സ) പറഞ്ഞു: ''ഒരാള്‍ക്ക് മൂന്ന് പെണ്‍കുട്ടികളുണ്ട്, അല്ലെങ്കില്‍ മൂന്ന് സഹോദരിമാര്‍. അയാള്‍ അവളെ പഠിപ്പിക്കുകയും സംസ്‌കാര സമ്പന്നരാക്കുകയും അവരുടെ കാര്യത്തില്‍ അല്ലാഹുവിനെ ഭയപ്പെടുകയും ചെയ്താല്‍ അയാള്‍ക്ക് സ്വര്‍ഗം ഉറപ്പാണ്. വിജ്ഞാന സമ്പാദനത്തിന് യാത്ര ചെയ്യല്‍ അനിവാര്യമാണ്. യാത്ര സുരക്ഷിതമാണെങ്കില്‍ സ്തീക്ക് കൂടെ ഒരാള്‍ ആവശ്യമില്ലെന്നും യാത്രാസംഘത്തിലാണെങ്കില്‍ അവള്‍ക്ക് ഒറ്റക്ക് യാത്ര ചെയ്യാമെന്നുമാണ് ഇമാം ശാഫിയുടെ അഭിപ്രായം. ഇത്തരം ഹദീസിന്റെയും ആയത്തുകളുകളുടെയും പാശ്ചാത്തലത്തില്‍ നല്ല വിദ്യാഭ്യാസം തങ്ങളുടെ പെണ്‍മക്കള്‍ക്ക് നല്‍കാനുള്ള ആര്‍ജവം എല്ലാ രക്ഷിതാക്കളും ഉണ്ടാക്കിയെടുക്കണം.


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top