മാതാവിന് വെളിച്ചം നല്‍കിയ മകന്‍

സഈദ് മുത്തനൂര്‍ No image

കൂഫയിലെ സകരിയ്യബ്നു ഇബ്രാഹീം ഇസ്ലാം സ്വീകരിച്ചിട്ട് ദിവസങ്ങളെ ആയുള്ളൂ. സകരിയ്യ ഹജ്ജ് ഉദ്ദേശിച്ച് പുറപ്പെട്ടു. അവിടെ ഇമാം ജഅ്ഫര്‍ സാദിഖുമായി സംവദിക്കാന്‍ അവസരം കിട്ടി.
തന്റെ ഇസ്ലാം ആശ്ളേഷണവും മാതാപിതാക്കളെ യും കുടുംബത്തെയും വിട്ടു വന്നതിന്റെ വേദനയും അദ്ദേഹം ഇമാമുമായി പങ്കുവെച്ചു.
ഇമാം ചോദിച്ചു: "ഇസ്ലാമില്‍ ഏത് കാര്യമാണ് താങ്കളെ കൂടുതല്‍ ആകര്‍ഷിച്ചത്?''
"വിശുദ്ധഖുര്‍ആനില്‍ തിരുമേനിയെ അഭിസംബോധന ചെയ്തുകൊണ്ട് അല്ലാഹു പ്രഖ്യാപിച്ച വചനം. എനിക്ക് സത്യമായി തോന്നി,'' 'പ്രവാചകരെ, നമ്മുടെ ശാസനയില്‍ നിന്ന് ഒരു ചൈതന്യം നാം താങ്കളിലേക്ക് ബോധനം ചെയ്തിരിക്കുന്നു. വേദമെന്താണ്, സത്യവിശ്വാസമെന്താണ് എന്നൊന്നും താങ്കള്‍ക്ക് യാതൊരു പിടിയുമുണ്ടായിരുന്നില്ല. എന്നാല്‍ ആ ചൈതന്യത്തെ നാം ഒരു വെളിച്ചമാക്കിത്തന്നു. നമ്മുടെ ദാസന്മാരില്‍ നാമുദ്ദേശിക്കുന്നവര്‍ക്ക് അതു വഴി സന്മാര്‍ഗ ദര്‍ശനം നല്‍കുന്നു. നിശ്ചയം താങ്കള്‍ നയിച്ചുകൊണ്ടിരിക്കുന്നത് സന്മാര്‍ഗത്തിലേക്ക് തന്നെയാകുന്നു.'' (ശൂറാ- 52)
ഈ സൂക്തം ഓതിക്കേട്ടപ്പോള്‍ ഇമാം പ്രതികരിച്ചു: "താങ്കളുടെ കാര്യത്തില്‍ അല്ലാഹു ഇത് യാഥാര്‍ഥ്യമാക്കിയിരിക്കുന്നു'' മൂന്ന് തവണ ഇങ്ങനെ പ്രാര്‍ഥിച്ചു. "പടച്ചവനെ ഇദ്ദേഹത്തിന് ശരിയായ പാത കാണിച്ച് കൊടുക്കേണമേ'' അപ്പോള്‍ സകരിയ്യ ഇമാമിനോട് അന്വേഷിച്ചു: 'എന്റെ മാതാപിതാക്കളും കുടുംബവും കൃസ്ത്യാനികളാണ്. മാതാവാകട്ടെ, അന്ധയുമാണ്. ഞാന്‍ അവരോടൊപ്പം കഴിയുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. ഈ അവസ്ഥ തുടരാമോ?'
"അവര്‍ പന്നിമാംസം ഭക്ഷിക്കുമോ?!'' - ഇമാം ചോദിച്ചു. "ഇല്ല, ഒരിക്കലും അവരത് കഴിക്കില്ല.'' ഈ മറുപടി കേട്ടപ്പോള്‍ ഇമാം ഉപദേശിച്ചു. "മാതാവിനെ ശുശ്രൂഷിക്കുന്നതില്‍ ഒരു കുറവും വരുത്തരുത്. അവര്‍ ജീവിച്ചിരിക്കുന്ന കാലത്തോളം അവരോട് നല്ല നിലയില്‍ വര്‍ത്തിക്കുക. അവര്‍ മരണപ്പെട്ടാല്‍ അവരുടെ മൃതദേഹം മറ്റുള്ളവരെ ഏല്‍പ്പിക്കരുത്. സംസ്കാര ചടങ്ങുകള്‍ താങ്കള്‍ തന്നെ നിര്‍വഹിക്കുക.''
ഹജ്ജ് കര്‍മങ്ങള്‍ കഴിഞ്ഞ് സകരിയ്യബ്നു ഇബ്രാഹീം മടങ്ങി. ഇമാമിന്റെ ഉപദേശം നല്ല ഓര്‍മയുണ്ടായിരുന്നു. അദ്ദേഹം തന്റെ മാതാവിനെ പരിചരിക്കുന്നതില്‍ മുഴുകി. ഒരു നിമിഷനേരംപോലും അവരെ വിട്ടകന്നില്ല. ഭക്ഷണം വാരിക്കൊടുത്തും വസ്ത്രം കഴുകിയും തലയിലെ താരന്‍ നോക്കിയും മാതാവിനെ ശുശ്രൂഷിച്ചു.
മകനിലെ മാറ്റം ഉമ്മയെ അത്ഭുതപ്പെടുത്തി. ഒരു ദിവസം ഉമ്മ മകനോട് ചോദിച്ചു: "മുമ്പ് ഒരേ മതത്തിലായിരുന്നപ്പോള്‍ നീ കാണിക്കാത്ത കാരുണ്യവും പ്രകടിപ്പിക്കാത്ത പ്രതിപത്തിയും ഇപ്പോള്‍ എന്നോട് നീ കാണിക്കുന്നു. ഇതെന്ത് കൊണ്ട്? നാം തമ്മില്‍ തികച്ചും വ്യത്യസ്ത മതാചാരങ്ങളിലാണല്ലോ.''
"ഉമ്മാ! പ്രവാചകന്‍ മുഹമ്മദ് (സ)യുടെ പരമ്പരയില്‍ പെട്ട ഒരാളെ ഞാന്‍ മദീനയില്‍ വെച്ച് കണ്ടിരുന്നു. അദ്ദേഹം എന്നെ കാര്യമായി ഉപദേശിച്ചത് ഉമ്മയെ സേവിക്കണമെന്നാണ്.''
"മകനെ, എനിക്ക് തോന്നുന്നത് അയാള്‍ പ്രവാചകന്‍ തന്നെയാണന്നാ, ഇത്തരം കാര്യങ്ങള്‍ പ്രവാചകന്മാരല്ലാതെ മറ്റാരും കല്‍പിക്കാറില്ല''- ഉമ്മ പറഞ്ഞു. "ഉമ്മാ അങ്ങനെയല്ല. നിങ്ങള്‍ ഉറപ്പിച്ച് വിശ്വസിക്കുക. മുഹമ്മദ് നബിക്ക് ശേഷം ഇനി നബിമാര്‍ വരില്ല. ഞാന്‍ കണ്ടുമുട്ടിയത് പ്രവാചകന്റെ പൌത്രന്‍ ജഅ്ഫര്‍ സാദിഖിനെയാണ്.''
"മകനെ, എങ്കില്‍ നിന്റെ ഈ ദീന്‍ എനിക്കും പഥ്യമാണ്. ഇത് മറ്റു മതങ്ങളെക്കാള്‍ ഉത്തമമല്ലൊ. എന്തുകൊണ്ട് എനിക്കത് സ്വീകരിച്ചുകൂടാ. ഇസ്ലാമിന്റെ പ്രാഥമിക പാഠങ്ങള്‍ പഠിപ്പിച്ച് തരൂ'' - മാതാവ് മകനോട് ആവശ്യപ്പെട്ടു.
സത്യസാക്ഷ്യവാക്യം മകന്‍ തന്റെ വൃദ്ധമാതാവിന് ചൊല്ലിക്കൊടുത്തു. ദൈവത്തിന്റെ ഏകത്വവും തിരുനബിയുടെ പ്രവാചകത്വവും മരണാനന്തര ജീവിതവും - ഈ മൂന്ന് അടിസ്ഥാനങ്ങളും മകന്‍ വിശദീകരിച്ചു. കണ്ണുകാണാത്ത തന്റെ ഉമ്മക്ക് കര്‍മപരമായ അനുസരണത്തിന്റെ ഭാഗമായി നമസ്കാരത്തിന്റെ രൂപം പരിശീലിപ്പിച്ചു. അന്നത്തെ പകലിന്റെയും രാത്രിയുടെയും നമസ്കാരം നിര്‍വഹിച്ച് ആ വൃദ്ധ മാതാവ് സംതൃപ്തിപൂണ്ടു. എന്നാല്‍ രാവേറെ ചെന്നപ്പോള്‍ അവര്‍ക്ക് ഒരു വല്ലായ്മ അനുഭവപ്പെടുകയും അവര്‍ മരണത്തിലേക്ക് വഴുതി വീഴുകയും ചെയ്തു. മരണവേളയില്‍ മാതാവ് തന്റെ പുത്രനെ വിളിച്ച് ഒരിക്കല്‍ കൂടെ ശഹാദത്തിന്റെ വാക്യം ചൊല്ലിക്കൊടുക്കാനാവശ്യപ്പെട്ടു.
മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രം പ്രകാശത്തിന്റെ പാത കണ്ടെത്തുകയും വെളിച്ചത്തിന്റെ വഴി അംഗീകരിക്കുകയും ചെയ്ത മാതാവിന്റെ ആത്മാവ് സ്വര്‍ഗീയാരാമങ്ങളിലേക്ക് പറന്നുയര്‍ന്നു.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top