വ്യത്യസ്ത ഈജിപ്തിലെ ഈ പ്രഥമവനിത

വി.പി.എ അസീസ് No image

മുസ്ലിം ബ്രദര്‍ഹുഡിലെ സാധാരണ പ്രവര്‍ത്തകര്‍ മുതല്‍ പ്രഗത്ഭരായ നേതാക്കള്‍വരെ വധിക്കപ്പെടുകയും കാരാഗൃഹങ്ങളില്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും ചെയ്ത ഈജിപ്ത് അറബ് വസന്ത, വിപ്ളവത്തിന്റെ കുളിര്‍ക്കാറ്റില്‍ തെല്ലൊന്നുമല്ല സമാശ്വസിക്കുന്നത്. രക്തനദികളാല്‍ ചെഞ്ചായമണിഞ്ഞ ഈ ആഫ്രിക്കന്‍ ദേശത്ത് നിഷ്ഠൂരരായ ഭരണാധികാരികള്‍ ഓരോരുത്തരായി ജയില്‍ പൂകിക്കൊണ്ടിരിക്കുന്നു. അതേ സമയം അധികാരി വര്‍ഗം അടിച്ചൊതുക്കിയിരുന്ന ബ്രദര്‍ഹുഡിന്റെ ധീരരായ നേതാക്കളെ സിംഹാസനത്തില്‍ അവരോധിച്ച് ചരിത്രം സ്വേഛാധിപതികളോട് കണക്കുതീര്‍ത്തിരിക്കുന്നു. കഴിഞ്ഞ ജൂണിലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മുഹമ്മദ് മുര്‍സിയെയാണ് രാഷ്ട്ര തലവനായി വരിച്ചിട്ടുള്ളത്. ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ വിഭാഗമായ ഫ്രീഡം ആന്റ് ജസ്റിസ് പാര്‍ട്ടിയുടെ ഈ അമരക്കാരന്‍ പ്രസിഡണ്ടായതോടെ വിപ്ളവകരമായ മാറ്റങ്ങള്‍ക്കുവേണ്ടി ഈജിപ്ത് ജനത പ്രതീക്ഷാപൂര്‍വ്വം കാത്തിരിക്കുകയാണ്.
നജ്ല അലി മഹ്മൂദാണ് മുര്‍സിയുടെ സഹധര്‍മിണി. ഭര്‍ത്താവ് പ്രസിഡണ്ടാകുന്നതോടെ ഭാര്യ പ്രഥമ വനിത എന്ന സ്ഥാനപ്പേരിലാണ് അറിയപ്പെടാറ്. എന്നാല്‍ ലളിതജീവിതം സ്വന്തം സംസ്കാരമായി താലോലിക്കുന്ന നജ്ല അത്തരം പദവികളോ വിശേഷണങ്ങളോ ഇഷ്ടപ്പെട്ടിരുന്നില്ല. തന്നെ ദയവ് ചെയ്ത് ഒരാളും 'പ്രഥമ വനിത' എന്ന് വിളിക്കരുതേ എന്നാണ് അവര്‍ നടത്തുന്ന അഭ്യര്‍ഥന. മുമ്പ് ചെയ്തുവന്നതുപോലെ താന്‍ ഇനിയും ഈ സേവനപ്രവര്‍ത്തനങ്ങള്‍ തുടരും. അതിനാല്‍ തന്നെ വിശേഷിപ്പിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ 'ജനസേവിക' എന്ന് വിളിക്കാം. മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുവദിച്ച പ്രഥമ അഭിമുഖത്തിലാണ് നജ്ല ഈ വിധം തന്റെ ഹൃദയം തുറന്നത്. പേരിനോടൊപ്പം ഭര്‍ത്താവിന്റെ നാമധേയം ചേര്‍ക്കുന്ന പാശ്ചാത്യ രീതിയോടും നജ്ലക്ക് യോജിപ്പില്ല. 'മിഷേല്‍ ഒബാമ, ഹിലരി ക്ളിന്റന്‍' തുടങ്ങിയ പ്രയോഗം അനുകരിച്ച് നജ്ല മുര്‍സി എന്ന് ചില വാര്‍ത്താ ഏജന്‍സികളുടെ പ്രയോഗം കാണാന്‍ ഇടയായതിനെ തുടര്‍ന്നായിരുന്നു നജ്ലയുടെ ഈ പ്രതികരണം.
ഈജിപ്ഷ്യന്‍ ഏകാധിപതി ഹുസ്നി മുബാറകിന്റെ പത്നി 'സൂസന്‍ മുബാറക്' എന്ന പേരിലായിരുന്നു രാജ്യത്തിനകത്തും പുറത്തും അറിയപ്പെട്ടിരുന്നത്. സ്വന്തം പൌരന്മാരെ പട്ടിണിക്കിട്ട് പൊതു ഖജനാവിലെ പണം ധൂര്‍ത്തടിക്കുന്നതില്‍ സങ്കോചമനുഭവിക്കാത്ത സൂസന്‍ മുബാറകിന്റെ ആര്‍ത്തിക്ക് സാക്ഷ്യം വഹിച്ച ജനങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും നജ്ലയുടെ നിലപാടുകള്‍ വിസ്മയത്തിലാഴ്ത്തിയിരിക്കുന്നു. പത്രങ്ങള്‍ മുതല്‍ ബ്ളോഗുകള്‍ വരെ നജ്ലയുടെ ആര്‍ഭാടരഹിതമായ ജീവിതത്തെക്കുറിച്ചും നാട്യങ്ങളില്ലാത്ത പ്രസ്താവനകളെ സംബന്ധിച്ചുമാണിപ്പോള്‍ ചര്‍ച്ച ചെയ്തുവരുന്നത്. ഈജിപ്തിന്റെ തലസ്ഥാനമായ കൈറോ നഗര പ്രാന്തത്തിലെ ഐനുശംസീലില്‍ 1962-ലാണ് നജ്ലയുടെ ജനനം. ഈജിപ്തിലെ ഹൈസ്കൂള്‍ വിദ്യാഭ്യാസ ശേഷം അമേരിക്കയില്‍ ഉപരിപഠനം ലഭിക്കാന്‍ നജ്ലക്ക് അവസരം ലഭിച്ചു. സ്ത്രീ വിദ്യാഭ്യാസ രംഗത്ത് ഏറെ പിന്നില്‍ നില്‍ക്കുന്ന ഈജിപ്തില്‍ നിന്ന് വിദേശ പഠനത്തിന് സൌഭാഗ്യം ലഭിക്കുന്ന വനിതകള്‍ അപൂര്‍വമാണെന്നോര്‍ക്കുക. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ എഞ്ചിനിയറിംഗ് പഠനത്തിനെത്തിയ മുര്‍സിയുമായുള്ള നജ്ലയുടെ പ്രഥമ സമാഗമവും അമേരിക്കയില്‍ വെച്ചായിരുന്നു.
കാലിഫോര്‍ണിയയിലെ ഇസ്ലാമിക് സെന്ററിന്റെ പ്രവര്‍ത്തനങ്ങളില്‍ നിരതയായിരുന്ന നജ്ല പഠനം പൂര്‍ത്തിയാക്കി മാതൃ രാജ്യത്ത് എത്തിയ ശേഷം ബ്രദര്‍ഹുഡ് പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. ജനങ്ങള്‍ക്ക് സേവനം നല്‍കുന്നതിലും സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ബോധവല്‍ക്കരണ ക്ളാസുകള്‍ സംഘടിപ്പിക്കുന്നതിലും അവര്‍ അഹോരാത്രം പരിശ്രമിക്കുകയുണ്ടായി. ബ്രദര്‍ഹുഡ് അവതരിപ്പിക്കുന്ന ബോധവല്‍ക്കരണ നാടകങ്ങളിലും നജ്ല പങ്കാളിയായി. സംഘടനയുടെ അഭിനേതാക്കളുടെ വിംഗിന്റെ അധ്യക്ഷ പദവിയിലും നജ്ല അവരോധിക്കപ്പെട്ടു. മുന്‍ പ്രസിഡണ്ട് അന്‍വര്‍ സാദത്തിന്റെ ഭാര്യ ജിഹാന്‍, ജയിലില്‍ കഴിയുന്ന മുന്‍ ഏകാധിപതി ഹുസ്നി മുബാറകിന്റെ പത്നി സൂസന്‍ എന്നിവരെ പോലെ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ അവര്‍ വിദ്യാഭ്യാസം, തൊഴില്‍ എന്നീ മേഖലകളില്‍ നിലനില്‍ക്കുന്ന സ്ത്രീ വിവേചനങ്ങള്‍ അവസാനിപ്പിക്കാന്‍ ധീരമായ പോരാട്ടങ്ങള്‍ തന്നെ നടത്തുമെന്നും പറയുന്നു.
ഈജിപ്തിലെ ഏകാധിപതിയെ കടപുഴക്കിയ വിപ്ളവത്തില്‍ സ്ത്രീകള്‍ വഹിച്ച നിര്‍ണായക പങ്കിനെ നജ്ല വിലമതിക്കുന്നു. പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാന്‍ സ്ത്രീ സമൂഹം വന്‍തോതില്‍ പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകുകയുണ്ടായി. പഴയ വ്യവസ്ഥിതിയെ സ്ത്രീകള്‍ അത്രമാത്രം വെറുക്കുന്നു എന്നതിന്റെ സൂചനകൂടിയാണ് സ്ത്രീ വോട്ടര്‍മാരുടെ ബാഹുല്യമെന്ന് മുര്‍സിയും സഹധര്‍മിണി നജ്ലയും വിശ്വസിക്കുന്നു. ജനങ്ങള്‍ പുതിയ ഭരണാധികാരികളില്‍ അര്‍പ്പിച്ച പ്രതീക്ഷകള്‍ സഫലമാക്കുക എന്ന ഭാരിച്ച ദൌത്യമാണ് അവര്‍ക്ക് നിര്‍വഹിക്കാനുള്ളത്. വാഗ്ദാനങ്ങളില്‍ നിന്ന് പുറകോട്ട് പോകാതെ ജനാഭിലാഷങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ഉദ്യമത്തിന് അടിച്ചമര്‍ത്തലിന്റെ ഈ മുന്‍കാല ഇരകള്‍ തുടക്കം കുറിച്ചുകഴിഞ്ഞു. ചവിട്ടിയരക്കപ്പെട്ട ആശയാദര്‍ശങ്ങള്‍ നൈല്‍ നദീതടത്തില്‍ വീണ്ടും തളിക്കാന്‍ തുടങ്ങുകയായി.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top