അന്തഃസംഘര്‍ഷത്തിന്റെ നാളുകള്‍

ശൈഖ്മുഹമ്മദ് കാരകുന്ന് No image

സിമി നേതൃത്വത്തിലുണ്ടായിരുന്ന പലരും പിന്നീട് പലവഴി പിരിയുകയാണുണ്ടായത്. ജമാഅത്തുമായി സഹകരിച്ചിരുന്നുവെങ്കില്‍ അവരില്‍ പലര്‍ക്കും ഇസ്‌ലാ മിനും സമൂഹത്തിനും നാടിനും മഹത്തായ സംഭാവനകള്‍ അര്‍പ്പിക്കാന്‍ സാധിക്കുമായിരുന്നു.

ആദര്‍ശത്തിന്റെ കാര്യത്തില്‍ പ്രവാചക ശിഷ്യന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നില്ല. ലക്ഷ്യത്തിലും അവര്‍ ഏകാഭിപ്രായക്കാരായിരുന്നു. എന്നിട്ടും അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായി. അത് യുദ്ധത്തിന് വരെ കാരണമായി. നയപരമായ ഭിന്നതയായിരുന്നു കാരണം. ഉസ്മാനുബ്‌നു അഫ്ഫാന്‍ (റ) വധിക്കപ്പെട്ടപ്പോള്‍ ആദ്യം വേണ്ടത് ഖലീഫയെ തെരഞ്ഞെടുക്കുകയോ കുറ്റവാളികളെ ശിക്ഷിക്കുകയോ എന്ന കാര്യത്തില്‍ വീക്ഷണ വ്യത്യാസമുണ്ടായി. ഖലീഫയെ തെരഞ്ഞെടുക്കുകയാണ് ആദ്യം വേണ്ടതെന്നും ആ ഖലീഫയാണ് നടപടി സ്വീകരിക്കേണ്ടതെന്നും ഒരു വിഭാഗം വിശ്വസിച്ചു. കൊലയാളികള്‍ ഉള്‍പ്പെട്ട സംഘം ഖലീഫയെ തെരഞ്ഞെടുക്കരുതെന്നും അതിനാല്‍ ആദ്യം വേണ്ടത് കുറ്റവാളികളെ ശിക്ഷിക്കുകയാണെന്നും മറുഭാഗം വാദിച്ചു. ഈ അഭിപ്രായം വളര്‍ന്ന് നിര്‍ഭാഗ്യകരമായ ജമല്‍ യുദ്ധം വരെ എത്തി.
ചരിത്രത്തില്‍ പലപ്പോഴും ഭിന്നതക്ക് കാരണമാവാറുള്ളത് നയനിലപാടുകളിലെ അഭിപ്രായ വ്യത്യാസമാണ്. ഇന്ത്യയില്‍ സിമിയും ജമാഅത്തെ ഇസ്‌ലാമിയും തമ്മില്‍ അകലാനുള്ള കാരണവും അതുതന്നെ. ജമാഅത്തെ ഇസ്‌ലാമി രൂപീകരിച്ച സംഘടനയല്ല സിമി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥി സംഘടനകള്‍ ചേര്‍ന്ന് 1977 എപ്രില്‍ 25 നാണ് സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ അലീഗറില്‍ രൂപീകൃതമായത്. ഒരൊറ്റ ജമാഅത്ത് നേതാവും അതിന്റെ രൂപീകരണയോഗത്തില്‍ സംബന്ധിച്ചിരുന്നില്ല. എന്നാല്‍ രൂപീകരണശേഷം ജമാഅത്തെ ഇസ്‌ലാമിയുടെ സഹകരണം തേടാന്‍ അന്നത്തെ പ്രസിഡണ്ട് അഹമ്മദ് മുല്ലാ സിദ്ദീഖിയേയും സെക്രട്ടറി അമാനുള്ളാ ഖാനെയും ചുമതലപ്പെടുത്തുകയായിരുന്നു. അവരുടെ അഭ്യര്‍ത്ഥന മാനിച്ച് സ്വന്തമായി വിദ്യാര്‍ഥി സംഘടന ഇല്ലാത്ത സംസ്ഥാനങ്ങളില്‍ സിമിയുമായി സഹകരിക്കാമെന്ന് അഖിലേന്ത്യാ നേതൃത്വം സമ്മതിച്ചു. അങ്ങനെ പല സംസ്ഥാനങ്ങളിലും പരസ്പരം സഹായിച്ചും സഹകരിച്ചും പ്രവര്‍ത്തിച്ചുപോന്നു. കേരളം നന്നായി ഒന്നിച്ചു പ്രവര്‍ത്തിച്ചിരുന്ന പ്രദേശമാണ്. ജമാഅത്തിന്റെ വിദ്യാര്‍ഥി സംഘടനയായി അത് അറിയപ്പെടുമാറ് ബന്ധം സുശക്തമായിരുന്നു. ഔദ്യേഗിക ബന്ധം ഉണ്ടായിരുന്നില്ലെങ്കിലും.
സിമിയുടെ നയപരിപാടികള്‍ രൂപപ്പെടുത്തിയിരുന്നത് സിമി നേതൃത്വം തന്നെയാണ്. അതില്‍ ജമാഅത്ത് ഇടപെട്ടിരുന്നില്ല. ഇടപെടാന്‍ ഭരണഘടനാ പരമായി സാധ്യവുമായിരുന്നില്ല. എന്നിട്ടും പരസ്പരം സഹായിച്ചും സഹകരിച്ചും മൂന്നു കൊല്ലത്തിലേറെ കാലം പ്രവര്‍ത്തിച്ചു പോന്നു. അപ്പോഴേക്കും രണ്ടു സംഘടനകള്‍ക്കുമിടയില്‍ നയപരമായ ഭിന്നതയുണ്ടായി. അത് മറ നീക്കി പുറത്തേക്ക് വന്നത് ഫലസ്തീന്‍ നേതാവ് യാസര്‍ അറഫാത്തിന്റെ ഇന്ത്യാ സന്ദര്‍ശന വേളയിലാണ്. അന്ന് പടിഞ്ഞാറോട്ട് ചായാന്‍ തുടങ്ങിയിരുന്നു അറഫാത്ത്. അതിനാല്‍ അദ്ദേഹത്തിനെതിരെ കരിങ്കൊടി പ്രകടനം നടത്താന്‍ സിമി തീരുമാനിച്ചു. അക്കാലത്ത് ഹമാസ് രംഗത്തുണ്ടായിരുന്നില്ല. അതിനാല്‍ ഫലസ്തീന്റെ ഏക സമര നായകനായിരുന്നു അറഫാത്ത്. അദ്ദേഹത്തെ ദുര്‍ബലപ്പെടുത്തുന്നത് ഇസ്രായീലിനാണ് ഗുണം ചെയ്യുക എന്നതിനാല്‍ കരിങ്കൊടി പ്രവര്‍ത്തനത്തില്‍ നിന്ന് പിന്‍മാറാന്‍ ജമാഅത്ത് നേതൃത്വം ആവശ്യപ്പെട്ടു. സിമിക്ക് അത് അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതോടെ അഭിപ്രായ ഭിന്നത പ്രകടമായി.
ഈ പാശ്ചാത്തലത്തിലാണ് ജമാഅത്തെ ഇസ്‌ലാമി സ്വന്തമായൊരു വിദ്യാര്‍ഥി സംഘടന രൂപീകരിക്കാന്‍ തീരുമാനിക്കുന്നത്. ചില സംസ്ഥാനങ്ങളില്‍ ജമാഅത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അവിടങ്ങളില്‍ പലയിടത്തും സിമി ഉണ്ടായിരുന്നില്ല. അപൂര്‍വം ചില സംസ്ഥാനങ്ങളില്‍ സിമിയും ജമാഅത്തിന്റെ വിദ്യാര്‍ഥി സംഘടനയും പ്രവര്‍ത്തിച്ചിരുന്നു.
ജമാഅത്തിന്റെ തണലില്‍ ഒന്നിലേറെ വിദ്യാര്‍ഥി സംഘടന ഉണ്ടാവരുതെന്ന് അത് ആതിയായി ആഗ്രഹിച്ചു. അങ്ങനെയുണ്ടാവുന്നത് ശക്തി ശിഥിലമാക്കുവാനും പ്രവര്‍ത്തനങ്ങള്‍ വേണ്ടവിധം വിജയകരവും ഫലപ്രദവുമാകാതിരിക്കാനും ഇടവരുത്തുമെന്ന് ന്യായമായും ആശങ്കിച്ചു. അങ്ങനെ സിമിയുമായി നയപരമായ ഭിന്നത പ്രകടമായതോടെ ജമാഅത്തിന്റെ രക്ഷാധികാരത്തില്‍ ഒരു വിദ്യാര്‍ഥി സംഘടന രൂപീകരിക്കാന്‍ തീരുമാനിച്ചു. സഹകരിക്കുന്ന എല്ലാ വിദ്യാര്‍ഥി സംഘടനയേയും അതിലുള്‍പ്പെടുത്താന്‍ ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്തു. ആദ്യമായും നിരന്തരമായും ദീര്‍ഘമായും സംഭാഷണം നടത്തിയത് സിമി നേതൃത്വവുമായാണ്. മറ്റു സംഘടനകള്‍ ജമാഅത്തിന്റെ തന്നെ നേതൃത്വത്തിലുള്ളവയായിരുന്നതിനാല്‍ കൂടെ നിര്‍ത്താന്‍ ഒട്ടും പ്രയാസമുണ്ടായിരുന്നില്ല. സിമിയെ കൂടി കൂടെ കൊണ്ടു വരാന്‍ നീണ്ട രണ്ടുവര്‍ഷം സുദീര്‍ഘമായ ചര്‍ച്ച നടത്തി. നാലഞ്ചു തവണ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുകയും ചെയ്തു. അവസാനം 1981 ഫെബ്രുവരി 11 ന് നടന്ന സിമി മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് ചേര്‍ന്ന വിവിധ വിദ്യാര്‍ഥി സംഘടന പ്രതിനിധികളുടെ യോഗം ജമാഅത്തെ ഇസ്‌ലാമിയുടെ മേല്‍നോട്ടത്തില്‍ ഒരു വിദ്യാര്‍ഥി യുവജന സംഘടന രൂപീകരിക്കുക എന്ന ആശയം തത്വത്തില്‍ അംഗീകരിച്ചു. മൗലാനാ ഷഫീഅ് മൂനീസ് സാഹിബ്, ആന്ധ്രയിലെ അബ്ദുല്‍ അസീസ് സാഹിബ്, സിറാജുല്‍ ഹസന്‍ സാഹിബ്  ടി.കെ അബ്ദുല്ല സാഹിബ് എന്നിവരാണ് ജമാഅത്തിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്.
ജമാഅത്തിന്റെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലും ഒരൊറ്റ വിദ്യാര്‍ഥി-യുവജന സംഘടന ആവാമെന്ന് സിമിയും അംഗീകരിച്ചു. എങ്കിലും ബന്ധം ലിഖിതമാകരുതെന്നും അലിഖിതമായി മതിയെന്നും സിമി വാദിച്ചു. ജമാഅത്ത് നേതൃത്വം അത് അംഗീകരിച്ചില്ല. അപ്പോള്‍ സിമി നേതൃത്വം തങ്ങളുടെ അന്‍ സാറുകളെ വിളിച്ചു ചേര്‍ത്ത് പ്രശ്‌നം അവതരിപ്പിച്ച് അഭിപ്രായം ആരാഞ്ഞ ശേഷം വിവരം അറിയിക്കാമെന്ന് ജമാഅത്ത് നേതൃത്വത്തോട് പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ സിമിയുടെ അന്‍സാര്‍ കോണ്‍ഫ്രന്‍സ് ആദ്യം എത്തിയേടത്ത് നിന്ന് കുറേ പിറകോട്ട് പോകുകയായിരുന്നു. അങ്ങനെ സിമി സ്വതന്ത്രമായി നില്‍ക്കാന്‍ തീരുമാനിച്ചു. പിതാവിന് സുഖമില്ലാതിരുന്നതിനാല്‍ പ്രസ്തുത കോണ്‍ഫ്രന്‍സില്‍ എനിക്ക് പങ്കെടുക്കാന്‍ സാധിച്ചില്ല. സ്വീകരിക്കാന്‍ കഴിയാത്ത ഒരു തീരുമാനത്തില്‍ പങ്കാളിയാവുന്നതില്‍ നിന്ന് അല്ലാഹു കാത്തുരക്ഷിച്ചതായിരിക്കുമെന്ന് പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട്.
ജമാഅത്തെ ഇസ്‌ലാമി മറ്റ് സംഘടനകളെയെല്ലാം ചേര്‍ത്ത് അതിന്റെ പൂര്‍ണ നിയന്ത്രണത്തില്‍ ഒരു വിദ്യാര്‍ഥി യുവജന സംഘടന രൂപീകരിക്കാന്‍ നടപടികള്‍ സ്വീകരിച്ചു. അങ്ങനെയാണ് 1982- ഒക്ടോബര്‍ 19- ന് സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക്ക് ഓര്‍ഗനൈസേഷന്‍ നിലവില്‍ വന്നത്. കേരളത്തില്‍ എസ്.ഐ.ഒവിന്റെ ഘടകം നിലവില്‍ വന്നത് പിന്നെയും അഞ്ച് മാസം പിന്നിട്ട ശേഷമാണ്. 1983- ഫെബ്രുവരി- 19,20 തിയതികളില്‍ നടന്ന മലപ്പുറം ദഅ്‌വത്ത് നഗര്‍ സമ്മേളനത്തില്‍ പ്രവര്‍ത്തകരെല്ലാം വ്യാപൃതരായിരുന്നു എന്നതാണ് ഇതിന് കാരണം.
ഒന്നര പതിറ്റാണ്ടിലേറെ കാലം ഒരുമിച്ച് പ്രവര്‍ത്തിച്ചവരായിരുന്നു സിമി നേതൃത്വത്തിലുണ്ടായിരുന്നവരെല്ലാം. ഞങ്ങള്‍ക്കിടയിലെ ബന്ധം വളരെ ഗാഢവും സുദൃഢവുമായിരുന്നു. പല നാളുകളിലും ഊണും ഉറക്കവും ഒരുമിച്ചായിരുന്നു. പി.കോയ എം.എ റഹ്മാന്‍, ഇ.എം അബ്ദുറഹ്മാന്‍ ഇ. അബൂബക്കര്‍ തുടങ്ങിയവരുമായുള്ള ബന്ധം വാക്കുകള്‍ കൊണ്ട് വിവരിക്കാനാവാത്ത വിധം ആഴത്തിലുള്ളതായിരുന്നു. കോയ സാഹിബ് മാസത്തില്‍ ഒന്നോ രണ്ടോ ദിവസം കാരകുന്നിലെ വീട്ടില്‍ വന്ന് താമസിക്കുക പതിവായിരുന്നു. ചക്കരക്കിഴങ്ങ് പറിച്ചെടുത്ത് ചുട്ടു തിന്നും ഇളനീര്‍ പറിച്ച് കുടിച്ചും കഴിച്ചും കഴിഞ്ഞ നാളുകള്‍ നിരവധിയാണ്. അതുകൊണ്ടുതന്നെ കോയാ സാഹിബ് വീട്ടിലെ ഒരംഗത്തെ പോലെയായിരുന്നു.
ഞാന്‍ വിദ്യാര്‍ഥി സംഘടനയിലെ പ്രവര്‍ത്തകനായിരിക്കെ തന്നെ ജമാഅത്തെ ഇസ്‌ലാമിക്കാരനുമായിരുന്നു. സിമി സംസ്ഥാന പ്രസിഡണ്ട് പദവി ഒഴിഞ്ഞ ഉടനെ ജമാഅത്തെ ഇസ്‌ലാമി അംഗമായി. 1982 ജനുവരിയിലാണ് അംഗത്വമെടുത്തത്. അതേ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാന കൂടിയാലോചനാ സമിതി (ശൂറ)യില്‍ അംഗമാകുകയും ചെയ്തു. ശൂറയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിവരമറിയിച്ചത് കോഴിക്കോട്ടെ അഖ്‌സാ റസ്റ്റ്ഹൗസില്‍ വെച്ച് അന്നത്തെ അമീര്‍ ടി.കെ അബ്ദുല്ല സാഹിബാണ്. ഞാനും സിമിയുമായുള്ള ബന്ധം നന്നായി അറിയുമായിരുന്ന ടി.കെ സാഹിബ് അടുത്ത് വിളിച്ചിരുത്തി പറഞ്ഞു: ''ശൂറാ അംഗത്വം വലിയ ഉത്തരവാദിത്വമാണ്. നിങ്ങളും സിമി നേതാക്കളും തമ്മിലുള്ള ബന്ധം എനിക്ക് നന്നായി അറിയാം. അതിനാല്‍ ശൂറാ ചര്‍ച്ചകള്‍ അമാനത്താണെന്ന കാര്യം മറക്കരുത്.'' ആശയപരവും നയപരവുമായ അടുപ്പം ജമാഅത്തിനോടായിരുന്നുവെങ്കിലും ആത്മ മിത്രങ്ങളെല്ലാം സിമിക്കാരായിരുന്നു. സിമിയുമായുള്ള ബന്ധവിച്ഛേദത്തേക്കാള്‍ പ്രയാസമനുഭവപ്പെട്ടത് അതിന്റെ നേതാക്കളുമായുള്ള ഉറ്റബന്ധം തുടരാന്‍ കഴിയാതിരുന്നതിലാണ്. ഒരുഭാഗത്ത് ജമാഅത്തുമായുള്ള സംഘടനാബന്ധവും. അതിന്റെ അനിവാര്യ ബാധ്യതകളും, മറുഭാഗത്ത് സിമി നേതൃത്വവുമായുള്ള ഗാഢ ബന്ധവും ഇവക്കിടയില്‍ പെട്ട് ഉഴലുന്ന കാലമായിരുന്നു അത്. അന്ന് അനുഭവിച്ച അന്തഃസംഘര്‍ഷം വിവരണാതീതമാണ്. എന്റെ പ്രയാസം ഉള്‍ക്കൊള്ളാന്‍ ജമാഅത്ത് നേതൃത്വത്തിന് സാധിച്ചതിനാലാണ് പ്രായോഗിക തലത്തില്‍ പ്രയാസങ്ങളില്ലാതെ പോയത്. എസ്.ഐ.ഒ യുടെ രൂപീകരണ ചുമതല എന്നെ ഏല്‍പ്പിക്കാതിരിക്കാനുള്ള ഹൃദയ വിശാലത ടി.കെ സാഹിബും കെ.സി സാഹിബും ഉള്‍പ്പെടെയുള്ള ജമാഅത്ത് നേതൃത്വം കാണിച്ചു. എസ്.ഐ.ഒ രൂപീകരിച്ച് ഒരുവര്‍ഷം പിന്നിട്ട ശേഷമാണ് ഞാ നതില്‍ സജീവ പങ്കാളിയായത്. സിമിയുമായി ബന്ധം വേര്‍പ്പെടുത്താന്‍ അനുഗ്രഹിച്ച അല്ലാഹുവിനെ അനേക തവണ സ്തുതിച്ചിട്ടുണ്ട്. അക്കാലത്ത് സിമി നേതൃത്വത്തിലുണ്ടായിരുന്ന പലരും പിന്നീട് പല വഴി പിരിയുകയാണുണ്ടായത്. ജമാഅത്തുമായി സഹകരിച്ചിരുന്നുവെങ്കില്‍ അവരില്‍ പലര്‍ക്കും ഇസ്‌ലാമിനും സമൂഹത്തിനും നാടിനും മഹത്തായ സംഭാവനകള്‍ അര്‍പ്പിക്കാന്‍ സാധിക്കുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ അവരില്‍ പലരുടെയും അതിമഹത്തായ കഴിവും കര്‍മവീര്യവും പാഴാവുകയാണുണ്ടായത്. വളരെ പ്രഗത്ഭരായവര്‍ ഒന്നുമല്ലാതായി. അവരെ കുറിച്ച് ആലോചിക്കുമ്പോള്‍ അതിയായ ദുഃഖവും സങ്കടവും തോന്നാറുണ്ട്. ഈ നഷ്ടബോധം മനസ്സില്‍ അലട്ടിക്കൊണ്ടിരിക്കുമ്പോഴും ജമാഅത്ത് അന്നെടുത്ത തീരുമാനം ബുദ്ധിപൂര്‍വകവും അനിവാര്യവുമായിരുന്നുവെന്ന വസ്തുതയാണ് ആശ്വാസം പകരാറുള്ളത്.   
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top