പ്ലാവ് നട്ടാല്‍ ഗുണം പത്ത്

ഡോ: മുഹമ്മദ് ബിന്‍ അഹമ്മദ്‌ No image

വൈവിധ്യമാര്‍ന്ന ഉപയോഗങ്ങളുണ്ടെങ്കിലും കേരളത്തില്‍ ഏറ്റവുമധികം പാഴാവുന്ന ഫലമാണ് ചക്ക. പ്രത്യേക പരിചരണമൊന്നും കൂടാതെ നന്നായി കായ്ക്കുന്ന വൃക്ഷമാണ് പ്ലാവ.് ജനുവരിയില്‍ തുടങ്ങി ജൂണ്‍ വരെ നീളുന്നതാണ് ചക്കയുടെ വിളവെടുപ്പുകാലം. കുഴയും വരിക്കയുമാണ് പ്ലാവിലെ മുഖ്യവകഭേദങ്ങള്‍. വരിക്കയില്‍ തേന്‍വരിക്ക, സിലോണ്‍ വരിക്ക, മുട്ടം വരിക്ക, വെള്ളായണി വരിക്ക തുടങ്ങി പലയിനങ്ങളുമുണ്ട്. മുട്ടം വരിക്കയും സിലോണ്‍ വരിക്കയും നട്ട് മൂന്ന്-നാലു വര്‍ഷം കൊണ്ടു കായ്ക്കും.
ഒരു പ്ലാവില്‍ നിന്നും സീസണില്‍ ശരാശരി 50 മുതല്‍ 250 ചക്കകള്‍ വരെ ലഭിക്കും. പഴുത്ത ചക്കയില്‍ കാര്‍ബോ ഹൈഡ്രേറ്റുകളും മാംസ്യവും ഭക്ഷ്യനാരുകളും ഫോസ്ഫറസും ഇരുമ്പും കാല്‍സ്യവും പൊട്ടാസ്യവും സോഡിയവുമൊക്കെ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍- എ, വിറ്റാമിന്‍-സി എന്നിവയും ചക്കയില്‍ അടങ്ങിയിരിക്കുന്നു.
ചക്കക്കുരു അന്നജം, കാല്‍സ്യം, ഇരുമ്പ്, ജീവകം, ബി-1 ബി-2 എന്നിയുടെ ഭേദപ്പെട്ട ശേഖരമാണ്. ചക്കപ്പഴക്കുഴമ്പ് (നെക്റ്റാര്‍), ജാം, ജെല്ലി, സ്‌ക്വാഷ്, കാന്‍ഡി തുടങ്ങി നിരവധി വിഭവങ്ങള്‍ ചക്കപ്പഴം ഉപയോഗിച്ച് ഉണ്ടാക്കാം.
കേരളത്തില്‍ നല്ലൊരു പങ്ക് ചക്കപ്പഴവും പാഴാക്കപ്പെടുമ്പോള്‍ ബാംഗ്ലൂര്‍ പോലുള്ള നഗരങ്ങളില്‍ വഴിയോര കച്ചവടക്കാര്‍ ഒരു ചക്കച്ചുള നാലു രൂപക്കാണ് വില്‍ക്കുന്നത്. സഫേദ, ഘാജാ, ഭൂസില, ബഡിയ, ഹാന്‍സിഡ, മാമത്ത്, എവര്‍ബിയറല്‍, റോസ്സന്റ തുടങ്ങി നിരവധി പേരിലുള്ള ചക്കയിനങ്ങള്‍ അന്യസംസ്ഥാനങ്ങളില്‍ കൃഷിചെയ്യുന്നുണ്ട്. തമിഴ്‌നാട്ടിലെ കല്ലാര്‍- ബര്‍ലിയാര്‍ ഗവേഷണ കേന്ദ്രത്തിലാണ് പ്ലാവിനങ്ങളുടെ ഏറ്റവും വലിയ ശേഖരമുള്ളത്. മലയായില്‍ പഴുത്ത ചക്ക നെടുകെ മുറിച്ചു കുരുമാറ്റി ഐസ്‌ക്രീം വീഴ്ത്തിക്കഴിക്കുന്നത് വിശിഷ്ടഭോജ്യമാണ്. ചക്കപ്പഴം പാലില്‍ വേവിച്ചു വറ്റിച്ച് ഓറഞ്ച് നിറമുള്ള കസ്റ്റാഡ് ഉണ്ടാക്കുന്നുണ്ട്. മൈസൂരിലെ 'സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ചക്കക്കാന്‍ഡി ഉണ്ടാക്കുന്നതിന് മെച്ചപ്പെട്ട രീതി ആവിഷ്‌കരിച്ചുകഴിഞ്ഞു.
ചക്കച്ചുള പഞ്ചസാരപ്പാവിലിട്ടുണ്ടാക്കുന്ന ചക്കകാന്‍ഡി ബ്രസീലില്‍ 1917 മുതല്‍ വില്‍ക്കുന്നുണ്ട്. ശരീരത്തെ തണുപ്പിക്കുന്നതിനും മദ്യപാനം മൂലമുണ്ടാകുന്ന ആരോഗ്യ തകരാറുകള്‍ പരിഹരിക്കുന്നതിനും വേണ്ടി ചൈനക്കാര്‍ ചക്കപ്പഴം ധാരാളമായി ഉപയോഗിക്കുന്നു. ചക്ക ലൈംഗികോത്തേജകമാണെന്നും അവര്‍ക്കു വിശ്വാസമുണ്ട.് തായ്‌ലന്റില്‍ മൂത്ത ചക്ക കുറുകെ കഷ്ണങ്ങളായി മുറിച്ചുണക്കിയത് മാര്‍ക്കറ്റുകളില്‍ സുലഭമായി വില്‍ക്കപ്പെടുന്നു. മൂത്ത ചക്കച്ചുള ഉപയോഗിച്ച് ചിപ്‌സും പപ്പടവും വറുത്തുണക്കിയ ചക്കക്കുരു മാവുകൊണ്ട് പലഹാരവും ഉണ്ടാക്കുന്നു.
ചക്കക്കുരു വറുത്തു സിറപ്പിലും തക്കാളി സോസിലുമിട്ട് പല നാടുകളിലും വിപണനം ചെയ്യപ്പെടുന്നുണ്ട്. ഉണക്കിയ ചക്കക്കുരു പൊടി നല്ലൊരു കോഴിത്തീറ്റയാണ്. ചക്കക്കുരുവിലുള്ള ജാക്കലിന്‍, ലെക്റ്റിന്‍ തുടങ്ങിയ ഘടകങ്ങള്‍ക്ക് ഹൃദയത്തെ ഉത്തേജിപ്പിക്കാനാവുമെന്നും അര്‍ബുദത്തിനും ഏയ്ഡ്‌സിനുമെതിരെ പ്രവര്‍ത്തിക്കാനാവുമെന്നും തെളിഞ്ഞിട്ടുണ്ട്. തായ്‌ലന്റുകാര്‍ പ്ലാവിന്റെ പിഞ്ചു കായ്കളും കുരുന്നിലകളും അച്ചാറുണ്ടാക്കാനും പച്ചക്കറിയായും ഉപയോഗിക്കുന്നു.
പ്ലാവിന്റെ തടി വീടുപണിക്കു മാത്രമല്ല ഉപയോഗിക്കുന്നത്. മരത്തിന്റെ പൊടിയില്‍ ആലം ചേര്‍ത്തു തിളപ്പിച്ചുണ്ടാക്കുന്ന മഞ്ഞ ഡൈ ഉപയോഗിച്ച് ബുദ്ധഭിക്ഷുക്കള്‍ തങ്ങളുടെ വസ്ത്രങ്ങള്‍ക്ക് നിറം പകരുന്നു. പ്ലാവിന്റെ വേരുകെണ്ട് അലങ്കാര വസ്തുക്കളുമുണ്ടാക്കാം.
പ്ലാവിലക്കുമുണ്ട് ഗുണങ്ങള്‍. ഇതു കോട്ടിയതുപയോഗിച്ച് കഞ്ഞി കുടിച്ചാല്‍ കാസ രോഗം അകലുമെന്ന് കരുതപ്പെടുന്നു. പഴുത്ത പ്ലാവില തുളസിച്ചാറില്‍ അരച്ച് പഴുതാര കടിച്ചേടത്തു പുരട്ടാന്‍ നാട്ടുവൈദ്യന്മാര്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. ഇങ്ങനെ അടിമുടി ഗുണമുള്ള ഫലവൃക്ഷമായ പ്ലാവ് വഴിയോരങ്ങളിലും പറമ്പുകളിലുമൊക്കെ നട്ടുപിടിപ്പിക്കാന്‍ മുന്‍കൈ എടുക്കുന്നത് വളരെയേറെ ഗുണകരമാണ്.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top