സൈനബുല്‍ ഗസ്സാലിയോടൊപ്പം

ശൈഖ് മുഹമ്മദ് കാരകുന്ന് No image

മലയാളമറിയുന്ന ഇസ്‌ലാം സ്‌നേഹികള്‍ക്കെല്ലാം സുപരിചിതയാണ് സൈനബുല്‍ ഗസ്സാലി. അവരുടെ ജീവിതാനുഭവങ്ങള്‍ മലയാളി മുസ്‌ലിംകളുടെ ഓര്‍മകളില്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്നു. അവരുടെ 'ജയിലനുഭവങ്ങള്‍' പോലെ ശ്വാസമടക്കിപ്പിടിച്ചും കണ്ണീര്‍ തുടച്ചും വിറച്ചും വിതുമ്പിയും വായിച്ചുതീര്‍ത്ത പുസ്തകങ്ങള്‍ അത്യപൂര്‍വമായിരിക്കും. ഇസ്‌ലാമിലെ പ്രഥമ രക്തസാക്ഷിയായ സുമയ്യ ബീവിയുടെ ത്യാഗം ഓര്‍മിപ്പിക്കുന്നതാണ് സൈനബുല്‍ ഗസ്സാലിയുടെ ജീവിതാനുഭവങ്ങള്‍.
1981 ഫെബ്രുവരി 20,21,22 തിയ്യതികളില്‍ ഹൈദരാബാദിലെ 'വാദിഹുദായില്‍' ചേര്‍ന്ന ജമാഅത്തെ ഇസ്‌ലാമി ആറാം അഖിലേന്ത്യ സമ്മേളനത്തില്‍ സംബന്ധിക്കാന്‍ എത്തിയപ്പോഴാണ് രക്തം പുരണ്ട ജീവിത താളുകളിലൂടെ പ്രബോധനം വായനക്കാര്‍ അടുത്തറിയുന്ന സൈനബുല്‍ ഗസ്സാലിയെ നേരില്‍ കാണാനും അഭിമുഖം സംഘടിപ്പിക്കാനും അവസരം ലഭിച്ചത്. അവരുടെ തന്നെ ഭാഷയില്‍ ഒരു സര്‍ക്കാറിന് മാത്രം ചെയ്യാന്‍ കഴിയുന്ന വിപുലമായ സജ്ജീകരണങ്ങളോടെയാണ് ചരിത്ര പ്രസിദ്ധമായ ഹൈദരാബാദില്‍ ജമാഅത്തിന്റെ അഖിലേന്ത്യ സമ്മേളനം സംഘടിപ്പിച്ചത്. മൂന്ന് ലക്ഷത്തോളം പേര്‍ പങ്കെടുത്ത പ്രസ്തുത പരിപാടിയില്‍ വിവിധ രാജ്യങ്ങളിലുള്ള 38 പണ്ഡിതന്മാരും നേതാക്കളും പങ്കെടുക്കുകയുണ്ടായി. വിസ നിഷേധിക്കപ്പെട്ടില്ലായിരുന്നു വെങ്കില്‍ നൂറോളം പണ്ഡിതന്മാര്‍ പരിപാടികളില്‍ പങ്കെടുക്കുമായിരുന്നു. അന്ന് വിദേശ പ്രതിനിധികള്‍ക്ക് വിസ നിഷേധിച്ചത് ലോകതലത്തില്‍ വലിയ വിവാദമായിത്തീരുകയും അതിനാല്‍ തങ്ങള്‍ വിസ നിഷേധിച്ചിട്ടില്ലെന്ന് പത്രക്കുറിപ്പിറക്കാന്‍ ഭരണകൂടം നിര്‍ബന്ധിതമാവുകയും ചെയ്തു.
റിയാദിലെ ഇബ്‌നു സുഊദ് യൂണിവേഴ്‌സിറ്റി ഡയരക്ടര്‍ ശൈഖ് അബ്ദുല്ല അബ്ദുല്‍ മുഹ്‌സിന്‍ തുര്‍ക്കി, റിയാദ് യൂണിവേഴ്‌സിറ്റി സെക്രട്ടറി വലീദ് ഉമര്‍ ഹുസൈനി, സ്റ്റുഡന്റ്‌സ് ഡീന്‍ സ്വാലിഹ് ഇബ്‌നു സുഊദ് അലി, ടെഹറാനിലെ ഇമാമും ഡിഫന്‍സ് കൗണ്‍സിലില്‍ ഖുമൈനിയുടെ പ്രതിനിധിയുമായ ആയത്തുല്ലാ സയ്യിദ് അലിഖാമിനി, മദീനാ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ശൈഖ് അബ്ദുല്ല സായിദ്, മദീനാ സര്‍വകലാശാല സെക്രട്ടറി ശൈഖ് ഉമര്‍ ഫുല്ലാത്ത, കൗണ്‍സില്‍ ഓഫ് വേള്‍ഡ് മോസ്‌ക്‌സ് അസിസ്റ്റന്റ് സെക്രട്ടറി ശൈഖ് അലി മുഖതാര്‍, അമേരിക്കയിലെ എം.എസ്.എ പ്രതിനിധി ഡോക്ടര്‍ യഅ്ഖൂബ് മീര്‍സ, ലണ്ടനിലെ യു.കെ ഇസ്‌ലാമിക് മിഷന്‍ നേതാവ് തന്‍സീം വാസിത്വി, ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് ഫെഡറേഷന്‍ ഓഫ് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍സ് (ഐ.ഐ.എഫ്.എസ്.ഒ) സെക്രട്ടറി ജനറല്‍ മുസ്ത്വഫാ ത്വഹാന്‍, കുവൈത് ദാറുല്‍ ബുഹൂസുല്‍ ഇസ്‌ലാമിയയുടെ ഡോക്ടര്‍ മുഹിയുദ്ദീന്‍ അത്വിയ്യ, വേള്‍ഡ് അസംബ്ലി ഓഫ് മുസ്‌ലിം യൂത്തിന്റെ (വമി) അസിസ്റ്റന്റ് സെക്രട്ടറി ഡോക്ടര്‍ അഹ്മദ് തൂതന്‍ജി ഉള്‍പ്പെടെ ഒട്ടേറെ ലോകപ്രശസ്ത നേതാക്കളും പണ്ഡിതന്മാരും പങ്കെടുത്ത ആറാം അഖിലേന്ത്യ സമ്മേളനത്തിലെ ഏറ്റവും ശ്രദ്ധേയമായ വ്യക്തിത്വം സൈനബുല്‍ ഗസ്സാലി തന്നെ. അവരുടേത് പോലെ ത്യാഗപൂര്‍ണവും ഐതിഹാസികവുമായ ജീവിതം നയിച്ച മറ്റാരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല. എന്നല്ല, സമീപകാല ലോക ചരിത്രത്തിലൊന്നും അവരുടേതിന് സമാനമായ അനുഭവങ്ങളുള്ള വനിതാ നേതാക്കളില്ല.
സമ്മേളനത്തില്‍ സംബന്ധിക്കാനെത്തിയ സൈനബുല്‍ ഗസ്സാലിയെ കേരളാ ക്യാമ്പില്‍ കൊണ്ടുവരണമെന്ന് എല്ലാവര്‍ക്കും നിര്‍ബന്ധം. അങ്ങനെ അവരെ ക്ഷണിക്കാനായി പി.എം.എ സലാം, എ.ഐ റഹ്മത്തുല്ല എന്നിവരോടൊപ്പം ഡക്കാന്‍ കോണ്ടിനന്റല്‍ ഹോട്ടലിലെത്തിയപ്പോള്‍ ഇരുപതാം നൂറ്റാണ്ടിലെ 'സുമയ്യ' ഞങ്ങളെ സന്തോഷത്തോടെ സ്വീകരിച്ചിരുത്തി കുശലാന്വേഷണങ്ങള്‍ക്കു ശേഷം വിഷയമവതരിപ്പിച്ചപ്പോള്‍ ക്ഷണം സ്വീകരിച്ചു. 'ജയിലനുഭവങ്ങളി'ലൂടെ മലയാളികള്‍ക്ക് അവര്‍ വളരെയേറെ സുപരിചിതയാണെന്ന കാര്യം വിസ്മയത്തോടെയാണ് അവര്‍ കേട്ടത്. മലയാളി ക്യാമ്പില്‍ ചെയ്ത അത്യാവേശകരമായ പ്രസംഗം ഈജിപ്തിലുണ്ടായ പുതിയ മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. അന്നവര്‍ പറഞ്ഞു: ''നമ്മള്‍ വിജയത്തിലേക്കുള്ള പ്രയാണം ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. ഇസ്‌ലാമിന് അതിന്റെ അന്തസ്സും പ്രതാപവും യശസ്സും വീണ്ടുകിട്ടുന്ന അതിമഹത്തായ സുദിനം നാം പ്രതീക്ഷിക്കുകയാണ്. ആ സുദിനത്തില്‍ ഇസ്‌ലാമിന്റെ അജയ്യത ഒരിക്കല്‍ കൂടി അംഗീകരിക്കപ്പെടുമെന്ന് നാം പ്രതീക്ഷിക്കുന്നു. അങ്ങനെ സംഭവിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.''
സൈനബുല്‍ ഗസ്സാലിയുടെ ഈ പ്രതീക്ഷ അവരുടെ ജന്മനാട്ടില്‍ അത്ഭുതകരമാം വിധം പൂവണിഞ്ഞിരിക്കുന്നു. മുല്ലപ്പൂ വിപ്ലവത്തിലൂടെ. അവര്‍ അന്ന് സ്വന്തം ജയിലനുഭവങ്ങള്‍ അനുസ്മരിക്കുന്നതിന് പകരം ഉമ്മു ശരീകിന്റെ കഥ പറയുകയായിരുന്നു: ''മദീനയിലെ അറബ് ഗോത്രങ്ങള്‍ക്കിടയില്‍ ഉമ്മുശരീക എന്ന ധീരവനിത ഇസ്‌ലാമിന്റെ സന്ദേശം പ്രചരിപ്പിക്കുന്നു. അവരുടെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി ജനം ഇസ്‌ലാമിലേക്ക് വന്നുകൊണ്ടിരുന്നു. അതോടെ ശത്രുക്കള്‍ അവരെ പിടികൂടി തടവിലിട്ടു. ഭക്ഷണവും കുടിവെള്ളവും കിട്ടാതെ വിശന്നും ദാഹിച്ചും അവശയായ അവര്‍ അപ്പോഴും സത്യപ്രബോധനം തുടര്‍ന്നുകൊണ്ടിരുന്നു. അതിലാകൃഷ്ടരായി ഇസ്‌ലാം സ്വീകരിച്ചവര്‍ തന്നെ അവരെ മോചിപ്പിക്കുകയായിരുന്നു.''
പ്രസംഗത്തില്‍നിന്ന് ലഭിക്കാത്ത വ്യക്തിപരവും കുടുംബപരവുമായ എന്തെങ്കിലും വിവരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ അവരുമായി 'പ്രബോധനം' വാരികക്കുവേണ്ടി അഭിമുഖം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. അങ്ങനെ അടുത്ത ദിവസം ഡോക്ടര്‍ മുസ്ത്വഫാ കമാല്‍ പാഷയുടെയും ഹബീബാ പാഷയുടെയും കൂടെ ഹോട്ടലിലെത്തി. ശഹീദ് സയ്യിദ് ഖുത്തുബിന്റെ 'വഴിയടയാളങ്ങ'ളുള്‍പ്പെടെയുള്ള കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത വിവരമറിഞ്ഞപ്പോള്‍ അവര്‍ മാതൃതുല്യമായ സ്‌നേഹവും അടുപ്പവും കാണിച്ചു.
ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ പ്രതിനിധിയായാണ് താന്‍ സമ്മേളനത്തിനെത്തിയതെന്ന് അറിയിച്ച സൈനബുല്‍ ഗസ്സാലിയോട് അന്നത്തെ ഈജിപ്ഷ്യന്‍ അവസ്ഥയെ സംബന്ധിച്ചും ഇഖ്‌വാന്റെ പ്രവര്‍ത്തനങ്ങളെ പറ്റിയും ചോദിച്ചറിഞ്ഞു. അവിടുത്തെ പീഡനങ്ങളെ അതിജീവിച്ച് ഇഖ്‌വാന്‍ സുശക്തമായി തന്നെ നിലകൊള്ളുന്നുവെന്ന അവരുടെ പ്രസ്താവം എത്രമാത്രം ശരിയായിരുന്നുവെന്ന് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നു.
കുടുംബാവസ്ഥ മനസ്സിലാക്കാനായി എത്ര സഹോദരീ സഹോദരന്മാരുണ്ടെന്ന് അന്വേഷിച്ചപ്പോള്‍ പെട്ടെന്ന് കിട്ടിയ മറുപടി കൗതുകകരമായിരുന്നു: ''നൂറു കോടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി എനിക്ക് നൂറു കോടി സഹോദരീ സഹോദരന്മാരുണ്ട്. രക്തബന്ധത്തില്‍ ഞങ്ങള്‍ പതിനൊന്ന് പേരാണ് ഉണ്ടായിരുന്നത്. നാലുപേര്‍ മരിച്ചു. ഏഴു പേര്‍ ജീവിച്ചിരിപ്പുണ്ട്.''
പെട്ടെന്ന് സലാം ചൊല്ലി ഒരു ചെറുപ്പക്കാരി കടന്നുവന്നപ്പോള്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: 'നോക്കൂ. ഇതെന്റെ മകളാണ്.' തുടര്‍ന്ന് അവരെ പരിചയപ്പെടുത്തി. ഇല്‍ഹാമുത്വാലിബ്. ഡോക്ടര്‍ ഹിശാമുത്വാലിബിന്റെ സഹധര്‍മിണി. മൂന്ന് കുട്ടികളുടെ മാതാവാണ്. അറബിയിലും ഇംഗ്ലീഷിലും നന്നായി പ്രസംഗിക്കും.
അമേരിക്കയിലെ മുസ്‌ലിം സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ സ്ഥാപകാംഗങ്ങളില്‍ ഒരാളും പ്രമുഖ നേതാവും പണ്ഡിതനുമായ ഡോക്ടര്‍ ഹിശാമുത്വാലിബ് സൈനബുല്‍ ഗസ്സാലിയുടെ ജാമാതാവല്ലെന്ന് അറിയുമായിരുന്നതിനാല്‍ മുഖത്തുണ്ടായ അമ്പരപ്പിന് അറുതി വരുത്തിക്കൊണ്ട് അവര്‍ പറഞ്ഞു: ''ഇത്തരത്തില്‍ കോടിക്കണക്കിന് മക്കളെനിക്കുണ്ട്. ഇതല്ലാത്ത മക്കളെനിക്കില്ല.''
ഐ.ഐ.എഫ്.എസ്.ഒ വനിതാ വിഭാഗം അധ്യക്ഷയായിരുന്നു അക്കാലത്ത് ഇല്‍ഹാമുത്വാലിബ്.
സൈനബുല്‍ ഗസ്സാലിയുമായി അഭിമുഖം നടത്തുമ്പോള്‍ അവരുടെതായി 'അയ്യാമുന്‍ മിന്‍ഹയാതി' മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഐ.പി.എച്ച് ഇത് 'ജയിലനുഭവങ്ങള്‍' എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്ന് 'മജ്‌ലിസ്സുല്‍ ഉമ്മ', 'അല്‍മര്‍അത്തു ഫിദ്ദൗല വല്‍ ഉമ്മ' എന്നീ ഗ്രന്ഥങ്ങളുടെ രചനയിലായിരുന്നു.
എത്ര പീഡനവും പ്രകോപനവുമുണ്ടായാലും സമാധാനത്തിന്റെ മാര്‍ഗം ഉപേക്ഷിക്കരുതെന്നും തീവ്രവാദത്തിലേക്ക് നീങ്ങരുതെന്നും ഊന്നിപ്പറഞ്ഞ സൈനബുല്‍ ഗസ്സാലി 'ജമാഅത്തു തക്ഫീര്‍ വല്‍ ഹിജ്‌റ'യെ കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞതിങ്ങനെ: 'ഏതാനും ചെറുപ്പക്കാരാണവര്‍. വളരെ ഇസ്‌ലാമികാവേശമുള്ളവരാണെങ്കിലും അവരുടെ പ്രവര്‍ത്തനങ്ങള്‍ ഗുണത്തേക്കാള്‍ ഏറെ ദോഷമാണ് വരുത്തിവെക്കുന്നത്. വളരെ ചെറിയൊരു വിഭാഗം. അവര്‍ സന്മാര്‍ഗത്തിലേക്ക് തിരിച്ചുവരാനായി പ്രാര്‍ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.''
സൈനബുല്‍ ഗസ്സാലിയുടെയും അവരെ പോലുള്ള നിരവധി നേതാക്കളുടെയും പ്രാര്‍ഥനയും പ്രവര്‍ത്തനങ്ങളും സഫലമായി. 'ജമാഅത്തു തക്ഫീര്‍ വല്‍ ഹിജ്‌റ'യുടെ മുഴുവന്‍ പ്രവര്‍ത്തകരും തീവ്രവാദം ഉപേക്ഷിച്ച് പശ്ചാത്തപിക്കുകയും ഇഖ്‌വാനിലേക്ക് തിരിച്ചുവരികയും ചെയ്തു. പ്രസ്തുത സംഘടന പിരിച്ചുവിടുകയാണുണ്ടായത്.
സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയെ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് അവര്‍ നല്‍കിയ മറുപടി ഇങ്ങനെ: 'ഇല്ല. അദ്ദേഹത്തെ കാണാനുള്ള മഹാഭാഗ്യം എനിക്ക് ലഭിച്ചിട്ടില്ല. പക്ഷേ, നിരവധി ഗ്രന്ഥങ്ങള്‍ വായിച്ചിട്ടുണ്ട്. അവയിലൂടെ ഞാന്‍ മൗലാനയെ കണ്ടിട്ടുണ്ട്. അദ്ദേഹവും ഇമാം ഹസനുല്‍ ബന്നയും മഹാന്മാരായ നായകന്മാരാണ്. അവര്‍ നടത്തിയ മഹത്തായ ശ്രമങ്ങള്‍ വമ്പിച്ച സദ്ഫലങ്ങള്‍ നല്‍കാന്‍ തുടങ്ങിയിരിക്കുന്നു. അല്ലാഹു അനുഗ്രഹിച്ചെങ്കില്‍ വരും കാലം ഇസ്‌ലാമിന്റേതായിരിക്കും. സാഹചര്യത്തെയും സമൂഹത്തെയും ഇസ്‌ലാമിന് അനുകൂലമായി മാറ്റുന്നതില്‍ മൗലാന വഹിച്ച പങ്ക് സുവിദിതമാണ്.'
സൈനബുല്‍ ഗസ്സാലിയോടൊപ്പം ചെലവഴിച്ച മുക്കാല്‍ മണിക്കൂര്‍ ജീവിതത്തിലെ അവിസ്മരണീയമായ സംഭവമായി ഇന്നും അനുഭവപ്പെടുന്നു. കാലമേറെ കഴിഞ്ഞെങ്കിലും അവരിപ്പോഴും പുഞ്ചിരിതൂകി മുമ്പില്‍ വന്നിരിക്കുന്നപോലെ. അത്രയേറെ ഹൃദ്യവും സ്‌നേഹപൂര്‍വവുമായിരുന്നു അവരുടെ സമീപനം. സയ്യിദ് ഖുത്തുബ് കൃതികളുടെ വിവര്‍ത്തകനെന്ന നിലയില്‍ എന്നെ ഏറെ അഭിനന്ദിച്ച ഇഖ്‌വാന്‍ നേതാവും അവര്‍ തന്നെ. അല്ലാഹു ആസ്യാ ബീവിയുടെയും സുമയ്യയുടെയും അരികില്‍ സ്വര്‍ഗപ്പൂങ്കാവനത്തില്‍ ഇടം നല്‍കി അവരെ അനുഗ്രഹിക്കുമാറാവട്ടെ.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top