അറിഞ്ഞുപയോഗിക്കുക

ശീലങ്ങളും ശൈലികളും അനുദിനം മാറിക്കൊണ്ടേയിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. 'മാറ്റ'ങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും ദ്രുതഗതിയിലാക്കിയതും ശാസ്ത്രസാങ്കേതിക കണ്ടുപിടുത്തങ്ങളും അതിന്റെ വ്യാപനവുമാണ്. അതിലേറ്റവും പ്രധാനം ആധുനിക ആശയ വിനിമയ വാര്‍ത്താമാധ്യമങ്ങളാണ്. രാജ്യാതിര്‍ത്തികളും ദൂരങ്ങളും ദിക്കുകളും ഇന്ന് മനുഷ്യന് പ്രശ്‌നമോ പ്രയാസമോ അല്ല. ബന്ധങ്ങളെ പുതുതായി ഉണ്ടാക്കാനും ഉള്ളവയെ കൂടുതല്‍ ഹൃദ്യതയോടെ നിലനിര്‍ത്താനും ആധുനിക വാര്‍ത്താ വിനിമയ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് ചില്ലറയല്ല. സന്ദേശങ്ങള്‍ ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെ എളുപ്പത്തില്‍ വ്യാപനം ചെയ്യാനായപ്പോള്‍ അകലങ്ങളൊക്കെയും അടുത്തു വന്നു. ഒരു മിസ്‌കോള്‍ കൊണ്ടോ ഒരു മെസേജ് കൊണ്ടോ തന്റെ സ്‌നേഹവും കരുതലും ബന്ധപ്പെട്ടവരിലേക്ക് എത്തിച്ച് താനെന്നും അവരുടെ അടുത്തുതന്നെയുണ്ടെന്ന തോന്നലുണ്ടാക്കാന്‍ വെറും സെക്കന്റുകള്‍ മാത്രം മതിയായി.
പക്ഷേ ഒരൊറ്റ മിസ് കോളോ മെസേജോ മാത്രം മതി നാം കെട്ടിപ്പടുത്ത അന്തസ്സും അഭിമാനവും ആഭിജാത്യവും കുടുംബത്തിന്റെ കെട്ടുറപ്പും തകര്‍ക്കാന്‍. ദിനേന വായിക്കുന്ന പത്ര റിപ്പോര്‍ട്ടുകളേറെയും അമ്പരപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ളതാണ്. അവിഹിത ബന്ധങ്ങളുടെയും വിവാഹേതര ബന്ധങ്ങളുടെയും വിവാഹമോചനങ്ങളുടെയും കഥകള്‍ സങ്കല്‍പിക്കാനാവാത്ത വിധം ഭയാനകമാണ്. വിവാഹം ഇപ്പോള്‍ ആണിനും പെണ്ണിനും ഒരു മറയാണ്; വിവാഹമോചനത്തിന് പ്രധാന കാരണം പങ്കാളിയുടെ വഴിവിട്ട ബന്ധങ്ങളാണ്. കേരളത്തിലെ കുടുംബകോടതികളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകള്‍ മാത്രം കേട്ടാല്‍ അറിയാം നമ്മുടെ കുടുംബാരോഗം എവിടെയെത്തിയെന്ന്.
ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്തവരുടെ ഒരൊറ്റ മെസേജില്‍ വിശ്വസിച്ച് കുടുംബത്തെയും കുട്ടികളെയും മറന്നോടുന്ന ആണും പെണ്ണും സാധാരണമായിക്കൊണ്ടിരിക്കുന്നു. ഈ സാമൂഹിക വിപത്തിനെ സാര്‍വത്രികമാക്കുന്ന കാരണങ്ങളില്‍ ഏറ്റവും മുന്നില്‍ ഇത്തരം നൂതന സാങ്കേതിക വിദ്യകളുടെ ദുരുപയോഗമാണ്. ഫേസ് ബുക്ക് പോലുള്ള നൂതന ആശയ വിനിമയ സൗഹൃദക്കൂട്ടായ്കമളുടെ ദുരുപയോഗം വമ്പിച്ച സംഭാവനകളാണ് വിവാഹമോചനകാര്യത്തില്‍ നല്‍കിയിട്ടുള്ളത്. പക്ഷേ അതൊരിക്കലും ഒരുപകരണമെന്ന നിലയില്‍ അതിന്റെ ദോഷമല്ലതാനും. വിചാരവും വിവേകവുമുള്ള മനുഷ്യന്റെ സംസ്‌കൃത ചിത്തതയില്ലാത്ത പ്രവൃത്തിയുടെയും ധാര്‍മിക അധഃപതനത്തിന്റെയും ഫലമാണ്. അതുകൊണ്ടുതന്നെ തെറ്റിലേക്ക് പോകാന്‍ സാധ്യതയുണ്ട് എന്നതിന്റെ പേരില്‍ ആ വാതില്‍ കൊട്ടിയടക്കുകയല്ല, അതിന്റെ നന്മയെയും സാധ്യതകളെയും ഉപയോഗിക്കുകയാണ് കരണീയമായിട്ടുള്ളത്.
നന്മനിറഞ്ഞവരും വിവേകശാലികളും വിവേകത്തോടെ അതിനെ ഉപയോഗിച്ചപ്പോള്‍ അസാധ്യമെന്ന് തോന്നിയ പലതും സംഭവിച്ചതിനും ചരിത്രം തിരുത്തിയെഴുതിയതിനും കാലം സാക്ഷിയാണ്. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗപ്പെടുത്തി പൗരന്മാരെ തീവ്രവാദികളും ഭീകരവാദികളുമാക്കാന്‍ ശ്രമിക്കുന്ന ഭരണകൂടങ്ങളെ മാത്രമല്ല, സോഷ്യല്‍ മീഡിയകളുടെ സാധ്യത ഉപയോഗപ്പെടുത്തി സ്വേഛാധിപത്യ ഭരണകൂടങ്ങളെ മറിച്ചിടുകയും ജനകീയ സര്‍ക്കാറുകളെ പുനഃസൃഷ്ടിക്കുകയും ചെയ്തവരെയും നാം കണ്ടു.
വിധി തീര്‍ത്ത വൈകല്യങ്ങളാല്‍ വീടിന്റെ ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോകുമായിരുന്നവര്‍ ലോകത്തോട് ഏറെ സംവദിക്കുന്നുണ്ട് ഇത്തരം ആശയവിനിമയ ഉപാധികളിലൂടെ. മനസ്സില്‍ കാരുണ്യം വറ്റാത്തവര്‍ അവരെ സഹായിക്കുന്നതും ഈ മാധ്യമത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ചു തന്നെ. നന്മയുടെ സംസ്ഥാപനത്തിന് നിയോഗിക്കപ്പെട്ടവര്‍ എന്ന നിലയില്‍ ആധുനിക വിനിമയ ഉപാധികളെ നന്മക്കും അറിവിനും വേണ്ടി 'ചൂഷണം' ചെയ്യുകയാണെങ്കില്‍ എത്രയോ ദൂരം മുന്നോട്ട് പോകാന്‍ നമുക്കാകും.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top