നാരായണേട്ടന്‍ കൊണ്ടുവന്ന ഓണം

ബി.എം സുഹ്റ No image

കുംഭം-മീന മാസക്കാലത്ത് ഉമ്മാമക്ക് തിരക്കൊഴിഞ്ഞ നേരമില്ല. മഴ വരുന്നതിനു മുമ്പ് നെല്ല് മുഴുവന്‍ ഉണക്കി പത്തായത്തിലാക്കണം. വേനലിലാണ് മരപ്പുളി പാകമാകുന്നത്. അത് ഉണക്കി കുരു കളഞ്ഞ് ഉപ്പ് ചേര്‍ത്ത് ഉരുളകളാക്കി ഭരണികളിലാക്കണം. മഴക്കാലമായാല്‍ കടല്‍ ഇളകി മറിയും. തോണിക്കാരൊന്നും കടലിലിറങ്ങില്ല. അതുകൊണ്ട് തന്നെ പച്ചമീന്‍ കണികാണാനും കിട്ടില്ല. അതിനാല്‍ വേനലില്‍ തിരണ്ടി, സ്രാവ്, ചെമ്മീന്‍ മുതലായവ വാങ്ങി കഴുകി വൃത്തിയാക്കി ഉപ്പ് പുരട്ടി ഉണക്കി കലങ്ങളിലാക്കി ഉറികളില്‍ സൂക്ഷിക്കുന്നു.''
വല്യുപ്പക്ക് വെള്ളരി കൃഷിയുണ്ട്. വേനലിലാണ് വെള്ളരി പഴുക്കുന്നത്. സ്വര്‍ണ നിറമുള്ള വെള്ളരി കൂട്ടിയിട്ടിരിക്കുന്നത് കാണാന്‍ നല്ല ചേലാണ്. ഓലവളയങ്ങളില്‍ വെള്ളരി കലവറയിലെ ഉത്തരത്തില്‍ കെട്ടിത്തൂക്കുന്നു. മാങ്ങ പഴുക്കുന്നതും വേനലില്‍ തന്നെ. എവിടെ നോക്കിയാലും അപ്പോള്‍ മാങ്ങയായിരിക്കും. മല്‍ഗോവ, നീലം, ഒളോര്‍... എന്തെല്ലാംതരം മാങ്ങകള്‍! മാങ്ങാച്ചാറെടുത്ത് പായിലൊഴിച്ച് ഉണക്കി മാങ്ങാ കച്ചുണ്ടാക്കുന്നു. മൂത്ത മാങ്ങകള്‍ തെരഞ്ഞെടുത്ത് വാട്ടി ഉപ്പിലിട്ട് സൂക്ഷിക്കുന്നു. ഇതെല്ലാം കണ്ടും കേട്ടും അറിഞ്ഞും ഉമ്മാമയുടെ പിന്നാലെ നടക്കുമ്പോള്‍ നേരം പോകുന്നതറിയില്ല.
മഴക്കാലത്ത് നാട്ടില്‍ മിക്കവരും മുഴുപ്പട്ടിണിയിലായിരിക്കും. ഒരു നേരം പോലും കഞ്ഞിവെക്കാത്ത വീടുകളും ധാരാളം. കഞ്ഞിവെച്ചാല്‍ തൊട്ടുകൂട്ടാന്‍ പലപ്പോഴും ഒന്നും ഉണ്ടായെന്ന് വരില്ല. വാസ്തവത്തില്‍ അവര്‍ക്ക് കൊടുക്കാനായിട്ടാണ് മാങ്ങ ഉപ്പിലിട്ട് സൂക്ഷിക്കുന്നത്. പലപ്പോഴും കഞ്ഞിവെക്കാനുള്ള അരിയും ഉമ്മാമ തന്നെ കൊടുക്കേണ്ടി വരും. കര്‍ക്കിടകം കടപ്പുറത്തെ തോണിക്കാര്‍ക്ക് പഞ്ഞ മാസമാണ്. കാറ്റും കോളും കാരണം ദിവസങ്ങളോളം കടലില്‍ തോണിയിറക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അവരുടെ മക്കളും ഭാര്യമാരും ഉച്ചനേരത്ത് കഞ്ഞിവെള്ളത്തിനായി പുത്തന്‍ പുരയിലെ അടുക്കള കോലായില്‍ നിരന്നിരിക്കും.'' (കിനാവ്- ബി.എം സുഹറ)
ഓണം ഒരിക്കലും മതത്തിന്റെ ആഘോഷമല്ല. ഓണക്കാലമെന്നാല്‍ കൊയ്ത്തുല്‍സവത്തിന്റെ കാലമാണ്. പ്രകൃതി തെളിയുന്ന കാലം. വറുതിയുടെ നാളുകള്‍ക്കു ശേഷം പ്രകൃതി നിറവസന്തമായി പൂത്തിറങ്ങുന്ന കാലം.
തിക്കോടിയാണ് എന്റെ ഗ്രാമം. കടലോര പ്രദേശം. മുസ്‌ലിം തറവാടുകളും കുറച്ച് ഈഴവരുമായിരുന്നു അന്നവിടെ ഉണ്ടായിരുന്നത്. കര്‍ഷക ജന്മി കുടുംബമായിരുന്നു ഞങ്ങളുടേത്. അതുകൊണ്ട് തന്നെ ഓണക്കാലമാകുമ്പോഴേക്കും അതിന്റെ ആരവവും തറവാട്ടില്‍ തുടങ്ങിയിട്ടുണ്ടാകും. മെതിക്കുമ്പോഴുള്ള നെല്ലിന്റെ മണം മത്തുപിടിപ്പിക്കും. കര്‍ഷക സ്ത്രീകള്‍ വയലേലകളില്‍ നിന്ന് പാടുന്ന നാട്ടിപ്പാട്ടും കേള്‍ക്കാം. പൂവേപൊലി പാടി കൂട്ടുകാര്‍ പൂവിറുക്കാന്‍ പോകുമ്പോള്‍ ഞാനും പോകും. വീട്ടുമുറ്റത്ത് പൂവിടും. കുടിയാന്മാര്‍ക്ക് ഓണത്തിന് കോടിമുണ്ട് നല്‍കും. അവിലും വാഴക്കുലയും നല്‍കും. സ്വന്തം സമുദായത്തിന്റെ ആഘോഷങ്ങളെ പോലെത്തന്നെ അന്യമതസ്ഥരെ ബഹുമാനിക്കാനും അംഗീകരിക്കാനും കുട്ടിക്കാലം മുതല്‍തന്നെ തറവാട്ടിലുള്ളവര്‍ പഠിപ്പിച്ചിരുന്നു. യു,പി. സ്‌കൂളില്‍ പഠിപ്പിക്കുമ്പോഴാണ് തിക്കോടിയില്‍ നിന്നും കോഴിക്കോടേക്ക് താമസം മാറുന്നത്.
കിട്ടുന്ന വരുമാനം കൊണ്ട് പുത്തന്‍പുരയിലെ പ്രതാപത്തിനൊത്ത് ജീവിക്കാന്‍ സാധ്യല്ലെന്ന് ഉറപ്പായപ്പോള്‍ നാടുവിടാന്‍ തീരുമാനിച്ചു. നശിക്കാനുള്ള പുറപ്പാടാണെന്ന് പലരും പറഞ്ഞു. കുട്ടികളെല്ലാം അപ്പോഴേക്കും മുതിര്‍ന്നിരുന്നു.
ഉള്ളൂര്‍ക്കര ഹൈസ്‌ക്കൂളില്ല. കോളേജുമില്ല. എല്ലാവരെയും ഒന്നിച്ച് ഹോസ്റ്റലില്‍ അയച്ച് പഠിപ്പിക്കാനുള്ള കഴിവുമില്ല. തിരിച്ചും മറിച്ചും പലവട്ടം ആലോചിച്ചാണ് കോഴിക്കോടേക്ക് താമസം മാറ്റാന്‍ തീരുമാനിച്ചത്. ഭാഗത്തില്‍ കിട്ടിയ ഒരേക്കര്‍ തെങ്ങിന്‍പറമ്പ് വിറ്റ് കോഴിക്കോട് നഗരത്തില്‍ നിന്നുമാറി പതിനഞ്ച് സെന്റ് സ്ഥലവും ചെറിയ വീടും വാങ്ങി താമസം തുടങ്ങി.
വീട് വളരെ ചെറുതായിരുന്നു. പുത്തന്‍പുരയിലെ കളത്തിന്റെ വലിപ്പം പോലുമില്ല. മൂന്ന് ചെറിയ മുറികള്‍. മൂന്നും ചേര്‍ന്നാല്‍ നാട്ടിലെ ഒരറയുടെ വലിപ്പം പോലുമില്ല. വീട് കണ്ടപ്പോള്‍ ഇത്താത്തക്കും ആങ്ങളമാര്‍ക്കും മാനക്കേട്. വകവെച്ചില്ല. പിണങ്ങിയതുമില്ല.
'ഉള്ളൂര്‍ക്കര വിട്ടപ്പോള്‍ ജീവിതരീതി ആകെ മാറി. കുട്ടികള്‍ക്ക് പോലും പൊരുത്തപ്പെടാന്‍ വിഷമം തോന്നി. പക്ഷേ ഉമ്മ വേഗം ശീലിച്ചു. കാലത്തിന്റെ ഗതിക്കനുസരിച്ച് നീങ്ങാനുള്ള ഉമ്മയുടെ കഴിവ് പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.' (കിനാവ്)
പിന്നീട് ഓണമായെന്ന് ഞാനറിയുന്നത് നാട്ടില്‍ നിന്ന് കാര്യസ്ഥന്‍ നാരാണേട്ടന്‍ വാഴക്കുലയും ഇളനീരും മറ്റുമായി വരുമ്പോഴാണ്. അന്ന് ഞങ്ങള്‍ വിളിച്ചാര്‍ക്കും. 'നാരാണേട്ടന്‍ വന്നേ... ഓണം വന്നേ...'
വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം തിരുവനന്തപുരത്തായിരുന്നു താമസം. അവിടെ എല്ലാവരും ജാതി-മത ഭേദമന്യേ ഓണം ആഘോഷിക്കുന്നത് കണ്ടപ്പോള്‍ എന്റെ കുട്ടിക്കാലത്തെ വിശ്വാസത്തെ അരക്കിട്ടുറപ്പിക്കാന്‍ കഴിഞ്ഞു.
വര്‍ഷങ്ങള്‍ക്കു ശേഷം കുടുംബസമേതം കോഴിക്കോട് മലാപറമ്പിലേക്ക് താമസം മാറി. തൊട്ടടുത്ത വീട്ടിലെ ശ്യാമളച്ചേച്ചിയുടെ കുടുംബവും ഞങ്ങളും ഒരു കുടുംബം പോലെയായിരുന്നു. ഓണത്തിന് ഞങ്ങളും പെരുന്നാളിന് അവരും പരസ്പരം പങ്കുചേര്‍ന്നു.
ഒരോണക്കാലം. അവധിയായതിനാല്‍ ഞങ്ങളൊരു ടൂറിന് പ്ലാനിട്ടു. ഞങ്ങള്‍ യാത്രക്കുള്ള സാധനങ്ങള്‍ ഒരുക്കുന്നതിനിടയില്‍ ഇളയ മകന്‍ അനീസ് ശ്യാമളയുടെ മകള്‍ സിന്ധുവിനോടൊപ്പം പൂവിട്ട് വരാമെന്ന് പറഞ്ഞ് അടുത്തവീട്ടിലേക്ക് പോയി. സാധാരണ കെട്ടിയിടാറുള്ള നായയെ അഴിച്ചിട്ട വിവരം അറിയാതെ ഓടിപ്പോയ അനീസിന്റെ മേല്‍ നായ ചാടി വീണ് അവനെ കടിച്ചു കീറിക്കളഞ്ഞു. അങ്ങനെ ഞങ്ങളുടെ യാത്ര മുടങ്ങി. എങ്കിലും അവരുടെ ഓണം മുടങ്ങിയതിലുള്ള സങ്കടമായിരുന്നു എല്ലാവര്‍ക്കും.
ഞാനിപ്പോഴും വീട്ടില്‍ ഓണത്തിന് ഭക്ഷണമുണ്ടാക്കാറില്ല. ആരെങ്കിലും കൊണ്ടുവരും. കുട്ടിക്കാലത്ത് ഓണത്തിന് കിട്ടുന്ന പുന്നെല്ല് കൊണ്ടുണ്ടാക്കിയ ചോറിന്റെയും വിഭവങ്ങളുടെയും രുചി മനസ്സിലിപ്പോഴുമുണ്ട്.
മുമ്പത്തേപ്പോലെ ഇന്ന് പട്ടിണിയില്ല. സമൃദ്ധിയുണ്ട്. എന്നാല്‍ മനസ്സമാധാനമില്ല. ആര്‍ക്കും ആരെയും വിശ്വാസമില്ല. എല്ലാവരെയും സംശയത്തോടെ കാണുകയാണ്. അതിരുകടക്കുന്ന ആഘോഷങ്ങള്‍ വെറും പ്രകടനങ്ങളായി പൊലിഞ്ഞുപോവുകയാണ്. ആഘോഷങ്ങളേറെയുണ്ട്. എന്നാല്‍ ആഘോഷിക്കാനോ ആഹ്ലാദിക്കാനോ ഉണ്ണാനോ ആളില്ല. ഒത്തുചേരലിലൂടെ ഒരുക്കുന്ന സദ്യ ഇന്ന് കാണാന്‍ പ്രയാസം. ആഘോഷവേളകളില്‍ രക്ഷിതാക്കള്‍ക്ക് അകലെയുള്ള മക്കളെത്തുമോ എന്ന ആകാംക്ഷയാണ്.
എന്റെ രണ്ട് മക്കളും വിദേശത്താണ്. ഇപ്പോള്‍ ഓണം ഞാനറിയുന്നത് മൂത്ത മകന്റെ സുഹൃത്ത് ജ്യോതിഷിന്റെ അച്ഛനുമമ്മയും ശര്‍ക്കര ഉപ്പേരിയും കായ വറുത്തതുമായി വീട്ടില്‍ വരുമ്പോഴാണ്. പിന്നെ വീട്ടിലേക്ക് ക്ഷണിക്കാന്‍ വരുന്ന സുഹൃത്തുക്കളും.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top