പെണ്ണുങ്ങളില്ലാത്ത നോമ്പുതുറകള്‍.

സല്‍വ കെ.പി

ഒരു സംഘടനയുടെ റിപ്പോര്‍ട്ട് അവതരണ വേള; 500 പേരെ നോമ്പു തുറപ്പിച്ചതായി പുരുഷന്മാര്‍ വായിച്ചു. 500 പേരെ നോമ്പു തുറപ്പിച്ചതായി സ്ത്രീകളും വായിച്ചു. ഉടനെ വന്നു ചോദ്യം, "നിങ്ങളെന്നാണ് അങ്ങനെയൊരു ഇഫ്താര്‍ നടത്തിയത്!?'' ഞങ്ങളല്ലേ പത്തിരിയും വിഭവങ്ങളുമൊക്കെ ഒരുക്കിയത്. സ്ത്രീകള്‍ക്കും ആശങ്ക. നോമ്പ്, നോമ്പ് തുറകള്‍, അവയുടെ അനുഭൂതി, സാംസ്കാരിക വിനിമയങ്ങള്‍ എല്ലാം മലയാളത്തില്‍ ഒരുപോലെ എഴുതപ്പെട്ടതാണ്. അവയിലും പെണ്ണുങ്ങള്‍ വളരെ കുറവാണ്. പ്രത്യേകിച്ച് നോമ്പു തുറകളില്‍ ഏര്‍പ്പെടുന്ന സ്ത്രീകളുടെതായി ഇല്ലെന്നു തന്നെ പറയാം. മാധ്യമങ്ങളില്‍ ആഘോഷിക്കപ്പെടുന്ന ഇഫ്താറുകളിലും സ്ത്രീകളെ കാണാന്‍ കഴിയില്ല. വീടുകളില്‍ നടക്കുന്ന നോമ്പു തുറകളിലും അടുത്ത ബന്ധുക്കള്‍, തൊട്ടയല്‍വാസികള്‍ എന്നിവരേ സ്ത്രീകളായി ഉണ്ടാകൂ. (സമയം, യാത്ര എന്നിവക്ക് പുറമെ ഒരു വീടിനെ ഒരാള്‍ പ്രതിനിധീകരിക്കുമ്പോള്‍ മുന്‍ഗണന ആണുങ്ങള്‍ക്കായിരിക്കും.)
സഹനവും പ്രാര്‍ഥനയും ആയുധമാക്കിയ സമരമുറയാണ് നോമ്പ്. വിശപ്പ് മൂലം ആണി ഇളകിയത് പോലെയാവുന്ന ശരീരത്തിനെയും മനസ്സിനെയും ദൈവസ്മരണയാണ് ബാലന്‍സ് ചെയ്യുന്നത്. വിശപ്പ് കേന്ദ്രമാകുന്ന ഒന്നിന്റെ മുഖ്യ ആകര്‍ഷണം ഭക്ഷണമായിരിക്കും. നോമ്പുകാരുടെ രണ്ടു സന്തോഷങ്ങളിലൊന്ന് നോമ്പ് തുറക്കുന്നതായതും അതുകൊണ്ടാണ്. എന്നാല്‍ വിശപ്പാണോ ഭക്ഷണമാണോ നോമ്പ് എന്ന് തിരിച്ചറിയാനാവാത്ത വിധം ഭക്ഷണത്തിന്റെ ആധിക്യം അലോസരമായി മാറുന്നുണ്ട്. ചാനലുകളിലും പത്രങ്ങളിലും ദിനേനയുണ്ടാകും റമദാന്‍ വിഭവങ്ങള്‍. പെണ്‍ പതിപ്പുകളിലും പ്രസിദ്ധീകരണങ്ങളിലും അതിന്റെ പൂക്കാലം. മണ്ഡലകാലത്തെ അവില്‍, മലര്‍, കരിമ്പ്, അലുവ കടകളെ പോലെ തെരുവോരത്ത് പൊരിക്കടികളുടെ താല്‍കാലിക സ്റാളുകള്‍. കാറ്ററിംഗ് ഗ്രൂപ്പുകള്‍ വേറെ. പാചക മത്സരങ്ങള്‍ വരെയുണ്ട്. നമ്മുടെ മുഖ്യഭക്ഷണമല്ലാത്ത ബ്രെഡ് ഏറ്റവും അധികം ചെലവാകുന്നത് ഇക്കാലത്താണ്. സത്യത്തില്‍ റമദാന്‍ മുസ്ലിംകളുടെ ഭക്ഷണോത്സവകാലമാണോ എന്നാരെങ്കിലും ധരിച്ചുപോയാല്‍ തെറ്റു പറയാനാവില്ല.
നോമ്പിന് മുന്നോടിയായി കാണുന്ന മറ്റൊരു കാഴ്ചയുണ്ട്. വീടിനകവും പുറവും അതുള്‍ക്കൊള്ളുന്നതുമായ എല്ലാ 'സ്ഥാവരജംഗമ വസ്തു'ക്കളും പൊടി തട്ടി അടിച്ചു വൃത്തിയാക്കുന്ന നനച്ചു കുളി. തട്ടിന്‍ പുറത്തെ കാലൊടിഞ്ഞ കസേര പോലും വെള്ളം തൊട്ട് നനഞ്ഞിരിക്കും. നനച്ചുകുളി കഴിഞ്ഞ വീടിനകം നോമ്പിന്റെ മണം നിറയും. ഒരു മാസത്തേക്കാവശ്യമായ, അരി, പൊടി, മല്ലി, മുളക്, അച്ചാറ്, ഉപ്പിലിട്ടത് എല്ലാം നേരത്തെ തയ്യാറാക്കിയിരിക്കും. നനച്ചുകുളി വരവേല്‍പ്പ് മാത്രമല്ല ശുചീകരണവും ഭക്ഷണമൊരുക്കലും ജന്മബാധ്യതയെന്ന പോലെ സ്ത്രീകളില്‍ ഏല്‍പ്പിക്കപ്പെട്ട ഒരു സമൂഹത്തില്‍ സര്‍വാംഗീകൃതമായി അനുവദിക്കപ്പെട്ട ആത്മീയാഘോഷത്തെ പരമാവധി അനുഭവിക്കാനുള്ള തയ്യാറെടുപ്പ് കൂടിയാണ്. മറ്റു ജോലികളും യാത്രകളും ഏര്‍പ്പാടുകളും മാറ്റിവെച്ചും സ്ക്രീനുകള്‍ ഓഫാക്കിയും വീടിനകം തന്നെ ആത്മീയ കേന്ദ്രങ്ങളാക്കുന്നവരാണ് സ്ത്രീകള്‍. ഇങ്ങനെ നനച്ചു കുളിച്ചും അഡ്ജസ്റ് ചെയ്തും ഉണ്ടാക്കുന്ന സമയത്തിന്റെ നല്ല പങ്കും ചെറുതും വലുതുമായ നോമ്പു തുറകള്‍ അപഹരിക്കുന്നില്ലേ? അന്നേ ദിവസത്തെ നമസ്കാരം, (പ്രത്യേകിച്ചും മഗ്രിബ്, തറാവീഹ്) ഓത്ത്, ദിക്റ്, ദുആ എന്നിവയെ എല്ലാം അത് ബാധിക്കാറില്ലേ?
ഭക്ഷണമുണ്ടാക്കലും ഇബാദത്തല്ലെ? ഒരു പത്തിരി ചുട്ടാല്‍ 70 പത്തിരി ചുട്ട കൂലി കിട്ടില്ലേ? എന്ന് ചോദിക്കാം, ശരിയാണ് പക്ഷേ, എത്ര പത്തിരി ചുട്ടാലാണ് രണ്ട് റക്അത്ത് നമസ്കാരത്തിന്റെ ആനന്ദം കിട്ടുക? എത്ര കട്ലറ്റുണ്ടാക്കണം ഒരു ജുസ്അ് ഓതിയ സംതൃപ്തി ലഭിക്കുവാന്‍? വിശപ്പ് സഹിച്ച് ഭക്ഷണമുണ്ടാക്കി നോമ്പു തുറക്കുമ്പോഴുണ്ടാകുന്ന സന്തോഷം നിഷേധിക്കുന്നില്ല. (എന്നും കുശാലായി ഉണ്ണുന്നവരെ തന്നെ ഊട്ടുമ്പോഴും ഈ സന്തോഷം ഉണ്ടാവുമോ ആവോ?) ആര്‍ത്തവകാലത്തെ സമര്‍ഥമായി നോമ്പു തുറകള്‍ക്കായി നീക്കി വെക്കുന്നവരുമുണ്ട്. എന്നാല്‍ അതിലും ഭംഗിയായി ആ കാലത്തെ ഖുര്‍ആനേതര പഠനങ്ങള്‍ക്കായി മാറ്റുന്നവരുമുണ്ട്. നോമ്പു തുറകള്‍ സ്വയം തന്നെ വലിയൊരു ദൂഷ്യമായത് കൊണ്ടല്ല അത് സ്ത്രീവിരുദ്ധമാവുന്നത്. മാത്രവുമല്ല അതിനൊരുപാട് നന്മകളുമുണ്ട്. മറിച്ച് നമ്മുടെ ഭക്ഷണസംസ്കാരം സ്ത്രീവിരുദ്ധമായതു കൊണ്ടാണ്. ഭക്ഷണമൊരുക്കുന്നത് സ്ത്രീകളാകണമെന്ന തിട്ടൂരമൊന്നുമില്ല. പക്ഷേ അതൊരു അലംഘനീയമായ കീഴ്വഴക്കമായി തുടരുന്നു. ഇന്ന് സ്ത്രീകള്‍ക്ക് അടുപ്പിന് പുറത്തുള്ള പലതും നിഷേധിക്കുകയും ചുരുക്കുകയും ചെയ്യുന്നുണ്ട്. ആത്മീയ നേട്ടങ്ങള്‍ക്കായി നീക്കിവെച്ച സമയം മുഴുവന്‍ നോമ്പുതുറ ദിവസം അടുക്കളയില്‍ നട്ടം തിരിഞ്ഞു തീരുന്നത് മറ്റൊരു നിഷേധമാണ്. ഭക്ഷണം ഒരുക്കുന്നവര്‍ മാത്രമല്ല, അത് നിഷേധിക്കപ്പെടുന്നവരും സ്ത്രീകളാണ്.

പ്ളെയിന്‍ഗ്ളാസ്സ്
കഴിഞ്ഞവര്‍ഷം പെണ്‍കുട്ടികള്‍ക്ക് മാത്രമായി വീട്ടില്‍ നോമ്പുതുറ നടത്തി ഒരു ഏഴാം ക്ളാസ്സുകാരി.
കാരണങ്ങള്‍ മേല്‍പറഞ്ഞതൊക്കത്തന്നെ. അതിനെക്കുറിച്ചുണ്ടായ ഒരു കമാന്റ്: 'ഇതിനൊക്കെ മാറ്റം വരാന്‍ ഒരു പണിയുണ്ട്. അടുത്ത രണ്ട് വര്‍ഷം നോമ്പിനും തുറകള്‍ക്കും ഭക്ഷണമുണ്ടാക്കുന്ന പണി പുരുഷന്മാര്‍ ഏറ്റെടുക്കുക. ഒരു 'പാരഡിം ഷിഫ്റ്റ്'
വിദഗ്ദ അഭിപ്രായം: 'നടന്നതുതന്നെ. ഒന്നുകില്‍ നോമ്പുതുറ എന്ന ഏര്‍പ്പാട് തന്നെ അങ്ങ് നില്‍ക്കും അല്ലെങ്കില്‍ കാറ്ററിംഗുകാരും ഇവന്റ് മാനേജ്മെന്റ് കാരും അതേറ്റെടുക്കും.'

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top