പതനത്തില്‍ പഴിചാരാതെ

എന്‍.പി ഹാഫിസ് മുഹമ്മദ് No image

കുടുംബങ്ങളോ പ്രിയപ്പെട്ടവരോ ആശിച്ചല്ല ഒരാള്‍ മദ്യത്തിനോ മയക്കുമരുന്നിനോ കീഴടങ്ങുന്നത്. മദ്യപിക്കുന്നവരില്‍ ഇരുപത് ശതമാനവും മയക്കുമരുന്നുപയോഗിക്കുന്നവരില്‍ നാല്‍പതിലധികവും അതിന് കീഴ്‌പ്പെടുന്നു. ആദ്യഘട്ടങ്ങളില്‍ മദ്യപിക്കാന്‍ മൗനാനുവാദം കൊടുക്കുന്നവര്‍, അതിന്റെ തീവ്ര പ്രത്യാഘാതങ്ങളറിയുമ്പോഴാണ് പ്രതികരിച്ചു തുടങ്ങുക. അപ്പോഴും കുടിച്ച് ബഹളം വെക്കാതിരുന്നാല്‍ മതിയെന്നും, വീട്ടിലിരുന്ന് കുടിച്ചാല്‍ മതിയെന്നും, കൂട്ടുകൂടി മദ്യപിക്കരുതെന്നുമായിരിക്കും ഉപദേശിക്കുക. പിന്നീട് ഭീഷണികളാവും. ഉപേക്ഷിച്ച് പോകുമെന്ന മുന്നറിയിപ്പാകും നല്‍കുക. ഭക്ഷണം ഒന്നിച്ച് കഴിക്കാതിരിക്കുക, ഒറ്റപ്പെടുത്തുക, കുറ്റപ്പെടുത്തിക്കൊണ്ടേയിരിക്കുക, ഇകഴ്ത്തുക, പരിഹസിക്കുക, കൂടെ കിടക്കാതിരിക്കുക തുടങ്ങിയ പല പെരുമാറ്റങ്ങളും കുടുംബാംഗങ്ങള്‍ മദ്യപാനിയോട് കാണിച്ചിരിക്കും. എന്നാല്‍ പിണക്കങ്ങള്‍ക്കോ, ഭീഷണികള്‍ക്കോ, കണ്ണീരിനോ, ശകാരങ്ങള്‍ക്കോ, ശിക്ഷക്ക് തന്നെയുമോ യാതൊരു വിധ ഫലവും ഇല്ലാതാകുന്നത് വൈകാതെ അവരറിയുന്നു. എപ്പോഴെങ്കിലുമുണ്ടാകുന്ന ലഹരിപദാര്‍ഥ ദുരുപയോഗം ഒടുവില്‍ ചിലരെ വിധേയത്വത്തിലെത്തിക്കുമെന്ന് കുടുംബാംഗങ്ങള്‍ കരുതിയിട്ടില്ല. മയക്കുമരുന്ന് ഏതെങ്കിലുമാണ് ആദ്യമായി കഴിച്ചെന്നറിയുമ്പോഴുള്ള ശുഷ്‌കാന്തിയോ ആകുലതയോ മദ്യത്തിന്റെ കാര്യത്തില്‍ തുടക്കത്തില്‍ ആര്‍ക്കും ഉണ്ടാവാറില്ല.
ഒരാള്‍ മദ്യപിക്കുകയോ മയക്കുമരുന്ന് ഉപയോഗിക്കുകയോ ചെയ്തത് ആദ്യമായറിഞ്ഞാല്‍ ഭാര്യയോ മറ്റ് കുടുംബാംഗങ്ങളോ എങ്ങനെ പെരുമാറുന്നുവെന്നത് വളരെ പ്രധാനപ്പെട്ടതാണ്. എന്തെല്ലാം ചെയ്തുവോ അതൊന്നും തന്റെ പ്രിയപ്പെട്ടയാളിന്റെ ഇടക്കൊക്കെയുള്ള മദ്യപാനം അവസാനിപ്പിക്കാന്‍ ഹേതുവായിട്ടില്ലെന്ന് അവര്‍ മനസ്സിലാക്കുന്നു. ചെയ്തതെന്തോ അതെല്ലാം പ്രിയപ്പെട്ടയാളിന്റെ ലഹരിപദാര്‍ഥ വിധേയത്വം കൂടുതലാകാനേ കാരണമായിട്ടുള്ളൂ എന്ന് മറ്റ് കുടുംബാംഗങ്ങളില്‍ നിന്ന് അവര്‍ കേള്‍ക്കേണ്ടി വരുന്നു. പലപ്പോഴും ഒരാളിന്റെ ലഹരിപദാര്‍ഥ ദുരുപയോഗത്തിന്റെ ആദ്യഘട്ടത്തില്‍ എന്ത് ചെയ്യണമായിരുന്നുവോ, അതായിരിക്കില്ല കുടുംബാംഗങ്ങളോ അടുത്ത സുഹൃത്തുക്കളോ ചെയ്തിട്ടുണ്ടാവുക.
ലഹരിപദാര്‍ഥമുപയോഗിച്ച് തുടങ്ങുന്ന കാലം, പ്രത്യേകിച്ച് മദ്യപിക്കുന്ന ആള്‍, അത് കണ്ടുപിടിക്കപ്പെടുമ്പോള്‍ പലവിധ ന്യായങ്ങളും പറഞ്ഞ് കുടുംബങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. ജോലിസ്ഥലത്തെ ബന്ധങ്ങള്‍ സുദൃഢമാക്കാനാണ്, നമ്മുടെ നേട്ടങ്ങള്‍ക്ക് വഴിയൊരുക്കും, വെറും തമാശക്കും വിനോദത്തിനും വേണ്ടിയാണ് എന്നിങ്ങനെയുള്ള ന്യായവാദങ്ങള്‍ നടത്തിയിരിക്കും. തനിക്ക് നിയന്ത്രിച്ച് ഉപയോഗിക്കാനും ഏതു സമയവും ഉപേക്ഷിക്കാനും കഴിയുന്ന ഒന്നാണ് ലഹരിപദാര്‍ഥമെന്ന് പറയും. സത്യത്തില്‍ ഇതുപയോഗിക്കുമ്പോള്‍ അങ്ങനെ തന്നെയാണ് വിശ്വസിക്കുന്നത്.
ക്രമാനുസൃതമായ ഘട്ടത്തിലൂടെയാണ് ഒരാള്‍ ലഹരിപദാര്‍ഥത്തിന് കീഴ്‌പ്പെടുന്നത്. ഈ ഘട്ടങ്ങളില്‍ കുടുംബാംഗങ്ങള്‍ ചെയ്തിട്ടുള്ള കാര്യങ്ങള്‍ അയാളെ അതില്‍ നിന്ന് മുക്തി നേടാന്‍ മാര്‍ഗമായിട്ടുമുണ്ടാവില്ല. ലഹരിപദാര്‍ഥമുപയോഗിച്ചെന്നറിഞ്ഞാല്‍ ആദ്യം ഉപദേശിക്കുന്നു. അപ്പോഴും അയാള്‍ പറയുന്ന ന്യായങ്ങള്‍ വിശ്വസിക്കും. ചിലര്‍ 'ചങ്ങാത്ത മദ്യപാനത്തെ' അനുവദിക്കുകയും അപ്പോഴുണ്ടാകുന്ന തമാശകള്‍ ആസ്വദിക്കുകയും ചെയ്യുന്നു. മദ്യം ഉപയോഗിക്കുന്നതിലെ ഇടവേളകള്‍ കുറയുമ്പോള്‍ മാത്രമാണ് കുടുംബാംഗങ്ങള്‍ കടുത്ത പ്രതികരണങ്ങളിലേക്ക് നീങ്ങുന്നത്. മദ്യപിക്കുന്നയാള്‍ ഇതൊക്കെ മദ്യപിക്കാനുള്ള അവസരമാക്കി മാറ്റുന്നു. ഈ ഘട്ടത്തില്‍ ലഹരിപദാര്‍ഥം ഭര്‍ത്താവോ മകനോ ഉപയോഗിക്കുന്നത് മറ്റുള്ളവരില്‍ നിന്ന് മറച്ച് വെക്കാനാണ് കുടുംബാംഗങ്ങള്‍ ശ്രമിക്കുന്നത്. മദ്യപിച്ചുണ്ടാക്കുന്ന ബഹളങ്ങള്‍ക്കോ പ്രശ്‌നങ്ങള്‍ക്കോ മറ്റെന്തെങ്കിലും കാരണങ്ങള്‍ പറയുന്നു. പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ അതില്‍ നിന്ന് രക്ഷിക്കുവാന്‍ ശ്രമിക്കുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയും, കുടുംബാംഗങ്ങള്‍ തങ്ങള്‍ക്ക് നിയന്ത്രിക്കാനാവാത്ത വിധം കാര്യങ്ങള്‍ നീങ്ങുന്നുവെന്നത് തിരിച്ചറിയുകയും ചെയ്യുന്നു.
മദ്യപിക്കുന്നത് കൂടുമ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങളും കൂടുന്നു. മദ്യാസക്തിയുടെ രണ്ടാംഘട്ടത്തിന്റെ തുടക്കമാണിത്. അപമാനകരമായ സംഭവങ്ങള്‍ കുടുംബത്തില്‍ ഉണ്ടാവും. വീണ്ടും അതുപയോഗിക്കുമ്പോള്‍ ഭാര്യയും മറ്റുള്ളവരും നിയന്ത്രണം വിട്ട് പെരുമാറുന്ന സന്ദര്‍ഭങ്ങളുണ്ടാകുന്നു. മദ്യം ഒളിപ്പിക്കുക, മദ്യം നശിപ്പിക്കുക, അതിന് കൂട്ട് നില്‍ക്കുന്നവരോട് കടുത്ത വാക്കുകളില്‍ പ്രതികരിക്കുക തുടങ്ങിയവ നടത്തുന്നു. ചിലപ്പോള്‍ ഭാര്യ സ്വന്തം വീട്ടിലേക്ക് പിണങ്ങിപ്പോവുകയും ചെയ്യുന്നു. ഒത്തുതീര്‍പ്പുകള്‍ക്കോ പ്രതിജ്ഞകള്‍ക്കോ പിന്നാലെ മടങ്ങിയെത്തുകയും ചെയ്യുന്നു. എന്നാല്‍ വീണ്ടുമുള്ള ലഹരിപദാര്‍ഥ ദുരുപയോഗം കൂടുതല്‍ വിഷമഘട്ടങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും കാരണമാകും. ഇതോടെ ലഹരിപദാര്‍ഥം അയാളുപയോഗിക്കുന്നത് പലരും അറിഞ്ഞിരിക്കും. അവര്‍ ഭാര്യയെയും മക്കളെയും ഉപദേശിക്കാന്‍ തുടങ്ങുന്നു. ചിലര്‍ അയാള്‍ മദ്യപിച്ചുകൊണ്ടേയിരിക്കുന്നത് കുടുംബാംഗങ്ങളുടെ വകതിരിവില്ലായ്മകൊണ്ടാണെന്ന് വരെ പറയുന്നു. അപമാനിതരാകുന്ന കുടുംബാംഗങ്ങള്‍ ഒത്തുചേരലുകള്‍, വിവാഹം, വിനോദം എന്നിവയില്‍ നിന്ന് മാറിനില്‍ക്കാന്‍ ശ്രമിക്കും.
മദ്യാസക്തിയുടെ മൂന്നാംഘട്ടത്തിലെത്തുന്നതോടെ എല്ലാം താറുമാറായിത്തുടങ്ങിയിരിക്കും. കുടുംബാംഗങ്ങള്‍ മദ്യപാനിയുടെ പല ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കുന്നു. മദ്യപാനി അത് മുതലെടുക്കുന്നു. മറ്റുള്ളവരെ തന്റെ മദ്യപാനത്തിന് കാരണമായി പലപ്പോഴും പ്രഖ്യാപിക്കുന്നു. നിസ്സഹായതയുടെ ഈ ഘട്ടത്തില്‍ കുടുംബാംഗങ്ങള്‍ മറ്റുള്ളവരുടെ സഹായം തേടുന്നു. അവര്‍ ഉപദേശിച്ചു മാറ്റാനാണ് ശ്രമം നടത്തുക. നിയന്ത്രണങ്ങള്‍ക്കോ ഉപദേശങ്ങള്‍ക്കോ ഒരു മാറ്റവും ഉണ്ടാക്കാനാവാത്ത വിധം ലഹരിപദാര്‍ഥ വിധേയത്വം ഒരു രോഗമായിക്കഴിഞ്ഞത് ആരുമറിയുന്നില്ല. നടത്തിയ ചികിത്സകള്‍ പരാജയപ്പെടുന്നതേടെ കുടുംബാംഗങ്ങള്‍ തകരുന്നു. പ്രതികരണങ്ങള്‍ അവരില്‍ നിന്നുണ്ടാകുന്നു. ചിലര്‍ മദ്യപിച്ചയാളിനെ വീട്ടില്‍ നിന്നിറക്കിവിടും. വരാന്തയിലോ മുറ്റത്തോ കിടത്തും. ഈ ഘട്ടത്തില്‍ അയാള്‍ കൊച്ചു കാലയളവിലേക്ക് ലഹരിപദാര്‍ഥം ഉപയോഗിക്കുന്നത് ഉപേക്ഷിച്ചുവെന്നിരിക്കും. വ്രതകാലത്തിലോ, പുണ്യദിനങ്ങളിലോ ലഹരി പദാര്‍ഥം ഉപയോഗിക്കാതിരിക്കും. കുടുംബാംഗങ്ങളിലെ പ്രതീക്ഷ നഷ്ടപ്പെടുത്തി, വൈകാതെ വീണ്ടും ഉപയോഗിച്ചെന്നിരിക്കും. പഴിചാരലുകളും ഭീഷണിയും ശിക്ഷയും അയാളുടെ ലഹരിപദാര്‍ഥ ഉപയോഗവും കൂടുന്നു.
ഈ ഘട്ടത്തില്‍ പലരും നിര്‍ദ്ദേശിച്ചത് കാരണവും, ചിലര്‍ ലഹരിപദാര്‍ഥം ഉപയോഗിച്ച കഥകള്‍ കേട്ടതിനാലും, ചികിത്സക്ക് വീണ്ടും മുതിരുന്നു. എല്ലാം വിഫലമാകുന്നു. അയാളുടെ ലഹരിപദാര്‍ഥ ദുരുപയോഗം കൊണ്ടുണ്ടാകുന്ന ധനനഷ്ടം, മാനഹാനി, പീഡനം, ജോലിനഷ്ടം, രോഗങ്ങള്‍ എന്നിവയൊക്കെ തന്റെ തലവിധിയാണെന്ന് അവര്‍ വിശ്വസിച്ചു തുടങ്ങുകയും സ്വയം ശപിക്കുകയും ചെയ്യുന്നു. അയാള്‍ ലഹരിപദാര്‍ഥം ഉപയോഗിച്ചുകൊണ്ടിരിക്കുകയും കുടുംബാംഗങ്ങള്‍ കൂടുതല്‍ സംഘര്‍ഷത്തിലെത്തിച്ചേരുകയും ചെയ്യും. ഒരപകടമോ ദുരന്തമോ ഇക്കൂട്ടരെ കാത്തിരിക്കുന്നുണ്ട്. ചിലപ്പോള്‍ കുടുംബാംഗങ്ങള്‍ കടുത്ത തീരുമാനമെടുക്കും. അയാളെ ക്രൂരമായി പരിഹസിക്കും, ചിലപ്പോള്‍ കൈയൊഴിയും. വേറിട്ടു താമസിക്കും. വിവാഹമോചനത്തിലെത്തുന്നു ചിലര്‍. മറ്റു ചിലര്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നു.
ഒരാള്‍ മദ്യത്തിനോ മയക്കുമരുന്നിനോ കീഴ്‌പ്പെട്ടാല്‍ ഉപദേശം, ഭീഷണി, ശിക്ഷ എന്നിവക്ക് യാതൊരു ഫലവുമില്ലെന്നറിയണം. അതൊരു രോഗമാണെന്നും ജീവിതാവസാനംവരെ നീണ്ടുനില്‍ക്കാനിടയുള്ള നിത്യരോഗമാണെന്നും മനസ്സിലാക്കേണ്ടതുണ്ട്. വൈദ്യശാസ്ത്ര ചികിത്സയും കൗണ്‍സിലിംഗും അനിവാര്യമായിരിക്കും. മദ്യം ഉപയോഗിക്കുന്നവരുടെ കൂട്ടായ്മയായ ആല്‍ക്കഹോളിക്‌സ് അനോനിമസ്സിന്റെയോ (എ.എ) മറ്റ് ലഹരി പദാര്‍ഥങ്ങളില്‍ നിന്ന് മുക്തി നേടുന്നവരുടെ കൂട്ടായ്മയായ നാര്‍കോട്ടിക്‌സ് അനോനിമസിന്റെയോ (എന്‍.എ) പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ പങ്കാളികളാകേണ്ടതുണ്ടെന്ന് കുടുംബാംഗങ്ങളും മനസ്സിലാകേണ്ടതുണ്ട്. അയാളെ ഈ കൂട്ടായ്മയില്‍ എത്തിക്കണം. കുടുംബങ്ങള്‍ക്കും കൗണ്‍സിലിംഗ് ആവശ്യമാണ്. അവരുടെ സ്വസ്ഥതക്ക് മദ്യപിക്കുന്നവരുടെ കുടുംബാംഗങ്ങളുടെ കൂട്ടായ്മയായ 'അല്‍-അനോണ്‍' ഗ്രൂപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കേണ്ടതുണ്ട്. നിത്യരോഗമായതുകൊണ്ടു തന്നെ ജീവിതാന്ത്യം വരെയുള്ള ശ്രദ്ധയും പരിചരണവും ആവശ്യമാണ്. ചിലര്‍ക്ക് കൗണ്‍സിലിംങ്ങ് തന്നെയും ദീര്‍ഘകാലം ആവശ്യമാവും. അസാധാരണമായ ക്ഷമയും സഹനശക്തിയും നിതാന്ത താല്‍പര്യവും ശ്രദ്ധയും മാത്രമുണ്ടെങ്കിലേ ഒരാളിനെ ലഹരിപദാര്‍ഥത്തില്‍ നിന്ന് മുക്തനാക്കുവാന്‍ കുടുംബാംഗങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ കഴിയൂ.
ശേഷക്രിയ:
ഒരാള്‍ ലഹരിപദാര്‍ഥത്തിന് കീഴ്‌പ്പെടുന്നുവെന്നറിഞ്ഞാല്‍ ഭാര്യയോ മറ്റു കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ചെയ്യേണ്ടത്.
Wഅമിത മദ്യാസക്തിയും ലഹരിപദാര്‍ഥ വിധേയത്വവും ഒരു രോഗമാണെന്ന് മനസ്സിലാക്കുക. കൗണ്‍സിലിംഗില്‍ നിന്നോ വായനയിലൂടെയോ ലഹരിപദാര്‍ഥ വിധേയത്വത്തിനെക്കുറിച്ചും അയാള്‍ പിന്നിട്ട ഘട്ടങ്ങളെക്കുറിച്ചും മനസ്സിലാക്കാന്‍ കഴിയും.
Wലഹരിപദാര്‍ഥ വിധേയത്വം ജീവിതാവസാനം വരെ നീണ്ടുനില്‍ക്കുന്ന രോഗമാണ്. അമിതമായ പ്രതീക്ഷകളോടെ ചികിത്സക്ക് പോലും കൊണ്ടുപോകരുത്. വീണ്ടും ലഹരിപദാര്‍ഥമുപയോഗിക്കാനുള്ള സാധ്യതയെക്കുറിച്ച് ബോധ്യമുള്ളവര്‍ക്ക് യാഥാര്‍ഥ്യബോധത്തോടെ പെരുമാറാനാവും. ഫലമുണ്ടാക്കാനും.
Wകുടുംബാംഗങ്ങള്‍ ചികിത്സകരാകരുത്. സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ് (മനഃശാസ്ത്രജ്ഞര്‍), കൗണ്‍സിലര്‍ എന്നിവരുടെ സംയുക്ത ചികിത്സയാണ് ലഭ്യമാക്കേണ്ടത്.
Wഈ രോഗം മറ്റുള്ളവരുടെ മാനസിക സാമൂഹിക തലങ്ങളില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍ ചികിത്സ കുടുംബാംഗങ്ങള്‍ക്കും ആവശ്യമായി വരുന്നു.
Wലഹരിപദാര്‍ഥത്തിന് കീഴ്‌പെട്ടയാെള ഒറ്റപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യാതെ കൂടുതല്‍ മനസ്സിലാക്കാനും കൂടെ നിന്ന് സഹായിക്കാനും ശ്രമിക്കണം. കഴിഞ്ഞുപോയ കാലത്തെക്കുറിച്ചോ, വരുംകാല പ്രത്യാഘാതങ്ങളെക്കുറിച്ചോ പറയേണ്ടതില്ല. ഇന്നെന്ത് ചെയ്യാമെന്നത് ബോധ്യപ്പെടുത്തുക.
Wലഹരിപദാര്‍ഥത്തിന് കീഴ്‌പ്പെട്ടവരോട് ഒരിക്കലും കളവ് പറയരുത്. ഒളിപ്പിച്ചുവെക്കലുകളും നടത്തരുത്.
Wലഹരിപദാര്‍ഥത്തിന് കീഴ്‌പ്പെട്ടവരെ മറ്റുള്ളവരുടെ മുമ്പില്‍ വെച്ച് പരിഹസിക്കുകയോ, ഇകഴ്ത്തുകയോ, അപമാനിക്കുകയോ ചെയ്യരുത്. കുടുംബത്തിലോ, തൊഴിലിടങ്ങളിലോ അയല്‍പക്കത്തോ ഉള്ള സ്ഥാനവും ആദരവും കുറച്ച് കാണിക്കരുത്.
Wലഹരിപദാര്‍ഥമുപയോഗിച്ച സന്ദര്‍ഭങ്ങളില്‍ വാദപ്രതിവാദത്തിനോ വഴക്കിടാനോ പോകാതെ, വിഷമസന്ധിയില്‍ ഞാന്‍ കൂടെയുണ്ട് എന്നാണ് ഓരോ കുടുംബവും ബോധ്യപ്പെടുത്തേണ്ടത്.
Wസ്വന്തമായും വീട്ടിലും കുടുംബാംഗങ്ങള്‍ ചില മാറ്റങ്ങള്‍ക്ക് വിധേയമാകേണ്ടതുണ്ട്. അയാള്‍ ലഹരിപദാര്‍ഥം ഉപയോഗിച്ചാല്‍ 'ഞാന്‍ മാറാം' എന്ന നിലപാട് ആരിലും മാറ്റമുണ്ടാക്കില്ല. അയാള്‍ രോഗിയാണെന്ന കാര്യം അപ്പോള്‍ മറക്കുന്നു.
Wനല്ല അടുപ്പമുണ്ടാകുമ്പോള്‍, അയാള്‍ക്ക് ലഹരിപദാര്‍ഥത്തില്‍ നിന്ന് മുക്തി നേടാന്‍ എന്ത് സാഹായവും ചെയ്തുതരാമെന്ന് അറിയിക്കുക. ചികിത്സയെക്കുറിച്ച് പറയേണ്ടതുണ്ട്. പക്ഷേ, ചികിത്സ അയാള്‍ക്ക് താങ്ങാനാവുകയില്ലെങ്കില്‍ മാത്രമേ സമ്പത്തിക സഹായം ചെയ്യാവൂ.
Wമദ്യമുക്തിയാശിക്കുന്നവരുടെ കൂട്ടായ്മയായ ആല്‍ക്കഹോളിക്‌സ് അനോനിമസ്സിന്റെ പ്രവര്‍ത്തനങ്ങളില്‍ മദ്യപാനിയെ ബന്ധിപ്പിക്കണം. അവരുടെ പൊതു ഒത്തുചേരലുകളില്‍ കുടുംബാംഗങ്ങള്‍ പങ്കെടുക്കണം. മറ്റ് ലഹരിപദാര്‍ഥങ്ങള്‍ക്ക് കീഴ്‌പ്പെട്ടവരാണെങ്കില്‍ നാര്‍കോട്ടിക്‌സ് അനോനിമസുമായി അവരെ ബന്ധപ്പെടുത്തണം. അമിത മദ്യാസക്തരുടെ കുടുംബങ്ങളുടെ കുട്ടയ്മയായ അല്‍- അനോണ്‍, കുട്ടികളുടെ കൂട്ടായ്മയായ അല്‍- അറ്റീന്‍ എന്നിവയുമായുള്ള കുടുംബാഗങ്ങളുടെ ബന്ധവും പ്രവര്‍ത്തനവും പ്രധാനമാണ്.
Wഒരാള്‍ ഏതു സമയവും വീണ്ടും ലഹരിപദാര്‍ഥം ഉപയോഗിക്കാനുള്ള സാധ്യതയുണ്ട്. പുനര്‍ പതനത്തിന് മുമ്പ് അയാള്‍ പെരുമാറ്റത്തിലൂടെ ചില അടയാളങ്ങള്‍ (ഡ്രൈ ഡ്രങ്ക് ലക്ഷണങ്ങള്‍) കാണിക്കും. അവ മനസ്സിലാക്കി കുടുംബാംഗങ്ങള്‍ ഇടപെടുന്നത് പുനര്‍പതനം ഇല്ലാതാക്കാന്‍ സഹായിക്കും. വീണ്ടും ഉപയോഗിച്ചാല്‍ ഇനിയൊരിക്കലും അയാള്‍ ലഹരിപദാര്‍ഥം ഉപേക്ഷിക്കുകയില്ല എന്ന തീരുമാനത്തിലെത്തരുത്. കുറച്ച് കാലം ഉപേക്ഷിച്ചാല്‍ ഇനിയൊരിക്കലും ഉപയോഗിക്കില്ല എന്ന് കരുതുകയും ചെയ്യരുത്. ശ്രദ്ധയും ചികിത്സയും കുട്ടായ്മകളോടുള്ള ബന്ധവും ജീവിതാന്ത്യം വരെ ആവശ്യമായിരിക്കും.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top