മണ്ണ് മെഴുകി കാത്തിരിക്കുന്നവര്‍

ഹഫീസുല്ല കെ.വി No image

കിഴക്കന്‍ ആഫ്രിക്കയിലെ ഏറ്റവും സുരക്ഷിതത്വമുള്ള രാജ്യമാണ് ഉഗാണ്ട. ഭൂമിശാസ്ത്രപരമായി ഒരുപാട് പ്രത്യേകതകളും ഈ കൊച്ചു രാജ്യത്തിനുണ്ട്. ഭൂമധ്യരേഖ കടന്നുപോകുന്നത് ഉഗാണ്ടയില്‍ കൂടിയാണ്. വര്‍ഷത്തില്‍ മുന്നൂറ് ദിവസവും മഴ ലഭിക്കുന്ന പ്രദേശമാണ് ഇവിടം. അതുകൊണ്ട് തന്നെ എങ്ങും പച്ചപ്പും വെള്ളവും സുലഭം. കേരളത്തെക്കാള്‍ കുറവാണ് ഇവിടത്തെ ജനസംഖ്യ. 33 മില്യന്‍ ജനങ്ങളാണ് ഇവിടെ വസിക്കുന്നത്. കൃസ്ത്യന്‍ ഭൂരിപക്ഷ രാഷ്ട്രമായ ഉഗാണ്ടന്‍ ജനതയുടെ 25-30 ശതമാനം മുസ്ലിം കളാണ്. ഇവരില്‍ ഒട്ടു മിക്കവാറും സുന്നികളാണ്. അതില്‍ തന്നെ ഷാഫി മദ്ഹബ് പിന്തുടരുന്നവരാണ് കൂടുതല്‍. ചെറിയ വിഭാഗം അഹമ്മദികളും, അഗാക്കാന്‍/ബോറികള്‍ എന്ന് പറയുന്ന മറ്റൊരു വിഭാഗവും കൂടി ഇവിടെയുണ്ട്.
മറ്റു നാടുകളിലെ മുസ്ലിം കളെപ്പോലെ ഉഗാണ്ടയിലെ മുസ്ലിംകളും റമദാനെ വരവേല്‍ക്കാന്‍ പ്രത്യേക തയ്യാ റെടുപ്പുകള്‍ നടത്താറുണ്ട്. പുണ്യമാസത്തെ വരവേല്‍ക്കാന്‍ മണ്ണുകൊണ്ട് നിര്‍മിതമായ തങ്ങളുടെ വീടുകള്‍ മണ്ണുകൊണ്ട് തന്നെയുള്ള പാനീയം കൊണ്ട് കഴുകി വൃത്തിയാക്കുന്നതില്‍ തുടങ്ങും അവരുടെ റമദാന്‍ വരവേല്‍പ് പരിപാടികള്‍. വയസ്സായ സ്ത്രീകള്‍, നമ്മുടെ നാട്ടില്‍ ഉമ്മൂമ്മ / മാമ എന്നു വിളിക്കുന്നവരാണ് ഇതിനു നേതൃത്വം നല്‍കുന്നത്. റജബ് മാസംമുതലേ അവര്‍ തങ്ങളുടെ ഗൃഹങ്ങള്‍ വൃത്തിയാക്കുന്ന പരിപാടികള്‍ ആരംഭിക്കും.
ഗ്രാമങ്ങളിലാണ് ഇത് വ്യാപകമായി കണ്ടുവരുന്നത്. വീട് വൃത്തിയാക്കി കഴിഞ്ഞാല്‍ പിന്നെ കരി, വിറക് തുടങ്ങി തീ കത്തിക്കാന്‍ വേണ്ടിയുള്ള സാധന സാമഗ്രികള്‍ ഒരുക്കുകയായി. ഇതിനൊക്കെ സ്ത്രീകളാണ് നേതൃത്വം നല്‍കുക. തൊട്ടടുത്തുള്ള പള്ളികളെല്ലാം വൃത്തിയാ ക്കുന്നത് പുരുഷന്മാരായിരിക്കും. ഇവിടത്തെ ജനതയില്‍ അധികപേരും ദരിദ്രരാണ്. അതുകൊണ്ടുതന്നെ റജബ് - ശഅ്ബാന്‍ മാസത്തില്‍ തന്നെ ഇവര്‍ റമദാന് വേണ്ട അവശ്യവസ്തുക്കള്‍ സ്വരുക്കൂട്ടാന്‍ ആരംഭിക്കും. ഇവരുടെ പ്രധാന ‘ഭക്ഷണ വിഭവങ്ങളായ ഗോതമ്പ് മാവ്, അരി, കപ്പപ്പൊടി (ഇത് ഇവിടെ വ്യാപകമാണ്), ചോളപ്പൊടി, പഞ്ചസാര തുടങ്ങിയ അവശ്യസാധനങ്ങള്‍ വാങ്ങി സ്റോക്ക് ചെയ്യും.
യൂറോപ്പിനെ ചാണിനു ചാണായി പിന്തുടരുന്ന ശീലമാണ് ഉഗാണ്ടയിലെ നാട്ടുകാരുടേത്. അതുകൊണ്ട്തന്നെ അവരില്‍ കാണുന്ന എല്ലാ ജീവിതശൈലികളും ഇവരിലും കാണാന്‍ സാധിക്കും. വിവാഹം, കുടുംബ ജീവിതം എന്നൊക്കെ പറയുന്നത് ഇവിടെ വളരെ കുറച്ചു പേര്‍ മാത്രം പാലിക്കുന്ന കാര്യങ്ങളാണ്, കൂടുതല്‍ ആള്‍ക്കാര്‍ ഒരുമിച്ചു താമസിക്കുക (ഉമശിേഴ), ഒരു സമയം കഴിഞ്ഞാല്‍ പിരിഞ്ഞുപോവുക എന്നുള്ള താണ് ഇവരുടെ ജീവിത രീതി. ഇവിടത്തെ മുസ്ലിംകളും ഇതില്‍ നിന്നും വ്യത്യസ്തരല്ല. അതിനാല്‍ റമദാന്‍ അടുക്കാറായാല്‍ ഇവിടെ വിവാഹം വര്‍ധിച്ച തോതില്‍ നടക്കുന്നതായി കാണാം. എങ്ങനെയെങ്കിലും തന്റെ ഇണയെ നിയമപ്രകാരം സ്വന്തമാക്കാനുള്ള ഏര്‍പ്പാടായിട്ടാണ് എല്ലാവരും ഇതിനെ കാണുന്നത്. വ്യഭിചാരം വന്‍പാപമായാണ് ഇസ്ലാം പഠിപ്പിച്ചിട്ടുള്ളതെന്നതിനാല്‍ റമദാന്‍ അടുക്കുന്നതോടുകൂടി വിവാഹം കഴിച്ചു കുടുംബമായി താമസിക്കുന്നവരുടെ എണ്ണം റജബ്-ശഅബാന്‍ മാസങ്ങളില്‍ കൂടുതലാണ്.
നൂറിലധികം ഗോത്രങ്ങള്‍ ചേര്‍ന്നതാണ് ഉഗാണ്ട. ഓരോ ഗോത്രത്തിനും അവരുടേതായ രാജാവും നിയമവ്യവസ്ഥകളും ഉണ്ട്. അതുപോലെ ഗോത്രരാജ്യങ്ങള്‍ ചേര്‍ന്നുള്ള പാര്‍ലമെന്റും ഇവിടെയുണ്ട്. ബുഗാണ്ട ഗോത്രമാണ് പ്രധാന ഗോത്രം. ഏറ്റവും വലുതും അവര്‍ തന്നെ. വ്യത്യസ്ത ഗോത്ര വിഭാഗങ്ങളുള്ളതിനാല്‍ ഇവിടത്തെ ജനതയുടെ ഭാഷ, സംസ്കാരം, ജീവിതരീതികള്‍, ഭക്ഷണശൈലി എല്ലാം ഓരോ ഗോത്രങ്ങളിലും വ്യത്യസ്തമാണ്. ഭക്ഷണങ്ങളില്‍ മുഖ്യ ഇനം കപ്പയും പച്ചക്കായുമാണ.് കൂടെ ബീന്‍സ് വര്‍ഗങ്ങളും കാണും. മുളക്, എരിവ് മസാലയൊക്കെ വളരെ കുറച്ചുമാത്രമേ ഇവര്‍ ഭക്ഷണങ്ങളില്‍ ഉപയോഗിക്കാറുള്ളൂ.
ശഅ്ബാന്‍ അവസാനിച്ചു മാസപ്പിറ ദൃശ്യമായാല്‍ ശബ്ദമുണ്ടാക്കിയാണ് ഉഗാണ്ടക്കാര്‍ പരസ്പരം ആഹ്ളാദം പങ്കുവെക്കുന്നത്. ഇവിടെ വെള്ളം എടുക്കാനും ഉപയോഗിക്കുന്ന ജെറികള്‍/കാന്‍ ആണ് ഇത്തരം ശബ്ദങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ചെറുപ്പക്കാര്‍ പല സംഘങ്ങളായി തിരിഞ്ഞ് റമദാന്‍ സമാഗതമായ വിവരം മറ്റുള്ളവരെ അറിയിക്കും. റേഡിയോ, ടെലിവിഷന്‍ ചാനലുകളില്‍ കൂടിയും അറിയിപ്പ് ലഭ്യമാകും. റമദാന്‍ ആഗതമായാല്‍ പള്ളികള്‍ വിശ്വാസികളെ കൊണ്ട് നിറയും. മിക്ക പള്ളികളിലും സ്ത്രീകള്‍ക്കും നമസ്കാര സൌകര്യമുണ്ട്.
ഭക്ഷണ രീതികള്‍
കിസ്ര, ഗ്രോസ്സ, പോഷോ എന്നിവയാണ് ഇവരുടെ പ്രധാന ഭക്ഷണങ്ങള്‍. അതില്‍ കിസ്റ, ഗ്രോസ്സ എന്നിവ കപ്പപ്പൊടിയും മൈദയും ചേര്‍ത്ത് ചൂടുവെള്ളത്തില്‍ കലക്കി നമ്മുടെ ദോശ പോലെ ഉണ്ടാക്കിയെ ടുക്കുന്നതാണ്. കാണാന്‍ ചപ്പാത്തി പോലെയുള്ള ഇതില്‍ കറി കൂടി ഉപയോഗിക്കും, അധികവും ബീന്‍സ് വര്‍ഗങ്ങള്‍ കൊണ്ടുണ്ടാക്കുന്നവയാവും കറികള്‍. റമദാനിലെ വളരെ കുറച്ചു ദിവസങ്ങളില്‍ മാത്രമേ ഇറച്ചി, മീന്‍, കോഴി മുതലായവ ഇവര്‍ കഴിക്കാറുള്ളൂ. പോഷോവിനെ അറബിയില്‍ ലുഗ്മ എന്നാണ് വിളിക്കുന്നത്. ഉഗാണ്ടക്കാരുടെ പ്രിയ ഭക്ഷണമായ ഇത് വിദേശിയാണ്.
റമദാന്‍ തുടങ്ങിയാല്‍ പതിവില്‍ നിന്നും വ്യത്യസ്തമായി പള്ളികള്‍ വിശ്വാസികളെ കൊണ്ട് നിറയും. സാധാരണ ഒഴിവു ദിവസങ്ങളില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ നീണ്ടു നില്‍ക്കുന്ന ദര്‍സുകളും അതിനു ശേഷം ഇഫ്താര്‍ കഴിഞ്ഞു പിരിഞ്ഞുപോകുന്ന രീതിയുമാണ് കണ്ടുവരാറുള്ളത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പള്ളികളില്‍ പ്രത്യേകം പ്രത്യേകം ക്ളാസ്സുകള്‍ നടക്കും. ചില സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കുള്ള ക്ളാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നത് സ്ത്രീകള്‍ തന്നെയായിരിക്കും. കൂടുതലായും ഖുര്‍ആന്‍ പഠനം, ഇസ്ലാമിക കാര്യങ്ങള്‍ എന്നിങ്ങനെ വളരെ പ്രാഥമികമായ കാര്യങ്ങളാവും അധിക സ്ഥലങ്ങളിലും പഠിപ്പിക്കുക. നിറഞ്ഞ ജനപങ്കാളിത്തം ഈ ക്ളാസ്സുകളുടെ പ്രത്യേകതയാണ്.
സാധാരണ ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് വരെ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാറുള്ള ഇവിടത്തെ ജനത റമദാന്‍ സമാഗതമാവുന്നതോടെ ക്ഷമ കൈക്കൊള്ളുന്നതായി കാണാന്‍ സാധിക്കും. കൊച്ചു കുട്ടികള്‍ പോലും റമദാനില്‍ നോമ്പ് അനുഷ്ഠിക്കും.
പൊതു സമൂഹത്തിന്റെ നിലപാട്
പൊതു സമൂഹത്തിന്റെ നിലപാട് കൂടി പറയാതെ ഉഗാണ്ടക്കാരുടെ റമദാന്‍ വിശേഷം പൂര്‍ണമാവില്ല. ജനതയുടെ 70 ശതമാനവും കൃസ്ത്യന്‍ ആണ്. അതില്‍ തന്നെ ഒരുപാട് അവാന്തര വിഭാഗങ്ങളുമുണ്ട്. പൊതുസമൂഹവും റമദാനോട് അനുഭാവ പൂര്‍ണമായ സമീപനമാണ് സ്വീകരിക്കുന്നത്. നേരത്തെ സൂചിപ്പിച്ച പോലെ അവരും പരസ്പരം അടിപിടി കൂടുന്നതില്‍ നിന്നും മാറിനില്‍ക്കുകയും വളരെ സൌമ്യമായി പെരുമാറുകയും ചെയ്യും. വല്ല സാമ്പത്തിക ഇടപാടുകളും ഉണ്ടെങ്കില്‍ അതിനു പോലും അധികം കയര്‍ത്തു സംസാരിക്കാതെ ശ്രദ്ധിക്കും. കൂടെ ജോലി ചെയ്യുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു നോമ്പനുഷ്ഠി ക്കുന്നവരുമുണ്ട്.
പകല്‍ സമയങ്ങളില്‍ പൊതുസ്ഥലങ്ങളില്‍ റമദാന്‍ മാസത്തില്‍ മുസ്ലിംകള്‍ക്ക് ‘ഭക്ഷണം നല്‍കാന്‍ ഹോട്ടലുടമകള്‍ വിസമ്മതിക്കും. അതുപോലെ പൊതുസ്ഥലത്ത് ‘ഭക്ഷണം കഴിക്കുന്നത് ശിക്ഷാര്‍ഹമായിട്ടാണ് ഇവിടെ കാണുന്നത്. മുസ്ലിംകളല്ലാത്തവരും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധാലുക്കളാണ്.
ദിവസം മുഴുവന്‍ റേഡിയോവിന്റെ ചുവട്ടില്‍ ഇരിക്കുന്നവരാണ് ഇവിടത്തെ നാട്ടുകാരില്‍ അധികവും. എല്ലാവരുടെ ചെവിയിലും കാണാം ഇയര്‍ ഫോണ്‍. റമദാനില്‍ പ്രത്യേക പരിപാടികള്‍ റേഡിയോ -ടി വി- പത്ര മാധ്യമങ്ങളില്‍ കാണാന്‍ സാധിക്കും.
ഫിത്ര്‍ സകാത്ത്, സകാത്ത്
നാട്ടുകാര്‍ അധികവും സാമ്പത്തികമായി വളരെ താഴെ തട്ടിലു ള്ളവരാണ്. എന്നാല്‍ ഫിത്ര്‍ സകാത്തിന്റെ കാര്യത്തില്‍ അവര്‍ ബദ്ധശ്രദ്ധരാണ്്. ഇസ്ലാം അനുശാസിക്കുന്ന രീതിയില്‍ തന്നെയാണ് ഇവിടത്തെ മുസ്ലിംകള്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. പള്ളികള്‍ കേന്ദ്രീകരിച്ചും സംയുക്തമായും സകാത്ത് ശേഖരിച്ചാണ് വിതരണം ചെയ്യുന്നത്. ഇവിടുത്തെ പ്രധാന ഭക്ഷണ വിഭവങ്ങളായ അരി, കപ്പപ്പൊടി തുടങ്ങിയവയില്‍ ഏതാണോ ഓരോ കുടുംബവും ഒരു വര്‍ഷത്തില്‍ ഉപയോഗിക്കുന്നത് അതിന്റെ രണ്ടര കിലോ തുല്യമായ തുകയാണ് ഫിത്ര്‍ സകാത്തായി നല്‍കാറുള്ളത്. അത് നേരത്തെ ഇമാം കൌണ്‍സില്‍ തീരുമാനിക്കും. റമദാനിലെ അവസാന രണ്ടു ദിവസങ്ങളില്‍ അത് പള്ളികളില്‍ ശേഖരിക്കും. പെരുന്നാള്‍ തലേന്ന് രാത്രി ആ തുക വിതരണം ചെയ്യും.
ഓരോ കുടുംബത്തിലെയും കുട്ടികളുടെ എണ്ണം, അവരുടെ ജീവിത ചുറ്റുപാട് എന്നിവ അടിസ്ഥാനമാക്കിയാണ് ഈ തുക വിതരണം ചെയ്യുക. മിക്കവാറും മുഅദ്ദിന്‍/പള്ളി ഇമാം എന്നിവരാണ് വിതരണം നടത്താന്‍ നേതൃതം നല്‍കുക.
പെരുന്നാള്‍ നമസ്കാരം ആരംഭിക്കുന്നത് വരെ ഈ പണം സ്വീകരിക്കലും വിതരണം ചെയ്യലും തുടര്‍ന്നുകൊണ്ടേയിരിക്കും. ഓരോ കുടുംബത്തിനും സുഭിക്ഷമായി പെരുന്നാള്‍ ആഘോഷി ക്കാനുള്ള പണം ലഭിച്ചു എന്ന് ഇവര്‍ ഉറപ്പുവരുത്തുന്ന കാര്യത്തില്‍ ഉഗാണ്ടക്കാര്‍ വളരെ ശ്രദ്ധ ചെലുത്തുന്നുണ്ട്.
എന്നാല്‍ സകാത്ത് വിഷയത്തില്‍ കാര്യമായ ശുഷ്കാന്തി ഉഗാണ്ടന്‍ മുസ്ലിംകളുടെ ‘ഭാഗത്ത് നിന്നും കാണാറില്ല- എന്നാണ് പള്ളിയിലെ ഇമാമായ യഹ്യാ ജാഫര്‍ പറയുന്നത്. വളരെ കുറച്ചു പേര്‍ മാത്രമേ തങ്ങളുടെ സമ്പാദ്യം കണക്ക് കൂട്ടി സകാത്ത് നല്‍കുന്നവരായുള്ളൂ, പക്ഷെ അധികപേരും സ്വദഖ നല്‍കുന്നതില്‍ പിശുക്ക് കാണിക്കാത്തവരാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top